16/04/2026

വേഴാമ്പൽ : ഭാഗം 08

രചന – അനീഷ ആകാശ്

തിരിഞ്ഞ് പുറകിലേക്ക് നോക്കിയപ്പോൾ പുറകിൽ നിൽക്കുന്ന ആളുടെ മുഖം കണ്ടു…

“മഹിയേട്ടൻ…… ”

അവളുടെ സംസാരം കേട്ടപ്പോൾ കണ്ണടച്ച് തൊഴുത് നിന്ന അയാൾ കണ്ണുകൾ തുറന്നു…
“ടി പെണ്ണേ അമ്പലമാ … മര്യാദക്ക് നിന്ന് തൊഴുതിട്ട് ആലിന്റെ അടുത്തേക്ക് വാ…. ”

“ഒഹ് ആയിക്കോട്ടെ …. ”

അയാളെ കളിയാക്കി കൊണ്ട് അവൾ പറഞ്ഞു

മഹിയുടെ സ്വഭാവം നന്നായി അറിയാവുന്നത് കൊണ്ട് പറഞ്ഞതുപോലെ തന്നെ അവൾ തിരിഞ്ഞ് നിന്നു തൊഴുതു

പ്രാർത്ഥിച്ച് തിരിഞ്ഞ് നോക്കിയപ്പോൾ മഹിയെ അവിടെങ്ങും കണ്ടില്ല… ആലിന്റെ അടുത്തേക്ക് ചെല്ലണമെന്ന് പറഞ്ഞത് ഓർത്തപ്പോൾ അവൾ അങ്ങോട്ട്‌ നടന്നു….

ആലിന്റെ അടുത്തെത്താറായപ്പോഴാണ് മഹിയുടെ കൂടെ നിൽക്കുന്ന ആളുടെ മുഖം അവൾ ശ്രദ്ധിച്ചത്

ദേവേട്ടൻ…. ഈശ്വരാ എന്താ ഇവിടെ .. അതും മഹിയെട്ടന്റെ ഒപ്പം….

ഒന്നും മനസിലാകാത്ത പോലെ അവൾ അവരെ നോക്കി…

“മിഴിച്ചുനിൽക്കാതെ ഇങ്ങോട്ട് വാടി കാന്താരി…. ”

മഹി കൈ കാട്ടി വിളിച്ചു…

സാധാരണ മഹിയുടെ ആ വിളിക്ക് അവൾ കനത്തിൽ മറുപടി കൊടുക്കുന്നതാണ്.. ഇത്തവണ ദേവൻ ഒപ്പമുള്ളത് കൊണ്ട് അവൾ ഒന്നും പറഞ്ഞില്ല…

“നീ എന്താ ഇങ്ങനെ മിഴിച്ചു നോക്കുന്നത്? ”

അടുത്തേക്ക് വരുന്ന ഭദ്രയോട് അവൻ ചോദിച്ചു…

“ഇവനെ കണ്ടിട്ടാണോ? ”

ദേവനെ ചൂണ്ടി മഹി അത് ചോദിച്ചപ്പോൾ ഭദ്രക്ക് എന്താ പറയേണ്ടതെന്ന് അറിയാതെ ദേവനെ നോക്കി ചിരിച്ചു…

ദേവൻ അവളുടെ മുഖത്തേക്ക് നോക്കിയതേ ഇല്ല…

“ടാ നിനക്ക് അറിയുമോ നീ ഇല്ലായിരുന്നെങ്കിൽ കാന്താരിയെന്ന് വിളിച്ചതിന് ഇവളെന്നെ അമ്പലപ്പറമ്പിലിട്ട് ഓടിച്ചേനെ… നിന്നെ കണ്ടതിന്റെ ചമ്മലാ.. അല്ലെങ്കിൽ ശെരിക്കും കാന്താരിയാ… ”

“എനിക്കറിയാം നന്നായിട്ട്…. ”

ദേവൻ അത് പറയുമ്പോൾ ഭദ്രയുടെ മുഖത്തേക്ക് നോക്കി…

ആളാകെ ചമ്മി നിൽക്കുവാ.. ആ നില്പുകണ്ടപ്പോൾ മഹിക്ക് ചിരി വന്നു….

“ടി പോത്തേ… ഇവൻ എന്റെ ചങ്കാണ്… എംബിഎ ഞങ്ങൾ ഒരുമിച്ചായിരുന്നു… നിന്നെ പെണ്ണുകാണാൻ വന്നതൊക്കെ എന്നോട് പറഞ്ഞു… ”

ദൈവമേ അങ്ങനൊരു കുരുക്കും കൂടി ഇതിൽ ഉണ്ടോ?

മഹിയുടെ വാക്കുകൾ കേട്ടപ്പോൾ ഭദ്ര മനസ്സിൽ ഓർത്തു..

” ഇന്നലെ ഈ അമ്പലം അറിയാമോന്ന് ചോദിച്ചു വിളിച്ചപ്പോഴാ കഥ അറിയുന്നത്.. നായിക എന്റെ കാന്താരിയാന്ന് അറിഞ്ഞപ്പോൾ ഇവനോട് പോലും പറഞ്ഞില്ല നമ്മൾ തമ്മിലുള്ള റിലേഷൻ… ”

മഹി പറഞ്ഞു നിർത്തിയപ്പോൾ ദേവൻ സംശയത്തോടേ അവനെ നോക്കി

“നീ നോക്കണ്ട … ഇതെന്റെ കൊച്ചച്ഛന്റെ മകളാണ്.. എന്റെ പെങ്ങൾ… നിന്നോടിത് നേരിട്ട് പറയാമെന്ന് ഓർത്താണ് ഫോണിൽ പറയാതിരുന്നത്… ”

ദേവന്റെ മുഖത്തെ ഞെട്ടൽ കണ്ടപ്പോൾ ഭദ്രക്ക് ചിരി വന്നു…

“ഇവന് നിന്നോടെന്തോ പറയാനുണ്ടെന്ന്… അതിന് നീ വരുന്ന അമ്പലത്തിന്റെ പേരൊക്കെ പറഞ്ഞിട്ട് അറിയാമോന്ന് ചോദിച്ചു.. ഞാനാ പറഞ്ഞുകൊടുത്തത്..
ഇനി എന്താ പറയാനുള്ളതെന്ന് വെച്ചാൽ വേഗം പറഞ്ഞോ ഞാൻ ഇവിടെ ഇരിക്കാം.. നിങ്ങൾ അമ്പലകുളത്തിന്റെ സൈഡിൽ ഇരുന്ന് വിശദമായി സംസാരിച്ചോ… ”

