16/04/2026

നീയറിയാതെ : ഭാഗം 06

രചന – അയിഷ അക്ബർ

ഒരു കുന്നിൻമുകളിൽ മരങ്ങൾക്കിടയിൽ ആയിരുന്നു ആ വീട്…. മുറ്റം നിറയെ ചെടികൾ….. ഗ്ലാസിന്റെ വാതിലുകളും ജനലുകളും ആ വീടിന്റെ ഭംഗി കൂട്ടിയിരുന്നു….. ഇലകൾക്കിടയിലൂടെ വരുന്ന പ്രകാശം ഗ്ലാസിൽ തട്ടി തിളങ്ങുന്നുണ്ടായിരുന്നു… ഞാനും ആമിയും അവൾക്ക് പിറകിലായി നടന്നു…. അവൾ ബെല്ലടിച്ചതും ആ വാതിലുകൾ ഞങ്ങൾക്ക് മുമ്പിൽ തുറക്കപ്പെട്ടിരുന്നു…. പപ്പാ… അവളയാളെ കെട്ടിപ്പിടിച്ചു… എനിക്ക് ശരീരമാകേ വിറയൽ വരുന്നുണ്ടായിരുന്നു… വരൂ മക്കളെ….. അകത്തേക്ക് കയറു….. സ്നേഹപ്പൂർവം ഞങ്ങളെ അകത്തേക്ക്‌ ക്ഷണിക്കുമ്പോഴും ഇവിടെ നിന്ന് തിരിച്ചിറങ്ങി പോകുന്നതൊരു പക്ഷെ അവരുടെ വെറുപ്പ് കൊണ്ടാകുമോ എന്ന് ഞാൻ ഭയന്നിരുന്നു…… വില കൂടിയ അലങ്കാര വസ്തുക്കളും സോഫയും ആ വീടിന്റെ മാറ്റ് കൂട്ടിയിരുന്നു….. ഞങ്ങളെ കണ്ടതും രണ്ടു പേര് കൂടി പുറത്തേക്ക് വന്നു….

ഇതെന്റെ കൊമ്പൻ മീശക്കാരൻ പപ്പാ…. അയാളുടെ ഒട്ടും വലുപ്പമില്ലാത്ത മീശയിൽ പിടിച്ചവളത് പറയുമ്പോൾ ഞങ്ങൾ അയാൾക്ക് നേരെ നോക്കി…. പണ്ട് കൊമ്പൻ മീശയായിരുന്നു മക്കളെ..അന്ന് മുതലുള്ള വിളിയാ ഇവളുടെ …. അയാൾ പുഞ്ചിരിച്ചു കൊണ്ട് പറയുമ്പോൾ എല്ലാവരിലും ഒരു പുഞ്ചിരി വിടർന്നിരുന്നു…… ഇതെന്റെ മമ്മ….. മമ്മ ഉണ്ടാക്കുന്ന നല്ല ചൂട് സൂപ്പ് കുടിച്ചിട്ടുണ്ടെങ്കിൽ നിങ്ങൾ ഇയാളെ കൂടി അങ്ങ് കൊണ്ട് പോകും… അവരുടെ കവിളിൽ നുള്ളിയത് പറയുമ്പോളാവരൊരു നാണത്തിൽ കലർന്ന പുഞ്ചിരി സമ്മാനിച്ചിരുന്നു….. ഇതാണ് എന്റെ ചേച്ചി…. മിത്ര…. ആളു നല്ലൊരു എഞ്ചിനീയർ ആണ് കേട്ടോ…. എല്ലാവരെയും പരിചയപ്പെട്ട സ്ഥിതിക്ക് ഞാനിനി ഇവരെ പരിചയപ്പെടുത്താം… ഓഹ്… അതിന്റെ ആവശ്യമൊന്നുമില്ലലോ…. വാ തുറന്നാൽ നീ ഇവരെ കുറിച്ചല്ലാതെ എന്താ പറയാ…….

