രചന – അയിഷ അക്ബർ
പുറത്ത് പ്പോയി വന്നത് കൊണ്ട് തന്നെ തണുത്ത വെള്ളം അവൻ ദേഹത്തോഴിച്ചു…..
ഒരു ബനിയനും ട്രാക്ക് സ്യുട്ടും എടുത്തിട്ടവൻ പതിയേ ആ ചില്ല് വാതിൽ തുറന്നു ബാൽകണിയിലേക്ക് നടന്നു…..
തന്നെ തഴുകിയകലുന്ന തണുത്ത പാതിരാ കാറ്റ് അവന്റെ മനസ്സിനെയും ശരീരത്തെയും ഒരുപോലെ തണുപ്പിച്ചിരുന്നു…..
എന്താ ഇവിടെയിരിക്കുന്നത്…..
പിറകിൽ നിന്നുള്ള അവളുടേ ചോദ്യത്തിൽ അവൻ പിറകിലേക്ക് തിരിഞ്ഞു….
അവനെന്തെങ്കിലും പറയുന്നതിന് മുന്പേ അവളും അവനരികത്തായി വന്നിരുന്നു…..
കിടക്കുന്നില്ലെ…..
അവൾ വീണ്ടും അവനെ നോക്കിയത് ചോദിക്കുമ്പോൾ അവൻ പതിയെയൊന്നു പുഞ്ചിരിച്ചു…..
കിടക്കണം….. ഇവിടെയിരിക്കാൻ എന്തോ ഒരു പ്രത്യേക സുഖം പോലെ……
അവനത് പറഞ്ഞ് കൊണ്ട് ഇരുട്ടിലേക്ക് മിഴികൾ നട്ടു….
അത് ശെരിയാ…. ഇവിടെയിരിക്കാൻ വല്ലാത്തൊരു സുഖമാണ്…
ആദി വരുമ്പോഴൊക്കെ ഞങ്ങൾ ഇവിടെ തന്നെയാണിരിക്കാറുള്ളത്……
ആധിയെന്ന പേരവളിലുണ്ടാക്കിയ തെളിച്ചം കണ്ടത് കൊണ്ടോ എന്തോ അവനിൽ പെട്ടെന്നൊരു പ്രയാസമുണ്ടായി …..
ആദിയെ കുറിച്ചുള്ള സംശയങ്ങൾ അപ്പോഴും അവനിൽ നിറഞ്ഞു തന്നെ നിന്നിരുന്നെങ്കിലും ഒരു ചോദ്യത്തിനിടം കൊടുക്കാൻ അവന്റെ മനസ്സനുവദിച്ചിരുന്നില്ല…..
അവനൊന്നും മിണ്ടിയില്ല…..
പിന്നേയ്…. നമ്മൾ ആദിയെ കണ്ട കാര്യം ഡാഡി അറിയരുത്….
അവൾ വളരേ ഗൗരവത്തോട് കൂടിയത് പറയുമ്പോൾ അവൻ സംശയത്തോടെ അവളെ നോക്കി…..
അതെന്താ….
അന്നാ വിവാഹം മുടങ്ങിയ ശേഷം ആദിയുടെ പപ്പയോടും മമ്മയോടും വരെ ഡാഡി പിണക്കത്തിലാണ്….
ആ വിവാഹം മുടങ്ങിയതിന്റെ പേരിൽ ഡാഡി ക്കൊരു പക്ഷെ സുഹൃത്തിനോട് മിണ്ടാതിരിക്കാൻ കഴിയുമായിരിക്കും…..
എന്നാൽ എനിക്കവനോട് മിണ്ടാതിരിക്കാൻ കഴിയില്ല..
ഡാഡി യുടെ മനസ്സിലുള്ള സൗഹൃദത്തേക്കാൾ ഞങ്ങളുടെ സൗഹൃദം ദൃഢമായത് കൊണ്ടായിരിക്കാം….
അവൾ പതിയെയൊന്ന് പുഞ്ചിരിച്ചു..
വിവിയപ്പോഴും അവളെ തന്നെ നോക്കിയിരിക്കുകയായിരുന്നു…..
അവന്റെ മനസ്സിലെ സംശയങ്ങൾ ഒന്നൊന്നായി മുറുകുന്നത് പോലെയവന് തോന്നി….
