രചന – ശ്രീതു ശ്രീ
“”എന്തുവാടീ ഇത്….??? ഉണർന്നിരിക്കുമ്പോൾ ചവിട്ടാൻ പറ്റില്ലല്ലോ… അതിനാവും ഉറക്കത്തിൽ അതങ്ങ് തീർക്കുന്നേ” ….. “ഞാനൊന്ന് അറിയാതെ ചവിട്ടീതാ ഇച്ചായാ…..അറിഞ്ഞോണ്ട് എന്തിനാ അങ്ങനെ ചെയ്യുന്നത്…? “ഇനി അത് സ്ഥാപിക്കാൻ നിൽക്കണ്ട … ഇറങ്ങിപ്പോ…. രാവിലെ മനുഷ്യന്റെ കാലും കളഞ്ഞു..” പറയുന്നതിനിടയിൽ അവൻ റോഹനെ ഉണർത്താതെ പതിയെ തന്റെ നെഞ്ചിൽ നിന്നും അടർത്തി കട്ടിലിൽ കിടത്തിയിട്ട് എഴുന്നേറ്റു…. അവൻ കൂടുതലൊന്നും പറയാഞ്ഞതിന്റെ ആശ്വാസത്തിൽ അവൾ ബാത്റൂമിലേയ്ക്ക് പോയി…. അവൾ കൂടുതലൊന്നും അവനോടു പറയാൻ ആഗ്രഹിച്ചിരുന്നില്ല…. അല്ല ആഗ്രഹിച്ചിട്ടും ഇനി ഒരു കാര്യവുമില്ല….ജോണി ഈ ജന്മത്തു അതൊന്നും സമ്മതിക്കില്ല…. പിന്നെ വെറുതെ സമയം കളയമെന്ന് മാത്രം…
“.ഇനി ആ സാത്താൻ എഴുന്നേറ്റിരുപ്പുണ്ടാവുമോ മാതാവേ…” ബാത്‌റൂമിന്റെ കതക് തുറന്നതും നേരെ മുന്നിൽ ജോണി….അവളാകെ പതറി… കടുവേന്ന് വിളിച്ചതിനു വയറ് നിറച്ച് കിട്ടിയതാ… ഇതിനിനി എന്താവുമോ….കഷ്ടകാലത്തിനു ഓരോന്ന് വായിൽ വന്നു പോകുന്നതാണ്..,.. അവൾ അവന്റെ മുന്നിൽ തലകുനിച്ചു നിന്നു…… അല്പം സമയം കഴിഞ്ഞിട്ടും അവനിൽ നിന്ന് യാതൊരു പ്രതികരണവും ഉണ്ടാകാതെ വന്നപ്പോൾ അവൾ തലയുയർത്തി….. ജോണിക്ക് മാറ്റമൊന്നുമില്ല….അവനതെ ദേഷ്യത്തിൽ തന്നെയാണ് നിൽക്കുന്നത്…. “നീയെന്തുവാ നോക്കി പേടിപ്പിക്കുവാണോ…?”….. “ഇച്ചായാ… ഞാൻ…” …….”ഇച്ചായനോ….ഏതിച്ചായൻ..??എന്നെ കുറച്ചു മുൻപ് ഇയാൾ അങ്ങനെ അല്ലല്ലോ വിളിച്ചത്….അത് തന്നങ്ങു വിളിച്ചൊയിനി…. അല്ലാതെ ബാക്കിയുള്ളവരെ ബോധിപ്പിക്കാൻ വേണ്ടി കഷ്ടപ്പെടണ്ട….” …..
