19/04/2026

പ്രണയിനി : ഭാഗം 49

രചന – ഗംഗ ശലഭം

“അത് കൊണ്ട് ആദ്യം നിന്റെ ഈ രൂപം അങ്ങ് മാറ്റിയേക്കാം….”

കയ്യിലെ കണ്ടെയ്നർ ദേവൻ ശ്രീനാഥിന് കൈമാറി.

വല്ലാത്തൊരു ചിരിയോടെ ശ്രീനാഥ് അത് കൈനീട്ടി വാങ്ങി. അതേ ചിരിയോടെ കൃഷ്ണയെ നോക്കിക്കൊണ്ട് അതിന്റെ മൂടി തുറന്നു.

കൃഷ്ണയുടെ നേർക്ക് അത് വീശി ഒഴിക്കാൻ ആഞ്ഞതും വാതിൽ കടന്നൊരു ബുള്ളറ്റ് ചീറിപ്പാഞ്ഞ് ശ്രീനാഥിന് അരികിലായി വന്ന് ബ്രേക്കിട്ടു. ശ്രീനാഥിന് തിരിഞ്ഞു നോക്കാൻ അവസരം കിട്ടും മുന്നേ ബുള്ളറ്റിൽ വന്നയാൽ കണ്ടെയ്നർ കാലു കൊണ്ട് തട്ടി തെറിപ്പിച്ചിരുന്നു.

ദേവന്റെ ശരീരത്തിലേക്കാണത് ചെന്ന് വീണത്. അതിലെ ദ്രാവകം മുഖത്തേക്ക് വീണതും അയാൾ അലറിക്കൊണ്ട് മുഖം പൊത്തി. ദേവന്റെ ശരീരത്തിൽ ഇടിച്ച ഗ്ലാസ് കണ്ടെയ്നർ നിലത്തു വീണു പൊട്ടിച്ചിതറി. അതിനുള്ളിലെ നിരമില്ലാത്ത ദ്രാവകം ദേവന്റെ ശരീരത്തിൽ ആകമാനം തെറിച്ചു വീണ്. അയാളുടെ നിലവിളി ഉച്ചത്തിലായി.

എന്നാൽ ശ്രീനാഥ് അതൊന്നും അറിഞ്ഞില്ല. മുന്നിൽ കണ്ട രൂപത്തിലേക്ക് മിഴിച്ചു നോക്കി നിൽക്കുകയായിരുന്നു അവൻ…

ബുള്ളറ്റിൽ നിന്നും ഇറങ്ങി ശ്രീനാഥിന്റെ മുന്നിൽ വന്ന് കൈ കെട്ടി നിന്നു വൈശാലി.

” ഞാൻ പറഞ്ഞതല്ലേ ശ്രീ എന്നായാലും നിന്റെ അടുത്തേയ്ക്ക് വരുമെന്ന്… ഇത്തിരി വൈകിപ്പോയി. അത് നീ ക്ഷമിച്ചേക്ക്….”

പിറകിൽ ഉയരുന്ന ദേവന്റെ നിലവിളിക്ക് ഇടയിലും അവൾ പറഞ്ഞത് ശ്രീനാഥ് വ്യക്തമായി കേട്ടു.

താൻ ചെയ്തു കൂട്ടിയതൊക്കെയും മുന്നിൽ നിൽക്കുന്നവൾക്ക് വേണ്ടിയാണ്. എന്നിട്ടും ഇന്നവൾ തൊട്ട് മുന്നിൽ വന്നു നിന്നപ്പോൾ ഒന്നനങ്ങാൻ കൂടി കഴിയുന്നില്ല. ആരോ കൈകാലുകൾ പിടിച്ചു വച്ചത് പോലെ…
ഒരുപാട് ആഗ്രഹിച്ചിരുന്നൊരു കണ്ടു മുട്ടൽ ഇങ്ങനെയോ? അവനത് അംഗീകരിക്കാൻ കഴിഞ്ഞില്ല. അതിനേക്കാൾ അവനെ തളർത്തിയത് തന്നെ നന്നായി അറിയാം എന്ന രീതിയിലുള്ള വൈശാലിയുടെ നിൽപ്പാണ്.

