18/04/2026

മാനസതീർത്ഥ : ഭാഗം 11

രചന – കണ്ണന്റെ മാത്രം

സിദ്ധു  ഒക്കെ പ്രിയയുടെ വീട്ടിൽ എത്തുമ്പോൾ പ്രിയയുടെ വണ്ടി പുറത്ത് കിടക്കുന്നുണ്ടായിരുന്നു.

സിദ്ധു അവരോട് കാറിൽ തന്നെ ഇരിക്കാൻ പറഞ്ഞ് പോയി കാളിങ് ബെൽ അടിച്ചു. പെട്ടന്ന് തന്നെ ഫ്രണ്ട് ഡോർ അവന് മുന്നിൽ തുറന്നു. സാരി ഒക്കെ ചുറ്റി ഒരുങ്ങി നിൽക്കുന്ന പ്രിയയെ കണ്ട സിദ്ധുവിന് പെരുവിരലിൽ നിന്നും ദേഷ്യം അരിച്ചു കയറി. സിദ്ധുവിനെ കണ്ട പ്രിയ സന്തോഷത്തോടെ ഒന്ന് പുണർന്നു. എന്നിട്ട് പറഞ്ഞു…

കയറി വാ സിദ്ധു. ഞാൻ കാത്തിരിക്കായിരുന്നു…

പ്രിയേടെ പപ്പേം അമ്മയും ഇല്ലേ.. സിദ്ധു ചോദിച്ചുകൊണ്ട് ഉള്ളിൽ കയറി..

ഇല്ല ഞാൻ വരുമ്പോൾ അവർ ഇല്ല. പേപ്പന്റെ വീട്ടിൽ പോയിരിക്കുകയാണ്…

ഇവിടെ അടുത്താണോ അവരുടെ വീട്.. സിദ്ധു ചോദിച്ചു

ആ ഇവിടുന്ന് രണ്ടുമിനിറ്റ് നടക്കാനുള്ള ദൂരമേ ഉള്ളൂ… പ്രിയ പറഞ്ഞു…

എന്നാൽ അവരോട് ഒന്ന് വരാൻ പറയുമോ. എനിക്കൊരു കാര്യം ചോദിക്കാൻ ഉണ്ടായിരുന്നു.

 

എന്താ സിദ്ധു  പപ്പയോടും അമ്മയോടും ചോദിക്കാനുള്ളത്….

അത് പ്രിയക്ക് ഒരു സർപ്രൈസ് ആണ്. ഒന്നു വിളിച്ചു നോക്കൂ…

ആ അതെന്ത് സർപ്രൈസ്… എന്തായാലും ഞാൻ ഒന്ന് വിളിച്ചു നോക്കട്ടെ … പ്രിയ ഫോൺ എടുക്കുമ്പോഴേക്കും അവർ രണ്ടുപേരും കേറി വന്നു..

ആ ഞാൻ നിങ്ങളെ വിളിക്കാൻ ഫോൺ എടുക്കുകയായിരുന്നു…. പപ്പേം അമ്മയെയും കണ്ടപ്പോ പ്രിയ പറഞ്ഞു.

ആ സിദ്ധുമോനോ… എന്താ പിന്നേം വന്നത്.. അജുമോൻ ഇല്ലേ.. പ്രിയയുടെ പപ്പ ചോദിച്ചു..

അതു കേട്ടതും പ്രിയയുടെ പുരികം ചുളിഞ്ഞു. എന്താ പപ്പ അങ്ങനെ പറഞ്ഞേ.. പ്രിയ ചോദിച്ചു..

ഇന്ന് രാവിലെ രണ്ടുപേരും കൂടി വന്നിരുന്നു.. ഇവിടെ അടുത്തെവിടെയോ വന്നപ്പോ കയറിയതാണെന്ന പറഞ്ഞേ.. നമ്മുടെ ബെഞ്ചമിനെ ഇവർക്ക് പരിചയം ഉണ്ടല്ലേ.. അവനെക്കുറിച്ചൊക്കെ ചോദിച്ചു…

അതുകേട്ടതും പ്രിയക്ക് മനസിലായി അവൻ എല്ലാ സത്യങ്ങളും അറിഞ്ഞിട്ടാണ് വന്നിരിക്കുന്നതെന്ന്. അവൾക്ക് പേടിയായി തുടങ്ങി..ഫാനിന്റെ ചുവട്ടിൽ നിന്നിട്ടും അവൾ വെട്ടിവിയർത്തു..