“എനിക്കു ദേഷ്യം വന്നപ്പൊ അറിയാതെ പറഞ്ഞു പോയതാ……ഇനി ആവർത്തിക്കില്ല..” …….”അതൊന്നും എനിക്കറിയണ്ട…. എന്റെ തീരുമാനത്തിൽ യാതൊരു മാറ്റവും ഇല്ല.. എന്നെ ഇനി മേലിൽ മറ്റൊന്നും വിളിക്കണ്ട…തനിക്കൊന്നും വിളിക്കാനുള്ള യോഗ്യതയും ഇനിയില്ല…” അവൻ തിരിഞ്ഞു നടന്നു . അലമാര തുറന്ന് മടക്കി വച്ച തുണികൾക്കിടയിൽ ഏതോ ഷർട്ട് തിരയാൻ തുടങ്ങി… അവൻ അതിരാവിലെ എവിടൊ പോകാനുള്ള തയാറെടുപ്പാണെന്ന് അവൾക്ക് മനസിലായി…. ഒന്നു രണ്ടു നിമിഷം കൂടി അവളവിടെ നിന്നു… തനിക്ക് ദേഷ്യത്തിന്റെ പുറത്തു വന്നുപോയ ഒരു നാവുപിഴയോർത്തവൾ സങ്കടത്തോടെ അടുക്കളയിലോട്ട് പോകാനിറങ്ങി…. അവൾ പോകുന്നത് ഒന്നു വെറുതെ തിരിഞ്ഞു നോക്കിയിട്ട് ജോണി ബാത്‌റൂമിൽ കയറി…
അവനിറങ്ങിയപ്പോളേക്കും മേശപ്പുറത്തു ഒരു ഗ്ലാസ് കട്ടൻ കാപ്പി നേഹ കൊണ്ടു വച്ചിട്ടുണ്ടായിരുന്നു….. അവനത് കുടിക്കുമെന്ന് വല്യ പ്രതീക്ഷ ഒന്നുമില്ലെങ്കിലും അതിട്ടു കൊടുക്കാതിരിക്കാൻ അവളെ മനസ് അനുവദിച്ചില്ല….. കുടിക്കുന്നെങ്കിൽ കുടിക്കട്ടെ എന്നത് മാത്രമായിരുന്നു അവളുടെ ചിന്ത…. ജോണി അത് കണ്ടെങ്കിലും അവനത് എടുത്തില്ല….. ജോണി കുട്ടികളുടെ പുതപ്പ് ഒന്നുകൂടി ശരിയാക്കി പുതപ്പിച്ചു… ഇരുവരുടെയും നെറ്റിക്കോരോ ഉമ്മ കൊടുത്തിട്ട് അവൻ വണ്ടിയുടെ കീയും എടുത്തു വെളിയിലേക്കിറങ്ങി…. നേഹയുടെ അപ്പോഴത്തെ ചിന്ത മുഴുവൻ ജോണി കാപ്പി കുടിക്കുമോ എന്നതായിരുന്നു…അവനത് കുടിച്ചിരുന്നെങ്കിൽ എന്ന് എന്തിനെന്നറിയാതെ അവൾ ആഗ്രഹിച്ചിരുന്നു….. അവനിറങ്ങി പോയി എന്നുറപ്പായപ്പോൾ അവൾ മുറിയിലേയ്ക്ക് ഓടിച്ചെന്നു…..
മേശപ്പുറത്തു കാപ്പി കൊണ്ടുവച്ച അതേപടി ഇരിക്കുന്നത് കണ്ടപ്പോൾ അവളുടെ നെഞ്ച് ഒന്നു പിടഞ്ഞു….. കണ്ണിൽ ചെറിയൊരു നനവ് പടർന്നു… അത് കാര്യമാക്കാതെ നനവാർന്ന മിഴികളോടെ അവൾ ആ ഗ്ലാസ് കയ്യിലെടുത്തു തിരിഞ്ഞതും ജോണി മുന്നിൽ ജോണി…!! അവന് നേരെ നോക്കാതെ നേഹ മുന്നോട്ട് തന്നെ നടന്നു…. ജോണി ആ കാഴ്ച കണ്ട് ഒരു നിമിഷം സ്ഥബ്ധനായി….. അവളവനെ കടന്നു പോയതും ജോണിയുടെ മനസിലും ഒരു വിങ്ങലുണ്ടായി……. “ഡോ…. ഒന്നു നിന്നേ…” അവന്റെ നാവ് അവനറിയാതെ പറഞ്ഞു പോയി… അതിന് പിന്നാലെ അവന്റെ കാലുകളും അവൾക്കരികിലേയ്ക്ക് ചലിച്ചു….. “അതെനിക്ക് എടുത്തതല്ലേ… ഞാൻ ഇറങ്ങാൻ നേരം കുടിക്കാമെന്ന് വച്ചതാ പിന്നെ വിട്ടുപോയി… ഇങ്ങ് തന്നേര്…” അവളുടെ സങ്കടം തീർക്കാനായി ജോണി ഒരു നുണ പറഞ്ഞു… യഥാർത്ഥത്തിൽ അവൻ വന്നത് മറന്നു വച്ചൊരു പൊതി എടുക്കാനായിരുന്നു… അവന് ഗ്ലാസ് നേരെ നീട്ടാതെ , ജോണിയുടെ ശബ്ദം യാഥാർദ്യമാണോ മിഥ്യയാണോ എന്ന ആശങ്കയിൽ പെട്ടുകിടക്കുക ആയിരുന്നവൾ…..
