22/04/2026

മരുമകൾ : ഭാഗം 19&20

രചന – ഗംഗ ശലഭം

” അത്… പിന്നെ… ഹരിയേട്ടാ…. അമ്മ… വേറെ പായസം ഉണ്ടാക്കിയതല്ല…”

“പിന്നെ?”

ഹരിയേട്ടന്റെ നെറ്റി ചുളിഞ്ഞു.

“ആ പായസം…. തന്നാ…. നമ്മൾ കുടിച്ചത്….”

“എന്ന് വച്ചാ….? പല്ലി വീണതോ….?”

“മ്മ്….”

ഒരു നിമിഷം…. ഹരിയേട്ടൻ ചാടി എണീറ്റ് കണ്ണും മിഴിച്ചെന്നെ നോക്കി. ഞാൻ ദയനീയമായി ഹരിയേട്ടനെയും….!

” ഞാൻ ഇപ്പൊ വരാം ”

ഹരിയേട്ടൻ ബാത്റൂമിൽ അകത്തേക്ക് ഒറ്റയോട്ടം. അതിനകത്ത് നിന്ന് എന്തൊക്കെയോ ശബ്ദ കോലാഹലങ്ങൾ ഒക്കെ കേൾക്കുന്നുണ്ട്.

കൊള്ളില്ല എന്ന് പറഞ്ഞിട്ടും ഒരു തുള്ളി ബാക്കി വയ്ക്കാതെ മുഴുവൻ കുടിച്ചു തീർത്തതല്ലേ? അതില് പല്ല് വീണു എന്ന് കേട്ടാൽ ആർക്കായാലും ഓക്കാനം വരും.

അല്പം കഴിഞ്ഞ് തളർന്നതു പോലെ പിന്നെയും വന്ന് എന്റെ അടുത്തിരുന്നു.

” വൊമിറ്റ് ചെയ്തു കളയാമെന്ന് വിചാരിച്ചപ്പോൾ അതിനും പറ്റുന്നില്ല. ”

പാവത്തിന്റെ അവസ്ഥ കണ്ടപ്പോൾ സത്യത്തിൽ എനിക്ക് വിഷമം തോന്നി. പറയേണ്ടിയിരുന്നില്ല! പക്ഷേ ഞാൻ വേറെ എന്തു നുണ പറയാനാ? ആ സമയം വേറെ നുണയൊന്നും എന്റെ മനസ്സിൽ തോന്നിയിരുന്നില്ലല്ലോ?

ഞാൻ പലപ്പോഴും ഇങ്ങനെയാ. പറഞ്ഞുകഴിഞ്ഞ് പറയേണ്ടിയിരുന്നില്ല എന്ന് എനിക്ക് തോന്നാറുള്ളൂ.

“നീ പെട്ടെന്ന് എടുത്തു കളഞ്ഞല്ലോ അല്ലേ?”

“മ്മ്….”

ഞാൻ മൂളികൊണ്ട് തലയാട്ടി.

എടുത്തു കളയും മുമ്പ് പല്ലി ആ പായസത്തിൽ ഒരു റൗണ്ട് നീന്തി വന്നത് ഓർമ്മ വന്നെങ്കിലും ഞാനത് മിണ്ടിയില്ല.

“പല്ലി അതില് കാഷ്ടിച്ചിട്ട് ഒന്നും ഉണ്ടാവില്ലായിരിക്കും അല്ലേ….?”

ദയനീയമായ ആ ചോദ്യം കേട്ടപ്പോ ഞാനും ഒന്ന് ഞെട്ടി. കാര്യം ഒരു വാ പായസം ഞാനും കുടിച്ചത് ആണല്ലോ?
പായസത്തിൽ വീണപ്പോ പേടിച്ചിട്ട് അത് കാഷ്ടിച്ചിട്ടെങ്ങാനും ഉണ്ടാവോ?

അങ്ങനെ ചിന്ത പോയെങ്കിലും പറഞ്ഞത് ഇങ്ങനെയാണ്.

“മ്ച്ചും… ഞാൻ പെട്ടെന്ന് കോരി കളഞ്ഞു.”

“ഹാവൂ…….”

ആളൊന്ന് നെടുവീർപ്പിട്ടു.

” അല്ല…. ഇതാണോ താൻ വിഷമിച്ചിരുന്നത്….? അമ്മ വഴക്ക് പറഞ്ഞത് ഓർത്ത് വിഷമിച്ചിരിക്കുവാണല്ലേ?”

പെട്ടെന്ന് ഓർത്തത് പോലെ ചോദിച്ചു.

” അതില് ഇങ്ങനെ വിഷമിക്കാൻ ഒന്നൂല്ല. അമ്മയ്ക്ക് ദേഷ്യം ഒന്നും കാണില്ല. അമ്മ അതൊക്കെ അപ്പോഴേ കളഞ്ഞു കാണും. ഒന്നും മനസ്സിൽ വയ്ക്കുന്ന ശീലം അമ്മയ്ക്കില്ല. അപ്പൊ തോന്നുന്ന ദേഷ്യത്തിൽ എന്തെങ്കിലും പറയും. അത് അപ്പത്തന്നെ കളയുകയും ചെയ്യും.”

