18/04/2026

താലി ബന്ധനം : ഭാഗം 05

രചന – സെലുനിസു

അവൾ തിരിഞ്ഞു നിന്ന് അവനെ കെട്ടിപിടിച്ചു കരഞ്ഞു…..

ഹരിയേട്ടാ…. ഇത്…

കുഞ്ഞു നാൾ തൊട്ടുള്ള നിന്റെ ആഗ്രഹമല്ലേ ഈ ചിലങ്ക… പല വട്ടം നീ ഇതിന് വേണ്ടി നിന്റെ അച്ഛന്റെയും അമ്മയുടെയും അടുത്ത് കെഞ്ചുന്നത് ഞാൻ കണ്ടിട്ടുണ്ട്…. അന്നൊക്കെ എനിക്കത് നോക്കി നിക്കാനേ കഴിഞ്ഞിട്ടൊള്ളു…. പക്ഷേ ഇപ്പൊ നിന്റെ ആഗ്രഹങ്ങൾ നിറവേറ്റി തരാനുള്ള പ്രാപ്തി എനിക്കുണ്ട്….. ഇനി നിന്റെ ഇഷ്ട്ടം പോലെ നമുക്കൊരു ഡാൻസ് ക്ലാസ്സിൽ ചേരാം….. എന്നവൻ പറഞ്ഞതും അവൾ അവനിൽ നിന്ന് വിട്ട് നിന്ന് അവന്റെ മുഖത്തേക്ക് നോക്കി…..

ഹ്മ്മ്… എന്ത്യേ…

അച്ഛൻ സമ്മതിക്കില്ല ഹരിയേട്ടാ…

നീ ഇങ്ങനെ പാവത്താൻ പോലെ നിന്നിട്ടല്ലേ…. കിച്ചുവിനെ കണ്ടിട്ടില്ലേ നീ.ഏത് കാര്യവും അമ്മാവന്റെ മുഖത്തു നോക്കി പറഞ്ഞു അവളുടെ ആവിശ്യങ്ങൾ സാധിച്ചെടുക്കുന്നത്.

എല്ലാവർക്കും ഒരുപോലാവാൻ പറ്റില്ലല്ലോ.. എനിക്ക് അവളുടെ അത്ര ധൈര്യൊന്നും ഇല്ല…. അച്ഛൻ വേണ്ടാന്ന് പറഞ്ഞ കാര്യം വീണ്ടും ചോദിക്കാൻ എനിക്ക് പേടിയാ…

അങ്ങനെ പേടിച്ചാൽ എങനെയാ… ഇത് പണ്ടത്തെ കാലം ഒന്നും അല്ല….നിന്റെ പ്ലസ്ടുവിന്റെ റിസൾട്ട്‌ വരുന്നത് എന്നാ….

മറ്റന്നാൾ….

അഹ് റിസൾട്ട്‌ വരട്ടെ….മാർക്കുണ്ടേൽ നീ തുടർന്ന് പടിക്കേം ചെയ്യും ഡാൻസ് ക്ലാസ്സിനും ചേരും….

അതൊന്നും നടക്കില്ല ഹരിയേട്ടാ… അന്നേ അച്ഛൻ പറഞ്ഞതാ പ്ലസ്ടു വരെ പോയാ മതീന്ന്….

നിന്റെ അച്ഛന് ഭ്രാന്താ….

ഹരിയേട്ടാ…

മിണ്ടരുത് നീ… എന്ത് വേണമെന്ന് എനിക്കറിയാം… അവള് പണ്ടത്തെ കഥയിലെ നായികമാരെ പോലെ പഠിപ്പും നിർത്തി വീട്ട് ജോലിക്ക് ഇറങ്ങിയിരിക്കുവാ…. ഒറ്റ കുത്ത് വെച്ച് തരും ഞാൻ… നിന്നെ നന്നാക്കി എടുക്കാൻ പറ്റുവോന്ന് ഞാനൊന്ന് നോക്കട്ടെ….

