19/04/2026

മയിൽപ്പീലി : ഭാഗം 55

രചന – നെച്ചു നസ്രിൻ

കണ്ണിലേക്കു വെളിച്ചം പതിച്ചപ്പോളാണ് പീലി കണ്ണുകൾ തുറന്നത്. അവൾ ചുറ്റും നോക്കി. ഇന്നലെ രാത്രി ബാൽക്കണിയിലാണ് കിടന്നതെന്ന് അവളപ്പോളാണ് ഓർത്തത്. സൂരജിന്റെ നെഞ്ചിൽ നിന്ന് തലയുയർത്തി അവന്റെ മുഖത്തേക്കവൾ നോക്കി. കിളികളുടെ കലപില കേൾക്കാം. തൊട്ടടുത്തു കിടന്ന ഫോൺ കയ്യെത്തിച്ചെടുത്തു സമയം നോക്കി.7 കഴിഞ്ഞിരിക്കുന്നു. സൂര്യനുദിച്ചെങ്കിലും മേഖപാളികൾക്കിടയിൽ നിന്ന് പുറത്തേക്ക് വരാൻ ആദിത്യൻ മടി കാണിച്ചു. അതിന്റെ പിൻബലത്തിൽ കോടമഞ്ഞു അവിടെയാകെ വിഹരിച്ചു നടന്നു. നല്ല തണുപ്പുണ്ട് ഇപ്പോളും. അവൾ ബ്ലാങ്കറ്റ് ദേഹത്തേക്ക് കുറച്ചു കൂടി വലിച്ചിട്ടു സൂരജിനെ പറ്റി ചേർന്നു. അവൻ ഒരുകയ്യാൽ പീലിയെ മുറുക്കെ ചുറ്റി പിടിച്ചു.

രണ്ട് ദിവസം കൊണ്ട് സൂരജിനും പീലിയ്ക്കും ഊട്ടിയിലെ വഴിയോരങ്ങളും മൊട്ട കുന്നുകളും സുപരിചിതമായി.ഊട്ടിയുടെ ഓർമയ്ക്കായി ഒരു കൂട നിറയെ മഞ്ഞപ്പൂക്കൾ അവർ വാങ്ങി. അടുത്ത ഒരു വർഷം വരെ വാടാതെ ഈ പൂക്കൾ ഇരിക്കുമെന്നാണ് എല്ലാവരുടെയും വിശ്വാസം. തിരികെ അവർ ക്രിസ്റ്റിയുടെ വീട്ടിലേക്കാണ് പോയത്. അമ്മച്ചിയും ക്രിസ്റ്റിയും അവരുടെ വരവ് പ്രതീക്ഷിച്ചിരിപ്പായിരുന്നു. അവരുടെ മുഖത്തൊരു പ്രത്യേക തെളിച്ചം പീലി ശ്രദ്ധിച്ചു.

എല്ലാവരിൽ നിറഞ്ഞു നിൽക്കുന്ന ഈ സന്തോഷം എന്നും നിലനിൽക്കട്ടെ എന്നവൾ ആത്മാർത്ഥമായി പ്രാർത്ഥിച്ചു. അന്ന് തന്നെ മടങ്ങുന്നതിൽ മേരിയ്ക്ക് നീരസമുണ്ടായിരുന്നു. എല്ലാവരുമായി ഇനിയൊരിക്കൽ വരാമെന്ന ഉറപ്പിലാണ് അവർ നാട്ടിലേക്ക് തിരിച്ചത്.രാവിലെ അവിടുന്ന് പുറപ്പെട്ട സൂരജും പീലിയും വൈകിട്ടോടെ സ്വന്തം നാട്ടിലെത്തി. റോഡിലെ സിഗ്നലിൽ കാർ നിർത്തിയിട്ടേക്കുമ്പോളാണ് പീലി പരിജയമുള്ളൊരു മുഖം റോഡരികിൽ കണ്ടത്. അവൾ കുറച്ച് നേരം ആ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി.