അതിനും ഞാൻ തലയാട്ടി.

“പിന്നേ… നമുക്കൊന്ന് പുറത്ത് പോയാലോ? പായസം കുടിച്ചതിന്റെ ക്ഷീണം തീർക്കാനാ…”

നെഞ്ചും വയറും ഒക്കെ തടവി പറയുന്ന കണ്ടപ്പോ സത്യത്തിൽ എനിക്ക് ചിരി വന്ന് പോയി.

ഞാൻ സമ്മതിച്ചതും ഹരിയേട്ടൻ എഴുന്നേറ്റു.

“എന്നാ വാ…. ചായ കുടിച്ചിട്ട് ഇറങ്ങാം.”

ഞങ്ങൾ ഒരുമിച്ചാണ് ചായ കുടിക്കാൻ ചെന്നത്.

“നീയെന്താ ഡ്രസ്സ്‌ മാറാതെ?”

ഹരിയേട്ടനെ കണ്ടതും അച്ഛൻ ചോദിച്ചു.

“ഞങ്ങൾ ഒന്ന് പുറത്ത് പോകുന്നു.”

“നീയിപ്പോ വന്ന് കേറിയല്ലേ ഉള്ളൂ?”

ചോദ്യം ഹരിയേട്ടനോടാണെങ്കിലും നോട്ടം എന്നെയാണ്.

എനിക്കെന്തോ വല്ലായ്മ തോന്നി. ഹരിയേട്ടനത് മനസ്സിലായെന്ന് തോന്നുന്നു.

“എനിക്ക് കുറച്ചു സാധനങ്ങൾ വാങ്ങാനുണ്ട്. ഇവിടിരുന്നാൽ വാങ്ങാൻ പറ്റില്ലല്ലോ?”

കുറച്ചു കടുപ്പത്തിൽ അത്രേം പറഞ്ഞപ്പോ അച്ഛനെന്നെ രൂക്ഷമായിട്ടൊന്ന് നോക്കി അമ്മ കൊണ്ട് വച്ചു ചായ കുടിക്കാൻ തുടങ്ങി.

അതിന് എന്നെ നോക്കി പേടിപ്പിക്കുന്നത് എന്തിനാണാവോ?

ചായ കുടിച്ച് കഴിഞ്ഞ് പുറത്ത് പോകാൻ തയാറാകാനായി മുറിയിലേക്ക് ചെല്ലുമ്പോഴും എന്റെ മുഖം മ്ലാനമായിരുന്നു.
അച്ഛന് എന്നെ തീരെ ഇഷ്ടമല്ല. എനിക്കത് ബോധ്യമാകുന്നുണ്ട്.

“എന്താണ് ദേവൂസ്? അച്ഛൻ അങ്ങനെ പറഞ്ഞത് കൊണ്ടാണോ?”

ഞാൻ ആ ചോദ്യത്തിന് മറുപടി കൊടുത്തില്ല.

” എടൊ… നമ്മളെ ബാധിക്കുന്ന കാര്യങ്ങൾ അല്ലെങ്കിൽ മൈൻഡ് ചെയ്യരുത്.

നമുക്ക് പോണ്ടേ? ഇപ്പൊത്തന്നെ വൈകി. താൻ പെട്ടെന്ന് റെഡിയാക്… ഞാൻ പുറത്ത് നിൽക്കാം.”

ഹരിയേട്ടൻ എന്റെ കവിളിൽ ഒന്ന് തട്ടി പുറത്തേക്കിറങ്ങിപ്പോയി.

*****

ബൈക്ക് ചെന്ന് നിന്നത് ഒരു വലിയ ടെക്സ്റ്റെയിൽസിന്റെ മുന്നിലാണ്.

“വാ….”

ഹെൽമെറ്റ് ഊരി ഹാൻഡിലിൽ തൂക്കിയിട്ട് ഹരിയേട്ടൻ വിളിച്ചപ്പോ ഞാൻ പിറകെ ചെന്നു.

“എന്താണ് വേണ്ടത് മാടം?”

കസ്റ്റമേഴ്സിനെ വെൽക്കം ചെയ്യാൻ നിന്നിരുന്ന പെൺകുട്ടികളിൽ ഒരാൾ ഹരിയേട്ടനും പിറകെ വന്ന എന്നോടാണ് ചോദിച്ചത്.

എനിക്ക് എങ്ങനെ അറിയാനാ? ഞാൻ ഹരിയേട്ടനെ നോക്കി.

“ലേഡീസ് സെക്ഷൻ എവിടെയാ?”

“സാരി ഇവിടെ ഗ്രൗണ്ട് ഫ്ലോർ തന്നെയാണ് സാർ. ചുരിദാർ ഫസ്റ്റ് ഫ്ലോർ…”

ആ പെൺകുട്ടി ചിരിയോടെ പറഞ്ഞു.

“ചുരിദാർ മതി അല്ലെ?”

ഹരിയേട്ടൻ എന്നോടായി ചോദിച്ചതും ഞാൻ യാന്ത്രികമായി തലയാട്ടി.

“ലിഫ്റ്റിൽ പോകാം സാർ.”