അതുപിന്നെ പ്രിയയും ബെഞ്ചമിനും കൂടി എനിക്കൊരു സമ്മാനം തന്നു അങ്കിൾ.. ഞാൻ അതിനു പകരം എന്തെങ്കിലും ഒക്കെ കൊടുക്കണ്ടേ… ഇല്ലെങ്കിൽ പിന്നെ കൂട്ടുകാരാണ് എന്നും പറഞ്ഞ് നടന്നിട്ട് എന്താ കാര്യം. അതു നിങ്ങളുടെ മുന്നിൽ വച്ച് തന്നെ കൊടുക്കാം എന്ന കരുതിയത്. അതാ നിങ്ങളെ വിളിക്കാൻ ഞാൻ പ്രിയയോട് പറഞ്ഞത്…

സിദ്ധു പറയുന്നത് കേട്ട അയാൾ സംശയം നിറഞ്ഞ മുഖത്തോടെ ഒന്ന് ചിരിച്ചു..

പ്രിയ ആകെ വിളറി വിയർത്തു. അവൾക്ക് പേടികൊണ്ട് കൈയും കാലും വിറക്കാൻ തുടങ്ങി. പപ്പ എല്ലാം അറിഞ്ഞാൽ എങ്ങനെ പ്രതികരിക്കും എന്ന് അവൾക്ക് നല്ല പേടി ഉണ്ടായിരുന്നു. ദേഷ്യം വന്ന പിന്നെ പിടിച്ചാൽ കിട്ടില്ല അയാളെ എന്ന് അവൾക്കറിയാമായിരുന്നു.

സിദ്ധു ഫോൺ എടുത്ത് അജുവിനോട് വരാൻ പറഞ്ഞു… അജു ബെഞ്ചമിനെയും കൊണ്ട് വന്നു. ബെഞ്ചമിന്റെ കോലം കണ്ട അവർ മൂവരും ഞെട്ടി. അടികിട്ടി അവശനായിരുന്നു അയാൾ.

അയ്യോ എന്തു പറ്റി മോനെ നിനക്ക്. പ്രിയയുടെ അമ്മ ഓടിച്ചെന്നു അവനെ പിടിച്ച് സോഫയിൽ ഇരുത്തി.. ആരാ മോനെ നിന്നെ ഇങ്ങനെ ഉപദ്രവിച്ചത്. നിങ്ങൾക്ക് എവിടെ നിന്ന ഇവനെ കിട്ടിയത്.. അവർ ചോദിച്ചു..

അവനെ ഉപദ്രവിച്ചത് ഞങ്ങൾ ആണ് ആന്റി.. സിദ്ധു ഒരു ചിരിയോടെ പറഞ്ഞു.

എന്തിനാണ് സിദ്ധാർഥ് അവനെ ഇങ്ങനെ ഉപദ്രവിച്ചത്.. അതിനും വേണ്ടി എന്താണ് അവൻ ചെയ്യ്തത്.. അയാൾ ഗൗരവത്തോടെ ചോദിച്ചു.

ഉപദ്രവിച്ചത് അവൻ ഞങ്ങൾ നല്ല രീതിയിൽ ചോദിച്ചപ്പോൾ ഒന്നും പറഞ്ഞില്ല. പിന്നെ കൊടുക്കേണ്ടത് കൊടുത്തപ്പോ ആണ് പറഞ്ഞത്. പിന്നെ ചെയ്യ്തത് മുഴുവൻ അവൻ ഒറ്റക്കല്ല ദേ ഇവളും കൂടിയാണ്..
അതും പറഞ്ഞ് അവൻ അവർ രണ്ടുപേരും കൂടി ചെയ്യ്തത് മുഴുവൻ പറഞ്ഞു.. ഓരോന്ന് കേൾക്കുംതോറും അയാൾക്ക് ദേഷ്യം കൊണ്ട് വിറച്ചു. അയാളുടെ മുറുകുന്ന മുഷ്ടികളും ചുവന്നു നിറയുന്ന കണ്ണും അയാളുടെ ദേഷ്യം എടുത്തു കാട്ടി. പ്രിയയുടെ അമ്മ ഓരോന്നും കേട്ടു ഞെട്ടലോടെ കണ്ണീർ വാർത്തുകൊണ്ടിരുന്നു.

