19/04/2026

ലയനം : ഭാഗം 31

രചന – നിള നന്ദ

ദിവസങ്ങൾ ഓരോന്നായി കടന്ന് പോയി.. സാരംഗിന്റെ വീട്ടിൽ തന്നെ ആയിരുന്നു ലന ഇത്രയും ദിവസം.. എന്നും രോഹനും രോഹിണിയും സനയും ഗീതുവും ഒക്കെ വിളിച്ച് സംസാരിക്കുമായിരുന്നു..
എന്ന് വിളിക്കുമ്പോഴും രോഹിണി ലനയെ അങ്ങോട്ട് ചെല്ലാൻ നിർബന്ധിക്കും.. ചേച്ചി ഇല്ലാതെ ഒരു സുഖവും ഇല്ലെന്ന് പറഞ്ഞിട്ട്.. സ്നേഹത്തോടെ തന്നെ അവൾ ആ ക്ഷണം നിരസിക്കും.. എങ്കിലും അങ്ങോട്ട് പോവാൻ മനസ്സിൽ നല്ല ആഗ്രഹം ഉണ്ടായിരുന്നു..

സനയുടെ മുറിവൊക്കെ ഉണങ്ങി ആളിപ്പോ നല്ല ഉഷാറായി.. സാരംഗിന്റെ അച്ഛനും ഇപ്പൊ ഓക്കേ ആയി.. സാരംഗിനും നിഖിലിനും ജോലി കിട്ടി.. രണ്ടാളും ഒരേ കമ്പനിയിൽ തന്നെയാണ്.. മുക്ത അവരുടെ തന്നെ കമ്പനിയിൽ ജോയിൻ ചെയ്തു.. സന തത്കാലത്തേക്ക് ജോലിക്ക്

ഇല്ലെന്ന് പറഞ്ഞ് നടക്കാണ്.. രോഹൻ എഞ്ചിനീയറിങ്ങിന് ചേർന്നു.. രോഹിണി ഡിഗ്രിക്കും..

രാത്രിയിൽ  സിറൗട്ടിൽ ഇരുന്ന് പുറത്തേ ഇരുട്ടിലേക്ക് നോക്കി എന്തോ ആലോചിക്കുകയായിരുന്നു ലന..
അവളെ തിരക്കി അങ്ങോട്ട് വന്ന സാരംഗ് ഒരുനിമിഷം അവളെ നോക്കി നിന്നു..

” എന്താണ് ഇത്രയും വലിയ ആലോചന..? ”

സാരംഗ് ലനയുടെ അടുത്ത് ഇരുന്നുകൊണ്ട് പതിയെ ചോദിച്ചു..

” ഈ ഇരുട്ടിന് എന്തൊരു ഭംഗി എന്ന് ആലോചിക്കുകയായിരുന്നു.. ”

സാരംഗിനെ നോക്കി അവളൊന്ന് ചിരിക്കാൻ ശ്രെമിച്ചു.. ഒന്നും മിണ്ടാതെ സാരംഗും അല്പം നേരം ഇരുട്ടിലേക്ക് നോക്കി ഇരുന്നു..

” ഞാൻ.. ഞാൻ ഒരു കാര്യം പറയട്ടെ സാരംഗ്..? ”

” നിനക്ക് എന്നോട് എന്തും പറയാലോ.. അതിനെന്തിനാ ഈ പോവാനൊന്നും മുഖം തിരിച്ച് സാരംഗ് അവളെ നോക്കി..

” ഞാൻ.. ഞാൻ ഏതെങ്കിലും ഹോസ്റ്റലിലേക്ക് മാറട്ടെ.. എന്തെങ്കിലും ഒരു ജോലി കിട്ടാതിരിക്കില്ല.. ”

മടിച്ച് മടിച്ചാണ് അവൾ പറഞ്ഞത്..

” നിനക്ക് ഇവിടെ നിൽക്കാൻ എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടോ..? ”

അല്പം നീരസത്തോടെയാണ് അവൻ ചോദിച്ചത്..

