രചന – ഗംഗ ശലഭം
ഉണ്ണിമോളെ ബസ് കയറ്റി വിട്ട് തിരികെ വീട്ടിലേക്ക് നടക്കാൻ ഒരുങ്ങുമ്പോഴാണ് കൃഷ്ണ ഒരു പിൻവിളി കേട്ടത്.
“കൃഷ്ണേ….”
കൃഷ്ണ തിരിഞ്ഞു നോക്കി.
“ഗണേഷേട്ടനോ? എന്തെ?”
അടുത്തേക്ക് നടന്നു വരുന്ന ആളെ നോക്കി പുഞ്ചിരിയോടെ ചോദിച്ചു. ഗ്രാമത്തിലെ പ്രധാന തയ്യൽക്കാരിൽ ഒരാളായ ഗായത്രിയുടെ ഭർത്താവാണ് ഗണേശൻ. കൃഷ്ണയും രാജലക്ഷ്മിയും ഒക്കെ തുന്നാനായി കൊടുക്കുന്നതും ഗായത്രിയുടെ പക്കൽ തന്നെയാണ്.
” കൃഷ്ണ അന്ന് തുന്നാൻ ഏൽപ്പിച്ചില്ലേ തുണികൾ… അതൊക്കെ തുന്നി വച്ചിട്ടുണ്ട്. വന്നെടുത്തിട്ട് പൊയ്ക്കോ…”
അയാൾ നടന്നു കൃഷ്ണയുടെ അടുത്തെത്തി.
” അത് അത്യാവശ്യം ഒന്നും ഇല്ല ഗണേഷേട്ടാ… പതിയെ മതി. ഞാൻ എടുത്തോളാം.”
” ഞങ്ങള് ഇന്ന് ഗായത്രീടെ വീട്ടിൽ പോകും. പിന്നെ കുറച്ച് നാള് കഴിഞ്ഞേ തിരികെ ഉണ്ടാവൂ… തുന്നി വച്ചതൊക്കെ കൊടുത്തിട്ട് പോകാമെന്നു അവള് പറയുന്നുണ്ടായിരുന്നു. ഇടയ്ക്ക് കൃഷ്ണയുടെ പേരും പറയുന്ന കേട്ടു. അതാ ഞാൻ നിന്നെ കണ്ടപ്പോ എടുത്തിട്ട് പോകാൻ പറഞ്ഞത്.”
കൃഷ്ണ ഒന്ന് ചിന്തിച്ചു നിന്നു. ഇടവഴി തിരിഞ്ഞു റോഡിലോട്ട് ഇറങ്ങി കുറച്ചു നടക്കണം. അധികം ദൂരമില്ല. എങ്കിലും ആ ഭാഗത്തു വീടുകൾ തീരെ കുറവാണ്. അതാണ് ഒരു പേടി.
” ഗണേഷേട്ടൻ വീട്ടിലേക്കാണോ?”
“ഹാ… ഞാൻ കുറച്ചു സാധനം വാങ്ങാൻ വന്നതാ.”
അയാൾ കയ്യിലെ കവർ ഉയർത്തി കാട്ടി.
“ഇനിയിപ്പോ വീട്ടിലേയ്ക്കാ… നീ വരുന്നേൽ വാ… വന്നത് എടുത്തോണ്ട് പൊയ്ക്കോ…”
കൃഷ്ണയ്ക്ക് ആശ്വാസം തോന്നി. ഗണേശനെയും ഗായത്രിയെയും കുഞ്ഞ് നാള് തൊട്ടുള്ള പരിചയമാണ്. ഒരേ നാട്ടുകാരല്ലേ? കൂടാതെ ഗണേശന്റെ അച്ഛൻ കൃഷ്ണയുടെ അച്ഛന്റെ സുഹൃത്തും ആയിരുന്നു. അദ്ദേഹം മരിച്ചു പോയി. എന്നാലും ഗായത്രിയും ഗണേഷനുമായി ഇപ്പോഴും കൃഷ്ണ നല്ല അടുപ്പത്തിലാണ്.
