16/04/2026

വേഴാമ്പൽ : ഭാഗം 07

രചന – അനീഷ ആകാശ്

ചിന്തയിലാണ്ട് നിൽക്കുമ്പോഴാണ് കതകിൽ ആരോ മുട്ടുന്ന സൗണ്ട് കേട്ടത്…

കതക് തുറന്നപ്പോൾ അമ്മ അകത്തേക്ക് കയറി വന്നു….

“മോൻ ഉറങ്ങിയിരുന്നോ?”

“ഇല്ലമ്മേ…. അമ്മ എന്താ ഈ നേരത്ത്? ”

“അമ്മക്ക് മോനോട് ഒരു കാര്യം പറയാൻ ഉണ്ട്… ”

“എന്താ അമ്മക്ക് പറയാൻ ഉള്ളത്?.. ”

“അമ്മ പറയാൻ പോകുന്നത് എന്താണെന്ന് നിനക്ക് നന്നായിട്ട് അറിയാം… ”

ദേവകി മകനെ നോക്കികൊണ്ട്‌ പറഞ്ഞു…

“എന്താ അമ്മ ഉദ്ദേശിച്ചത്? ”

“മോന്റെ തീരുമാനം ഞങ്ങളെ എത്രത്തോളം വിഷമിപ്പിക്കുന്നുണ്ടെന്ന് അറിയുമോ?… ”

ദേവൻ മറുപടിയൊന്നും പറയാതെ ജനാലയിലൂടെ പുറത്തേക്ക് നോക്കി നിന്നു…

“എല്ലാം ഞങ്ങളുടെ തെറ്റാ… സമ്മതിക്കുന്നു… അതിന്റെ പേരിൽ ഇനിയും അമ്മയേം അച്ഛനേം ശിക്ഷിക്കരുത് .. ”

“അമ്മയും അച്ഛനും എന്നോട് ഒന്നും ചെയ്തിട്ടില്ല… പിന്നെന്തിന് നിങ്ങളെയൊക്കെ ഞാൻ ശിക്ഷിക്കണം…?

ദേവൻ ദയനീയമായി ചോദിച്ചു…

“ഞങ്ങളല്ലേ നിനക്ക് ഓരോ ആശകൾ തന്നത്… നിനക്ക് താത്പര്യമില്ലെന്ന് പറഞ്ഞപ്പോൾ നിന്നിലേക്ക് അടിച്ചേൽപ്പിച്ചു….
അമ്മയുടെ സ്വാർത്ഥത ആയിരുന്നു എല്ലാം… ”

“അമ്മയോട് എന്റെ മോൻ ക്ഷെമിക്കണം… ”

കൈകൾ കൂപ്പി കരഞ്ഞുകൊണ്ട് ദേവനോട് പറഞ്ഞു…

“അമ്മ തെറ്റായിട്ട് ഒന്നും തന്നെ ചെയ്തില്ല…. എന്റെ വിധി ആയിരുന്നു അത്…. അതിൽ അമ്മ ഒരിക്കലും കുറ്റക്കാരി ആകില്ല ”

ദേവൻ അമ്മയെ ആശ്വസിപ്പിക്കാൻ പറഞ്ഞു…

“പിന്നെന്തിനാ നീ ഞങ്ങളെ ഇങ്ങനെ വിഷമിപികുന്നത്?…. ‘

“എങ്ങനെ വിഷമിപ്പിച്ചെന്ന അമ്മ പറയുന്നത്? ”

“നീ ഇങ്ങനെ ഇപ്പോഴും അവളെ ഓർത്ത് കഴിയുന്നത് കാണുമ്പോൾ ഞങ്ങൾക്ക് സമാധാനം കിട്ടുമോ…? ”

