20/04/2026

ധനു : ഭാഗം 04

രചന – ജ്വാലാമുഖി

എന്തിനാ ഇങ്ങനെ മിഴിച്ചു നോക്കി കിടക്കണേ.. ഉറങ്ങരുതോ… !! എന്ന് ചോദിക്കണം എന്നുണ്ടായി…

പക്ഷെ അതിനൊന്നും ഉള്ള ധൈര്യം ഇല്ലാലോ…

“സ്വപ്നം കണ്ടു പേടിച്ചു അല്ലെ… ”

അയാൾ സ്വരം താഴ്ത്തി ചോദിച്ചു…

ഞാൻ അതെ എന്ന് തലയാട്ടി…

“ഞാനും ഒരു സ്വപ്നം കണ്ടു ഉണർന്നതാ… ”

ഞാൻ വിശ്വാസം വരാതെ ആ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി… പെട്ടന്ന് അമ്മ വല്ലാതെ ചുമച്ചു കണ്ണു തുറന്നു…

“നീ ഉറങ്ങിയില്ലേ ധനു…??? ”

“ഉവ്വ്… ഒരു ദുസ്വപ്നം കണ്ടമ്മേ… ”

കൃഷ്ണ… എന്തായിരുന്നു സ്വപ്നം എന്ന് അമ്മ ചോതിക്കല്ലെ എന്ന് മനസ്സിൽ പ്രാർത്ഥിച്ചു…

“പ്രാർത്ഥിച്ചു കിടക്കാൻ പറഞ്ഞാൽ കേൾക്കില്ലല്ലോ… ”

ഞാൻ ഒന്നും മിണ്ടിയില്ല…

പുതപ്പു എടുത്തു തല വഴി മൂടി…. പെട്ടന്ന് ഇടം കണ്ണിട്ട് അപ്പുറത്തെ ബെഡിലേക്ക് നോക്കി… വിമലിനെ അപ്പുറത്ത് കിടത്തി ഇങ്ങോട്ട് തിരിഞ്ഞു തന്നെ കിടക്കുകയാണ് ഗൗതം… പക്ഷെ കണ്ണുകൾ ഇറുക്കെ അടച്ചിട്ടുണ്ട്… അതെന്റെ അമ്മയെ പറ്റിക്കാൻ ആണെന്ന് എനിക്ക് വേഗം മനസിലായി…

******

രാവിലെ ബ്രഷും പേസ്റ്റ് ഉം കൊണ്ടു വാഷ് റൂമിലേക്ക്‌ നടക്കുമ്പോൾ എന്റെ പിറകിൽ ഗൗതം ഉണ്ടായിരുന്നു..

“ഇന്നലെ എന്ത് സ്വപ്നം ആടോ താൻ കണ്ടേ… ”

ഞാൻ മറുപടി ഒന്നും പറഞ്ഞില്ല…

“പക്ഷെ ഞാൻ സ്വപ്നത്തിൽ കണ്ടത് തന്നെ ആയിരുന്നു… എന്തുകൊണ്ടാണ് ഇപ്പൊ അങ്ങനെ ഒരു സ്വപ്നം എന്ന് ഒരു പിടിയും കിട്ടുന്നില്ല… ”

ഞാൻ ഞെട്ടലോടെ ആ മുഖത്തേക്ക് നോക്കി…

“എന്നെയോ…??? “”

“ഉം…. ”

“എന്താ കണ്ടേ…. ”

“അത് ഇപ്പൊ താൻ അറിയണ്ട… ”

അകലെ നിന്നെ അമ്മയുടെ സംസാരം കേൾക്കുന്നുണ്ട്… അമ്മ ചായ വാങ്ങാനുള്ള തൂക്കു പാത്രം കഴുകാൻ വരുന്നതാകും എന്ന് എനിക്ക് മനസിലായി…

ഞാൻ വേഗം ബ്രഷ് ചെയ്തു… പുറത്തേക്കിറങ്ങി…

അപ്പോളും എന്തായിരിക്കും ആ സ്വപ്നം എന്നായിരുന്നു എന്റെ മനസ്സിൽ….

തിരിച്ചു ബെഡിൽ വന്നു ഇരുന്നു … അപ്പുറത്തെ ബെഡിൽ ഒരുപാട് വിസിറ്റർസ് ഉണ്ടായിരുന്നു അപ്പോൾ…

അമ്മ എനിക്കുള്ള ചായ വാങ്ങി കൊണ്ടു വന്നു..