മ്മ്.. നടന്നത് തന്നെ…

നടക്കുമെടി നീ കണ്ടോ.. അതിന് മുൻപ് മോളാ ചിലങ്ക കാലിലൊന്ന് കെട്ടിക്കേ… ഞാനൊന്ന് കാണട്ടെ…

ഇപ്പഴോ….

ഓ… ഇനി അതിന് സമയോം കാലൊക്കെ നോക്കണോ… നീ ഇങ് വന്നേ എന്നും പറഞ്ഞവൻ അവളെ പിടിച്ചു ബെഡിലേക്കിരുത്തി അവളുടെ കാലിൽ അത് കെട്ടികൊടുത്തതും അവൾ ഒത്തിരി സന്തോഷത്തോടെ ചിലങ്കയിലേക്കും അവന്റെ മുഖത്തേക്കും മാറി മാറി നോക്കി….

ഹരിയേട്ടാ ഇതിനൊക്കെ പകരം തരാൻ എന്റെ കയ്യിൽ ഒന്നും ഇല്ലല്ലോ….

കയ്യിലൊക്കെ ഉണ്ട്… തരാൻ തയ്യാറാണോ നീ എന്നവൻ ഒരു കള്ള ചിരിയാലെ അവളെ നോക്കി പറഞ്ഞതും അവൾ ചൂൽ എടുത്ത് അവനെ തല്ലാൻ ഓങ്ങി…. അത് കണ്ടവൻ അവളെ കയ്യിൽ പിടിച്ചു അവൾക്കൊന്ന് ഇളിച്ചു കാണിച്ചു…..

എന്നാ അത് വേണ്ടാ… ഞാനൊരു സോങ് പ്ലേ ചെയ്യാം. നീ രണ്ട് ചുവട് വെച്ചേ…

ഹരിയേട്ടൻ ഒന്ന് പോയേ …. എന്നെക്കൊണ്ടൊന്നും വയ്യ….ഒത്തിരി ജോലിയുണ്ട്. പിന്നെ കളിക്കാം എന്നും പറഞ്ഞവൾ കാലിൽ നിന്ന് ചിലങ്ക ഊരാൻ തുടങ്ങിയതും അവന് ദേഷ്യം വന്നിരുന്നു….

ഡീ…. മര്യാദക്ക് ഞാൻ പറയുന്നത് അനുസരിക്കുന്നതാ നിനക്ക് നല്ലത്…. എപ്പൊ നോക്കിയാലും അവളൊരു ജോലി. നീ എന്താടി ഇവിടുത്തെ ജോലിക്കാരിയാണോ….എന്നും പറഞ്ഞു അവൻ ഒച്ചയിട്ടതും അവൾ പേടിച്ചു അവനെ നോക്കി നിന്നു… ചുണ്ട് വിതുമ്പി കരയാൻ ഒരുങ്ങുന്നവളെ കാൺകെ അവൻ ഒന്ന് കണ്ണ് ചിമ്മി തുറന്നു അവൾക്കൊന്ന് ചിരിച്ചു കാണിച്ചു..

എന്തിനാടി എന്നെ ഇങ്ങനെ ദേഷ്യം പിടിപ്പിക്കുന്നേ.. പറഞ്ഞാൽ അതനുസരിച്ചൂടെ നിനക്ക്…എന്നും പറഞ്ഞവൻ അവളുടെ മുഖം കൈകൾ കൊണ്ട് കോരി എടുത്തതും അവൾ അവനെ നോക്കി കണ്ണ് നിറച്ചു…

ലച്ചൂ…സങ്കടായോ…

മ്മ്….