ആൽത്തറയിലേക്ക് കയറി ഇരുന്ന് കൊണ്ട് മഹി പറഞ്ഞു

“താൻ വാ… ”

ദേവൻ വിളിച്ചപ്പോൾ ഭദ്ര കൂടെ ചെന്നു

ഇതെന്താ ദൈവമേ കണ്ടാമൃഗത്തിന്റെ ഇനമാണോ… ഈ ജന്മം കണ്ട ഭാവം പോലും കാണിക്കുന്നില്ലല്ലോ…

ദേവന്റെ നടപ്പ് കണ്ട് ഭദ്ര തനിയെ പറഞ്ഞു

“തന്റെ പ്രാർത്ഥന കഴിഞ്ഞോ.? ”

ഗൗരവത്തോടെ ദേവൻ നടക്കുന്നതിനിടയിൽ അവളോട്‌ ചോദിച്ചു..

“കഴിഞ്ഞു….ഞാൻ ഇന്ന് അമ്പലത്തിൽ വരുമെന്ന് ആര് പറഞ്ഞു? ”

ആശ്ചര്യത്തോടെ അവൾ ദേവനെ നോക്കി ചോദിച്ചു

“തന്റെ അച്ഛൻ പറഞ്ഞു.. ”

“വീട്ടിൽ പോയിരുന്നോ? ”

“ഇല്ലാ … ”

“പിന്നെ അച്ഛൻ പറഞ്ഞെന്ന് പറഞ്ഞതോ? ”

“അച്ഛൻ തന്നെയാ പറഞ്ഞത്… പക്ഷെ ഇന്നല്ലെന്ന് മാത്രം… ”

“പിന്നെ? ”

“അന്ന് കാണാൻ വന്നപ്പോൾ തനിക്കുള്ള ഒരു സ്വഭാവം അച്ഛൻ പറഞ്ഞായിരുന്നു… ”

എന്താണെന്നുള്ള ഭാവത്തിൽ ഭദ്ര ദേവന്റെ മുഖത്തേക്ക് നോക്കി…

“സന്തോഷം വന്നാലും സങ്കടം വന്നാലും താൻ ഈ ഭഗവാനോട് വന്ന് പറയുമെന്ന്… ”

അത് കേട്ട് അവൾ ചിരിച്ചു…

“ഇന്നലെ സംഭവിച്ചതൊക്കെ പറയാൻ താൻ ഇന്ന് വരുമെന്ന് എനിക്ക് തോന്നി.. ”

ഈശ്വരാ ..ദേവേട്ടൻ തന്നെ .. എത്രത്തോളം മനസിലാക്കിയിരുന്നു ഈ കുറച്ച് ദിവസങ്ങൾ കൊണ്ട്…

അത്ഭുതത്തോടെ ദേവനെ അവൾ നോക്കി…

“ദേവേട്ടൻ എന്നെ എന്തിനാ കാണാൻ വന്നത്? ”

“ഇയാളോട് എനിക്ക് കുറച്ച് സംസാരിക്കാൻ ഉണ്ട്…പോയിട്ട് എന്തെങ്കിലും അത്യാവശ്യം ഉണ്ടോ? ”

“കോളേജിൽ പോകണം..എന്നാലും സാരമില്ല എന്നോട് സംസാരിക്കാൻ വന്നതല്ലേ… പറഞ്ഞോളൂ… ”

ദേവൻ ഒന്നും പറയാതെ കല്പടവുകളിൽ ഇരുന്നു

ഭദ്ര അല്പം മാറി ദേവനെ നോക്കി ഇരുന്നു

“തനിക്ക് ഈ പൂജയിൽ വിശ്വാസം ഉണ്ടോ? ”

“പിന്നെ ഉണ്ട്… ഒരിക്കൽ മാമന്റെ മകളുടെ ഒപ്പം ഞാൻ കൂട്ടിന് വന്നതാ… ചേച്ചിക്ക് കല്യാണം നടക്കാൻ ഒരുപാട് വൈകി… നാൾപ്പൊരുത്തമില്ലായിരുന്നു.. അവസാനം ഒരു ആലോചന വന്നപ്പോൾ നാൾപ്പൊരുത്തം നോക്കിയപ്പോൾ തരക്കേടില്ലെന്ന് കണ്ട് അതങ്ങ് ഉറപ്പിച്ചു… കല്യാണം കഴിഞ്ഞാൽ കഷ്ടപാടുകളായിരിക്കുമെന്ന ജ്യോൽസ്യൻ പറഞ്ഞത്.. അതുകൊണ്ട് രണ്ടുപേരും… ഇവിടെ പൂജക്ക്‌ വന്നായിരുന്നു…
ഇപ്പോൾ ഒരു കുഴപ്പവുമില്ലാതെ സുഖമായിട്ട് ജീവിക്കുന്നു… ”

ദേവൻ അതുകേട്ട് ചിരിച്ചു…

“ദേവേട്ടന് വിശ്വാസം ഇല്ലേ? ”

ഇല്ലെന്നുള്ള അർത്ഥത്തിൽ ദേവൻ തലയാട്ടി

“ദേവേട്ടൻ ആദ്യമായിട്ടല്ലേ അതാണ് വിശ്വാസം ഇല്ലാത്തത്… ഇവിടെ വരുന്നവർക്കെല്ലാം അതിന്റെ ഫലം കിട്ടുന്നുണ്ട്… ”

“എല്ലാവർക്കും ഉണ്ടെന്ന് ആര് പറഞ്ഞു? ”

ഇവിടെ വരുന്നവർ പറയാറുണ്ടാല്ലോ …

“ഫലം കിട്ടാത്തവരും ഉണ്ട്… ”

അത് ദേവേട്ടന് എങ്ങനെ അറിയാം?

