രചന – നെച്ചു നസ്രിൻ
രുക്‌മിണി തൊഴുത്തിലെ പശുക്കൾക്ക് വെള്ളം കൊടുത്തിട്ട് തിരികെ അടുക്കളയിലേക്ക് വന്നു. പീലിയുടെ വിടവ് അവർ ശെരിക്കും അറിഞ്ഞു തുടങ്ങി. ജോലിഭാരം ഒറ്റയ്ക്കു ചുമന്നതും പീലി ആരായിരുന്നുവെന്ന് അവർക്ക് മനസിലായി. ഈ വർഷമിത്രയും തനിക്കൊന്നും അറിയേണ്ടി വന്നിട്ടില്ല. സമയാ സമയം ആഹാരം കഴിക്കാനായി വരുക എന്നൊരു ജോലി മാത്രം. എന്തിനു പറയുന്നു ഇട്ട് മുഷിഞ്ഞ തുണി വരെ അവളാണ് അലക്കുന്നത്.പൊന്ന് പോലെ വളർത്തിയ ഒരേയൊരു മോൾ ആരുടെയോ കൂടെ ഉണ്ടായിരുന്ന പൊന്നും കൊണ്ട് ഓടി പോയി. ഇങ്ങനൊരു അച്ഛനും അമ്മയും ജീവനോടെ ഉണ്ടോന്ന് പോലും തിരക്കാറില്ല.അവരൊരു നെടുവീർപ്പോടെ ജോലിയിലേക്ക് തിരിഞ്ഞു.
ജോലിയെല്ലാം കഴിഞ്ഞൊന്ന് നടു നിവർത്താനായി രുക്‌മിണി മുറിയിലേക്ക് ചെന്ന് കിടന്നു. തൊഴുത്തിൽ നിന്ന് തള്ള പശു കരയുന്ന കേട്ടാണ് അവർ പാടുപെട്ട് കിടന്നിടത്ത് നിന്നെണീറ്റത്. പശുക്കിടാവ് കയറഴിഞ്ഞു പുറത്തേക്ക് ഓടിയത് കണ്ടാണ് തള്ള പശു കരഞ്ഞത്. രുക്‌മിണി സ്വയം ശപിച്ചു കൊണ്ട് കിടാവിന്റെ പിറകെ പോയി. എങ്ങനെയോ ഒരു വിധം കയറിൽ പിടിച്ചു വലിച്ചു കൊണ്ട് വരുമ്പോളാണ് കിടാവ് പെട്ടെന്നോടിയത് . കിണറ്റിൻ കരയിലെ വഴുക്കലിൽ രുക്‌മിണിയുടെ കാൽ തെന്നി നിലത്തേക്ക് വീണു.നടുവും പുറത്തൊരു മരവിപ്പായിരുന്നു ആദ്യം. ഒന്നനങ്ങാൻ പോലുമാകാതെ രുക്‌മിണി ആ കിടപ്പ് കിടന്നു.
ഉച്ചക്ക് പാടത്തു നിന്ന് വിശ്വൻ വന്ന് നോക്കുമ്പോൾ കിണറ്റിൻ കരയിൽ രുക്‌മിണി ബോധമില്ലാതെ കിടക്കുകയായിരുന്നു. ആരെയൊക്കെയോ സഹായത്തോടെ അവരെ ഹോസ്പിറ്റലിൽ കൊണ്ട് ചെന്നു. നടുവിൽ ബെൽറ്റ് ഇട്ടു ബെഡ് റെസ്റ്റ് പറഞ്ഞാണ് വീട്ടിലേക്ക് വന്നത്. രുക്‌മിണിക്ക് സഹിക്കാനാകാത്ത വേദന അനുഭവപ്പെട്ടു. രുക്‌മിണിക്ക് എഴുനേൽക്കാനോ സ്വന്തം കാര്യങ്ങൾ ചെയ്യാനോ പ്രയാസമായി.