പെട്ടെന്നവളുടെ കണ്ണ് നിറഞ്ഞു. അവൾ സൂരജിനോട് കാർ സൈഡ് ആക്കാൻ ആവശ്യപ്പെട്ടു. സൂരജ് ഒന്നും മനസിലാകാതെ കാർ റോഡിനു ഒരു സൈഡിലേക്ക് ഒതുക്കി നിർത്തി. പീലി ഡോർ തുറന്ന് പുറത്തേക്കിറങ്ങി. സൂരജും പിറകെയിറങ്ങി. കയ്യിൽ ഏതോ കവർ താങ്ങിപ്പിടിച്ചു നടന്നു വരികയായിരുന്ന വീണ പെട്ടെന്ന് നിശ്ചലയായി. പീലി ആ കാഴ്ച കണ്ട് തറഞ്ഞു പോയി. വീണയുടെയും അവസ്ഥ മറിച്ചായിരുന്നില്ല. അവൾ പകച്ചു പീലിയെ നോക്കിയ ശേഷം അവളെ മറികടന്നു പോകാൻ തുടങ്ങി.

“വീണേ നീ ഇതെവിടെയായിരുന്നു ഇത്ര നാളും. ആരോടും പറയാതെ ഇങ്ങനെയൊക്കെ ചെയ്യാൻ നിനക്കെങ്ങനെ തോന്നി”?.

“വഴീന്ന് മാറ് പീലി എനിക്ക് പോകണം”.

“എങ്ങോട്ടേക്ക്. എനിക്ക് മറുപടി തരാതെ നിന്നെ ഇവിടുന്ന് എങ്ങോട്ടും ഞാൻ വിടില്ല. എന്ത് കോലമാണ് മോളെ നിന്റെ. എന്താ നിനക്ക് പറ്റിയത്”?.

പീലി കരയുകയായിരുന്നു. സൂരജും വീണയുടെ കോലം കണ്ട് സംശയത്താൽ നെറ്റി ചുളിച്ചു. നരച്ചു പഴകിയൊരു ചുരിദാറാണ് വേഷം. കണ്ണിനു ചുറ്റും കറുപ്പ് പരന്നിട്ടുണ്ട്. കഴുത്തിലും മുഖത്തും അടിയേറ്റത്തിന്റെയോ മറ്റൊ പാടുകൾ വ്യക്തമാണ്. മുടി എണ്ണമയമില്ലാതെ പാറിപ്പറന്ന് കിടക്കുന്നു. നെറ്റിയിൽ നിന്ന് വിയർപ്പ് കഴുത്തിലേക് ഒഴുകിയിറങ്ങുന്നു. വെയിലേറ്റ് മുഖമാകെ കരുവാളിച്ചിട്ടുണ്ട്.പണ്ടത്തെ വീണയുടെ നിഴൽ പോലുമാകാൻ കഴിയാത്ത ഒരു രൂപം. വീണ പക്ഷേ അവരിൽ നിന്ന് ഒളിച്ചോടാൻ ശ്രമിക്കുകയായിരുന്നു. പീലി അവളെ വിട്ടില്ല. ഒടുവിൽ വീണായ്ക്കെല്ലാം തുറന്ന് പറയേണ്ടി വന്നു. അവനെ കണ്ടത് മുതൽ ഇന്ന് വരെയുള്ള എല്ലാ കാര്യങ്ങളും പൊട്ടിക്കരച്ചിലോടെ അവൾ പറഞ്ഞു തീർത്തു.

“എനിക്ക് സങ്കടമില്ലിപ്പോൾ. ഒരേയൊരു വിഷമം മാത്രമേയുണ്ടായിരുന്നുള്ളൂ നിന്നെ ഒന്ന് കാണണമെന്നും നിന്നോട് ക്ഷമ ചോദിക്കണമെന്നും. ഇപ്പോ അവിടുത്തെ ജോലിയെല്ലാം ഒറ്റയ്ക്ക് ചെയ്യുമ്പോൾ ഞാനെപ്പോlumn നിന്നെ ഓർക്കാറുണ്ട്. ഒരു പരാതിയും പറയാതെ ഞാൻ ദ്രോഹിച്ചിട്ട് കൂടിയും നീ ഞങ്ങൾക്ക് വേണ്ടിയെല്ലാം ചെയ്തില്ലേ. നിന്നോട് കാണിച്ചതിന് ദൈവം തന്ന ശിക്ഷയാണ് പീലി ഇത്”.