എല്ലാം പറഞ്ഞ് നിർത്തികൊണ്ട് സിദ്ധു പ്രിയയെ നോക്കി.. ഇനി എനിക്ക് അറിയേണ്ടത് അന്ന് എന്താണ് സംഭവിച്ചതെന്നാണ്.. സിദ്ധു എഴുന്നേറ്റ് പ്രിയയുടെ മുന്നിൽ പോയി നിന്നുകൊണ്ട് ചോദിച്ചു.
പറയ് പ്രിയ അന്ന് എന്താണ് സംഭവിച്ചത്. നീ എങ്ങനെ ആണ് ശിവ ഒബ്രോൺ മാളിൽ ഉണ്ടെന്ന് അറിഞ്ഞത്..അവന്റെ ശാന്തമായ സ്വരം കേട്ടതും അവൾക്ക് കൂടുതൽ പേടിയായി. കൊടുങ്കാറ്റിനുമുന്നിലുള്ള ശാന്തതയാണ് അതെന്ന് അവൾക്കു മനസ്സിലായി..

അവൾ പേടിയോടെ തലകുനിച്ചു നിന്നതല്ലാതെ ഒന്നും പറഞ്ഞില്ല..

പറയ് പ്രിയ അന്ന് എന്താണ് സംഭവിച്ചത്.. അപ്പോഴും മിണ്ടാതെ നിൽക്കുന്നത് കണ്ട അവൻ അവളുടെ കരുണക്കുറ്റി നോക്കി ഒന്ന്  കൊടുത്തു…..
ച്ചി.. പറയെടി പുന്നാരമോളെ അന്ന് എന്താ സംഭവിച്ചതെന്നു..

അതോടെ അവൾ അന്ന് മാളുവിനെയും ആമിയേയും ക്ലിനിക്കിൽ വച്ച് കണ്ടതും പ്രെഗ്നന്റ് ആണെന്ന് പറഞ്ഞതും സർപ്രൈസിന്റെ കാര്യവും അവൾ അവരെ ഒബ്രോൺ മാളിന്റെ മുന്നിൽ ഇറക്കി വിട്ടിട്ട് ബെഞ്ചമിനെ വിളിച്ചിട്ട് ഹോസ്പിറ്റലിലേക്ക് വരാനും എന്തൊക്കെ പറയണം എന്ന് പറഞ്ഞതും എല്ലാം പറഞ്ഞു….

എല്ലാം കേട്ടതും എല്ലാവരും ഞെട്ടലോടെ ആണ് നിന്നത്. പ്രിയയുടെ പപ്പക്കും അമ്മയ്ക്കും വിശ്വസിക്കാൻ പറ്റിയില്ല. അവരുടെ മകൾ ഇത്രേം തരംതാഴ്ന്നു പോയെന്നു.. സിദ്ധു എല്ലാം തകർന്നവനെ പോലെ അവളെ തന്നെ കുറച്ചു നേരം നോക്കി നിന്നു.. എന്നിട്ട് പറഞ്ഞു..

