രചന – ഗംഗ ശലഭം
“ദേവൂ …
ദേവൂസ്….”
അങ്ങ് ദൂരെ എവിടെയോ നിന്ന് ആരോ വിളിക്കുന്നുണ്ട്. ആരാത്? അമ്മയാണോ? ഇതെവിടെ കിടന്നാ അമ്മ ഈ വിളിക്കണത്?
“എടി… ദേവൂ….”
ഇത്തവണ വിളിക്കൊപ്പം ഒരു അടിയും കൂടെ കിട്ടി. ഞാൻ കണ്ണ് വലിച്ച് തുറന്ന് മുന്നിൽ നിൽക്കുന്ന ആളിനെ മിഴിച്ചു നോക്കി.
” എന്തുവാടി? പന്തം കണ്ട പെരുച്ചാഴിയെപ്പോലെ നോക്കണത്? കല്യാണം ആയപ്പോ നിന്റെ ബോധോം പോയാ? ഇത് ഞാനാ… മീനു… മീനാക്ഷി.”
ഒരു കയ്യിൽ തലയണയും പിടിച്ച് മറു കൈ ഇടുപ്പിൽ കുത്തി ആശാത്തി കണ്ണും ഉരുട്ടി മുന്നിൽ നിൽപ്പുണ്ട്. ഈ തലയണ കൊണ്ടാവും നേരത്തെ എനിക്കിട്ട് തന്നത്…
എന്റെ അച്ഛൻ പെങ്ങളുടെ മകളാണ്. ഇവൾക്ക് ഒരു ചേട്ടനും കൂടി ഉണ്ട്. മാധവ്… ഞങ്ങടെ മധു. ഞാനും മീനുവും ഒരേ പ്രായമാണ്. മധു ഞങ്ങളെക്കാൾ ഒന്നര വയസ്സിനു മൂപ്പുണ്ട്. എന്നാലും ഞങ്ങൾ രണ്ടാളും പേര് പറഞ്ഞെ വിളിക്കൂ…. അമ്മ കഴിഞ്ഞാൽ എനിക്ക് ഈ ലോകത്ത് ഏറ്റവും പ്രിയപ്പെട്ടവരാണ് മീനുവും മധുവും. സത്യത്തിൽ മീനുവിനെക്കാളും എനിക്ക് കൂട്ട് മധുവുമായിട്ടാണ്. ഞാനും അവനും തമ്മിലുള്ള കൂട്ടിന് എന്റെ അച്ഛമ്മ മറ്റ് പല അർത്ഥങ്ങളും കണ്ട് പിടിച്ചു വച്ചിരിക്കുകയായിരുന്നു. പലപ്പോഴും കുത്തി പറയാറുമുണ്ട്. അവനതൊക്കെ ചിറി കോട്ടി പുച്ഛിച്ചു വിടും. പക്ഷെ എനിക്കത് പലപ്പോഴും പറ്റാറുണ്ടായിരുന്നില്ല. അതൊക്കെ നിന്നത് ഞാൻ ഈ കല്യാണത്തിന് സമ്മതിച്ച ശേഷമാണ്.
“എന്തോന്നാടി ഇപ്പോഴേ സ്വപ്നം കാണൽ തുടങ്ങിയാ? അങ്ങോട്ട് എണീക്ക്….”
മീനു അവളുടെ കയ്യിൽ ഇരുന്ന തലയണ ബെഡിലേക്ക് ഇട്ടിട്ട് എന്റെ രണ്ടു കയ്യിലും കൂടി വലിച്ച് പൊക്കി എന്നെ ബെഡിൽ എഴുന്നേൽപ്പിച്ചിരുത്തി. ബെഡ് എന്ന് പറയാനൊന്നും ഒക്കില്ല. പണ്ടെന്നോ വാങ്ങിയ ഒരു പഞ്ഞി മെത്തയാ ഇപ്പോ കല്ലു പോലെ ആയിട്ടുണ്ട്. പലപ്പോഴും എണീക്കുമ്പോ തോന്നാറുണ്ട് തറയില് കിടന്നാൽ ഇത്രേം നടു വേദന വരൂല്ലല്ലോ എന്ന്. എന്നാലും പിന്നീം ഇതിൽ തന്നെ വന്നു കിടക്കും. അച്ഛനും അച്ഛമ്മേം കട്ടിലിൽ കിടക്കുമ്പോ ഞാനും എന്റെ അമ്മയും മാത്രം എന്തിന് തറേല് കിടക്കണം എന്നൊരു ചിന്ത വരും അറിയാതെ….