പീലി എന്ത് മറുപടി പറയുമെന്നറിയാതെ നിന്നു.

“ചേച്ചി!. അങ്ങനെ വിളിക്കാമോ എന്നറിയില്ല. ഇത് വരെ അങ്ങനെ വിളിച്ചു ശീലമില്ലല്ലോ. കുഞ്ഞ് നാൾ മുതൽ അമ്മ പറഞ്ഞു പഠിപ്പിച്ചത് പോലെയാണ് ഞാൻ ചേച്ചിയോട് പെരുമാറിയിട്ടുള്ളത്. അതിൽ അമ്മയുടെ മാത്രം തെറ്റല്ല. അറിയുന്ന പ്രായമായപ്പോൾ ഞാനെല്ലാം മനസിലാക്കാൻ ശ്രമിച്ചില്ല. എനിക്കൊരപേക്ഷയെയുള്ളൂ. എന്നെ മനസ് കൊണ്ട് ശപിക്കരുത്. അറിയാം അങ്ങനെ ചെയ്യാൻ ചേച്ചിക്കാവില്ലെന്ന്. ഞാൻ പോട്ടെ എന്നാൽ. ഇപ്പോ തന്നെ താമസിച്ചു. ഇനിയും നിന്നാൽ അതിനാകും അടുത്ത അടി”.

മറുപടിക്ക് കാത്ത് നിൽക്കാതെ വീണ തിരിഞ്ഞ് നടന്നു. ഒന്ന് നിന്നിട്ട് അവൾ സൂരജിനരികിലേക്ക് വന്നു.

“സൂരജേട്ടൻ എന്നോട് ക്ഷമിക്കണം. അറിഞ്ഞോ അറിയാതെയോ എന്തേലും തെറ്റ് ചെയ്തിട്ടുണ്ടേൽ പൊറുക്കണം. പീലിയേച്ചിയെ പോലെ ഒരു ഭാര്യയെ ചേട്ടന് കിട്ടാൻ ഞാനുമൊരു കാരണക്കാരി ആയെന്ന് എനിക്ക് സമാദാനിക്കാല്ലോ”.

വേദന നിറഞ്ഞ പുഞ്ചിരി സമ്മാനിച്ചു വീണ തിരിച്ചു നടന്നു പോയി. സാധനം വാങ്ങാൻ പോലും പൈസ തികഞ്ഞിരുന്നില്ല. അത് കൊണ്ട് നടന്നു പോകുകയല്ലാതെ മറ്റൊരു മാർഗ്ഗവുമില്ലായിരുന്നു അവൾക്ക്. സൂരജ് പീലിയുടെ തോളിൽ കൈ ചേർത്തു.

“വീണയെ സഹായിക്കാൻ നമുക്ക് കഴിയില്ലേ സൂരജേട്ടാ. നമ്മളെല്ലാവരും സന്തോഷിക്കുമ്പോൾ അവൾ മാത്രം”.

“അവൾ ചെയ്ത തെറ്റിനുള്ള ഭലം അവൾ അനുഭവിക്കണം പീലി. നീ വാ നമുക്ക് പോകാം”.

“തെറ്റിനെ ഓർത്തു പശ്ചാതപിക്കുന്നതല്ലേ ഏറ്റവും വലിയ കാര്യം. അവൾ ഈ കുറഞ്ഞ ദിവസങ്ങൾ കൊണ്ട് തന്നെ അനുഭവിക്കാനുള്ളതെല്ലാം അനുഭവിച്ചു കഴിഞ്ഞു. ഇനിയും അവളെ ആ സാഹചര്യത്തിൽ വിട്ട് കൊടുക്കുക എന്നത് മരണത്തിലേക്ക് തള്ളി വിടുന്നത് പോലെയല്ലേ സൂരജേട്ടാ”.

“പീലി”.

