രചന – അനീഷ ആകാശ്
ഹോസ്പ്പിറ്റലിൽ എത്തുന്നത് വരെയും ദേവന്റെ ഉള്ളിൽ തീ ആയിരുന്നു… ഐസിയുവിന്റെ മുന്നിൽ എത്തിയപ്പോൾ എല്ലാവരുടെയും മുഖത്തെ ചിരി കണ്ടപ്പോൾ അവന്റെ മനസൊന്നു തണുത്തു.. “മോനേ ഭദ്രക്ക് ബോധം വന്നിട്ടുണ്ട്…രാഘവമേനോൻ കയറി കണ്ടു… ഡോക്ടർ നിന്നെ കാണണമെന്ന് പറഞ്ഞിട്ടുണ്ട്… ” ദേവനെ കണ്ട ഉടൻ മേനോൻ പറഞ്ഞു… ദേവനും മഹിയും കൂടി ഡോക്ടറെ കാണാൻ കയറി.. “സീ മിസ്റ്റർ ദേവൻ ഭദ്രയുടെ കണ്ടിഷൻ ഇപ്പോൾ ബെറ്റർ ആയിട്ടുണ്ട്… മെഡിസിനോട് ബോഡി റിയാക്ട് ചെയ്യുന്നത് കൊണ്ട് ഇനി പേടിക്കാൻ ഇല്ല… ഭദ്രയുടെ മൈൻഡ് നോർമൽ ആകുന്നത് വരെ സംഭവിച്ചതിനെ പറ്റി ചോദിക്കരുത്.. ” ഡോക്ടർ പറയുന്നതെല്ലാം ദേവൻ കേട്ടിരുന്നു..
ഒരാഴ്ചയോളം ദേവൻ ഭദ്രയുടെ ഒപ്പം ഹോസ്പിറ്റലിൽ തന്നെ ആയിരുന്നു… സാവിത്രിയും ദേവകിയും ഉണ്ടെങ്കിലും ദേവൻ ഭദ്രയുടെ ഒപ്പം തന്നെ ഇരുന്നു… “സാവിത്രി വാ നമുക്ക് വീട്ടിൽ പോയി കുളിച്ച് ഫ്രഷായി അമ്പലത്തിലൊക്കെ പോയിട്ട് വരാം… ‘ ദേവകി സാവിത്രിയോടായിട്ട് പറഞ്ഞു.. “അതേ അമ്മ പോയിട്ട് വാ… ഞാൻ ഇവിടെ ഉണ്ടല്ലോ… ” ദേവനും ദേവകിയുടെ അഭിപ്രായത്തോട് യോജിച്ചു.. “ഞാനുംകൂടി പോയാൽ മോൾക്ക് എന്തെങ്കിലും ആവിശ്യം വന്നാൽ മോനേ കൊണ്ട് മാത്രം പറ്റുമോ? ‘ സാവിത്രി ആകുലതയോടെ ചോദിച്ചു.. “അതിനല്ലേ ഇവൻ ഇവിടുള്ളത്? ഭാര്യയുടെ കാര്യങ്ങൾ നോക്കേണ്ടത് ഭർത്താവാണ്… നമ്മുക്ക് പോയിട്ട് വരാന്നു…. ” ദേവകി ഒരുപാട് നിർബന്ധിച്ചപ്പോൾ സാവിത്രിയും സമ്മതിച്ചു… ദേവൻ ഭദ്രയുടെ അടുത്തേക്ക് ഇരുന്നു…
മരുന്നുകളുടെ സെഡേഷൻ കാരണം ഭദ്ര മയക്കത്തിൽ നല്ല മയക്കത്തിൽ ആയിരുന്നു ഭദ്രയുടെ വിരലുകൾ തന്റെ കൈക്കുള്ളിൽ എടുത്ത് കൊണ്ട് ദേവൻ അവളുടെ അടുത്തിരുന്നു അവളുടെ മുഖത്തേക്ക് നോക്കിയപ്പോൾ തന്റെ ഭദ്രയുടെ കുട്ടിത്തം ആ മുഖത്ത് തെളിഞ്ഞു കണ്ടു.. ദേവൻ പതിയെ എഴുന്നേറ്റ് ഭദ്രയുടെ നെറുകയിൽ ഒരു ഉമ്മ കൊടുത്തു… ഭദ്രയുടെ കണ്ണുകളിലെ ചലനം