ഞാൻ പതുക്കെ നിരങ്ങി നിലത്തേക്ക് ഇറങ്ങി. കട്ടിൽ എന്തൊക്കെയോ ശബ്ദകോലാഹലങ്ങൾ ഉണ്ടാക്കുന്നുണ്ട്.
” സാധാരണ കല്യാണത്തിന്റെ അന്ന് കല്യാണപ്പെണ്ണ് നേരത്തെ എണീറ്റ് കുളിച്ച് ഒരുങ്ങും. എന്താ കാര്യം? ഓരോന്ന് ഓർത്ത് ടെൻഷൻ കൊണ്ട് അവർക്ക് തലേന്ന് ഉറക്കം വരാറില്ല. അപ്പൊ പിന്നെ നേരത്തെ എണീക്കാല്ലോ? ഇതിപ്പോ നീ എന്നത്തേലും കൂടുതൽ കിടന്ന് ഉറങ്ങി അല്ലെ? നിനക്ക് ടെൻഷൻ ഒന്നും ഇല്ലേ ടി?”
മീനുവിന്റെ ചോദ്യം കേട്ട് ഞാൻ അവളെ ഒന്ന് അടിമുടി നോക്കി. ആള് കുളിച്ച് കുട്ടാപ്പി ആയി വന്നിരിക്കുകയാണ്.
ഇന്നലെ ഓരോന്നൊക്കെ ഓർത്തു കിടന്നിട്ട് പുലർച്ചെ ആകാറായപ്പോഴാ ഒന്ന് ഉറങ്ങീത്. അതാവും എഴുന്നേൽക്കാൻ വൈകിയത്. എന്നാലും അത്രയ്ക്കൊക്കെ നേരം ആയോ? ഞാൻ തല ചരിച്ചു ക്ലോക്കിലോട്ട് നോക്കി.
ആറാവാൻ അഞ്ചു മിനിറ്റ് ഇനിയും ഉണ്ട്.
ഇത്തവണ ഞാൻ രണ്ടു കയ്യും എന്റെ ഇടുപ്പിൽ കുത്തി മീനുവിനെ നോക്കി കണ്ണുരുട്ടി.
” മണി ആറ് പോലും ആയില്ല. ഇതിനാ നീ ഇവിടെ കിടന്നു ദേവൂ ദേവൂന്ന് വിളിച്ച് കൂവിയെ?”
അതല്ലേ ഞാനും നോക്കിയത്? നേരം വൈകിയിരുന്നേ ഇതിനും എത്രയോ മുൻപ് അച്ഛമ്മ വന്നെന്നെ ചവിട്ടി ഉണർത്തിയേനെ…. പുള്ളിക്കാരിക്ക് അച്ഛനൊഴികെ വേറെ ആരും ആറ് മണിക്ക് ശേഷം ഉറങ്ങുന്നത് പിടിക്കത്തില്ല.
” എടി… ഇന്ന് നിന്റെ കല്യാണം അല്ലെ? അപ്പോ നമുക്ക് രാവിലെ കോവിലിൽ പോണ്ടേ? അതെല്ലേ ഞാൻ….”
” എനിക്കറിയാം… നീ അതിങ്ങനെ നാഴികക്ക് നാല്പതു വട്ടം പറയണ്ട…”
എനിക്ക് ദേഷ്യം വന്നു. കല്യാണം എന്ന് ആലോചിക്കുമ്പോഴേ വയറ്റീന്ന് എന്തോ ഒരു സാധനം മുകളിലോട്ട് തികട്ടി വരുന്നുണ്ട്. അതിനിടേലാ അവളുടെ ഒരു കല്യാണപ്പാട്ട്….
