19/04/2026

രാവിലെ മുതല്‍ തുടങ്ങിയ മഴയാണ്‌.. ചന്നം പിന്നം ചെറുതായി ചാറികൊണ്ടിരിക്കുന്ന മഴയിലേക്ക് ലയ പതിയെ ഇറങ്ങി…

രചന – ദീപ്തി പ്രവീൺ

മരപെയ്ത്ത്..
*****************

രാവിലെ മുതല്‍ തുടങ്ങിയ മഴയാണ്‌.. ചന്നം പിന്നം ചെറുതായി ചാറികൊണ്ടിരിക്കുന്ന മഴയിലേക്ക് ലയ പതിയെ ഇറങ്ങി… ഉറച്ച കാല്‍ ചുവടുകളോടെ മുന്നോട്ട് നീങ്ങുമ്പോഴേക്കും മനസ് ശാന്തമാക്കിയിരുന്നു…

മഴയെ ഏറെ സ്നേഹിച്ചത് അവനെ,കണ്ടതിന് ശേഷമാണ്…. പൊതുവേ പുരുഷന്‍മാരോട് അകലം പാലിച്ചിരുന്ന താന്‍ എന്തിനാണ് അവനോട് ആ അകലം സൂക്ഷിക്കാതെ ഇരുന്നത്‌….

ഓര്‍ക്കും തോറും നന്ദന്‍ കണ്‍മുന്നില്‍ നിറയുന്നത് അവള്‍ അറിഞ്ഞു… അവന്റെ തിളക്കമാര്‍ന്ന കണ്ണുകള്‍ എപ്പോഴും തന്റെ മിഴികളെ കോര്‍ത്തെടുക്കുന്നത് ഓര്‍ത്തപ്പോള്‍ നെഞ്ചില് ഒരു പിടച്ചില്…

ഉറപ്പിച്ചു വെച്ചിരുന്ന കല്യാണം മുടങ്ങിയപ്പോഴാണ് ഇനി ഒരു വിവാഹം വേണ്ട എന്ന കടൂത്ത തീരുമാനം താന്‍ എടുത്തത്..

അത്രയേറേ അപമാനവും വേദനയും ആ ദിവസം തന്നിരുന്നു..

അച്ഛന്‍ ഏറേ നിര്‍ബന്ധിച്ചെങ്കിലും താന്‍ വഴങ്ങാന്‍ കൂട്ടാക്കിയില്ല.. അമ്മ ഇല്ലാത്ത മകള്‍ അച്ഛന്റെ കാലശേഷം ഒറ്റപെട്ടു പോകുമെന്ന ഒരച്ഛന്റെ വേദനയേ താന്‍ തിരിച്ചറിഞ്ഞതുമില്ല…

അച്ഛന്റെ മരണവും നന്ദന്റെ വരവും ഒരുപോലെ ആയതുകൊണ്ട് ആണോ താന്‍ നന്ദനില്‍ നിന്നും അകലം പാലിക്കാന്‍ ശ്രമിക്കാതെ ഇരുന്നത്…

അച്ഛന്റെ മരണസര്‍ട്ടിഫിക്കേറ്റ് വാങ്ങാന്‍ ചെന്നപ്പോഴാണ് നന്ദനേ ആദ്യം കാണുന്നത്…

പ്രത്യേകിച്ച് അസുഖമൊന്നും ഇല്ലാതെ ,ഇരുന്ന അച്ഛന്‍ തന്നെ വിട്ടു പോയത് പെട്ടെന്ന് ആണെങ്കിലും അച്ഛന്റെ മരണസര്‍ട്ടിഫിക്കേറ്റ് കിട്ടുന്നത് അത്ര എളുപ്പമായിരുന്നില്ല..

അത് കിട്ടീയാല്‍ മാത്രമേ അച്ഛന്റെ ജോലി തനിക്ക് കിട്ടുകയുള്ളു എന്നത് കൊണ്ട് നിരന്തരം അതിന് പുറകെ പോകേണ്ടി വന്നു….

മൂടി കെട്ടിയ മുഖവും കര്‍ക്കശസ്വഭാവവും ഉള്ള ഉദ്യോഗസ്ഥര്‍ക്ക് ഇടയില്‍ തിളക്കമുള്ള കണ്ണുകളും നനുത്ത പുഞ്ചിരിയും ഹൃദ്യമായ ഇടപെടലുകളൂമായി നന്ദന്‍ വ്യത്യസ്തനായി നിന്നു എന്നതാണ് സത്യം..

സൗഹൃദം പ്രണയത്തിലേക്ക് പോയത് തങ്ങള്‍ രണ്ടൂപേരും അറിഞ്ഞിരുന്നില്ല … നന്ദന് ഒരു കുടുംബം ഉണ്ടെന്ന അറിവ്
തെറ്റാണെന്ന് തിരിച്ചറിവ് മനസിന് കൊടുത്തില്ല..

