17/04/2026

അതിസുന്ദരി : ഭാഗം 26

രചന  – ആയിഷ അക്ബർ

കഷ്ണങ്ങളാക്കിയ മത്തൻ ഉപ്പും മുളകും ഇട്ട് ഗ്യാസിലേക്ക് വെക്കുന്നതോടൊപ്പം ജയ ചേച്ചി പറഞ്ഞ പ്രകാരം തക്കാളി കറിക്കുള്ള ഒരുക്കങ്ങളും അവൾ തുടങ്ങിയിരുന്നു…..

അപ്പോഴാണ് രമ ചേച്ചി പതിയെ തന്റെ കയ്യിലൊന്ന് തട്ടിയത്….

താൻ അവരുടെ മുഖത്തേക്ക് നോക്കുമ്പോൾ അവരുടെ കണ്ണുകൾ വാതിൽ പടിയിലായിരുന്നു….

അവിടെ നിന്ന് തന്നെ ദേഷ്യത്തോടെ നോക്കുന്ന വീണയെ കണ്ട് അവരല്പം ഭയന്നത് പോലെ സൂര്യക്ക് തോന്നി….

എന്നാൽ അവളിലത് ചെറു ചലനം പോലും ഉണ്ടാക്കിയിരുന്നില്ല….

വിചാരിച്ചത് പോലെ തന്നെ വീണ പോയ അതേ വേഗതയിൽ തന്നെ അവൾ തിരിച്ചു വരുമ്പോൾ കൂടെ ജാനകിയുമുണ്ടായിരുന്നു….

അവർ ദേഷ്യത്തോടെ സൂര്യയെ നോക്കി നിൽക്കുമ്പോഴും അവൾ കണ്ടില്ലെന്ന ഭാവത്തിൽ അവൾ ചെയ്യുന്ന ജോലികൾ തുടർന്നു….

അവർ ദേഷ്യത്തോടെ അവൾ അരിഞ്ഞു വെച്ച ചെറിയ ഉള്ളിയുടെ പാത്രം നിലത്തേക്കെറിയാൻ വേണ്ടി അതിൽ തൊട്ടതും ആ പാത്രത്തിൽ അവൾ കയറി പിടിച്ചതും ഒരുമിച്ചായിരുന്നു…..

ജാനകി ദേഷ്യത്തോടെ മുഖമുയർത്തി അവളെ നോക്കി….

അവരുടെ കണ്ണുകളിൽ ദേഷ്യത്തിന്റെ കനലാളുന്നത് കാണുമ്പോഴും സൂര്യയുടെ മിഴികൾ ശാന്തമായിരുന്നു….

രമയും ജയയും ഭയത്തോടെ നോക്കി നിൽക്കുമ്പോൾ വീണയും സൂര്യയുടെ പ്രവർത്തിയിലുള്ള ഞെട്ടലിൽ തന്നെയായിരുന്നു…..

എന്റെ അടുക്കളയിൽ എനിക്കിഷ്ടമില്ലാത്തത് ചെയ്യാൻ നിന്നോടാരാടി പറഞ്ഞത്……

ജാനകി അവളെ നോക്കി അത് പറയുമ്പോൾ ആ വാക്കുകളിൽ അവരുടെ ദേഷ്യം മുഴുവൻ അടങ്ങിയതായി തോന്നി…

അവൾ മിഴികളുയർത്തി അവരെ നോക്കി….

നിങ്ങൾ പറഞ്ഞത് ചെയ്യാനും പറയാത്തത് ചെയ്യാതിരിക്കാനും നിങ്ങളുടെ കയ്യിൽ നിന്ന് ശമ്പളം വാങ്ങുന്ന ജോലിക്കാരിയല്ല ഞാൻ….

കാശിക്ക് വേണ്ട കാര്യങ്ങളെല്ലാം ചെയ്ത് കൊടുക്കാൻ എന്നെ ഏൽപ്പിച്ചിട്ടുള്ളത് ഈ വീടിന്റെ തന്നെ നാഥനായ ആളാണ്‌..

അച്ഛൻ എന്നോട് ചെയ്യരുതെന്ന് പറഞ്ഞാൽ പിന്നേ ഞാൻ ചെയ്യില്ല….

അച്ഛനല്ലാതെ ആരു കിടന്ന് ഒച്ച വെച്ചാലും ഞാൻ ചെയ്യാതിരിക്കുകയുമില്ല….