” അതല്ല സാരംഗ്.. ഞാൻ ഇവിടെ എത്രനാൾ.. പെട്ടന്ന് മാറുന്നതല്ലേ നല്ലത്.. ”

” നീ എന്താ ലന ഇങ്ങനെ.. വെറുതെ ആവശ്യം ഇല്ലാത്തതൊന്നും ചിന്തിച്ച് കൂട്ടണ്ട.. എന്റെ സുഹൃത്തിനേക്കാൾ ഉപരി നീ എന്റെ സഹോദരി അല്ലേ.. നിന്നെ സംരക്ഷിക്കേണ്ടത് എന്റെ ഉത്തരവാദിത്തം അല്ലേ.. തുടർന്ന് പഠിക്കണം എന്ന് നിനക്ക് വലിയ ആഗ്രഹം ആയിരുന്നില്ലേ.. അതുകൊണ്ട് തത്കാലം ഇപ്പൊ ജോലിയെ പറ്റി ഒന്നും ചിന്തിക്കണ്ട.. തുടർന്ന് പഠിക്കാനുള്ളത് നോക്കാം.. ”

” എനിക്കിനി കോളേജിൽ പോവാനൊന്നും

വയ്യാ സാരംഗ്.. ”

” എന്നാ ഡിസ്റ്റൻസ് ആയി നോക്കാം.. അതിന്റെ കാര്യം ഒക്കെ ഞാൻ നോക്കിക്കോളാം.. നീ ഒന്നും ഓർത്ത് ടെൻഷൻ ആവണ്ട.. തത്കാലം വേണ്ടാത്ത ചിന്തയൊക്കെ കളഞ്ഞിട്ട് എണീറ്റ് വാ.. എനിക്ക് നല്ല വിശപ്പ് ഉണ്ട്.. ”

സാരംഗ് ലനയുടെ കയ്യും പിടിച്ച് അകത്തേക്ക് നടന്നു..

അടുത്ത ദിവസങ്ങളിൽ തന്നെ സാരംഗ് ലനയ്ക്ക് തുടർന്ന് പഠിക്കാനുള്ള കാര്യങ്ങളൊക്കെ ശരിയാക്കി..   മറ്റെല്ലാ ചിന്തകളും മറന്ന് ലന പിന്നീട് അങ്ങോട്ട് പഠിത്തത്തിൽ ശ്രെദ്ധിക്കാൻ തുടങ്ങി.. ചുറ്റും സപ്പോർട്ട് ആയി സാരംഗും അച്ഛനും അമ്മയും ഉണ്ടായിരുന്നു..

അന്നൊരു ഞായറാഴ്ച ആയിരുന്നു.. സാരംഗും ലനയും അച്ഛനും അമ്മയും എല്ലാം ഉമ്മറത്ത് ഇരുന്ന് സംസാരിക്കുകയായിരുന്നു.. ഗേറ്റ് കടന്ന് രണ്ട് കാർ വന്ന് മുറ്റത്ത് നിന്നപ്പോൾ എല്ലാവരുടെ ശ്രദ്ധ അങ്ങോട്ടായി.. മുന്നിലെ കാറിൽ നിന്ന് മാനവും മുക്തയും രോഹനും രോഹിണിയും ഇറങ്ങി.. പിന്നെലെ കാറിൽ നിന്ന് ശിവനാഥും മീരയും..

” ചേച്ചി.. ”

ലനയെ ഓടി വന്ന് കെട്ടിപിടിച്ച് രോഹിണി കവിളിൽ ഒരു ചുംബനം നൽകി..

” ഇതെന്താ ഒരു മുന്നറിയിപ്പും ഇല്ലാതെ.. ഇന്നലെ വിളിച്ചപ്പോൾ വരുന്ന കാര്യം പറഞ്ഞില്ലല്ലോ.. ”

രോഹിണിയെ നോക്കി അല്പം പരിഭവത്തിൽ ലന ചോദിച്ചു..

” എന്റെ ചേച്ചികുട്ടിക്ക് ഒരു സർപ്രൈസ് തന്നതല്ലേ.. ”

രോഹിണി അവളുടെ രണ്ട് കവിളിലും പിടിച്ച് പതിയെ വലിച്ചു..