പോട്ടെ….ഞാനല്ലേ.. വിട്ട് കള… ഇന്നലെ തരാൻ ബാക്കി വെച്ചത് തന്നോട്ടെ എന്നും പറഞ്ഞവൻ വിറക്കുന്ന അവളുടെ അധരങ്ങളിലേക്ക് നോക്കിയതും അവൾ അവനെ ഒന്ന് മിഴിച്ചു നോക്കി വേണ്ടെന്ന് തലയാട്ടി….

എങ്കി നീ കളിക്കുവോ…. എന്നവൻ ചോദിച്ചതും അവൾ കളിക്കാന്ന് സമ്മതിച്ചതും ..അവനൊന്ന് ചിരിച്ചു അവളുടെ കവിളിൽ ഒന്ന് കടിച്ചു….

സ്സ്….

ഹരിയേട്ടാ… എന്നും വിളിച്ചു ഒന്ന് ഏങ്ങി കൊണ്ട് അവന്റെ ഷർട്ടിൽ പിടി മുറുക്കി കണ്ണ് ചിമ്മി നിൽക്കുന്നവളെ കാണെ അവനൊന്ന് ചിരിച്ചു ആ കണ്ണുകളിൽ ഉമ്മ വെച്ചു അകന്ന് നിന്നതും അവൾ കണ്ണ് കൂർപ്പിച്ചു അവനെ നോക്കി…

ആ ഈ നോട്ടത്തിന് പറ്റിയ പാട്ട് കിട്ടി….
പ്ലേ ചെയ്യട്ടെ എന്നവൻ ചോദിച്ചതും അത് ഏതാണെന്ന മട്ടിൽ അവൾ അവനെ ഒന്നിരുത്തി നോക്കി…

മനസ്സിലായില്ല..തോം തോം തോം…. എന്നും പറഞ്ഞവൻ കൈ കൊണ്ട് രണ്ട് സ്റ്റെപ്പിട്ട് ചാടി അവളെ അരികിലേക്ക് ചെന്നതും അവൾ ബെഡിൽ കിടന്ന തലയണ എടുത്ത് അവനെ അടിക്കാൻ തുടങ്ങി…

ഡീ… നിർത്തെടി… എനിക്ക് വേദന എടുക്കുന്നുണ്ട്….

ആ എടുത്തോട്ടെ അതിന് തന്നെയാ അടിക്കുന്നേ…വേണ്ടാത്ത ഓരോന്ന് ചെയ്യേം പറയേം ചെയ്തിട്ടല്ലേ എന്നും പറഞ്ഞവൾ വീണ്ടും അവനെ അടിക്കാൻ തുടങ്ങിയതും അവൻ അവളെ കയ്യിൽ പിടിച്ചു തലയണ വാങ്ങി ബെഡിലേക്കിട്ടു….. അവളെ വലിച്ചു അവനിലേക്കടുപ്പിച്ചു….

എനിക്ക് വേദനിച്ചാ നിനക്ക് ഒന്നൂല്ലേ ലച്ചൂ…

ഇല്ലാ…

ഏഹ്…. ഉറപ്പാണോ….

ആ… ഉറപ്പ്….

എന്നാ ഓക്കേ എന്നും പറഞ്ഞവൻ അവന്റെ കൈ കൊണ്ട് ചുമരിലേക്ക് ആഞ്ഞടിച്ചതും അവൾ ഓടി ചെന്ന് അവന്റെ കൈയ്യിൽ പിടിച്ചു….

എന്താ ഹരിയേട്ടാ ഇത്….ദേ കണ്ടോ ചോര പൊടിഞ്ഞു…

അതിന് നിനക്കെന്താ…. എനിക്ക് വേദനിച്ചാലും നിനക്കൊന്നുമില്ലെന്നല്ലേ നീ പറഞ്ഞേ….

ഹരിയേട്ടന് ഭ്രാന്താണോ…ഞാൻ അങ്ങനെ പറഞ്ഞൂന്ന് വെച്ച്…. ഇങ്ങനെയാണോ ചെയ്യാ… കഷ്ട്ടണ്ട്ട്ടോ… എന്നും പറഞ്ഞവൾ നിറഞ്ഞു തൂവാൻ വെമ്പുന്ന മിഴികളാൽ അവന്റെ കയ്യിലേക്ക് മെല്ലെ ഊതി കൊടുത്തു….

