രചന – ആയിഷ അക്ബർ
അവൻ പോയ വഴിയേ ദേഷ്യത്തോടെ നോക്കി നിൽക്കുന്ന ജാനകിയെ കാണുമ്പോൾ വീണയിൽ നിറഞ്ഞതത്രയും സംശയങ്ങളായിരുന്നു…..
ആരോരുമല്ലാത്ത അനാഥനായ കാശിയെ ഇവരിത്രത്തോളം ഭയക്കുന്നത് എന്തിനെന്നു അവൾക്കറിയുന്നില്ലായിരുന്നു….
ഒരു പക്ഷെ അപ്പച്ചി പറഞ്ഞത് മുഴുവൻ കളവാകുമോ…..
ഈ സ്വത്തുക്കളുടെ മുഴുവൻ അവകാശി കാശിയായിരിക്കുമോ….
ആലോചിക്കുമ്പോൾ തന്നെ അവളുടേ നെഞ്ചിലൊരു കല്ല് വെച്ച ഭാരം അനുഭവപ്പെട്ടു….
വീണ ജാനകിയെ നോക്കി ഒന്ന് ചിരിച്ചെന്ന് വരുത്തി…
ജാനകി ദേഷ്യത്തോടെ മുറിയിലേക്ക് പോകുമ്പോൾ വീണ തഞ്ചത്തിൽ ചോദിച്ചു സംശയങ്ങൾ തീർക്കാൻ നിന്നത് ബാക്കിയായി..
അവൾക്കൊരു സ്വസ്ഥത യുമില്ലായിരുന്നു..
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
കാശി മുറിയിലേക്ക് കയറുമ്പോൾ അവിടെ സൂര്യ ഇല്ലാത്തത് കൊണ്ട് തന്നെ മിഴികൾ അവൾക്ക് വേണ്ടിയൊന്ന് തിരഞ്ഞു….
ബാത്റൂമിന്റെ വാതിൽ ലോക്ക് ആയി കണ്ടതും അവിടെ അവളുണ്ടാകുമെന്ന് അവനൂഹിച്ചു….
അവൻ മുറിയിലെ സോഫയിൽ ഇരിപ്പുറപ്പിച്ചു….
മനസ്സ് എന്തോ വല്ലാതെ നീറി പുകയുന്നത് പോലെ….
ദിവസങ്ങളായി മനസ്സ് ഒരുതരം തീ ചൂളയിൽ തന്നെയാണ്….
എങ്കിലും ഇന്നാ ചൂടിന് മറ്റു പലരുടെയും മുഖമാണ്…
അവള് കാരണം വേദനിച്ചിരുന്ന മനസ്സിപ്പോ എന്തോ അവളെയോർത് ദുഖിക്കുന്നു….
അമ്മ യോട് പറഞ്ഞത് അമ്മക്ക് ദേഷ്യമായിട്ടുണ്ടാകുമെന്ന് തനിക്ക് വ്യക്തമായറിയാം….
എങ്കിലും അപ്പോൾ അങ്ങനെ പറയാനാണ് തോന്നിയത്…..
ഞാൻ അവൾക്ക് നൽകുന്ന അവഗണനയിൽ തന്നെ കുറ്റബോധം സഹിക്ക വയ്യാതെ നടക്കുന്ന ആളാണ് ഞാൻ…..
അതവളോടുള്ള ദേഷ്യം കൊണ്ടല്ല….. മറിച് അവളെ തനിക്ക് സ്നേഹിക്കാൻ കഴിയില്ലെന്നു വ്യക്തമായി അറിയുന്നത് കൊണ്ടാണ്..
അവളെന്നോടൊരു തെറ്റും ചെയ്തിട്ടില്ല…..
എന്നോടെന്നല്ല മാറ്റാരോടും….
പിന്നെന്തിനാണ് അവളെ കുറ്റപ്പെടുത്തുന്നതെന്ന് എനിക്കറിയില്ല…..