” നീ പൊയ്ക്കോ… ഞാൻ കുളിച്ചിട്ട് വന്നേക്കാം. അല്ല… അമ്മ എവിടെ?”
” മാമി അവിടെ നെട്ടോട്ടം ആണ്. തിരക്കോട് തിരക്ക്…. എന്നെ കണ്ടപ്പോ നിന്നെ വിളിക്കാൻ മാമിയാ ഇങ്ങോട്ട് പറഞ്ഞു വിട്ടത്… മാമൻ അവിടെ മിനിറ്റിനു മിനിറ്റിനു ലീലേ… ലീലേ എന്ന് പാടിക്കൊണ്ട് നടക്കുവാ…. പാവത്തിന് നിന്ന് തിരിയാൻ സമയം വേണ്ടേ?”
അച്ഛൻ അമ്മേ വിളിക്കുന്ന ടോൺ ഒക്കെ ഒപ്പിച്ചു പറയുന്നുണ്ടവൾ.
എന്തിനും ഏതിനും അമ്മേ കുറ്റം പറയുകയും ചെയ്യും അച്ഛനും അച്ഛമ്മക്കും എല്ലാത്തിനും അമ്മ വേണം താനും. എന്ത് തരം ആൾക്കാരാണോ?
അടിമയല്ലേ? അപ്പൊ ഉടമ പറയുന്നതൊക്കെ അനുസരിക്കണമല്ലോ?
എനിക്ക് അമ്മയോട് ദേഷ്യം തോന്നുന്ന ഒരേയൊരു കാര്യമാണിത്.
അവളെന്നോട് പെട്ടെന്ന് കുളിച്ച് വരാൻ പറഞ്ഞിട്ട് പുറത്തേക്കിറങ്ങി. ഞാൻ പിന്നെയും ബെഡിൽ ചടഞ്ഞിരുന്നു. കട്ടിലിന്റെ കാൽക്കൽ അമ്മ ഇന്നലെ മൂടിയിരുന്ന പുതപ്പ് മടക്കി ഇട്ടേക്കുന്നത് കണ്ടതും എനിക്ക് ഇന്നലെ അമ്മ പറഞ്ഞതൊക്കെ വീണ്ടും ഓർമ്മ വന്നു.
***********
ഇന്നലെ രാത്രി അമ്മയോട് ഒട്ടിക്കിടക്കുമ്പോ വല്ലാതെ സങ്കടം വന്നിരുന്നു എനിക്ക്. അമ്മേ പിരിയുന്നത് ഓർത്തപ്പോ നെഞ്ച് വിങ്ങിയിരുന്നു. എനിക്ക് കല്യാണത്തോടുള്ള പേടി കൊണ്ടാണെന്നാ അമ്മ കരുതിയത്.
“എന്തിനാ അമ്മേടെ കുട്ടിക്ക് പേടി? അച്ഛനെ പോലെ ആവൂന്ന് കരുതിയാ? എല്ലാരും ഒരുപോലെ ആവില്ല മോളെ.”
അമ്മ അന്നേരം എന്നെ പൊതിഞ്ഞു പിടിച്ചു.
ഞാൻ അമ്മേടെ നെഞ്ചിൽ ഒട്ടി കിടന്നു. എനിക്ക് കരച്ചിൽ വന്നു. നാളെ മുതൽ ഈ കരുതൽ ചൂടില്ലെന്ന ചിന്ത എന്നെ അന്നേരം വല്ലാതെ വേദനിപ്പിച്ചിരുന്നു.
“കരയാതെ ദേവൂട്ടി… നോക്ക്….”
അമ്മ എന്റെ മുഖം പിടിച്ചുയർത്തി.