” ഇത് മാത്രം അല്ല സർപ്രൈസ്.. വേറെ രണ്ടെണ്ണം കൂടി ഉണ്ട്.. ”

അടുത്ത് നിന്ന രോഹൻ ആണ് അത് പറഞ്ഞത്..

” അതെന്താ.. ”

” മുൻകൂട്ടി പറഞ്ഞാൽ അത് എങ്ങനെയാ ബുദ്ധൂസേ സർപ്രൈസ് ആവുന്നേ.. ”

രോഹൻ അവളെ കളിയാക്കി പറഞ്ഞതും അവനെ ഒന്ന് കൂർപ്പിച്ച് നോക്കി അവൾ..

” വിശേഷം പറയാൻ ഇനിയും സമയം ഉണ്ടല്ലോ.. ഇവരെ ഒന്ന് അകത്തേക്ക് കയറാൻ സമ്മതിക്കോ.. ”

സാരംഗ് അവരുടെ അടുത്തേക്ക് വന്ന് പറഞ്ഞു.. ലന അപ്പോഴാണ് അത് ഓർത്തത്.. അവൾ ചുറ്റും നോക്കുമ്പോൾ മറ്റെല്ലാവരും അകത്തേക്ക് പോയിരുന്നു.. ലന പിന്നെ വേഗം അവരെയും കൂട്ടി അകത്തേക്ക് പോയി.. എല്ലാവരെയും നോക്കി ഒന്ന് പുഞ്ചിരിച്ച് ലന അടുക്കളയിലേക്ക് പോയി.. ചായ ഇടാനും സ്വീറ്സ് എടുത്ത് വയ്ക്കാനും അവൾ മായമ്മയെ സഹായിച്ചു..

” ഞങ്ങൾ വന്നത് മുമ്മുവിന്റെ എൻഗേജ്മെന്റ് ക്ഷണിക്കാൻ ആണ്.. മുമ്മുവിനും നിഖിലിനും തമ്മിൽ ഇഷ്ട്ടമാണെന്ന് പറഞ്ഞപ്പോൾ കൂടുതൽ ഒന്നും ചിന്തിക്കാൻ നിന്നില്ല.. കുട്ടികളുടെ സന്തോഷം അല്ലേ നമ്മുക്ക് വലുത്.. ”

ശിവനാഥ്‌ ആയിരുന്നു സംസാരിച്ചത്..
കേട്ടത് വിശ്വസിക്കാൻ ആവാതെ ലന മുക്തയെ നോക്കി.. നാണിച്ച് മുഖം

താഴ്ത്തി ഇരിക്കുകയായിരുന്നു മുക്ത.. അത് കണ്ടപ്പോൾ ലന അറിയാതെ ചിരിച്ചു പോയി.. സാരംഗിനെ നോക്കിയപ്പോൾ അവന് വലിയ ഭാവവ്യത്യാസം ഒന്നുമില്ല.. അവന് നേരത്തെ അറിയാമായിരിക്കുമെന്ന് ലന ഊഹിച്ചു..

” ഞങ്ങൾ വന്നത് എൻഗേജ്മെന്റ് ക്ഷണിക്കാൻ മാത്രം അല്ല.. ഈ മോളെ ഞങ്ങൾക്ക് തരുമോ എന്ന് ചോദിക്കാൻ കൂടി വേണ്ടിയാ.. തരുമോ ഞങ്ങൾക്ക്.. ഞങ്ങടെ മനുവിന്റെ പെണ്ണായിട്ട്.. ”

മീര ലനയുടെ അടുത്തേക്ക് ചെന്ന് അവളുടെ കവിളിൽ സ്നേഹത്തോടെ തലോടി..
ലന കേട്ടത് വിശ്വസിക്കാൻ കഴിയാതെ ഞെട്ടലോടെ മീരയെ നോക്കി.. പതിയെ മുഖം തിരിച്ച് അവൾ സോഫയിൽ ഇരിക്കുന്ന മാനവിനെ നോക്കി.. അവന്റെ നോട്ടവും അവൾക്ക് നേരെ ആയിരുന്നു.. അതിന്റെ അർത്ഥം എന്താണെന്ന് മനസിലാക്കാൻ കഴിഞ്ഞില്ല അവൾക്ക്..