അവന്റെ വിവാഹമാണ്….. ആ ദിവസം അവനേറ്റവും കൂടുതൽ ആഗ്രഹിക്കുന്നത് ഇവിടെ വെച് വിവാഹം നടക്കാനാണ്…..
പാവം…..
അവൾ ദൂരേക്ക് നോക്കി മനസ്സിലുള്ളത് പറയുമ്പോൾ അവൻ ആകാംക്ഷയോടെ അവളുടേ വാക്കുകൾക്കായി കാത്തോർത്തു…..
എന്താ ഇവിടെ വെച് വിവാഹം നടത്തിയാൽ….
അവൻ സംശയം തീർക്കാനെന്ന വണ്ണം ചോദിക്കുമ്പോൾ അവൾ പതിയേ അവനിലേക്ക് തല തിരിച്ചു…..
അങ്കിൾ നും ആന്റിക്കുമൊന്നും ആ വിവാഹത്തോട് യോജിപ്പില്ല…..
അവന്റെ പ്രണയം ഉൾകൊള്ളാൻ മാത്രം വിശാലത അവർക്കില്ലാതെ പ്പോയി….
അവൾ ഒരു നിരാശയോടെയത് പറയുമ്പോഴും വിവിയാകെ സംശയത്തിൽ തന്നെയായിരുന്നു…..
അപ്പൊ നിങ്ങൾ തമ്മിലുള്ള വിവാഹം മുടങ്ങാനും ആ പ്രണയമായിരുന്നോ കാരണം…..
ഒറ്റ ചോദ്യമായി അവനത് പറഞ്ഞോതെക്കുമ്പോൾ അതിൽ മറഞ്ഞിരിക്കുന്ന ഒത്തിരി ചോദ്യങ്ങൾക്ക് അവളുത്തരം നൽകുമെന്ന് അവനൂഹിച്ചിരുന്നു…..
അവൾ പതിയെയൊന്നവനിലേക്ക്നോക്കി….
ശേഷം ഒന്ന് പുഞ്ചിരിച്ചു….
ഞങ്ങൾ അകലാനുള്ള കാരണം അറിയുന്നതിന് മുന്പേ ഞങ്ങൾ ഒന്നിക്കാൻ തീരുമാനിച്ചതിന്റെ കാരണമാണ് അറിയേണ്ടത്…..
അവളത് പറഞ് നിർത്തുമ്പോൾ അവന്റെ ഹൃദയം അക്ഷമയോടെയായിരുന്നു അവളുടേ വാക്കുകളത്രയും കേട്ടത്…
ഇനി പറയാൻ പോകുന്ന വാക്കുകളിലായിരുന്നു അവന്റെ മനസത്രയും…..
ഞങ്ങൾ തമ്മിൽ ചെറുപ്പം മുതലുള്ള കൂട്ടാണ്….
അവൻ ഏറ്റവും കൂടുതൽ മനസ്സ് തുറന്നു സംസാരിക്കുന്നത് എന്നോടയത് കൊണ്ട് തന്നെ അവന്റെ ഉള്ളിലെ ആ തോന്നലും അവനാദ്യം പങ്കു വെച്ചത് തന്നോടായിരുന്നു…..
വളരും തോറും അവനിൽ ആ ചിന്തയും വളർന്നു തുടങ്ങി…..
ആദ്യമൊക്കെ അതവന്റെ തോന്നലായിരിക്കുമെന്ന് പറഞ്ഞ് ഞാൻ ഒഴിച്ച് വിട്ടെങ്കിലും അവനിൽ നിന്നത് മാഞ്ഞു പോയിരുന്നില്ല…..
തുടർ പഠനത്തിനായി ബാംഗ്ലൂരിൽ പോയ സമയമായിരുന്നു അവൻ അതിനെ ശെരി വെച്ചത്….
അവനൊരു ഗേ ആണെന്ന്….
അവളത് പറയുമ്പോൾ അവളിൽ പ്രത്യേകിച്ചൊരു മാറ്റമുണ്ടായിരുന്നില്ലെങ്കിലും വിവി ഞെട്ടിയവളെ നോക്കിയിരിക്കുകയായിരുന്നു…..