“അതിൽ പെടുന്ന ഒരാളാണ് ഞാൻ… ”

മനസിലാകാത്ത രീതിയിൽ ഭദ്ര ദേവനെ നോക്കി…

“ഞാനും വന്നിട്ടുണ്ടടോ… പക്ഷെ എനിക്ക് ഒരു ഗുണവും ഉണ്ടായില്ല… ”

കുളക്കടവിലേക്ക് നോക്കികൊണ്ട് ദേവൻ പറഞ്ഞു

“അതേ ഒറ്റക്ക് വന്നിട്ട് എന്ത്‌ ഗുണം കിട്ടാനാ…പൂജക്ക്‌ പങ്കുചേരേണ്ടത് ഒറ്റക്കല്ല… ഭാര്യാഭർത്താക്കന്മാരോ വിവാഹം ഉറപ്പിച്ചവരോ ഒരുമിച്ച് വന്നാലേ പൂജക്ക്‌ ഗുണം കിട്ടു.. ”

ഭദ്ര തമാശയായിട്ട് പറഞ്ഞു

“ഒറ്റക്കാണെന്ന് ആര് പറഞ്ഞു… ”

“പിന്നെ….? ”

ഭദ്രയുടെ ഹൃദയമിടിപ്പ് കൂടി വന്നു

“ഞാനും വിദ്യയും കൂടിയ വന്നത്.. ”

ഭദ്രയുടെ മുഖത്തു നോക്കി ദേവൻ പറഞ്ഞു..

“വിദ്യ. ആരാ? .. ”

“വിദ്യ ആരാണെന്ന് ചോദിച്ചാൽ ഇപ്പോൾ എന്റെ അമ്മാവന്റെ മകളെന്നേ പറയാൻ പറ്റു… പക്ഷേ രണ്ടുവർഷം മുൻപ് വരെ…. അവളായിരിന്നു എന്റെ എല്ലാം..”

ദേവന്റെ വാക്കുകൾ ഭദ്രയുടെ കാതുകളിൽ മുഴങ്ങി…. ദേവേട്ടന്റെ എല്ലാമെന്ന് പറഞ്ഞാൽ ……

ഭദ്രയുടെ മനസ്സിൽ ഒരുപാട് സംശയങ്ങൾ ഉടലെടുത്തു…

അവളുടെ മനസ്സറിഞ്ഞിട്ടെന്നവണ്ണം ദേവൻ പറഞ്ഞു തുടങ്ങി

“ആ ബന്ധത്തെ കുറിച്ച് ഇയാളും അറിഞ്ഞിരിക്കാൻ വേണ്ടിയാ ഇതൊക്ക ഞാൻ പറയുന്നത്…. എല്ലാം അറിഞ്ഞതിന് ശേഷം വേണം താൻ ഈ ബന്ധത്തിൽ ഒരു തീരുമാനം എടുക്കാൻ…. ”

ഭദ്രക്ക് പറയാൻ ഒരു മറുപടിയും ഇല്ലായിരുന്നു..

കൃഷ്ണാ ഇനി പറയുന്നത് കേൾക്കാനുള്ള ശക്തി നീ എനിക്ക് തരണേ…

അവൾ മനമുരുകി പ്രാർത്ഥിച്ചു…

” അമ്മാവന്റെ മകളെന്ന സ്ഥാനം മാത്രമേ എന്റെ മനസ്സിൽ ഉണ്ടായിരുന്നോള്ളൂ… വളർന്നു വന്നപ്പോൾ അച്ഛനും അമ്മാവനും കൂടിയാണ് ഞങ്ങളെ തമ്മിൽ ഒരുമിപ്പിക്കാൻ തീരുമാനിച്ചത്.. ആദ്യമൊക്കെ ഞാൻ എതിർത്തു…. പെട്ടെന്നൊരു ദിവസം അവളെ ഭാര്യയായി കാണാൻ എനിക്ക് പറ്റില്ലായിരുന്നു… പിന്നീട് പതിയെ എന്റെ മനസ്സും മാറി… അവൾക്കും എതിർപ്പൊന്നുമില്ലായിരുന്നു ”

പിന്നെന്താ വേണ്ടാന്ന് വെച്ചത്… നാൾപ്പൊരുത്തം ഇല്ലായിരുന്നോ?

ഭദ്ര ദേവനോട് ചോദിച്ചു…

“അതിനൊന്നും ഒരു കുറവും ഉണ്ടായിരുന്നില്ല…പത്തിൽ എട്ടുപോരുത്തവും ഉണ്ടായിരുന്നു…. പക്ഷെ മനസിന്റെ പൊരുത്തം അത് തീരെ ഇല്ലെന്ന് അവസാനമാ മനസിലാക്കിയത്…

എന്റൊപ്പം സ്വപ്നം കണ്ട പെണ്ണാ… ഓരോ തവണ ഞാൻ വിജയങ്ങൾ കീഴടക്കുമ്പോഴും അവളുടെ മനസ്സിൽ ഉണ്ടാകുന്ന സന്തോഷം ഞാൻ അറിഞ്ഞതാ… പക്ഷെ
കിട്ടിയ ജോലി ഉപേക്ഷിച്ചു കൃഷിയിലോട്ട് തിരിഞ്ഞത് അവൾക്ക് തീരെ ഇഷ്ടപ്പെട്ടില്ല… സ്റ്റാറ്റസ് പോരെന്ന് പറഞ്ഞു പിണങ്ങി…. ആ സമയത്താണ് കൂടെ പഠിച്ച പയ്യൻ വിദ്യയുടെ വീട്ടിൽ പെണ്ണുചോദിച്ചു വന്നത്… അവന് യുഎസിൽ ജോലി, ലക്ഷങ്ങൾ ശമ്പളം …പഠിക്കുന്ന ടൈം വിദ്യയെ ആ പയ്യന് ഇഷ്ടമായിരുന്നത്രെ… ”

ദേവന്റെ വാക്കുകൾ ഓരോന്നും ഭദ്രയുടെ മനസ്സിൽ ആഴത്തിൽ മുറിവേൽപ്പിച്ചു…

“വിദ്യക്ക് ആ പയ്യനോട് താല്പര്യം ഉണ്ടായിരുന്നോ? ”