അപ്പോഴേക്കും വാതിൽ കടന്ന് സായിയും സൂരജും അരവിന്ദനും മധുവും അകത്തേയ്ക്ക് വന്നിരുന്നു.

ബന്ധനസ്ഥയായ കൃഷ്ണയെ കണ്ടതും സായി ഒരു അവളുടെ അരികിലേക്ക് ഓടി എത്തി. വായിലെ ടേപ്പും കയ്യിലെ കെട്ടുകളും അഴിച്ചു മാറ്റി. നിലത്തു വീണ് ചിതറിയ ആസിഡിന്റെ തുള്ളികൾ അവളുടെ കയ്യിലും കാലിലും വീണു നേരിയ പൊള്ളലുകൾ ഏൽപ്പിച്ചിരുന്നു. അതിലുമധികം ഭയം അവളെ തളർത്തിയിരുന്നു.

കൈ കാലുകളിലെ കെട്ടുകൾ അഴിച്ചപ്പോഴേ കൃഷ്ണ സായിയുടെ നെഞ്ചിലേക്ക് വീണ് കരഞ്ഞു പോയി. ഇരുകൈകൾ കൊണ്ടും സായി അവളെ പൊതിഞ്ഞു പിടിച്ചു.

തനിക്ക് ഏറെ പ്രിയപ്പെട്ടവളാണ് എന്നറിഞ്ഞിട്ടും, ഇന്നലെ വരെ നിർവചിക്കാനാകാത്ത എന്തോ ഒന്ന് തന്നെ അവളിൽ നിന്നും അകറ്റി നിർത്തിയിരുന്നു. പക്ഷെ ഇന്ന് അരവിന്ദൻ വിളിച്ചു കൃഷ്ണയെ ആരോ തട്ടിക്കൊണ്ടു പോയി എന്ന് പറഞ്ഞ നിമിഷം മുതൽ താൻ അനുഭവിച്ച ടെൻഷൻ. ഇവിടെ എത്തി ഇവളെ കാണുന്നത് വരെ അനുഭവിച്ച ഹൃദയ വേദന… ഹൃദയം പിളർന്നു പോകുമെന്ന് തോന്നിയിരുന്നു പലപ്പോഴും….

സായി കൃഷ്ണയെ കൂടുതൽ തന്റെ നെഞ്ചോട് ചേർത്ത് പിടിച്ചു. ഇനി ഒരിക്കലും ഒന്നിനും നിന്നെ വിട്ട് കൊടുക്കില്ല എന്ന് പറയുന്നത് പോലെ… അപ്പോഴും അവൾ ചെറുതായി വിറയ്ക്കുന്നുണ്ടായിരുന്നു. അവൻ നെഞ്ചിൽ മുഖം അമർത്തി ഇരിക്കുന്നവളുടെ നെറുകയിൽ തുരു തുരെ ചുംബിച്ചു. കൃഷ്ണയുടെ ശരീരം കുഴഞ്ഞു പോകുന്നതറിഞ്ഞതും സായി അവളെ തന്റെ കൈകളിൽ കോരി എടുത്തു.

അർദ്ധ ബോധത്തിലും കൃഷ്ണ അവന്റെ നെഞ്ചിൽ പതുങ്ങി കിടന്ന് ചെവി അവന്റെ ഹൃദയത്തോട് ചേർത്ത് വച്ചു. അത് കൃഷ്ണ കൃഷ്ണ എന്ന് ഉറക്കെ അലറുന്നുണ്ടെന്ന് തോന്നി അവൾക്ക്. ശരീരത്തിൽ അങ്ങിങ്ങായി അനുഭവപ്പെടുന്ന നേർത്ത വേദനയ്ക്കിടയിലും അവളുടെ ചുണ്ടിൽ പുഞ്ചിരി വിടർന്നു. ആ ചിരി അവന് മാത്രം അവകാശപ്പെട്ടതായിരുന്നു…. അവളും…..!