കണ്ടപ്പോൾ പെട്ടെന്ന് ദേവൻ മുഖം ഉയർത്തി… “അമ്മയൊക്കെ എവിടെ? ഞാൻ നല്ല മയക്കത്തിൽ ആയിരുന്നു.. ” ഭദ്ര കണ്ണുകൾ തുറന്ന് ചുറ്റുപാടും നോക്കിക്കൊണ്ട് ചോദിച്ചു.. “അമ്മമാര് രണ്ട് പേരും വീട്ടിലോട്ട് പോയിരിക്കുവാ.. ഫ്രഷായിട്ട് അംമ്പലത്തിലൊക്കെ പോയിട്ട് വരും… ” “അയ്യോ…. അപ്പോൾ ഇപ്പോഴെങ്ങും വരില്ലേ? ” ഭദ്രയുടെ ചോദ്യം കേട്ടപ്പോൾ ദേവന് ചിരിവന്നു.. “അതേ … താൻ എന്തിനാ ഇങ്ങനെ പേടിക്കുന്നത്… ഞാൻ തന്നെ ഒന്നും ചെയ്യില്ല… ” ദേവൻ ചിരിച്ചുകൊണ്ട് പറഞ്ഞു… “അതേ ദേവേട്ടൻ എന്തെങ്കിലും ചെയ്യുമോ എന്നെനിക്ക് പേടിയില്ല… അവരാരും ഇല്ലാതെ ഞാൻ എങ്ങനെ ടോയ്ലറ്റിലൊക്കെ പോകും? ” ഭദ്രയുടെ ചോദ്യം കേട്ടതും ദേവൻ ചിരി തുടങ്ങി..
“അതാണോ കാര്യം? തനിക്ക് എന്ത് ആവിശ്യ ഉണ്ടെങ്കിലും എന്നോട് പറഞ്ഞാൽ മതി..” “അങ്ങനെ എല്ലാ കാര്യവും പറയാൻ പറ്റുമോ? ” “പറയാൻ പറ്റാത്തത് പറയണ്ടാന്ന് വെച്ചാൽ പോരേ…? ” “ബാത്‌റൂമിൽ പോകണമെന്നുളത് പറയാതിരിക്കാൻ പറ്റുമോ? ” ഭദ്ര ദയനീയമായി ചോദിച്ചു.. “അതുപറ്റില്ല…. മോള് ആദ്യം എഴുന്നേറ്റ് ഇരിക്ക് .. ” ദേവൻ അത് പറഞ്ഞപ്പോൾ ഭദ്ര എഴുനേറ്റിരുന്നു… ‘ഇനി ആ കൈ എന്റെ തോളിൽ ഇട്ടേ… ‘ ദേവൻ അത് പറഞ്ഞപ്പോൾ ഭദ്ര കൈ പിന്നീലേക്ക് വലിച്ച് മടിച്ചു നിന്നു… “ഞാൻ പിടിക്കില്ല… ” വാശിയോടെ ദേവനോട് പറഞ്ഞു.. “നീ ഇടേണ്ട…. ഞാൻ ചെയ്‌തോളാം… ” പറഞ്ഞിട്ട് ദേവൻ ഭദ്രയെ താങ്ങി പിടിച്ചിട്ട് അവളുടെ ഇടത് കൈ തോളിലൂടെ വട്ടം പിടിച്ചു.. “വേണ്ടാ…. ഞാൻ തന്നെ പൊക്കോളാം… ” ഭദ്ര വീണ്ടും നിർബന്ധം പിടിച്ചു.. “പെണ്ണേ നീ എന്റെ കൈയ്യിൽ നിന്ന് വാങ്ങും… ” ഭദ്രയോട് ദേഷ്യപെട്ട് കൊണ്ട് ദേവൻ അവളുടെ അരകെട്ടിലൂടെ വലതു കൈ വട്ടം പിടിച്ചു… ദേവന്റെ ആ പിടിത്തത്തിൽ ഭദ്രക്ക് നാണം വന്നു… ഇനിയും വാശിപിടിച്ചാൽ ദേവേട്ടൻ താഴേക്ക് ഇടുമെന്ന് അറിയാവുന്നത് കൊണ്ട് അവൾ അനുസരണയോടെ അവനിലേക്ക് ചേർന്ന് നിന്നു…