ആ കുട്ടി ലിഫ്റ്റിന്റെ ഭാഗത്തേക്ക് കൈ കാട്ടിയതും ഹരിയേട്ടൻ എന്നെയൊന്നു നോക്കി മുന്നേ നടന്നു. ഞാൻ ഒട്ടൊരു പരുങ്ങലോടെ പിന്നാലെയും….

ഞാൻ പിറകിൽ പിറകിൽ പതുങ്ങി നടന്നത് കൊണ്ടാവാം ഹരിയേട്ടൻ തിരിഞ്ഞു വന്നെന്റെ കൈ പിടിച്ചു കൂടെ നടത്തി.

ഇത് പോലെ എന്റെ അച്ഛൻ എന്റെ കൈ പിടിച്ചു കൂടെ നടത്തിയിരുന്നെങ്കിൽ എന്ന് ഞാൻ ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട്. ഒരിക്കലും നടന്നിട്ടില്ലത്..
പക്ഷെ ഇപ്പൊ…..
എന്റെ മനസ്സ് നിറഞ്ഞു.

ചുരിദാറിന്റെ സെക്ഷനിൽ കൊണ്ട് നിർത്തി എനിക്ക് ഇഷ്ടമുള്ളത് എടുത്തോളാൻ പറഞ്ഞു.

ഞാൻ മടിച്ചു നിന്നു. എവിടെ നിന്ന് തുടങ്ങണമെന്നോ ഏത് എടുക്കണമെന്നോ അറിയുന്നുണ്ടായിരുന്നില്ലെനിക്ക്.

കല്യാണഡ്രസ്സ്‌ എടുക്കാനല്ലാതെ ഇത്രേം വലിയൊരു കടയിൽ ഞാൻ കേറിയിട്ടും കൂടി ഇല്ല. കുറേ ഡ്രെസ്സുകൾ ഇങ്ങനെ നിരന്നു കിടക്കുന്നത് കണ്ടപ്പോ അന്ധാളിച്ചു പോയി എന്ന് പറഞ്ഞാൽ മതിയല്ലോ?

അപ്പോഴും ഹരിയേട്ടനോടുള്ള ഇഷ്ടം ഉള്ളിൽ ഇങ്ങനെ കൂടിക്കൂടി വരുന്നുണ്ടായിരുന്നു. ഞാൻ പറയാതെ എന്റെ ആഗ്രഹം അറിഞ്ഞില്ലേ?

” എനിക്കീ കടയിൽ കയറി ഒരുമണിക്കൂർ നോക്കി നടന്നു സെലക്ട്‌ ചെയ്യുന്നത് തീരെ ഇഷ്ടമില്ലാത്ത പരിപാടി ആണ്. അത് കൊണ്ട് പെട്ടെന്ന് സെലക്ട് ചെയ്തോ .. ഇല്ലേൽ ഞാൻ സെലക്ട് ചെയ്യും. എന്റെ ഡ്രസ്സ് സെലക്ഷൻ ഒക്കെ വളരെ മോശമാണ്. പറഞ്ഞേക്കാം…..”

സെയിൽസ് ഗേൾ കേൾക്കാതെ എന്നോട് പറഞ്ഞിട്ട് ഹരിയേട്ടൻ ഹാങ്ങ് ചെയ്തേക്കുന്ന ഡ്രസ്സുകൾ നോക്കി അല്പം മുന്നോട്ടു നടന്നു.

ഇതിപ്പോ തമാശക്ക് പറഞ്ഞതാണോ…. അതോ?

ആദ്യം തന്നെ കണ്ണടക്കിയത് ഒരു ബ്ലൂ കളർ ചുരിദാറിൽ ആണ്. എന്റെ ഫേവറിറ്റ് കളർ ആണ് ബ്ലൂ. ഞാനത് കയ്യിൽ എടുത്തു നോക്കി. കൊള്ളാം നന്നായിട്ടുണ്ട്. എനിക്കിഷ്ടപ്പെട്ടു.

പക്ഷേ പ്രൈസ് ടാഗിലേക്ക് കണ്ണു പോയതും ആ ഇഷ്ടമൊക്കെ ഒരു നിമിഷം കൊണ്ട് ആവിയായിപ്പോയി.

രണ്ടായിരത്തി എണ്ണൂറ്റി നാല്പതു രൂപ…!
എന്റെ കല്യാണ സാരിക്ക് പോലും ഈ വില ഉണ്ടായിരുന്നില്ല…!

ഞാൻ എടുത്തത് പോലെ ആ ചുരിദാർ തിരികെ തൂക്കിയിട്ടു. വേറൊരെണ്ണം എടുത്തു. ഇത്തവണ ചുരിദാറിന്റെ ഡിസൈൻ നോക്കും മുന്നേ പ്രൈസ് ആണ് നോക്കിയത്. അതിനുമുണ്ട് രണ്ടായിരത്തോളം…. അതും തിരികെയിട്ടു.