അത് കേട്ട് ഞാൻ മിണ്ടാതിരുന്നിരുന്നെങ്കിൽ അമ്മയുടെ അത് പോലുള്ള സംസാരങ്ങൾ അവൾക്ക് നേരെ ഇനിയും കൂടുതലായെന്നെ വരൂ….
അത്കൊണ്ട് തന്നെയാണ് അമ്മയുടെ ദേഷ്യം കണക്കിലെടുക്കാതെ താനത് പറഞ്ഞത്…….
അവനവിടെ ഇരുന്ന് തുടങ്ങിയിട്ട് കുറച്ച് നേരമായിരുന്നു….
അവൾ പുറത്തു വരാത്തത്തിൽ അവനൊരു ഭയം തോന്നി…
ശബ്ദമൊന്നും കേൾക്കുന്നില്ല..
അവൻ ബാത്റൂമിന്റെ വാതിലിന്റെ അടുത്ത് ചെന്ന് നിന്നു വാതിലിൽ മുട്ടാൻ തുടങ്ങിയതും അവൾ പുറത്തിറങ്ങിയതും ഒരുമിച്ചായിരുന്നു……
അവനെ അവിടെ പ്രതീക്ഷിക്കാത്തത് കൊണ്ട് തന്നെ അവൾ മിഴികളുയർത്തി അവനെ നോക്കി…
പെട്ടെന്നവനെ കണ്ടതിലുള്ള ഞെട്ടൽ അവളുടേ കണ്ണുകളിൽ കാണുന്നുണ്ടായിരുന്നു…
അപ്പോഴും അവൻ അവളുടെ കരഞ്ഞു കലങ്ങിയ മിഴികളിൽ നോക്കി നിൽക്കുകയായിരുന്നു….
ഹൃദയതിൽ കുരുങ്ങിയ ഒരു പ്രയാസം അവനെ വീർപ്പു മുട്ടിക്കുന്നത് അവനറിഞ്ഞിരുന്നു…..
തന്നെ ഉറ്റ് നോക്കി നിൽക്കുന്നതെന്തിനെന്ന ചോദ്യം അവളിൽ നിറഞ്ഞെങ്കിലും അവനോടൊരു വാക്കിനിടം കൊടുക്കാതെ അവൾ നടന്നു പോകുമ്പോൾ അടുത്തടുത് നിൽക്കുന്നത് കൊണ്ട് തന്നെ അവന്റെ ദേഹത്തു തട്ടിയിരുന്നു..
അവൻ അവളെ നോക്കാതെ പെട്ടെന്ന് ബാത്റൂമിലേക്ക് കയറി……
കരഞ്ഞു കലങ്ങിയ ആ കണ്ണുകൾ അവനെ അത്രത്തോളം മുറിപ്പെടുത്തുന്നുണ്ടായിരുന്നു…..
താൻ ചെയ്തൊരു തെറ്റിന്റെ പേരിൽ ഒരു തെറ്റും ചെയ്യാത്ത അവൾ വേദനിക്കുമ്പോൾ അവളെക്കാൾ ആഴത്തിൽ അത് തന്നെ വേദനിപ്പിക്കുന്നത് അവളറിയുന്നുണ്ടാവില്ല….
മാപ്പ് പറഞ്ഞാൽ തിരുത്താൻ കഴിയുന്ന ഒരു തെറ്റല്ലല്ലോ പറ്റിപ്പോയത്….
തിരുത്തണമെങ്കിൽ അതവളെ ഭാര്യയായി പരിഗണിക്കുന്നതിലൂടെയും സ്നേഹിക്കുന്നതിലൂടെയും മാത്രമേ കഴിയുവെന്ന് അറിയാവുന്നത് കൊണ്ടാണ് താൻ അകന്ന് തന്നെ നിൽക്കുന്നത്….
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
ടവലെടുത്തു മുഖം തുടച്ചു കൊണ്ട് സൂര്യ കട്ടിലിലിരുന്നു…..