“എന്നാൽ ഞാനും വരാം…”
അവൾ തലയാട്ടിക്കൊണ്ട് അയാൾക്കൊപ്പം നടന്നു.
ഇടവഴി കഴിഞ്ഞു റോഡിലോട്ട് ഇറങ്ങിയതേ വഴിക്ക് കുറുകെ ഒരു കറുത്ത മാഹീന്ദ്ര താർ വന്ന് ഇരച്ചു നിന്നു.
കൃഷ്ണയും ഗണേശനും ഒരുപോലെ പേടിച്ചു പിറകിലേക്ക് നീങ്ങി. വാഹനത്തിന്റെ പിറകിലെ ഡോർ തുറന്നിറങ്ങിയ രണ്ട് പേരെ കണ്ടതും ഗണേശന്റെ നെറ്റി ചുളിഞ്ഞു. അയാൾ കൃഷ്ണയ്ക്ക് മുന്നിലേക്ക് കയറി നിന്നു.
“ആരാ നിങ്ങള്? എന്ത് വേണം?”
“ഞങ്ങൾ ആരാന്ന് തല്ക്കാലം നീ അറിയണ്ട. പിന്നെ വേണ്ടത്… അത് ഇവളെയാ….”
പറയുന്നതിനൊപ്പം ഗണേശനേ തള്ളി നിലത്തേക്കിട്ട് അവരിൽ ഒരുവൻ കൃഷ്ണയുടെ കയ്യിൽ പിടി മുറുക്കിയിരുന്നു. ഗണേശൻ പിടഞ്ഞെഴുന്നേറ്റ് അവരെ എതിർക്കാൻ ശ്രമിച്ചു എങ്കിലും ആ രണ്ട് അഭ്യാസികളോട് എതിർത്തു നിൽക്കാനുള്ള ആരോഗ്യം പോലും അയാൾക്ക് ഉണ്ടായിരുന്നില്ല. ഒറ്റ അടിയിൽ ഗണേശൻ പിന്നെയും നിലത്തേക്ക് വീണു പോയി.
മഹീന്ദ്രായുടെ പിൻസീറ്റിലേക്ക് കൃഷ്ണയെ വലിച്ചിട്ടതും ആ വാഹനം മുന്നോട്ട് കുതിച്ചു. അപ്പോഴേക്കും റോഡിൽ ഒരു ബൈക്ക് വന്നു നിന്നിരുന്നു. അതിൽ നിന്നും അരവിന്ദൻ ചാടി ഇറങ്ങി. നിലത്തു വീണു കിടന്ന ഗണേശനെ പിടിച്ചെഴുന്നേൽപ്പിച്ചു.
“എന്താ ഗണേശേട്ടാ? എന്താ പ്രശ്നം?”
അരവിന്ദൻ വെപ്രാളപ്പെട്ടു.
“അരവിന്ദ… എടാ… കൃഷ്ണ…”
ഗണേശൻ ചുരുങ്ങിയ വാക്കുകളിൽ അരവിന്ദനെ വിവരം ധരിപ്പിച്ചു. ഗണേശനിൽ നിന്നും കാര്യങ്ങൾ മനസ്സിലാക്കിയതും വല്ലാതെ ഭയന്നു പോയി അരവിന്ദൻ. അവൻ ഒരു നിമിഷം പോലും പാഴാക്കാതെ പോക്കറ്റിൽ നിന്നും മൊബൈൽ എടുത്തു മധുവിനെ വിളിച്ചു.
***************
കൈകാലുകൾ ബന്ധിച്ച്, വായിൽ ടേപ്പ് ഒട്ടിച്ച് മുറിയുടെ മൂലയിലായി കുനിഞ്ഞിരിക്കുകയാണ് കൃഷ്ണ. ഭയം കാരണം അവളുടെ ശരീരം ചെറുതായി വിറയ്ക്കുന്നുണ്ട്.