അങ്ങനെ ഇഷ്ടമുള്ള കളർ നോക്കി മൂന്നോ നാലോ നോക്കി കഴിഞ്ഞപ്പോ മനസ്സിലായി എല്ലാം വില കൂടിയത് തന്നെ ആണെന്ന്… പിന്നെ കളറും ഡിസൈനുമൊക്കെ വിട്ട് വില നോക്കിയായി തിരച്ചിൽ.

കുറേ തിരഞ്ഞിട്ടും വില കുറഞ്ഞത് ഒന്നും തന്നെ കിട്ടിയില്ല. പിന്നെയും ഒരെണ്ണം എടുത്തു പ്രൈസ് നോക്കി അത് പോലെ തിരികെയിട്ടതും തൊട്ടടുത്തു നിന്ന് ആരോ മുരടനക്കുന്നു. ഞാൻ തല ചരിച്ചു നോക്കി. ഹരിയേട്ടൻ എന്റെ തൊട്ടടുത്തു നിന്ന് എന്നെ നോക്കി കണ്ണുരുട്ടുന്നുണ്ട്.

“വില കുറഞ്ഞത് നോക്കി എടുക്കാൻ തന്നോട് ഞാൻ പറഞ്ഞോ ദേവു?”

എന്നോടൊരു ചോദ്യം. ഞാൻ തല താഴ്ത്തി.

“തനിക്ക് രണ്ട് ചുരിദാർ വാങ്ങിത്തരാനുള്ള കാശൊക്കെ എന്റടുത്ത് ഉണ്ടെടോ… ഇഷ്ടമുള്ളത് എടുത്തോ…”

അങ്ങനെ പറഞ്ഞിട്ടും ഞാൻ അറച്ചു നിന്നതേയുള്ളൂ… വില കൂടിയത് എടുത്തു ശീലമില്ലെനിക്ക്.

അച്ഛൻ വാങ്ങിത്തരുന്നതൊക്കെയും വില കുറഞ്ഞത് തന്നെ ആയിരുന്നു. പെട്ടെന്ന് ആ ശീലങ്ങൾ ഒക്കെ ഞാൻ എങ്ങനെ മാറ്റാനാണ്?

ഒടുവിൽ ഹരിയേട്ടൻ തന്നെ നാലഞ്ച് ചുരിദാറുകൾ സെലക്ട്‌ ചെയ്തു. സെലക്ഷൻ അറിയില്ല എന്ന് ആള് വെറുതെ പറഞ്ഞതാണ്. സൂപ്പർ സെലക്ഷൻ ആയിരുന്നു കേട്ടോ….
ഓരോന്നും ഒന്നിനൊന്നു മെച്ചം. വിലയും അത് പോലെ തന്നെ. അതായിരുന്നു എനിക്ക് വിഷമം.

എന്റെ ചുരിദാറുകൾ മാത്രം ഏതാണ്ട് എണ്ണായിരത്തോളം രൂപ! സത്യം പറഞ്ഞാൽ എനിക്ക് വില കണ്ട് തല കറങ്ങി. വേണ്ടാന്ന് പറഞ്ഞാലും ഹരിയേട്ടൻ അത് വാങ്ങുമെന്ന് അറിയുന്നത് കൊണ്ട് വേണ്ടെന്ന് പറഞ്ഞില്ല എന്ന് മാത്രം.

അമ്മയ്ക്കും അച്ഛനും ഹരിയേട്ടനും ഒന്നും വാങ്ങുന്നില്ലേ എന്ന് ചോദിച്ചപ്പോ അതൊക്കെ പിന്നീട് ഒരു ദിവസം ആകട്ടെ, ഇന്ന് നേരം വൈകി എന്ന് പറഞ്ഞു.

ടെക്സ്റ്റൈൽസിന്റെ കവറുകളും പിടിച്ചു ബൈക്കിന് പിറകിൽ ഇരിക്കുമ്പോൾ എനിക്ക് നല്ല ടെൻഷൻ ഉണ്ടായിരുന്നു. ഇത്രേം വിലയുള്ള ചുരിദാറുകൾ എടുത്തതിന് അമ്മ വഴക്ക് പറയുമോ എന്നുള്ള പേടി… അച്ഛൻ മുഖം കറുപ്പിക്കും എന്നത് ഉറപ്പുള്ള കാര്യമാണല്ലോ? ഹരിയേട്ടൻ നിർബന്ധിച്ചു എടുത്തതാണെങ്കിലും കുറ്റം എനിക്കായിരിക്കും. അമ്മ പറഞ്ഞില്ലെങ്കിലും അച്ഛൻ അങ്ങനെയേ പറയൂ….

അച്ഛന് എന്നെ തീരെ ഇഷ്ടമല്ല. ഒരുപക്ഷെ അമ്മ പറഞ്ഞത് പോലെ ജോലി ഇല്ലാത്തത് കൊണ്ടോ വലിയ വീട്ടിലെ കുട്ടി അല്ലാത്തത് കൊണ്ടോ ഒക്കെ ആയിരിക്കും.

