15/04/2026

മരുമകൾ : ഭാഗം 05

രചന – ഗംഗ ശലഭം

” ഈ ചിരി കാണാതെ മങ്ങിയ മുഖവും കണ്ടോണ്ട് അമ്മമ്മ എങ്ങനെ പോവാനാ?”

അമ്മമ്മ ചിരിച്ചു നിൽക്കുന്ന എന്നെ ഒന്നൂടെ ചേർത്ത് നിർത്തി.

ഞാനും അമ്മമ്മയോട് ചേർന്ന് നിന്നു.

“ഇനി എന്നാ എനിക്ക് എന്റെ കുട്ടിയെ ഒന്ന് കാണാൻ പറ്റുന്നെ?”

അമ്മമ്മേടെ ചോദ്യത്തിന് എനിക്ക് മറുപടി ഉണ്ടായിരുന്നില്ല. അമ്മമ്മ എന്റെ മുഖം പിടിച്ച് കുനിച്ച് കവിളിലും നെറ്റിയിലും ഒക്കെ ഉമ്മ വച്ചതും ഞാൻ ആ തോളിലേക്ക് ചാഞ്ഞു. എനിക്കെന്തോ വല്ലാതെ സങ്കടം വന്നു.

എന്തെ ദൈവമേ എനിക്ക് ഈ അമ്മമ്മയുടെ അടുത്ത് താമസിക്കാനുള്ള ഭാഗ്യം നീ തന്നില്ല?

ഞാൻ പിന്നെയും ദൈവത്തിനോട് പരിഭവിച്ചു.

” അയ്യോ… കെട്ടിപ്പിടിക്കലും ഉമ്മം വയ്ക്കലും ഒക്കെ പിന്നീടാവാം. ഇന്ന് ഇവളുടെ കല്യാണമാ… ഇവളത് ഓർത്തില്ലേലും അമ്മൂമ്മ ഓർക്കണ്ടേ?”

മീനു ഇടപെട്ടു.

‘നിനക്ക് അസൂയയാ’ എന്ന് പറഞ്ഞു ചിരിച്ചു കൊണ്ട് അമ്മമ്മ എന്നിലെ പിടി വിട്ടു. പിന്നെ കുറച്ചു മാറി നിന്ന ഡ്രൈവർ മാമനെ കൈ കാട്ടി വിളിച്ചു. പുള്ളിക്കാരൻ അത് കാത്ത് നിന്നത് പോലെ കയ്യിൽ ഒരു കവറുമായിട്ട് നടന്നു വന്നു. അമ്മമ്മ അത് വാങ്ങി എനിക്ക് നീട്ടി.

ഞാൻ അത് വാങ്ങാതെ അമ്മമ്മയെ നോക്കി.

“തുറന്ന് നോക്ക്.”

അമ്മമ്മ അതെന്നെ നിർബന്ധിച്ചു പിടിപ്പിച്ചു.

“തുറക്കെടി…”
മീനു എന്റെ തോളിൽ തട്ടി. മധുവും കൂടി തുറക്കാൻ പറഞ്ഞപ്പോ മടിച്ചു നിൽക്കാതെ ഞാൻ അത് തുറന്നു.

നിറയെ ചുവന്ന കല്ലു പതിപ്പിച്ച ഒരു മാല. എട്ട് പത്ത് പവൻ ഉണ്ടാവും. എന്റെ കണ്ണ് മിഴിഞ്ഞു. അതേ ഭാവത്തോടെ അമ്മമ്മേ നോക്കുമ്പോ അവിടെ ചിരി.

” നിന്റെ അമ്മയ്ക്ക് വേണ്ടി ഞാൻ വാങ്ങി വച്ചിരുന്നതാ. അവളിത് ഇട്ട് കാണാനുള്ള ഭാഗ്യം എനിക്കുണ്ടായില്ല. നീയിതു ഇടുമ്പഴും കാണാൻ എനിക്ക് പറ്റില്ല. എന്നാലും ഇത് നിന്നെ ഏൽപ്പിച്ചു എന്നോർത്തു സമാധാനിക്കാല്ലോ? നിനക്ക് അവകാശപ്പെട്ടതിന്റെ ഒരംശം പോലും ആവില്ലിത്. അറിയാം… അമ്മമ്മയ്ക്ക് ഒന്നും ചെയ്യാനൊക്കില്ല മക്കളെ…. അപ്പൂപ്പനേം മാമൻമാരേം നിനക്ക് അറിയാല്ലോ? വാശിയാ…അതും സ്വന്തം ചോരയോട്. ”

അമ്മമ്മ എന്റെ തലയിൽ തലോടി.

