രചന – അയിഷ അക്ബർ
ആരുമല്ല……
അവളുടെ കൈ കുടഞ്ഞെറിഞ്ഞു അവനത് പറഞ്ഞത് അല്പം ശബ്ദത്തിൽ തന്നെയായിരുന്നു….
പിന്നെ എന്റെ ഫോട്ടോ എങ്ങനെ നിന്റെ കയ്യിലെത്തി….
അതും ഇത്രയേറെ ചിരിച്ചൊരു ദിവസം എന്റെ ഓർമയിൽ പോലുമില്ലതാനും…..
അവളത് പറയുമ്പോൾ പുഞ്ചിരിച്ചു കൊണ്ട് നിൽക്കുന്ന ആ ഫോട്ടോയിലേക്കവൾ സൂക്ഷിച്ചു നോക്കുന്നുണ്ടായിരുന്നു…
അത് കൊണ്ട് തന്നെയാണ് ഞാൻ പറഞ്ഞതും….. നീയെനിക്കാരുമല്ലെന്ന്…
അവനത് പറയുമ്പോൾ അവൾ സംശയത്തോടെ അവനെ നോക്കി…..
എന്റെ മുമ്പിൽ നിൽക്കുന്നത് എന്റെ സത്യയല്ല…..
ഞാൻ ജീവനോളം സ്നേഹിച്ച ആ സത്യയെ നിന്നിലെനിക്ക് കാണാനാവുന്നില്ല ..
അവനത് പറയുമ്പോൾ വാക്കുകളിലെ വേദന അവൾക്കറിയുന്നുണ്ടായിരുന്നു….
അവൻ മേശയുടെ വലിപ്പ് തുറന്ന് അതിൽ നിന്നും ഒരു ആൽബം അവൾക്ക് നേരെ നീട്ടി…..
ഒപ്പം ഒരു ഡയറിയും……
ഇതായിരുന്നു എന്റെ സത്യ……
അവളാ ആൽബം കയ്യിൽ വാങ്ങുമ്പോഴും ഹൃദയം ആശങ്കയിലായിരുന്നു…..
അവൻ തലക്ക് കൈ വെച്ചു കൊണ്ട് കസേരയിലെക്കൂർന്നിരുന്നു…..
അവനോടൊന്നും മിണ്ടാൻ നിൽക്കാതെ അവളതുമായി പുറത്തേക്ക് നടന്നു….
ഹൃദയം പേറുന്ന വികാരത്തെ തനിക്ക് തിരിച്ചറിയാൻ കഴിയാത്തതെന്ത് കൊണ്ടാണ്….
അവനോടുള്ള പ്രണയം ഹൃദയത്തിൽ നിറഞ്ഞു നിൽക്കുമ്പോൾ താനാണ് അവന്റെ പ്രണയിനി യെന്ന് അവനിങ്ങോട്ട് പറയുമ്പോഴും ഹൃദയത്തിൽ നിറഞ്ഞു നിന്നത് സങ്കടമാണോ….
തന്റേതെന്ന് പറയാനൊരാളുണ്ടെങ്കിൽ എന്ന് മനസ്സ് അത്രമേൽ ആഗ്രഹിച്ചപ്പോഴും അവൻ തന്നെ തിരഞ്ഞാണ് ഇത്ര ദൂരം വന്നതെന്ന് തിരിച്ചറിയുമ്പോൾ
തന്റെ ഹൃദയം നോവിനെ പേറുന്നതെന്തിനാണ്….
ആരായിരിക്കും അവനെന്നത്തിൽ തനിക്ക് സംശയമില്ല…..
കാരണം ആദ്യമായി അവനെ കണ്ടപ്പോഴും ഇപ്പോഴവനെ കാണുമ്പോഴും തന്റെ മനസ്സിൽ നിറഞ്ഞു നിൽക്കുന്നതാത്രയും മുൻ ജന്മത്തിലെ പ്രണയത്തിന്റെ അവശിഷ്ടങ്ങളാണ്…..
അവൾ മുറിയിലേക്ക് കടന്ന് വാതിലടച്ചു….
അവൻ കൈകളിൽ തന്ന ആൽബത്തിലെ ഓരോ ഫോട്ടോയും മറിച്ചു നോക്കി….