നീളൻ മുറിയുടെ അങ്ങേതലയ്ക്കൽ നിന്നും നേർത്ത കാൾപെരുമാറ്റം കേട്ടപ്പോൾ കൃഷ്ണ മുഖം ഉയർത്തി നോക്കി. അരണ്ട വെളിച്ചമാണ് മുറിയിക്കുള്ളിൽ. എങ്കിലും മൂക്കിലേക്ക് അടിച്ചു കയറുന്ന കരിമരുന്നിന്റെ രൂക്ഷഗന്ധത്തിൽ നിന്നും അതൊരു പടക്കനിർമ്മാണ ശാലയാണെന്ന് അവൾ ഊഹിച്ചു.
കാലടികൾ അടുത്ത് വന്നു. ശ്രീനാഥ് കൃഷ്ണയുടെ മുന്നിലായി വന്നു നിന്നു. പ്രതീക്ഷിച്ചിരുന്നത് കൊണ്ട് കൃഷ്ണയ്ക്ക് ഞെട്ടൽ ഒന്നും ഉണ്ടായില്ല. എങ്കിലും ഭയം അവളെ വിഴുങ്ങാൻ തുടങ്ങിയിരുന്നു.
ആലില പോലെ വിറയ്ക്കുന്നവളെ ശ്രീനാഥ് പുച്ഛത്തോടെ നോക്കി.
” നീ എനിക്കെതിരെ പരാതിയൊക്കെ കൊടുത്തപ്പോ ഞാൻ കരുതി നീ വലിയ ധൈര്യശാലി ആണെന്ന്. ഇത്രേ ഉള്ളൂ നീ… ഇപ്പൊ മനസ്സിലായോ?”
കൃഷ്ണ മുഖം കുനിച്ചിരിക്കുകയാണ്.
“നിനക്ക് ഞാൻ ഒരവസരം കൂടി തരാം. കേസ് പിൻവലിക്കണം. സമ്മതിച്ചോ?”
ശ്രീനാഥ് ഒന്ന് കൂടി അവളുടെ മുന്നിലേക്ക് നീങ്ങി നിന്നു.
സായിയുടെ മുഖം കൃഷ്ണയുടെ മനസ്സിൽ തെളിഞ്ഞു. നഷ്ടപ്പെട്ട പോയ ആറ് വർഷങ്ങൾ…! തന്റെ കുഞ്ഞിന് നഷ്ടമായ അച്ഛന്റെ സ്നേഹം….!
അതിനൊപ്പം മുഖം പോലും അറിയാത്തൊരു കുഞ്ഞിനേയും അവൾക്ക് ഓർമ്മ വന്നു. സൂരജിന്റെ മകൾ…!
മറുപടിക്കായി കൂടുതൽ ഒന്നും ആലോചിക്കേണ്ടി വന്നില്ല കൃഷ്ണയ്ക്ക്. അവൾ ഇല്ല എന്ന് തലവെട്ടിച്ചു.
“നിന്നെക്കൊണ്ട് സമ്മതിപ്പിക്കാൻ എനിക്കറിയാം.”
ശ്രീനാഥ് മുരണ്ടു.
“എന്നെ കൊന്നാലും നിങ്ങളുടെ ആവശ്യം നടക്കാൻ പോണില്ല.”
എങ്ങനെയോ കിട്ടിയ ഇത്തിരി ധൈര്യത്തിൽ ശ്രീനാഥിന്റെ മുഖത്ത് നോക്കിതന്നെ അവൾ ആ വാചകം പറഞ്ഞു നിർത്തി.