ഒരാഴ്ചകൂടി ഹോസ്പിറ്റലിൽ കിടന്നതിന് ശേഷം ഭദ്രയെ ദേവന്റെ വീട്ടിലേക്ക് കൊണ്ടുവന്നു… കാലിൽ പ്ലാസ്റ്ററൊക്കെ ഇട്ടിട്ടുണ്ടെങ്കിലും നടക്കാൻ വല്യ ബുദ്ധിമുട്ടില്ലായിരുന്നു… എന്നാലും ദേവൻ പിടിച്ചുകൊണ്ടാണ് റൂമിലേക്ക് കയറ്റിയത് “അതേ…. .. ” ഭദ്ര പതിയെ ദേവനെ വിളിച്ചു… “ഉം… എന്താ? ” “എനിക്കൊരു കാര്യം പറയാൻ ഉണ്ടായിരുന്നു… ” ഭദ്ര പറഞ്ഞത് കേട്ടപ്പോൾ ദേവൻ അവളുടെ അടുത്തേക്ക് ഇരുന്നു… “എന്ത് കാര്യമാ പറയാൻ ഉള്ളത്… ” ദേവൻ ചോദിച്ചുകൊണ്ട് അവളുടെ മുഖത്തേക്ക് മുഖം അടിപ്പിച്ചു… ദേവന്റെ കണ്ണുകൾ അവളുടെ കണ്ണുകളിലേക്ക് തന്നെ നോക്കി ഇരിന്നു.. ദേവേട്ടന്റെ മുഖം തന്നിലേക്ക് അടുക്കും തോറും ഭദ്രയുടെ ഹൃദയമിടിപ്പ് കൂടി വന്നു… ഭദ്രയുടെ ഹൃദയമിടിപ്പ് കേട്ടിട്ടെന്നവണ്ണം ദേവൻ പതിയെ അവളുടെ നെഞ്ചിലേക്ക് കൈ വെച്ചു… “ഇപ്പോൾ പൊട്ടുമോ? ” ദേവൻ കളിയാക്കികൊണ്ട് ചോദിച്ചു.. “ഇപ്പോൾ പൊട്ടില്ല…, ആ ജനലൊന്ന് തുറന്നിട്ടിട്ട് എന്നെ അവിടെ വരെ ഒന്ന് കൊണ്ടുപോകുമോ? ” ഭദ്ര ഒറ്റശ്വാസത്തിൽ പറഞ്ഞു…
“ഓഹോ… അത് പറയാൻ ആയിരുന്നോ …. ഞാൻ ഓർത്തു ഹോസ്പിറ്റലിൽ വെച്ച് തന്നതൊക്കെ ബോധം വന്നപ്പോൾ തിരിച്ചു തരാൻ ആകുമെന്ന്… ” ദേവൻ നിരാശയോടെ പറഞ്ഞു “ഹോസ്പിറ്റലിൽ വെച്ച് എന്ത് തന്നെന്നാ? ” “അതൊക്കെ ഉണ്ട് … ഇപ്പോൾ താനത് അറിയണ്ട.. ” അതും പറഞ്ഞിട്ട് ദേവൻ അവളെ പിടിച്ചുകൊണ്ട് ജനലിന്റെ അടുത്തേക്ക് നടന്നു… അവളെ അവിടെ ഇരുത്തിയിട്ട് അവൻ ജനാലകൾ തുറന്ന് ഇട്ടു… “ഓഹ്… എന്തൊരു ആശ്വാസം….എത്ര ഡേ ആയി.ഹോസ്പിറ്റലിൽ അവുടുത്തെ സ്മെല്ല് മാത്രം ശ്വസിച്ച് കിടക്കുന്നു… ഇപ്പോഴാ ഒരാശ്വാസം കിട്ടിയത്… ദാ അത് നോക്കിക്കേ…. നെൽപാടവും അരുവിയുമൊക്കെ കാണുമ്പോൾ മനസ്സിനൊരു കുളിർമ…. ” ഭദ്ര നോക്കുന്നിടത്തേക്ക് ദേവനും നോക്കി… “ശെരിയാണ്…. ഇതുവരെ തനിക്ക് അനുഭവപ്പെടാത്ത കുളിർമ മനസ്സിൽ ഇപ്പോൾ തോന്നുന്നുണ്ട്… ഈ ജനൽ തുറക്കുമ്പോഴെല്ലാം താൻ വിദ്യയെ കുറിച്ച് മാത്രമേ ചിന്തിച്ചിട്ടൊള്ളു… ഒരിക്കൽ പോലും ഈ കാഴ്ചകൾ താൻ കണ്ടിരുന്നില്ല… ” കാഴ്ചകൾ കണ്ടു കൊണ്ടിരുന്നപ്പോഴാണ് ദേവന്റെ ശ്വാസം തന്റെ കഴുത്തിൽ തട്ടുന്നത് അവൾ ശ്രദ്ധിച്ചത്…