അവളെ കളിയാക്കിയെന്ന പോൽ അവളുടെ ചേച്ചിയാണത് പറഞ്ഞത്.. അവൾ ഞങ്ങളുടെ മുഖത്തേക്ക് നോക്കുമ്പോൾ എന്തോ ഒരു സന്തോഷം ആ കണ്ണുകളിൽ കാണാമായിരുന്നു….. എങ്കിലും ഞാൻ പറയാം…. ഇത് അഭിരാമി എന്റെ സ്വന്തം ആമി…. അവളെ കെട്ടിപ്പിടിചാണത് പറഞ്ഞത്… ഇത്…… ഇത് സിദ്ധാർത്തെന്ന ഞങ്ങളുടെ സിദ്ധു…. അവളെ ന്റെ മുഖത്തേക്ക് വല്ലാത്തൊരു ഭാവത്തോടെ നോക്കുമ്പോഴും അവളുടെ ഹൃദയത്തിലെ നീറ്റൽ ഞാനറിഞ്ഞിരുന്നില്ല…… അപ്പോഴേക്കും അവളുടെ മമ്മ കാപ്പിയും പലഹാരങ്ങളും ഞങ്ങൾക്ക് മുമ്പിൽ നിരത്തിയിരുന്നു…. ഇവൾ നിങ്ങളെ കൂട്ടിയാണ് വരുന്നതൊന്നും പറഞ്ഞില്ല… പലഹാരങ്ങളിലുള്ള കുറവുകളാണ് അവരെ അങ്ങനെ പറയാൻ നിർബന്ധിച്ചതെന്നെനിക്കറിയാമായിരുന്നു…..

അതിന് ഞാൻ അവരെ കൂട്ടികൊണ്ട് വന്നതല്ല പപ്പാ…. സിദ്ധുവാ ഞങ്ങളെ കൂട്ടി കൊണ്ട് വന്നത്….. പപ്പയോട് സിദ്ധുവിനെന്തോ സംസാരിക്കാനുണ്ട് പോലും…. എനിക്ക് വേണ്ടിയാണവളത് പറഞ്ഞു നിർത്തുന്നതെന്നറിയാമെങ്കിലും പറഞ്ഞു തുടങ്ങാനെനിക്ക് കഴിയുന്നുണ്ടായിരുന്നില്ല…. എന്താ മോനെ… എന്താണെങ്കിലും പറഞ്ഞോളൂ….. ഞാൻ നിന്നു വിയർക്കുന്നത് കണ്ടിട്ടാവും അവളുടെ പപ്പയും അത്ര മേലെനിക്ക് ധൈര്യം തരാൻ ശ്രമിച്ചത്….. ഞാനും….. എനിക്ക് മാധുവിനെ ഇഷ്ടമാണ്… ഒരു ജോലിയാവുന്നത് വരെ നിങ്ങളവളെയാർക്കും കൊടുക്കരുത്….. കാത്തിരിക്കാ മെന്നൊരു വാക്ക് കിട്ടണമെങ്കിൽ വീട്ടിൽ വന്ന് സംസാരിക്കണമെന്നാണ് മാധു പറഞ്ഞത്… അവളെ നഷ്ടപ്പെടുമെന്ന ചിന്ത വല്ലാതെ മനസ്സിനെ കീഴ്പ്പെടുത്തിയപ്പോഴാണ് ഒറ്റ ശ്വാസത്തിൽ ഞാനത് പറഞ്ഞു നിർത്തിയത്……

എല്ലാവരിൽ നിന്നും ഒരു പൊട്ടിത്തെറി പ്രതീക്ഷിച്ച എനിക്ക് നിരാശയായിരുന്നു ഫലം…. അവിടമാകെ ഒരുതരം നിശബ്ദത നിറഞ്ഞു നിന്നു.. അതിൽ നിറഞ്ഞു നിന്നതത്രയും തീരാത്ത നോവിന്റെ കനാലുകളായിരുന്നു…. ഞാൻ എല്ലാവരുടെയും മുഖത്തേക്ക് നോക്കി… ദുഖത്തിൽ ചാലിച്ച മിഴികളുമായി അവരെന്നെ നോക്കി കൊണ്ടിരുന്നു…. മാധുവിന്റെ മുഖത്ത് മാത്രം സദാ കാണുന്ന ആ പുഞ്ചിരി നിറഞ്ഞു നിന്നു… ഒന്നും മനസ്സിലാവാത്ത പോൽ ആമിയും ഞാനും മുഖത്തോട് മുഖം നോക്കി… എന്താണെന്ന് ചോദിക്കാനുള്ള ധൈര്യമില്ലാത്തത് കൊണ്ട് ഞാനും ഉത്തരം പറയാനുള്ള വേദന കൊണ്ട് അവരും തീർത്ത ആ മൗനമാം മതിലിനെ തകർത്തത് അവള് തന്നെയായിരുന്നു…. എന്താ എല്ലാവരും മിണ്ടാതിരിക്കുന്നത്…… ആരും അവൾക്ക് മുഖം കൊടുക്കാൻ കഴിവുള്ളവരായിരുന്നില്ല…. കണ്ടോ സിദ്ധൂ… ഞാൻ പറഞ്ഞില്ലേ ആരും ദേഷ്യപ്പെടില്ലായെന്ന്….