“ഇത് അപ്പൂപ്പൻ അറിഞ്ഞാ?”

എനിക്ക് അതായിരുന്നു പേടി.

” അതൊന്നും അറിയൂല്ല. ഇനി അറിഞ്ഞാലും എന്താ? നിന്റെ അമ്മേടെ കല്യാണം ഒഴികെ ജീവിതത്തിൽ ആഗ്രഹിച്ചതെല്ലാം നടന്നിട്ടുണ്ട്. ഇനിയിപ്പോ നിന്റെ അപ്പൂപ്പൻ ഇതിന്റെ പേരിൽ എന്നെ തല്ലി കൊന്നാലും എനിക്ക് ചാവാൻ പേടി ഒന്നും ഇല്ല.”

” ഓഹ്… ഈ എക്സ്പയരി കഴിഞ്ഞ ഐറ്റംസ് എല്ലാം ഇങ്ങനെ തന്നല്ലേ? ഒരുമാതിരി സെന്റി ഡയലോഗ്….”

മീനു അത് കേട്ട് മുഖം കോട്ടി. സങ്കടത്തിൽ പറഞ്ഞു വന്ന അമ്മമ്മ അവളുടെ പറച്ചിൽ കേട്ട് മീനൂന്റെ തലയ്ക്കു കിഴുക്കി ചിരിച്ചു.

അമ്മമ്മ പിന്നെ നിന്നില്ല. ഞങ്ങളോട് യാത്ര പറഞ്ഞു പോയതും മധു എന്റെ കയ്യിൽ നിന്നും കവർ വാങ്ങി ഭദ്രമായിട്ട് കാറിൽ കൊണ്ട് ചെന്ന് വച്ച് ലോക്ക് ചെയ്തു. ഞങ്ങളും പെട്ടെന്ന് തന്നെ തൊഴുതിറങ്ങി. കണ്ണ് നിറച്ച് ഉള്ളുരുകി തന്നെ ദേവിയോട് പ്രാർത്ഥിച്ചു. എന്റെ അമ്മയ്ക്ക് ഇനിയെങ്കിലും സന്തോഷം കൊടുക്കണേന്ന്… ഒപ്പം എനിക്കും…

വീട്ടിൽ എത്തുമ്പോഴേക്കും വീഡിയോ ചേട്ടന്മാർ വന്നിരുന്നു. രണ്ട് പേരുണ്ട്.
മധുവിന്റെ പരിചയക്കാരാണ്. അവരവിടെ വീടും പരിസരവും ബന്ധുക്കൾക്കിടയിലെ സുന്ദരിമണികളെയും ഒക്കെ ക്യാമറയ്ക്കുള്ളിലാക്കുന്ന തിരക്കിലാണ്.

ഞങ്ങളെ കണ്ടതും ഇത് വരെ എവിടെ പോയി കിടക്കുവായിരുന്നു എന്നൊക്കെ ചോദിച്ച് അച്ഛമ്മ തുടങ്ങി. ഞാൻ അത് കാര്യമാക്കാതെ മുറ്റത്ത് നിന്ന അമ്മേടെ കയ്യിൽ പിടിച്ചു മുറിയ്ക്ക് അകത്തേക്ക് കൊണ്ട് പോയി.