ദേവന്റെ താടി തന്റെ കഴുത്തിൽ തട്ടിയപ്പോൾ ഭദ്ര കണ്ണുകൾ അടച്ചു… ഭദ്രയുടെ നെഞ്ചിടിപ്പ് മനസിലായപ്പോൾ ദേവന് ചിരിവന്നു… അവന്റെ ചുണ്ടുകൾ അവളുടെ ചെവിയുടെ അടുത്തേക്ക് നീങ്ങി… ഭദ്ര ശ്വാസം അടക്കിപ്പിടിച്ച് നിന്നു.. “താങ്ക് യു….. ഒരു നല്ല കാഴ്ച സമ്മാനിച്ചതിന്… ” ദേവൻ അവളുടെ ചെവിയിൽ പറഞ്ഞപ്പോൾ ഭദ്രയുടെ ചുണ്ടിൽ ചെറു ചിരി പടർന്നു… “ഏട്ടാ……” ദയയുടെ വിളികേട്ടതും ദേവനും ഭദ്രയും അകന്ന് മാറി… “എന്താടി….നിനക്ക് കതകിൽ മുട്ടാൻ മേലായിരുന്നോ? ” ദേവൻ അവളോട് ചൂടായി.. “മലത്തി തുറന്നിട്ടിരിക്കുന്ന കതകിൽ എങ്ങനെ മുട്ടാനാ…” ദയ അത് ചോദിച്ചപ്പോൾ ഭദ്ര പൊട്ടിച്ചിരിച്ചു…
ദേവൻ പതിയെ ഭദ്രയെ നോക്കി… “ഒരുപാട് ചിരിക്കേണ്ട…. ” ദേവനത് പറഞ്ഞപ്പോൾ ഭദ്ര ചിരിനിർത്തി… “അതേ അമ്മ പറഞ്ഞു ഈ പായസം ഇവിടെ തരാൻ… നിങ്ങളുടെ രണ്ടുപേരുടെയും പേരിൽ അമ്പലത്തിൽ വഴിപാട് കഴിപ്പിച്ചിട്ട് വാങ്ങിയതാ… ” അതും പറഞ്ഞിട്ട് അവൾ ഗ്ലാസ് മേശമേൽ വെച്ചിട്ട് ഇറങ്ങി ദേവൻ പകുതി കുടിച്ചിട്ട് ഭദ്രയുടെ മുന്നിലേക്ക് നീട്ടി.. “പാതി ആരും കുടിക്കുന്നത് ഇഷ്ടമല്ലെന്നല്ലേ പറഞ്ഞത്…? ” ഭദ്ര ഗ്ലാസ് വാങ്ങിക്കൊണ്ട് ചോദിച്ചു… “ഇന്നലെ വരെ അങ്ങനെ ആയിരുന്നു…. പക്ഷേ പാതിക്കൊരു അവകാശി വന്നാൽ കൊടുക്കാതിരിക്കാൻ പറ്റുമോ? ” പറഞ്ഞിട്ട് ദേവൻ പുറത്തേക്ക് ഇറങ്ങി പറഞ്ഞതിന്റെ പൊരുൾ മനസ്സിലാക്കിയിട്ടെന്നവണ്ണം ഭദ്ര ചിരിച്ചു…
ദിവസങ്ങൾക്കുള്ളിൽ തന്നെ ഭദ്ര സുഖപ്പെട്ടു… ഒപ്പം തന്നെ അവരുടെ പ്രണയവും പടർന്നു പന്തലിച്ചു…. ദേവൻ പലപ്പോഴായി അത് പ്രകടിപ്പിക്കാൻ ശ്രെമിച്ചു… ഭദ്രക്ക് അത് മനസ്സിലായെങ്കിലും ദേവന്റെ മനസ്സറിയാൻ കാത്തിരുന്നു… “താൻ വേഗം റെഡിയാകുമോ? ” കുളിച്ചിറങ്ങി