രചന – കരിമഷി
മുറ്റത്ത് വന്ന് നിന്ന പോലീസ് ജീപ്പ് കണ്ടതും ചാരുകസേരയിലിരുന്ന കുഞ്ഞിരാമൻ പിടഞ്ഞെണീറ്റു ………
പതിവില്ലാതെ വന്ന് നിന്ന വാഹനത്തിന്റെ ശബ്ദം കേട്ട് ഭാര്യ ഗീതയും മുൻവശത്ത് എത്തിയിരുന്നു …….
പോലീസ് ജീപ്പാണെന്ന് കണ്ടതും നനഞ്ഞ കൈകൾ സാരിയിൽ തുടച്ചവർ ഭർത്താവിനെ വെപ്രാളത്തോടെ നോക്കി ……
“” ഇത് പുലരി രാമന്റെ വീടല്ലേ ….? “”
ചെറുപ്പക്കാരനായ കോൺസ്റ്റബിൾ ഇറയത്തേക്ക് കയറി നിന്ന് ചോദിച്ചതും കുഞ്ഞിരാമനും ഗീതയുമൊന്ന് പേടിച്ചു ……
വരുണിനു പിറകിലായൊരു വനിതാ കോൺസ്റ്റബിളുമുണ്ട് ……
“” അതേ സാർ ……
എന്റെ മോളാണ് …..
എന്തെങ്കിലും പ്രശ്നമുണ്ടോ …?? “”
ആ വൃദ്ധന്റെ ശബ്ദമിടറി …….
ഗീതയും ഇപ്പൊ കരയുമെന്ന മട്ടിലാണ് …..
അസമയത്തുള്ളതും പതിവില്ലാത്തതുമായ കാഴ്ചയായത് കൊണ്ട് തന്നെ അയൽപക്കകാരൊക്കെ അവിടെയും ഇവിടെയും നിന്ന് എത്തിനോക്കി തുടങ്ങിയിരുന്നു …….
“” സാറേ എന്റെ കുഞ്ഞിനു എന്താ …..??
അവൾക്കൊന്നും കുഴപ്പമൊന്നുമില്ലല്ലോ അല്ലേ ….?? “”
നിറഞ്ഞ കണ്ണോടെ ഗീത ചോദിച്ചതും അവനൊന്ന് മയപ്പെട്ടു …….
“” ഇല്ല …. കുഴപ്പമൊന്നുമില്ല …..
ഞങ്ങള് വന്നത് വേറൊന്നുമല്ല …..
പുലരിക്കെതിരായൊരു കംപ്ലൈന്റ് കിട്ടിയിരുന്നു …..
അതൊന്ന് അന്വേഷിക്കാനാ …..
ആളിവിടെ ഇല്ലേ ?? “”
വരുൺ ചോദിച്ചതും ഇരുവരുടേയും ഉള്ളിലെ ഭയം വർദ്ധിച്ചു ……..
“” അയ്യോ സാറേ …. എന്റെ മോള് തെറ്റൊന്നും ചെയ്യില്ല …. സാറിനാള് മാറിയതാവും ……
എന്റെ കുഞ്ഞ് പാവമാ ….. “”
കരച്ചിലോടെ ഗീത പറഞ്ഞു …….
“” ആളൊന്നും മാറിയിട്ടില്ല ….!!
നടുറോഡിൽ വച്ചൊരു ചെറുപ്പക്കാരന്റെ കരണം അടിച്ചു പൊളിച്ചിട്ടാ നിങ്ങളെ മോള് പോയത് …….
അതിനാ കേസ് …..
ദൃക്‌സാക്ഷിയുമുണ്ട് …..
നിങ്ങളിപ്പോ അവരെവിടെ ഉണ്ടെന്ന് പറ ….
“”
വരുൺ ശബ്ദമുയർത്തിയതും ഗീത പേടിയോടെ കുഞ്ഞിരാമനു പുറകിലൊളിച്ചു …..