അമ്മമ്മ തന്ന മാല കണ്ടതും അമ്മേടെ കണ്ണ് നിറഞ്ഞു. അമ്മയ്ക്ക് വേണ്ടി വാങ്ങി വച്ചിരുന്നതാന്ന് അമ്മമ്മ പറഞ്ഞത് എന്തോ എനിക്ക് അമ്മയോട് പറയാൻ തോന്നിയില്ല. അത് പറഞ്ഞാൽ മിക്കവാറും ഇവിടെ കിടന്ന് കരഞ്ഞു ബഹളം വയ്ക്കും. ചെറിയ കാര്യത്തിനേ കണ്ണ് നിറക്കുന്ന ഒരു സാധുവാണ് എന്റെ അമ്മ. വെറും പാവം. പക്ഷെ ആരും എന്റെ അമ്മേ പോലെ ഇത്ര പാവമാവാൻ പാടില്ല എന്നേ ഞാൻ പറയൂ….

അപ്പോഴേക്കും അച്ഛമ്മയും മുറീലോട്ട് വന്നു.

“ഇതെവിടുന്ന്?”

അന്തം വിട്ട് നോക്കുന്നുണ്ട്. അമ്മ ഉള്ള കാര്യം പറഞ്ഞു.

പിന്നെ അതായി. അമ്മേടെ സ്വത്തുക്കൾ പിടിച്ചു വയ്ക്കാതെ തന്നിരുന്നേൽ കല്യാണം ആർഭാടമായിട്ട് നടത്തായിരുന്നു എന്നോ, അത് കേസ് കൊടുത്തിട്ട് ആണേലും വാങ്ങി എടുക്കേണ്ടത് അമ്മയായിരുന്നു എന്നോ, അങ്ങനെ എന്തൊക്കെയോ പറയാൻ തുടങ്ങി. ഇതൊരു കല്യാണ വീടാന്ന് പോലും അവർക്ക് ഒരു ചിന്തയില്ല.

“നിന്റെ കൊമ്പത്തെ അമ്മമ്മ ഇതാണോടീ തന്നത്?”

എന്റെ മുഖത്ത് നോക്കി ചോദിച്ചതും എനിക്ക് നല്ലോണം ദേഷ്യം വന്നു. ഇതേ വരെ ഞാൻ എല്ലാം കേട്ടു നിന്നിട്ടുണ്ട്. ഇന്ന് എന്റെ കല്യാണമായിട്ട് ഇന്നും സ്വൈര്യം തരില്ല എന്ന് വച്ചാൽ?

“അതിന് അച്ഛമ്മ എനിക്ക് എന്താ തന്നത്? പിന്നെ ഇത് അമ്മമ്മ എനിക്ക് തന്ന സ്നേഹസമ്മാനമാണ്. സ്നേഹം ഇല്ലാത്തവരോട് പറഞ്ഞാൽ അതിന്റെ മൂല്യം മനസ്സിലാവില്ല. ”

പലപ്പോഴും ഇത് പോലെ പറയാൻ വരുന്നതൊക്കെ വിഴുങ്ങീട്ടെ ഉള്ളൂ. ഞാൻ എന്തെങ്കിലും പറഞ്ഞു പോയാൽ അതിനും കേൾക്കുന്നത് എന്റെ അമ്മയാകും. വളർത്തു ദോഷം ആണെന്ന് പറഞ്ഞു കളയും….
പക്ഷെ ഇന്ന്….
എന്തോ അറിയാതെ പറഞ്ഞു പോയതാണ്.

അവര് നിന്ന് ഉറഞ്ഞു തുള്ളി, വളർത്തി വച്ചേക്കുന്ന തള്ളേ പറഞ്ഞാൽ മതി എന്നൊക്കെ പുലമ്പിക്കൊണ്ട് ഇറങ്ങിപ്പോയി.

” വേണ്ടായിരുന്നു ദേവൂ….. ഇന്ന് നല്ലൊരു ദിവസം ആയിട്ട്. ”

അമ്മ സങ്കടപ്പെട്ടു.

” വേണം എന്ന് വച്ചിട്ടല്ല അമ്മ…. പറഞ്ഞു പോയതാ… ഇതിന്റെ പേരിൽ ഇനി രണ്ട് ദിവസം അമ്മക്ക് സ്വൈര്യം തരില്ലവര്.”

” അതൊന്നും ഇപ്പൊ നീ ഓർക്കേണ്ട. എനിക്കതല്ല… അവര് നിന്നെ പ്രാകും. ഗുളികൻ നിക്കണ സമയത്തു ഓരോന്നൊക്കെ പറഞ്ഞു പ്രാകിയാ ചിലപ്പോ ഫലിച്ചാലുമായി.”