വന്ന ഭദ്രയോട് ദേവൻ പറഞ്ഞു “എവിടെ പോകാനാ? ‘ “അതൊക്കെ പറയാം… വേഗം റെഡിയാക് പിന്നെ സാരി ഉടുത്താൽ മതി… റോയൽ ബ്ലൂ… വേഗം റെഡിയാക്കണം… ” പറഞ്ഞിട്ട് ദേവൻ പുറത്തേക്കിറങ്ങി… സാരിയുമായി മൽപിടിത്തം നടത്തുന്ന ഭദ്രയെ കണ്ടപ്പോൾ ദേവൻ ചിരിച്ചുകൊണ്ട് കയറി ചെന്നു… “അതേ അമ്മയെ ഒന്ന് വിളിക്കാമോ? ഞാൻ ഉടുത്തിട്ട് ശെരിയാകുന്നില്ല… ” ഭദ്ര വിഷമത്തോടെ പറഞ്ഞു… “അതേ സാരി മുഴുവൻ വാരിവലിച്ചു പിടിച്ചിട്ടാ…. ഇങ്ങനെയാണോ ഉടുക്കേണ്ടത്… ” ദേവൻ ദേഷ്യപ്പെട്ടു… “അതേ സാരി ഉടുക്കാനുള്ള കോഴ്സ് അല്ല ഞാൻ പഠിച്ചത്… ” ഭദ്ര മുഖം വീർപ്പിച്ചുകൊണ്ട് പറഞ്ഞു…
“ആരും ഇതിന്റെ കോഴ്സ് പഠിച്ചിട്ടല്ല ഉടുക്കുന്നത്…. പെൺപിള്ളേരാണെങ്കിൽ ഇതൊക്കെയാണ് അറിഞ്ഞിരിക്കേണ്ടത്…അല്ലാതെ മരം കയറാൻ അല്ല നോക്കേണ്ടത്… ” മറുപടി പറയാൻ തുടങ്ങിയതും ദേവൻ വലിച്ചു അവളെ തന്നിലേക്ക് അടിപ്പിച്ചു… വയറിൽ കൈ വെച്ച് സാരിയുടെ തുമ്പ് വലിച്ചെടുത്തു… “ഇതിനായിട്ട് ഇനി അമ്മയെ വിളിപ്പിക്കണ്ട…” “വേണ്ടാ…ഞാൻ ഉടുത്തൊള്ളാം… ഇങ് തന്നെ .. ” ദേവന്റെ കൈയ്യിൽ നിന്ന് സാരി വാങ്ങിക്കാൻ അവൾ കൈ നീട്ടി.. “അതേ ഈ സാരി വാങ്ങാൻ അറിയാമെങ്കിൽ ഇത് ഉടുത്തു തരാനും അറിയാം… ” അവളുടെ കൈ തട്ടി മാറ്റിക്കൊണ്ട് ദേവൻ സാരി ഉടുപ്പിച്ചു… “ഇനി വേഗം താഴേക്ക് റെഡിയായി വാ…. ഞാൻ വണ്ടി സ്റ്റാർട്ട് ചെയ്യട്ടെ… ” പറഞ്ഞിട്ട് ദേവൻ പുറത്തേക്ക് ഇറങ്ങാൻ പോയപ്പോഴാണ് ഭദ്രയുടെ ഫോണിൽ മെസ്സേജ് വന്നത്… അത് വായിച്ചപ്പോൾ ഭദ്രയുടെ മുഖത്ത് ചിരി പടർന്നു… കാര്യം മനസ്സിലാകാതെ ദേവൻ അവളെ നോക്കി… ” ഇത് ആര് ചെയ്തതാണെങ്കിലും അവർക്കൊരു ഉമ്മ കൊടുക്കണം…. ” ഫോൺ ദേവന്റെ നേർക്ക് തിരിച്ചുപിടിച്ചുകൊണ്ട് ഭദ്ര പറഞ്ഞു.. “എങ്കിൽ താമസിക്കണ്ട ഇങ്ങോട്ട് തന്നേക്ക്….” ദേവൻ അവളുടെ അടുത്തേക്ക് നീങ്ങി നിന്നുകൊണ്ട് പറഞ്ഞു കാര്യം അറിയാതെ ദേവന്റെ മുഖത്തേക്ക് നോക്കി ഭദ്ര നിന്നു… തുടരും…..

by