*********

വൈശാലിയെ മുന്നിൽ കണ്ടപ്പോഴേ ശ്രീനാഥ് തകർന്ന് പോയിരുന്നു. അതിനൊപ്പം കൃഷ്ണയും സായിയും തമ്മിലെ സ്നേഹപ്രകടനം കൂടി ആയപ്പോൾ അവനാകെ വല്ലാതെയായി. കൃഷ്ണയെയും സായിയെയും നോക്കി നിൽക്കുന്ന ശ്രീനാഥിനടുത്തേക്ക് വൈശാലി ചുവടു വച്ചു.

“കണ്ണ് വയ്ക്കല്ലേ ശ്രീ… നിന്നെപ്പോലെ ഭാര്യയെ കൊന്ന് തള്ളാൻ മാത്രം മനസാക്ഷി ഇല്ലാത്ത ഒരുവൻ അല്ലത്. കൃഷ്ണയെ…. അവന്റെ ഭാര്യയെ പ്രാണനെപ്പോലെ സ്നേഹിക്കുന്നവനാ….”

ശ്രീനാഥ് തല ചെരിച്ചു വൈശാലിയെ നോക്കി. അവൾ പറഞ്ഞതിന്റെ അർത്ഥം അവന് ഗ്രഹിക്കാനായില്ല. അവനെ സംബന്ധിച്ചിടത്തോളം സായി മരണപ്പെട്ടു കഴിഞ്ഞല്ലോ?

“ഞാൻ ഇവളെ കാറിൽ ഇരുത്തിയിട്ട് വരാം. എനിക്ക് ഇവനോട് ചിലതൊക്കെ പറയാനുണ്ട്.”

സായി വൈശാലിക്ക് അരികിലേക്ക് നടന്നുകൊണ്ട് അവളോടും പിറകിലായി നിൽക്കുന്ന സൂരജിനോടുമായി പറഞ്ഞിട്ട് പുറത്തേക്കിറങ്ങി. അവർക്കൊപ്പം അരവിന്ദനും….

കൃഷ്ണയെ കാറിന്റെ പിൻസീറ്റിലേക്ക് കയറ്റി തന്റെ ശരീരത്തിലേക്ക് ചാരി ഇരുത്തി സായി. അപ്പോഴേക്കും അരവിന്ദൻ ഒരു മിനറൽ വാട്ടറിന്റെ കുപ്പിയുടെ മൂടി തുറന്ന് അത് സായിക്ക് നീട്ടി. സായി അത് വാങ്ങി കൃഷ്ണയുടെ ചുണ്ടോട് അടുപ്പിച്ചു. അവളത് ആർത്തിയോടെ പകുതിയോളം കുടിച്ചു തീർത്തു.

“കൃഷ്ണ… ഇപ്പൊ എങ്ങനെയുണ്ട്?”

ചാഞ്ഞു കിടക്കുന്നവളെ ഒന്ന് കൂടി ചേർത്ത് പിടിച്ചു കൊണ്ട് അവൻ ആവലാതിയോടെ ചോദിച്ചു.

“എനിക്ക് ഒന്നൂല്ല സായി… ഞാൻ ഓക്കേയാണ്.”

കൃഷ്ണ പുഞ്ചിരിക്കാൻ ശ്രമിച്ചു.

“ഇത്… വേദനയുണ്ടോ?”

കൃഷ്ണയുടെ കയ്യിൽ അവിടവിടെയായി പൊട്ട് പോലെ ചുവന്നു കിടക്കുന്ന ചെറിയ പൊള്ളലുകളിൽ നോക്കി ചോദിക്കുമ്പോൾ അവന്റെ കണ്ണുകളിൽ നനവുണ്ടായിരുന്നു. വേദന അവന്റെ നെഞ്ചിലും…!