മായയും രവീന്ദ്രനും മുഖത്തോട് മുഖം നോക്കി.. സാരംഗ് ആണെങ്കിൽ ഒന്നും മിണ്ടാത്തെ നിൽക്കുകയാണ്..

” നിങ്ങൾ ഒന്നും പറഞ്ഞില്ല..? ”

ശിവനാഥ്‌ രവീന്ദ്രനെ നോക്കി ചോദിച്ചു..

” ലന ഞങ്ങൾക്ക് സ്വന്തം മോൾ തന്നെയാണ്.. പക്ഷേ ഇത് അവളുടെ ജീവിതം ആണ്.. തീരുമാനവും അവളുടേത് തന്നെയാണ്.. ഒന്നിനും അവളെ നിർബന്ധിക്കാൻ ഞങ്ങൾക്ക് കഴിയില്ല.. ”

രവീന്ദ്രൻ മറുപടി പറഞ്ഞു..

എല്ലാവരുടെ നോട്ടവും ലനയുടെ നേർക്ക് നീണ്ടു.. എന്തോ അസ്വസ്ഥത തോന്നി അവൾക്ക്.. ആരോടും ഒന്നും മിണ്ടാതെ അവൾ പുറത്തേക്ക് ഇറങ്ങി..

” ചേച്ചി.. ”

” വേണ്ടാ.. ”

ലന പോയതിന് പിന്നെ രോഹിണി പോവാൻ എഴുന്നേറ്റപ്പോഴേക്കും മാനവ് അവളെ തടഞ്ഞു..
ആരെയും ശ്രെദ്ധിക്കാതെ അവൻ പുറത്തേക്ക് ഇറങ്ങി..

മുറ്റത്ത് വലത്തേ സൈഡിൽ ഉള്ള മൽബറി മരത്തിന് താഴെ നിൽക്കുകയായിരുന്നു ലന.. നിൽപ്പ് കണ്ടാലേ അറിയാം മനസ്സ്‌

ഇവിടെ ഒന്നും അല്ലെന്ന്.. അവളെ ഒന്ന് നോക്കി മാനവ് കാർ തുറന്ന് ഭംഗിയിൽ ചുരുട്ടി സാറ്റിൻ റിബ്ബൺ കൊണ്ട് കെട്ടി വെച്ചിരിക്കുന്ന ഒരു പേപ്പർ എടുത്ത് ലനയ്ക്ക് അരികിലേക്ക് ചെന്നു..

” ലയ.. ”

അവന്റെ വിളി കേട്ടതും ലന മുഖം തിരിച്ച് നോക്കി..

” ഇയാളും കൂടി അറിഞ്ഞിട്ടാണോ അവർ അങ്ങനെ..? ”

ചോദ്യ ഭാവത്തിൽ അവൾ അവനെ നോക്കി..

” അതെ.. ”

അങ്ങനെ ഒരു മറുപടി അവൾ പ്രതിഷിച്ചിരുന്നില്ല..

” എന്തിന്.. അന്ന് എന്നോട് പറഞ്ഞതൊക്കെ.. പിന്നെ എന്തിനാ ഇങ്ങനെ..? ”

അവൾ ഒന്നും മനസിലാവാതെ അവനെ നോക്കി..
ഒന്നും മിണ്ടാതെ അവൻ അവളുടെ

കണ്ണിലേക്ക് തന്നെ നോക്കി.. പിന്നെ കൈ നിവർത്തി ആ പേപ്പർ അവളുടെ കയ്യിലേക്ക് വെച്ച് കൊടുത്തു..

” മറുപടി എന്താണെങ്കിലും ഞാൻ കാത്തിരിക്കും.. ആ കാത്തിരിപ്പിന് ഒരിക്കലും ഒരു അവസാനം ഉണ്ടാവില്ല.”

അവളുടെ കണ്ണിലേക്ക് നോക്കി അത്രയും പറഞ്ഞുകൊണ്ട് മാനവ് തിരിഞ്ഞു നടന്നു..
കയ്യിൽ ഇരിക്കുന്ന പേപ്പറിലേക്കും മാനവിനെയും അവൾ മാറി മാറി നോക്കി.. ഒന്നിന്റെയും അർത്ഥം അവൾക്ക് മനസിലാവുന്നുണ്ടായിരുന്നില്ല..