“ധനു… തനിക്കിപ്പോ കുഴപ്പം ഒന്നും ഇല്ലാലോ.. ”

“ഇല്ല സിസ്റ്റർ.. ”

“എങ്കിൽ നിങ്ങൾക്ക് ഇന്ന് പോകാം… ഈ ബെഡിലേക്ക് പുതിയ ഒരു പേഷ്യന്റ് ഉണ്ട്… മരുന്ന് ഡോക്ടർ കുറിച്ചു തന്നിട്ടുണ്ട്… രണ്ടു ദിവസം കഴിഞ്ഞു വന്നു കാണാൻ പറഞ്ഞിട്ടുണ്ട്… ”

സന്തോഷിക്കേണ്ട നിമിഷങ്ങൾ.. പക്ഷെ എനിക്ക് വല്ലാത്ത സങ്കടം ആണ് തോന്നിയത്… എന്താണ് എന്നറിയില്ല… ഇപ്പൊ ഇവിടന്ന് പോകാൻ എന്റെ മനസ്സ് അനുവദിക്കുന്നില്ല…

എല്ലാം കേട്ടു കൊണ്ടു അപ്പുറത്തെ ബെഡിൽ ഗൗതം ഇരിപ്പുണ്ടായിരുന്നു…

അയാളുടെ മുഖത്തെ വിഷാദം കണ്ടപ്പോൾ ഒന്നെനിക്ക് മനസിലായി… പരസ്പരം തുറന്നു പറഞ്ഞില്ലെങ്കിൽ കൂടി.. ഞങ്ങളുടെ ഹൃദയങ്ങൾ പരസ്പരം സംസാരിക്കുന്നുണ്ട്…

അമ്മ എല്ലാം പാക്ക് ചെയ്യുന്ന തിരക്കിൽ ആയിരുന്നു…

കുറച്ചു കഴിഞ്ഞതും… ക്ലീനിങ് സ്റ്റാഫ്‌ കുറച്ചു പേർ വന്നു ഞാൻ കിടന്ന ബെഡ് ഒക്കെ വൃത്തിയാക്കി.. വിരിയൊക്കെ മാറ്റി.. ഞാൻ അവിടെ കിടന്നിരുന്ന സ്റ്റൂളിൽ ഇരുന്നു…

“നിങ്ങളുടെ ബിൽ ആയിട്ടുണ്ട് ട്ടൊ… ”

സിസ്റ്റർ വന്നത് പറയുമ്പോൾ വല്ലാത്തൊരു വിമൂകത ആയിരുന്നു എനിക്ക്..

എല്ലാം എടുത്തു ഓട്ടോയുടെ അടുത്തേക്ക് നടക്കുമ്പോൾ എന്റെ കണ്ണുകൾ ഞാൻ അറിയാതെ പിറകിലേക്ക് പാളി നോക്കി…

*****

“ധനു.. ”

മുറ്റത്തെ വാൽസ്യം നനയ്ക്കുന്നതിനിടയിൽ ബക്കറ്റ് താഴെ വച്ചു അമ്മക്ക് അരികിലേക്ക് നടന്നു ഞാൻ..

“എന്താ അമ്മേ… ”

“നാളെ നിന്നെ കാണാൻ ഒരു കൂട്ടർ വരുന്നുണ്ട്.. ”

എന്റെ നാവുകളുടെ ചലനമറ്റിരുന്നു…

“നേരത്തെ കുളിച്ചു ഭഗവതീടെ അമ്പലത്തിൽ പോയി തൊഴുതു വന്നോളൂ… ”

“ഉം… ”

“ഞാൻ കവല വരെ ഒന്ന് പോയിട്ട് വരാം… അവർ വരുമ്പോൾ കഴിക്കാൻ എന്തേലും കൊടുക്കണ്ടേ.. പിന്നെ നാളത്തേക്ക് നാഴി പാലും പറയണം..

അതും പറഞ്ഞു അമ്മ ഒതുക്കു കല്ലുകൾ കടന്നു നടന്നു പോയി..

ഞാൻ വേഗം കുളിച്ചു നിലവിളക്കു കൊളുത്തി… കണ്ണന്റെ മുന്നിലെ കുഞ്ഞു വിളക്കിൽ തിരി ഇടുമ്പോൾ എന്റെ കണ്ണുകൾ അനുവാദം ചോദിക്കാതെ നിറഞ്ഞു തുളുമ്പി….