ഹാളിൽ ആരുടെയോ സംസാരം കേട്ടാണ് രുക്‌മിണി കണ്ണ് തുറന്ന് നോക്കിയത്. പീലി അവർ കിടന്ന മുറിയിലേക്ക് വന്നു. രുക്‌മിണിക്ക് അവളെ അഭിമുഖീകരിക്കാൻ ആയില്ല. പീലി രുക്മിണിയുടെ കയ്യിലൊന്ന് തൊട്ടു.
“വേദനയുണ്ടോ ചെറിയമ്മേ. എന്നോട് അച്ഛൻ ഇന്നാണ് കാര്യമൊക്കെ പറഞ്ഞത് . ഞാൻ അറിഞ്ഞിരുന്നേൽ വന്നേനെ”.
രുക്‌മിണി പീലിയുടെ മുഖത്തേക്ക് തന്നെ നോക്കിയിരുന്നു.
” ചെറിയമ്മ വല്ലതും കഴിച്ചാരുന്നോ. ഞാൻ എന്തേലും കഴിക്കാൻ ഉണ്ടാക്കി കൊണ്ട് വരാം”.
പീലി അടുക്കളയിലേക്ക് നടന്നു പോകുന്നത് രുക്‌മിണി നിറ കണ്ണുകളാലെ നോക്കി. മുന്നിൽ ആവി പറക്കുന്ന കുത്തരി കഞ്ഞിയും പയർ മെഴുക്കു പുരട്ടിയും മുളക് ചുട്ടരച്ച ചമ്മന്തിയും പപ്പടവും. രുക്‌മിണി അമ്പരന്നു പീലിയെ നോക്കി. ഇത്ര കുറഞ്ഞ സമയത്തിനുള്ളിൽ ഇതൊക്കെ. തനിക്ക് ഒരു ദിവസം മുഴവൻ വേണം ഇതൊക്കെ ഉണ്ടാക്കാൻ.പീലി ഒരു സ്പൂൺ കഞ്ഞി കോരി അവരുടെ വായിലേക്ക് വെച്ചു കൊടുത്തു. ചെറുതായി ഭയമുണ്ടായിരുന്നു പീലിക്ക്. എങ്ങാനും വഴക്ക് പറഞ്ഞാലോന്ന്. എന്നാൽ രുക്‌മിണി ഒരെതിർപ്പും കാട്ടിയില്ല.
വായിലേക്ക് പീലി ഉണ്ടാക്കിയ ഓരോ വിഭവവും വെക്കുമ്പോൾ രുക്‌മിണിയുടെ കണ്ണ് നിറഞ്ഞു തൂകി. ഈ ആഹാരങ്ങൾക്കൊക്കെ ഇത്രയും സ്വാദുണ്ടെന്ന് ഇന്നാണ് മനസിലായത്. ആഹാരം കഴിച്ചു കുറച്ച് നേരം പീലി അവർക്കരികിൽ വന്നിരുന്നു.
“ചെറിയമ്മ വിഷമിക്കണ്ട. ഇതൊക്കെ പെട്ടെന്ന് മാറും. ഞാൻ എന്തായാലും കുറച്ച് ദിവസം കഴിഞ്ഞേ പോകുന്നോളൂ. ചെറിയമ്മക്ക് വയ്യാത്തതല്ലേ”.
“മോളെ”.
ആദ്യമായാണ് രുക്മിണിയുടെ വായിൽ നിന്ന് അങ്ങനൊരു വാക്ക് വീഴുന്നത്.