നീ ഇപ്പൊ എന്തിനാ കരയണേ…. അതിന് മാത്രം ഒന്നൂല്ല….

ഒന്നും ഇല്ല പോലും..കണ്ടില്ലേ കൈ നീലിച്ചു… ഇതെങ്ങാനും കണ്ട് അമ്മായി എങ്ങനാന്ന് ചോദിച്ചാ എന്താ പറയാ….

അതാണോ സിമ്പിൾ…. എനിക്ക് വേദനിച്ചാ നിനക്ക് ഒന്നൂല്ലാഞ്ഞിട്ടാണെന്ന് പറഞ്ഞപ്പോ ചെറിയൊരു പരീക്ഷണം നടത്തിയതാന്ന് പറയും….എന്നും പറഞ്ഞവൻ അവളെ നോക്കി ഒന്ന് ചിരിച്ചതും.. അവന്റെ കയ്യിൽ നിന്ന് വിട്ടവൾ കാലിലെ ചിലങ്ക ഊരി അവന്റെ കയ്യിൽ വെച്ച് കൊടുത്ത് ചൂൽ എടുത്ത് പുറത്തേക്ക് പോവാൻ നോക്കിയതും അവനാ ചിലങ്ക ബെഡിലേക്ക് വെച്ച് ഓടി ചെന്ന് വാതിൽ അടച്ചു….
അവളെ ദേഷ്യത്തോടെ നോക്കി…

ആരോട് ചോദിച്ചിട്ടാടി നീ കാലിൽ നിന്ന് അതഴിച്ചേ…

എന്റെ കാലിൽ കിടക്കുന്നതല്ലേ അതഴിക്കാൻ എനിക്ക് ആരുടേം അനുവാദം വേണ്ടാ….

ഓഹോ… അപ്പൊ നിനക്ക് ഇങ്ങനേം സംസാരിക്കാനൊക്കെ അറിയാം….. മര്യാദക്ക് അതെടുത്തു കെട്ട്…

ഹരിയേട്ടനിതെന്താ…. എനിക്ക് ഒരുപ്പാട് ജോലി ഉള്ളതാ…. വേണേൽ ലച്ചുവിനെയോ ശ്രീയേ യോ വിളിച്ചോ… അവരാവുമ്പോ ഫ്രീയാ…

ലച്ചൂ… നീ ചുമ്മാ എന്നെ ദേഷ്യം പിടിപ്പിക്കരുത്…

ഹരിയേട്ടന് മാത്രേ ഒള്ളോ ദേഷ്യം….

ആ ഇപ്പൊ എനിക്ക് മാത്രം മതി… വാ വന്നു അതിട്ടു ഒരു രണ്ട് സ്റ്റെപ് കളിച്ചിട്ട് പൊക്കോ…

എനിക്കിപ്പോ പറ്റില്ല….
ഹരിയേട്ടൻ മാറിക്കേ… ഇല്ലേൽ ഞാനിപ്പോ ഒച്ച വെക്കും…

ഏഹ്…എന്താ നീ ഇപ്പൊ പറഞ്ഞേ ഒച്ച വെക്കുംന്നോ…എന്നിട്ടോ… അവരൊക്കെ വരുമ്പോ നീ എന്താ പറയാ…എന്നവൻ ചോദിച്ചതും അവൾ നിന്ന് പരുങ്ങാൻ തുടങ്ങി…..

