18/04/2026

പല്ലവി : ഭാഗം 39

രചന – അമ്മു സജീവ്

കാൽ വഴുതി നിലത്തേക്ക് വീഴാൻ പോയവളെ പെട്ടന്നാണ് ബലിഷ്ഠമായ രണ്ടു കൈകൾ അവളെ പൊതിഞ്ഞു പിടിച്ചത്..

കുറച്ചു കഴിഞ്ഞിട്ടും നിലത്തു വീണില്ല എന്ന് മനസിലാക്കിയതും അവൾ മെല്ലെ കണ്ണുകൾ തുറന്നു..

അവളെ തന്നെ പരിഭ്രമത്തോടെ നോക്കി നിൽക്കുന്ന അനിസാറിനെയാണ് അവൾ കണ്ടത്..

ഒരുവേള ഇരുവരുടെയും കണ്ണുകൾ കോർത്തതും ശ്വാസം എടുക്കാൻ പോലും മറന്നവൾ ആ കണ്ണുകളുടെ ആഴങ്ങളിലേക്ക് ഇറങ്ങി ചെന്നു…
അവ തന്നോട് എന്തൊക്കെയോ മന്ത്രിക്കുന്ന പോലെ തോന്നി….

അനി അവളെ തട്ടി വിളിച്ചപ്പോഴാണ് ഇപ്പോഴും അവന്റെ കരവലയത്തിലാണെന്ന ബോധം അവൾക്ക് വന്നത്..
പെട്ടന്ന് ഞെട്ടിതിരിഞ്ഞു അവൾ അവനിൽ നിന്ന് അകന്നുമാറി..

” ചൈതന്യ ആർ യൂ ഓക്കേ?? “( അനി )

” ഐ ആം ഫൈൻ സർ…”
അതും പറഞ്ഞു ഒരു നിമിഷം പോലും പാഴാക്കാതെ അവൾ താഴേക്ക് ഓടിപ്പോയി.

അവളെ ഒന്നുകൂടി നോക്കിക്കൊണ്ട് അവൻ തിരിഞ്ഞു നടന്നു.. ചുണ്ടിലൊളിപ്പിച്ച പുഞ്ചിരിയുമായി…..

🍂

മുകളിലെ മുറിയിൽ നിന്ന് എന്തോ എടുക്കാനായിട്ടാണ് അനി താഴെ നിന്ന് മുകളിലേക്ക് വന്നത്…

ചെന്നപ്പോൾ തന്നെകണ്ടത് പല പല പോസിലുള്ള സെൽഫി എടുക്കുന്ന അച്ചുവിനെയും അമ്മുവിനെയും ആണ്..

അവരുടെ അടുത്ത് തന്നെ മരിയയും ഉണ്ട്…

കാട്ടിക്കൂട്ടിയ കോപ്രായങ്ങൾ എല്ലാം അനി കണ്ടെന്നു അറിഞ്ഞതും അവളുമാര് ഇറങ്ങി ഓടി….

അങ്ങനെ തിരിഞ്ഞപ്പോഴാണ് റൂമിൽ നിന്ന് ചൈതന്യ ഇറങ്ങുന്നത് കണ്ടത്.
പെട്ടന്നവൾ വീഴാൻ പോയതും പിന്നെ ഒന്നും നോക്കാതെ ഓടിപ്പോയി അവളെ താങ്ങിയെടുത്തു…

കണ്ണ് തുറന്നത് മുതൽ കണ്ണെടുക്കാതെ നോക്കുന്നവളെ ഒരുവേള അവനും പരിസരം മറന്നു നോക്കി നിന്നുപോയി….

ആള് ഈ ലോകത്തെങ്ങും അല്ലെന്ന് ആ നോട്ടത്തിൽ നിന്ന് തന്നെ മനസിലാക്കാം..

തട്ടി വിളിച്ചപ്പോഴാണ് പുള്ളിക്കാരിക്ക് ബോധം വന്നത്…. ഞെട്ടിപ്പിടഞ്ഞു ചാടി എണീക്കുന്നത് കണ്ടു..

ഒരുവിധം ഓക്കേ ആയെന്നു കണ്ടതും അവൾ താഴേക്ക് ഇറങ്ങി ഓടി…

🍂

ചിന്നു താഴെ ചെന്നപ്പോൾ എല്ലാവരും അവളെയും കൂട്ടി ഫുഡ്‌ കഴിക്കാനായി പോയി…

അവിടെ അനിസാറിന്റെ കുറച്ചു ഫ്രണ്ട്‌സും ഉണ്ടായിരുന്നു..

എല്ലാവരും ഇരുന്നപ്പോഴേക്കും നല്ല ചൂട് ഫ്രൈഡ് റൈസും ചിക്കൻ കറിയും വന്നു….

അങ്ങനെ കഴിച്ചോണ്ടിരുന്നപ്പോഴും അച്ചു അവളുടെ രാജകുമാരനായുള്ള തിരച്ചിലിലാണ്.

മനസിലായില്ലേ… അത് തന്നെ വായിനോട്ടം….