“എങ്ങനെയാ നിനക്ക് എന്നോട് ഇങ്ങനൊക്കെ സ്നേഹം കാണിക്കാൻ കഴിയുന്നത്. നിന്റെ ഓർമ വെച്ച നാൾ മുതൽ ഞാൻ നിന്നെ ദ്രോഹിച്ചിട്ടേയുള്ളൂ. നിനക്കർഹത പെട്ടത് കൂടി ഞാൻ കൈക്കലാക്കി വെച്ചു. എന്നിട്ടും ഞാനൊന്ന് വീണപ്പോൾ എന്റെ കാര്യങ്ങൾ നീ ചെയ്ത് തരുന്നല്ലോ. എന്റെ തെറ്റിനുള്ള ശിക്ഷയാണ് മോളെ ഇതൊക്കെ. നിന്റെ വില ഇപ്പോളെനിക്ക് മനസിലായി. നിന്റെ കാലിൽ വീണ് മാപ്പ് പറയേണ്ട തെറ്റാണു ഞാൻ കാണിച്ചതൊക്കെ. എന്നോട് ക്ഷമിക്കണം പീലി നീ”.
“എന്താ ചെറിയമ്മേ ഇതൊക്കെ. എനിക്കറിയാമല്ലോ എല്ലാം. എനിക്കൊരു ദേഷ്യവും നിങ്ങളോടാരോടും ഇല്ല. ചെറിയമ്മ ഇപ്പോ അതൊന്നും ആലോചിക്കേണ്ട”.
” ഇല്ല മോളെ അത് നിന്റെ നല്ല മനസാണ്. ഞാൻ ചെയ്ത എല്ലാ പാപത്തിന്റെയും ശിക്ഷ എനിക്ക് കിട്ടിക്കൊണ്ടിരിക്കുകയാണ്. ഞാൻ സ്നേഹിച്ചു വളർത്തിയ മകളെ എനിക്ക് നഷ്ടമായി. എന്നിട്ടും ഞാൻ ആ ദേഷ്യം നിന്നോട് തീർത്തു. അത് കൊണ്ടാണ് ഈശ്വരൻ എന്നെ ഇങ്ങനെ വീഴ്ത്തിയത്. അപ്പോളും എനിക്ക് തണലായി വന്നത് മോളല്ലേ. ഞാനിതൊക്കെ അനുഭവിക്കാൻ ബാധ്യസ്ഥയാണ്. മോൾ എനിക്ക് കൂട്ട് നിലക്കണമെന്നില്ല. ഞാനൊറ്റക്ക് അനുഭവിക്കേണ്ടത് ഞാൻ തന്നെ അറിയണം. മോൾ പൊയ്ക്കോ”.
“ഇല്ല ചെറിയമ്മേ ഞാൻ പോകില്ല. ചെറിയമ്മക്ക് ഈ അവസ്ഥയിൽ ഒന്നും ഒറ്റയ്ക്ക് പറ്റില്ല”.
“വേണ്ട മോളെ. എന്റെ നിയോഗമാണിത്. ഇവിടെ എനിക്ക് കൂട്ട് മറ്റാരും വേണ്ട. മോൾ ചെറിയമ്മ പറയുന്നത് കേൾക്കണം. മോൾ ഇടക്ക് ഇങ്ങോട്ട് വന്ന് ഞങ്ങളെയൊക്കെ കണ്ടാൽ മാത്രം മതി’.
റൂമിനു വെളിയിൽ രുക്മിണിയുടെ സംസാരം കേട്ട വിശ്വന്റെ മുഖം തെളിഞ്ഞു. പീലി മനസ്സില്ലാ മനസ്സോടെ തിരികെ വീട്ടിലേക്ക് പോയി.