തനിക്കനുകൂലമായ പ്രതികരണം ഉണ്ടാകാത്തത് കണ്ട് അവൻ അവളുടെ കയ്യിൽ ഇരുന്ന കാപ്പി ഗ്ലാസിൽ പിടിച്ചു… “ഇങ്ങു താഡോ… സമയം പോകുന്നു…” അവന്റെ വിരൽ സ്പർശം അവളുടെ വിരലുകളിൽ പതിഞ്ഞപ്പോൾ ആ വിരലുകൾ താനെ അയഞ്ഞു…. അവന്റെ മുഖത്തേയ്ക്ക് ഇടയ്ക്കൊന്ന് നോക്കിയപ്പോൾ ആ കണ്ണുകൾ തന്നിലേയ്ക്കെത്തുന്നത് അറിഞ്ഞതും അവൾ ഉടനെ തന്റെ കണ്ണുകളെ പിൻവലിച്ചു……… കാപ്പി പെട്ടെന്ന് കുടിച്ചിട്ട് അവളുടെ കയ്യിൽ തന്നെ ആ ഗ്ലാസ് തിരിച്ചു നൽകി . അപ്പോഴും നേഹ തല ഉയർത്തിയില്ല…… എടുക്കാൻ വന്ന പൊതിയും എടുത്തുകൊണ്ട് അവനിറങ്ങി പോയപ്പോൾ അവൻ കണ്ണിൽ നിന്നു മറയും വരെയും അവിടെത്തന്നെ നിന്നു .. അല്പം മുൻപ് വരെ അവളിൽ ചിറകടിച്ചു നിന്ന സങ്കടം ഇപ്പോൾ എവിടൊ പറന്നകന്നു….
കാപ്പി കുടിക്കുന്നതിനിടയിൽ തന്നെ പാളിനോക്കിയ ജോണിയുടെ മുഖം അവളിൽ സന്തോഷം നിറച്ചു…… ഇന്ന് ജിൻസിക്ക് കോളേജിലും പോകണം…. അത് കൊണ്ടവൾ പ്രാതൽ ഉണ്ടാക്കുന്നതിനൊപ്പം അവൾക്ക് ചോറ് കൊടുത്ത് വിടാനുള്ള തയാറെടുപ്പുകളും ആരംഭിച്ചു…. ഉള്ളിലിത്തിരി സന്തോഷം ഉള്ളതിനാൽ ആകാം ജോലികൾ എല്ലാം വേഗത്തിൽ തീർന്നു…. അത് കണ്ടപ്പോൾ ജിൻസിക്ക് ചെറിയൊരു സംശയം തോന്നാതിരുന്നില്ല…. “നേഹേച്ചി… ഇന്നെവിടേലും പോകാനുണ്ടോ..? “അതെന്നാടി..? “അല്ല ഇന്ന് ജോലിക്ക് നല്ല സ്പീഡുണ്ടല്ലോ…. “അത്… നിനക്ക് ഇന്ന് കോളേജിൽ പോകണ്ടേ….. അതോണ്ട് വേഗന്നെല്ലാം ഒരുക്കിയതാണ്…… “ചാച്ചൻ ഇന്നെന്താ വെളുപ്പിനെ പോയത്..? “ആ… എന്നോടൊന്നും പറഞ്ഞില്ല…. ഞാനൊട്ട് ചോദിക്കാനും പോയില്ല…. “നല്ല ഭാര്യയും ഭർത്താവും…. താമസിക്കാതെ രണ്ടിനും എവിടുന്നേലും അവാർഡ് കിട്ടും…” അതും പറഞ്ഞവൾ ഒരുങ്ങാൻ പോയി…..