“എന്റെ മനസ്സിനെന്നും ഇതൊരു നീറുന്ന വേദനയായിരിക്കും ഏട്ടാ. നമുക്കെന്തെങ്കിലും ചെയ്യണം”.

സൂരജ് അവൾ പറഞ്ഞതിനെ കുറിച്ച് ചിന്തിച്ചു. അവനും അത് ശെരിയാണെന്ന് തോന്നി. അവൻ വീണ പോയ വഴിയേ കാറോടിച്ചു.മിഥുൻ വീട്ടിനുള്ളിൽ വീണയെ കാത്തിരിക്കുന്നുണ്ടായിരുന്നു. വീണ ക്ഷീണിതയായിരുന്നു. അവൾ അകത്തേക്ക് കയറിയതും കസേരയിൽ നിന്ന് മിഥുൻ ചാടിയെണീറ്റു. മുഖത്തിനേറ്റ അടിയിൽ അവൾ വേച്ചു പോയി.

“എവിടായിരുന്നെടി ഇത്രയും നേരം?. നശിച്ചവളെ. വഴിയിൽ വെച്ച് വല്ലവനെയും കണ്ടാൽ നീ അവന്റെ കൂടെ കിടക്കാനായി പോകുമെന്ന് എനിക്ക് നന്നായറിയാം.മര്യാദക്ക് അടങ്ങിയൊതുങ്ങി ജീവിച്ചോണം. അറിയാല്ലോ.അല്ലെങ്കിൽ ഞാനാ വീഡിയോസ് ഒക്കെ അങ്ങ് വിലയ്ക്ക് കൊടുക്കും. പിന്നെ നിന്നെ തിരക്കി ആണുങ്ങൾ വീട്ടിലേക്ക് വരും”.

അവളുടെ മുടിക്കുത്തിൽ പിടിച്ച് അവന്റെ മുഖത്തിന്‌ നേരെ അടുപ്പിച്ചാണ് അവനത്രയും പറഞ്ഞത്. കേട്ടാൽ അറയ്ക്കുന്ന വാക്കുകളും മദ്യത്തിന്റെ രൂക്ഷമായ ഗന്ധവും അവളെ തളർത്തി.

” പോയി വല്ലതും വെച്ചുണ്ടാക്കെടി. മനുഷ്യന് വിശന്നിട്ടു വയ്യ”.

കാർ ഇടുങ്ങിയ ഒരു വഴിയുടെ മുന്നിൽ നിന്നു. കാറിൽ നിന്ന് പുറത്തിറങ്ങിയ പീലിയും സൂരജും ആ വഴി നടന്നു. കുറച്ച് നടന്നതും ഓട് മേഞ്ഞ ഒരു ചെറിയ വീടിന് മുന്നിലെത്തി. പൊട്ടി പൊളിഞ്ഞു വീഴാറായ പരുവത്തിലായിരുന്നു ആ വീട്. അടുക്കള വഴി പുറത്തേക്കിറങ്ങിയ വീണ വീടിന് മുന്നിൽ നിൽക്കുന്ന പീലിയെ കണ്ട് ഭയന്നു. അവളോടി അവർക്കരികിലേക്ക് വന്നു.

” ചേച്ചി എന്തിനാ ഇങ്ങോട്ട് വന്നത്. വേഗം പൊയ്ക്കോ. അവൻ കണ്ടാൽ അത് മതി പ്ലീസ് ചേച്ചി ഇവിടുന്ന് പൊയ്ക്കോ. സൂരജേട്ടാ പീലിയേച്ചിയെ വിളിച്ചു കൊണ്ട് പോ”.

“ഇല്ല വീണേ നിന്നെ ഈ അവസ്ഥയിൽ ഇവിടെ ഇട്ടിട്ട് പോകാൻ ഞങ്ങൾക്കാകില്ല. നീയും ഞങ്ങളുടെ കൂടെ വരണം”.