“അമ്മ പറഞ്ഞു വരുന്നത് എന്താ?…
പിന്നെ ഒന്ന് ഞാൻ പറയാം അവളെ ഞാൻ ഇപ്പോൾ ഓർക്കാറില്ല…അതോർത്ത് ജീവിതം പാഴാക്കാൻ ഞാൻ ഇല്ലാ… ഇനി അതും പറഞ്ഞു അമ്മ വിഷമിക്കണ്ട…. ”

“പറഞ്ഞത് സത്യമാണോ?…. ”

വിശ്വാസം വരാതെ ദേവകി മകനെ നോക്കി…

“എന്റെ അമ്മക്ക് എന്നെ വിശ്വാസമില്ലേ?… ”

“വിശ്വാസമാകും മോൻ ഈ ബന്ധത്തിന് സമ്മതിച്ചാൽ….
നല്ല കുട്ടിയാ…. അമ്മക്ക് ഒരുപാടിഷ്ടപ്പെട്ടു… ”

അമ്മയുടെ മുന്നിൽ താൻ പെട്ടുപോയെന്ന് ദേവന് മനസിലായി….

“അമ്മക്ക് മാത്രമല്ല എനിക്കും ഇഷ്ടമായി… നല്ല കുട്ടിയാ..”

ദേവൻ പറയുന്നത് കേട്ടപ്പോൾ ദേവകിക്ക് സന്തോഷമായി

“അങ്ങനൊരു പാവത്തിനെ ഞാനായിട്ട് ചതിക്കാൻ മുന്നിട്ട് നിൽക്കില്ല…. ”

മകന്റെ മറുപടി കേട്ടപ്പോൾ ദേവകിക്ക് ദേഷ്യമായി….

“നമ്മൾ എങ്ങനെ ആ കുട്ടിയെ ചതിക്കുന്നു എന്നാ നീ പറയുന്നത് .. ‘

“ഞാൻ അവളെ താലി ചാർത്തിയാൽ അതവളോട് ചെയ്യുന്ന വഞ്ചന അല്ലെ?… ഒരു നൂറുവട്ടം മനസുകൊണ്ട് ദിവ്യയുടെ കഴുത്തിൽ ചാർത്താൻ ആഗ്രഹിച്ച താലിയാണ് മറ്റൊരു പെണ്ണിന് കെട്ടുന്നത്…. ആ താലിക്ക് എന്ത് പവിത്രതയാ ഉള്ളത്….?. ”

ദേവൻ വിഷമത്തോടെ അമ്മയോട് ചോദിച്ചു…

“മോന്റെ താലി അണിയാൻ ദൈവം ഭാഗ്യം കൊടുത്തിരിക്കുന്നത് ഈ കുട്ടിക്കാണെന്ന് അമ്മക്ക് തോന്നുന്നു…. അമ്മക്ക് വേണ്ടി, അമ്മയുടെ മനസമാധാനത്തിന് വേണ്ടി എന്റെ മോൻ ഇതിന് സമ്മതം പറയണം…. അമ്മ വേറൊന്നും മോനോട് ആവിശ്യപ്പെടില്ല…. ”

“അമ്മേ……. ”

ദയനീയമായി അവൻ വിളിച്ചു….

“അമ്മയുടെ ഒരേ ഒരു ആഗ്രഹമാണ്…. അമ്മയോട് സ്നേഹം ഉണ്ടെങ്കിൽ എന്റെ മകൻ ഈ ബന്ധത്തിന് സമ്മതിക്കും…. ”

ദേവന്റെ മറുപടിക്ക് കാത്തു നിൽക്കാതെ അവർ മുറിയിൽ നിന്ന് ഇറങ്ങി പോയി….

അമ്മയുടെ വാക്കുകൾ ദേവനെ വിഷമത്തിലാക്കി

തന്റെ അവസ്ഥ ആരും മനസിലാക്കാത്തതിൽ അവന് ദേഷ്യവും സങ്കടവും വന്നു….