അവൾ പറഞ്ഞത് കേട്ടെങ്കിലും അന്നമ്മ കേട്ടതായി നടിച്ചില്ല…. “നേഹക്കൊച്ചേ… ഒന്നിങ്ങോട്ട് വന്നേ… പതിവില്ലാതെ മോനച്ചന്റെ വിളി കേട്ടപ്പോൾ നേഹയും അന്നമ്മയും പരസ്പരം നോക്കി… കഴിക്കുമ്പോളൊ കാപ്പി കൊണ്ടുപോയി കൊടുക്കുമ്പോളൊ ഒക്കെയേ അയാൾ അവളോട് എന്തെങ്കിലും പറയാറുള്ളൂ…. അല്ലാതെ ഇന്നുവരെ ഒന്നും ആവശ്യപ്പെട്ടിട്ടുകൂടിയില്ല…… നേഹ പോകാൻ തുടങ്ങിയപ്പോൾ അന്നമ്മ പതിയെ അവളോട് പറഞ്ഞു….. “പിന്നെ … കാശ് വല്ലൊം ചോദിക്കുവാണേൽ നീ കൊടുക്കണ്ട… ചുമ്മാ ഷാപ്പിൽ കൊണ്ടുപോയി കളയാനാ…. ഇന്നലെ എന്നോട് കുറെ ചോദിച്ചതാ… ഞാൻ കൊടുത്തില്ല… അവൾ തലകുലുക്കി സമ്മതിച്ചിട്ട് അയാൾക്ക് അരികിലേയ്ക്ക് പോയി…. “മോള് പണിയിലായിരുന്നോ…? “ഓ… അടുക്കളയില് ഓരോന്ന് എടുക്കുവാരുന്നു….. “മോളെ… നിങ്ങള് തമ്മില് എന്താ സൗന്ദര്യ പിണക്കമൊന്നും തീർന്നില്ലേ….? “അത്… ഓ… ഒന്നുമില്ല അപ്പച്ചാ… ഇടയ്ക്ക് ജോണിച്ചായന് ദേഷ്യം വരൂന്നേയുള്ളു…
“നിങ്ങള് തമ്മില് ഒന്ന് സന്തോഷത്തോടെ ഒരു വാക്ക് പറയുന്നത് ഇത്ര നാളായിട്ടും ഞാൻ കേട്ടിട്ടില്ലല്ലോ…. പരസ്പരം മിണ്ടുന്നതു തന്നെ അപൂർവ്വാ….അഥവാ മിണ്ടിയാലൊ വല്ല വഴക്കിനും ആയിരിക്കും…. അവനെ ഉപദേശിച്ചു ഞാൻ മടുത്തു….. നിനക്ക് ഇതൊക്കെ കുറച്ചു ശ്രദ്ധിച്ചൂടെ…. അപ്പന്റേം അമ്മേടേം സ്നേഹോം ബഹുമാനോം കണ്ട് വളരേണ്ടവരാ ആ പിള്ളാര്…. എന്നാലല്ലേ അവർക്ക് മറ്റുള്ളവരെ സ്നേഹിക്കാനും ബഹുമാനിക്കാനും കഴിയൂ….. ഇവിടെ രണ്ടുംകൂടി വർത്തമാനം പറയുന്നത് തന്നെ കടിച്ചു മുറിച്ചല്ലേ….? നേഹ എല്ലാം കേട്ട് തലതാഴ്ത്തി കയ്യിൽ കിടക്കുന്ന മോതിരം വെറുതെ തിരിച്ചുകൊണ്ട് അയാൾക്കരികിൽ നിന്നു….. “ഞാൻ പറയുന്നത് നീ കേൾക്കുന്നുണ്ടോ..? “മ്മ്…”… “അവനാ ലിന്റയോടുള്ള ദേഷ്യാ ഇടയ്ക്ക് നിന്നോട് കാണിക്കുന്നേ… അല്ലാതെ വേറൊന്നുമില്ല…. അത് കണ്ടിട്ട് നീയും അവനീന്ന് അകലല്ലേ കുഞ്ഞേ….