“ഒരാൾക്ക് എന്നും ദൈവം സങ്കടം കൊടുക്കില്ല മോളെ. അമ്മ പറഞ്ഞിട്ടില്ലേ? അമ്മ കുഞ്ഞിലേ ഒരുപാട് സന്തോഷിച്ചിട്ടുണ്ട്. അപ്പൂപ്പന്റെ ചക്കര ആയിരുന്നു ഞാൻ. ഇളയ മോളല്ലേ? അതും പത്ത് മക്കളിൽ ഏറ്റവും ഇളയത്. മൂത്തത് ഒൻപതും ആൺ മക്കളും. അതിന്റെ സ്നേഹം എല്ലാർക്കും എന്നോട് ഉണ്ടായിരുന്നു. അച്ഛനും അണ്ണമ്മാരും എന്നെ കൊഞ്ചിച്ചാ വളർത്തിയത്. കല്യാണം കഴിഞ്ഞേ പിന്നാ അമ്മ ആർക്കും വേണ്ടാത്തതായത്.”
അമ്മ ഒന്ന് നെടുവീർപ്പിട്ടു. ചേർന്ന് കിടന്നോണ്ടാവും ആ നെഞ്ചുരുകുന്നത് എനിക്ക് അറിയാൻ പറ്റുന്നുണ്ടായിരുന്നു.
” എന്റെ കുട്ടി ഇത്രേം നാളും വിഷമിച്ചില്ലേ? ഇനി സന്തോഷം മാത്രേ ഉണ്ടാവൂ… അവര് നല്ല ആൾക്കാരാ മോളെ. അതല്ലേ അഞ്ച് പൈസ സ്ത്രീധനം പോലും വാങ്ങാത്തെ? ഇല്ലേൽ ഇക്കാലത്ത് ഒരു കോളേജ് അദ്ധ്യാപകന് എത്ര സ്ത്രീധനം കിട്ടും എന്നാ? അത്യാഗ്രഹം ഇല്ലാത്തവരാ… അപ്പൊ ഉള്ള് നിറയെ സ്നേഹോം കാണും.”
അമ്മ അത് പറയുമ്പോഴും എന്റെ ചിന്ത ഞാനും കൂടെ പോയി കഴിഞ്ഞാൽ അമ്മയുടെ അവസ്ഥ എന്താകും എന്നോർത്തായിരുന്നു. അല്ലാതെ ഒരിക്കലും എന്റെ വിവാഹത്തെയോ വിവാഹം കഴിക്കാൻ പോകുന്ന ആളിനെയോ കുറിച്ച് ഓർത്തിട്ടായിരുന്നില്ല. വളരെ കുറച്ച് തവണയേ എന്നെ വിളിച്ചിട്ടുള്ളൂ… എങ്കിലും ആളൊരു ഭീകരജീവി ഒന്നും അല്ലെന്ന് മനസ്സിലാക്കാൻ അത് തന്നെ ധാരാളമായിരുന്നു.
🦋🦋🦋🦋🦋🦋🦋🦋🦋
തുടരും…
പുതിയ കഥയാണ്. ഒരു സാധാരണ കുടുംബ കഥ. ഇതിലെ ആരും പെർഫെക്ട് ആയിരിക്കില്ല എന്ന് ആദ്യമേ പറയട്ടെ…. ഒരിത്തിരി കുശുമ്പും കുന്നായ്മയും ഒക്കെയുള്ള സാധാരണക്കാരായ കുറച്ചു മനുഷ്യർ…
Even നായിക പോലും അങ്ങനെ തന്നെ ആയിരിക്കും. 100% പെർഫെക്ട് ആയ ഒരു നായികയെ നിങ്ങൾ ഇതിൽ പ്രതീക്ഷിക്കരുത്.
ഈ കഥ നായികയുടെ POV യിലാണ് കേട്ടോ എഴുതുന്നത്.
അപ്പൊ തുടങ്ങുവാണ്. കൂടെ കൂടണം. നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ അറിയിക്കണം. അതാണ് എന്റെ energy ബൂസ്റ്റർ…. ❤️🥰. വീണ്ടും പറയുന്നു ഒന്നും ഒന്നും ഇല്ലാത്ത ഒരു സാധാരണ കഥ. പ്രണയിനി പോലെ ഒന്നുമില്ല. അമിതപ്രതീക്ഷ വയ്ക്കരുത്.
ദിവസവും ഉണ്ടാവില്ല. ഒന്നിടവിട്ട ദിവസങ്ങളിൽ ഇടാം…

by