“” എന്താ ….? എന്താ സാറേ പ്രശ്നം ?? “”
അന്തരീക്ഷം ഭംഗിയല്ലെന്ന് തോന്നിയതും ഗേറ്റിനരികെ നിന്ന അയൽവാസിയായ മൊയ്തു അങ്ങോട്ട് കയറി വന്നു ചോദിച്ചു ……
“” തല്ക്കാലം പ്രശ്നമൊന്നുമില്ല ……
നിങ്ങള് പറ …..
പുലരി എവിടെ …..?? “”
ആദ്യം മൊയ്തുവിനോടും പിന്നെ കുഞ്ഞിരാമനോടും അവൻ ചോദിച്ചു ……
“” ഇവിടെ ഇല്ല സാറേ ……
മോള് സ്കൂളില്‍ പോയിരിക്കുവാ …..
ഇവിടുത്തെ പ്രൈമറി സ്കൂളിലെ ടീച്ചറാ അവള് …… “”
വിറയോടയാൾ പറഞ്ഞതും അവനൊന്ന് അമർത്തി മൂളി …..
എങ്കിലും അതൊന്നും വിശ്വസിക്കാതെ ആ വീടും പരിസരത്തുമൊക്കെയൊന്ന് കണ്ണോടിച്ചു ……..
“” സത്യമാ സാറേ പറഞ്ഞത് ….
അവളിവിടെയില്ല ….
വന്നാ ഞാൻ തന്നെ സ്റ്റേഷനിലേക്ക് കൊണ്ടു വരാം ….. “”
കൂപ്പു കൈയ്യോടയാൾ പറഞ്ഞു ……
“” ഹ്മ്മ് ……
വന്നാ അപ്പൊ തന്നെ സ്റ്റേഷനിലേക്ക് വന്നോളണം …….
ഇനിയൊരു വരവ് ഞങ്ങള് വരുത്തരുത് ….. “”
വരുൺ താക്കീതോടെ പറഞ്ഞു പോയതും കുഞ്ഞിരാമൻ തളർച്ചയോടെ ചാരുകസേരയിലേക്ക് ഇരുന്നു ……..
“” അയ്യോ രാമേട്ടാ ……
എന്താ …..എന്താ പറ്റിയത് ?? “”
ഗീത തേങ്ങലോടെ അയാൾക്കരുകിലേക്ക് ഓടി …… ഒപ്പം മുറ്റത്ത് നിന്ന മൊയ്തുവും ഗേറ്റിനപ്പുറത്തുള്ള കദീസയും ……
“” നിങ്ങള് ബേജാറാവാതെ പെങ്ങളേ …..
കദീസു നീ കുറച്ചു വെള്ളമെടുത്തോണ്ട് വാ ….. ഇത് ബിപി കുറഞ്ഞതാവും ….
പേടിക്കാതിരി ……
നിങ്ങളൊക്കെ ഇച്ചിരി അങ്ങോട്ട് മാറി നിന്നേ …. ആ മനുഷ്യന് കുറച്ചു കാറ്റ് കിട്ടിക്കോട്ടേന്നേ …… “”
കദീസയോടും ഗീതയോടും പറഞ്ഞയാൾ രാമനു കാറ്റുവീശി കൊടുത്തു …..
ഒപ്പം കൂടിനിന്ന രണ്ടു മൂന്നാളെ വകഞ്ഞു മാറ്റി നിർത്തി …….
“” ദാ ഇക്ക വെള്ളം ……
ചേച്ചി വാ …. നമുക്ക് അകത്തിരിക്കാം …. “”
മൊയ്തുവിന് വെള്ളവും കൊടുത്തു ഗീതയേയും കൂട്ടി കദീസു അകത്തേക്ക് നടന്നു ……..
“” ദാ കുടിക്ക് രാമാ ….. “”
“” മൊയ്തു എന്റെ മോള് …. “”
വിറയോടയാൾ ഉരുവിട്ടു ……
“” ഇജ്ജ് പേടിക്കാതിരി …..
ഓളെ നമക്ക് അറിയാവുന്നേയല്ലെ …..
ഓള് തെറ്റൊന്നും ചെയ്യൂല …. ഇജ്ജ് ബേജാറാവാണ്ട് നിക്ക് ……
ഒന്ന് ബിപിയൊക്കെ നേരയായാ നമക്ക് പുലരിയേയും കൂട്ടി അങ്ങോട്ട് പോകാം …. “”
രാമനെ മൊയ്തു ആശ്വസിപ്പിച്ചു …..