ദേഷ്യം കൊണ്ട് വിറച്ച ശ്രീനാഥ് കൃഷ്ണയുടെ മുഖം ലക്ഷ്യമാക്കി കൈ ഉയർത്തി വീശി. കൃഷ്ണ കണ്ണുകൾ മുറുകെ അടച്ചു. ഒരു നിമിഷം കഴിഞ്ഞു കണ്ണ് തുറക്കുമ്പോൾ ശ്രീനാഥിന്റെ കൈ തടഞ്ഞു വച്ചിരിക്കുന്ന ദേവന്റെ കയ്യാണ് ശ്രദ്ധയിൽ പെട്ടത്. അവൾ അമ്പരന്ന് ദേവന്റെ മുഖത്തേക്കും അയാൾ തടഞ്ഞു വച്ചിരിക്കുന്ന ശ്രീനാഥിന്റെ കയ്യിലേക്കും മാറി മാറി നോക്കി.
“അച്ഛന് എന്താ? തല്ലി കൊല്ലണ്ടേ ഇവളെ?”
ശ്രീനാഥ് അലറി. എന്നാൽ ശ്രീനാഥ് പറഞ്ഞത് ശ്രദ്ധിക്കാതെ ദേവൻ അവനെ പിന്നിലേക്ക് പിടിച്ച് മാറ്റി.
“മോളുടെ തീരുമാനം മാറില്ലേ?”
ദേവൻ കൃഷ്ണയുടെ മുഖത്തിന് നേരെ കുനിഞ്ഞു. അയാളുടെ സ്വരം ശാന്തമായിരുന്നു. ആ ശാന്തത കൃഷ്ണയെ കൂടുതൽ ഭയപ്പെടുത്തി. പേടി കാരണം വിളറിയ മുഖത്തോടെ അവൾ ഇല്ല എന്ന് തല വെട്ടിച്ചു.
“അപ്പൊ മരിക്കാനാണോ തീരുമാനം?”
ദേവൻ ചൂണ്ടു വിരൽ കൊണ്ട് കൃഷ്ണയുടെ താടിയിൽ പിടിച്ചുയർത്തി.
“പറയെടീ…”
അയാളുടെ ശബ്ദം ഉയർന്നു.
കൃഷ്ണ കണ്ണുകൾ ഇറുക്കെ അടച്ചു.
അഞ്ച് മൃതദ്ദേഹങ്ങൾ മോർച്ചറിയിൽ നിരന്നു കിടക്കുന്നത് അവൾ സങ്കല്പിച്ചു. ഇത്തിരിയില്ലാത്ത ഒരു കുഞ്ഞിന്റെ മൃതദേഹത്തിൽ ചുറ്റിപ്പിടിച്ചു നിലവിളിക്കുന്ന ഒരച്ഛനെ അവൾ കണ്ടു. അമ്മയില്ലാതെ വളരുന്ന ഒരു പെൺകുഞ്ഞിന്റെ മുഖം അവൾ ഓർത്തെടുത്തു. ആറ് വർഷം അച്ഛന്റെ സ്നേഹലാളനകൾ അന്യമായ ഉണ്ണിമോൾ അവളുടെ മുന്നിൽ നിന്ന് കരഞ്ഞു. ഏറ്റവും ഒടുവിൽ സായിയുടെ മുഖം തെളിഞ്ഞു വന്നു. പതിയെ ആ മുഖം സൂര്യയായി രൂപം മാറാൻ തുടങ്ങിയതും കൃഷ്ണ കണ്ണുകൾ വലിച്ചു തുറന്നു.
മരണം മുന്നിൽ നിന്ന് പല്ലിളിക്കുമ്പോൾ, രക്ഷപെടാൻ ഇനി ഒരവസരവും ഇല്ല എന്ന് തീർച്ചയാകുമ്പോൾ, ഭയത്തിന്റെ ഏറ്റവും അറ്റത്തു നമുക്ക് ഒരിത്തിരി ധൈര്യം തോന്നില്ലേ? ആ ഇത്തിരി ധൈര്യം പിന്നീട് വളർന്ന് പടർന്ന് എന്തിനെയും നേരിടാൻ തക്ക മനക്കരുത്തു തരില്ലേ?