അത്രയും വാക്കുകൾ തികഞ്ഞ ഗൗരവത്തോടെ പറഞ്ഞ് കൊണ്ട് പാത്രത്തിലെ ഉള്ളിയവൾ ചൂടായ എണ്ണയിലേക്കിട്ടു…

ജാനകി ദേഷ്യത്തോടെ അവളെ നോക്കി നിന്നെങ്കിലും അവള് പറഞ്ഞതിന് മറുപടി കൊടുക്കാൻ അവരുടെ കയ്യിലൊരു വാക്ക് പോലും ഉണ്ടായിരുന്നില്ലെന്നതാണ് സത്യം…..

ഇതൊരു പക്ഷെ ശങ്കരന്റെ ചെവിയിലെത്തിയാൽ താൻ കരുതുന്നിടത് കാര്യങ്ങൾ നിൽക്കില്ലെന്നും അവർക്ക് വ്യക്തമായിരുന്നു…..

ഭാവ ഭേതങ്ങളെതുമില്ലാതെ പാചകം തുടരുന്നവളെ അൽപ നേരം നോക്കി നിന്ന ശേഷം അവർ ദേഷ്യത്തോടെ പുറത്തേക്ക് നടന്നു……
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

എന്ത് ധൈര്യത്തിലാണ് അവളെന്റെ മുമ്പിൽ അഹങ്കരിക്കുന്നത്…

ജാനകി ദേഷ്യത്തോടെ അലറുമ്പോൾ കേൾക്കാൻ വീണ മാത്രമേ ഉണ്ടായിരുന്നുള്ളു….

അപ്പച്ചി വിഷമിക്കേണ്ട…. എങ്ങനെയെങ്കിലും അവരെ നമുക്കിവിടെ നിന്ന് പുറത്താക്കണം…..

വീണയത് പറയുമ്പോൾ ജാനകി അവളിലേക്ക് നോക്കി…

പക്ഷെ എങ്ങനെ മോളേ……
അവരുടെ ആഗ്രഹം വാക്കുകളിൽ പ്രകടമായിരുന്നു…..

അതിനുള്ള വഴി നമ്മൾ കണ്ട് പിടിച്ചേ തീരു…..

വീണയത് പറയുമ്പോൾ അവളിൽ കണക്ക് കൂട്ടലുകൾ പലതും നടന്നിരുന്നെങ്കിലും അതൊന്നും നടക്കില്ലെന്നു ജാനകിക്ക് ഉറപ്പായിരുന്നു….

ശങ്കരേട്ടൻ ഉള്ളിടത്തോളം നമ്മുടെ കണക്ക് കൂട്ടലുകളൊന്നും നടക്കില്ല മോളേ…..

ജാനകിയത് പറയുമ്പോൾ ആ മുഖത്തെ നിരാശ വ്യക്തമായിരുന്നു…

അച്ഛനെയും കാശിയെയും പിരിക്കാനന്തെങ്കിലും….

വീണ മുഴുവനാക്കും മുന്പേ ഇല്ലെന്ന അർത്ഥത്തിൽ ജാനകി തലയാട്ടി….

അതൊക്കെ ഞാൻ കുറെ പയറ്റി നോക്കിയതാ….
അവന്റെ കാര്യത്തിൽ വല്ലാത്തൊരു പിടി വാശിയാ അങ്ങേർക്ക്…..

അവരത് പറയുമ്പോൾ വാക്കുകളിൽ അങ്ങേയറ്റം അമർഷം നിറഞ്ഞിരുന്നു….

പിന്നെന്ത് ചെയ്യും അപ്പച്ചി…
അവളുടേ അഹങ്കാരം നമ്മൾ സഹിച്ചു നിൽക്കണമെന്നാണോ….

വീണയത് ചോദിക്കുമ്പോൾ ജാനകി ആലോചനയിലായിരുന്നു…

ഒരു വഴിയുണ്ട്….

ജാനകി പെട്ടെന്നത് പറഞ്ഞപ്പോൾ വീണ പ്രതീക്ഷയോടെ അവരെ നോക്കി…..

മുത്തശ്ശി വരണം ……

കാര്യം തള്ള ചൊറിഞ്ഞു കൊണ്ടാണെങ്കിലും ഇപ്പൊ നമുക്കത് ഉപകരിക്കും….

അതെങ്ങനെ….
വീണ ആകാംക്ഷയോടെ അവരെ നോക്കി….

അവരും ഈ ശങ്കരേട്ടന്റെ അതേ ഇനമാ….
അവനെന്ന് വച്ചാൽ ജീവനാണ്….