ആലോചിക്കുമ്പോൾ കണ്ണുകൾ വീണ്ടും നിറയുന്നത് പോലെ…..
ഇപ്പൊ കുറ്റപ്പെടുത്തുന്ന അവര് തന്നെയല്ലേ തന്നെ മരുമകളാക്കാനുള്ള ആഗ്രഹം ആദ്യമായി പ്രകടിപ്പിച്ചത്….
എന്നിട്ടും അവരെന്താണ് തന്നോട് ഇങ്ങനെയെന്ന് അറിയുന്നില്ല……
കാശി കുളി യെല്ലാം കഴിഞ്ഞ് വരുമ്പോഴും സൂര്യ അതേ ഇരിപ്പ് തന്നെയായിരുന്നു….
മനസ്സ് ശൂന്യമായിരിക്കുന്നു..
കണ്ണുകളെ നിർവികാരത കടന്ന് പിടിച്ചിരിക്കുന്നു….
അവളെങ്ങോ മിഴികൾ പായിച്ചിരുന്നു…..
കാശി ഓഫീസിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു….
അവൻ മാറ്റി താഴെക്കിറങ്ങുമ്പോഴും അവൾ അതെയിരിപ്പ് തന്നെയായിരുന്നു…
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
ഏട്ടനെന്തിനാ ഇന്ന് ഓഫീസിൽ പോകുന്നത്… അച്ഛൻ രാവിലെ പോയതാണല്ലോ…. ഏട്ടന് രണ്ട് ദിവസം കഴിഞ്ഞു പോയാൽ മതിയല്ലോ….
കാശി ഭക്ഷണം കഴിച്ചിരിക്കുമ്പോൾ കിരൺ കയ്യിലൊരു ചായ കപ്പുമായി അവനറികെ വന്നിരുന്നു….
അച്ഛൻ ഫാക്ടറിയിലേക്കാണ് പോയിട്ടുള്ളത്…. രണ്ട് ദിവസം മാറി നിന്നത് കൊണ്ട് തന്നെ എല്ലാ കാര്യങ്ങളും താളം തെറ്റി കിടക്കുകയാണ്…..
നിനക്ക് പിന്നേ ഇതൊന്നും അറിയേണ്ടതില്ലല്ലോ…
കാശി ചെറു ചിരിയോടെ അതും പറഞ്ഞേഴുന്നേറ്റു…
ഞാനില്ലേയ്….നിങ്ങൾ രണ്ട് പേരും കൂടി നടത്തിയേച്ചാ മതി…..
കിരണത് പറഞ് ചിരിക്കുമ്പോൾ കാശിയും ചെറു ചിരിയോടെ അവിടെ നിന്നും നടന്നകന്നു…..
ഇത് കേട്ട് നിന്നിരുന്ന വീണ അപ്പോഴും ചിന്തയിലായിരുന്നു….
കിരണെന്താ ഓഫീസിൽ പോകാത്തത്…..
വീണ ചിരിച്ചു കൊണ്ടതും ചോദിച്ച് കിരണിനരികിലായി വന്നിരുന്നു….
ഞാനോ ഓഫീസിലോ…. ഞാൻ ആ വഴിക്ക് പോകാറേയില്ല….
എനിക്കിങ്ങനെ പറന്ന് നടക്കാനാ ഇഷ്ടം…..
ഇപ്പൊ കൂടെ പറക്കാൻ നീയുമുണ്ടല്ലോ….
അവൻ അവളുടേ കവിളിൽ നുള്ളിയത് പറയുമ്പോൾ അവളൊന്നു ചിരിച്ചു..
അപ്പോഴും അവളുടേ ഉള്ളിലെ സംശയങ്ങൾ കെട്ടടങ്ങിയിരുന്നില്ല…..
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
കുറച്ച് കഴിഞ്ഞതും സൂര്യ പതിയേ താഴെക്കിറങ്ങി….
