രചന – സുധീ മുട്ടം
നെഞ്ചിനെ നനച്ചൊഴുക്കിയ കണ്ണുനീരിന് എന്ത് മറുപടി കൊടുത്തു ആശ്വസിപ്പിക്കുമെന്ന് അറിയാതെ അങ്ങനെ നിന്നു പോയി..കഴിഞ്ഞ് പോയതൊക്കെയും ഒരു ചലച്ചിത്രമെന്നോണം മനസ്സിലൂടെ മിന്നി മറഞ്ഞു…
ആരുണ്ടവൾക്ക് ആരുമില്ല ഇനിയും…നെഞ്ചിലൊരു തേക്കം വന്ന് നിറയുന്നത് അറിഞ്ഞു.. ഇന്നലെ വരെ അണിഞ്ഞ മുഖം മൂടി അഴിഞ്ഞ് വീണതോടെ ഡെറിക്ക് ഈ നിമിഷം സാധാരണ മനുഷ്യനായി…പച്ചയായൊരു മനുഷ്യൻ..
എത്ര നേരമങ്ങനെ നിന്നെന്ന് അറിയില്ല..അപ്പോഴും അതോപോലെ നെഞ്ചിൽ പറ്റിച്ചേർന്ന് അവൾ ഉണ്ടായിരുന്നു കാർത്തിക..
അങ്ങനെ നിന്നാൽ ശരിയാകില്ലെന്ന് അറിയാവുന്നതിനാൽ നെഞ്ചോട് ചേർത്ത് പിടിച്ചങ്ങനെ പതിയെ നടന്നു..ഒന്നും അറിഞ്ഞില്ലവൾ ..അവളിലെ ബോധം മറഞ്ഞെന്ന് അവനറിഞ്ഞു…
ആ ഹോസ്പിറ്റലിൽ തന്നെ കാർത്തികയേയും അഡ്മിറ്റ് ചെയ്തു.. കാവലായി അവനിരുന്നു…ഗ്ലൂക്കോസ് കയറി ഇറങ്ങുന്ന കുപ്പിയിലേക്കും നീഡിലിലേക്കും കണ്ണുകൾ മാറി മാറി സഞ്ചരിച്ചു..മുഖത്ത് പലവിധ വികാരങ്ങൾ മിന്നി മറഞ്ഞു…
സമയം കടന്നു പോയി കൊണ്ടിരുന്നു..ഒരുപാട് ആലോചനകൾക്ക് ശേഷം മൊബൈൽ ഫോൺ കയ്യിലെടുത്തു അതിലേക്ക് ഉറ്റുനോക്കി…
“മമ്മ…
സേവ് ചെയ്തിരിക്കുന്ന പേരിലേക്ക് മിഴികളുടക്കി…വർഷങ്ങളായി സ്നേഹത്തോടെ സംസാരിച്ചിട്ട്..വേണിയുടെ മരണത്തോടെ വെറുത്ത് പോയിരുന്നു…
പിന്നെയും കുറെ സമയം കൂടി അതിലേക്ക് മിഴികൾ നാട്ടിയ ശേഷം പതിയെ അതിലേക്ക് വിരൽ തൊട്ടു…വിളിക്കായി കാത്തിരുന്ന പോലെ മറുതലക്കൽ കോൾ എടുക്കപ്പെട്ടു…
” മമ്മ…..
റീത്താമ്മയുടെ കാതിലേക്ക് ഇടവേളകൾക്ക് ശേഷം ആ വിളി വീണ്ടും കേട്ടു…കണ്ണുകൾ നിറഞ്ഞ് അരുവിയായി….മുപ്പത്തിരണ്ട് വർഷങ്ങൾക്ക് മുമ്പൊരു ദിവസം പേറ്റുനോവറിഞ്ഞ് പ്രസവിക്കുമ്പോൾ ഒരു കുഞ്ഞിന്റെ കരച്ചിൽ കാതിലേക്ക് അലച്ചു വീണു…പൊന്നുമോൻ…ചുണ്ടുകൾ ഉരുവിട്ടു…മാതൃഹൃദയം നിറഞ്ഞ് മാറിടങ്ങൾ ചുരത്തി….
“മമ്മാ….
വീണ്ടും ആ വിളി കേട്ടതോടെ ഓർമ്മയിൽ നിന്നുണർന്നു..
” എന്തായി മോനെ…
മമ്മയുടെ സ്നേഹ സ്വരം കേട്ടപ്പോൾ ഡെറിക്കും ഒന്ന് ഉലഞ്ഞു….വേണിയുടെ മരണത്തോടെ വിലക്കപ്പെട്ട വിളി…പ്രിയതമയുടെ മരണത്തിനു കാരണക്കാരി ആയവൾ…എന്നാലും തന്റെ മമ്മയാണത്..ഭൂമിയിൽ ജീവിക്കാൻ അവസരം നൽകിയവൾ…
“മമ്മാ… കാർത്തിക….