“ഇത് ചെറിയ പൊള്ളൽ അല്ലെ? ചെറിയ വേദനയെ ഉള്ളൂ… അത് സാരമില്ല. എങ്ങനെ അറിഞ്ഞു?”

അവൾ നിവർന്നിരുന്ന് സീറ്റിലേക്ക് ചാരി.

“ഞങ്ങൾ പോകുന്ന വഴി ഒരു ചെറിയ ആക്‌സിഡന്റ് ഉണ്ടായി. ഒരു കാർ ഞങ്ങളുടെ കാറിൽ ചെറുതായി മുട്ടി.”

“അയ്യോ… എന്നിട്ട്….”

അവൻ പറഞ്ഞു പൂർത്തിയാക്കും മുന്നേ കൃഷ്ണ വെപ്രാളത്തോടെ ചോദിച്ചു.

“ഒന്നും പറ്റിയില്ല. ആ കാറുകാരന്റെ മിസ്റ്റേക്ക് ആയിരുന്നു. ഞങ്ങടെ കാർ ഒന്ന് ചളുങ്ങി. അത് ശെരിയാക്കാൻ വർക്ക്‌ഷോപ്പിൽ കയറ്റിയപ്പോഴാ മധു അങ്കിൾ വിളിക്കുന്നത്. ഉടനെ വൈശാലിയെ വിളിച്ചു. ആള് ശ്രീനാഥിനെയും ദേവനെയും നിരീക്ഷിക്കുന്നുണ്ടായിരുന്നു. അത് കൊണ്ട് ലൊക്കേഷൻ കണ്ട് പിടിക്കാൻ പ്രയാസം ഉണ്ടായില്ല.”

അവൻ പറഞ്ഞു നിർത്തിയത്തും കൃഷ്ണ ആശ്വാസത്തോടെ അവന്റെ തോളിലേക്ക് ചാരി. പിന്നെ പെട്ടെന്ന് എന്തോ ഓർത്തത് പോലെ നിവർന്നിരുന്നു.

“സായി പൊയ്ക്കോ… നീ സായിയാണെന്ന് അവൻ അറിയട്ടെ. കൊന്ന് കളയാൻ നോക്കിയതല്ലേ?”

“താൻ ഓക്കേ ആണല്ലോ?”

സായി ഉറപ്പിക്കാൻ എന്ന പോലെ ഒന്ന് കൂടി ചോദിച്ചു.
കൃഷ്ണ തലയാട്ടിയതും അവളുടെ നെറുകയിൽ ഒന്ന് കൂടി ചുംബിച്ച ശേഷം അവൻ കാറിൽ നിന്നും പുറത്തേക്കിറങ്ങി. പുറത്ത് നിന്ന അരവിന്ദനോട് എന്തോ പറഞ്ഞ ശേഷം കൃഷ്ണയെ ഒരിക്കൽക്കൂടി നോക്കി അവൻ നടന്നു പോയി. അരവിന്ദൻ കാറിന്റെ മുൻ ഭാഗത്തെ ഡോർ തുറന്ന് അകത്തേക്ക് കയറി ഇരുന്ന് കൊണ്ട് തിരിഞ്ഞു കൃഷ്ണയെ നോക്കി.

കണ്ണുകൾ അടച്ച് സീറ്റിലേക്ക് ചാരി ഇരിക്കുകയാണവൾ. ചുണ്ടിൽ അപ്പോഴും ഒരു ചിരിയുണ്ട്. തന്റെ പ്രണയത്തെ തിരികെ കിട്ടിയതിന്റെ ചിരി. അരവിന്ദന്റെ ചുണ്ടിലും അറിയാതൊരു ചിരി വിടർന്നു വന്നു.

❤️‍🔥****************❤️‍🔥

അഭിപ്രായം പറയാതെ പോകരുത് കേട്ടോ…. 😒
ഇനി കുറച്ചു ഭാഗങ്ങൾ അല്ലെ ഉള്ളൂ…
ഈ അവസാന ഭാഗങ്ങളിൽ എങ്കിലും അഭിപ്രായം പറഞ്ഞൂടെ… 😒