അല്ലെങ്കിലും നന്ദനെ പൂര്‍ണ്ണമായും സ്വന്തമാക്കണം എന്ന സ്വാര്‍ത്ഥത തനിക്ക് ഇല്ലായിരുന്നു … നന്ദന്‍റെ ജീവിതത്തിലും മനസ്സിലും ഒരു ചെറിയ സ്ഥാനം മാത്രമേ ആഗ്രഹിച്ചിരുന്നുള്ളൂ…..

അതിന് ഇരട്ടി നന്ദന്‍ തരുകയും ചെയ്‌തിരുന്നു..

മഴയുടെ മുഖം മാറികൊണ്ടിരുന്നു… നന്ദനോട് തലയാട്ടി കാര്യം പറഞ്ഞിലുന്ന കാക്കാത്തി പൂവ് ഇന്ന് തന്റെ മുന്നില്‍ മഴയുടെ കാഠിന്യം താങ്ങാനാകാതെ തല താഴ്ത്തി നില്‍ക്കുന്നു

”’ ലയ എനിക്കു എന്റെ കുടുംബം എത്രത്തോളം പ്രിയപ്പെട്ടത് ആണോ അത്രത്തോളം തന്നെ നീയും എനിക്കു വലുതാണ്..

നിങ്ങളെ തമ്മില്‍ താരതമ്യം ചെയ്യാന്‍ എനിക്കു കഴിയില്ല.. എന്നും നിന്നോടോപ്പം,നിന്റെ നിഴല് പോലെ ഉണ്ടാകും എന്ന വാക്ക് മാത്രമേ നിനക്കു തരാന്‍ കഴിയു…

ഈ ലോകത്ത് വേറേ ആര് എന്നെ മനസ്സിലാക്കിയില്ലെങ്കിലും നീ എന്നെ മനസ്സിലാക്കണം…

എന്നെങ്കിലും ഒരിക്കല്‍ മാനസ നമ്മുടെ ഈ ബന്ധത്തെ പറ്റി അറിഞ്ഞാല്‍ ഒരിക്കലും അവളെ മടുത്തിട്ടോ വേണ്ടെന്ന് തോന്നിയിട്ടോ അല്ല ഞാന്‍ മറ്റൊരു ബന്ധത്തിലേക്ക് പോയതെന്ന് അവളോട് പറയണം….

അവളെനിക്ക് അത്രമേല്‍ പ്രിയപ്പെട്ടതാണ്…

എന്നിട്ടും നീയോ എന്ന ചോദ്യത്തിന് മാത്രം എന്റെടുത്ത് ഉത്തരമില്ല..”

”ഞാനോ നന്ദേട്ടനോ പറയാതെ ഈ കാര്യം പുറത്തു പോകില്ലല്ലോ…

അതുകൊണ്ട് ഒരിക്കലും മാനസ ഇത് അറിയില്ല…

മാനസയും ഭൗമിയും എന്നെന്നും നന്ദേട്ടന്റെത് മാത്രമാകും..ഒരിക്കലും വിട്ടു പോകില്ല.”

തന്റെ ആശ്വാസവാക്കുകള്‍ ആളില്‍ ഉണ്ടാക്കുന്ന ആത്മവിശ്വാസം ചെറുത്,,അല്ലായിരുന്നൂ..

അങ്ങനെ എത്രയെത്ര ദിവസങ്ങള്‍ ആ സന്തോഷത്തിന്റെ മടിത്തട്ടില്‍ മയങ്ങിയിരുന്നു… താന്‍ ഉറങ്ങി കഴിയുമ്പോഴായിരുന്നു നന്ദേട്ടന്റെ സങ്കടവും കുറ്റബോധവും എല്ലാം പുറത്തു വരുക..തന്റെ തലയില്‍ തലോടി, മുഖത്തേക്ക് നോക്കി ഉറങ്ങാതെ ഇരിക്കും..

നന്ദേട്ടന്റെ സുരക്ഷ നോക്കിയാണ് കുറച്ചു ദൂരേയ്ക്ക് ട്രാന്‍സ്ഫര്‍ വാങ്ങി പോയത്‌…

നന്ദേട്ടന്റെ കിളിക്കൂട് ആകെ നിശബ്ദമായതു പോലെ തോന്നി…

മഴ പെയ്തു തോര്‍ന്നപ്പോള്‍ നന്ദേട്ടന്‍ പറയും പോലെ ചെമ്പകമരം ആകെ വെള്ളത്തുള്ളികളെ കുസൃതിയോടെ തെറിപ്പിക്കാന്‍ തുടങ്ങിയിരുന്നു..