“ജോലി കഴിഞ്ഞു ക്ഷീണിച്ചിട്ടാണ് അമ്മ വന്നത്.. എന്നിട്ടും ഒന്ന് ഇരിക്കാൻ പോലും സമയം ഇല്ലാതെ ഓടുന്ന അമ്മയ്ക്ക് മുന്നിൽ ഒഴിവാക്കാവുന്ന സ്വപ്നങ്ങളെ ഈ പൊട്ടിപ്പെണ്ണിന് ഉള്ളു എന്റെ കൃഷ്ണ…

അല്ലേലും ആ ചട്ടമ്പിയെ കെട്ടി എന്നും കണ്ണീരു കുടിക്കണ എന്തിനാ അല്ലെ കണ്ണാ…

ഒരു പൊട്ടിപെണ്ണായി പോയി ഞാൻ…എന്റെ അമ്മയുടെ സന്തോഷത്തേക്കാൾ വലുതല്ല ധനുവിന് ആ ചെക്കൻ… ആരും അറിയാതെ എപ്പോളോ മോട്ടിട്ടൊരു മോഹം അതങ്ങു ഞാൻ മറക്കുവാ എന്റെ കള്ള കണ്ണാ… !!!”

ഉമ്മറത്തേക്ക് വന്നിരിക്കുമ്പോൾ അപ്പുറത്തെ വീട്ടിലെ രമണി ചേച്ചി കോഴികളെ ആട്ടി കൂട്ടിൽ ആക്കുന്ന തിരക്കിനിടയിൽ എന്നെ ഒന്ന് നോക്കി..

“ഈ സന്ധ്യ നേരത്തു എങ്ങോട്ടാടി ഭാമ പോയെ… ”

“അമ്മ കവല വരെ പോയതാ രമണി ചേച്ചി.. ”

“ഓഹ്.. ‘

അവർ നൈറ്റി പൊക്കി എളിയിൽ കുത്തി വീണ്ടും കോഴികളെ ഓടിക്കാൻ തുടങ്ങി…

കുറച്ചു കഴിഞ്ഞതും അമ്മ വന്നു…

“ധനു… ”

“എന്താ അമ്മേ.. ”

“നാളേക്ക് ഇടാനുള്ള സാരീ ഒരെണ്ണം എടുത്തു ഇസ്തിരി ഇട്ടു വെക്കൂ… ”

“ഉം… ”

പണികൾ എല്ലാം കഴിച്ചു കിടക്കുമ്പോൾ എന്തെന്നറിയാത്ത ഒരു സങ്കടം എന്നെ അലട്ടി…

*******

രാവിലെ നേരത്തെ എഴുന്നേറ്റു.. വീടൊക്കെ അടിച്ചു തുടച്ചു… പോയി കുളിച്ചു… അമ്പലത്തിലേക്ക് നടക്കുമ്പോളും അറിയാതെ എന്റെ കണ്ണുകൾ നിറഞ്ഞു വന്നു…

“എന്റെ ദേവി നല്ലത് മാത്രം വരുത്തനെ… ഞാൻ കാരണം ആരും വേദനിക്കാൻ ഇട വരുത്തരുതേ ദേവി… !!”

തൊഴുതിറങ്ങി നടക്കുമ്പോൾ എന്റെ മനസ്സ് ശാന്തം ആയിരുന്നു…

ഇന്നലെ ഭഗവതീടെ നടതുറപ്പ് ആയിരുന്നു… ഒരാഴ്ച ആയിരിക്കുന്നു ഞാൻ ഗൗതം എന്ന കലിപ്പനെ കണ്ടുമുട്ടിയിട്ട്…. പക്ഷെ ഇപ്പോൾ മനസ്സിൽ അയാൾ എന്റെ ആരൊക്കെയോ പോലെ തോന്നുന്നു…

അങ്ങനെ ഓരോന്ന് വിചാരിച്ചു നടക്കുമ്പോൾ ആണ് വഴിയിൽ വീണു കിടക്കുന്ന ഒരു അണ്ണാൻ കുഞ്ഞിനെ ഞാൻ കണ്ടത്….ഓമനത്തമുള്ള ആ മിണ്ടാപ്രാണിയെ കയ്യിൽ എടുക്കുമ്പോൾ എന്തെന്നില്ലാത്ത ഒരു വാത്സല്യം എനിക്ക് തോന്നി… അതിന്റെ നെറുകയിൽ വിരലോടിക്കുംപോൾ അത് പതിയെ കണ്ണുകൾ പൂട്ടി അടച്ചു…

അപ്പോൾ ആണ് എനിക്ക് നേരെ വരുന്ന ആളിലേക്ക് എന്റെ നോട്ടം പാഞ്ഞത്..