അമ്മ വിഷമത്തോടെ നിന്നു.

“എന്റെ അമ്മാ… വിശ്വാസം ആകാം. ഇത് പോലെ അന്തവിശ്വാസം പാടില്ല കേട്ടോ…”

ഞാൻ പറഞ്ഞു തുടങ്ങിയതും ബ്യൂട്ടീഷ്യൻ ചേച്ചിയേം കൊണ്ട് മീനു മുറിയിൽ കയറി വന്നു. മീനുവിന്റെ ഏതോ കൂട്ടുകാരിയുടെ ചേച്ചിയാണ്. അത് കൊണ്ട് വൻപിച്ച റിഡക്ഷൻ ഉണ്ടെനിക്ക്. അവരുടെ ഒറിജിനൽ റേറ്റ് കേട്ടിരുന്നേൽ അച്ഛൻ അവരെ കണ്ടം വഴി ഓടിച്ചേനെ….

എനിക്ക് ഈ വക ആൾക്കാരെ ഒന്നും പരിചയം ഇല്ല. കല്യാണത്തിന് വേണ്ടി ആദ്യമായിട്ടാ പുരികം ത്രെഡ് ചെയ്യുന്നത് പോലും…. ബസ് ഫെയർ പോലും നുള്ളിപ്പെറുക്കി തരുന്ന അച്ഛൻ ഇതിനൊക്കെ എവിടുന്ന് കാശ് തരാനാ? ആശിച്ചാലും നടക്കില്ല എന്നറിയാവുന്നത് കൊണ്ട് ആശിക്കാറേ ഉണ്ടായിരുന്നില്ല.

മുഹൂർത്തം ഉച്ചയ്ക്ക് ഒന്നരയ്ക്കും രണ്ടിനും ഇടയിലാണ്. അത്കൊണ്ട് എല്ലാത്തിനും സമയമുണ്ട്. ബ്യൂട്ടീഷ്യൻ ചേച്ചിയുടെ ഒരുക്കൽ പരിപാടി കഴിഞ്ഞപ്പോഴേക്കും ക്യാമറ ചേട്ടന്മാർ ഇടിച്ചു കയറി.

മൊബൈൽ ക്യാമറ വച്ചിട്ട് ഒരു ഫോട്ടോ എടുക്കാൻ നിൽക്കാൻ പോലും ജാള്യത ഉള്ള ഞാനാണ്…. അവരെന്നെക്കൊണ്ട് കാണിപ്പിക്കാൻ കോപ്രായങ്ങൾ ഒന്നുമിനി ബാക്കിയില്ല. ഇപ്പൊ ഇതാണാൽ കല്യാണം കഴിഞ്ഞു ഞങ്ങളെ ഒരുമിച്ചു കിട്ടിക്കഴിഞ്ഞാൽ എന്താകും എന്ന് ഞാൻ ആലോചിക്കാതിരുന്നില്ല.

അമ്മ എന്റെ ഒരുക്കത്തിന് ഇടയ്ക്ക് ഒരു പ്ളേറ്റിൽ രണ്ടു മൂന്ന് ഇഡ്ഡലിയുമായിട്ട് വന്ന് മുറിച്ചു എന്റെ വായിലേക്ക് വച്ച് തന്നിരുന്നു.. സത്യം പറയട്ടെ? അത് കഴിഞ്ഞു ഞാൻ എന്റെ വായ പോലും കഴുകിയില്ല. നേരം കിട്ടിയില്ല എന്ന് പറയുന്നതാവും ശെരി. എല്ലാത്തിനും സമയം ഉണ്ടെന്ന് കരുതിയിടത്തു നിന്നും ഒന്നിനും സമയം തികയുന്നില്ല എന്ന അവസ്ഥയിലേക്ക് എത്തി.