ഇങ്ങനെയൊന്നു അവൻ ഒട്ടും പ്രതീക്ഷിക്കാത്തത് കൊണ്ട് തന്നെ അവന്റെ ഞെട്ടൽ ആ മുഖത്ത് തെളിഞ്ഞു കണ്ടിരുന്നു….
ബാംഗ്ലൂരിൽ പ്പോയി വന്നതും കൂടെ യേവന്റെയൊരു സുഹൃത്തുണ്ടായിരുന്നു….
സുഹൃത്തെന്ന് പറയുന്നത് അവനിഷ്ടമേയല്ല….
അവന്റെ പാർട്ണർ എന്നാണ് പറയാറുള്ളത്…..
അവൾ ഓർമകളിലെന്ന പോലൊന്നു ചിരിച്ചു….
അതാണ് നമ്മളിന്ന് കണ്ട നിവിൻ….
അവൾ അവന് നേരെയൊന്ന് പുഞ്ചിരിച്ചു….
പിന്നെന്തിനായിരുന്നു നിങ്ങൾ തമ്മിലൊരു വിവാഹം…..
അത് വരെയില്ലാത്തൊരു ഗൗരവം വിവിയുടെ വാക്കുകളിൽ നിറഞ്ഞു നിന്നത് അവളറിഞ്ഞിരുന്നു….
വിവാഹമെന്നത് രണ്ട് പേരെയും ബുദ്ധിമുട്ടിലാക്കിയപ്പോഴാണ് ഞങ്ങൾ തമ്മിൽ വിവാഹം കഴിക്കാൻ തീരുമാനിച്ചത്……
ഞങ്ങൾക്ക് രണ്ട് പേർക്കും വേണ്ടത് സമയമായിരുന്നു…..
വിവാഹത്തോട് ഒട്ടും താല്പര്യമില്ലാത്തിരുന്ന തനിക്ക് ഒരു ജോലിയാകുന്നത് വരെയും എല്ലാവരുടെയും എതിർപ്പിനെ മറി കടന്ന് അവന്റെ പ്രണയത്തിലേക്ക് ചേരാൻ അവനും വേണ്ടത് സമയമായിരുന്നു…..
അതിനു വേണ്ടി പേരിനൊരു വിവാഹം….
ആ വിവാഹത്തിലൂടെ ഞങ്ങൾ രണ്ട് പേർക്കും ഞങ്ങളുടേതായ സ്വാതന്ത്ര്യം ഞങ്ങൾ ആഗ്രഹിച്ചു…
എന്നാൽ……
മമ്മി ഇടപെട്ട് വിവാഹം മുടങ്ങി…..
രണ്ട് പേരുടെയും വിവാഹം രണ്ട് വീട്ടുകാരും നിശ്ചയിച്ചു…..
മറ്റൊരു പെൺകുട്ടിയുടെ ജീവിതം താനായി നശിപ്പിക്കില്ലെന്ന് പറഞ്ഞവൻ നാട് വിടുമ്പോൾ യാത്ര പറഞ്ഞത് എന്നോട് മാത്രമായിരുന്നു…..
അന്നാണ് ഞങ്ങൾ അവസാനമായി കാണുന്നതും……
ഇന്നവന് സ്വന്തം കാലിൽ നിൽക്കാൻ ജോലിയുണ്ട്…
എല്ലാവരുടെ എതിർപ്പിനെയും മറി കടന്ന് നിവിനുമായുള്ള വിവാഹത്തിന് ഒരുങ്ങുകയാണവൻ….
അവളത്രയേറെ സന്തോഷത്തോടെ അത് പറഞ്ഞ് നിർത്തുമ്പോൾ ആ കണ്ണുകളിൽ കണ്ട തിളക്കം വിവിയിലൊരു നോവ് തീർത്തിരുന്നു…..
അവൻ പതിയേ അവിടെ നിന്നും എഴുന്നേറ്റു….
പെട്ടെന്ന് ഇരുന്നിടത് നിന്നും എഴുന്നേറ്റ് പോകുന്നതെന്തെന്നറിയാതെ അവൾ അവന് നേരെ തിരിഞ്ഞു നോക്കി……
അവൻ കട്ടിലിൽ പ്പോയി കിടക്കുമ്പോഴും ഹൃദയം അങ്ങേയറ്റം വേദന അറിഞ്ഞിരുന്നു….