***********************

എല്ലാവരും പോയി കഴിഞ്ഞ് റൂമിൽ ഇരിക്കുകയായിരുന്നു ലന.. മാനവ് കൊടുത്ത പേപ്പർ ടേബിളിന് മുകളിൽ ഇരിക്കുന്നത് കണ്ടതും ലന അത് കയ്യിൽ എടുത്തു.. റിബ്ബൺ അഴിച്ച് അത് തുറന്ന് നോക്കിയതും ലനയ്ക്ക് കണ്ണുകളെ വിശ്വസിക്കാൻ ആയില്ല..

ചായത്തിൽ വരച്ച റോഡ് ക്രോസ്സ് ചെയ്യുന്ന ഒരു പെൺകുട്ടിയുടെ ചിത്രം.. തോളിൽ വിരിഞ്ഞു കിടന്ന ഷോൾ കാറ്റിൽ പറക്കുന്നുണ്ടായിരുന്നു.. ആ പെൺകുട്ടിക്ക്

തന്റെ മുഖം ആണെന്ന് അറിഞ്ഞതും ലനയുടെ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങി..
അന്ന് രാത്രിയിൽ നക്ഷങ്ങൾ കണ്ട് കിടക്കുമ്പോൾ മാനവ് പറഞ്ഞ അവന്റെ പ്രണയം അവളോർത്തു.. അത് തനായിരുന്നോ.. ഓർക്കുമ്പോൾ ഉള്ളിൽ വിരിഞ്ഞ ഭാവം എന്തെന്ന് മനസിലാക്കാൻ അവൾക്ക് സാധിച്ചില്ല..

” കരയാണോ…? ”

സാരംഗിന്റെ ചോദ്യം കേട്ടതും അവൾ മുഖം ഉയർത്തി നോക്കി.. കയ്യിലിരുന്ന പേപ്പർ അവൾ അവന് നേരെ നീട്ടി..

” ഞാൻ കണ്ടതാണ്.. ”

സാരംഗിന്റെ ആ മറുപടിയിൽ ലനയുടെ നെറ്റി ചുളിഞ്ഞു..

” ട്രിപ്പ്‌ പോയപ്പോൾ നീ വെള്ളത്തിൽ വീണ ദിവസം ഇല്ലേ.. അന്ന് മാനവ് എന്നെ കൂട്ടി പുറത്ത് പോയത് ഓർക്കുന്നുണ്ടോ.. അന്ന് എന്നോട് എല്ലാം പറഞ്ഞിരുന്നു.. നിന്നെ തള്ളി ഇട്ടത്ത് ഉൾപ്പെടെ.. നിന്നെ കുറിച്ചുള്ള കാര്യങ്ങൾ ഞാനും പറഞ്ഞിരുന്നു..”

സാരംഗ് അവൾക്ക് അരികിൽ ഇരുന്നു..

” എന്നിട്ട് എന്തേ എന്നോട് ഒന്നും പറഞ്ഞില്ല..? ”

” പറഞ്ഞിരുന്നെങ്കിൽ പിന്നെ നീ അവിടെ നിൽക്കാൻ സമ്മതിക്കില്ലെന്ന് എനിക്ക് അറിയാം.. ”

അതിന് ലന മറുപടി ഒന്നും പറഞ്ഞില്ല.. ആ ചിത്രത്തിലേക്ക് വെറുതെ നോക്കി ഇരിക്കുക മാത്രം ചെയ്തു..

” ഞാൻ ഒരിക്കലും നിന്നെ നിർബന്ധിക്കില്ല.. തീരുമാനം എന്തായാലും നന്നായി ആലോചിച്ച് വേണം എടുക്കാൻ.. പിന്നീട് ഒരിക്കൽ അതോർത്ത് ദുഖിക്കേണ്ടി വരരുത്.. ”

സാരംഗ് അവളുടെ തോളിൽ ഒന്ന് തട്ടി പുറത്തേക്ക് പോയി.. ആ ചിത്രത്തിൽ പതിയെ തലോടി അവൾ അവിടെ ഇരുന്നു..

