രചന – ഗംഗ ശലഭം
” ഹാ…. എന്തായാലും തള്ളേടെ ഉദ്ദേശം നടന്നു. നീയും കണക്കാ, നിന്റെ ഹരിയേട്ടനും കണക്കാ… അങ്ങേര് പോട്ടെ അമ്മേടെ തനി സ്വഭാവം അറിയാഞ്ഞിട്ടാണെന്ന് പറയാം. അതറിഞ്ഞിട്ടും നീയവരെ വിശ്വസിച്ചോ?”
പിറ്റേന്ന് ഹരിയേട്ടൻ കോളേജിൽ പോയിക്കഴിഞ്ഞ ശേഷം ഞാൻ മീനുവിനെ വിളിച്ചപ്പോ അവള് ചോദിച്ച ചോദ്യമാണ്. അമ്മ എന്നെക്കുറിച്ചു പറഞ്ഞതൊക്കെ ഞാൻ അവളോട് മാത്രം പറഞ്ഞിരുന്നു.
” നീ ഇതെന്താ മീനു പറയുന്നേ? ”
അവൾ പറഞ്ഞു വരുന്നത് എന്താണെന്ന് സത്യത്തിൽ എനിക്ക് മനസ്സിലായില്ല.
” എടി പൊട്ടി… ഇന്നലെ വൈകുന്നേരത്തോടെ അവരുടെ അസുഖമൊക്കെ പമ്പ കടന്നു എന്നല്ലേ നീ പറഞ്ഞത്? ”
“മ്മ്…”
” നിങ്ങൾ ഇന്നലെ എപ്പോഴാണ് യാത്ര പ്ലാൻ ചെയ്തിരുന്നത്? ”
” വൈകിട്ട്…. ”
” നിങ്ങൾ ട്രിപ്പ് പോകാൻ ഉദ്ദേശിച്ചിരുന്ന സമയം കഴിഞ്ഞപ്പോൾ അമ്മായിയുടെ അസുഖം മാറി അല്ലേ? ”
ഇപ്പോൾ അവൾ ഉദ്ദേശിച്ചത് എന്താണെന്ന് എനിക്ക് ഏതാണ്ടൊക്കെ കത്തുന്നുണ്ട്.
അമ്മേടെ ബി പി നോർമൽ ആയിരുന്നു, ഇന്നലെ കിട്ടിയ ബ്ലഡ് ടെസ്റ്റ് റിസൾട്ട്കൾക്കും കുഴപ്പമൊന്നും കണ്ടില്ല, ഞങ്ങൾ യാത്ര ക്യാൻസൽ ചെയ്തു എന്ന് പറഞ്ഞതോടെ അമ്മയുടെ അവശതയും മാറി അസുഖവും മാറി. ഇതൊക്കെ കൂടെ കണക്ട് ചെയ്ത് വായിക്കുമ്പോ മീനു പറഞ്ഞു വരുന്നത് ശരിയാണെന്ന് എനിക്കും തോന്നുന്നുണ്ട്.
“പക്ഷേ എന്തിനാ? ”
അത് മീനുവിനോട് മാത്രമല്ല എന്നോടും കൂടിയുള്ള ചോദ്യമായിരുന്നു.
” അത് എന്തിനാന്ന് എനിക്ക് അറിയില്ല. പക്ഷേ ഒന്ന് ഞാൻ പറയാം. എന്റെ ഊഹാപോഹം ശരിയാണെങ്കിൽ യുവർ അമ്മായി ഈസ് ദി മോസ്റ്റ് dangerous അമ്മായി ഇൻ ദിസ് വേൾഡ്…. ”
” എന്തോന്നെടേയ്….?”
മനുഷ്യൻ ഇവിടെ പ്രാന്തെടുത്തിരിക്കുമ്പോഴാ അവളുടെ ഒലക്കമേലെ ഇംഗ്ലീഷ്….!
” എടി… അവര് സെൽഫിഷ്നെസ്സിന്റെ ഹോൾസെയിൽ ഡീലർ ആണെടി….