നിന്നെ അവഗണിക്കുമ്പോളും ഒന്ന് അവനെ സ്നേഹിക്കാൻ ശ്രമിച്ചു നോക്ക്…. ഇങ്ങോട്ട് സ്നേഹം കിട്ടിയാലേ അങ്ങോട്ട് കൊടുക്കു എന്ന വാശിയൊന്നും ജീവിതത്തിൽ വച്ചുപുലർത്തരുത്…. അത് മിക്കവാറും നാശത്തിലെ കൊണ്ടെത്തിക്കൂ…. ആത്മാർത്ഥമായി സ്നേഹിക്കുന്നെങ്കിൽ ഉപാദികളില്ലാതെ സ്നേഹിക്കണം….. ആ സ്നേഹം ഒരിക്കലെങ്കിലും കാണാതിരിക്കാൻ സ്നേഹിക്കപ്പെടുന്ന ആൾക്ക് കഴിയില്ല……. ഒരുപക്ഷെ ജീവിതത്തിന്റെ അവസാന നിമിഷത്തിലാവും അത് തിരിച്ചറിയുക…… എങ്കിലും സ്നേഹിക്കുക….. സ്നേഹത്തിന്റെ കാറ്റലകൾ ഒരിക്കലും ഒടുങ്ങില്ല…. ഹൃദയങ്ങളിൽ നിന്നത് ഹൃദയങ്ങളിലേയ്ക്ക് സഞ്ചരിച്ചു കൊണ്ടിരിക്കും……… നിനക്ക് അവനെ മാറ്റിയെടുക്കാൻ കഴിയും മോളേ… ഒന്നു ശ്രമിക്ക്… കേട്ടോ… അത്രയ്ക്ക് കണ്ണിൽ ചോരയില്ലാത്തവനൊന്നും അല്ലെന്റെ കുഞ്ഞ്…നിന്റെ സ്നേഹം കാണാതെ പോകാനും കഴിയില്ല…. നിങ്ങളൊക്കെ സ്നേഹത്തോടെയും സന്തോഷത്തോടെയും ജീവിക്കുന്നത് എനിക്ക് കാണണം…പ്രത്യേകിച്ചും എന്റെ മോന്റെ ചിരിയും സന്തോഷവും….എന്നിട്ട് വേണം ഒന്ന് കണ്ണടയ്ക്കാൻ……
പറഞ്ഞു നിർത്തിയിട്ടയാൾ നേഹയെ നോക്കി…. അവൾ അയാളെത്തന്നെ നോക്കി നിൽക്കുകയായിരുന്നു….. നീ ചെല്ല്…. പിള്ളേരെന്തിയെ…? കളിയായിരിക്കും…. “ങ്ഹാ…. ജിനു കോളേജിൽ പോകുന്നതിന്റെ സങ്കടത്തിൽ അവിടിരിപ്പുണ്ട്….. “ഓ… എങ്കിലിന്നു ഞാനവർക്കൊപ്പം കൂടാം… ഇനി മുതുക്കിനെയും ചതുക്കിനെയുമൊക്കെ കൂടെ കൂട്ടുമോ ആവോ…. “അതെന്തൊരു പറച്ചിലാ അപ്പച്ചാ…. അപ്പച്ചനേം ജോണിച്ചായനെയുമാ അവർക്കേറ്റുവും ഇഷ്ടം…… അവൾ അടുക്കളയിലേയ്ക്ക് തിരിഞ്ഞു നടന്നപ്പോൾ അയാൾ തിണ്ണയിൽ നിന്നും എഴുന്നേറ്റു…. “എടീ പെണ്ണെ ഇതൂടി കഴിക്ക്…. അല്ലാതെ നീയിവിടുന്ന് പോണ്ടാ….” നേഹ അടുക്കളയിൽ എത്തിയപ്പോൾ അന്നമ്മ ജിൻസിയെ ദോശ കഴിപ്പിക്കുകയാണ്….. “നിനക്ക് എന്താടി വല്ലോം കഴിച്ചാല്… കോലം കണ്ടില്ലേ… സ്ലിം ബ്യൂട്ടി ആകാൻ നടക്കുവായിരിക്കും….. നേഹയും അന്നമ്മയെ പിന്തുണച്ചു..