**********

🦋 മരുമകൾ 🦋 20

ടെക്സ്റ്റൈൽസിന്റെ കവറുകളും പിടിച്ചു ബൈക്കിന് പിറകിൽ ഇരിക്കുമ്പോൾ എനിക്ക് നല്ല ടെൻഷൻ ഉണ്ടായിരുന്നു. ഇത്രേം വിലയുള്ള ചുരിദാറുകൾ എടുത്തതിന് അമ്മ വഴക്ക് പറയുമോ എന്നുള്ള പേടി… അച്ഛൻ മുഖം കറുപ്പിക്കും എന്നത് ഉറപ്പുള്ള കാര്യമാണല്ലോ? ഹരിയേട്ടൻ നിർബന്ധിച്ചു എടുത്തതാണെങ്കിലും കുറ്റം എനിക്കായിരിക്കും. അമ്മ പറഞ്ഞില്ലെങ്കിലും അച്ഛൻ അങ്ങനെയേ പറയൂ….

അച്ഛന് എന്നെ തീരെ ഇഷ്ടമല്ല. ഒരുപക്ഷെ അമ്മ പറഞ്ഞത് പോലെ ജോലി ഇല്ലാത്തത് കൊണ്ടോ വലിയ വീട്ടിലെ കുട്ടി അല്ലാത്തത് കൊണ്ടോ ഒക്കെ ആയിരിക്കും.

പേടിച്ചത് പോലൊന്നും ഉണ്ടായില്ല. ഞങ്ങൾ ചെല്ലുമ്പോ അച്ഛനും അമ്മയും വരാന്തയിൽ ഇരിക്കുകയായിരുന്നു. ഞങ്ങളെ കണ്ടപ്പോഴേ അച്ഛൻ എഴുന്നേറ്റ് മുറിയിലേക്ക് പോയി.

അമ്മയെ ഞാൻ ചുരിദാറൊക്കെ കാണിച്ചു.

” ഞാൻ ഹരിയോട് പറയാനിരുന്നതാ… മോക്ക് ഡ്രസ്സ്‌ വല്ലോം വേണേൽ വാങ്ങിക്കൊടുക്കണമെന്ന്. കൊള്ളാം… നല്ല ചുരിദാർ… മോൾക്ക് നന്നായിട്ട് ചേരും…”

അമ്മ ഓരോന്നായിട്ട് നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു. എനിക്കും അത് കേട്ടപ്പോ സന്തോഷമായി. അതിനേക്കാളും സമാധാനവും.

********

കല്യാണം കഴിഞ്ഞു ബന്ധു വീടുകളിൽ ഒക്കെ വിരുന്നിനു പോകുന്നൊരു പരിപാടി ഉണ്ടല്ലോ? ഹരിയേട്ടനത് തീരെ ഇഷ്ടമല്ല. എന്നാലും വല്യമ്മേടെ വീട്ടിലും കുഞ്ഞമ്മേടെ വീട്ടിലും പോണമെന്ന് അമ്മ തീർത്തു പറഞ്ഞു. അത് പിന്നെ തൊട്ടടുത്തുള്ള വീടുകളും ആണല്ലോ? അത് കൊണ്ടാവും ഹരിയേട്ടനും സമ്മതിച്ചു.

മീനുവിന്റെ വീട്ടിൽ വരാമെന്ന് ആള് എനിക്കും വാക്ക് തന്നു. മീനുവിന്റെ വീട്ടിലേക്ക് ഞങ്ങളെ പതിയെ വിളിക്കുള്ളൂ എന്ന് അവൾ നേരത്തെ പറഞ്ഞിരുന്നു. മാമന്റെ ബന്ധത്തിൽ ആരുടെയോ കല്യാണം ഉണ്ടെന്ന്. അതൂടെ കഴിഞ്ഞിട്ട് രണ്ടു കൂട്ടരെയും ഒന്നിച്ചു വിളിക്കാൻ ഇരിക്കുവാണവര്.

കുഞ്ഞമ്മേടെ വീട്ടിലാണ് ആദ്യം പോയത്. രാത്രിയിലാണ്. ഇവിടുന്ന് ഫുഡ് കഴിച്ച് വീട്ടിലേക്ക് പോയിട്ട് കുറച്ചുകൂടി ഒരുക്കാനുണ്ട്. നാളെ വൈകിട്ടാണ് ഞങ്ങൾ ട്രിപ്പ് പോകുന്നത്.

*********

മാളുവും അവളുടെ ഹസ്ബൻഡും വന്നിട്ടുണ്ട്.

ആളിനെ ഞാൻ ആദ്യമായിട്ടാണ് കാണുന്നത്. ഞങ്ങളുടെ കല്യാണത്തിന് വന്നിരുന്നില്ല. മനു എന്നാ വിളിക്കുന്നത് കേട്ടത്. പേര് മറ്റെന്തോ ആണ്. നല്ല വണ്ണമുണ്ട് ആ ചേട്ടന്.

ഈ അമിത വണ്ണത്തിന്റെ അസുഖം ഉള്ളവരില്ലേ? ഏതാണ്ട് അത് പോലെ….
പക്ഷെ എനിക്കാ ചേട്ടനെ കണ്ടിട്ട് മോശമായിട്ട് ഒന്നും തോന്നിയില്ല കേട്ടോ….