മഴ പെയ്തു തോരുമ്പോള്‍ നന്ദേട്ടന്‍ ചെമ്പകചോട്ടില്‍ പോയി മരപെയ്ത് നനയാറുണ്ടത്രേ…

ആ വീടിന്റെയുും പറമ്പിന്റെയും മുക്കും മൂലയും തനിക്ക് പരിചിതമാണല്ലോ…

നന്ദേട്ടനെ പോലെ…

നന്ദേട്ടന്റെ പാവലും പടലവും എല്ലാം പൂവിട്ടു കാണും.. ചീര മുറിച്ചെടുക്കണമെന്ന് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു ..

അകത്തേക്ക് കയറാന്‍ തുടങ്ങിയപ്പോള്‍ കാലുകള്‍ ഇടറി…..

നന്ദേട്ടന്റെ ചെരുപ്പ് സ്റ്റാന്‍ഡിന് അരുകില്‍ കിടന്നു..ഒരിക്കലും സ്റ്റാന്‍ഡില്‍ നന്ദേട്ടന് ചെരുപ്പുകള്‍ സൂക്ഷിക്കില്ല…

” ഭാര്യയെയും കുഞ്ഞിനെയും ജീവനായിരുന്നു…. ഇത്രയും നല്ലയൊരു ചെറുക്കനെ വേറേ കാണാന്‍ കിട്ടില്ല..

ഇതറിഞ്ഞപ്പോള്‍ മുതല് ഭാര്യ തളര്‍ന്ന് വീണതാണ്… ”

തകര്‍ന്ന മനസോടെയാണ് നോക്കിയത്‌..

ശരിയാണ്..ശാന്തമായി ഉറങ്ങുന്ന നന്ദേട്ടന്റെ അരികെ മാനസ…

കണ്ടു പരിചയിച്ച ഒരുപാട് മുഖങ്ങളില്‍,ഒന്ന്….

ഒരു ഫോട്ടോയില്‍ പോലും ഇതുവരെ കാണാതെ ഇരുന്നിട്ടും മാനസയുടെയും ഭൗമിയുടെയും മുഖം തനിക്ക് അത്രത്തോളം പരിചിതമായിരുന്നു..
നന്ദേട്ടന്റെ മനസ്സിന്റെ മുക്കാല്‍ ഭാഗങ്ങളുടെയും അവകാശികള്‍..

തന്നില്‍,അവരുടെ രേഖാചിത്രം നല്‍കിയ നന്ദേട്ടനോട് അത്ഭുതം തോന്നി….

മാനസ എന്ന സ്ത്രീയുടെ സൗഭാഗ്യത്തെ പറ്റി ഓര്‍ത്തപ്പോള്‍ സന്തോഷവും…

” +എപ്പോഴും പറയും പോലെ നമ്മളില്‍ ഒരാള് പിരിഞ്ഞു പോയാല് കണ്ണിനീര് കൊണ്ടു പോലും പരസ്പരം അടയാളപെടുത്താന്‍ കഴിയില്ല നന്ദേട്ടാ…

ഒരൂ തുള്ളി കണ്ണീര് കൊണ്ടു പോലും നമ്മളെ ഞാന്‍ കാട്ടി കൊടുക്കില്ല…

ഹൃദയം പൊട്ടി നുറുങ്ങുന്നുണ്ട്…. ഇരുളടഞ്ഞ ഒരു വഴിയയില്‍ ഒറ്റപെട്ടാണ് നില്‍ക്കുന്നത്….

എന്നെന്നും കൂടെ നിഴല് പോലെ ഉണ്ടാകും എന്ന വാക്ക് മാത്രം നന്ദേട്ടന് തെറ്റിച്ചു..

അല്ലെങ്കിലും മരണം അനുവാദം ചോദിക്കാറില്ലല്ലോ……

എന്റെ ഓരോ ശ്വാസത്തിലും നന്ദേട്ടന്‍ ഉണ്ട്…,നമ്മുടെ സ്നേഹമുണ്ട്..
ആ ഓര്‍മ്മകളില്‍ നമുക്ക് ഇനി ജീവിക്കാം നന്ദേട്ടാ.”

ഒരു പിടി പൂക്കള്‍ പാദത്തിലിട്ടു മനസു കൊണ്ട് കെട്ടിപിടിച്ച് അന്ത്യചുംബനവും നല്‍കി ഇറങ്ങുമ്പോള്‍ മഴ വീണ്ടും ആര്‍ത്തലച്ചു…

ലയയുടെ കണ്ണീരുകള്‍ ഏറ്റുവാങ്ങിയത് പോലെ…