എന്തിനും ഏതിനും കാശി….

സ്വന്തം മകന്റെ കുഞ്ഞിനെ തിരിഞ്ഞു നോക്കാതെ എപ്പോഴും കാശിയുടെ മഹിമ പറഞ്ഞ് കൊണ്ടിരിക്കും….

എല്ലാം നല്ലത് അവന് വേണമെന്നൊരു ചിന്തയെയുള്ളൂ….

മാലാഖ പോലൊരു പെണ്ണിനെ കാശിയെ കൊണ്ട് കല്യാണം കഴിപ്പിക്കണമെന്ന് പറഞ്ഞിരിക്കുകയായിരുന്നു…..

അവളെ കണ്ടാൽ അമ്മക്ക് കലിയിളകുമെന്ന് ഉറപ്പാണ്…

അമ്മക്കെതിരെ ഇവിടെ ആരുടെ നാവും പൊങ്ങില്ല….

സഹി കെടുമ്പോൾ അവളായി ഇറങ്ങി പോകും… അല്ലെങ്കിൽ അമ്മ അടിച്ചിറക്കും….

ജാനകി നിഗൂഢമായൊരു ചിരിയോടെ അത് പറയുമ്പോൾ വീണക്ക് ആശ്വാസം തോന്നി…..

പക്ഷെ അപ്പച്ചി…. മുത്തശ്ശിക്ക് വരാൻ വയ്യെന്നല്ലേ പറഞ്ഞത്…..

അതിനും വഴിയുണ്ട്…. കാശിക്ക് ആക്‌സിഡന്റ് ആയ കാര്യം ഒന്ന് ആ ചെവിയിലെത്തിച്ചാൽ മതി…..
ആ നിമിഷം പറന്ന് വന്നോളും…..

അവർ പുച്ഛത്തോടെ യാണ് അത് പറഞ്ഞതെങ്കിലും വീണയിൽ അതൊരു പുഞ്ചിരി നിറച്ചിരുന്നു…..

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
ഉച്ച ഭക്ഷണവുമായി അവൾ മുറിയിലേക്ക് ചെല്ലുമ്പോൾ കാശി പുസ്തകം വായനയിലായിരുന്നു….

അവളെ കണ്ടതും അവൻ പുസ്തകം മടക്കി വെച്ചു….

കുഞ്ഞ് മേശ അവന്റെ കട്ടിലിനരികിലേക്കവൾ നീക്കിയിട്ടു….

അവൾ കൊടുത്ത വെള്ളത്തിൽ അവൻ കൈ കഴുകി….

പ്ലേറ്റിലേക്ക് അവൾ വിളമ്പുന്ന കറിയിലേക്കവൻ ഒന്ന് നോക്കി….

അവൾ പ്ലേറ്റ് അവനു നേരെ നീട്ടി….

ആ പാത്രം കയ്യിൽ വാങ്ങുമ്പോൾ എന്തോ ഹൃദയം വല്ലാതെ മിടിക്കുന്നത് അവനറിഞ്ഞിരുന്നു…..

ചുണ്ടുകൾ വിതുമ്പുന്നത് പോലെ…..

എന്നാൽ അവളിതൊന്നും അറിയുന്നുണ്ടായിരുന്നില്ല…..അവൾ പാത്രം അവന് കൊടുത്ത് കൊണ്ട് തിരിഞ്ഞു നിന്ന് അലമാരയിലെ സാധനങ്ങൾ എടുത്ത് വെക്കുന്ന തിരക്കിലായിരുന്നു….

അവൻ ഒരുരുള എടുത്ത് വായിൽ വെച്ചപ്പോഴേക്കും കണ്ണുകൾ നിറഞ്ഞിരുന്നു…

ഓർമകളുടെ കുത്തൊഴുക്കിൽ ഹൃദയം നീറുകയായിരുന്നു…..

കണ്ണു നീർ കാഴ്ചയെ മറച്ചത് കൊണ്ട് തന്നെ അവന് കഴിക്കാൻ തോന്നിയിരുന്നില്ല….

മനസ്സിലെ ഓർമ്മകൾ തൊണ്ട കുഴിയിൽ തങ്ങി നിൽക്കും പോലെ….