“ഇല്ല ചേച്ചി. തെറ്റാണു എന്നറിഞ്ഞു കൊണ്ട് ചെയ്ത പലതും ഇപ്പോളെന്റെ കഴുത്തിലെ പാമ്പ് പോലെ ശ്വാസം മുട്ടിക്കുവാണ്. ഞാൻ രക്ഷപെടാൻ ശ്രമിച്ചാൽ ഉറപ്പായും അവന്റെ കയ്യിലുള്ള വീഡിയോ ഒക്കെ എല്ലാവരെയും കാണിക്കും. എനിക്ക് പേടിയാണ്. അതിലും ഭേദം ഇങ്ങനെ മരിച്ചു ജീവിക്കുന്നതാണ്. ഞാൻ ഓടി പോയി എന്നൊരു നാണക്കേട് മാത്രമല്ലെ ഇപ്പോ അച്ഛനും അമ്മയ്ക്കുമുള്ളൂ നാളെ അത് വഴി പിഴച്ചു നടക്കുന്ന മകളുണ്ടെന്ന നാണക്കേടിലേക്ക് എത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല”.

ശബ്ദം കേ.ട്ട് മിഥുൻ പുറത്തേക്ക് വന്നതും പീലിയെയും സൂരജിനെയും വീണയെയും കണ്ടു. അവന്റെ ഞരമ്പ് വലിഞ്ഞു മുറുകി.

“ടി. അപ്പോ അനുസരണക്കേട് കാണിക്കാനാണ് നിന്റെ ഉദ്ദേശം അല്ലെ.ഞാൻ പറഞ്ഞതൊക്കെ നീ മറന്ന് പോയതാണോ.എന്റെ വാക്ക് ധിക്കരിച്ചു ഈ വീടിന് വെളിയിൽ കാൽ കുത്തിയാൽ നിന്നെ പച്ചക്ക് കത്തിക്കും ഞാൻ”.

“വേണ്ട മിഥുൻ ഇനി നിന്റെ പരാക്രമങ്ങളൊക്കെ വീണയുടെ മേൽ കാണിക്കാൻ നിൽക്കേണ്ട. ഞങ്ങളിവളെ കൊണ്ട് പോകുകയാണ്”.

“അത് നീയൊക്കെ തീരുമാനിച്ചാൽ മതിയോ. എന്താടി ഇവർ പറഞ്ഞതൊക്കെ ശെരിയാണോ. നിനക്ക് പോകണോ? പൊയ്ക്കോ. പക്ഷേ നീ വീടെത്തും മുൻപ് നിന്റെ കാമകേളികൾ നാട്ടുകാരെല്ലാം കാണും. പിന്നെ നിന്റെയാ കിളവൻ തന്തയും അഹങ്കാരി അമ്മയും കൂടെ വിഷം വാങ്ങി തിന്നോ കെട്ടി തൂങ്ങിയോ ചാകും. രണ്ടിനും കൊള്ളി വെയ്ക്കാനാണേൽ നീ വേഗം പൊയ്ക്കോ”.

വീണ കരഞ്ഞു കൊണ്ട് നിലത്തേക്കിരുന്നു. പീലിയുടെ മുഖം ദേഷ്യം കൊണ്ട് ചുമന്നു പോയി. അവൾ മിഥുന്റെ മുഖത്തേക്ക് കാലിൽ കിടന്ന ചെരുപ്പൂരി അടിച്ചു. സൂരജ് ഞെട്ടി പീലിയെ നോക്കി. മിഥുൻ ആകെ നാണംകെട്ട് പോയി. ആ ദേഷ്യത്തിൽ പീലിയെ അടിക്കാൻ പൊങ്ങിയ അവന്റെ കൈ സൂരജ് തടഞ്ഞു. മദ്യത്തിന്റെ ലഹരിയിൽ സ്വാധീനം നഷ്ടമായ അവനെ കീഴ്പ്പെടുത്തുന്നത് വലിയ പാടുള്ള കാര്യമായിരുന്നില്ല.