അവൻ അവന്റെ സ്വപ്നങ്ങളിലേക്കെതി ചേർന്നത് എത്ര സന്തോഷത്തോടെയാണവൾ പറയുന്നത്….
എന്നാൽ താനുമായുള്ള വിവാഹത്തോടെ യുള്ള അവളുടേ നഷ്ടങ്ങളുടെ കണക്ക് അവയിലെവിടെയോ ഒളിപ്പിച്ചതായി അവന് തോന്നി….
ഒരുപക്ഷെ അത് തന്റെ തോന്നലാവാം….
അവൻ കണ്ണുകളടച്ചു തന്നെ കിടന്നു….
അതേ സമയം അവളുടേ ഹൃദയത്തിൽ താൻ കരുതിയത് പോലൊരു പ്രണയത്തിന്റെ അവശിഷ്ടമില്ലെന്ന് ഓർക്കുമ്പോൾ മനസ്സ് നിറയുന്നുണ്ടായിരുന്നു….
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
മോളേ മീരാ…. ഡാഡിക്ക് നിന്നോട് ഒരു കാര്യം പറയാനുണ്ട്….
മീരയുടെ കൂടെ വിവിയുടെ മുഖത്ത് കൂടി നോക്കിയാണ് അയാളത് പറഞ്ഞത്….
അവളെന്തെന്ന അർത്ഥത്തിൽ അയാളെ നോക്കി…..
നമ്മുടെ തറവാടിന്റെ കാര്യമാണ്…..
അവിടെയൊരു റിസോർട് പണിയാൻ എനിക്കൊരു പ്ലാന്നുണ്ട്…. അപ്പൊ മോൾടെ തീരുമാനം കൂടി അറിയാമെന്നു വെച്ചു….
അവൾ അത്ഭുതത്തോടെ അയാളെ നോക്കി..
ഇത് വരെ ഡാഡിയുടെ ഒരു ആഗ്രഹത്തിനും എന്നോട് അനുവാദം ചോദിച്ചിട്ടില്ല….
എന്തിനു…. എന്റെ കാര്യങ്ങൾക്ക് പോലും എന്നോടൊരു അഭിപ്രായം ചോദിച്ചിട്ടില്ല…. പിന്നെയെന്താ ഇപ്പൊ ഒരു പുതിയ മാറ്റം……
അവളത് ചോദിക്കുമ്പോൾ അയാൾ അഭിപ്രായം ചോദിച്ചതിൽ സന്തോഷം തോന്നിയിരുന്നെങ്കിലും അടുത്ത് നിൽക്കുന്ന പ്രഭയുടെ മുഖ ഭാവത്തിൽ നിന്നും അതിലെന്തോ മറ്റൊരു കളിയുണ്ടന്നവൾക്ക് തോന്നി……
അത് മോളേ….. ആ സ്ഥലം എന്തെങ്കിലും ചെയ്യണമെങ്കിൽ അതിനു നിന്റെ സമ്മതം വേണം….
ആ സ്ഥലം നിന്റെ കൂടി പേരിലാണ് മുത്തശ്ശനും മുത്തശ്ശിയും എഴുതി വെച്ചിരിക്കുന്നത്….
അയാളത് പറയുമ്പോൾ അവളോട് പറയാനുള്ള ചെറിയൊരു ജാള്യത അയാളിലുണ്ടായിരുന്നു…
എന്നാൽ മീരക്കത് കേട്ടതും സങ്കടം തോന്നി….
ഓഹ്…. അപ്പൊ അതിനായിരുന്നല്ലേ ധൃതി പെട്ട് വിവാഹം നടത്തിയതും…..
അവളത് ചോദിക്കുമ്പോൾ അയാളൊന്നും മിണ്ടിയില്ല….
വീണ്ടും എന്തെങ്കിലും പറഞ്ഞാൽ തന്റെ വാക്കുകൾ ഇടറി പോകുമെന്ന ഉറപ്പിൽ തന്നെയാണ് ഒന്നും മിണ്ടാത്തെ അവൾ മുറിയിലേക്ക് നടന്നത്……
വിവി മുറിയിലേക്ക് ചെല്ലുമ്പോൾ നിറഞ്ഞ മിഴികളുമായിരിക്കുന്ന മീരയെയാണ് കാണുന്നത്….