“വിദ്യക്ക് ആ ബന്ധത്തിൽ താല്പര്യക്കുറവുണ്ടായിരുന്നില്ല… എന്നോടുള്ള സമീപനമൊക്കെ മാറി… അവൾക്ക് കിട്ടുന്ന നല്ല ലൈഫിന് ഞാനായിട്ട് തടസം നില്കരുതെന്ന് പറഞ്ഞപ്പോൾ…. പിന്നെയൊന്നും ആലോജിച്ചില്ല അമ്മാവനൊക്കെ എതിർത്തിട്ടും എല്ലാവരെയും കാര്യങ്ങൾ പറഞ്ഞു മനസിലാക്കി ആ കല്യാണം നടത്തി കൊടുത്തു… അത്രയെങ്കിലും അവൾക്ക് വേണ്ടി ചെയ്യണമെന്ന് തോന്നി… ”

ദേവന്റെ സൗണ്ട് ഇടറുന്നത് ഭദ്രക്ക് മനസിലായി..

“എന്നെ മനസിലാകാത്ത പെണ്ണിനെ എന്തിന് നിർബന്ധിച്ചു കൂടെ കൂട്ടണം…. ”

അതുകേട്ടപ്പോൾ ഭദ്രക്ക് സന്തോഷം തോന്നി….

“പക്ഷെ എന്നെ മനസുകൊണ്ട് സ്നേഹിച്ചില്ലെങ്കിലും ഞാൻ അവളെ സ്നേഹിച്ചത് ആത്മാർത്ഥമായിട്ടായിരുന്നു… ഇതുവരെ എന്റെ ഭാര്യയുടെ സ്ഥാനത്ത് അവളെയല്ലാതെ മറ്റൊരു പെണ്ണിനെ ഞാൻ സങ്കല്പിച്ചിട്ടില്ല…. ”

ദേവന്റെ വാക്കുകൾ ഇടിത്തീപോലെ ഭദ്രയുടെ കാതുകളിൽ പതിഞ്ഞു…

ദേവേട്ടനപ്പോൾ താൻ ആരുമല്ല… തന്നെ സ്നേഹിക്കാൻ ദേവേട്ടന് കഴിയില്ലെന്നല്ലേ പറയാതെ പറഞ്ഞത്….

ആലോചിച്ചപ്പോൾ ഭദ്രക്ക് സങ്കടം നിയന്ത്രിക്കാൻ കഴിഞ്ഞില്ല… താൻ കരയുന്നത് ദേവൻ കാണാതിരിക്കാൻ അവൾ പുറം തിരിഞ്ഞു നിന്നു

ഷാളിന്റെ തുമ്പുകൊണ്ട് കണ്ണുകൾ തുടച്ച് ദേവനെ നോക്കിയപ്പോൾ അയാൾ വെള്ളത്തിലേക്ക് നോക്കി നിൽക്കുന്നത് കണ്ടു.. .

“തന്നോട് ഇതൊന്നും പറയാതെ ഇരുന്നാൽ ഞാൻ ചെയ്യുന്ന ചതിയായി പോകും… മറ്റൊരു പെണ്ണിന് വേണ്ടി കരുതി വെച്ച താലിയാണ് തന്റെ കഴുത്തിൽ അണിയിച്ചതെന്ന് പിന്നീട് അറിയുമ്പോൾ എന്നെ ഇയാൾ ശപിക്കില്ലേ…
അതാണ് ഞാൻ എല്ലാം തുറന്നു പറഞ്ഞത്… ”

ഭദ്രക്ക് മറുപടി ഇല്ലായിരുന്നു…

“ഇനി തനിക്ക് തീരുമാനിക്കാം എന്റൊപ്പം ജീവിക്കണോ വേണ്ടയോ എന്ന്…എല്ലാം തുറന്നു പറയാനാ ഞാൻ വന്നത്…അവളുടെ സ്ഥാനത്തു തന്നെ കാണാൻ പറ്റുമോ എന്നെനിക് അറിയില്ല… അതിന് മാറ്റം ഉണ്ടാകുമെന്ന് എനിക്ക് ഉറപ്പുമില്ല… ”

ദേവന്റെ മുഖത്തേക്ക് ഭദ്ര ദയനീയമായി നോക്കി….
അവളുടെ നോട്ടം കണ്ടപ്പോൾ ദേവന് ഉള്ളിലെവിടെയോ ഒരു പിടച്ചിൽ അനുഭവപെട്ടു

“മാറ്റം ഉണ്ടാകില്ലെന്ന് ഞാൻ പറയുന്നില്ല… അതിന് താമസമുണ്ടാകും… അതുവരെ കാത്തിരിക്കാൻ കഴിയുമെങ്കിൽ മാത്രം ഞാൻ കെട്ടുന്ന താലിക്ക് മുന്നിൽ കഴുത്ത് നീട്ടാം… ”

അവളെ ആശ്വസിപ്പിക്കാൻ പറഞ്ഞു ദേവൻ മുഖത്തേക്ക് നോക്കി…

മറുപടിയൊന്നും പറയാതെ അവൾ നിന്നു

“ഇനി എല്ലാം തന്റെ തീരുമാനം പോലെ…എനിക്ക് പറയാനുള്ളത് പറഞ്ഞു കഴിഞ്ഞു… നന്നായി ആലോജിച്ച് ഒരു തീരുമാനത്തിൽ എത്തണം.. ഞാൻ പോകുന്നു… ”

ഭദ്രയുടെ മുഖത്തേക്ക് നോക്കി യാത്ര പറഞ്ഞു ദേവൻ നടന്നു…

ശരീരം മുഴുവൻ മരവിച്ച അവസ്ഥയിൽ ഭദ്ര പടവുകളിൽ ഇരുന്നു….