നിലത്ത് വീണ മിഥുനെ സൂരജ് ചവിട്ടി കൂട്ടി. അവൻ ഓരോ അടിയിലും വേദന കൊണ്ടലറി. പോക്കറ്റിൽ നിന്ന് ഫോൺ വലിച്ചെടുത്തു നിലത്തേക്കെറിഞ്ഞു.അത് പല കഷ്ണങ്ങളായി ചിന്നി ചിതറി. രണ്ടടി കൂടെ കൊടുത്തപ്പോൾ വീഡിയോ സൂക്ഷിച്ചു വെച്ച പെൻഡ്രൈവ് എവിടുണ്ടെന്നും അവൻ തന്നെ പറഞ്ഞു. എല്ലാം കൂട്ടിയിട്ട് കത്തിക്കുമ്പോൾ വീണയിൽ പ്രതീക്ഷയുടെ നാളം തെളിഞ്ഞു കത്തി.

“ഇതോടെ തീർത്തോണം എല്ലാം. ഇനി ഇവളുടെ മേൽ നിന്റെ നിഴൽ വീണാൽ നീയായിരിക്കും ഇങ്ങനെ കത്താൻ പോകുന്നത്”.

വീണയെ പീലി ചേർത്തു പിടിച്ചു. വീട്ടിലേക്കുള്ള യാത്രയിൽ അത് വരെ ഇല്ലാതിരുന്ന ഭയവും പരിഭ്രമവും വീണയിൽ വന്നു. വീട്ടിൽ അച്ഛനോടും അമ്മയോടും എല്ലാ കാര്യങ്ങളും സൂരജും പീലിയും പറഞ്ഞിരുന്നു. വീണയോട് അതിനെ കുറിച്ചൊന്നും ചോദിച്ചു മനസ് വിഷമിപ്പിക്കരുതെന്നും അവർ പറഞ്ഞിരുന്നു. തിരികെ പോകാൻ നേരം പീലി വീണയെ കാണാൻ അവളുടെ മുറിയിലേക്ക് ചെന്നു.

“വീണേ.ഇനി നീ ഒന്നു കൊണ്ടും സങ്കടപ്പെടണ്ട. അവനിനി വരില്ല. നീ എപ്പോളും ഓരോന്നൊക്കെ ഓർത്തു റൂമിൽ തന്നെ ഇരിക്കരുത്. ചെറിയമ്മക്ക് വയ്യാത്തതാണ്. നിന്നെ കൊണ്ട് പറ്റും പോലെ നോക്കിക്കോണേ. ഞാൻ ഇടക്ക് വരാം. ഞങ്ങളെന്നാൽ ഇറങ്ങട്ടെ”.

വീണ പീലിയെ കെട്ടിപ്പിടിച്ചു. അവളും തിരികെ വീണയെ ചേർത്തു പിടിച്ചു. ആ ചേർത്തു പിടിക്കലിൽ വീണയ്ക്ക് പറയാനുള്ളതെല്ലാം ഉണ്ടായിരുന്നു.

തീർത്ഥ രാഹുലിനോപ്പം തിരികെ ബാംഗ്ലൂരിലേക്ക് മടങ്ങി. ക്ലാസ്സ്‌ ഒക്കെ മുടക്കം വന്നാൽ ബുദ്ധിമുട്ടായത് കൊണ്ടാണ് മടിച്ചിട്ടാണേലും അവൾ തിരിച്ചു പോയത്. അവളെ ഹോസ്റ്റലിനു മുന്നിലാക്കി രാഹുൽ തിരികെ പോകാനൊരുങ്ങി.

“എന്നാലും നിന്റെ ഏട്ടന് നമ്മുടെ കാര്യം മനസിലായിട്ടുണ്ടാകുമല്ലോ. എന്നിട്ടും ഒരു വാക്ക് ചോദിച്ചില്ലല്ലോ ടീ”.

“ഓഹ് പിന്നെ ഏട്ടൻ എന്താ കണിയാൻ ആണോ ഗ്രഹിച്ചു കാര്യങ്ങൾ മനസിലാക്കാൻ”.

“പിന്നെ നിന്റേട്ടൻ അത്രക്ക് പൊട്ടനല്ലല്ലോ. എന്റെ ജീവൻ റിസ്കിലാക്കി നിനക്ക് വേണ്ടി ഞാൻ നിന്നപ്പോൾ നമ്മൾ തമ്മിൽ ഒന്നുമില്ലെന്ന് കരുതില്ലല്ലോ”.