അകത്ത് ഗീതയെ കദീസുവും …….
മൊയ്തു കൊടുത്ത വെള്ളം കുടിച്ച് ആശ്വസത്തോടയാളൊന്ന് കണ്ണു പൂട്ടി കിടന്നു …….
തന്റെ മകളങ്ങനെ ചെയ്തിട്ടുണ്ടെങ്കിൽ അതിനു പിന്നിൽ തക്കതായ കാരണമുണ്ടാകുമെന്ന് ആ അച്ഛനുമറിയാമായിരുന്നു …….
*********************************
“” പുലരി ടീച്ചറേ ….. കുറേ നേരായി ഫോണ് ബെല്ലടിക്കുന്നു ……
ആരേലും അർജന്റായി വിളിച്ചതാവും ഒന്ന് തിരിച്ചു വിളിച്ചു നോക്കൂ കേട്ടോ ….. “”
പിരീഡ് ബെല്ലടിച്ചതും സ്റ്റാഫ് റൂമിലേക്ക് കയറി വന്ന പുലരിയോട് പറഞ്ഞു ക്ലാസ്സിലേക്ക് ഓടി രാധിക …….
അങ്ങനൊരു പതിവില്ലാത്തതു കൊണ്ട് തന്നെ വേഗം തന്നെ പുലരി ഫോണിൽ കണ്ട അമ്മയുടെ നമ്പറിലേക്ക് തിരികെ വിളിച്ചു ……..
“” ഹലോ…..
എന്താ അമ്മേ ……
എന്തുപറ്റി …?? ഒത്തിരി തവണ വിളിച്ചല്ലോ ….?? “”
പതിഞ്ഞ ശബ്ദത്തിൽ ചോദിക്കുന്നേരം എവിടെയോ ഉള്ളിലൊരു പേടി ഉണ്ടായിരുന്നു ……..
“” ഇത് ഞാനാ മോളേ കദീസ്ത്ത ……
ഇവിടാർക്കും കുഴപ്പോന്നുമില്ല ……
മോൾക്ക് ഉച്ചയ്ക്ക് ശേഷം ക്ലാസ്സില്ലെ ഒന്നിങ്ങോട്ട് വാ ….. “”
“” അയ്യോ അമ്മയ്ക്കെന്താ കദീസ്ത്താ …..
അച്ഛനെവിടെ ? “”
“” എന്റെ കുഞ്ഞേയൊന്നുമില്ല …..
രാമേട്ടനൊന്ന് പ്രഷറ് കൂടി ……
അച്ഛനടുത്ത് ഗീതേച്ചി …. അതോണ്ടാ ഞാൻ ഫോണെടുത്തത് …. “”
കദീസയവളെ ആശ്വസിപ്പിക്കാൻ നോക്കിയെങ്കിലും മനസ്സ് ശരിയല്ലായിരുന്നു
അവളുടെ ……
“” ഞാനിപ്പൊ തന്നെ വരാം ഇത്താ … “”
“” എന്നാ അങ്ങനെ ആവട്ടെ മോളേ …. “”
എന്തോ അവളും ഇവിടെ വേണമെന്ന് തോന്നിയത് കൊണ്ട് മറുത്തു പറഞ്ഞില്ല കദീസ …..
അവർ ഫോൺ വച്ചതും വേഗം ലീവും പറഞ്ഞ് വീട്ടിലേക്കിറങ്ങിയിരുന്നു പുലരി ……
പോകുംവഴി കുറച്ചു ദിവസങ്ങളായി ജീവിതത്തിൽ പ്രതീക്ഷിക്കാതെ നടന്ന കാര്യങ്ങളായിരുന്നു ……..
ഒടുവിൽ ഒരാഴ്ചയ്ക്ക് മുന്നേ കല്യാണമണ്ഡപത്തിൽ അണിഞ്ഞൊരുങ്ങി നിന്ന തന്റെ രൂപമായിരുന്നു ……..
തുടരും ………

by