രചന – ജ്വാലാമുഖി
“ഡയാന… കണ്ണു തുറക്ക്… ഇത് നടവഴി ആണ് ആരെങ്കിലും കാണും… ”
പെട്ടന്ന് ഏതോ ഓർമയിൽ ഞാൻ കണ്ണുകൾ വലിച്ചു തുറന്നു…
“അയാൻ.. നീ ആരാണ്.. ഈ സത്യങ്ങൾ എല്ലാം എങ്ങനെ നീ അറിഞ്ഞു… ”
“അതൊക്കെ ഞാൻ വഴിയേ പറയാം അതിന് മുന്ന് നിനക്ക് നിന്റെ മഹിയെ കാണണ്ടേ… ”
“വേണ്ട… ഇനി എനിക്ക് ആ മുഖത്തു നോക്കാൻ ഉള്ള ശക്തി ഇല്ല… ഇത്രയും കാലം മഹിയെ കണ്ടാൽ പറയാൻ കുറെ പരിഭവങ്ങൾ ഉണ്ടായിരുന്നു എനിക്ക്.. പക്ഷെ ഇപ്പൊ എന്റെ മനസ്സ് ശൂന്യമാണ്… ഈ നിമിഷം വരെ തന്റെ ഭർത്താവിനെ പോലെ കണ്ടിട്ട് അയാൾ കൂടപ്പിറപ്പാണ് എന്ന് അറിയുമ്പോൾ ഉള്ള വേദന… അത് താങ്ങാൻ ഉള്ള ശക്തി എനിക്കില്ല… ”
“അപ്പോ മഹിയുടെ അവസ്ഥയോ… ആദ്യമൊക്കെ അയാളും ആത്മഹത്യാ എന്നൊരു ചിന്തയിൽ തന്നെ ആയിരുന്നു… പിന്നീട് അയാളെ ജീവിതത്തിലേക്ക് കൊണ്ടു വന്നതും നല്ലൊരു ജോലി വാങ്ങി കൊടുത്തതും ഒടുവിൽ നല്ലൊരു ജീവിതം പോലും അയാൾക്ക് ഉണ്ടാക്കി കൊടുത്തതും തന്റെ പപ്പ ആയിരുന്നു… അന്ന് ആ ട്രെയിനിൽ വച്ചു… സ്റ്റെല്ലാന്റിയുടെ കൈകളിൽ തന്നെ ഏൽപ്പിക്കുമ്പോൾ പൊട്ടുന്നൊരു ഹൃദയം ഉണ്ടായിരുന്നു അയാൾക്ക്…. ”
“അപ്പൊ… മഹിയേട്ടൻ അറിഞ്ഞു കൊണ്ടു.. ”
“അതെ നീ കാണാതെ പല വട്ടം അവൻ അവിടെ വന്നു… അവന്റെ കൂടപ്പിറപ്പിനെ അകലെ നിന്നും കണ്ടു മടങ്ങി… നിന്റെ ഉയർച്ചകളിൽ സന്തോഷിച്ചു… ഇന്നും അവൻ നിന്നെ തിരിച്ചറിഞ്ഞു പക്ഷെ കുറ്റബോധം… ഇപ്പൊ നിനക്കുള്ള അതെ മാനസിക സങ്കർഷം അത് തന്നെയാ അവനും… ”
എന്തു പറയണം എന്നറിയാതെ ഞാൻ നീണ്ട പാടത്തേക്ക് നോക്കി ഇരുന്നു..