അവളെന്റെ നേർക്ക് നോക്കിയത് പറയുമ്പോൾ തിരിച്ചു പറയാൻ ചോദ്യമോ ഉത്തരമോ എന്റെ കയ്യിലില്ലായിരുന്നു….അത് കൊണ്ട് തന്നെയാവും അവള് വീണ്ടും പറഞ്ഞു തുടങ്ങിയത്…. സിദ്ധൂനറിയോ…. വിദേശത്ത് ഇത്ര വലിയ ബിസ്സിനെസ്സ് മാൻ എല്ലാം ഉപേക്ഷിച്ചു ഈ കുന്നിൻ ചെരിവിലേക്ക് ചേക്കേറാനുള്ള കാരണം… അവള് പറയാൻ പോകുന്ന വാക്കുകളിലായിരുന്നെന്റെ ശ്രദ്ധയത്രയും….. ഇളയ മോളൊന്ന് തല ചുറ്റി വീണു…അന്നേരം തന്നെ ഡോക്ടർമാർ അവളുടെ ആയുസ്സ് പ്രവചിച്ചിരുന്നു… വ്യക്തമല്ലാത്ത ഭാവേന ഞാനിരിക്കുമ്പോൾ അവളെന്റെ അടുത്ത് വന്നിരുന്നു….. അതേ സിദ്ധൂ…. തലച്ചോർ എന്നോട് പിണങ്ങി തുടങ്ങിയിരിക്കുന്നു…. എപ്പോ വേണമെങ്കിലും ശ്വാസം നിലചെക്കാവുന്ന അത്രയും മാരകമായ ഒരു രോഗത്തിന്റെ അടിമയാണ് ഞാൻ….. എനിക്ക് കണ്ണുകളിൽ ഇരുട്ട് പടരുന്നത് പോലെ തോന്നി…… മാധൂ…. വിളിച്ചെങ്കിലും ശബ്ദം പുറത്തേക്ക് വരുന്നില്ലായിരുന്നു…..

ഞാൻ നിന്നെ അത്രയേറെ സ്നേഹിക്കുന്നു സിദ്ധൂ….മരണം കാത്തു കിടക്കുന്ന ഒരു രോഗിക്ക് എങ്ങനെ പ്രണയം പറയണമെന്നറിയില്ലായിരുന്നു….. അത് കൊണ്ടാണ് നിന്നോട് തന്നെ ഇവിടെ വന്ന് സംസാരിക്കാൻ ഞാൻ പറഞ്ഞത്….. ഇടറിയ ശബ്ദത്തോടെ അവളത് പറഞ്ഞു നിർത്തുമ്പോഴും അവളൊഴികെ മറ്റെല്ലാവരുടെ കണ്ണുകളും നിറഞ്ഞു തൂവിയിരുന്നു…. അവളുടെ അമ്മയുടെ തേങ്ങലുകൾ എല്ലാ ശബ്ദത്തെയും തോൽപിച്ചു കളഞ്ഞിരുന്നു… എന്നാൽ അവളുടെ കണ്ണുകൾ മാത്രം നിറഞ്ഞില്ല… എന്തിനെയും നേരിടാനുള്ള ധൈര്യത്തിനൊപ്പം അവളുടെ ചൊടികളിൽ ആരെയും വിസ്മയിപ്പിക്കുന്ന ഒരു പുഞ്ചിരിയുമുണ്ടായിരുന്നു… എനിക്ക് ഒന്നും പറയാനുള്ള ശേഷിയില്ലായിരുന്നു…. ഞാൻ കണ്ണുകൾ കൂട്ടിയടച്ചവിടെയിരിക്കുമ്പോഴും പുഞ്ചിരിയോടെ അവളെന്നെ തന്നെ നോക്കുന്നുണ്ടായിരുന്നു…