നിനക്ക് നമ്മുടെ പാറു ചേച്ചിയെ അറിയില്ലേ? ”
” മ്മ്… അറിയാം….”
പാറു ചേച്ചി മീനുവിന്റെ കസിൻ സിസ്റ്റർ ആണ്. അവളുടെ വീട്ടിൽ വരുമ്പോ പുള്ളിക്കാരിയെ ഞാനും കണ്ടിട്ടുണ്ട്. കല്യാണം കഴിഞ്ഞ് നാല് വർഷം ആയപ്പോ പാറു ചേച്ചി ഡിവോഴ്സ് വാങ്ങി.
” ചേച്ചി ഡിവോഴ്സ് ആവാൻ എന്താ കാരണം?”
” എന്താ? ”
” കാരണം ബാക്റ്റീരിയ…! ”
ഞാൻ ഇവിടെ കാര്യമായിട്ട് സംസാരിക്കുമ്പോ അവളവിടെ പരസ്യഡയലോഗും കൊണ്ട് വരുന്നു…..
” എന്റെ പൊന്ന് മീനു… നിന്റെ ഈ ആവശ്യത്തിനും അനാവശ്യത്തിനുമുള്ള ഇമ്മാതിരി വർത്തമാനം ഒന്ന് നിർത്താമോ?”
“ഹാ… നിർത്തി….!”
” എന്നാ പറ …. എന്താ കാരണം?”
” പറയൂല്ല. നീയല്ലേ നിർത്താൻ പറഞ്ഞത്?”
കാര്യം പറഞ്ഞാലും പിണങ്ങുന്നൊരു സാധനം…!
” ദേ പെണ്ണെ… പറയുന്നുണ്ടോ നീ…?”
ഞാൻ ടെറർ ആയി. അതോടെ അവൾ നോർമൽ മോഡിലേക്ക് വന്നു.
” ആ കാരണമാ ഞാൻ നേരത്തെ പറഞ്ഞത്… ബാക്റ്റീരിയാന്ന്….
എന്ന് വച്ചാ… കീടാണു….
ആ കീടാണൂന്റെ പേരാണ് കനകം…. പാറു ചേച്ചിടെ അമ്മായി. നീ കേട്ടിട്ടില്ലേ? ‘കനകം മൂലം കാമിനി മൂലം കലഹം പലവിധം ഉലകിൽ സുലഭം’ എന്ന്…. ആ കനകം ആണ് ഈ കനകം.”
” ആ കനകം അല്ല ഈ കനകം… അത് സ്വർണ്ണം… ഗോൾഡ്….! ഇത് പാറു ചേച്ചിടെ അമ്മായി…വെറും റോൾഡ് ഗോൾഡ്….! ”
അല്ല പിന്നെ….! ഇവളോട് എത്ര പറഞ്ഞാലും മനസ്സിലാവില്ല. അവളുടെ ഉപമയും ഉൽപ്രേക്ഷയും!
” ഹാ… അത് തന്നെ… സെയിം ടു സെയിം…. ”
മീനു സ്ഥിരം ബാലവീർ കാണാറുണ്ട്. അതിന്റെയാണ് ഈ സെയിം ടു സെയിം…
അവള് പാറു ചേച്ചിടെ കഥ പറഞ്ഞു തുടങ്ങി.
” കല്യാണം കഴിഞ്ഞ ശേഷം അവര് ഇവളെ വീട്ടിൽ വിടത്തില്ല… വീട്ടുകാരോട് സഹകരിക്കാൻ സമ്മതിക്കത്തില്ല… പാറു ചേച്ചിയും ചേട്ടനും കൂടെ ഒരുമിച്ചു എവിടെയെങ്കിലും പോകുന്നതോ ഫുഡ് കഴിക്കുന്നതോ ഒന്നും തള്ളയ്ക്ക് പിടിക്കത്തില്ല. എന്നും എന്തെങ്കിലും കാരണങ്ങൾ ഉണ്ടാക്കി വഴക്കുണ്ടാക്കും…
ആ ചേട്ടന് ഇവളോട് എങ്ങാനും സ്നേഹം കൂടിപ്പോകുമോ എന്ന് ആയമ്മയ്ക്ക് പേടി. അതാ കാരണം…. ആദ്യമൊക്കെ ആ ചേട്ടൻ ഇവള്ടെ കൂടെ ഉണ്ടായിരുന്നു. നല്ല സപ്പോർട്ട് ആയിരുന്നു. ഇവൾക്ക് എന്തോ പ്രശ്നം ഉണ്ട് കുഞ്ഞുങ്ങൾ ഉണ്ടാകാൻ സാധ്യത കുറവാണെന്ന് അറിഞ്ഞതോടെ പുള്ളിക്കാരനും മറുകണ്ടം ചാടി.