അങ്ങനെ കൊച്ചു മനസമാധാനമായിട്ട് ഇരുന്നു വായിനോക്കുവായിരുന്നു…

കാണാൻ അത്യാവശ്യം ലുക്ക്‌ ഉള്ള ഒരു ചേട്ടനെ നോക്കി ചോര ഊറ്റുന്ന തിരക്കിലാണ് കക്ഷി..

അങ്ങനെ നോക്കി ഇരുന്നപ്പോഴാണ് അങ്ങേര് ആ ചിക്കൻ കഷണത്തിനെ അതി മൃഗീയമായി പീഡിപ്പിക്കുന്നത് കണ്ടത്….

കണ്ടാൽ വർഷങ്ങളായിട്ട് ഫുഡ്‌ കാണാത്ത ആളെപ്പോലെയാണ് പുള്ളിയുടെ പെരുമാറ്റം..

ഇതൊക്കെ കണ്ടു അന്തം വിട്ടിരിക്കുവാണ് നമ്മുടെ അച്ചു..

പെട്ടന്ന് നോട്ടം മാറ്റിയതും അവളെ തന്നെ തുറിച്ചു നോക്കുന്ന രണ്ടു കണ്ണുകളെയാണ്…

അനിയുടെ തന്നെ മറ്റൊരു കൂട്ടുകാരൻ ആയിരുന്നു അത്..

പുള്ളിയുടെ മുഖഭാവത്തിൽ നിന്ന് തന്നെ എല്ലാം കണ്ടു എന്ന് വ്യക്തം…
അയാൾ ഒന്ന് തറപ്പിച്ചു നോക്കിയതും അച്ചു വേഗം കുനിഞ്ഞിരുന്നു കഴിക്കാൻ തുടങ്ങി….

അയാളുടെ നോട്ടം വീണ്ടും അവളിലാണെന്ന് കണ്ടതും എങ്ങനെയൊക്കെയോ അവൾ അവിടുന്ന് കഴിച്ചെഴുന്നേറ്റു….

എന്നിട്ടും ഇടയ്ക്കിടെ പാളി വീഴുന്ന ആ നോട്ടം അവളുടെ ഹൃദയമിടിപ്പ് പതിവിലും വേഗത്തിൽ ആയി..

അതുകൊണ്ട് തന്നെ അതികം വൈകാതെ അവിടുന്ന് അവർ വീട്ടിലേക്ക് തിരിച്ചു..

” എന്താ അച്ചൂസേ നിനക്ക് പറ്റിയെ….. ഇവിടുന്ന് പോയ ആള് അല്ലല്ലോ ഇത്…. “( അമ്മു )

” ഏയ് ഒന്നുല്ല ചേച്ചി.. ചേച്ചിക്ക് തോന്നിയതാവും….. ”

അതും പറഞ്ഞു അവൾ മുന്നിലേക്ക് കയറി നടന്നു.. കുറച്ചു കഴിഞ്ഞപ്പോൾ അവർ അവരുടെ വീട്ടിലെത്തി….

വീട്ടിൽ വന്നു റൂമിൽ കയറി ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്തു ഒന്ന് ഫ്രഷ് ആയി താഴെ വന്നപ്പോൾ രോഹിണി ചേച്ചി സെറ്റിയിൽ ഇരിക്കുന്നത് കണ്ടു..

പിന്നെ പുള്ളിക്കാരിക്ക് ഒരു കമ്പനി കൊടുക്കാമെന്നു കരുതി കൂടെ കൂടി…

ഇന്നത്തെ കാര്യങ്ങൾ മൊത്തം പറഞ്ഞു അവളെ പറഞ്ഞു കേൾപ്പിക്കുകയാണ് അമ്മു…

രോഹിണി നല്ല ഒരു കേൾവിക്കാരി ആയി അവൾക്ക് മുന്നിലിരുന്നു..

ഒരു നാത്തൂൻ എന്നതിലുപരി രോഹിണി എന്നും അവൾക്ക് നല്ല ഒരു കൂട്ടുകാരിയും അമ്മയും ചേച്ചിയും ഒക്കെയായിരുന്നു..

അതുകൊണ്ട് വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ കണ്ട് നിൽക്കുന്ന ആർക്കും അസൂയ തോന്നിപ്പോകുമായിരുന്നു.

അവരുടെ ഇടയിൽ രഹസ്യങ്ങൾക്ക് സ്ഥാനം ഉണ്ടായിരുന്നില്ല ഇനി അഥവാ എന്തേലും മറച്ചു വയ്ക്കാമെന്ന് കരുതിയാലും മറ്റേ ആള് കറക്റ്റ് ആയിട്ടത് കണ്ടു പിടിക്കുകയും ചെയ്യും….

അങ്ങനെ ഒരുപാട് നേരം അവർ സംസാരിച്ചിരുന്നു…

രോഹിണിയുടെ മടിയിൽ തല വെച്ചു കിടക്കുകയാണ് അമ്മു..

കുറച്ചു നേരം അങ്ങനെ ഇരുന്നപ്പോഴാണ് അപ്പു ജോലി കഴിഞ്ഞു വന്നത്..