ഊട്ടിയിലെ മരം കോച്ചുന്ന തണുപ്പിൽ സൂരജിന്റെ കാർ നീങ്ങുകയായിരുന്നു. ഗ്ലാസ് ഇട്ടതിനാൽ കാറിനുള്ളിലേക്ക് കടക്കാനാകാതെ കോട പരിഭവം നടിച്ച് പിണങ്ങി മാറി. മുൻപോട്ടു നീങ്ങുന്നതനുസരിച്ചു കോട പൂർവാധികം ശക്തിയോടെ തന്റെ ശ്രമങ്ങൾ തുടർന്നു കൊണ്ടേയിരുന്നു. സമയം 5 മണിയാകുന്നതേയുള്ളൂ. പീലി തല ചെരിച്ചു സൂരജിനെ നോക്കി. അവൻ ഡ്രൈവിങ്ങിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ്. എത്ര പെട്ടെന്നാണ് ജീവിതത്തിൽ പലതും സംഭവിച്ചു പോയത്. ശാന്തമായി ഒഴുകികൊണ്ടിരുന്ന പുഴയിലൂടെ ഓളങ്ങൾക്കനുസൃതമായി ഒഴുകിയ ഒരു കുഞ്ഞ് മനോഹരമായ തോണി. പെട്ടെന്നുണ്ടായ കുത്തൊഴുക്കിൽ വഴി തെറ്റി അലഞ്ഞു. വീണ്ടും പുഴ ശാന്തത കൈ വരിച്ചപ്പോൾ അതിനൊത്ത് കുണുങ്ങി നീങ്ങുന്ന ആ കുഞ്ഞു തോണി.
പീലിയുടെ മുഖത്തൊരു ചിരി വിടർന്നു. ഇടം കണ്ണിലൂടെ സൂരജ് ആ ചിരി കണ്ടു. ഐദന്റെ കാര്യങ്ങളെല്ലാം കൃത്യമായി കഴിഞ്ഞപ്പോൾ എല്ലാവരിലും സന്തോഷമായിരുന്നു. ക്രിസ്റ്റി അമ്മച്ചിയ്‌ക്കൊപ്പം വീട്ടിലേക്ക് മടങ്ങി. അവന്റെ സ്നേഹ സമ്മാനമാണ് ഞങ്ങളുടെ ഈ യാത്ര. ഊട്ടിയിലെ ഒരു റിസോർട്ടിലേക്ക് രണ്ട് ദിവസം. തിരിച്ച് മടങ്ങും വഴി ക്രിസ്റ്റിയുടെ വീട്ടിലും കയറണം. ആദ്യമായി അന്ന് ഇങ്ങോട്ട് യാത്ര തുടരുമ്പോൾ ഈ വഴികളോ കാഴ്ചകളോ ഒന്നും സൂരജ് കണ്ടിരുന്നില്ല മുന്നിൽ പീലി മാത്രമായിരുന്നു. എന്നാലിന്ന് താൻ ഒരുപാട് സന്തുഷ്ടനാണ്.
തിരികെ കിട്ടിയ സൗഭാഗ്യങ്ങളിൽ അവൻ ദൈവത്തോടും ഒപ്പം നിന്നവരോടും മനസാൽ നന്ദി പറഞ്ഞു. സൂരജ് പീലിയെ നോക്കിയ അതേ നിമിഷം തന്നെയാണ് അവളും അവനെ നോക്കിയത്. അവളുടെ കണ്ണിലിപ്പോളുള്ളത് സന്തോഷവും പ്രണയവും മാത്രമാണ്.
സൂരജിന്റെ വീട്ടിൽ നിന്ന് വന്ന ക്രിസ്റ്റി അമ്മച്ചിയെ ഒന്ന് നോക്കി ചിരിച്ചതിനു ശേഷം മുറിയിലേക്ക് കയറി. ചുവരിലെ നാൻസിയുടെ ചിരിക്കുന്ന ചിത്രത്തിലേക്ക് ഒന്നേ നോക്കിയോളൂ. കണ്ണ് നിറയുന്നു. അവൻ മുറ്റത്തേക്കിറങ്ങി നിന്നു. അവന്റെ ഹൃദയം കരയുന്നത് അറിഞ്ഞിട്ടെന്നവണ്ണം ഒരു ചെറു ചാറ്റൽ മഴ ഭൂമിയിലേക്ക് പതിച്ചു. ഒരുപക്ഷെ അങ്ങേതോ ലോകത്തിരുന്നു നാൻസി കരയുന്നുണ്ടാകാം. അവളുടെ കണ്ണീരാകാം മഴയായി താഴേക്ക് പതിച്ചത്. അരികിൽ അവളുടെ സാമീപ്യം ക്രിസ്റ്റി തിരിച്ചറിഞ്ഞു. സങ്കടങ്ങളിൽ തോളിൽ കൈ ചേർത്തു അവനെ ആശ്വസിപ്പിക്കുന്നുണ്ടാകും അവൾ.