എനിക്ക് ഇപ്പൊ നിന്നെ കൊല്ലാൻ ഉള്ള ദേഷ്യം ഉണ്ട്. പക്ഷേ എനിക്ക് അതു ചെയ്യാനുള്ള അർഹതയില്ല. ആര് എന്തൊക്കെ പറഞ്ഞാലും താലികെട്ടി സ്വന്തമാക്കിയ എന്റെ പെണ്ണിനെ ഞാൻ അവിശ്വസിക്കാൻ പാടില്ലായിരുന്നു. അതു ഞാൻ ചെയ്ത പാപം ആണ്. എങ്കിലും എന്തിനായിരുന്നെടി നീ ഇങ്ങനെ ഒരു ചതി എന്നോട് ചെയ്യ്തത്. ഇതിനും മാത്രം എന്തുതെറ്റാ ഞാൻ നിന്നോട് ചെയ്യ്തത്. നിന്നെ നല്ലൊരു കൂട്ടുകാരിയായി കണ്ടതോ… എന്നോട് അജു പലവട്ടം പറഞ്ഞിട്ടുണ്ട് നീ പറയുന്നതൊന്നും വിശ്വസിക്കാൻ കൊള്ളില്ല എന്ന്. അന്ന് ഞാൻ അതു കെട്ടിരുന്നെങ്കിൽ എന്റെ ജീവിതം ഞാൻ ആയി തന്നെ തകർക്കില്ലായിരുന്നു…. സിദ്ധു വിങ്ങിപ്പൊട്ടി കൊണ്ട് പറഞ്ഞു..

സിദ്ധു എനിക്ക് നിന്നെ ഇഷ്ടമായിരുന്നു. എന്റെ സ്നേഹം നീ എന്താ മനസിലാക്കാതെ പോയത്. പറയാൻ പേടി ആയിരുന്നു. ഇതു പറഞ്ഞാൽ നമ്മുടെ സൗഹൃദ

കൂടി ബാധിക്കുമോ എന്ന്…. അവൾ പറഞ്ഞു.

സ്നേഹം.. അതും.. നിനക്ക് അവൻ ഒരു ആത്‍മനിന്ദ കലർന്ന ചിരിയോടെ പറഞ്ഞു. വെറുത്തു പോയി പ്രിയ നിന്നെ ഞാൻ… ഒരു മനുഷ്യന് മറ്റൊരാളെ വെറുക്കാവുന്നതിന്റെ മാക്സിമം വെറുക്കുന്നു നിന്നെ.. ഇനി ഒരിക്കലും നിന്റെ മുഖം എനിക്ക് കാണണ്ട…

അങ്ങനെ പറയല്ലേ സിദ്ധു നിന്നോട് ഉള്ള സ്നേഹത്തിൽ അല്ലെ ഞാൻ ഇതൊക്കെ ചെയ്യ്തത്…. അവൾ അവന്റെ കൈയിൽ പിടിച്ചുകൊണ്ടു പറഞ്ഞു.

കയ്യെടുക്കെടി… ച്ചി കയ്യെടിക്കെടി.. എന്നും പറഞ്ഞ് സിദ്ധു തന്റെ കൈ അവളുടെ കൈയിൽ നിന്നും വലിച്ചൂരിയെടുത്തു…എന്നിട്ട് തിരിഞ്ഞു നടന്നു…

സിദ്ധു പോകല്ലേ.. എന്നും പറഞ്ഞ് അവൾ അവന്റെ പിന്നാലെ പോകാൻ നിന്നതും അവളുടെ പപ്പ അവളുടെ മുന്നിൽ കയറി നിന്നു.

എന്റെ മോള് ഇത്രേം തരം താഴ്ന്ന് പോയത് പപ്പ അറിഞ്ഞില്ല. നിന്റെ എല്ലാ വാശിക്കും കൂട്ടുനിന്നു നിന്നെ ഇങ്ങനെ ആക്കിയ ഞാൻ തന്നെ അല്ലെ നിന്നെ ശിക്ഷിക്കേണ്ടത് എന്നും പറഞ്ഞ് അയാൾ അരയിൽ കെട്ടിയിരുന്ന ബെൽറ്റ്‌ വലിച്ചൂരിയെടുത്ത്  അവളെ തലങ്ങും വിലങ്ങും തല്ലി.. പ്രിയയുടെ അമ്മ സാരിതലപ്പുകൊണ്ട് വായ മൂടി കരഞ്ഞുകൊണ്ട് നിന്നു എന്നല്ലാതെ അയാളെ തടഞ്ഞില്ല.

അവൾ അടികിട്ടുന്ന വേദനകൊണ്ട് കിടന്ന് പിടഞ്ഞുകൊണ്ട് വാവിട്ട് കരഞ്ഞു. സിദ്ധുവും അജുവും ഇതൊന്നും കാണാൻ നിൽക്കാതെ പിന്തിരിഞ്ഞു നടന്ന് വണ്ടിയിൽ കയറി ഓടിച്ചു പോയി..