ചുരുക്കി വിവരങ്ങൾ പറഞ്ഞു… റീത്താമ്മയിൽ നിന്നും ഒരു നിലവിളി തൊണ്ടയിൽ കുടുങ്ങി…
😐😐😐😐😐😐😐😐😐😐😐😐😐😐😐😐😐😐
വെളുപ്പിനെ കണ്ണുകൾ തുറക്കുമ്പോൾ മിഴികൾ ചെന്ന് പതിച്ചത് അവനിലാണ്..ഉറങ്ങാതെ കണ്ണും തുറന്നു കാവൽക്കാരനായി ഇരിക്കുന്നവനിൽ…
ഒരു നിമിഷം എടുത്തു എല്ലാമൊന്ന് ഓർമ്മയിലെത്താൻ…അച്ഛൻ വിട്ടു പിരിഞ്ഞത് ഒരു നടുക്കത്തോടെ ഓർത്തതും കാർത്തിക ചാടി എഴുന്നേറ്റു…
” അച്ഛൻ….
ചുണ്ടുകൾ ഉരുവിടുമ്പോഴും മിഴികൾ നിറഞ്ഞിരുന്നു….
“റിലാക്സ്… റിലാക്സ്….
മന്ത്രണം പോലെ ചൊല്ലി തോളിൽ തട്ടി സമാധാനിപ്പിക്കാൻ ശ്രമിക്കുന്നവനെ ദയനീയമായി നോക്കി കൊണ്ടിരുന്നു…..
😑😑😑😑😑😑😑😑😑😑😑😑😑😑😶😑
രാവിലെ ആയപ്പോഴേക്കും കാർത്തിയേയും കൂട്ടി ടാക്സിയും വിളിച്ചു വീട്ടിലേക്ക് പോന്നു…മമ്മയുടെ അടുത്ത് അവളെ ആക്കിയ ശേഷം തിരികെ ഹോസ്പിറ്റലിലെത്തി…അവനായിരുന്നു എല്ലാത്തിനും ഓടി നടന്നത്….ഉച്ചയോടു കൂടി ബോഡി വിട്ടുകിട്ടി…രാമേട്ടന്റെ വീട്ടിൽ വെച്ചു ശവദാഹവും നടന്നു..
” ആരാണ് കർമ്മം ചെയ്യുന്നത്…
“ഞാൻ ചെയ്തോളാം…
പരികർമ്മിക്ക് മുമ്പിൽ എത്തുമ്പോൾ കാർത്തികയെ നോക്കി എല്ലാവരും…സങ്കടത്തിന്റെ തീവ്രതയിൽ ഒഴുകുന്ന മിഴികളെ തടഞ്ഞ് നിർത്താതെ പറഞ്ഞു തന്നത് പോലെ ചെയ്തു…
ഓരോരുത്തരായി മടങ്ങിപ്പോയി തുടങ്ങി.. ഒടുവിലാ വീട്ടിൽ ഡെറിക്കും മമ്മയും പപ്പയും കാർത്തികയും മാത്രമായി….
” വാ മോളേ വീട്ടിലേക്ക് പോകാം…
അനുകമ്പയോടെ പറയുന്ന റീത്താമ്മയെ നോക്കി വേദനയിലും പുഞ്ചിരിച്ചു…
“എന്റെ അച്ഛനെ അടക്കിയ മണ്ണ് വിട്ട് എങ്ങോട്ടുമില്ല….സ്നേഹിച്ചു കൊതി തീർന്നില്ല.. അതിനു മുമ്പേ….
പിന്നെയും തേങ്ങലുകൾ….ആർദ്രമായി അവളുടെ തോളിൽ കൈവെച്ചു…
” മോൾ ഇവിടെ ഒറ്റക്കല്ലേ… പലതരം ആൾക്കാരാണ്…ഇന്നത്തെ കാലത്ത് നിന്നെ പോലൊരു പെൺകുട്ടി ഒറ്റക്ക് താമസിച്ചാൽ….
“ഇനിയിപ്പോൾ ഒറ്റക്കല്ലേ അമ്മേ …ജീവിച്ചല്ലേ പറ്റൂ….
” ഞങ്ങൾ അന്യരായിട്ടല്ല വിളിക്കുന്നത്…മോളുടെ അച്ഛനും അമ്മയും ആണെന്ന് കരുതിയാൽ മതി….
പിന്നെയും ഒരുപാട് നിർബന്ധിക്കേണ്ടി വന്നു കൂടെ വരാൻ സമ്മതത്തിനായി… ഒറ്റക്കവിടെ അവളെ ഉപേക്ഷിച്ചു പോകാനും മനസ്സ് വന്നില്ല….
“ഏഴ് കഴിഞ്ഞിട്ട് തിരിച്ചു വന്നോളൂ….