ഇത് പോലെ ഒരു കുട്ടി എന്റെ ക്ലാസ്സിലും ഉണ്ടായിരുന്നു. ഹസീന…

അവള് ഇടയ്ക്കൊക്കെ എന്നോട് വന്ന് സങ്കടം പറയും. ബന്ധുക്കൾ ഉൾപ്പെടെ എല്ലാരും അവളെ കളിയാക്കുമത്രേ….
” വലിച്ചു വാരി തിന്നുന്നത് കുറച്ചാ വണ്ണം കുറഞ്ഞു കിട്ടും ” എന്ന് പറയുമെന്ന്.

സത്യത്തിൽ അവള് വളരെ കുറച്ചേ കഴിക്കാറുള്ളൂ…. രാവിലെ ഒന്നോ രണ്ടോ ദോശയോ ഇഡലിയോ… ഉച്ചയ്ക്ക് ഒരിത്തിരി ചോറ്. ചിലപ്പോ അതും കൊണ്ട് വരാറില്ല. രാത്രിയും അങ്ങനെ തന്നെ. എന്നാലും വണ്ണം കുറയുന്നില്ല.

” ഞാൻ എന്ത് കഴിച്ചാലും അതിന്റെ ഇരട്ടി ആയിട്ടന്റെ ദേഹത്തു പിടിക്കൂടി… പട്ടിണി കിടക്കാൻ പറ്റോ? ചത്തു പോവില്ലേ? ചാവാൻ പേടിയുണ്ടായിട്ടല്ല. ഉമ്മേ കരുതിയാ…”

പലപ്പോഴും അവൾ കരഞ്ഞോണ്ട് എന്നോട് പറഞ്ഞിട്ടുണ്ട്.

അവൾക്ക് ഉമ്മ മാത്രേ ഉള്ളൂ… ഉമ്മയും ഇവളെപ്പോലെ നല്ല വണ്ണമാണ്. ഇവളെ പ്രസവിച്ചു കൂടി കഴിഞ്ഞപ്പോ വണ്ണം പിന്നെയും കൂടി. അതോടെ ഉപ്പയ്ക്ക് നീരസമായി. അധികം വൈകാതെ ആളിവരെ ഉപേക്ഷിച്ചു.

ബന്ധുക്കളുടെ സഹായത്തോടെ വലിയ കഷ്ടപ്പാടിലാണ് ജീവിക്കുന്നത്. അത് കൊണ്ട് ബന്ധുക്കൾ എത്ര കളിയാക്കിയാലും സഹിക്കും…. പാവം…

മാളൂന്റെ മനുവേട്ടനെ കണ്ടപ്പോ എനിക്ക് ഹസീനയെ ഓർമ്മ വന്നു.

മാളൂന്റെ മനുവേട്ടനും മാളൂനെപ്പോലെ തന്നെ. എപ്പോഴും ഒരു ചിരിയുണ്ടാ മുഖത്ത്.

എന്നോട് ഒന്നും തന്നെ സംസാരിച്ചില്ല. ഹരിയേട്ടനോടും അധികം ഒന്നും സംസാരിക്കുന്നത് കണ്ടില്ല. ആ ചേട്ടന്റെ പെരുമാറ്റത്തിൽ നിന്നും, വണ്ണം ഉള്ളതുകൊണ്ട് ആളിന് സ്വയം ഒരു അപകർഷത ഉണ്ടെന്നു തോന്നി.

അമ്മയാകട്ടെ ആ ചേട്ടനോട് എന്തൊക്കെയോ കാര്യമായി ചോദിക്കുന്നത് കണ്ടു.

********

പൊറോട്ടയും ചിക്കനും ബീഫും പിന്നെ മാളുവിന്റെ സ്പെഷ്യൽ പീസ് പുലാവും.
എല്ലാം ടേബിളിൽ നിരന്നു. കൂടെ ഐസ് ക്രീം, ഫ്രൂട്ട് സാലഡ്, പാൽഗോവ പിന്നെ പേരറിയാത്ത എന്തൊക്കെയോ സ്വീറ്റ് ഐറ്റംസും….

ഞങ്ങൾ കഴിക്കാൻ ഇരുന്നപ്പോൾ അമ്മ ഡൈനിങ് ടേബിളിന് അടുത്തേക്കേ വന്നില്ല. അമ്മയ്ക്ക് ചെക്കനും ബീഫും ഒക്കെ കാണുന്നതേ കലിയാണെന്ന്…!

കുഞ്ഞിമ്മയും വെജിറ്റേറിയനാണ്. പക്ഷേ അമ്മയെക്കാളും ഒരുപാട് വ്യത്യസ്തയാണ് കുഞ്ഞമ്മ. ആള് ഒന്നും കഴിക്കില്ല എന്നേയുള്ളൂ. എല്ലാം ഉണ്ടാക്കും. മക്കൾക്ക് കൊടുക്കുകയും ചെയ്യും. ഞങ്ങൾ കഴിച്ചു കഴിയുവോളം കുഞ്ഞമ്മ ഞങ്ങൾക്ക് വിലമ്പിത്തന്ന് കൂടെത്തന്നെ നിന്നു.