ദേവന് ആ രാത്രി ഉറങ്ങാനേ പറ്റിയില്ല….
രാത്രി മുഴുവൻ പഴയ തന്റെ ജീവിതത്തെ കുറിച്ച് ആലോചിച്ചു…. അവസാനം അവൻ ഒരു ഉറച്ച തീരുമാനത്തിൽ എത്തി..

******************************

രാവിലെ തന്നെ ദേവൻ എഴുന്നേറ്റു പുറത്തേക്ക് പോയി….

മുറിയിലെങ്ങും ദേവനെ കാണാഞ്ഞപ്പോൾ ദേവകി ധ്യാനിനോട് ചോദിച്ചു…

“മോനെ ഏട്ടനെ കണ്ടോ? ”

“ഞാൻ കണ്ടില്ല…. റൂമിൽ ഇല്ലേ? ”

“റൂമിൽ കാണുന്നില്ല…. അമ്മക്കെന്തോ പേടിയാകുന്നു…. ”

“അമ്മ എന്തിനാ പേടിക്കുന്നത്?
ഏട്ടൻ പച്ചക്കറി തോട്ടത്തിൽ കാണും… ”

ധ്യാൻ സംശയത്തോടെ പറഞ്ഞു…

അപ്പോഴേക്കും മേനോനും അങ്ങോട്ടേക്ക് വന്നു…

“ദാ അച്ഛൻ അവിടുന്ന് അല്ലെ വരുന്നത്…. ചോദിച്ചു നോക്ക്… ”

“എന്താടാ?… ”

“ഏട്ടൻ അവിടെ ഉണ്ടോ അച്ഛാ?”

“അവൻ അവിടില്ല… എന്തേ? ”

“ഏട്ടനെ മുറിയിൽ കാണുന്നില്ലാന്ന് പറഞ്ഞു അമ്മക്ക് ടെൻഷൻ… ”

“അവൻ രാവിലെ എങ്ങോട്ട് പോകാനാ? കുളിക്കുകയായിരിക്കും… നീ റൂമിൽ ഒന്നുകൂടി നോക്ക്… ”

ദേവകിയോട് ശ്വാസനാ രൂപേണ പറഞ്ഞിട്ട് മേനോൻ അകത്തേക്ക് കയറി പോയി….

“മോൻ ഏട്ടനെ ഒന്ന് വിളിക്ക്…”

“അമ്മയുടെ ടെൻഷൻ കണ്ടിട്ട് നിങ്ങൾ രണ്ടുപേരും വഴക്കിട്ടെന്ന് തോന്നുന്നല്ലോ…. ”

“വഴക്കൊന്നും അല്ലടാ…. ”

സംഭവങ്ങൾ മുഴുവൻ ദേവകി വിവരിച്ചു

“ഇത്രയേ ഉള്ളോ….. ഇതിന്റെ പേരിൽ ഏട്ടൻ എവിടേം പോകില്ല… അമ്മ അതോർത്ത് ടെൻഷൻ അടിക്കേണ്ട….”

“അതെന്താ നീ അങ്ങനെ പറഞ്ഞത്? ”

“അമ്മേ…. ഏട്ടൻ ഉടൻ തന്നെ നമുക്ക് പിടി തരും.. അമ്മ കണ്ടോ… ”

കൂടുതൽ പറയാൻ നിൽക്കാതെ ധ്യാൻ മുറിയിലേക്ക് പോയി…
************************

മാളു രാവിലെ തന്നെ എഴുന്നേറ്റ് കുളിച്ച് അമ്പലത്തിൽ പോകാൻ റെഡിയായി….

“എന്താ ഇന്ന് അമ്പലത്തിലേക്ക്? ”

“ഒന്നുമില്ല… അമ്മ അച്ഛനോട് ഞാൻ അമ്പലത്തിൽ പോയെന്ന് പറഞ്ഞേക്ക്…. ”

“കോളേജിൽ പോകുന്നില്ലേ നീ ”

“ഉണ്ടമ്മേ…. ഞാൻ ദാ ഇപ്പോൾ തന്നെ വരും ”

മാളുവിന്റെ പോക്ക് നോക്കി സാവിത്രി പടിക്കൽ നിന്നു….