ഈശോയെ എന്നും പരീക്ഷനങ്ങൾ തന്നെ ആണല്ലോ കർത്താവെ…
മഹിയെട്ടനെ കാണണം എന്ന് എനിക്കും മോഹം ഉണ്ട് പക്ഷെ…
കണ്ണുനീർ നിറഞ്ഞു എന്റെ കാഴ്ച മങ്ങി തുടങ്ങി…
അകലെ വരമ്പത്തൂടെ മുണ്ടിന്റെ തലപ്പ് കയ്യിൽ പിടിച്ചു നടന്നു വരുന്ന മാഹിയെട്ടനെ കണ്ടു എന്റെ ഉള്ളൊന്നു പിടഞ്ഞു…
കർത്താവെ ശക്തി തരണേ…
എന്റെ മുഖത്തേക്ക് നോക്കി നിൽക്കുന്ന മഹിയെട്ടന്റെ കണ്ണുകളിൽ നോക്കാൻ ഉള്ള ശക്തി എനിക്ക് ഇല്ലായിരുന്നു…
“അമ്മു…. ”
“ഉം…. ”
“അയാൻ എല്ലാം പറഞ്ഞില്ലേ മോളോട്… ”
“ഉം… ”
“വരണ്ടായിരുന്നു എന്ന് തോന്നുന്നുണ്ടോ… ”
“ഉവ്വ്… ഈ വരവ് പാടില്ലായിരുന്നു…. ”
“അങ്ങനെ ഒന്നും പറയല്ലേ മോളെ… പിന്നെ അച്ഛൻ തിരുമേനിയെ കണ്ടോ നീ… ”
“ഇല്ല… ആ വാതിൽ എനിക്ക് മുന്നിൽ അടഞ്ഞിട്ട് കൊല്ലം കുറെ ആയില്ലേ… ”
“അപ്പുനെ കണ്ടോ… ”
“ഇല്ല… ”
“അവനു എല്ലാം അറിയാം… തന്റെ അമ്മയ്ക്കു മാത്രം ഒന്നും അറിയില്ല… എല്ലാം അറിഞ്ഞ അന്നുമുതൽ ആ അവൻ ഇങ്ങനെ ഒക്കെ ആയത് … അവന്റെ ഓപ്പോളേ ഇന്നും അവൻ ഒരുപാട് സ്നേഹിക്കുന്നു… ”
“എനിക്ക് അവനെ ഒന്ന് കാണണം… ”
“കവലയിലെ പിള്ളേരോട് കൂട്ട് കൂടി നടപ്പുണ്ടാകും… നമ്മുടെ കുഞ്ഞനിയൻ… ”
അത് കേട്ടതും ചങ്കിൽ ഒരു മിന്നൽ ആയിരുന്നു എനിക്ക്…
“ഞാൻ അവനെ കൂട്ടി വരാം… താൻ ഇവിടെ നിൽക്കു… ”
മഹിയേട്ടൻ പോകുന്നതും നോക്കി ഞാൻ നിന്നു…
അപ്പോളാണ് പാടത്തേക്ക് നോക്കി ഞങ്ങളുടെ സംസാരത്തിൽ തലയിടാതെ മാറി നിൽക്കുന്ന അയാനെ ഞാൻ ശ്രദ്ധിച്ചത്…
“അയാൻ… ”
“യെസ് ഡിയർ… ”
“ഇനിയെങ്കിലും എന്നോട് പറഞ്ഞൂടെ ആരാ നിങ്ങൾ എന്ന്…. ‘
“ഒന്ന് മാത്രം ഞാൻ പറയാം ഡയാന…. ”
എന്തെന്നുള്ള ഭാവത്തിൽ ഞാൻ ആ മുഖത്തേക്ക് നോക്കി…
” മഹിയിൽ നിന്നും താൻ അടർന്നു വീണ നാൾ മുതൽ തന്നെ ഞാൻ സ്നേഹിക്കുന്നു… ഇന്നും ഒരുപാട് തിരക്കുകൾ മാറ്റി വച്ചു നാട്ടിലേക്കു വന്നതും തന്റെ കൂടെ ഉണ്ടാകാൻ വേണ്ടി മാത്രമാണ്… ”
ഈശോയെ…. !!!!!
എന്താ എന്റെ കാതുകൾ ആവശ്യം ഇല്ലാത്തത് മാത്രം ഇന്ന് കേൾക്കുന്നത്….