അതോടെ ഇവള് മടുത്തു.കളഞ്ഞിട്ട് പൊന്നു.
ഞാൻ മനസ്സിലാക്കിയിടത്തോളം നിന്റെ അമ്മായീടെ പ്രശ്നവും ഇതൊക്കെ തന്നെയാണ്.”
“എടി… ഞാനിപ്പോ എന്ത് ചെയ്യണമെന്നാ?”
അവള് പറയുന്ന കേട്ടപ്പോ എനിക്ക് പേടിയാവുന്നുണ്ട്.
” നീ തല്ക്കാലം ഒന്നും ചെയ്യണ്ട. ഹരി ചേട്ടന് ഇപ്പൊ നിന്നോട് സ്നേഹം തന്നെ അല്ലെ? നേരിട്ട് അവര് നിന്നെ ഒന്നും പറയുന്നുമില്ലല്ലോ? ഇങ്ങനെ പോട്ടെ… ഏത് വരെ പോകുമെന്ന് നോക്കാം. ചൊറിയാനാണ് തള്ളേടെ പ്ലാൻ എങ്കിൽ നമുക്ക് അപ്പൊ നോക്കാം.”
മീനു എന്നെ ആശ്വസിപ്പിക്കും പോലെ പറഞ്ഞിട്ടാണ് ഫോൺ വച്ചത്. പക്ഷെ എനിക്ക് എങ്ങനെ ആശ്വാസം ആകാനാണ്…?
പാറു ചേച്ചിയെ പോലെയാണോ ഞാൻ? പാറു ചേച്ചിടെ വീട്ടുകാരൊക്കെ ചേച്ചിക്ക് വലിയ സപ്പോർട്ട് ആണ്. പാറു ചേച്ചിടെ അച്ഛനും ചേട്ടനും ആ ചേച്ചിയോട് എന്തിഷ്ടമാണെന്നോ? എന്റെ കാര്യോ? ഇവിടെ എന്തെങ്കിലും പ്രശ്നം ഉണ്ടെന്ന് അറിഞ്ഞാൽ എന്റെ അച്ഛൻ ഒരിക്കലും എന്റെ കൂടെ നിക്കില്ല. അച്ഛമ്മ പിന്നെ പറയേം വേണ്ട.
അമ്മ നിക്കും. പക്ഷെ അച്ഛനെ പേടിച്ചു കഴിയുന്ന എന്റെ പാവം അമ്മയ്ക്ക് എന്ത് ചെയ്യാനൊക്കും?
മീനു പറഞ്ഞത് പോലെ എല്ലാം വരുന്നിടത്തു വച്ചു കാണാം. ഹരിയേട്ടൻ ഉണ്ടല്ലോ എന്റെ കൂടെ….
*********
ദിവസങ്ങൾ പ്രത്യേകതകളില്ലാതെ കടന്ന് പോയി.
ഇതിനിടയിൽ പിന്നെയും മൂന്ന് നാല് വട്ടം അമ്മ അച്ചനോട് എന്നെക്കുറിച്ച് മോശമായി സംസാരിക്കുന്നത് ഞാൻ കേൾക്കാനിടയായി. ഹരിയേട്ടനോട് പറയണമെന്ന് പല തവണ കരുതിയതാണ്.