അത്രക്ക് ധൈര്യമുണ്ടേൽ നീ ഒച്ച വെക്കെടി എന്നും പറഞ്ഞവൻ ഡോർ ലോക്ക് ചെയ്തതും അവൾ ദയനീയമായി അവനെ നോക്കി…

ഇനി ഒച്ച വെക്കെടി വെക്കാൻ എന്നും പറഞ്ഞവൻ അലറിയതും അവൾ കാത് രണ്ടും പൊത്തി പിടിച്ചു…..

ഉള്ളിലുള്ള ഇഷ്ട്ടം തുറന്ന് പറഞ്ഞ് നിന്റെ ഇഷ്ട്ടങ്ങൾക്കൊപ്പം നിന്നപ്പോ അവൾക്ക് ഒരു വിലയും ഇല്ലാ…. പൂച്ചക്കുട്ടിയായി നടന്നവൾ ഇപ്പൊ എന്റെ മുന്നിൽ പുലി അല്ലേടി…

അത്… ഹരിയേട്ടാ… ഞാൻ പെട്ടന്ന്…. അറിയാതെ… എന്നൊക്കെ അവൾ തപ്പി തടഞ്ഞു പറഞ്ഞു തുടങ്ങിയതും അവന് ചിരി വരുന്നുണ്ടായിരുന്നു…..

എന്താടി..ഇപ്പൊ ഒരു വിക്ക് ഒക്കെ….നേരത്തെ എന്തൊക്കെയാ നീ പറഞ്ഞേ…

അത് ഹരിയേട്ടാ ഞാൻ ഇന്നേവരെ ആരോടും ഇങനൊന്നും സംസാരിച്ചിട്ടില്ല… പക്ഷേ എന്തോ ഹരിയേട്ടന്റെ മുമ്പിൽ ഞാൻ അറിയാതെ പറഞ്ഞ് പോയതാ…. സോറി എന്നവൾ പറഞ്ഞതും അവന് ഒത്തിരി സന്തോഷം തോന്നി….

ഈ കുറഞ്ഞ സമയം കൊണ്ട് തന്നെ അവളുടെ മനസ്സിൽ താൻ കയറിപറ്റിയിട്ടുണ്ട്… അതാണ് അവളിപ്പോ എന്റെ മുന്നിൽ ധൈര്യത്തോടെ സംസാരിച്ചേ… അപ്പൊ പെണ്ണ് മിണ്ടാപ്പൂച്ചയെ പോലെ നടക്കുന്നതാണല്ലേ….ശരിയാക്കി തരാടീ…

ഹരിയേട്ടാ സോറി…അമ്മായിയോട് അങ്ങനെയൊക്കെ പറയുമെന്ന് പറഞ്ഞപ്പോ ദേഷ്യം വന്നു അതാ…. അല്ലെങ്കിലേ അമ്മായി എന്നെ പ്രാകാൻ എന്തേലും കാരണം തപ്പി നടക്കുവാ.ഇത് ഞാൻ കാരണം ആണെന്ന് അറിഞ്ഞാൽ പിന്നെ എന്നെ വെച്ചേക്കില്ല.എന്നും പറഞ്ഞവൾ അവന്റെ കയ്യിലേക്ക് ഒന്ന് നോക്കി….

ന്റെ ലച്ചൂ…. ആവിശ്യമില്ലാതെ വഴക്ക് പറയുമ്പോ തിരിച്ചു പ്രതികരിക്കാൻ പഠിക്കണം….

അതിനെനിക്കീ ജന്മം കഴിയില്ല ഹരിയേട്ടാ….

എന്നിട്ട് നീ എന്നോട് ഇപ്പൊ ദേഷ്യപ്പെട്ടതോ….