*************************

ഇന്ന് നിഖിലിന്റെയും മുക്തയുടെയും എൻഗേജ്മെന്റ് ആണ്.. രാവിലെ തന്നെ എല്ലാരും റെഡി ആയി പോവാൻ ഒരുങ്ങി.. ലനയുടെ മുഖത്ത് പതിവിലും സന്തോഷം ഉണ്ടായിരുന്നു.. എങ്കിലും അതിന്റെ

കാരണം അവൾക്ക് വ്യക്തമായില്ല..

വീട്ടിൽ എത്തിയപ്പോൾ എല്ലാവരും സന്തോഷത്തോടെ ആണ് അവരെ സ്വീകരിച്ചത്.. മായ സ്ത്രീ ജനങ്ങളുടെ അടുത്തേക്കും രവീന്ദ്രൻ അച്ഛന്മാരുടെ കൂടെയും സനയും സാരംഗും പ്രേമിക്കാനും പോയി.. രോഹിണി ലനയുടെ കയ്യും പിടിച്ച് നടന്നു.. രോഹിണിയുടെ ഒപ്പം നടക്കുമ്പോഴും ലനയുടെ കണ്ണുകൾ ചുറ്റും ആരെയോ തിരഞ്ഞുകൊണ്ടിരുന്നു.. ആ ആളെ കണ്ടെത്താൻ കഴിയാത്ത വിഷമത്തിൽ കണ്ണുകൾ പരിഭവിച്ചു..

” ചേച്ചി.. അങ്ങോട്ട് നോക്കിയേ ആരാണെന്ന് മനസിലായോ..? ”

രോഹിണി ചൂണ്ടി കാണിച്ചിടത്തേക്ക് ലനയുടെ കണ്ണുകൾ പോയി..
രോഹൻ ഏതോ പെൺകുട്ടിയോട് ചിരിച്ച് സംസാരിച്ച് നിൽക്കുന്നു..

” ഇതാരാ..? ”

രോഹിണിയുടെ കാതിൽ ലന പതിയെ ചോദിച്ചു..

” ഇതാണ് കാർത്തിക.. അവർ തമ്മിൽ സെറ്റ് ആയി ചേച്ചി.. ഞാനൊക്കെ ഇവിടെ

ഇങ്ങനെ നിൽക്കുളൂ.. ”

രോഹിണി വല്ല്യ സങ്കടത്തിൽ പറയുന്നത് കേട്ടപ്പോൾ ലന അറിയാതെ ചിരിച്ചു.. ചിരിയോടെ നേരെ നോക്കിയത് മാനവിന്റെ മുഖത്തേക്ക് ആയിരുന്നു.. ആരോടോ കാര്യമായി എന്തോ സംസാരിക്കുകയായിരുന്നു അവൻ.. മാനവ് ഇങ്ങോട്ട് ശ്രെദ്ധിക്കുന്നില്ലെന്ന് കണ്ടപ്പോൾ ലനയ്ക്ക് ഉള്ളിൽ വല്ലാത്ത വിഷമം തോന്നി.. ഒരുവേള തന്നെ കണ്ട് കാണില്ലെന്ന് അവൾ ആശ്വസിച്ചു..

ചടങ്ങുകൾക്കിടയിൽ പലപ്പോഴും അവനെ കണ്ടെങ്കിലും അവൻ അവളെ ശ്രെദ്ധിച്ചതെ ഇല്ല.. വന്നപ്പോൾ ഉണ്ടായിരുന്ന ഉത്സാഹം എല്ലാം ഇല്ലാതാവുന്നത് അവളറിഞ്ഞു.. ആരും കാണാതെ ഒന്ന് കരയാൻ തോന്നി അവൾക്ക്.. പക്ഷേ അത് എന്തിനെന്ന് മാത്രം തിരിച്ചറിയാൻ കഴിഞ്ഞില്ല..
അവളുടെ ഈ ഭാവമാറ്റങ്ങൾ എല്ലാം അല്പം മാറി സനയും സാരംഗും ചിരിയോടെ നോക്കി നിൽക്കുന്നുണ്ടായിരുന്നു..

( കാത്തിരിക്കുമല്ലോ.. )