ഇന്നത്തെ പുലാവ് ഒഴികെ ബാക്കിയൊക്കെ പുറത്തുനിന്ന് വാങ്ങിയതാണ് അത്രേ. ഇത്രേം പേർക്ക് ഫുഡ്‌ ഉണ്ടാക്കാൻ കുഞ്ഞമ്മയ്ക്ക് വയ്യാന്ന്….

ഇത്രേം പേരെന്ന് പറയാൻ ആകെ ഒൻപത് പേരെ ഉള്ളൂ. കുഞ്ഞമ്മയും ചിറ്റപ്പനും മാളുവും ആ ചേട്ടനും. ഞങ്ങളുടെ അവിടുന്ന് നാലു പേര്. പിന്നെ പൊന്നുവും. അങ്ങനെ ആകെ 9 പേര്.

ഇവിടുന്ന് പെണ്ണുങ്ങൾ വന്നപ്പോൾ എല്ലാം കൂടി ഏതാണ്ട് പത്ത് – മുപ്പത് പേരുണ്ടായിരുന്നു. അവരെല്ലാവർക്കും എന്റെ അമ്മയും മാമിയും ചേർന്നാണ് സദ്യ ഒരുക്കിയത്. അതും രണ്ടുകൂട്ടം പായസം ഉൾപ്പെടെ. ഇവിടെ ആകെ 9 പേരെ ഉള്ളൂ. എന്നിട്ടും…?
ചിലപ്പോ സിറ്റിയിൽ ഒക്കെ ഇങ്ങനെയായിരിക്കും.

അമ്മ പുലാവും കഴിക്കില്ല. അത് കൊണ്ട് അമ്മയ്ക്ക് വേണ്ടി കുഞ്ഞമ്മ ദോശയും ചമ്മന്തിയും ഉണ്ടാക്കിയിരുന്നു. കൂടെ ഉഴുന്ന് വടയും. ഞങ്ങൾ കഴിച്ച ശേഷമാണ് അമ്മയും കുഞ്ഞമ്മയും കഴിക്കാൻ ഇരുന്നത്. ഞാനും മാളുവും വിളമ്പുകാരായി. അമ്മ പേരിന് ഒരു ദോശയും ഒരു ഉഴുന്ന് വടയും മാത്രം കഴിക്കുന്നത് കണ്ടു. കുഞ്ഞമ്മ നിർബന്ധിച്ചെങ്കിലും അമ്മ കൂടുതൽ ഒന്നും കഴിച്ചില്ല.

ഭക്ഷണം ഒക്കെ കഴിഞ്ഞ് തിരികെ വീട്ടിലേക്ക് നടക്കുമ്പോൾ കുഞ്ഞമ്മയുടെ ചമ്മന്തിയേയും ദോശയെയും വടയെയും ഒക്കെ കുറ്റം പറയുകയായിരുന്നു അമ്മ.

ചമ്മന്തിക്ക് ഉപ്പില്ല…
ദോശ ആണേൽ പുളിച്ച മാവ് കഴിച്ചത് പോലെ ഇരിക്കുന്നു. വെന്തിട്ടില്ല…
വട ആരേലും എറിഞ്ഞിടാൻ കൊള്ളാം… അങ്ങനെ എന്തൊക്കെയോ….

ദോശയും ചമ്മന്തിയും കഴിച്ചില്ലെങ്കിലും ഉഴുന്ന് വട ഞാനും കഴിച്ചതാണ്. എനിക്ക് പ്രത്യേകിച്ച് ഒന്നും തന്നെ തോന്നിയിരുന്നില്ല.
എന്നിട്ടും അമ്മയ്ക്ക് വല്ലാത്ത കുറ്റം പറച്ചിലാണ്. കേട്ടപ്പോ വല്ലായ്മ തോന്നിയെനിക്ക്. എവിടെയൊക്കെയോ എന്റെ അച്ഛമ്മേടെ സ്വഭാവം ഉള്ളത് പോലെ….

അമ്മ ഉണ്ടാക്കുന്നത് ഒഴികെ വേറെ ആരുണ്ടാക്കിയാലും അമ്മേ സംബന്ധിച്ച് അത് മോശം ഫുഡ്‌ ആണ്. എന്റെ അച്ഛമ്മയും ഏതാണ്ട് ഇങ്ങനെ ഒക്കെ തന്നെ. എന്റെ അമ്മ എന്തുണ്ടാക്കിയാലും നൂറ് കുറ്റമാണ്.

ഒരു വെത്യാസം എന്താണെന്ന് വച്ചാൽ ഇവിടെ അമ്മ ഫുഡ്‌ വേറെ ആരെക്കൊണ്ടും ഉണ്ടാക്കിക്കില്ല. അമ്മയ്ക്ക് തന്നെ ഉണ്ടാക്കണം.

എന്റെ അച്ഛമ്മ ആണേൽ എല്ലാം അമ്മേക്കൊണ്ട് ഉണ്ടാക്കിക്കും. അമ്മ ഉണ്ടാക്കിയതൊക്കെ നന്നായിത്തന്നെ കഴിക്കുകേം ചെയ്യും. എന്നിട്ട് എല്ലാത്തിനും കുറ്റവും പറയും.