അത്…. അത് ഞാൻ പറഞ്ഞല്ലോ എനിക്ക് എന്താ പെട്ടന്ന് പറ്റിയെ എന്നറിയില്ല. ഇനി ഉണ്ടാവില്ല…. ഹരിയേട്ടൻ എന്നോട് ക്ഷമിക്കണം എന്നും പറഞ്ഞവൾ അവന് മുന്നിൽ കൈ കൂപ്പിയതും അവനാ കയ്യിൽ പിടിച്ചു…

എന്റെ മുന്നിൽ കൈകൂപ്പാൻ ഞാൻ എന്താടി കൃഷ്ണനോ…. എന്നവൻ പറഞ്ഞതും അവൾ ഒന്ന് പുഞ്ചിരിച്ചു…

ഹരിയേട്ടനെ എന്റെ അടുത്തേക്ക് എന്റെ കണ്ണൻ അയച്ചതാണെന്ന് തോന്നുന്നുണ്ട് എനിക്കിപ്പോ… അപ്പോ തൊഴണ്ടേ….

തൊഴുത് തൊഴുത് ലാസ്റ്റ് നീ എന്നെ തൊഴിക്കുവോടീ….

അഹ്… കയ്യിലിരിപ്പ് ഇങ്ങനെ തന്നെയാണേൽ അതിനും സാധ്യത കാണുന്നുണ്ട്…..

അമ്പടി നീ ആളു കൊള്ളാലോ…എന്റെ കയ്യിലിരിപ്പ് ഇനി മോശമാവാൻ കിടക്കുന്നതേ ഒള്ളു ലച്ചൂസേ …

എങ്കി…തൊഴി വാങ്ങാൻ തയ്യാറായി നിന്നോളൂ…. അതിന് മുൻപ് മോനാ ഡോറൊന്ന് തുറന്നാട്ടെ…

അത് തുറക്കണേൽ ദേ ആ കിടക്കുന്ന ചിലങ്ക കാലിൽ അണിഞ്ഞു മോൾ രണ്ട് സ്റ്റെപ് കളിക്കണം എന്നും പറഞ്ഞവൻ പുരികം പൊക്കി കാണിച്ചതും. അവൾ ചുണ്ട് ചുള്ക്കി അവനെ ഒന്ന് നോക്കി…

ഹരിയേട്ടാ….. ഞാൻ പിന്നെ കളിച്ചു കാണിക്കാം…

പറ്റില്ല… എനിക്കിപ്പോ കാണണം…

കൊച്ചു കുട്ടികളെ പോലെ വാശി കാണിക്കല്ലേ ഹരിയേട്ടാ… ഒരുപ്പാട് നേരമായില്ലേ താഴേന്നു പോന്നിട്ട്… അമ്മായി ഇപ്പൊ തിരക്കി വരും….

ലച്ചൂ പ്ലീസ്…. ഈ ചിലങ്ക വാങ്ങിയപ്പോ ഞാൻ മനസ്സിൽ കണ്ടതാ….ഞാൻ തന്നെ നിന്റെ കാലിലിത് കെട്ടി തന്ന് എന്റെ മുന്നിൽ നീ രണ്ട് ചുവട് വെക്കുന്നത്…. നീ ഈ പറഞ്ഞ് നിൽക്കുന്ന ടൈം മതിയല്ലോ അതിന്….എന്റെ ഒരു ആഗ്രഹമല്ലെടി…. എന്നും പറഞ്ഞവൻ അവൾക്ക് മുന്നിൽ കെഞ്ചിയതും അവൾക്ക് സങ്കടം തോന്നി..

താൻ ഒരുപ്പാട് കാലമായി മനസ്സിൽ കൊണ്ട് നടന്ന ആഗ്രഹമാണ് ഇന്ന് മനസറിഞ്ഞു ഹരിയേട്ടൻ തനിക്ക് സമ്മാനിച്ചത്… അപ്പൊ ആ മനസ്സ് ഞാനും കാണണം….. എന്നെല്ലാം സ്വയം ചിന്തിച്ചവൾ ബെഡിൽ നിന്ന് ചിലങ്ക എടുത്ത് അവന്റെ കയ്യിലേക്ക് വെച്ച് കൊടുത്തു….