അവൻ രണ്ട് മൂന്നുരുള മാത്രം കഴിച് ഭക്ഷണം ബാക്കി വെച്ചു……

മതി…. കൊണ്ട് പൊയ്ക്കോ…

പെട്ടെന്ന് അവനത് പറയുമ്പോൾ അവൾ അവന് നേരെ തിരിഞ്ഞു…

അവൻ മിഴികൾ താഴ്ത്തി അരികിലെ പാത്രത്തിൽ വെച്ചിരുന്ന വെള്ളം കൊണ്ട് കൈ കഴുകുകയായിരുന്നു….

അവൾ ബാക്കി വെച്ച ഭക്ഷണത്തിലേക്ക് നോക്കി….

ഇതെന്താ കഴിച്ചിട്ടേയില്ലല്ലോ….

മതി…..
അവളത് ചോദിക്കുമ്പോഴും അവൻ തല താഴ്ത്തി തന്നെയാണത് പറഞ്ഞത്…

ഓഹ്…. ഞാനുണ്ടാക്കിയത് ഇഷ്ടപ്പെടാനിട്ടായിരിക്കുമല്ലേ…..

അവൾ പെട്ടെന്നത് ചോദിക്കുമ്പോൾ അതിലല്പം നോവ് കലർന്നിരുന്നു…..

ഇതൊക്കെയാണ് ഇഷ്ട്ടമെന്ന് ജയ ചേച്ചി പറഞ്ഞപ്പോൾ……

ഞാൻ…… ഞാനെന്നെ കുറിച് ചിന്തിച്ചില്ല….. നിങ്ങളെ കുറിച് മാത്രമാണ് ചിന്തിച്ചത്……
അത് കൊണ്ടാണ്…..

ഏയ്….. അങ്ങനെയൊന്നുമല്ല….

അവൾ അത് പറയുമ്പോൾ ആ ശബ്ദം ഇടറുന്നത് അവനറിഞ്ഞത് കൊണ്ട് തന്നെയാണ് അവൻ പെട്ടെന്ന് മിഴികളുയർത്തി അത് പറഞ്ഞത്…..

അപ്പോഴാണ് അവൻറെ നിറഞ്ഞ മിഴികൾ അവൾ കാണുന്നത്……

അവൾ അവനെ തന്നെ നോക്കി നിന്ന സമയം പിന്നീടെന്ത് പറയണമെന്നറിയാതെ അവൻ വേഗം കണ്ണുകളടച്ചു കട്ടിലിലേക്ക് ചാഞ്ഞു….

അവൾക്ക് വല്ലാത്തൊരു പ്രയാസം തോന്നി….

അവന്റെ മിഴികൾ നിറഞ്ഞതെന്തിനെന്ന് അറിയില്ലെങ്കിലും ഈ ഭക്ഷണമൊന്നും ഉണ്ടാക്കേണ്ടിയിരുന്നില്ലെന്ന് അവൾക്ക് തോന്നി….

അവന്റെ കണ്ണുകളിൽ തളം കെട്ടിയ ദുഃഖം അത്ര മേൽ തന്നെ വേദനിപ്പിക്കുന്നു…

ഈ മുറിയിലേക്ക് കടന്ന് വരുമ്പോഴേ അവന്റെ ചിരിയാണ് മനസ്സിലേക്ക് ഒഴുകിയേത്തുന്നത്….

അവൻ പതിവായി ഈ മുറിയിലുള്ളത് കൊണ്ട് തന്നെ ഇത് തനിക്കിപ്പോൾ സ്വർഗ്ഗ തുല്യാമായാണ് തോന്നാറുള്ളത്…..

അത് കൊണ്ട് തന്നെ ഭക്ഷണം അവൻ കഴിക്കുമ്പോൾ ഒന്നുകിൽ നന്നായിട്ടുണ്ടെന്ന് പറയും അല്ലെങ്കിൽ തന്നെ കളിയാക്കി എന്തെങ്കിലും പറയുമെന്നായിരുന്നു താൻ ധരിച്ചിരുന്നത്…..

എന്നാലിതവനെ ഇത്രത്തോളം മുറിപ്പെടുത്തുമെന്ന് സ്വപ്നത്തിൽ പോലും താൻ വിചാരിച്ചിരുന്നില്ല…..

അവളിൽ നിന്നും വല്ലാത്തൊരു എങ്ങലുയർന്നു….

അവൾ വേഗം തന്നെ മുറിയിൽ നിന്നും പുറത്തേക്ക് നടന്നു……
അപ്പോഴും അവന്റെ കരഞ്ഞു കലങ്ങിയ കണ്ണുകളായിരുന്നു മനസ്സിൽ നിറഞ്ഞു നിന്നിരുന്നത്…….

(തുടരും)