മറുത്തൊന്നും പറയാനാവാതെ ഞാൻ അവിടെ നിന്നും ഓടിപ്പോരുകയായിരുന്നു… എന്റെ പിറകെ ആമിയും വന്നിരുന്നു…. കൈകൾ കൊണ്ട് മുഖം പൊത്തി ഞാൻ പൊട്ടിക്കരയുമ്പോൾ ആമിയെന്നെ ചേർത്ത് പിടിച്ചിരുന്നു….. പിന്നീടുള്ള ദിവസങ്ങളിൽ പരീക്ഷയായിരുന്നു… കോളേജിൽ നിന്നവളെ കാണുമ്പോഴും ഞാൻ മുഖം കൊടുക്കാതെ നടന്നു…. അവളുടെ മുഖത്ത് തളം കെട്ടിയ ദുഃഖത്തിന്റെ നിഴലെനിക്കപ്പോൾ കാണാൻ കഴിയുമായിരുന്നു.. സദാ പുഞ്ചിരിക്കുന്നുണ്ടെങ്കിലും അവക്കിടയിൽ നോവിന്റെ കിരണങ്ങൾ എനിക്ക് കാണുന്നുണ്ടായിരുന്നു…. അതൊന്നും താങ്ങാൻ എനിക്ക് കഴിയാത്തത് കൊണ്ട് തന്നെയാണ് അവൾക്ക് ഞാൻ മുഖം കൊടുക്കാത്തിരുന്നത്… അവളടുത്തു വരുമ്പോഴേക്കും ഒഴിഞ്ഞു മാറുന്ന ഞാൻ അവളിലൊരു നോവായി നിൽക്കുന്നുണ്ടെന്നതെനി ക്കുറപ്പായിരുന്നു……..

പരീക്ഷ കഴിയുന്ന ദിവസം അത്തി മര ചുവട്ടിലെ ഭംഗിയുള്ള സിമന്റ്‌ ബെഞ്ചിനരികിൽ ഞാൻ അവളെ കാത്തു നിന്നു…. അവളെന്റെ അടുത്തേക്ക് വന്നു….. എന്തിനാ നീയെന്നോടിങ്ങനെ അകന്നു നിൽക്കുന്നത്…..നിന്റെ പ്രണയം മാത്രമല്ല സിദ്ധൂ നിന്റെ സൗഹൃദവും അത്ര മേലെനിക്ക് പ്രിയപ്പെട്ടതാണ്….. എന്നെ പോലൊരാളെ പ്രണയിക്കുന്നതിൽ അർത്ഥമില്ലെന്ന് വിചാരിക്കുന്നതിനെനിക്കൊരു പരിഭവവും നിന്നോടില്ല… എന്നാൽ നമ്മുടെ സൗഹൃദം കൂടി നശിപ്പിക്കേണ്ട ആവശ്യമുണ്ടോ….. ഞാൻ അവളെ കാത്തു നിൽക്കുകയാണെന്നറിയാതെയാനവളെന്നോട് സംസാരിക്കുന്നത് എന്നെനിക്കറിയാമായിരുന്നു…… നമുക്കിന്നു തന്നെ കല്യാണം കഴിച്ചാലോ….. അവളുടെ മുഖം കൈകളിൽ ചേർത്ത് വല്ലാത്തൊരു ഭാവത്തോടെയാണ് ഞാനത് ചോദിച്ചത്….. സിദ്ധൂ…… അവളുടെ കണ്ണുകളിൽ അത്ഭുതം നിറഞ്ഞു നിന്നു….. ഇന്ന് തന്നെ കല്യാണം കഴിച്ചാൽ എണ്ണപ്പെട്ട ആയുസ്സിലെ ഈ ഒരു ദിവസം കൂടി നമുക്കൊരുമിച് ജീവിക്കാമല്ലോ….