ആരുടേയും മുഖത്ത് നോക്കാൻ ആഗ്രഹിക്കുന്നില്ലെങ്കിലും ഈ മുറിയിൽ മാത്രം ചടഞ്ഞിരിക്കുക സാധ്യമല്ലല്ലോ…..
ആരെയും അവിടെയെങ്ങും കാണാത്തത് കൊണ്ട് അവൾ അടുക്കളയിലേക്ക് നടന്നു….
അടുക്കളയിലെ മേശ മേലിരുന്നു ജയയും രമയും ഭക്ഷണം കഴിക്കുകയായിരുന്നു….
അവളെ കണ്ടതും അവർ രണ്ട് പേരും ചിരിച്ചു…..
അവർക്കൊരു പതിഞ്ഞ പുഞ്ചിരി അവൾ തിരിച്ചു നൽകി….
മാഡത്തിന് എന്തെങ്കിലും വേണോ….
അവൾ അടുക്കളയിൽ നിൽക്കുന്നത് കണ്ടത് കൊണ്ട് തന്നെ രമയാണത് ചോദിച്ചത്…..
ഇന്നലെ രാത്രിയും ഒന്നും കഴിക്കാത്തത് കൊണ്ട് വയറു വിശപ്പിനെ കൂട്ട് പിടിച്ചിരുന്നു….
ഇവരൊന്നും എന്താ ഭക്ഷണം കഴിക്കാത്തത്….
സൂര്യ അവരോടത് ചോദിക്കുമ്പോൾ അവർ പരസ്പരം മുഖത്തോട് മുഖം നോക്കി…..
അവരൊക്കെ കഴിച്ചല്ലോ… മാഡം അപ്പോ അവരുടെ കൂടെ കഴിച്ചില്ലേ….
അവരുടെ വാക്കുകളിൽ ഞെട്ടലും സഹതാപവും ഒക്കെ കലർന്നിരുന്നെങ്കിലും അവൾക്ക് പ്രത്യേകിച്ചൊന്നും തോന്നിയില്ല….
അവരുടെ പ്രവർത്തികളെക്കാൾ മുറിവേൽപ്പിക്കാൻ അവരുടെ വാക്കുകൾക്കാണ് കഴിയുകയെന്നത് കൊണ്ട് തന്നെ രാവിലത്തെ അവരുടെ വാക്കുകളായിരുന്നു അപ്പോഴും നെഞ്ചിൽ നീറിയിരുന്നത്…..
ഇല്ലാ… ഞാൻ കഴിച്ചിട്ടില്ല…
ഏകദേശം തന്നോടുള്ള സമീപനം അവർക്കും അറിയുന്നത് കൊണ്ട് കൂടുതൽ കള്ളം മെനയേണ്ടി വന്നില്ല….
എങ്കി മാഡം ടേബിളിലേക്ക് ഇരുന്നോളു…..ഞാൻ ഭക്ഷണം കൊണ്ട് തരാം…
ഇരിക്കുന്നിടത് നിന്നും അതും പറഞ് രമ എഴുന്നേൽക്കുമ്പോൾ സൂര്യ അവരുടെ കയ്യിൽ പിടിച്ചു….
വേണ്ട ചേച്ചി….. ഭക്ഷണം കഴിക്കുന്നിടത് നിന്ന് എഴുന്നേൽക്കേണ്ട……
ഞാനിവിടെ ഇരുന്നോളാം….
അവളൊരു പാത്രവുമെടുത്തു അവരുടെ അടുത്ത് തന്നെ ഇരിക്കുമ്പോൾ അവര് പരസ്പരം മുഖത്തോട് മുഖം നോക്കിയിരുന്നു….
പിന്നേയ്…. എന്നെ മാഡം എന്നൊന്നും വിളിക്കേണ്ട കേട്ടോ…. സൂര്യ…. അത് മതി……
അവളതും പറഞ് കഴിച്ചു തുടങ്ങി……
അടുക്കളയിലേക്ക് വന്ന ജാനകി കാണുന്നത് ജോലിക്കാർക്കൊപ്പം ഇരുന്നു ഭക്ഷണം കഴിക്കുന്ന സൂര്യയെയാണ്..