ദേവൻ പോയ വഴിയിലേക്ക് നോക്കിയപ്പോൾ അവളുടെ മനസ്സിൽ ഒരു വിങ്ങൽ അനുഭവപെട്ടു…

ദേവേട്ടന്റെ പെണ്ണ്….. അപ്പോൾ താൻ ആരാ…. ആരുമല്ല ദേവേട്ടന്… ആ മനസിന്റെ ഒരു കോണിൽ പോലും തനിക്ക് സ്ഥാനമില്ല …
അതോർത്ത് ഭദ്ര പൊട്ടി കരഞ്ഞു…

ഒരുവിധം മനസ്സ് ശാന്തമായപ്പോൾ അവൾ എഴുന്നേറ്റ് നടന്നു… സ്റ്റെപ്പുകൾ കയറി മുകളിൽ വന്നപ്പോൾ കണ്ടു തന്നെ നോക്കി നിൽക്കുന്ന നിഖിലിനെ…

അയാൾ നടക്കുന്നത് തന്റെ അടുത്തേക്കാണെന്ന് അറിഞ്ഞപ്പോൾ അവൾ മുഖം തുടച്ചു…

“തന്റെ ആളിനെ ഞാൻ കണ്ടു… നിങ്ങൾ തമ്മിൽ നല്ല ചേർച്ചയാ…. ഇതൊന്നും അറിയാതെ ഞാൻ ഒരുപാട് ബുദ്ധിമുട്ടിച്ചു… സോറി… ”

അത് പറയുമ്പോൾ നിഖിലിന്റെ മനസ്സ് വിങ്ങുന്നത് ഭദ്രക്ക് മനസിലായി….
താനും അതേ അവസ്ഥയിൽ ആണല്ലോ…

അവൾ മറുപടിയൊന്നും പറയാതെ അവനെ നോക്കി പുഞ്ചിരിച്ചു…

“രണ്ടുപേരും ഒരുമിച്ചൊരു നല്ല ദാമ്പത്യം ഉണ്ടാകാൻ പ്രാർത്ഥിക്കാൻ വേണ്ടി പൂജക്ക്‌ വന്നപ്പോഴാണ് ഞാൻ വന്ന് ശല്യം ചെയ്‌തതല്ലേ… ഇതറിഞ്ഞിരുനെങ്കിൽ ഒരിക്കലും ഞാൻ ശല്യം ചെയ്യിലായിരുന്നു… തന്നോട് ഞാൻ വീണ്ടും ക്ഷെമ ചോദിക്കുന്നു… ”

“അതിന്റെ ആവിശ്യമില്ല… ഞാനാണ് ഇയാളോട് ക്ഷെമ ചോദിക്കേണ്ടത്… എല്ലാവരും കേൾക്കെ അപമാനിച്ചില്ലേ? സോറി….”

“തന്റെ സ്ഥാനത്ത് മറ്റേതു പെൺകുട്ടിയാണെങ്കിലും ഇങ്ങനെയൊക്കെ തന്നെയേ പെരുമാറു… ”

അവന്റെ സംസാരം കേട്ടപ്പോൾ ഭദ്രക്ക് പാവം തോന്നി…

“ഇനി നമ്മൾ തമ്മിൽ കാണില്ല കേട്ടോ… ഇന്നിവിടെ എത്തും വരെ ഒരു പ്രതീക്ഷ ഉണ്ടായിരുന്നു… ഇന്നുമുതൽ ഇനി അങ്ങനൊന്നില്ലല്ലോ സൊ ഞാൻ നാളെമുതൽ ഈ വരവങ്ങു നിർത്തി…. ”

പകുതി കളിയും കാര്യവും
ആയിട്ട് നിഖിൽ പറഞ്ഞപ്പോൾ ഭദ്രക്ക് വിഷമം തോന്നി…

തനിക്കിപ്പോൾ നിഖിലിന്റെ അവസ്ഥ മനസ്സിലാകുന്നുണ്ട്…പക്ഷെ മനസ്സിൽ പതിഞ്ഞ ആ മുഖം മാറ്റി മറ്റൊന്ന് പ്രതിഷ്ഠിക്കാൻ കഴിയുന്നില്ല…

“താൻ വിഷമിക്കണ്ട…. നിങ്ങളുടെ വിവാഹം എത്രയും പെട്ടെന്ന് നടക്കാൻ ഞാനും പ്രാർത്ഥിക്കാം… ”

അത് പറയുമ്പോൾ നിഖിലിന്റെ കണ്ണുകൾ നിറഞ്ഞിരുന്നു…

“ഇനി എപ്പോഴേലും കണ്ടാൽ മിണ്ടാതിരിക്കരുത്… ”

അതുകേട്ടപ്പോൾ ചിരിച്ചുകൊണ്ട് അവൾ ഇല്ലെന്നുള്ള അർത്ഥത്തിൽ തലയാട്ടി.

” എങ്കിൽ ഞാൻ പോട്ടെ … ഇനി എവിടെയെങ്കിലും വെച്ചു കാണാം..”

അതുപറഞ്ഞുകൊണ്ട് നിഖിൽ നടന്നകന്നു….

നിഖിലും ദേവേട്ടനും താനും ഒരേ അവസ്ഥയിലാണ് സ്നേഹിച്ചു എന്നൊരു തെറ്റുമാത്രമേ ചെയ്തിട്ടുള്ളു ..

യാത്ര പറഞ്ഞ് നിഖിൽ പോകുന്നതും നോക്കി അവൾ നിന്നു

******************************

“ഈ കുട്ടി എവിടെ പോയിരിക്കുവാ….? സമയം കുറേ ആയല്ലോ… ”

സാവിത്രി പുറത്തേക്ക് വന്നു നോക്കികൊണ്ട് പറഞ്ഞു…

“നീ ടെൻഷൻ അടിക്കാതെ ……അമ്പലത്തിൽ ഇന്ന് പൂജ ഉള്ളതല്ലേ.. തിരക്കായിരിക്കും…”

രാഘവമേനോൻ സാവിത്രിയോട് പറഞ്ഞ് തീർന്നതും ഭദ്ര അകത്തോട്ടു കയറി വന്നു…

ആരോടുംപറയാതെ അവൾ അകത്തേക്ക് കയറി പോയി…

“പോയ മുഖമല്ലല്ലോ വന്നപ്പോൾ… ”

സാവിത്രി അവൾ കേൾക്കെ പറഞ്ഞു..