ശ്രീനാഥും ദേവനും തങ്ങളോട് ചെയ്ത ക്രൂരതകൾ ഓർക്കുമ്പോൾ, അവന്റെ പക്കൽ നിന്നും രക്ഷനേടാൻ തനിക്ക് ഇനി കഴിയില്ല എന്ന തിരിച്ചറിവ് ഉണ്ടായപ്പോൾ, ദേവൻ മുന്നിൽ വന്നു നിന്ന കുറഞ്ഞ സമയം കൊണ്ട് തന്നെ ഏതാണ്ട് ആ അവസ്ഥയിൽ എത്തിയിരുന്നു കൃഷ്ണയും. മനസ്സിൽ തെളിഞ്ഞ ഓരോ സംഭവങ്ങളിലൂടെയും അവളിലെ ഭയം പതിയെ മാഞ്ഞു പോയി.
” എനിക്ക് ജീവനുണ്ടെങ്കിൽ സായിയുടെ അച്ഛനെ കൊന്നവർക്ക്, ആ മനുഷ്യൻ അധ്വാനിച്ചുണ്ടാക്കിയതൊന്നും അനുഭവിക്കാൻ അവസരം ഉണ്ടാവില്ല.”
താഴ്ന്നതെങ്കിലും ഉറച്ച സ്വരം….
“ഛെ….!”
നിരാശയോടെ കൈ കുടഞ്ഞു കൊണ്ട് ദേവൻ നിവർന്നു നിന്നു.
” സൂരജിന്റെ ബലത്തിൽ അല്ലെ നീയീ പറയുന്നത്? ഞങ്ങളോട് എതിരിടാൻ അവന് പറ്റില്ല. തീർത്തു കളയും അവനെയും….!”
കൃഷ്ണയുടെ മുഖത്ത് നോക്കാതെയാണ് ദേവനത് പറഞ്ഞത്.
“നിങ്ങൾക്ക് കഴിയില്ല. തോറ്റു പോകും നിങ്ങള്….”
ഇത്തവണ ദേവനെ നോക്കിയ കൃഷ്ണയുടെ കണ്ണുകൾ പിടച്ചില്ല.
ദേവൻ ഒരു നെടുവീർപ്പുതിർത്തു.
” നിനക്കറിയാമോ? ഇവൻ പലവട്ടം പറഞ്ഞതാ നിന്നെ തീർത്തു കളയാൻ. ഞാൻ അത് കേട്ടില്ല. എന്താന്നറിയോ?”
ദേവൻ വീണ്ടും കൃഷ്ണയുടെ നേർക്ക് കുനിഞ്ഞു.
” നിനക്ക് നിന്റെ അമ്മയുടെ മുഖഛായയാണ്. പാർവ്വതിയുടെ….
ഒരിക്കൽ ഈ ദേവൻ ഒരുപാട് സ്നേഹിച്ചിരുന്ന, സ്വന്തമാക്കണം എന്ന് ആഗ്രഹിച്ചിരുന്ന പാറുവിന്റെ മുഖഛായ….!”
ഇത്തവണ കൃഷ്ണയെക്കാൾ അധികം ഞെട്ടിയത് ശ്രീനാഥാണ്.
” പക്ഷെ അവക്ക് ഇഷ്ടം നിന്റെ അച്ഛനെയായിരുന്നു കേട്ടോ? ഈ ദേവന് നിഷ്പ്രയാസം പറ്റുമായിരുന്നു അവളെ സ്വന്തമാക്കാൻ. അവളെ എനിക്ക് തരാനായിരുന്നു പാറൂന്റെ അച്ഛനും ഇഷ്ടം. അതല്ലേ ശങ്കരന് അവളേം കൊണ്ട് ഒളിച്ചോടേണ്ടി വന്നത്?