അതുകേട്ടപ്പോൾ ജിൻസിയും വിട്ടുകൊടുത്തില്ല…. “വെറുതെയല്ല നിങ്ങക്ക് ചാച്ചന്റെ കയ്യീന്ന് കിട്ടുന്നെ…. ഇന്നെന്റെ ചാച്ചൻ വരട്ടെ… ഇതിനുള്ള സമ്മാനം വാങ്ങിത്തരാട്ടോ…. “ഇപ്പൊ നീ ചെല്ല്….അല്ലെങ്കിൽ സാറുമ്മാരുടെ കയ്യീന്ന് നിനക്കും സമ്മാനം കിട്ടും….. അവൾ നേഹയെ കൊഞ്ഞണം കുത്തി കാണിച്ചു… നേഹ നെറ്റി ചുളിച്ചതും അവൾ അടുക്കളയിൽ നിന്നിറങ്ങി മുറിയിലേക്ക് പോയി…. അല്പം കഴിഞ്ഞപ്പോൾ ജിൻസിയുടെ ശബ്ദം കേട്ടു….. “ഞാനിറങ്ങുവാണെ… ജിൻസി പോയതിലുള്ള സങ്കടം തീർത്തുകൊണ്ട് പതിവില്ലാതെ മോനച്ചൻ കുട്ടികൾക്കൊപ്പം കൂടി…… അവരെ കളിപ്പിക്കാൻ അറിയില്ലായിരുന്നെങ്കിലും അവർ പറയുന്നതൊക്കെ അനുസരിച്ച് അവരുടെ കളികളിൽ പങ്കാളിയാവുക മാത്രമാണ് അയാൾ ചെയ്തത്….. ജോലികളൊക്കെ കുറെ ഒതുങ്ങിയപ്പോൾ നേഹ പതിവ് പോലെ അവളുടെ അച്ഛൻ ആന്റണിയെ വിളിച്ചു…… “അപ്പച്ചാ…. പറമ്പിലെ പണിയൊക്കെ കഴിഞ്ഞോ…? അതൊ നേരം വെളുത്താൽ വയ്യുവോളം അവിടത്തന്നെ ആണോ….?”….. “പണി ചെയ്യാനൊന്നും ആളെക്കിട്ടുന്നില്ല കൊച്ചെ…പിന്നെ നമ്മള് കൊറേശ്ശേ തീർത്തില്ലേലെങ്ങനാ…ഇപ്പൊ വേനൽക്കാലമായാലും മിക്കവാറും മഴ അല്ലെ … “പിന്നെ സാന്ദ്രേടെ പനി കുറഞ്ഞോ…? “ങ്ഹാ…. ഇന്നലെ അവര് ആശുപത്രിയിൽ പോയി…
ഇന്നത് കൊണ്ട് കുറച്ചു കുറവുണ്ട്…. “നീ നോബിനെ വിളിക്കാറില്ലേ…..സാന്ദ്രയ്ക്ക് നിന്നോട് സംസാരിയ്ക്കണമെന്നോ കാണണമെന്നോ ഒക്കെ കഴിഞ്ഞ ദിവസം പറഞ്ഞാരുന്നു…. “അതിന് ചേച്ചി സമ്മതിച്ചിട്ട് വേണ്ടേ…. എന്നെക്കാണുന്നതേ അവർക്ക് ദേഷ്യമാണല്ലോ…. പാവം… ആ കൊച്ചിന്റെ മനസുകൂടി അവര് ചീത്തയാക്കും…. “അതൊന്നുമിനി പറഞ്ഞിട്ട് കാര്യമില്ലല്ലോ…. നിനക്കവിടെ കുഴപ്പമൊന്നുമില്ലല്ലോ…. എനിക്കത് അറിഞ്ഞാൽ മതി…. “ഹെയ്… ഇവിടെന്തു കുഴപ്പം…? “ജോണിയെന്തിയെ…? രാവിലെ പോയോ..? “ഇന്ന് നേരം വെളുക്കും മുൻപെ പോയതാ…. “എന്നാല് …ഞാൻ വൈകിട്ട് വിളിക്കാം മോളേ…. നേഹയുടെ ചേട്ടൻ നോബിന്റെയും സിനിയുടെയും മകളാണ് സാന്ദ്ര…. നോവിന്റെ ഭാര്യ യ്ക്ക് നേഹ അവിടെ നിൽക്കുന്നത് ഇഷ്ടമായിരുന്നില്ല നേഹയും മകനും അവർക്കൊരു ബാധ്യത തന്നെ ആയിരുന്നു….. അത് മനസിലാക്കിയാണ് ആന്റണി നേഹയെ ജോണിയുടെ കൂടെ കെട്ടിക്കാൻ വാശി പിടിച്ചത്…………