അവളുടെ കണ്ണുകളിൽ നോക്കി ഞാനത് പടയുമ്പോൾ ഇടത് കൈ കൊണ്ടവളെന്നെ ചുറ്റി പിടിച്ചിരുന്നു…… പിന്നീട് പതിയെ എന്നിൽ നിന്നടർന്ന ശേഷം ഞങ്ങളവിടെയിരുന്നു… അത്തിമരം ഒരുക്കിയ തണലിൽ അവളെന്റെ കൈകൾക്ക് മേൽ കൈകൾ വെച്ചിരുന്നു…. അതൊന്നും ശെരിയാവില്ല സിദ്ധൂ…. നമുക്കൊരു ജോലി….. നിന്റെ കുടുംബം…. ഒന്നും ശെരിയാവില്ല….. അത്രമേൽ ആർദ്രമായിരുന്നാ ശബ്ദം…. നിനക്ക് വേണ്ടി എന്ത് ജോലിക്ക് പോവാനും ഞാൻ തയ്യാറാണ്…… ആർക്ക് വേണ്ടിയും ഒന്നിന് വേണ്ടിയും നിന്നെ നഷ്ടപ്പെടുത്താനാവില്ല മാധു…. ഈറനണിഞ്ഞ കണ്ണുകളിൽ മുഴുവൻ അവളോടുള്ള പ്രണയമായിരുന്നു…. തിരുത്താനാവുന്നതിലും അപ്പുറമാണവന്റെ തീരുമാനമെന്ന് അവളറിയുകയായിരുന്നു… ചിലരങ്ങനെയാണ്….എല്ലാവരോടും അത്ര പെട്ടെന്ന് ഇണങ്ങിയെന്നു വരില്ല… എന്നാൽ അവരാരെയെങ്കിലും മനസ്സിനോട് ചേർത്ത് വെച്ചാൽ പിന്നെ അവരിലുള്ള ബന്ധം അവർക്കൊരു ഭ്രാന്തായിരിക്കും…….

വീട്ടിൽ അന്ന് തന്നെ ഞാൻ അക്കാര്യം സംസാരിച്ചു…. എല്ലാവരുടെയും മുഖം വല്ലാതെ മങ്ങിപ്പോയി,…. അച്ഛനും അമ്മയും കുറ്റവാളിയെപ്പോലെ നോക്കി നിന്നു…. എന്താ സിദ്ധൂ നീ പറയുന്നതെന്നറിയാമോ… നിനക്ക്… ഭ്രാന്താണോ… ആമിയുടെ ചോദ്യങ്ങൾക്കുള്ള ഉത്തരം എന്റെ മൗനമായിരുന്നു.. അച്ഛനും അമ്മയും ചോദ്യങ്ങളെല്ലാം ഉള്ളിലൊതുക്കി നിറ മിഴികളോട് എന്നെ നോക്കി….. എന്റെ വാക്കുകളിലെ ദൃഡത യാവാം അവരെ അമ്പരപ്പെടുത്തിയത്…. എല്ലായപ്പോഴും ചെയ്യട്ടെ യെന്ന് സമ്മതം ചോദിച്ചിരുന്നതിൽ നിന്നും വ്യത്യസ്തമായി ഞാനിതു ചെയ്യുന്നു എന്ന് പറഞ്ഞപ്പോൾ മറുത്തു പറയാനാവർക്കൊരു അവസരമില്ലായെന്നവർക്ക് തോന്നിയത് കൊണ്ടാവാം അവർ മൗനം പാലിച്ചത്… പ്രായത്തിന്റെ ചോരത്തിളപ്പും അവളെന്ന ഭ്രാന്തമായ ചിന്തയും നഷ്ടപ്പെടുമോയെന്ന ഭയവും എത്തിച്ചേർന്നത് ഞങ്ങളുടെ കല്യാണത്തിലായിരുന്നു……

എല്ലാം പറഞ്ഞുറപ്പിച്ചതും വളരേ വേഗത്തിലായിരുന്നു… കല്യാണ ഒരുക്കങ്ങൾ നടക്കുമ്പോഴും അമ്മയുടെയും അച്ഛന്റെയും മുഖത്ത് ഒരിത്തിരി സന്തോഷം പോലുമെനിക്ക് കാണാനായില്ല….. എല്ലാവരിലും ഒരു ദുഃഖം തളം കെട്ടി നിന്നു… കുറച്ചാളുകളെ മാത്രം വിളിച്ചു കൂട്ടി ദൈവങ്ങളെ സാക്ഷിയാക്കി ഞാനവൾക്ക് താലി ചാർത്തുമ്പോൾ അവളുടെ അമ്മയുടെയും അച്ഛന്റെയും മിഴികൾ നിറഞ്ഞു തൂവുന്നുണ്ടായിരുന്നു….. എന്റെ അച്ഛനും അമ്മയും മകന്റെ എടുത്ത് ചാട്ടത്തിന് മൂഖ സാക്ഷികളായി നിർവികാരതയോടെ നോക്കി നിന്നു… എന്നെ സംബന്ധിച്ചിടത്തോളം എന്റെ ജീവിതത്തിലെ ഏറ്റവും നല്ല നിമിഷത്തിലായിരുന്നു ഞാൻ…. അവളുടെ കൈകൾ എന്റെ കൈകളിലേക്ക് വെച്ചു തരുമ്പോൾ ശ്വാസം നിലക്കുന്നത് വരെ അവളുടെ നിഴലാവാൻ ഹൃദയം തുടിക്കുകയായിരുന്നു……