പറയാമെന്ന് ചിന്തിച്ച് ഹരിയേട്ടനടുത്തേയ്ക്ക് പോകുമ്പോഴേ, ആള് എന്നെക്കുറിച്ച് അമ്മ പറഞ്ഞ നല്ല കാര്യങ്ങളൊക്കെ എടുത്തിടും.
ഞാൻ നല്ല കുട്ടിയാണ്, മിടുക്കിയാണ്, മുതിർന്നവരെ ബഹുമാനിക്കാൻ അറിയുന്നവളാണ്, ദൈവഭയമുള്ളവളാണ് എന്ന് വേണ്ട…. അമ്മ എന്നെക്കുറിച്ച് ഹരിയേട്ടനോട് പറഞ്ഞ കാര്യങ്ങൾ ഒക്കെ കേട്ടിട്ട് എനിക്ക് എന്നെത്തന്നെ എടുത്തു വല്ല രൂപക്കൂടും പണിത് അതിനകത്തു വയ്ക്കാൻ തോന്നിപ്പോയിട്ടുണ്ട്.
ഇതൊക്കെ കേൾക്കുമ്പോ ഞാൻ പറയാൻ ചെല്ലുന്നതങ്ങു വിഴുങ്ങും. പറഞ്ഞിട്ടെന്താ കാര്യം? ഹരിയേട്ടനത് വിശ്വസിക്കാൻ പോണുണ്ടോ?
എന്നെ ഒരുപാട് ഇഷ്ടമാണ് ഹരിയേട്ടന്. ആ ഇഷ്ടം കൂടി ഇല്ലാതായാലോ എന്ന് പേടിച്ച് ഒന്നും പറയാൻ പോവില്ല.
*****
അങ്ങനെ കല്യാണം കഴിഞ്ഞിട്ട് ഏതാണ്ട് ഒന്നൊന്നര മാസത്തോളമായി. എനിക്ക് വീട്ടിൽ പോകാനും അമ്മേ കാണാനും അവിടെ നിക്കാനുമൊക്കെ കൊതിയായിതുടങ്ങി.
അന്ന് വിരുന്നിനു പോയതല്ലാതെ ഇത് വരെ പോയിട്ടില്ല വീട്ടിൽ.
ഞാൻ ഹരിയേട്ടനോട് കാര്യം അവതരിപ്പിച്ചു. രണ്ട് ദിവസം വീട്ടിൽ പോയി നിന്നോട്ടെ എന്ന് ചോദിച്ചു.
” നീ പോയാൽ ഞാൻ നിന്നെ വല്ലാതെ മിസ് ചെയ്യും ദേവൂ… ഈ കുറഞ്ഞ ദിവസം കൊണ്ട് താനില്ലാതെ പറ്റില്ല എന്നായിട്ടുണ്ടെനിക്ക്.”
കേട്ടപാടെ ഹരിയേട്ടൻ പറഞ്ഞതാണ്.
അത് കേട്ടപ്പോൾ ഹൃദയം നിറഞ്ഞ തുളുമ്പുന്നത് പോലെ സന്തോഷം തോന്നി എനിക്ക്.
നമ്മളെ മിസ്സ് ചെയ്യുന്ന വിധം നമ്മളെ സ്നേഹിക്കുന്ന ഒരാൾ ഉണ്ടാവുക എന്ന് പറയുന്നത് എത്രയധികം സന്തോഷം നൽകുന്ന കാര്യമാണല്ലേ? ഇങ്ങനെ ഒരാളെ കിട്ടിയതിൽ വല്ലാതെ ലക്കി ആണെന്നും തോന്നി.
എന്നാലും ആ വിഷമം തല്ക്കാലം കണ്ടില്ലെന്ന് നടിക്കാനെ എനിക്ക് പറ്റൂ… രണ്ട് ദിവസം ഞാൻ വീട്ടിൽ ചെന്ന് നിൽക്കണമെന്ന് എന്റെ അമ്മയ്ക്കും ഉണ്ടാവില്ലേ ആഗ്രഹം? അതും ഞാൻ മനസ്സിലാക്കണ്ടേ?