പക്ഷെ ഞാൻ അങ്ങനെ ചെയ്താ അവക്ക് എന്നോട് സ്നേഹം വരുവോ? ജീവിതാവസാനം വരെ അവളെന്നെ വെറുക്കും… പ്രാകും… ചിലപ്പോ മരിക്കും വരെ കരയും. അങ്ങനെ കരയിക്കാനാണെങ്കിൽ ഞാൻ പിന്നെ എന്തിനാ അവളെ സ്നേഹിച്ചേ?
അത് കൊണ്ട്… അത് കൊണ്ട് മാത്രം ഞാൻ അവളെ ശങ്കരന് വിട്ട് കൊടുത്തു. അവള് എന്നും സന്തോഷത്തോടെ ഇരിക്കാൻ വേണ്ടി മാത്രം. അത് കൊണ്ടെന്താ? മരിക്കും വരെ അവളെന്നെ വെറുത്തില്ല.”
ആദ്യമായി ദേവന്റെ മുഖത്ത് ആനന്ദത്തിനും പകയ്ക്കും അപ്പുറം വിഷാദം നിറയുന്നത്, നഷ്ടബോധം നിറയുന്നത് ശ്രീനാഥ് അമ്പരപ്പോടെ കണ്ടു.
” ആ മുഖവാ നിനക്ക്… അത് കൊണ്ട് മാത്രമാ നിന്നെ ഞാൻ ഇതേ വരെ ഒന്നും ചെയ്യാത്തത്. ഒരിക്കൽ എന്റെ മോന്റെ പെണ്ണായി നിന്നെ കൊണ്ട് വരാൻ നോക്കിയതും അത് കൊണ്ട് മാത്രമാ…
പക്ഷെ എന്തൊക്കെ പറഞ്ഞാലും നീ എന്റെ ചോരയല്ല. എന്നാൽ ഇവൻ എന്റെ ചോരയാ…. ഇവനെക്കാളും വലുതല്ല എനിക്ക് വേറെ ഒന്നും… ആരും…!”
ദേവൻ ശ്രീനാഥിന്റെ നേർക്ക് വിരൽ ചൂണ്ടി.
” ആ ഇവന് ഭീഷണിയാവുന്നവരാരായാലും ഇനി വേണ്ട….!
എന്നാൽ നിന്റെ ഈ മുഖം…? ഈ മുഖത്തോടെ നിന്നെ കൊന്നാ പാറു എന്റെ കണ്മുന്നിൽ കിടന്ന് മരിക്കുന്നു എന്നേ എനിക്ക് തോന്നൂ… അത് വേണ്ട… അതെനിക്ക് പറ്റില്ല.”
ദേവൻ പിന്നിലേക്ക് നടന്നു. അല്പസമയത്തിനുള്ളിൽ കയ്യിൽ ഒരു ഗ്ലാസ് കണ്ടെയ്നറുമായി തിരികെ വന്നു.
ഭാരമുള്ള ആ കണ്ടെയ്നർ അയാൾ താങ്ങിപ്പിടിച്ചിരുന്നു. അത് നിറയെ നിറമില്ലാത്ത എന്തോ ദ്രാവകവും….
“അത് കൊണ്ട് ആദ്യം നിന്റെ ഈ രൂപം അങ്ങ് മാറ്റിയേക്കാം….”
കയ്യിലെ കണ്ടെയ്നർ ദേവൻ ശ്രീനാഥിന് കൈമാറി.
വല്ലാത്തൊരു ചിരിയോടെ ശ്രീനാഥ് അത് കൈനീട്ടി വാങ്ങി. അതേ ചിരിയോടെ കൃഷ്ണയെ നോക്കികൊണ്ട് അതിന്റെ മൂടി തുറന്നു.
************
എന്നാപ്പിന്നെ ഞാൻ അങ്ങോട്ട്….

by