രചന – സുധീ മുട്ടം
“വിവാഹം കഴിഞ്ഞു അഞ്ച് വർഷങ്ങൾക്ക് ശേഷം,ഭർത്താവിന്റെ കയ്യും പിടിച്ചു വലതുകാൽ വെച്ചകത്തു കയറിയ വീട്ടിൽ നിന്നും തിരികെ ഞാൻ വെളിയിലേക്കിറങ്ങി…അഞ്ചുവർഷത്തെ ദാമ്പത്യ ജീവിതത്തിന്റെ ബാക്കിപത്രത്തിന്റെ ശേഷിപ്പായി മിഴിനീർകണങ്ങളെന്റെ കവിളിനെ ചുംബിച്ചു താഴേക്കൊഴുകിയിറങ്ങി…..
ഒരുപാട് സ്നേഹിച്ചിരുന്ന ഭർതൃഗൃഹത്തിനെ ഒരുപ്രാവശ്യം കൂടിയെനിക്കു തിരിഞ്ഞു നോക്കുവാൻ ശേഷിയില്ലായിരുന്നു…..ഹൃദയം പൊട്ടിത്തകർന്ന വേദനയാലെന്റെ നെഞ്ചു പിടച്ചപ്പോൾ ഒരിക്കൽക്കൂടി ഞാനാവീടിന്റെ മുറ്റത്തേക്ക് ദൃഷ്ടികൾ പായിച്ചു….മുറ്റത്തിന്റെ നടുവിലായി എന്നെത്തന്നെ സൂക്ഷിച്ചു നോക്കിയിരുന്ന അമ്മായിയമ്മയുടെ മിഴികളിലെന്റെ കണ്ണുകൾ പതിഞ്ഞു….പരിഹാസച്ചിരിയുമായി നിൽക്കുന്ന അമ്മായിയമ്മയുടെ നോട്ടത്തെക്കാളെന്നെയേറെ വിഷമിപ്പിച്ചത് ക്രൂരമായ ആനന്ദത്താൽ രസിച്ചു നിൽക്കുന്ന ഭർത്താവിന്റെ മുഖമായിരുന്നു…..
അഞ്ചുവർഷങ്ങൾക്കൊരു ദിവസം മുമ്പേ എന്നെ പെണ്ണുകാണാനായെത്തിയ ഭർത്താവിന്റെ മുഖം എന്റെ ഓർമ്മയിൽ തെളിഞ്ഞു വന്നു…”ചൊവ്വാദോഷക്കാരിയാണെന്നും സ്ത്രീധനവുമില്ലെങ്കിലും എനിക്കീ പെണ്ണിനെ മതിയെന്ന് തറപ്പിച്ചു അമ്മയോടുറക്കെ പറയുന്നൊരു ചെറുപ്പക്കാരൻ, പെണ്ണുകാണലെന്ന നാടകമിനി തുടരാൻ കഴിയില്ലെന്ന് കൂടി അദ്ദേഹം അമ്മയെ ബോധ്യപ്പെടുത്തുന്നു…..
അദ്ദേഹത്തിന്റെ നിർബന്ധത്തിനു വഴങ്ങി വീട്ടുകാർ ഇരുവരും വിവാഹം നിശ്ചയിക്കുമ്പോൾ അദ്ദേഹം ചോദിച്ചത് ഒന്നു മാത്രമായിരുന്നു ….”മരണം വരെ നമുക്കൊന്നിച്ച് സന്തോഷവും ദുഖവും പരസ്പരം പങ്കുവെച്ച് ജീവിക്കാൻ കഴിയുമോ….?” കഴിയുമെന്നൊരൊറ്റ വാക്കിൽ ഞാൻ ഉത്തരം നൽകുമ്പോൾ ആ മിഴികളിൽ വല്ലാത്തൊരു കൗതുകം നിറഞ്ഞിരുന്നതെന്റെ ശ്രദ്ധയിൽപ്പെട്ടു…..