മറുപടിയൊന്നും പറയാതെ ഭദ്ര മുറിയിൽ കയറി കതകടച്ചു
ദേവൻ പറഞ്ഞത് ഓർക്കുംതോറും അവൾക്ക് കരച്ചിൽ അടക്കാൻ കഴിഞ്ഞില്ല…

കുറേ നേരം കട്ടിലിൽ കിടന്നു കരഞ്ഞു….

“മോളേ….
മോളേ…… കതക് തുറക്ക്… ”

അച്ഛന്റെ വിളി കേട്ടപ്പോൾ അവൾ എഴുന്നേറ്റു മുഖം തുടച്ചു…

കതക് തുറന്നപ്പോൾ അവളുടെ മുഖത്തേക്ക് നോക്കി അയാൾ കുറച്ച് നേരം നിന്നു…

“എന്താ മോളേ പറ്റിയത്?
അമ്പലത്തിൽ പോയപ്പോൾ ഇങ്ങനെ അല്ലായിരുന്നല്ലോ…? ”

“ഒന്നുമില്ലച്ഛാ…. ”

“ഒന്നുമില്ലാതെ എന്റെ മാളു ഇങ്ങനെ കരയില്ല…. ”

അച്ഛന്റെ വാക്കുകൾ കേട്ടപ്പോൾ അവൾക്ക് വിഷമം അടക്കി പിടിക്കാൻ കഴിഞ്ഞില്ല… അച്ഛനെ കെട്ടിപിടിച്ചു കുറേ കരഞ്ഞു….

“അച്ഛാ നമ്മുക്ക് ആ ബന്ധം വേണ്ട… ”
വാവിട്ട്‍ കരഞ്ഞുകൊണ്ട് അവൾ പറഞ്ഞു…

“എന്താടാ ? എന്തുപറ്റി?..”
.
കുറേനേരം കരഞ്ഞു കഴിഞ്ഞപ്പോൾ അവൾക്കൊരു സമാധാനം കിട്ടി..

അച്ഛനോട് നടന്നതെല്ലാം പറഞ്ഞു….

പെട്ടെന്ന് ഭദ്രയോട് എന്ത് പറയണമെന്ന് അറിയാതെ രാഘവമേനോൻ നിന്നു…

കുറച്ച് നേരം ആലോചിച്ച ശേഷം ഭദ്രയോട് പറഞ്ഞു

“മോൾക്ക് വേണ്ടെങ്കിൽ അച്ഛൻ ഒരിക്കലും നിർബന്ധിക്കില്ല…

ഇനി അച്ഛൻ ചോദിക്കുന്നതിന് മോള് സത്യം പറയണം… ”

“എന്താ അച്ഛാ…? അച്ഛനോട് മാളു എപ്പോഴേലും കള്ളം പറഞ്ഞിട്ടുണ്ടോ? ‘

“മോള് കള്ളം പറഞ്ഞു എന്നല്ല അച്ഛൻ ഉദ്ദേശിച്ചത്… ഉത്തരം ആലോചിച്ച് പറയണമെന്നാണ് പറഞ്ഞത്… ”

“അച്ഛൻ ചോദിക്ക് ഞാൻ പറയാം… ”

“മോള് ദേവനെ സ്നേഹിക്കുന്നുണ്ടോ? ”

ഒരു നേരത്തേക്ക് ഭദ്ര മൗനം തുടർന്നു…

“മോളെന്താ മിണ്ടാത്തത്? ”

“അച്ഛൻ ചോദിച്ച ചോദ്യത്തിന് എനിക്കിപ്പോൾ കൃത്യമായി ഉത്തരം തരാൻ കഴിയുന്നില്ല… ഇഷ്ടമല്ല എന്ന് എനിക്ക് പറയാൻ കഴിയില്ല… ഇഷ്ടം തന്നെയാണ്… പക്ഷേ എന്നെ ഇഷ്ടപെടാത്ത ഒരാളെ ഞാൻ ജീവനേക്കാൾ ഏറെ സ്നേഹിക്കുന്നതിൽ ഒരർത്ഥവും ഇല്ലല്ലോ… ”

ഭദ്രയുടെ മറുപടി കേട്ടിട്ട് രാഘവമേനോൻ ഒന്നും മിണ്ടിയില്ല…

കട്ടിലിൽ ഇരുന്ന് കൊണ്ട് അദ്ദേഹം ഭദ്രയെ അടുത്തേക്ക് ഇരുത്തി

“മോൾക്ക് അറിയുമോ ചെറുപ്പകാലത്ത് അച്ഛനും ഉണ്ടായിരുന്നു ഒരു പ്രണയം…
കുടുംബം നോക്കിയപ്പോൾ നമ്മുടെ കുടുംബത്തേക്കാൾ താഴ്ന്നതാണെന്ന് പറഞ്ഞു എല്ലാവരും അതിനെ എതിർത്തു… പണ്ടൊക്കെ കാരണവന്മാർ തീരുമാനിക്കുന്നതാണ് കുടുംബത്തിലെ നിയമം..
അവരൊക്കെ തീരുമാനിച്ചു അച്ഛന്റെ മുന്നോട്ടുള്ള ജീവിതം… നിന്റെ അമ്മയെ കൈ പിടിച്ച് കൊണ്ടുവരുമ്പോൾ ആ മുഖത്തേക്ക് പോലും നോക്കിയിട്ടില്ലായിരുന്നു… സ്നേഹിച്ച പെണ്ണ് മറ്റൊരാളുടെ സ്വന്തമായെന്ന് അറിഞ്ഞിട്ടും അച്ഛൻ അവളെ മനസ്സിൽ കൊണ്ട് നടന്നു… അപ്പോഴും മോളുടെ അമ്മ അച്ഛനെ സ്നേഹിക്കുക മാത്രമേ ചെയ്തിട്ടൊള്ളു… അമ്മയുടെ മനസ്സ് അല്പം വൈകിയാണെങ്കിലും അച്ഛൻ തിരിച്ചറിഞ്ഞു… അതിനു ശേഷം ഇന്നുവരെ സാവിത്രിയല്ലാതെ മറ്റൊരു പെണ്ണും അച്ഛന്റെ മനസ്സിൽ ഉണ്ടായിട്ടില്ല…. അത് മോൾക്കും അറിയാവുന്ന കാര്യങ്ങൾ തന്നെയല്ലേ… ”