പാവം കുട്ടി…എല്ലാ വിഷമവും ഒറ്റക്ക് സഹിക്കുകയാ….

അവളെയും ഓർത്ത് നിന്നപ്പോഴാ പുറകിൽ നിന്ന് രാഘവമേനോൻ വിളിച്ചത്…

“താൻ എന്താ രാവിലെ തന്നെ ആലോചിക്കുന്നത്? . ”

“മാളുവിന്റെ മാറ്റം ആലോചിച്ചതാ… പാവം കുട്ടി…. ”

“താൻ ഒന്നും അറിഞ്ഞതായി ഭാവികണ്ട… എന്നോട് പറയുന്നതെല്ലാം ഞാൻ തന്നോട് പറയുന്നുണ്ടെന്ന് അവൾക് അറിയില്ലല്ലോ…. ”

“ആഹാ ഇത്‌ പറഞ്ഞതല്ലല്ലോ…. ഞാൻ കേട്ടതല്ലേ അച്ഛനും മകളും കൂടി പറയുന്നത്… ”

“താൻ കേട്ടില്ലെങ്കിലും ഞാൻ തന്നോട് പറയാതിരിക്കുമോ? ഇതുവരെ എന്തെങ്കിലും ഞാൻ പറയാതിരുന്നിട്ടുണ്ടോ? ”

“അതില്ല….. സമ്മതിച്ചു…. ”

തോൽവി സമ്മതിച്ചെന്ന ഭാവത്തിൽ സാവിത്രി തലയാട്ടി….

“മകൾ അറിയണ്ട… അവളുടെ മനസാക്ഷി സൂക്ഷിപ്പുകാരൻ ഒരു ഒറ്റുകാരനും കൂടിയാണെന്ന്… ”

സാവിത്രിയുടെ വാക്കുകൾ കേട്ടപ്പോൾ അയാൾക്ക് ചിരി വന്നു

“ശെരിയാ…. പക്ഷെ ഇപ്പോൾ അവൾക്കത് വിഷമം ആകുമെങ്കിലും ഒരു കുടുംബിനി ആകുമ്പോൾ അച്ഛൻ ചെയ്‌തത്‌ ശെരിയാണെന്ന് മനസിലായിക്കൊള്ളും..
ഭാര്യയും ഭർത്താവും തമ്മിൽ പരസ്പരം ഒന്നും മറച്ചു വെക്കാൻ പാടില്ലെന്ന് എന്റെ മകൾ മനസിലാക്കി കൊള്ളും… ”

“മനസിലാക്കിയാൽ കൊള്ളാം… ”

നെടുവീർപ്പിട്ടുകൊണ്ട് സാവിത്രി പറഞ്ഞു….

” താൻ ആലോചിച്ച് സമയം കളയാതെ മോൾക്ക്‌ ഭക്ഷണം ഉണ്ടാക്കി വെക്ക്.. അവളിപ്പോൾ അമ്പലത്തിൽ നിന്ന് വരുമ്പോൾ താമസിക്കും… അതിന്റെ കൂടെ താനും കൂടി താമസിപ്പിക്കരുത്.. ”

“ആഹാ മകൾ അമ്പലത്തിൽ പോയതാണെന്ന് നിങ്ങൾക്ക് എങ്ങനെ മനസിലായി… ”

ആകാംഷയോടെ സാവിത്രി ചോദിച്ചു

“അവളെ എനിക്ക് അറിഞ്ഞൂടെ… മനസ്സിൽ വിഷമം ഉണ്ടെങ്കിൽ എന്റെ മോള് അമ്പലത്തിൽ അല്ലാതെ വേറെ എങ്ങോട്ട് പോകാനാ… ”