അവനെ കണ്ടതും അവൾ വേഗം മിഴികൾ അമർത്തി തുടച്ചു……
അവൾക്കറികത്തായി അവനിരുന്നു….
കട്ടിലിൽ വെച്ച അവളുടേ കയ്യിനു മേൽ അവൻ പതിയേ കൈ വെച്ചു…
അവളെ ആശ്വസിപ്പിക്കാനെന്ന പോൽ……
നമുക്ക് പോകാം….
അവനെന്നത് അവളെ അത്ര മേൽ ആശ്വാസത്തിലാക്കുന്നത് അവളറിയുന്നത് കൊണ്ട് തന്നെയാണ് അവൾ കണ്ണുകൾ തുടച്ചു കൊണ്ടത് പറഞ്ഞത്..
പോകാം…..
അവളെ ആശ്വസിപ്പിക്കാൻ അതല്ലാതെ അവന്റെ കയ്യിൽ മറ്റൊരു വാക്കുണ്ടായിരുന്നില്ല….
ആരും എന്നെ സ്നേഹിച്ചിട്ടില്ല….. എല്ലാവർക്കും അവരുടെ പണവും പ്രശസ്തിയും ഒക്കെയായിരുന്നു പ്രധാനം…..
അതിനിടയിൽ എന്നെ ഒന്ന് ശ്രദ്ധിക്കാൻ പോലും അവർക്ക് സമയമില്ലായിരുന്നു..
തമ്മിൽ വഴക്ക് കൂടുമ്പോഴും ഞാനെന്നൊരു രൂപത്തെ അവർ മനപ്പൂർവം മറന്നു പോകുകയായിരുന്നു…..
ഞാൻ വിവാഹത്തിന് സമ്മതിക്കാൻ തന്നെ കാരണം ഡാഡി അത്രമേൽ ആഗ്രഹത്തോടെ എന്നോട് പറഞ്ഞ ആദ്യത്തെ കാര്യമായത് കൊണ്ടായിരുന്നു……
അതെന്നോടുള്ള കരുതലിൽ നിന്നാണെന്ന് ഞാൻ വിശ്വസിച്ചു..
എന്നാൽ അതും അവരുടെ സ്വാർത്ഥതക്ക് വേണ്ടിയാണെന്ന് ഓർക്കുമ്പോൾ……
അവൾക്ക് മുഴുവനാക്കാൻ കഴിയുന്നുണ്ടായിരുന്നില്ല….
കണ്ണുകൾ നിറഞ്ഞൊഴുകിയിരുന്നു…..
അവളുടേ മനസ്സിലെ ഭാരങ്ങളോരോന്നായി അവന് മേൽ പെയ്തിറക്കുമ്പോൾ അവനും അവളെ പൂർണമായി അറിഞ്ഞു കൊണ്ടിരിക്കുകയായിരുന്നു…..
ഹൃദയം കൊണ്ടവനവളെ കേൾക്കുകയായിരുന്നു………
അവളെയൊന്ന് ചേർത്ത് പിടിച് ആശ്വസിപ്പിക്കാൻ അവന്റെ മനസ്സ് ആഗ്രഹിച്ചിരുന്നെങ്കിലും തന്റെ ഹൃദയത്തിൽ അവൾ നിറഞ്ഞു നിൽക്കുന്നത് പോലെ അവളിൽ താൻ അടുത്ത് നിൽക്കുന്നുണ്ടോയെന്നറിയാത്തത് കൊണ്ട് തന്നെ അവനതുപേക്ഷിച്ചു…
എന്നാൽ പിടിച്ചു നിർത്താൻ പറ്റാത്ത സങ്കടത്താൽ അവൾ അവന്റെ നെഞ്ചിലേക്ക് പെട്ടെന്ന് ചാഞ്ഞപ്പോൾ അവനാകെ ഞെട്ടിയിരുന്നു…..
അവളുടെയുള്ളിലെ സങ്കടങ്ങളത്രയും അവന്റെ ഷർട്ടിനെ നനക്കുമ്പോൾ അവൻ ഇടത് കയ്യാൽ അവളുടേ മുടിയിഴകളിൽ തഴുകിയിരുന്നു…….
(തുടരും )

by