അതവൾക്കും സമ്മതമായിരുന്നു…
😔😔😔😔😔😔😔😔😔😔😔😔😔😔😔
ഏഴിന്റെ അന്നത്തെ ചടങ്ങും കഴിഞ്ഞതോടെ കാർത്തിക വീട്ടിൽ തന്നെ നിന്നു…റീത്താമ്മക്ക് എതിർക്കാൻ കഴിഞ്ഞില്ല..അഥവാ എതിർത്താലും തീരുമാനത്തിൽ മാറ്റമില്ലെന്ന് അറിയാം….
അടുത്ത ദിവസം മുതൽ ട്യൂഷനും ഹോട്ടലിന്റെ നടത്തിപ്പും ഏറ്റെടുത്തു…. ജീവിതം വീണ്ടും പഴയ രീതിയിൽ മുന്നോട്ട് ഒഴുകിയെങ്കിലും അച്ഛന്റെ നഷ്ടം ഒരു തീരാവേദനയായി ,ഉണങ്ങാത്തൊരു മുറിവായി ഉള്ളിൽ കിടന്നു….
മാസങ്ങൾ പിന്നെയും കടന്നു പോയി വെക്കേഷൻ സമയമെത്തി…ഇനി രണ്ടു മാസം ട്യൂഷൻ സെന്ററിനും അവധിയാണ്…ശ്രദ്ധ മുഴുവനും ഹോട്ടലിലായി…
ഞായറാഴ്ചകളിൽ റീത്താമ്മയുടെ അടുത്തേക്ക് പോകും…ഡേവിഡിനും റീത്താമ്മക്കും ഒപ്പം ചിലവഴിക്കുമ്പോൾ സങ്കടങ്ങൾ ഒരുപരിധി വരെ മൂടിയൊളിപ്പിക്കാൻ കഴിഞ്ഞിരുന്നു… അവർക്കും അവളുടെ സാമീപ്യം വളരെ വലുതായിരുന്നു… ഡെറിക്കിനെ മാത്രം അങ്ങനെ കാണാറില്ലായിരുന്നു….
ഒരുദിവസം മഴയുള്ളൊരു രാത്രി…വാതിൽ പാളിയിൽ തുടർച്ചയായുള്ള തട്ടുന്ന ശബ്ദം കേട്ടാണ് ഉണർന്നത്…
” ആരാ….
ഉള്ളിലൊരു പേടി ഉണ്ടെങ്കിലും ധൈര്യം സംഭരിച്ച് ഉറക്കെ ചോദിച്ചു…
മറുപടി മാത്രമില്ല….അതിനോടൊപ്പം തട്ടലിന്റെ ശബ്ദവും കൂടി വന്നു…
“ആരാന്ന് ചോദിച്ചില്ലേ….
” നിന്റെ അമ്മയുടെ നായര്… കതക് തുറക്കെടീ….
ഒരു അലർച്ചയും ആക്രോശവും…തെറി വിളികളും..പുറത്ത് ഒരാളല്ല ഒന്നിലധികം ആൾക്കാരുണ്ടെന്ന് തോന്നി…പേടി പിന്നെയും വർദ്ധിച്ചു….
“ന്റെ ഭഗവതി കാത്തോളണേ…
നെഞ്ചിലേക്ക് കൈകൾ ചേർത്തു….കുറച്ചു സമയം കഴിഞ്ഞറിഞ്ഞു തട്ടലിന്റെ ശബ്ദം പൂർണ്ണമായും നിലച്ചെന്ന്….പകരം പുറത്ത് ആരുടെയോ നിലവിളികൾ മുഴങ്ങി….ഒപ്പം മുറ്റത്ത് കൂടി ആരൊക്കയോ ഓടുന്നത് പോലെയും…
അഞ്ച് മിനിറ്റിൽ എല്ലാം നിലച്ചു….പരിപൂർണ്ണ നിശബ്ദം…കാർത്തികക്ക് ആശ്വാസം തോന്നി…
അവൾ പതിയെ ജനാല വാതിൽ തുറന്നു… മുറ്റത്ത് പൂർണ്ണ ചന്ദ്രന്റെ നിലാവെളിച്ചം…
ഒന്നുകൂടി മിഴികൾ നാട്ടി …മുറ്റത്ത് നടുക്കായൊരു ബുള്ളറ്റ്..അതിലേക്ക് മലർന്നു കിടന്നു കൊണ്ട് വിണ്ണിലെ നക്ഷത്രങ്ങളെ നോക്കിയൊരാൾ കിടക്കുന്നു….
” ഡെറിക്…. ഡെറിക് ഡേവിഡ് ജോൺ കൊട്ടാരമുറ്റത്ത്…..
അവളുടെ ചുണ്ടുകൾ ഉരുവിട്ടു….
തുടരും….

by