കെട്ടിത്താ …. എന്നൊരു പുഞ്ചിരിയാലെ അവനെ നോക്കിയവൾ പറഞ്ഞതും അവനും അവൾക്കൊന്ന് ചിരിച്ചു തറയിലേക്കിരുന്ന് അവളുടെ കാലിലത് കെട്ടി കൊടുത്തു ബെഡിലേക്കിരുന്നു….

ലച്ചു… റെഡിയല്ലേ…. സോങ് പ്ലേ ചെയ്തോട്ടെ….

ഏത് സോങാ ഹരിയേട്ടാ…

നിന്റെ ഇഷ്ട്ട സോങ് തന്നെയാ എന്നും പറഞ്ഞവൻ കൊച്ചു കൊച്ചു സന്തോഷങ്ങൾ എന്ന സിനിമയിൽ കൈതപ്രം എഴുതി ഗായത്രി അശോകൻ പാടിയ ഘനശ്യാമ വൃദ്ധാരണ്യം രാസ കേളി യാമം…എന്ന സോങ്
പ്ലേ ചെയ്തതും. അവളൊന്ന് ഞെട്ടി അവനെ മിഴിച്ചു നോക്കി … തനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള ഗാനം…. ഇത്..ഇതെങനെ ഹരിയേട്ടന് അറിയാം….ഞാൻ ഇതൊന്നും ഇന്നേവരെ ആരോടും പറഞ്ഞിട്ടില്ലല്ലോ.എന്ന് സ്വയം ചിന്തിച്ചവൾ അവനെ നോക്കിയതും അവനവൾക്ക് കണ്ണ് ചിമ്മി കാണിച്ചു കളിക്കാൻ കൈ കൊണ്ട് ആംഗ്യം കാണിച്ചതും അവനിൽ നിന്ന് കണ്ണ് മാറ്റാതെ അവൾ ചുവട് വെക്കാൻ തുടങ്ങി…

പാട്ടിനേ പോലെ മനോഹരമായി നൃത്തം ചെയ്യുന്നവളെ കാണേ അവൻ ഇമ ചിമ്മാതെ അവളെ തന്നെ നോക്കി ഇരുന്നു…..

പാട്ട് കഴിഞ്ഞു അവൾ ചെറുങ്ങനെ കിതച്ചു കൊണ്ട് അവനെ നോക്കിയതും അവൻ പാഞ്ഞു ചെന്ന് അവളെ ഇറുക്കെ കെട്ടിപിടിച്ചു…

ഹരിയേട്ടാ….. എന്നവളുടെ കിതപ്പോടെയുള്ള വിളി കാതിൽ പതിഞ്ഞതും അവളിൽ നിന്നവൻ അകന്ന് നിന്നു….

ലച്ചൂ… എനിക്ക് എന്താ പറയേണ്ടേന്ന് അറിയില്ല… നിന്റെ ഓരോ ചുവടുകളും അത്രക്ക് ഭംഗിയായിരുന്നു…. ഇത്രക്ക് കഴിവ് ഉണ്ടായിട്ടാണോടി… നീ ഈ അടുക്കളയിൽ കിടന്ന് സമയം കളയുന്നത്…..എന്നവൻ ചോദിച്ചതും അവൾ അവനെ നോക്കി ഒന്ന് പുഞ്ചിരിച്ചു ജനലിന്റെ അടുത്ത് പോയി നിന്നു…