“ന്റെ മോൾ ഭാഗ്യവതിയാണ്.. ഒരെയൊരു മകൻ,ചെറുക്കനു അമ്മ മാത്രമേയുള്ളൂ.,.. നിന്റെ അമ്മയായി കരുതി തന്നെയവരെ സ്നേഹിക്കണമെന്ന് അച്ഛൻ നൂറ്റിയൊന്നാവർത്തി പറഞ്ഞതിന്നുവരെ ഞാൻ അക്ഷരം പ്രതിയയനുസരിച്ചിട്ടെയുള്ളൂ……അഞ്ചുവർഷത്തെ ദാമ്പത്യ ജീവിതത്തിൽ സന്തോഷമെന്നത് അച്ഛനു മുമ്പിൽ ഞാൻ അഭിനയിക്കുകയായിരുന്നു..അമ്മയില്ലാത്തയെന്നെ പഠിപ്പിച്ചു വലുതാക്കാനെന്റെ അച്ഛൻ അനുഭവിച്ച വിഷമങ്ങൾ കണ്ടുതന്നെയാണ് ഞാൻ വളർന്നത്….
പലരും എന്റെ അച്ഛനോട് ചോദിച്ചിരുന്നു….” നിനക്കുളളതൊരു പെൺകുട്ടിയാണ്.അവളെ വളർത്താനൊരു അമ്മ കൂടിയെ തീരൂ.അതിനാൽ നീയൊരു വിവാഹം കഴിക്കണം…..നെഞ്ചിലൊരു വിങ്ങലായി അച്ഛന്റെ മനസിൽ ആ ചോദ്യം തറഞ്ഞു നിന്നു….”എന്റെ ലക്ഷ്മിയുടെ സ്ഥാനത്ത് മറ്റൊരാളെയെനിക്ക് ചിന്തിക്കാൻ കഴിയില്ല. ലച്ചുമോളെ എന്നെക്കൊണ്ടാകുന്ന രീതിയിൽ ഞാൻ വളർത്തും.അമ്മയുടെ മകളായതിനാൽ അവളൊരിക്കലും വഴിതെറ്റില്ലെന്ന് എനിക്കുറപ്പുണ്ട്…….
എന്റെ അച്ഛന്റെ മനസിലെയെന്റെ സങ്കൽപ്പത്തിനു ഞാനിന്നുവരെയും കോട്ടം വരുത്തിയട്ടില്ല……പക്ഷേ എന്റെ സ്വപ്നങ്ങളും ജീവിതവും തകർന്നു തുടങ്ങിയത് ആദ്യരാത്രിയിൽ ഭർത്താവിന്റെ വെളിപ്പെടുത്തലുകൾക്ക് മുമ്പിലായിരുന്നു….” എനിക്കൊരു വിധവയുമായി രഹസ്യബന്ധമുണ്ട്.അതിലൊരു മകനും.പരസ്യമായി അവരെ അംഗീകരിക്കാൻ പറ്റാത്തതിനാൽ ബന്ധം രഹസ്യമായി തുടരുന്നു. ഇതെല്ലാം നിന്റെ മനസ്സിൽ സൂക്ഷിക്കാൻ കഴിഞ്ഞാലെന്റെ ഭാര്യാപദവി പേരിനു അലങ്കരിക്കാം…..
എന്റെ അച്ഛന്റെ സ്വപ്നങ്ങൾ, വീട്ടിലെ അവസ്ഥയെല്ലാം ഭർത്താവിനു നന്നായി അറിയാമെന്നതിനാൽ,ഞാനിതിനു സമ്മതിക്കുമെന്ന് അദ്ദേഹത്തിനു അറിയാമായിരുന്നു…..സ്നേഹത്താൽ ഭർത്താവിനെ മാറ്റിയെടുക്കാൻ ഭഗീരതപ്രയത്നം ഞാൻ നടത്തി നോക്കി.. അദ്ദേഹം ഒരിക്കലും മാറില്ലെന്ന് മനസിലായതോടെ ഞാനാശ്രമം എന്നെന്നേക്കുമായി ഉപേക്ഷിച്ചു…..ഞാനും ഭർത്താവും ഇരുധ്രുവങ്ങളിലായി ഒഴുകി തുടങ്ങിയതോടെ വീണ്ടും പ്രശ്നങ്ങൾ തലപൊക്കി തുടങ്ങി…..
വർഷം രണ്ടു കഴിഞ്ഞിട്ടും മരുമകൾ ഗർഭിണിയാകാത്തതിലായിരുന്നു അമ്മായിയമ്മയുടെ ആധി മുഴുവനും. ഒളിഞ്ഞും തെളിഞ്ഞും മച്ചിയെന്നെ വിളിപ്പേരിട്ടെന്നെ അവർ വിളിച്ചു തുടങ്ങിയത് സഹിക്കാവുന്നതിനും അപ്പുറമായിരുന്നു.എന്നിട്ടും ഞാൻ എന്നാലാവും വിധം പിടിച്ചു നിൽക്കാൻ ശ്രമിച്ചു… ഭർത്താവിനു വാക്ക് നൽകിയതിനാൽ രഹസ്യങ്ങൾ പലതും ഞാനൊതുക്കി തീർത്തു…..ഭർത്താവ് അമ്മയുമായി ചേർന്നെന്നെ പരിഹസിച്ച് തുടങ്ങിയതോടെ ഭർതൃഗൃഹം ഉപേക്ഷിക്കാൻ ഞാൻ നിർബന്ധിതയായത്…..