അമ്മ കുഞ്ഞമ്മേടെ ഫുഡിനെ കുറിച്ച് പറഞ്ഞതിനേക്കാളും വീട്ടിൽ എത്തിയ ശേഷം അമ്മ സംസാരിച്ചു തുടങ്ങിയ കാര്യം കേട്ടപ്പോ എനിക്ക് അമ്മയോട് ഉണ്ടായിരുന്ന കുറച്ചു മമതയും കൂടി പോയിക്കിട്ടി.

“മക്കള് കണ്ടാ ആ ചക്കപ്പൂതത്തിനെ….?”

അങ്ങനെ ചോദിച്ചായിരുന്നു തുടക്കം. സത്യത്തിൽ അമ്മ എന്താണ് ഉദ്ദേശിച്ചത് എന്ന് എനിക്ക് അന്നേരം മനസ്സിലായിരുന്നില്ല.

“മാളൂന്റെ ചെറുക്കനെ….”

എന്ന് പറഞ്ഞപ്പഴാണ് എന്തിനെക്കുറിച്ചാണ് പറഞ്ഞു വരുന്നത് എന്ന് കത്തിയത്.

” അവന്റെ മുഖം കണ്ടാ? പേടിയാവും. ആനേടെ അത്രേം ഒള്ളൊരു കരിമ്പൂതം…! ആ പെണ്ണ് ഇത്തിരി വണ്ണം കൂടുതൽ ആണെങ്കിലും നല്ല ചന്തമല്ലേ? നല്ല വെളുത്തു തുടുത്ത്… അവനാ…?
കറുകറാന്ന് ഒരു കരിംകുറ്റി! മുഖത്ത് നോക്കിയാ പേടിയാവും. ഹിപ്പോ പൊട്ടാമസിനെ പോലൊന്ന്…!”

കേട്ടിട്ട് എനിക്ക് തന്നെ സങ്കടം വന്നു. ഒരാളിനെ ബോഡി ഷേമിങ് ചെയ്യുന്നതാണ്. അതും ഇത്രേം മോശമായ സംസാരരീതി…!

അമ്മയും നന്നേ കറുത്തിട്ടാണ്. അമ്മയ്ക്ക് അങ്ങേരെ കരിംകുറ്റി എന്ന് വിളിക്കാൻ എന്താണ്? അല്ലെങ്കിൽ തന്നെ ഈ നിറത്തിലൊക്കെ എന്ത് കാര്യം? കറുത്തിരുന്നാലും വെളുത്തിരുന്നാലും മനസ്സും പ്രവർത്തികളും നന്നായിരിക്കണം. അത്രേ ഉള്ളൂ….

ആ ചേട്ടനെ പറഞ്ഞു കഴിഞ്ഞു കുഞ്ഞമ്മേം ചിറ്റപ്പനേം ചീത്ത പറയാൻ തുടങ്ങി.

തങ്കം പോലൊരു പെങ്കൊച്ചിനെ എന്തോ ഒരുത്തനു പിടിച്ചു കൊടുത്തെന്ന്……

ഇത്തവണ ആ ചേട്ടനെ വിശേഷിപ്പിച്ച വാക്ക് ഞാൻ എന്റെ ജീവിതത്തിൽ ഇന്നേ വരെ കേട്ടിട്ടുണ്ടായിയുന്നില്ല.
അതിന്റെ അർത്ഥം എന്താണോ എന്തോ? അല്ലെങ്കിലും ഇവിടെ വന്ന ശേഷം ഞാൻ എന്തൊക്കെയോ പുതിയ വാക്കുകൾ കേക്കുന്നുണ്ട്.

” ആ പെണ്ണ് ഇതിനു സമ്മതിക്കേന്നും ഇല്ലാരുന്നു. പിന്നെ എന്താ സമ്മതിച്ചേന്ന് അറിയാമോ?”

രഹസ്യം പോലെ എന്റെ അടുത്തോട്ടു നിന്നാണ് പറച്ചിൽ.

“ഒന്ന് മിണ്ടാതിരിക്കമ്മാ…. ചുമ്മാ…!”

അമ്മ പറഞ്ഞതൊക്കെ ഹരിയേട്ടനും ഇഷ്ടമായിട്ടില്ല എന്ന് തോന്നുന്നു. ആദ്യമായിട്ടാണ് ഹരിയേട്ടൻ അമ്മയോട്
ഇങ്ങനെ ശബ്ദം ഉയർത്തി പറയുന്നത്.

“എന്ത് ചുമ്മാ…. ഒള്ളതല്ലേ?” എന്ന് ഹരിയേട്ടനോട് പറഞ്ഞിട്ട്, “ഞാൻ പിന്നെ പറഞ്ഞു തരാം. അവൻ കേൾക്കാതെ….”
എന്ന് എന്റെ ചെവിയിലും പറഞ്ഞു.

കാര്യം പരദൂഷണം ആണെങ്കിലും ആ കാരണം എന്താണെന്ന് അറിയാൻ എനിക്കും താല്പര്യം തോന്നി. മനുഷ്യസഹജമായ ഒരു ജിജ്ഞാസ ഇല്ലേ? അത് തന്നെ….!

********

ബാക്കി ഉടനെ… 😁