കാർ റിസോർട്ടിനു മുന്നിലെത്തി. സൂരജ് ഫോണിലേക്ക് ഒന്ന് കൂടി നോക്കി സ്ഥലം ഇത് തന്നെയാണോ എന്നുറപ്പ് വരുത്തി. പീലിയ്‌ക്കൊപ്പം പുറത്തേക്കിറങ്ങി. കാറിൽ നിന്ന് വെളിയിലേക്കിറങ്ങിയതും വിജയീ ഭാവത്തിൽ മഞ്ഞവരെ പൊതിഞ്ഞു പിടിച്ചു. റൂമിലേക്ക് കയറി ഡോർ ലോക്ക് ആക്കി പീലി ആദ്യമൊന്ന് ഫ്രഷായി വന്നു. മുറിയോട് ചേർന്നൊരു ഗ്ലാസ് ഡോർ തുറക്കുന്നത് ബാൽക്കണിയിലേക്കാണ്. അവിടെ നിന്നാൽ മഞ്ഞിൽ കുളിച്ചു നിൽക്കുന്ന തേയിലത്തോട്ടവും കുറച്ച് ദൂരെ ഒരു ചെറിയ വെള്ളച്ചാട്ടവും കാണാം.
സൂരജ് കയ്യിൽ രണ്ട് കപ്പ് കോഫിയുമായി പീലിയ്ക്കരികിൽ വന്ന് നിന്നു.പീലി കോഫീ കപ്പ് ചുണ്ടോട് ചേർത്തു മൊത്തി.
” നമ്മളിവിടെ എത്തിയ കാര്യം ഇച്ചായനെ വിളിച്ചു പറഞ്ഞായിരുന്നോ സൂരജേട്ടാ”.
“ഞാനിപ്പോൾ വിളിച്ചു വെച്ചതേയുള്ളൂ. തിരിച്ച് പോകുമ്പോ അവിടെ കേറിയിട്ടേ പോകാവൂ എന്നാണ് അമ്മച്ചിടെ ഓർഡർ”.
“പാവമാണ് രണ്ടും. എന്നോട് എന്ത് സ്നേഹത്തിലാണെന്നോ പെരുമാറിയതൊക്കെ. അവർക്ക് തന്നെ ഇങ്ങനൊക്കെ സംഭവിച്ചല്ലോ എന്നോർക്കുമ്പോളാണ്”.
“മനസ്സിൽ നന്മയുള്ളവരെ ദൈവം ഒരുപാട് പരീക്ഷിക്കും പീലി” .
“ആഹ് രാഹുലേട്ടന്റെ കാര്യം ഞാൻ പറഞ്ഞത് എന്തായി. സൂരജേട്ടൻ ആലോചിച്ചൊരു തീരുമാനം എടുക്ക്”.
“കൂടുതൽ ആലോചിക്കാൻ ഒന്നുമില്ലല്ലോ പീലി. രാഹുൽ നല്ലവനാണ്. പിന്നെ അവരുടെ വീട്ടുകാരെയും നമുക്കറിയാം. അവർ തമ്മിൽ അങ്ങനൊരു ഇഷ്ട്ടം ഉള്ളപ്പോൾ നമ്മളായിട്ട് എതിര് നിൽക്കാൻ വേണ്ടിയൊന്നുമില്ലല്ലോ. ഇവിടുന്ന് തിരിച്ച് ചെന്നിട്ട് അച്ഛനോട് ഇതിനെ പറ്റി സംസാരിക്കാം. അവൾക്ക് ഈ വർഷം കൂടി ക്ലാസ്സ് കഴിയും. ഒരു എൻഗേജ്മെന്റ് നടത്തി വെയ്കാം”.