“ഇനി ഒരു ജീവിതം എനിക്ക് ഉണ്ടാകില്ല അയാൻ… എനിക്ക് വേണ്ടി താൻ കാത്തിരിക്കരുത് …. ”
“എന്നെങ്കിലും ഈ മനസ്സ് മാറും… അതുവരെ ഇതുപോലെ നിഴൽ ആയി ഞാൻ തന്റെ കൂടെ കാണും ഡയാന… ”
തിരിച്ചു ഒന്നും പറയാൻ എനിക്ക് കഴിഞ്ഞില്ല…
വരമ്പിന്റെ ഒരു വശത്തായി ഒഴുകുന്ന തോട്ടിലേക്ക് കാലുകൾ ഇറക്കി വച്ചു ഞാൻ അവിടെ ഇരുന്നു…
കാലിലെ തണുപ്പിന് ഒരിക്കലും എന്റെ മനസിനെ തണുപ്പിക്കാൻ കഴിയില്ല… എങ്കിലും ഒരു പ്രത്യാശ….
അയാനും ഒന്നും മിണ്ടിയില്ല… എന്റെ വാക്കുകളിൽ അവന് നിരാശ തോന്നിക്കാണും… പാവം…
കുറച്ചു സമയം കഴിഞ്ഞു മഹിയേട്ടൻ അപ്പുവുമായി വന്നു…
അന്ന് എന്റെ കയ്യിൽ തൂങ്ങി കിടന്ന ആ കൊച്ചു നിക്കറുകാരൻ അല്ലിപ്പോ അവൻ… മീശ മുളച്ച വലിയ ചെക്കൻ ആയിരിക്കുന്നു…
അവൻ എന്നെ സൂക്ഷിച്ചു നോക്കുന്നത് കണ്ടപ്പോളെ എനിക്ക് മനസിലായി… ഈ കോലത്തിൽ അവൻ ഓപ്പോളേ ഉൾക്കൊള്ളുന്നില്ല എന്ന്…
“അപ്പു…. ”
ഞാൻ എഴുന്നേറ്റു അവന്റെ അരികിലായി പോയി നിന്നു ..
“ഓപ്പോളേ മറന്നോ നീ… ”
ഒരു പൊട്ടിക്കരച്ചിലോടെ എന്റെ തോളിലേക്ക് വീണു അവൻ.. ഞാനും അപ്പുവും തമ്മിൽ എട്ടു വയസ്സിന്റെ വ്യത്യാസം ഉണ്ട്.. അന്ന് ഇല്ലത്തുന്നു ഇറങ്ങുമ്പോൾ എനിക്ക് പതിനഞ്ചു വയസ്സും അപ്പൂന് ഏഴ് വയസ്സും..
ഇപ്പൊ വർഷം പന്ത്രണ്ടു കഴിഞ്ഞിരിക്കുന്നു…. അവനിപ്പോ പത്തൊൻപത് വയസ്സുള്ള യുവാവ് ആയിരിക്കുന്നു…
“ഓപ്പോളേ… എന്താ ഇത്രയും കാലം വരാതിരുന്നേ… എനിക്ക് ഓപ്പോൾ ഇല്ലാതെ ആ ഇല്ലം വെറുത്തു പോയി… എങ്കിലും ഞാൻ ഒരു വിധം കഴിച്ചു കൂട്ടി..”
“അമ്മു നിനക്ക് അറിയുമോ ഇവൻ ഒന്പതാം ക്ലാസ്സിൽ പഠിക്കുമ്പോൾ ആണ് അവന്റെ ഓപ്പോൾ എന്റെ കൂടെ ആണ് ഓടിപ്പോയത് എന്ന് ആരോ ഇവനോട് പറഞ്ഞത്… അന്ന് ഇവൻ എന്റെ വീടിന്റെ വഴിയിൽ ഒരു വെട്ടുകത്തിയും പിടിച്ചു കാവൽ ഇരുന്നു… അന്ന് സൈക്കിളിൽ വീട്ടിലേക്കു വരുവായിരുന്ന എന്നെ തള്ളിയിട്ടു തോളിൽ വെട്ടി ഇവൻ ഓടി.. ”
മാതാവേ… !!!