“എന്നാലും സാരമില്ല. താൻ പോയിട്ട് വാ… ഞാൻ അമ്മയോട് സംസാരിക്കാം.”
എന്റെ മനസ്സറിഞ്ഞത് പോലെ ഹരിയേട്ടൻ പറഞ്ഞപ്പോ ആ മനുഷ്യനോട് എനിക്കുണ്ടായിരുന്ന ഇഷ്ടം പതിൻമടങ്ങു കൂടി. ഈയോരാൾക്ക് വേണ്ടി ആരെന്തു പറഞ്ഞാലും ഞാൻ ക്ഷമിക്കും എന്നെന്റെ മനസ്സ് പറഞ്ഞു അന്നേരം….
*******
“അതിനെന്താ? മോള് രണ്ട് ദിവസം പോയി നിന്നോട്ടെ….”
വൈകിട്ട് ചായ കുടിച്ചോണ്ടിരിക്കുമ്പോഴാണ് ഹരിയേട്ടൻ ഞാൻ വീട്ടിൽ പോകുന്ന കാര്യം അവതരിപ്പിച്ചത്. അപ്പോൾ തന്നെ ഒരെതിർപ്പും ഇല്ലാതെ അമ്മ സമ്മതിക്കുമെന്ന് ഞാൻ സ്വപ്നത്തിലും കരുതിയില്ല.
“എന്നാ പോകുന്നെ?”
“നാളെ ചൊവ്വയല്ലേ? നാളെ രാവിലെ കൊണ്ട് വിടാം. എന്നിട്ട് വ്യാഴാഴ്ച വിളിച്ചിട്ട് വരാം.”
ചായ മൊത്തി കുടിച്ച് കൊണ്ട് അത് പോരെ എന്നർത്ഥത്തിൽ ആളെന്നെ നോക്കി. ഒരു ദിവസം കൂടി നിൽക്കണമെന്നുണ്ടായിരുന്നെങ്കിലും ഞാൻ മതി എന്ന് തലയാട്ടി.
“ചൊവ്വാഴ്ച ആയിട്ട് ഇവിടുന്ന് പോകാനൊന്നും പറ്റില്ല. ചൊവ്വേം വെള്ളിയും വീട്ടീന്ന് പോകാനും വരാനുമൊന്നും പാടില്ല. ”
അമ്മ അതിഷ്ടപ്പെടാത്തത് പോലെ പെട്ടെന്ന് പറഞ്ഞു.
ഇത് എന്റെ വീട്ടിൽ അച്ഛമ്മേം പറയാറുള്ളതാണ്. എന്നാലും സ്വന്തം വീട്ടിൽ പോകുന്നതിനും ഇങ്ങനെ ഒക്കെ ഉണ്ടെന്ന് എനിക്ക് അറിയില്ലായിരുന്നു.
“എന്നാപ്പിന്നെ മറ്റന്നാൾ പൊയ്ക്കോട്ടേ…”
” ഇത് നല്ല കഥ… ബുധനാഴ്ച്ചയാ..? അല്ലെങ്കിലേ നിന്റെ അച്ഛന് എണീറ്റ് നടക്കാൻ വയ്യ. ബുധനാഴ്ച ആയിട്ട് പോയിട്ട് വേണം അങ്ങേര് കിടപ്പിലാവാൻ…! നിനക്ക് അറിഞ്ഞൂടെ ഹരി…? വയ്യാത്ത ആൾക്കാരൊള്ള വീട്ടീന്ന് ബുധനും ശനീം ഒന്നും പോകാനും വരാനും പാടില്ലന്ന്. ആ വീട്ടിൽ ഉള്ളവർക്കാ ദോഷം….”
ഇത് വരെ കെട്ടിട്ടില്ലാത്തൊരു പുതിയ സംഭവം കേട്ട് ഞാൻ അന്തംവിട്ട് ഹരിയേട്ടനെ നോക്കി. ആളും നീരസത്തോടെ അമ്മയെ നോക്കിയിരിക്കുകയാണ്.
*********

by