അവർ നേരെ ആമിയുടെ ആശ്രമത്തിലേക്ക് ആണ് പോയത്.. സിദ്ധുവിന് എങ്ങനെ എങ്കിലും അവന്റെ ശിവയെ ഒന്നു കണ്ടമതിയെന്ന് തോന്നി.. ക്ഷമിക്കില്ല എന്നറിയാം എന്നാലും അവളുടെ കാലുപിടിച്ചു മാപ്പ് പറയണ മെന്ന് അവൻ ആഗ്രഹിച്ചു.

അവർ ആശ്രമത്തിൽ എത്തുമ്പോൾ മാഷ് പുറത്ത് തന്നെ ഉണ്ടായിരുന്നു. അദ്ദേഹം ഇവരെ കണ്ടതും സന്തോഷത്തോടെ അടുത്ത് വന്ന് വിശേഷങ്ങൾ ചോദിച്ചു…

ആമിമോൾ വന്നില്ലേ സിദ്ധു.. ഇന്നലെ വന്നിട്ട് മാളുവിന്റെ അടുത്തേക്ക് പോണം എന്നും പറഞ്ഞ് വേഗം പോയി. ജോലി കിട്ടിയ കാര്യം അറിഞ്ഞപ്പോ അത്രേം സന്തോഷം ആയിരുന്നു ആൾക്ക്.

അതോടെ സിദ്ധുവിനും അജുവിനും മനസിലായി ആമി അവിടെ എത്തിയിട്ടില്ല എന്ന്. അവർ ടെൻഷനോടെ ചോദിച്ചു ആമി ഇങ്ങോട്ട് വന്നില്ലേ അപ്പൊ. ഇന്നലെ രാത്രി ഒന്നും.

രാത്രിയോ ഇങ്ങോട്ടോ വന്നില്ലല്ലോ.. നിങ്ങൾ എന്തൊക്കെയാ ഈ പറയുന്നേ ആമിമോൾ എവിടെ പോയി അയാൾ ആകുലതയോടെ ചോദിച്ചു..

അപ്പൊ സിദ്ധു തന്നെ കുനിഞ്ഞ ശിരസ്സോടെ എല്ലാം അയാളോട് പറഞ്ഞു..

എല്ലാം കേൾക്കും തോറും അയാളുടെ മുഷ്ടി ചുരുണ്ടു.

എല്ലാം പറഞ്ഞു കഴിഞ്ഞതും സിദ്ധുവിന് തന്റെ ഇടതു കവിൾ നീറിപുകയുന്നത് പോലെ തോന്നി. അവൻ ഞെട്ടലോടെ തല ഉയർത്തി നോക്കി. അപ്പോഴേക്കും അയാൾ മറുകവിളിലും കൊടുത്തിരുന്നു ഒന്ന്…

ഇത്രേങ്കിലും ചെയ്തില്ലെങ്കിൽ ഞാൻ അവളുടെ ബാലച്ഛൻ ആണെന്ന് പറയുന്നതിൽ കാര്യം ഇല്ലല്ലോ.. എന്റെ കുഞ്ഞ് ഇതെവിടെ പോയോ ആവോ.. വിവാഹത്തിന് താൽപ്പര്യം ഇല്ലാതിരുന്ന എന്റെ മോളെ ഞാനാണല്ലോ നിർബന്ധിച്ചത് എന്റെ ഭഗവാനെ… ഇതും പറഞ്ഞ് അയാൾ കരഞ്ഞുപോയി.

ഇതെല്ലാം കേട്ട സിദ്ധു കുറ്റബോധത്തോടെ തലയും കുനിച്ചു കണ്ണീർ വാർത്തു നിന്നു.

ഇറങ്ങിപോക്കോണം ഇപ്പൊ തന്നെ ഇവിടെ നിന്ന്. ഇനി മേലിൽ ഈ പടി നീ ചവിട്ടിയ ഞാൻ എങ്ങനെ പ്രതികരിക്കും എന്ന് എനിക്ക് തന്നെ അറിയില്ല.. അയാൾ സിദ്ധുവിനെ നോക്കി അലറി….