“ആഹ് ഏട്ടന്റെ ഇഷ്ട്ടം പോലെ. രേഷ്മ പറഞ്ഞും നേരിട്ടും എനിക്ക് രാഹുലേട്ടനെ അറിയാം. തീർത്ഥ ഹാപ്പിയായിരിക്കും”.
“നമുക്ക് ചുമ്മാ ഒന്ന് നടന്നിട്ട് വന്നാലോ”?.
“ഈ തണുപ്പത്തോ.എന്റെ കയ്യും കാലുമൊക്കെ മരവിക്കുന്നു”.
“ആഹ് ബെസ്റ്റ് ഊട്ടിയിൽ വന്നിട്ട് തണുക്കുന്നെന്ന് പറയുന്നതേ നാണക്കേടാ. താൻ വന്നേ”.
പീലിയെ വലിച്ചെടുത്തു സൂരജ് പുറത്തേക്കിറങ്ങി. ബാഗിൽ നേരത്തെ കരുതിയിരുന്ന ജാക്കറ്റ് അവനും അവളും അണിഞ്ഞു. തണുപ്പിന് ചെറിയൊരു ആശ്വാസം അനുഭവപ്പെട്ടു.വഴിയോര കച്ചവടക്കാരിൽ പലരും അവരവരുടെ ജോലികളിൽ മുഴുകിയിരുന്നു. സൂരജിന്റെ കയ്യിലൂടെ കയ്യിട്ട് അവന്റെ തോളോട് ചേർന്നാണ് പീലി നടന്നത്. അവൾക്കാ സായാഹ്നം അവസാനിക്കാതിരുന്നെങ്കിൽ എന്ന് തോന്നി പോയി. കുറച്ച് നടന്നതും അവരൊരു ചെറിയ ചായക്കടയിൽ കയറി ഓരോ കാപ്പി പറഞ്ഞു.
പേപ്പർ ഗ്ലാസിൽ നിന്ന് ചൂട് കാപ്പി ഊതി കുടിച്ചതും അതിനെന്തോ ഒരു പ്രത്യേകത ഉള്ളതായിട്ട് പീലിയ്ക്ക് തോന്നി. ആദ്യമായാണ് ഇങ്ങനൊരു ടേസ്റ്റിൽ കാപ്പി കുടിക്കുന്നത്. അവളാ ഗ്ലാസ് മൂക്കിലോട്ട് ചേർത്തു വെച്ച് മണത്തു നോക്കി. മനസിന്റെ ഉള്ളറകളിൽ തട്ടി തിരിച്ചു വന്നു.
“സൂരജേട്ടാ ഇതിനെന്താ വേറൊരു ടേസ്റ്റ്. ഒരു പ്രത്യേക മണം”.
“അതെന്താ നീ ആദ്യായിട്ടാണോ ഇത് കുടിക്കുന്നെ”?.
“ആഹ് സൂരജേട്ടാ. എനിക്ക് വല്ലാതെയിഷ്ടമായി”.
“ഇത് കാപ്പിക്കുരുവിനൊപ്പം ചുക്കും ഏലയ്ക്കയുമൊക്കെ ചേർത്തു പൊടിച്ചെടുത്ത കാപ്പിപ്പൊടിയാണ്. അതാണിതിനു പ്രത്യേക ടേസ്റ്റ്”.
അത്ഭുതം കൊണ്ടവളുടെ കണ്ണുകൾ വിടർന്നു. തണുപ്പിലൂടെയുള്ള നടത്തത്തിൽ പീലി ചെറുതായി ക്ഷീണിച്ചു. ആഹാരം കഴിച്ച് അവൾ ബാൽക്കണിയിലേക്ക് പോയിരുന്നു. നല്ല തണുപ്പാണ് എന്നാലും ഇതൊരു വല്ലാത്ത സുഖം തരുന്നു. ചുറ്റിനും ഇരുട്ട്. തേയിലത്തോട്ടത്തിൽ നിന്ന് കാറ്റടിക്കുമ്പോൾ കോട ഒഴുകി വരുന്നുണ്ട്. രാത്രിയുടെ നിശബ്ദതയിൽ ദൂരെയുള്ള വെള്ളച്ചാട്ടത്തിന്റെ ശബ്ദം കാതിന് വിരുന്നേകുന്നുണ്ട്.