“ഞാനിപ്പോൾ എന്ത്‌ ചെയ്യണം..അച്ഛൻ പറ ”

“ദേവൻ മറ്റൊരു പെണ്ണിനെ സ്നേഹിച്ചിരുന്നു എന്നുള്ളത് ഇനി പ്രെസക്തമല്ല… മോൾക്ക്‌ ആ മനസ്സിൽ ഇടം നേടാൻ കഴിയുമെന്ന് ഉറപ്പുണ്ടെങ്കിൽ നമുക്ക് മുന്നോട്ട് പോകാം… മറിച്ചാണെങ്കിൽ ഇനി ഈ ബന്ധത്തെ പറ്റി ഓർക്കാതിരിക്കാൻ ശ്രെമിക്കുക… ”

പിന്നെ എല്ലാം തുറന്നു “പറഞ്ഞ ദേവന്റെ നല്ല മനസിനെ മോള് കാണാതെ പോകരുത്… ”

അച്ഛന്റെ വാക്കുകൾ കേട്ടപ്പോൾ ഭദ്രക്ക് ഒരു ആശ്വാസമായി…

“പതുക്കെ ആലോജിച്ച് ഒരു തീരുമാനം എടുക്ക്… മോളുടെ ഏത് തീരുമാനത്തിന്റെ ഒപ്പവും ഈ അച്ഛൻ ഉണ്ടാവും… ”

നെറുകയിൽ ഒരു മുത്തം കൊടുത്തിട്ട് രാഘവമേനോൻ മുറിയിൽ നിന്ന് ഇറങ്ങി പോയി…
അച്ഛൻ പറഞ്ഞത് ആലോജിച്ച് അവൾ കട്ടിലിൽ ഇരുന്നു
*****************************

ദേവനെ കാണാതെ ടെൻഷനടിച്ച് മുറ്റത്ത് തന്നെ ഇരിക്കുകയായിരുന്നു ദേവകി…

“അമ്മേ…. വല്യേട്ടൻ വന്നിട്ടേ അവിടുന്ന് എഴുനേൽക്കു എന്നുണ്ടോ? എനിക്ക് കോളേജിൽ പോകാൻ ടൈം ആയി… ”

“എന്റെ മകനെ കാണാതെ ഇവിടൊന്നും ചെയ്യില്ല ഞാൻ… എല്ലാരോടും പറഞ്ഞില്ലേ അവനെ ഒന്ന് വിളിക്കാൻ… ആർക്കും അതിന് ടൈം ഇല്ലല്ലോ…”
ദയയോട് ദേഷ്യപ്പെട്ട് ദേവകി പറഞ്ഞു…

“എന്റമ്മേ… ഏട്ടനെ ഞാൻ എത്ര തവണ വിളിച്ചു എന്നറിയുമോ.. ഫോൺ ഓഫാണ്… ”

അമ്മയുടെ കുറ്റപ്പെടുത്തൽ കേട്ടപ്പോൾ ധ്യാൻ വെളിയിലേക്ക് വന്ന് പറഞ്ഞു…

“ഈ കുട്ടി ഇദെവിടെ പോയിരിക്കുവാണോ ഈശ്വരാ… എവിടെ പോയാലും പറഞ്ഞിട്ട് പോകുന്ന ആളാ… ”

ഓരോന്ന് പറഞ്ഞു ദേവകി മുറ്റത്തു തന്നെ ഇരുന്നു…

കുറച്ച് സമയം കഴിഞ്ഞപ്പോൾ ദേവന്റെ ബുള്ളറ്റ് മുറ്റത്തു വന്നു നിന്നു..

“നീ എവിടാരുന്നു? ഒന്ന് പറഞ്ഞിട്ട് പൊക്കുടേ നിനക്ക്… ”

“അമ്മ എന്തിനാ ടെൻഷനടിക്കുന്നത് ഞാൻ കൊച്ചുകുട്ടിയൊന്നുമല്ലല്ലോ… ”

“നീ ഇപ്പോഴും എനിക്ക് കൊച്ചുകുട്ടി തന്നെയാ… ”

“എങ്കിലേ അമ്മ വല്യേട്ടനെ കൊണ്ടുപോയി തൊട്ടിയിലാട്ട്.. ”

ദയ മുറ്റത്തേക്ക് വന്നുകൊണ്ട് അമ്മയെ കളിയാക്കി പറഞ്ഞു…

“നീയൊക്കെ ഒരിക്കൽ അച്ഛനും അമ്മയുമൊക്കെ ആകുമല്ലോ.. അപ്പോൾ അറിയാം അമ്മയുടെ വിഷമം… ”

“എന്റെ ദേവകി കൊച്ചേ ഞാനൊരു തമാശ പറഞ്ഞതല്ലയോ… ”

ദേവകിയുടെ താടിയിൽ പിടിച്ചുകൊണ്ട് ദയ അത് പറഞ്ഞപ്പോൾ ദേവനും ചിരി വന്നു

‘പോടീ അവിടുന്ന്… ”

കൈ തട്ടി മാറ്റി കൊണ്ട് ദേവകി അകത്തേക്ക് കയറി പോയി

“ഏട്ടാ എന്നെ ഒന്ന് ബസ്സ് സ്റ്റോപ്പിൽ കൊണ്ടാക്കാമോ? ”

“നിനക്കെന്താ നടന്നു പോയാൽ ”

“ഒരുപാട് വൈകി അതുകൊണ്ടല്ലേ… ”

“അതിനെ നേരത്തും കാലത്തും എണീക്കണം.. ”

“ഞാൻ നേരത്തെയൊക്കെയാ എണീറ്റത്…. ഇത്‌ അമ്മകാരണമാ… ഏട്ടനെ നോക്കി അമ്മ ഇരുന്നത് കൊണ്ട് ഞാൻ തന്നെ ലഞ്ച് എടുക്കേണ്ടി വന്നു.. ”