അതിൽ കാണുന്ന തന്റെ മുഖത്തിന് വല്ലാത്ത പ്രസരിപ്പുണ്ടായിരുന്നു…
താൻ അവന്റെ കൂടെ അത്രമേൽ സന്തോഷവതിയായിരുന്നുവോ …….
പിന്നെയും തനിക്ക് അറിയാത്ത പല മുഖങ്ങൾ ആ ആൽബത്തിൽ പതിഞ്ഞിരുന്നു…..
ഓർമയിൽ അങ്ങിങായി ചിതറി കിടക്കുന്ന ആ മുഖങ്ങളെ തന്റെ ഹൃദയത്തിന് പരിചിതമായി തോന്നി…..
ഒരുപക്ഷെ ഇവരെയൊക്കെ തനിക്കറിയാമെന്ന വിശ്വാസം കൊണ്ടായിരിക്കാം അത്…..
അതിൽ കണ്ട ഒരു വലിയ തറവാടിന്റെ ചിത്രം അവളുടെ ഹൃദയത്തിലേക്ക് തുളച്ചു കയറുന്നുണ്ടായിരുന്നു….
മുൻഭാഗം മാത്രമേ ആ ചിത്രത്തിലുള്ളു വെങ്കിലും അതിന്റെ മറ്റു ഭാഗങ്ങളും ഉൾവശവും അകത്തളങ്ങളിലെ ഓരോ ഭാഗങ്ങളും വിശാലമായ ഇടനാഴികളെല്ലാം അവൾക്ക് ഓർമ വന്നിരുന്നു……
ആ ചിത്രത്തിലുള്ള മുഴുവനില്ലാത്ത തറവാടിന്റെ മറ്റു ഭാഗങ്ങൾ അവളുടെ മനസ്സിൽ തെളിഞ്ഞു കൊണ്ടിരുന്നു…
അവയിലുള്ള കുടുംബ ചിത്രത്തിലെ പലരുടേയും മുഖം തനിക്കേറെ പരിചിതമായി തോന്നി…..
പല പേരുകളും മനസ്സിൽ മിഞ്ഞി മാഞ്ഞെങ്കിലും ഒന്നിനും വ്യക്തത ഇല്ലാത്തത് അവൾക്ക് തലക്ക് വല്ലാത്ത ഭാരം സൃഷ്ടിച്ചു….
അവൾ ആ ഡയറിയിലെ ഏടുകലോരോന്ന് മറിച്ചു കൊണ്ടിരുന്നു….
അത് തന്റെ സ്വന്തം ഡയറിയാണെന്ന് അവൾക്ക് മനസ്സിലായി…
അച്ഛന്റെ മരണ ശേഷമാണ് ഡയറിയുടെ ഏടുകൾക്ക് ഭാരം കൂടിയതെന്ന് അവളോർത്തു….
മഹേഷിനെ പേടിച് മുത്തശ്ശി തന്നെ ഇവിടെ നിന്ന് വിട്ടതും ശേഷം അവിടെയെത്തിയ സംഭവങ്ങലോരോന്നും തന്റെതായ രീതിയിൽ അതിലെഴുത്തി വെച്ചിരിക്കുന്നു…..
അതിൽ തന്റെ മനസ്സിലെ തോന്നലുകൾക്കായിരുന്നു പ്രാധാന്യം കൂടുതൽ നൽകിയിരുന്നത്…..
അവൾക്കത്ഭുതം തോന്നി…
ഇങ്ങനെയൊരു തന്നേ ഹൃദയം ഇപ്പോഴും തിരഞ്ഞ് കൊണ്ടിരിക്കുകയാണ്…
അതിലുള്ള ഓരോ പേരുകളും ആൽബത്തിലെ ഓരോ മുഖങ്ങളുമായി കോർത്തിനക്കാൻ അവൾ ശ്രമിച്ചു കൊണ്ടിരുന്നു….
എന്നാൽ അതിൽ അവൻ എന്ന് പരമാർശിച്ചവനോട് തനിക്ക് പ്രണയമായിരുന്നു.
തന്റെ പ്രാണനെക്കാളേറെ താനവനെ സ്നേഹിച്ചിരുന്നു….
അത് അജയ് ആകുമെന്ന് അവളുടെ മനസ്സ് പറഞ്ഞ് കൊണ്ടിരുന്നു…..