“ഓഹ്…… ഒരു അച്ഛനും മകളും…. നമ്മൾ എപ്പോഴും പുറത്ത്… ”

“കുശുമ്പ് വേണ്ടടി …. ”

അയാൾ അവരെ കളിയാക്കി

“ഞാൻ പോകുവാ…. ”

പിണങ്ങികൊണ്ട് സാവിത്രി അകത്തേക്ക് പോയി
*****************************

അമ്പലത്തിൽ ഒരുപാട് ആളുകൾ ഉണ്ടായിരുന്നു….. ഇന്ന് അമ്പലത്തിൽ സ്പെഷ്യൽ പൂജ ഉണ്ട്…. ദമ്പതികൾ ഒരുമിച്ച് വന്നു പ്രാർത്ഥിച്ചാൽ സർവ ഐശ്വര്യങ്ങളും അവരുടെ ദാമ്പത്യത്തിൽ ഉണ്ടാകുമെന്നാണ് പറയുന്നത്…. ദമ്പതികൾ മാത്രമല്ല വിവാഹം ഉറപ്പിച്ചവരും വരാറുണ്ട്…

തിരക്ക് കണ്ടപ്പോഴാണ് മാളുവിന് പൂജ ഉണ്ടെന്ന് മനസിലായത്…വർഷത്തിൽ ഒരു തവണ മാത്രമാണ് ആ പൂജ നടക്കുന്നത്….

തിരക്കുകാരണം ഭഗവാനെ ഒന്ന് കണ്ണ് നിറയെ കാണാൻ പറ്റില്ലല്ലോ എന്ന വിഷമം ആയിരുന്നു….

മെയിൻ വാതിലിൽ വണ്ടികൾ കിടക്കുന്നത് കൊണ്ട് അവൾ സൈഡിൽ ഉള്ള സ്റ്റെപ് വഴി മുകളിലേക്ക് കയറി….

മുകളിൽ ചെന്നപ്പോൾ ദാ നിൽക്കുന്നു മറ്റൊരു അവതാരം

“താൻ ഇന്ന് വരണേ എന്ന് ഞാൻ പ്രാർത്ഥിക്കുകയായിരുന്നു.. ഭഗവാൻ എന്റെ പ്രാർത്ഥന കേട്ടു… ”

നിഖിലിന്റ വാക്കുകൾ കേട്ടപ്പോൾ ഭദ്രക്ക് ദേഷ്യം വന്നു…
ചുറ്റും ആളുകൾ നിൽക്കുന്നതിനാൽ ഒന്ന് നോക്കുക മാത്രം ചെയ്‌തു….

“ഇന്നത്തെ ദിവസത്തെ പ്രേത്യേകത തനിക്ക് അറിയാമല്ലോ… ശിവപാർവതി നടയിൽ നടക്കുന്ന പൂജയിൽ പങ്കെടുത്താൽ സർവ്വ ഐശ്വര്യങ്ങളും വിവാഹ ജീവിതത്തിൽ ഉണ്ടാകുമെന്നാ… ”

“അതിന് ഞാൻ എന്ത് ചെയ്യണം…? ”

ദേഷ്യത്തോടെ ഭദ്ര ചോദിച്ചപ്പോൾ അടുത്ത് നിന്നവർ നിഖിലിനെ നോക്കി…

നിഖിലിന് മറുപടി പറയാൻ ഇല്ലായിരുന്നു…

“ഭദ്ര പതുക്കെ…മറ്റുള്ളവർ കേൾക്കും… ”

“താൻ മറ്റുള്ളവരെ പറ്റി ചിന്തിച്ചല്ലോ… ഒരിക്കലെങ്കിലും എന്റെ മാനസികാവസ്ഥ ചിന്തിച്ചോ…?
താൻ ഇങ്ങനെ പുറകെ നടന്നു ഇഷ്ടപ്പെടാൻ പറഞ്ഞാലുടൻ എനിക്ക് തന്നോട് ഇഷ്ടം ഉണ്ടാകുമോ? ”

ഭദ്രയുടെ ചോദ്യങ്ങൾക്ക് നിഖിലിന് മറുപടി ഉണ്ടായിരുന്നില്ല….