അവരത് കണ്ടോന്ന് അടക്കി ചിരിക്കുമ്പോൾ സൂര്യ പാടേ അത് കണ്ടില്ലെന്നു നടിച്ചു…..
ആ ഇപ്പോഴാണ് ഓരോരുത്തർക്കും അവരവരുടെ സ്ഥാനം മനസ്സിലായത്…..
അങ്ങോട്ട് കയറി വന്ന വീണയോട് ചിരിയോടെ ജാനകിയത് പറയുമ്പോൾ വീണയും അവളെ നോക്കി ചിരിച്ചു……
മോള് ഇവിടെ ഇരിക്കേണ്ടായിരുന്നു….
ജയ അത് പറയുമ്പോൾ ശബ്ദം അങ്ങേയറ്റം പതിഞ്ഞതായിരുന്നു….
അതിനെന്താ ചേച്ചി….. ഇരിക്കുന്നിടം വെച്ചല്ലല്ലോ ആളുകൾ വലുതാവുകയും ചെറുതാവുകയും ചെയ്യുന്നത്…..
തന്നിലുള്ള വാക്കുകളും പ്രവർത്തികളും മറ്റുള്ളവരെ സ്വാദീനിക്കുബോഴാണ് നമ്മളവർക്ക് മുമ്പിൽ വലുതാവുന്നത്….
അല്ലാതെ മറ്റുള്ളവർക്ക് മേൽ വിഷം മാത്രം ചീറ്റുന്നവർ എത്ര പട്ടു മെത്തയിലിരുന്നിട്ടും കാര്യമില്ല….. അവരെന്നും ഭൂമിയോളം താഴ്ന്നവരായിരിക്കും….
സൂര്യ അത് പറയുമ്പോൾ തിരിഞ്ഞു നടന്നിരുന്ന ജാനകിയും വീണയും അറിയാതെ നിശ്ചലരായി….
അത്രത്തോളം ഗൗരവം ആ വാക്കുകൾക്കുണ്ടായിരുന്നു…..
തന്നെ കുറ്റപ്പെടുത്തിയാണ് അത് പറയുന്നതെന്ന് താൻ അറിയണമെന്ന വണ്ണം ഉയർന്ന ശബ്ദത്തിലായിരുന്നു അവളത് പറഞ്ഞതും…..
ജാനകി ദേഷ്യത്തോടെ അവൾക്ക് നേരെ തിരിഞ്ഞു…..
അവൾ അവരെ കണ്ടില്ലെന്ന മട്ടിൽ കഴിച്ച പാത്രവുമായി എഴുന്നേറ്റു…
അവളിലെ ദുഖത്തെ പ്രതീക്ഷിച്ചിരുന്ന ജാനകിക്ക് അത് വലിയൊരു അടിയായി തോന്നി…..
അവളിലെ അഹങ്കാരിയെ എങ്ങനെയെങ്കിലും ഒതുക്കണമെന്ന് ഉറപ്പിച്ചു കൊണ്ട് അവരവിടെ നിന്നും നടന്നു….
എന്തെങ്കിലും കാരണത്താൽ തനിക്ക് ചവിട്ടി തേക്കാൻ കഴിയുന്ന ഒരുവളെയായിരുന്നു അവന് വേണ്ടി തന്റെ മനസ്സിലുണ്ടായിരുന്നത്…..
അത് കൊണ്ടാണ് അവളെ കാശിക്ക് വേണ്ടി താൻ ആലോചിച്ചത് തന്നെ…..
എന്നാൽ ഇവൾ അവനെക്കാൾ അഹങ്കാരിയാണല്ലോ….
ജാനകി കണക്ക് കൂട്ടലുകൾ തെറ്റിയ സങ്കടത്തിൽ മുറിയിലേക്ക് നടന്നു…..
(തുടരും )

by