“അത് പറയാൻ രാഹുലേട്ടന് അങ്ങോട്ട് പറയാമായിരുന്നല്ലോ. എന്നിട്ട് വായിലെന്തായിരുന്നു കൊഴുക്കട്ടയോ”?.

“ആഹ് ഞാൻ ചോദിക്കുമെടി ചോദിക്കും. നീ നോക്കിക്കോ”.

“ചോദിച്ചാൽ നിങ്ങൾക്ക് കൊള്ളാം. അല്ലേൽ വേറെ നല്ല ചെക്കന്മാർ വന്നു എന്നെ കൊത്തിക്കൊണ്ട് അല്ല കെട്ടിക്കൊണ്ട് പോകുമ്പോ ബാംഗ്ലൂർ നഗരത്തിലൂടെ മാനസ മൈനേ പാടി നടക്കേണ്ടി വരും മോന്”.

“ഒഞ്ഞു പോടീ. എന്റെ പട്ടി നടക്കും. ഞാൻ അപ്പളേ വേറെ പെണ്ണിനെ നോക്കില്ലേ”.

അത് പറയുമ്പോളും അവന്റെ മുഖം പരിഭവത്തിലായിരുന്നു. തീർത്ഥ പൊട്ടിവന്ന ചിരിയോടെ അവന്റെ ഷർട്ടിൽ പിടിച്ച് വലിച്ചു അവന്റെ കവിളിലൊരു കടിയും കൂടെയൊരു ഉമ്മയും കൊടുത്തു.

“ഉഹ്ഹ്ഹ് വേദനിച്ചു. എന്ത് കടിയാണെടി കടിച്ചത്”.

“ഞാൻ ഉമ്മയും തന്നല്ലോ”.

“പിന്നെ കടിച്ച് പറിച്ചിട്ട് ഉമ്മ തന്നെന്നു പറഞ്ഞാൽ വല്ല ഗുണവുമുണ്ടോ”.

“ഇതിനാണ് ഞങ്ങൾ കടിയുമ്മ എന്ന് പറയുന്നത്. നല്ലതല്ലേ”.

“അവളുടെ ഒരു കടിയുമ്മ മേലാൽ ഇതാവർത്തിക്കരുത്”.

ചുണ്ട് കൂർപ്പിച്ചു നിന്ന തീർത്ഥയുടെ കവിളിൽ അവനും കൊടുത്തു ഒരു കടിയുമ്മ. കവിൾ പൊത്തിപ്പിടിച്ചു നിന്നവളെ നോക്കി കണ്ണ് ചിമ്മി രാഹുൽ പോയി.

അമ്മയുമായി ഹോസ്പിറ്റലിൽ വന്നതാണ് അജീഷ്. മരുന്നൊക്കെ വാങ്ങി പുറത്തേക്കിറങ്ങാൻ നേരം ഗൗരി അവനെതിർവശം നടന്നു വന്നു. അന്ന് കണ്ടതാണ് അവർ പരസ്പരം. പിന്നീടുള്ള കണ്ട് മുട്ടലുകൾ അവൾ അറിഞ്ഞു കൊണ്ട് ഒഴിവാക്കിയതായിരുന്നു. അമ്മയെ കണ്ടതും അവൾ ചിരിച്ച് കൊണ്ടരികിലേക്ക് വന്നു.

“അമ്മയ്ക്കോർമ്മയുണ്ടോ എന്നെ. ഞാൻ അന്ന് വീട്ടിൽ വന്നതാണ്”.

“അറിയാം കുട്ടിയെ. അങ്ങനെ പെട്ടെന്നൊന്നും മറന്ന് പോകാൻ ഒക്കില്ലല്ലോ”.

“അമ്മയ്ക്കെന്താ മേലായ്ക ഉണ്ടോ. ശബ്ദമൊക്കെ വല്ലാതെ”.

“ചെറിയൊരു പനി. ഹോസ്പിറ്റലിൽ വരേണ്ട കാര്യമൊന്നുമുണ്ടായിരുന്നില്ല. ഒരു ചുക്ക് കാപ്പി ഇട്ട് കുടിച്ചാൽ മാറുന്നതേയുള്ളൂ. ഇവന്റെ നിർബന്ധമാണ്”.