“അന്നു മുതൽ തല്ലുകൊള്ളി എന്നൊരു പട്ടവും നമ്മുടെ ഈ അനിയനു കിട്ടി.. എന്നിട്ടും എന്നോടുള്ള പക തീരാതെ ഇവൻ നടന്നു ഒടുവിൽ എല്ലാം ഞാൻ ഇവനോട് പറഞ്ഞു
..അതിൽപിന്നെ ഓപ്പോളേ കാണണം എന്നുള്ള വാശി ആണ്… ”
“എന്താ അപ്പു ഈ കേള്ക്കുന്നെ…?? ”
“ശരിയാ ഓപ്പോളേ… അച്ഛനെ എനിക്ക് അന്നുമുതൽ വെറുപ്പാ… ആ ഇല്ലം എനിക്ക് ഇഷ്ടം അല്ലാണ്ടായിരിക്കണൂ… ”
“അങ്ങനെ ഒന്നും പറയാൻ പാടില്ല മോനെ… ഇപ്പൊ ഓപ്പോൾ വന്നില്ലേ ഇനി എന്റെ പഴയ അപ്പു ആകണം നീ… ”
അവൻ മനസില്ലാമനസോടെ ഒന്ന് മൂളി…
*****
“മമ്മ.. ഉറങ്ങുവാണോ… ”
“ഇവിടെ വന്നപ്പോൾ മുതൽ മമ്മയെ മോൾക്ക് വേണ്ടാതെ ആയി അല്ലെ… ”
“അങ്ങനെ ഒന്നും പറയല്ലേ മമ്മ… ഞാൻ പുറത്തൊക്കെ ഒന്നു കറങ്ങാൻ പോയതല്ലേ… ഇങ്ങനെ പിണങ്ങല്ലേ… ഒരാഴ്ച കൂടെ കഴിഞ്ഞാൽ നമ്മൾ ഇവിടുന്നു പോകില്ലേ.. ”
മമ്മയുടെ കണ്ണുകൾ നിറഞ്ഞു വരുന്നത് കണ്ടു എന്റെ ഉള്ളൊന്ന് പിടഞ്ഞു…
“എങ്കിൽ ഞാൻ എങ്ങും പോണില്ല ഇവിടെ തന്നെ ഇരിക്കാം.. പോരെ??? ”
“വേണ്ട മോള് പൊക്കൊളു… മമ്മ വെറുതെ പറഞ്ഞതാ… ”
മമ്മക്ക് എന്നെ ഒരുപാട് മിസ്സ് ചെയുന്നുണ്ട്… പാവം… ഞാൻ മമ്മയുടെ കവിളിൽ ഒരുമ്മ കൊടുത്തു… കുറച്ചു നേരം കൂടെ തന്നെ ഇരുന്നു…
*****
“ഓപ്പോളേ അപ്പുവാ… ”
“എന്താ അപ്പു… ”
“ഇന്ന് പത്തുമണി ആകുമ്പോൾ അമ്മ ഹോസ്പിറ്റലിൽ പോകും അച്ഛന് മരുന്നു വാങ്ങാൻ.. അപ്പോ ഇല്ലത്തേക്ക് വരുമോ.. അച്ഛനെ കാണാൻ..
”
“വരാം മോനു… ”
സന്തോഷത്തോടെ അവൻ ഫോൺ വച്ചു.. മനസ്സിൽ വല്ലാത്ത ഒരു ഉണർവ്… അച്ഛനെ കൂടെ ഒന്ന് കാണണം… പോകുന്നതിനു മുന്ന്…
പെട്ടെന്ന് കാളിംഗ് ബെൽ അടിക്കുന്ന ശബ്‌ദം കേട്ടു ഞാൻ വാതിൽ തുറന്നു..
അയാൻ….!!
“അകത്തേക്ക് വരൂ.. ”
“മമ്മ.. ഇതു അയാൻ.. എന്റെ ഫ്രഡ് ആണ്… ”
“സ്റ്റെല്ലന്റി എന്നെ അറിയുമോ….ജൂലിയറ്റ് ന്റെ മകനാണ് ഞാൻ… ”
മമ്മയുടെ മുഖം മാറിയത് പോലെ എനിക്ക് തോന്നി…
തുടരും…

by