മകനെ മറ്റൊരു വിവാഹം കഴിപ്പിക്കാമെന്നതായിരുന്നു അമ്മായിയമ്മയുടെ ആഗ്രഹം. ചൊവ്വാക്കാരി വീട്ടിൽ വന്ന് കയറിയതാണ് മകനൊരു കുഞ്ഞുണ്ടാകാത്തതെന്നായിരുന്നു അവരുടെ മറ്റൊരു കണ്ടുപിടുത്തം……നിറഞ്ഞൊഴുകിയ മിഴകൾ ഞാൻ സാരിത്തലപ്പിനാലൊപ്പി.ഇനി കരയുകയില്ലെന്ന് മനസിൽ നൂറ്റിയൊന്നാവർത്തി ഉറപ്പിച്ചു ചൊല്ലി….
എന്നെ പരിഹാസ ദൃഷ്ടിയോടെ നോക്കി നിന്നവരുടെ സമീപം ഞാൻ ചുവടുകൾ ഉറപ്പിച്ചു…..”ദാ… നിങ്ങൾ കെട്ടിയ താലി…. താലി വലിച്ചു പൊട്ടിച്ച് ഭർത്താവിന്റെ കൈകളിൽ ഞാൻ ഏൽപ്പിച്ചു….” ഞാൻ ഗർഭിണിയാകാത്തത് എന്റെ കുറ്റമല്ല.എന്റെ കൂടെ കിടന്നാലെ ഞാൻ മച്ചിയാണൊ ഇല്ലയൊ എന്ന് തെളിയൂ..രഹസ്യത്തിൽ ഭാര്യയും കുഞ്ഞുമുളള നട്ടെല്ലില്ലാത്ത നിങ്ങളുടെ മകനെയും എനിക്കിനി വേണ്ട…..
അമ്മായിയമ്മയോടു കൂടി ഉറക്കെ പറഞ്ഞിട്ട് ഉറച്ച കാൽ വെപ്പോടെ ഞാനെന്റെ വീട്ടിലേക്ക് നടന്നു…..അച്ഛനെയെന്ത് പറഞ്ഞു സമാധാനിപ്പിക്കുമെന്നായിരുന്നു എന്റെ ആധി മുഴുവനും… ആ സമയത്ത് തന്നെ ഫോണിൽ അച്ഛന്റെ വിളിയെത്തി…..”അച്ഛനെല്ലാം അറിയാം മോളെ.എന്നെക്കരുതി നീയിനി ഒന്നും സഹിക്കേണ്ട.നമ്മുടെ ചെറിയ വീട്ടിൽ നിന്ന് ആരും നമ്മളെ ഇറക്കി വിടില്ല.പട്ടിണിയാണെങ്കിലും എന്റെ മോൾക്കിവിടെ സമാധാനം ലഭിക്കും.നീയിങ്ങുവാടീ ലച്ചുമോളെ…..
എനിക്കൊന്ന് ഉറക്കെ കരയാൻ തോന്നി..സന്തോഷത്താൽ….എന്തു പറഞ്ഞു അച്ഛനെ സമാധാനിപ്പിക്കുമെന്ന് കരുതിയപ്പോൾ എന്റെ മനസ്സറിഞ്ഞ് അച്ഛനെന്നെ വിളിച്ചു ആശ്വസിപ്പിച്ചിരിക്കുന്നു…..” അതെ അച്ഛനു മാത്രമേ അച്ഛനാകാൻ കഴിയൂ..പകരം മറ്റൊരാൾക്ക് ഇതിനു കഴിയില്ല…എന്റെ മനസ്സ് എന്നോടു തന്നെ മന്ത്രിച്ചു……..
NB:- പുതുമയില്ലെന്ന് അറിയാം.മനസ്സ് നിറഞ്ഞ് ഞാനെഴുതിയ ഈ രചന നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഒരുവാക്കെങ്കിലും കുറിക്കുക..നന്ദി….

by