താനും അവനുമായുള്ള വിവാഹത്തിലെത്തി നിന്ന തങ്ങളുടെ പ്രണയത്തിൽ താനെത്ര സന്തോഷവതിയായിരുന്നു…
ഒരുപാട് കടമ്പകൾ കടന്ന് നേടിയെടുത്ത ആ പ്രണയത്തിന്റെ ആനന്ദം താനെഴുതിയ വാക്കുകളിൽ നിന്ന് തനിക്കറിയാൻ കഴിയുന്നുണ്ട്……
പ്രണയ നിമിഷങ്ങളോരോന്നും മനസ്സിൽ തെളിയുന്നത് പോലെ….
അവയിൽ വിരിയുന്ന ചിത്രം അവന്റേതായിരുന്നു…
ചിന്തകൾ അവളുടെ തലക്കെല്പിച്ച ഭാരം കാരണം അവൾ കട്ടിലിലേക്ക് കിടന്നു…..
കണ്ണുകൾ പതിയേ അടഞ്ഞു പ്പോയി…..
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
അമ്പലത്തിൽ നിന്നും തൊഴുത്തിറങ്ങുന്ന താൻ വളരേ സന്തോഷത്തിലായിരുന്നു…
ആരോ തന്നെ പിന്തുടരുന്നത് പോലെ തോന്നിയെങ്കിലും അത് തോന്നലാകുമെന്ന് മനസ്സിനെ വിശ്വസിപ്പിച്ചു…
അമ്പലത്തിൽ നിന്നും ഇറങ്ങി പുറത്തേക്ക് വന്നപ്പോഴാണ് തലക്ക് പുറകിൽ ശക്തിയായൊരു അടിയേറ്റത്….
കണ്ണുകൾ പതിയേ അടഞ്ഞു പോകും പോലെ…
അപ്പോൾ കണ്മുൻപിൽ തെളിഞ്ഞ ആളുകളെ തനിക്കൊട്ടും പരിചയമുണ്ടായിരുന്നില്ല….
അവൾ തലയിൽ ശക്തിയായി പിടിച്ചു….
ആ വേദന അവളിൽ അപ്പോഴും നിറഞ്ഞു നിൽക്കുന്നത് പോലെ….
അവൾ കണ്ണുകൾ വലിച്ചു തുറന്നു….
തന്റെ മുറിയിലാണ് താൻ കിടക്കുന്നതെന്ന് മനസ്സിലായപ്പോൾ അവൾക്കാശ്വാസം തോന്നി…
എങ്കിലും ആ സംഭവവും അതിന്റെ മുമ്പുള്ള ഓരോന്നും അവളുടെ ഓർമയിൽ തെളിഞ്ഞു തന്നെ നിൽക്കുന്നുണ്ടായിരുന്നു…..
ആ ആൽബം ഒന്ന് കൂടി അവൾ കയ്യിലെടുത്തു…
അതിലോരോരുത്തരെയും അവൾ ക്ക് തിരിച്ചറിയാൻ കഴിയുന്നുണ്ടായിരുന്നു ….
അവൾ വാതിൽ തുറന്ന് പുറത്തേക്കിറങ്ങിയത് അവനെ ലക്ഷ്യമാക്കിയായിരുന്നു എങ്കിലും അവളുടെ മനസ്സിന്റെ ഭാരം കാരണം കാലുകൾ കുഴഞ്ഞു പോകുകയായിരുന്നു…..
കണ്ണുകളിൽ ഇരുട്ട് കയറും പോൽ…..
മുറിക്ക് പുറത്തെ ഇടനാഴിയിൽ അവൾ വീഴുമ്പോൾ അനുവത് കണ്ട് ഓടി വന്നു…..
ചേച്ചീ……
അവളോടി വന്ന് ഭാമയെ പിടിച്ചു കുലുക്കുമ്പോഴും ഭാമ കണ്ണുകൾ തുറന്നില്ല….
വീട്ടിൽ മാറ്റാരുമില്ലാത്തത് കൊണ്ട് തന്നെ ആരെ വിളിക്കണമെന്നോ ആരോട് പറയണമെന്നോ അറിയാതെ അനു നിൽക്കുമ്പോഴാണ് അവളുടെ കണ്ണുകൾ അവർക്കെതിരെയുള്ള ആ വീട്ടിൽ പതിഞ്ഞത്….
ഏട്ടാ…..
അവളോടി ചെന്നാ വീടിന്റെ വാതിലിൽ മുട്ടി….