ആരോടും ഒന്നും പറയാതെ അവൻ നേരെ റൂമിലേക്ക് കയറി പോയി..

സാധാരണ അത് പതിവില്ലാത്തതാണ്.. അമ്മുവിനെ ചൊറിയാതെ ഒരു നിമിഷം പോലും അവൻ വെറുതെ ഇരിക്കുന്നതല്ല…
അങ്ങനെയുള്ള ആളാണ് ഇപ്പൊ ഒന്നും മിണ്ടാതെ കയറി പോയത്.

എന്താന്ന് അറിയാനായി രോഹിണിയെ നോക്കിയതും അറിയില്ലെന്ന് രീതിയിൽ അവൾ കൈ മലർത്തി കാണിച്ചു..

അമ്മു ചായ കൊണ്ട് വരാംഎന്ന് പറഞ്ഞു അവൾ രോഹിണി ചേച്ചിയെ റൂമിലേക്ക് പറഞ്ഞു വിട്ടു….

ചായയുമായി റൂമിലേക്ക്‌ ചെന്നതും കണ്ടത് അവിടെയാകെ വലിച്ചു വാരി ഇട്ടേക്കുന്നതാണ്…

രോഹിണി ചേച്ചി പേടിച്ചു മാറി നിൽക്കുന്നുണ്ട്…

ചായ അവിടെ ടേബിളിൽ വച്ചിട്ടു അമ്മു നേരെ അപ്പുവിന്റെ അടുത്തേക്ക് ചെന്നു…

” ചേട്ടാ… എന്താ പറ്റിയെ..?? “( അമ്മു )

” ഒന്നുല്ല അമ്മു.. നീ പോകാൻ നോക്ക്…. “( അപ്പു )

” എന്താ ചേട്ടാ ഇത്… ദേ വന്നേ.. ചേച്ചി ആകെ പേടിച്ചിരിക്കുവാ….. എണീറ്റെ….. “( അമ്മു )

” അമ്മു നിന്നോട് പോകാൻ അല്ലെ പറഞ്ഞേ… എനിക്കാകെ ഭ്രാന്ത്‌ പിടിച്ചിരിക്കുവാ… നീ പോകാൻ നോക്ക്… “( അപ്പു )

” ചേട്ടാ ഇങ്ങനെ ടെൻഷൻ അടിപ്പിക്കാതെ കാര്യം എന്താന്ന് പറയ്.. വന്നേ ഈ ചായ കുടിക്ക്….. ”

അതും ഒരു കയ്യിൽ ചായയും എടുത്തു അവൾ അവന്റെ കയ്യിൽ പിടിച്ചു എഴുന്നേൽപ്പിക്കാൻ നോക്കി…..

” നിന്നോടല്ലേ പറഞ്ഞത് എനിക്കൊന്നും വേണ്ടാന്ന്….. ”

അതും പറഞ്ഞു അവൻ ആ ചായ തട്ടിയെറിഞ്ഞിട്ട് അവളുടെ കവിളിൽ ആഞ്ഞടിച്ചു….

ബഹളം കേട്ട് വന്ന അച്ഛനും അമ്മയും കാണുന്നത് അപ്പു അമ്മുവിനെ തല്ലുന്നതാണ്…

” എന്റെ കാര്യം നോക്കാൻ എനിക്കറിയാം…
അതിൽ നിന്റെ സഹായം ആവശ്യമില്ല….

മേലാൽ… ഇനി മേലാൽ എന്റെ കാര്യങ്ങളിൽ ആവശ്യമില്ലാതെ തലയിടാൻ വരരുത്…..

അതും പറഞ്ഞു അവൻ ദേഷ്യത്തോടെ അവിടെ ഇരുന്ന സാധനങ്ങൾ വലിച്ചെറിഞ്ഞു….

അവന്റെ പ്രവർത്തിയിൽ ശ്വാസം എടുക്കാൻ പോലും മറന്നു നിൽക്കുവാണ് അമ്മു….

മറ്റുള്ളവരുടെ അവസ്ഥയും മറിച്ചായിരുന്നില്ല…

പരസ്പരം തല്ലുകൂടുകയും കുറുമ്പ് കാട്ടുകയും ചെയ്യുമായിരുന്നെങ്കിലും അവളുടെ കണ്ണൊന്നു നിറയുന്നത് പോലും സഹിക്കാൻ പറ്റാത്തവനാണ് ഇന്നവളെ ഇത്രയും വേദനിപ്പിച്ചത്…

ഹൃദയം പൊടിയുന്ന വേദനയിലും ഒരു ശിലകണക്കെ നിൽക്കാനേ അവൾക്ക് കഴിഞ്ഞുള്ളു…

ഇനിയും പിടിച്ചു നിൽക്കാൻ കഴിയില്ലെന്ന് മനസിലായതും അവൾ വായ പൊത്തിപ്പിടിച്ചു കൊണ്ട് റൂമിലേക്ക് ഓടിക്കയറി വാതിൽ അടച്ചു..

തുടരും……..