അവളുടെ ആയുസ്സ് തീരുന്നതിനു ഒരു നിമിഷമെങ്കിലും ഞാനീ ലോകത്തോട് വിട പറയണമെന്ന് ആഗ്രഹിച്ചിരുന്നെന്റെ മനസ്സ്…… പിന്നീടങ്ങോട്ട് ജീവൻ പകുത്ത് ഞങ്ങൾ പ്രണയിക്കുകയായിരുന്നു…. നിന്റെ കൂടെ ജീവിച്ചേനിക്ക്‌ കൊതി തീർന്നില്ല…. ഇനിയുമെന്റെ ഹൃദയത്തിൽ നിനക്ക് തന്ന് തീർക്കാനുള്ള പ്രണയം ബാക്കിയാണ്…മരിക്കാൻ ഞാൻ വല്ലാതെ ഭയക്കുന്നു സിദ്ധൂ…..ഇത് വരെ തോന്നാത്തൊരു ഭയം….. എന്റെ തോളിലേക്ക് ചാഞ്ഞു കൊണ്ടവൾ പറയുമ്പോൾ മിഴികൾ സാഗരം തീർത്തിരുന്നു….. എല്ലാ സങ്കടങ്ങളും ഉള്ളിലൊതുക്കുന്ന അവളുടെ മിഴികളിൽ തുളുമ്പി നിൽക്കുന്ന നീർതുള്ളികൾ എന്റെ ഉള്ളിൽ ഒരു പിടച്ചിലുണ്ടാക്കി….. അവളെ ആശ്വസിപ്പിക്കാൻ ഞാനൊരു ധൈര്യമുള്ളവനായി മാറുകയായിരുന്നു…. പോലീസ് എന്നുള്ളത് എന്റെ സ്വപ്നമെന്നതിലുപരി അവളുടെ ആഗ്രഹമായിരുന്നത് കൊണ്ട് തന്നെ ഞാൻ പഠിച്ചു…..

പഠിക്കുന്നതോടൊപ്പം ഞാൻലിയും ചെയ്തു ജോ….. സിദ്ധൂ……… ഞാൻ പോയാലും എന്നെയോർത്തു നീ മിഴികൾ നിറക്കരുത്…. നനഞ്ഞൊട്ടിയ മിഴികൾ വലിച്ചു തുറക്കാൻ ഞാൻ പാട് പെട്ടു….. ഓർമകളുടെ ആഴിയിൽ നിന്നും കര കയറുമ്പോൾ എന്റടുത്തു ആമിയില്ലായിരുന്നു….. ആമി പോയോ അമ്മേ…. നിന്റെ കണ്ണ് നിറഞ്ഞത് കണ്ടു നിൽക്കാൻ വയ്യെന്ന് പറഞ്ഞു അവള് പോയി….. പറയുമ്പോൾ അമ്മയുടെ മുഖത്തൊരു തരം സങ്കടം നിറഞ്ഞു നിൽക്കുന്നതായി തോന്നി…. അരികിലായി നിന്നിരുന്ന അന്ന എന്നെ തന്നെ നോക്കുന്നുണ്ടായിരുന്നു….. കലങ്ങിയ കണ്ണുകളുമായി ആർക്കും മുഖം കൊടുക്കാനെനിക്ക് തോന്നിയില്ല…. ഞാൻ പതിയെ മുറിയിലേക്ക് നടന്നു…… കട്ടിലിലേക്ക് ചാഞ്ഞു കിടക്കുമ്പോഴും മനസ്സിൽ നിറഞ്ഞു നിന്നത് മുഴുവനവളുടെ മുഖമായിരുന്നു….. അത്ര മേൽ ഹൃദയത്തോട് ചേർത്ത് വെച്ചിട്ടും വിധി തട്ടിയെടുത്ത അവളെ ഓർക്കുമ്പോൾ മിഴികൾ ഈറനണിഞ്ഞിരുന്നു…… (തുടരും )