സൂരജ് ഒരു ചെറിയ ബെഡ് താങ്ങി പിടിച്ചോണ്ടാണ് അവിടേക്ക് വന്നത്. പീലി അന്തം വിട്ട് അവനെ നോക്കി. അവനാ ബെഡ് നിലത്തേക്കിട്ട് രണ്ട് തലയിണയും ഒരു വലിയ ബ്ലാങ്കറ്റും കൊണ്ടിട്ടു. ആദ്യം അവിടേക്ക് കിടന്നത് സൂരജാണ്.അവൻ പീലിയ്ക്ക് നേരെ അവന്റെ കൈ നീട്ടി ക്ഷണിച്ചു.പീലി ഒരു ചിരിയോടെ അവനരികിലേക്ക് കിടന്നു. അവന്റെ നെഞ്ചിലെ ചൂടിലേക്ക് ഒരു പൂച്ച കുഞ്ഞിനെ പോലെ പറ്റി ചേർന്ന് കിടന്നു.
“സൂരജേട്ടാ എനിക്കിപ്പോളും ഇതൊക്കെ സത്യമാണോ സ്വപ്നമാണോ എന്ന് വിശ്വസിക്കാനാകുന്നില്ല”.
സൂരജ് കുനിഞ്ഞവളുടെ കവിളിലൊരു ഉമ്മ കൊടുത്തു.
” ഇപ്പൊ സ്വപ്നമല്ല എന്ന് മനസിലായില്ലേ”.
“ഒന്ന് പോ സൂരജേട്ടാ”.
“എടൊ നമ്മളൊന്നിച്ചു കാണുന്ന സ്വപ്നം തന്നെയാണിത്. ഇടക്ക് കണ്ട ദുസ്വപ്നമൊക്കെ മായിഞ്ഞു പോയി. ഇനി നല്ല സുഖമുള്ള സ്വപ്നങ്ങൾ മാത്രമേയുള്ളൂ. ആ സ്വപ്നത്തിൽ ഞാനും നീയും നമ്മുടെ അഞ്ചാറു പിള്ളേരുമൊക്കെയാണ് ഉള്ളത്”.
” അഞ്ചാറോ . അത്രയുമൊന്നും എനിക്ക് പറ്റില്ല”.
“പിന്നെത്രയാ എന്റെ കൊച്ചിന് പറ്റുന്നത്”.
“ഒന്നോ രണ്ടോ ഒക്കെ നോക്കാം. പക്ഷെ ഇപ്പോളല്ല ഒരു മൂന്നു വർഷം കഴിഞു”.
“അത് കുറഞ്ഞു പോയല്ലോ. ഞാനൊരു കാര്യം ചെയ്യാം അങ്ങ് കാശിയിലോ രമേശ്വരത്തോ സന്യസിക്കാൻ പോകാം. എന്തെ”.
“അയ്യോ അതൊന്നും വേണ്ട. സൂരജേട്ടൻ പോയാൽ ഞാനൊറ്റയ്ക്കാകില്ലേ”.
“അയ്യടി. മൂന്നു വർഷം കഴിഞ്ഞല്ല. ഇപ്പൊ ഈ നിമിഷം ഈ മഞ്ഞിനേയും ആകാശത്തെയും പ്രകൃതിയെയും സാക്ഷിയാക്കി പീലി എല്ലാ അർത്ഥത്തിലും സൂരജിന്റെതാകും. സൂരജിന്റെ മാത്രം”.