“ഇനിയും എന്റെ പുറകെ നടക്കരുത്… എനിക്ക് തന്നെ ഇഷ്ടപ്പെടാൻ പറ്റില്ല… ”

“തനിക്ക് എന്നെ ഇഷ്ടപ്പെടാൻ പറ്റില്ലെന്ന് പറഞ്ഞല്ലോ…? അതിനൊരു കാരണം ഉണ്ടാകുമല്ലോ… അതെങ്കിലും എന്നോട് പറഞ്ഞൂടെ?

ഭദ്ര മൗനമായി നിന്നു… കാരണം അവൾക്കും അറിയില്ല… താൻ എന്താണ് പറയുക..

“താൻ മറ്റാരെയെങ്കിലും ഇഷ്ടപെടുന്നുണ്ടോ?… ”

നിഖിൽ ചോദിച്ചു…

” അതേ.. ഞാനിപ്പോൾ മറ്റൊരാളെ ഇഷ്ടപെടുന്നുണ്ട്…
അയാൾക്ക് എന്നെ ഇഷ്ടമാണെങ്കിലും അല്ലെങ്കിലും ഭദ്രയുടെ മനസ്സിൽ വേറെ ഒരാൾക്കും സ്ഥാനമില്ല…. ”

നിഖിലിനോട് അത് പറയുമ്പോൾ അവളുടെ തൊണ്ട ഇടറി…. കണ്ണുകൾ നിറഞ്ഞു….

നിഖിലിന്റെ മറുപടിക്ക് നിൽക്കാതെ അവൾ പൂജ നടക്കുന്നിടത്തേക്ക് നടന്നു…
ഈശ്വരാ എന്തൊക്കെയാ ഞാൻ അയാളോട് പറഞ്ഞത്…. ദേവേട്ടനെ ഞാൻ സ്നേഹിക്കുന്നു എന്നാണോ ഞാൻ പറയാതെ പറഞ്ഞത്…
… എന്തോ എന്റെ മനസ്സിൽ ഉള്ളതാണ് ഞാൻ പറഞ്ഞത്….

മനസ്സിൽ ഓരോന്നും ചിന്തിച്ചു നിൽക്കുമ്പോഴാണ് പൂജ തുടങ്ങിയത്…

കണ്ണുകളടച്ചു അവൾ പ്രാർത്ഥിച്ചു…

ഈശ്വരാ ഞാൻ ആഗ്രഹിക്കുന്നത് തെറ്റാണോ? നിഖിലിനെ ഞാൻ അറിഞ്ഞുകൊണ്ട് വിഷമിപ്പിച്ചതല്ലാ… എനിക്ക് അയാളെ അങ്ങനെ കാണാൻ കഴിയുന്നില്ല… ദേവേട്ടൻ എന്റെ മനസ്സിൽ സ്ഥാനം പിടിച്ചത് എപ്പോഴാണെന്നും അറിയില്ല… ഈ ജന്മം ദേവേട്ടന്റെ ഒപ്പം ജീവിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നത് തെറ്റാണോ എന്നും അറിയില്ല… നീ തന്നെ എനിക്ക് ഒരു വഴി കാണിച്ചു തരണം…

കരഞ്ഞുകൊണ്ട് പ്രാർത്ഥിച്ചപ്പോൾ ആരോ തന്റെ ഒപ്പം നിൽകുന്നപോലെ തോന്നി അവൾക്ക്… തന്റെ പിന്നിൽ നിൽക്കുന്ന ആളുടെ മുഖത്തേക്ക് നോക്കിയപ്പോൾ ഞെട്ടി പോയി…..

തുടരും….. .