അവൻ വാതിൽ തുറക്കുമ്പോൾ നിറഞ്ഞ മിഴികളുമായി നിൽക്കുന്ന അനുവിനെയാണ് കാണുന്നത്…..
അവളുടെ കണ്ണുകളിൽ ഭയവും വെപ്രാളവും നിറഞ്ഞു നിന്നിരുന്നു….
എന്താ…. എന്ത് പറ്റി….
അവനത് ചോദിക്കുമ്പോൾ അവളുടെ വെപ്രാളം അവന്റെ വാക്കുകളിലേക്കും പടർന്നിരുന്നു…..
ഭാമേച്ചി ……
അവളത് പറഞ്ഞ് വീട്ടിലേക്ക് വിരൽ ചൂണ്ടുമ്പോൾ പറഞ്ഞ് മുഴുവനാക്കാൻ അവൾ ക്ക് കഴിഞ്ഞില്ലെങ്കിലും പിന്നീടൊരു ചോദ്യത്തിന് അവനും കാത്തു നിന്നില്ല….
അവൻ അവളുടെ വീടിനെ ലക്ഷ്യമാക്കി പായുകയായിരുന്നു….
നിമിഷ നേരം കൊണ്ട് മനസ്സിൽ കടന്നു കൂടിയ വികാര വിചാരങ്ങളും തോന്നലുകളും അവനെ അങ്ങേയറ്റം ഭയപ്പെടുത്തിയിരുന്നു …..
അവനോടി ചെന്ന് നോക്കുമ്പോൾ താഴെ വീണു കിടക്കുന്ന അവളെയാണ് കാണുന്നത്….
അവന് കണ്ണിൽ ഇരുട്ട് പടരും പോലെ തോന്നി…..
സത്യാ……
അവനവളെ വിളിച്ചിട്ടും അവൾ കണ്ണുകൾ തുറക്കുന്നുണ്ടായിരുന്നില്ല…..
അനഘ കൊണ്ട് വന്ന വെള്ളം അവൻ അവളുടെ മുഖത്തേക്കോഴിക്കുമ്പോഴും അവളിൽ മാറ്റമുണ്ടായിരുന്നില്ല….
അവളെ കോരിയെടുത്തു അവൻ പുറത്തേക്കിറങ്ങി….
കിട്ടിയ വണ്ടിയിൽ കയറി ആശുപത്രിയിലെത്തിക്കുമ്പോഴും അവളിൽ യാതൊരു മാറ്റവും ഉണ്ടായിരുന്നില്ല….
അവനവളെ നെഞ്ചോട് ചേർത്ത് പിടിച്ചിരുന്നു…..
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
ശി ഈസ് ആൽറൈറ്…..പ്രഷറിൽ വാരിയേഷൻ വന്നതാണ്…..
ഡോക്ടറുടെ മനോഹരമായ വാക്കുകൾ അവനിലേക്കിറങ്ങിയത് അങ്ങേയറ്റം ആശ്വാസത്തിലായിരുന്നു…..
അവൻ പതിയേ അകത്തേക്ക് കയറി…..
അവളപ്പോഴും കണ്ണുകളടച്ചു കിടക്കുകയായിരുന്നു…..
ക്ഷീണമാവാം……അവൻ പതിയേ അവളുടെ മുടിയിഴകളിൽ സ്നേഹത്തോടെ താലോടിയ ശേഷം തിരിഞ്ഞു നടന്നു….
തിരിഞ്ഞു നടക്കാൻ തുടങ്ങിയ അവനെ പിടിച്ചു നിർത്തിയത് കയ്യിൽ വീണ ഒരു പിടുത്തമായിരുന്നു……
അവൻ പെട്ടെന്ന് തിരിഞ്ഞു നോക്കി….
അവളുടെ കണ്ണുകളിൽ കണ്ട വികാരത്തിന്റെ തീവ്രതക്ക് പേരിടാൻ അവന് കഴിയുന്നുണ്ടായിരുന്നില്ല…..
ഋഷി……
അവൾ വിളിക്കുമ്പോൾ അവന്റെ കണ്ണുകൾ വിടർന്നു……
മറ്റൊരു വാക്കിനോ നോക്കിനോ ഇടം നൽകാതെ അവനവളുടെ നെറ്റിയിൽ ചുംബിക്കുമ്പോൾ അവന്റെ മിഴികൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു…..
(തുടരും )

by