അടുക്കള എന്നത്… ഒരുപ്പാട് പെൺകുട്ടികളുടെ സ്വപ്നങ്ങൾ കുഴിച്ചു മൂടപ്പെട്ട സ്ഥലമാണ് ഹരിയേട്ടാ… കഴിവുകൾ ഏറെ ഉണ്ടായിട്ടും പല സാഹചര്യങ്ങൾ കൊണ്ട് അവിടം തളക്കപ്പെട്ടവളാണ് പെണ്ണ്…. സ്വന്തം ഇഷ്ട്ടങ്ങൾ തുറന്ന് പറയാനും മനസ്സിലാക്കാനും ആരും ഇല്ലാതെ വരുമ്പോൾ അവൾക്ക് കൂട്ട് അടുപ്പ് കല്ലും അവിടെ ഉള്ള എച്ചിൽ പത്രങ്ങളും ആയിരിക്കും… അത് പോലെ ആയിരിക്കും ഇനി മുതൽ ലക്ഷ്മി പ്രിയയും ….. എന്നും പറഞ്ഞവൾ അവനെ നോക്കിയതും തിരിച്ചവൻ അവളെ ഒന്ന് കൂർപ്പിച്ചു നോക്കി…

അങ്ങനെ അടുക്കളയിൽ കിടന്ന് നരകിക്കാൻ എന്റെ പെണ്ണിനെ ഞാൻ സമ്മതിച്ചില്ലെങ്കിലോ…. അടുത്ത ദിവസം മുതൽ നീ ഡാൻസ് ക്ലാസ്സിൽ ചേർന്നിരിക്കും….

നടക്കാത്ത കാര്യങ്ങൾ പറഞ്ഞു എന്തിനാ ഹരിയേട്ടാ ചുമ്മാ എന്നെ കൊതിപ്പിക്കുന്നേ….

മോളെ ലച്ചൂ വെറും വാക്ക് പറയാറില്ല ഹരികൃഷ്ണൻ….എന്റെ പെണ്ണ് എന്നേക്കാൾ ഉയരങ്ങളിൽ എത്തണം. അതെനിക്ക് നിർ ബന്ധമാണ്.എന്നും പറഞ്ഞവൻ അവൾക്കരികിലേക്ക് ചെന്നതും അവളവന്റെ നെഞ്ചിലേക്ക് ചാഞ്ഞു…. ഇരു കൈ കൊണ്ടും അവളെ ചേർത്ത് പിടിച്ചവൻ അവളുടെ തലയിൽ മെല്ലെ തലോടാൻ തുടങ്ങി…

ഹരിയേട്ടാ…

എന്തോ…

ഹരിയേട്ടന് എങനെ അറിയാം എന്റെ ഇഷ്ട്ട ഗാനമായിരുന്നു ഇതെന്ന് …

ഞാൻ പറഞ്ഞില്ലേ ലച്ചു…. കുഞ്ഞു നാൾ തൊട്ട് ഞാൻ പോലും അറിയാതെ നീ എന്റെ മനസ്സിൽ കയറി കൂടിയിട്ടുണ്ടാവാം…. നീ പോലും അറിയാതെ നിന്റെ പുറകെ നിന്നിലെ ഇഷ്ട്ടങ്ങൾ തേടി ഞാൻ അലഞ്ഞിട്ടുണ്ട്… അന്നൊക്കെ നിനക്ക് കിട്ടാത്തതൊക്കെ കണ്ടെത്തുക എന്നത് ഒരു കൗതുകമായിരുന്നെങ്കിൽ ഇന്ന് നിന്റെ ഇഷ്ട്ടങ്ങൾ എന്റെ വാശിയാണ്…. നിന്റെ അച്ഛനും അമ്മക്കും നേടി തരാൻ കഴിയാത്ത നിന്റെ ആഗ്രഹങ്ങളെ അവർക്ക് മുന്നിൽ എന്നിലൂടെ നീ നേടി കാണിക്കണമെന്ന വാശി…. എന്നവൻ പറഞ്ഞതും അവളുടെ കണ്ണിൽ നിന്ന് ഉതിർന്നു വീണ കണ്ണുനീർ തുള്ളികൾ അവന്റെ നെഞ്ചിനെ നനയിച്ചു.. ഒപ്പം ഡോറിൽ നിർത്താതെയുള്ള തട്ട് കൂടെ ആയതും അവർ ഞെട്ടിപിടഞ്ഞു അകന്ന് മാറി….

തുടരും