മുണ്ട് മടക്കി കുത്തി… ഇപ്പൊ തല്ലും എന്ന പോലെ ആണ് വരവ്..

ഞാൻ ഒരടി സൈഡിലോട്ട് മാറി…

“ധനു.. അമ്പലത്തിൽ പോയി വരും വഴി ആണെന്ന് തോന്നുന്നു.. ”

“ഉം… ”

“ഇപ്പൊ പ്രസാദം ആയി കൊടുക്കുന്നത് അണ്ണാൻ കുഞ്ഞിനെ ആണോ… ”

“ഇവിടെ കിടന്നു….കിട്ടിതാ… ”

“എനിക്ക് തരോ ഇതിനെ… ”

ഞാൻ ഒന്നും മിണ്ടാതെ അതിനെ ഗൗതമിനു നേരെ നീട്ടി…

“അതിനെ കൊല്ലരുത്…. ”

“ഞാൻ അങ്ങനെ എല്ലാത്തിനേം കൊല്ലാറില്ല… ”

ഞാൻ ഒന്നും മിണ്ടാതെ നടക്കാൻ ഭാവിച്ചതും അയാൾ പിന്നിൽ നിന്നും വിളിച്ചു…

“അമ്പലത്തിൽ എന്നും പോകാറുണ്ടോ… ”

“ഇല്ല… വല്ലപ്പോളും.. ”

“ഉം… എന്നും വരുമെങ്കിൽ ഞാനും കൂടാം… ”

മൗനം മറുപടി ആയി നൽകി ഞാൻ നടന്നു…

വീട്ടിൽ വന്നതും അമ്മ പിടിപ്പതു പണിയിൽ ആയിരുന്നു… കുറച്ചു കഴിഞ്ഞതും വീടിന്റെ പടിക്കൽ ഒരു കാർ വന്നു നിന്നു…

“ധനു… അവർ വന്നു എന്ന് തോന്നണു… ”

എനിക്ക് സന്തോഷം ഒന്നും തോന്നിയില്ല…

അകത്തെ മുറിയിൽ… അമ്മയുടെ വിളിയും കാത്തു ഞാൻ നിന്നു…

അൽപ്പം കഴിഞ്ഞതും എനിക്കുള്ള വിളി വന്നു…

“മോളെ…. ഇങ്ങോട്ട് വരൂ… ”

ഞാൻ മുറിയിൽ നിന്നും ഇറങ്ങി ഉമ്മറത്തേക്ക് ചെന്നു..

കറുത്തു മെലിഞ്ഞൊരു പയ്യൻ… എന്തോ ഒരു ഐശ്വര്യം ഉണ്ട് ആ മുഖത്തിനു… കൂടെ ഉള്ളത് ചെക്കന്റെ അമ്മാവൻ ആയിരുന്നു…

അവർ എന്തൊക്കെയോ എന്നോട് ചോദിച്ചു…

“പിള്ളേർക്ക് ഒറ്റക്ക് എന്തേലും സംസാരിക്കണം എങ്കിൽ ആകാം… ”

“അതിന്റെ ഒന്നും ആവശ്യം ഇല്ല… ”

ചെക്കന്റെ മറുപടി കേട്ടപ്പോൾ എനിക്ക് സന്തോഷം തോന്നി… പക്ഷെ.. അത് കേട്ടപ്പോൾ എന്റെ അമ്മയുടെ മുഖം പോയി…

“ധനു അകത്തേക്ക് പൊക്കൊളു… ”

അമ്മ എന്നെ അകത്തേക്ക് പറഞ്ഞയച്ചു…

ചായ്പ്പിൽ ജനലിലൂടെ പുറത്തേക്കു നോക്കി നിൽകുമ്പോൾ… ആ അണ്ണാൻ കുഞ്ഞിനെ മാറോടു അടുക്കി നടക്കുന്ന ഗൗതം ആയിരുന്നു എന്റെ മനസ്സിൽ… ഞാൻ നിനക്ക് തന്നത് വെറുമൊരു അണ്ണാൻ കുഞ്ഞല്ല…അത് എന്റെ സ്നേഹം ആയിരുന്നു ഗൗതം…. ആരും കാണാതെ എന്റെ ഉള്ളിൽ തോന്നിയ പ്രണയം ആയിരുന്നു…. നീ അതിനെ ഒരിക്കലും ഉപേക്ഷിക്കരുത്… നോവിക്കരുത്….. !!!!

തുടരും….