പീലിയുടെ ദേഹം ഒന്ന് വിറകൊണ്ടത് സൂരജ് അറിഞ്ഞു. അത് വരെ കുസൃതി നിറഞ്ഞ അവന്റെ കണ്ണിൽ പ്രണയം നിറഞ്ഞു.പീലി നാണം കൊണ്ട് അവനെ നോക്കാനാകാതെ കിടന്നു. സൂരജ് അവളുടെ താടി തുമ്പിൽ പിടിച്ച് മുഖമുയർത്തി. അവളുടെ കണ്ണുകളിലേക്ക് പ്രണയാതുരമായി നോക്കി. അവളുടെ നിറയെ പീലിയുള്ള കണ്ണുകളിലാണ് ആദ്യ ചുംബനമേറ്റത്. ഇരുകവിളുകളും അവന്റെ ചുംബനമേറ്റ് വാങ്ങി. പൂവിതൾ പോലെ മൃദുലമായ പീലിയുടെ ചുണ്ടുകളെ സൂരജ് സ്വന്തമാക്കി.
ഒട്ടും വേദനിപ്പിക്കാതെ സൂരജ് പീലിയുടെ അധരങ്ങളെ നുണഞ്ഞു. അവന്റെ കൈ പീലിയുടെ വയറിൽ അമർന്നു. പീലിയൊന്ന് ഉയർന്നു പൊങ്ങി. ചുണ്ടുകളെ സ്വതന്ത്രമാക്കി സൂരജിന്റെ ചുണ്ടുകൾ പീലിയുടെ കഴുത്തിലേക്കിഴഞ്ഞു. പീലി പുളഞ്ഞു പോയി. അവന്റെ മീശയും താടി രോമങ്ങളും പീലിയുടെ കഴുത്തിൽ അലഞ്ഞു തിരിഞ്ഞു. പീലിയുടെ ഭംഗിയേറിയ വിരലുകൾ സൂരജിന്റെ തോളിൽ അമർന്നു. സൂരജ് അവളുടെ മുഖത്തേക്ക് നോക്കിയതും അവൾ ചുവന്നു പോയിരുന്നു. ഈ ഒരു ഭാവം ഇരുവരിലും ആദ്യമായിരുന്നു.
“സൂരജേട്ടാ. വേണ്ട കേട്ടോ”.
പീലി കുറുകി.
!വേണം. ഇനിയും ഒന്നിന് വേണ്ടിയും കാത്തിരിക്കാൻ കഴിയില്ല. നമ്മുടെ എല്ലാ പ്രശ്നങ്ങളും തീർന്നില്ലേ. ഇനി നമ്മൾ മാത്രമുള്ള ലോകമാണ്.ഇനി നിനക്ക് എന്നോട് എന്തേലും ഇഷ്ടക്കേടുണ്ടോ പീലി”.
“സൂരജേട്ടാ വെറുതെ ഓരോന്ന് പറയാതെ.അതുണ്ടല്ലോ എനിക്കെ നമ്മുടെ ആ മുറിയില്ലേ നമ്മൾ പിണങ്ങിയതും ഇണങ്ങിയതും സ്നേഹിച്ചതും എല്ലാം അവിടെ വെച്ചല്ലേ. സൂരജേട്ടൻ പറഞ്ഞത് പോലെ പീലി സൂരജിന്റേത് മാത്രമാകുന്നതും ആ മുറിയിൽ വെച്ചായിരിക്കണം എന്ന് എനിക്കും വാശിയുണ്ട്”.
സൂരജിന് അവളോട് അതിയായ സ്നേഹം തോന്നി.അവനവളെ നെഞ്ചോട് ചേർത്തു കിടത്തി. അന്നത്തെ രാത്രി ഒരിക്കലും മറക്കാനാവാത്ത ഒന്നായി പീലിയുടെയും സൂരജിന്റെയും ജീവിതത്തിന്റെ കണക്ക് പുസ്തകത്തിൽ പ്രണയത്തിന്റെ മഷിയാൽ കുറിച്ചിട്ടു.

by