അവൾ ഫോൺ കട്ടാക്കി വെറുതെ ഒന്ന് വാട്സാപ്പ് തുറന്നപ്പോളേക്കും മോനച്ചൻ വിളിച്ചു… “നേഹേ……നീയിച്ചിരി വെള്ളം ഇങ്ങെടുത്തെ…. അവൾ അടുക്കളയിൽ പോയി വെള്ളം എടുത്തുകൊണ്ട് വന്നപ്പോൾ ഒരു ഓട്ടോ വന്നു മുറ്റത്ത് നിന്നു….. മോനച്ചന് വെള്ളം കൊടുത്തു കഴിഞ്ഞവൾ അവിടേയ്ക്ക് ചെന്നു…… മുറ്റത്ത് ഇറങ്ങിയപ്പോൾ ആണ് അതിനുള്ളിൽ ജോണി ആണെന്ന് അറിഞ്ഞത്….. അവനൊപ്പം മറ്റൊരാൾ കൂടി ഉണ്ടായിരുന്നു…… ആദ്യം ഇറങ്ങിയത് ജോണിക്കൊപ്പം ഉണ്ടായിരുന്ന ആൾ തന്നെയാണ്…… “പെങ്ങളെ.. ഒന്നിങ്ങു വന്നേ… നേഹയെ കണ്ടപ്പോൾ അയാൾ വിളിച്ചു…… അവൾ വണ്ടിക്കടുത്തെത്തിയതും ഞെട്ടിപ്പോയി…… ജോണിയുടെ കയ്യിലും കാലിലുമൊക്കെ മുറിവുകൾ കെട്ടിവച്ചിരിക്കുന്നു…. ആശുപത്രിയിൽ നിന്നുള്ള വരവാണ്…..
“ജോണിച്ചായാ….” …..”ചേച്ചീ… പേടിക്കാനൊന്നുമില്ല….ഏണിയിൽ നിന്ന് ഒന്ന് സ്ലിപ്പായി വീണതാ….വീണിടത്തു കുറെ കുപ്പിച്ചില്ലുകൾ ഉണ്ടായിരുന്നു…. അങ്ങനെ മുറിവ് പറ്റിയതാ…. ഒരാഴ്ച എന്തായാലും റസ്റ്റ് എടുക്കട്ടെ…..കെട്ടിന്റെ അന്ന് പോലും ജോലിക്കിറങ്ങിയ കക്ഷിയല്ലേ…… ജോണിയുടെ കൂടുണ്ടായിരുന്ന സിജു അവളോട് പറഞ്ഞു…… ജോണിയ്‌ക്കാകട്ടെ യാതൊരു ഭാവവ്യത്യാസവും ഇല്ലായിരുന്നു….. നേഹയുടെ മിഴികൾ അവനിലേയ്ക്ക് വീണ്ടുമെത്തിയപ്പോൾ അവൻ പറഞ്ഞു….. “അപ്പച്ചൻ അകത്തില്ലേ… ഇങ്ങ് വിളിക്ക്… “തന്നെ നടക്കാൻ വയ്യാത്ത ആളെയാ താങ്ങാൻ വിളിക്കുന്നത്…. ചേച്ചിയുടെ കൂടെ ഞാനും പിടിക്കാം… ജോണിച്ചായൻ ഇറങ്ങ്…..” “അതൊന്നും വേണ്ട സിജു…. ഞാൻ അപ്പച്ചന്റെ കൂടെ പൊയ്ക്കോളാം….. യഥാർത്ഥത്തിൽ ജോണി പറയാൻ ശ്രമിക്കുന്നത് താൻ എന്നെ പിടിക്കണ്ട എന്നാണെന്നു നേഹയ്ക്ക് മനസിലായി… സിജു കൂടി നിൽക്കുന്നത് കൊണ്ട് മാത്രമാണ് അവനത് തുറന്നു പറയാത്തതെന്നും അവൾക്കു തോന്നി…..

by