“ചുമ്മാ ഓരോ ന്യായങ്ങൾ പറഞ്ഞോ…എന്നും ഇങ്ങനെ കൊണ്ടാക്കൽ നടക്കില്ല… നാളെമുതൽ നേരത്തേ റെഡിയായി പൊക്കോണം… ”

“അതൊക്കെ നാളത്തെ കാര്യമല്ലേ…അതപ്പോൾ ചിന്തിക്കാം… ”

ദേവൻ മറുപടി പറയുന്നതിന് മുന്നേ അവൾ വണ്ടിയിൽ ചാടിക്കയറി…

*****************************

രാഘവമേനോൻ ഊണും കഴിഞ്ഞ് കസേരയിൽ ഇരുന്ന് കാറ്റു കൊള്ളുമ്പോഴാണ് മഹി അവിടേക്ക് വന്നത്…

“കൊച്ചച്ഛനെന്താ ആലോചിക്കുന്നത്? ”

രാഘവമേനോന്റെ കിടപ്പു കണ്ട് അവൻ ചോദിച്ചു…

“ആഹാ…മഹിയോ… നിന്നെ കണ്ടു എന്ന് മോള് പറഞ്ഞു…എപ്പോഴാ വന്നത്… ”

“ഞാൻ ഇന്നലെ വന്നതാ… എവിടെ ചിറ്റ? അനക്കമൊന്നും കേൾക്കുന്നില്ലല്ലോ….”

“അകത്തുണ്ട്… നീ വന്നത് അറിഞ്ഞു കാണില്ല… ”

“മാളു കോളേജിൽ പോയോ? ”

“ഇല്ലടാ… റൂമിൽ കിടപ്പുണ്ട്… നീ അവളോടൊന്ന് സംസാരിക്കണം… ”

“അതിനു തന്നെയാ ഞാൻ വന്നത്… ”

“രാവിലത്തെ സംഭവങ്ങൾ പറഞ്ഞപ്പോൾ എന്താ കുട്ടിയോട് പറയേണ്ടതെന്ന് അറിയില്ലായിരുന്നു… ദേവൻ നല്ലൊരു പയ്യനാ.. എന്നാലും നമ്മുടെ കുഞ്ഞിനെ ഒരു പരീക്ഷണത്തിന് വിടാൻ പറ്റില്ലല്ലോ…. ”

ആശങ്കയോടെ മഹിയോട് അതുപറയുമ്പോൾ അയാളുടെ കണ്ണുകൾ നിറഞ്ഞു…

“കൊച്ചച്ഛൻ ദേവനെ കുറിച്ചോർത്ത് ടെൻഷൻ ആകണ്ട…നല്ല പയ്യൻ തന്നെയാ… മോശമായിട്ട് ഒരു സ്വഭാവവും ഇല്ല… നമ്മുടെ മാളുവിന്റെ ഭാഗ്യം തന്നെ ആയിരിക്കും അവനെപോലെ ഒരാളെ കിട്ടുന്നത്… ”

“അതിന് മാളു സമ്മതിക്കണ്ടേ… അവൾക്ക് ഈ ബന്ധം വേണ്ടന്നല്ലേ പറയുന്നത്.. ”

“അവൾ അങ്ങനെ പറഞ്ഞോ? ഞാനൊന്ന് സംസാരിക്കട്ടെ ”

കൊച്ചച്ഛനോട് അനുവാദവും ചോദിച്ചു അവൻ അകത്തേക്ക് കയറി…

മുറിയിൽ ചെന്നപ്പോൾ ഭദ്ര കട്ടിലിൽ കിടക്കുകയായിരുന്നു..

മഹിയെ കണ്ട് അവൾ എഴുന്നേറ്റിരുന്നു…

“നീ ഇത്ര പൊട്ടിയാണോ പെണ്ണേ…. എല്ലാം തുറന്ന് പറഞ്ഞു കൊണ്ട് ഒരുത്തൻ കെട്ടാൻ വന്നപ്പോൾ മുഖം തിരിച്ചു നിൽക്കുവോ ആരേലും… ”

മാഹിയുടെ ചോദ്യം കേട്ടപ്പോൾ ഭദ്രക്ക് ദേഷ്യം വന്നു

“എന്നാൽ മഹിയെട്ടന്റെ പെങ്ങളെ കെട്ടിച്ചുകൊടുക്കാൻ മേലെ? ”

“അവളെയല്ലല്ലോ ദേവന് ഇഷ്ടപെട്ടത്.. നിന്നെയല്ലേ… ”

“എന്നെ ഇഷ്ടമാണെന്ന് ആരാ പറഞ്ഞത്…? ”

“ആരും പറഞ്ഞില്ല… പറയാതെ തന്നെ നമുക്കൊരോന്ന് മനസിലാകുമല്ലോ… ”

“എനിക്ക് മനസിലായില്ല… ”

ഭദ്ര മുഖം വീർപ്പിച്ചിട്ട് പറഞ്ഞു

“പറയാതെ തന്നെ നിനക്ക് മനസിലായിക്കൊള്ളും… നിന്റെ കെട്ടിയവനെ നീ മനസിലാക്കാൻ ഇരിക്കുന്നതെ ഉള്ളൂ… ”

“കെട്ടിയവനോ? മഹിയെട്ടാ …. വേണ്ടാ…. ഞാനതൊക്കെ മറക്കാൻ ശ്രെമികുമ്പോൾ ഓരോന്നും പറഞ്ഞു ഇളക്കാൻ നിൽക്കണ്ട… ”

“നീ അതങ്ങനെ മറക്കണ്ടാന്ന് പറയാനാ ഞാൻ വന്നത്…. ”

“അതെന്താ?.. ”
സംശയത്തോടേ ഭദ്ര ചോദിച്ചു…

“അതൊക്കെ പറയാം നീ ആദ്യം എഴുന്നേറ്റ് ഫ്രഷാക്..നമ്മുക്കൊന്ന് നടന്നിട്ട് വരാം… ”

“ഞാൻവരുന്നില്ല… ”

“നീ വന്നേ പറ്റു… ”

മഹി അവളുടെ കൈപിടിച്ച് വലിച്ചു എഴുന്നേൽപ്പിച്ചു…

തുടരും..