കല്യാണമണ്ഡപത്തിൽ എത്തിയപ്പോ ഏതാണ്ട് പന്ത്രണ്ട് മണിയായിട്ടുണ്ടാകും. ബ്രൈഡിന് വേണ്ടി ഒരുക്കിയിരുന്ന റൂമിലേക്ക് പോയി ഇരുന്നു. ഒരുക്കം ഒക്കെ നേരത്തെ കഴിഞ്ഞത് കൊണ്ട് പ്രത്യേകിച്ച് അലങ്കാരപ്പണി ഒന്നും ഇനി ബാക്കിയില്ല.

എനിക്ക് ആ മുറിയിൽ കേറിയപ്പോ തൊട്ട് കാലും കയ്യും വിറയ്ക്കാൻ തുടങ്ങി.
മീനു കൂടെ നിന്ന് കളിയാക്കാനും…. ഇവൾക്ക് പണ്ടേ സമാധാനിപ്പിക്കാൻ അറിയില്ല. അതിനൊക്കെ മധുവാണ് മിടുക്കൻ. വളരെ കുറച്ചേ സംസാരം ഉള്ളെങ്കിലും ആ കുറഞ്ഞ വാക്കുകൾ കൊണ്ട് നമ്മുടെ വിഷമങ്ങൾ ഒക്കെയും മാറ്റിക്കളയും ചെക്കൻ…

അപ്പോഴേക്കും അമ്മ വന്ന് പയ്യനും കൂട്ടരും എത്തിയിട്ടുണ്ടെന്ന് പറഞ്ഞു. മീനുവിനോട് എന്റെ അടുത്ത് തന്നെ നിക്കണേ എന്ന് പറഞ്ഞേൽപ്പിച്ചു മാമിയേം വിളിച്ചിട്ട് അമ്മ പോയി. പിറകെ റൂമിൽ നിന്നിരുന്ന അച്ഛന്റെ ബന്ധത്തിൽ പെട്ട രണ്ട് മൂന്ന് മാമിമാരും ഇറങ്ങിപ്പോയി.

കുറച്ചു കഴിഞ്ഞതും മൂന്ന് നാല് പേര് മുറിയിലേക്ക് വന്നു. മുന്നിൽ വരുന്നത് എന്നെ കല്യാണം കഴിക്കാൻ പോകുന്ന ആളിന്റെ അമ്മയാണെന്ന് കണ്ടതും ഞാൻ പെട്ടെന്ന് എഴുന്നേറ്റു നിന്നു.

അന്ന് പെണ്ണുങ്ങൾ വന്നപ്പോ കണ്ടത് പോലെയേ അല്ല. നന്നായി ഒരുങ്ങിയിട്ടുണ്ട്. ചില്ലിറെഡ് കളറിൽ നല്ല വീതി കാസവുള്ള ഒരു പട്ട്സാരിയാണ് ഉടുത്തിരിക്കുന്നത്. കൂടെ ഉള്ളവരും മോശമല്ല. പത്രാസുകാരാണെന്ന് ഒറ്റ നോട്ടത്തിൽ അറിയാം.

അമ്മായി എന്റെ അടുത്ത് വന്ന് എന്തൊക്കെയോ ചോദിച്ചു. നിറഞ്ഞ ചിരിയോടെയാണ് സംസാരം. പക്ഷെ ഒപ്പം വന്നവരുടെ കണ്ണെന്റെ ആഭരങ്ങളിലാണ്. എന്നെ നോക്കിയിട്ട് അവർ പരസ്പരം നോക്കുന്നുമുണ്ട്.

അമ്മമ്മ തന്ന മാല ഉൾപ്പെടെ പത്ത് മുപ്പത്തിയഞ്ച് പവനുണ്ടാകും. എന്റെ ദേഹത്തുള്ളതിലും കൂടുതൽ കാണും അവരുടെയൊക്കെ ശരീരത്തിൽ. എല്ലാരും അമ്മായിയോളം പ്രായം വരുന്നവരാണ്. അവരുടെയൊക്കെ നോട്ടം കണ്ടപ്പോ എനിക്കെന്തോ വല്ലാത്ത ജാള്യത തോന്നി. ഈ വൈകിയ വേളയിൽ ഈ കല്യാണമേ വേണ്ടിയിരുന്നില്ല എന്നൊരു തോന്നൽ…!