ഗൗരി അജീഷിനെ നോക്കി മനോഹരമായി പുഞ്ചിരിച്ചു.

” അല്ല മോളെന്താ ഇവിടെ”?.

” എന്റെ ചേച്ചിടെ കുട്ടിക്ക് കുത്തിവെയ്പ്പെടുക്കാൻ കൂടെ വന്നതാ”.

യാത്ര പറഞ്ഞു തിരിഞ്ഞ് നടക്കുമ്പോൾ ഗൗരിയുടെ ചില നോട്ടങ്ങൾ അജീഷിൽ കുത്തി തറയ്ക്കുന്നുണ്ടായിരുന്നു. അവൻ അമ്മയെ ക്യാന്റീനിൽ കൊണ്ടിരുത്തി ചായ വാങ്ങി കൊടുത്തിട്ട് ഇപ്പോ വരാമെന്ന് പറഞ്ഞു ഗൗരിയെ അന്വേഷിച്ചിറങ്ങി. കുട്ടികളുടെ കുത്തിവെപ്പ് എടുക്കുന്നിടം കണ്ട് പിടിച്ചവൻ അവിടേക്ക് ചെന്നു. അവനെ കണ്ടതും ഗൗരിയുടെ കണ്ണുകൾ തിളങ്ങി.

“എന്താ ഏട്ടനിവിടെ. അമ്മ എന്തിയെ”?.

“അമ്മ അവിടെ ക്യാന്റീനിൽ ചായ കുടിക്കുവാണ്. ഞാൻ വെറുതെ തന്നെയൊന്ന് കാണാനായി വന്നതാണ്”.

“എന്നെയോ. അതെന്തിനാ”.

“ഒന്നിനുമില്ല. വെറുതെ. മുൻപ് എങ്ങോട്ട് തിരിഞ്ഞാലും തന്നെ കാണുമായിരുന്നു. ഇപ്പൊ ഇല്ല. അത് കൊണ്ട് ചുമ്മാ ഒന്ന് വന്നു കാണാമെന്നു കരുതി”.

“ആഹ് ചേട്ടന്റെ മനസിനേറ്റ മുറിവ് അത്ര പെട്ടെന്നൊന്നും മാറില്ലെന്ന് അന്ന് സംസാരിച്ചപ്പോൾ എനിക്ക് മനസിലായി. കൂടുതൽ ശല്യപ്പെടെടുത്തേണ്ട എന്ന് കരുതിയാണ് ഞാൻ ഒഴിഞ്ഞ് മാറിയത്. അല്ല ചേട്ടനെന്നെ മിസ്സ്‌ ചെയ്തോ”?.

“മിസ്സ്‌ ചെയ്യാനോ ,ഞാനോ. ഏയ്‌ ഞൻ പറഞ്ഞില്ലേ ഇവിടെ വെച്ച് കണ്ടപ്പോൾ മിണ്ടണമെന്ന് തോന്നി അത്രേയുള്ളൂ”.

ശബ്ദത്തിലെ പതർച്ച അവൾ അറിയാതിരിക്കാൻ ആവതും അവൻ പരിശ്രമിച്ചു.

“ഞാൻ ഒഴിഞ്ഞ് മാറിയെന്നു കരുതി ഏട്ടനോടുള്ള എന്റെ പ്രണയം ഞാൻ ഉപേക്ഷിച്ചിട്ടില്ല കേട്ടോ. അതെപ്പോളും ഉള്ളിലിങ്ങനെ ഉണ്ടാകും”.

” ഓഹ് പരിഭ്രമിക്കാനൊന്നുമില്ല.വഴിയിൽ തടഞ്ഞു നിർത്തില്ല, പ്രേമലേഖനമെഴുതില്ല. ഒന്നും ചെയ്യില്ല. ഒരു ബന്ധവും സങ്കൽപ്പിക്കാതെ…. വെറുതെ… എനിക്ക് നിങ്ങളെ ഇഷ്ടമാണ് “.

( എം. ടി. : മഞ്ഞ് )