19/04/2026

ലയനം : ഭാഗം 28

രചന – നിള നന്ദ

സാരംഗും സനയും പോയതിൽ പിന്നെ ലനയ്ക്ക് ഒരു സമാധാനവും ഉണ്ടായിരുന്നില്ല.. എന്തോ ഒരു ഭയം അവളെ ആകെ പൊതിഞ്ഞു.. ടെൻഷനോടെ ഫോണും കയ്യിൽ പിടിച്ച് അവൾ റൂമിൽ നടന്നുകൊണ്ടിരുന്നു.. അവളുടെ അവസ്ഥ മനസിലാക്കി രോഹനും രോഹിണിയും കൂടെ തന്നെ ഉണ്ടായിരുന്നു.. ഓരോന്ന് പറഞ്ഞ് അവർ അവളെ ആശ്വസിപ്പിച്ചു..

ഹോസ്പിറ്റലിൽ എത്തി സാരംഗ് വിളിക്കുമ്പോൾ രാത്രി ആയിരുന്നു..

” സാരംഗ്.. അച്ഛന്.. അച്ഛന് എങ്ങനെ ഉണ്ട്..? ”

കാൾ എടുത്തതും ടെൻഷനോടെ അവൾ ചോദിച്ചു..

” പേടിക്കാൻ ഒന്നുല്ലടാ… റൈറ്റ് ഹാൻഡിന് ഓടിവ് ഉണ്ട്.. ഇടത് കാലിനും.. ഞങ്ങൾ എത്തുമ്പോഴേക്കും റൂമിലേക്ക് മാറ്റി.. ”

” മായമ്മ..? ”

” അച്ഛനെ കണ്ടപ്പോൾ കുറച്ച് സമാധാനം ആയി.. എന്നാലും വിഷമം ആണ്.. സന ഉണ്ട് അടുത്ത്.. ”

” മ്മ്.. കുഴപ്പം ഒന്നുമില്ലെന്ന് അറിഞ്ഞപ്പോഴാ ആശ്വാസം ആയത്.. നീ വെച്ചോ.. മായമ്മയുടെ അടുത്തേക്ക് ചെല്ല്.. ”

അത് പറഞ്ഞുകൊണ്ട് ലന ഫോൺ കട്ട്‌ ചെയ്ത് ബെഡിൽ ഇരുന്ന് നെഞ്ചിൽ കൈ വെച്ച് നെടുവീർപ്പിട്ടു..
അല്പം സമാധാനം തോന്നിയെങ്കിലും വിട്ടുമാറാത്ത എന്തോ ഒരു പേടി അവളെ അലട്ടിക്കൊണ്ടിരുന്നു..

രോഹിണി വന്ന് ഭക്ഷണം കഴിക്കാൻ വിളിച്ചപ്പോൾ വിശപ്പില്ലെന്ന് പറഞ്ഞ് അവൾ ഒഴിഞ്ഞു മാറി.. പിന്നെയും രോഹിണി നിർബന്ധിച്ചപ്പോൾ പോയി അല്പം കഴിച്ചെന്നു വരുത്തി..

അസ്വസ്ഥമായ മനസോടെ കിടന്നത് കൊണ്ട് എത്ര വൈകീട്ടും അവൾക്ക് ഉറക്കം വന്നില്ല.. തിരിഞ്ഞും മറിഞ്ഞും കിടന്ന് എങ്ങനെയോ അവൾ നേരം വെളുപ്പിച്ചു..

*******************

രാവിലെ ഉമ്മറത്തിരുന്ന് സംസാരിക്കുകയായിരുന്നു രോഹിണിയും രോഹിണിയുടെ അമ്മ സുമയും മീരയും.. ഗേറ്റ് കടന്ന് ഒരു കാർ വരുന്നത് കണ്ടതും മൂന്നാളും സംസാരം നിർത്തി അങ്ങോട്ട് നോക്കി.. നാല്പതു വയസിന് മേൽ പ്രായം തോന്നിക്കുന്ന ഒരു സ്ത്രീയും പുരുഷനും കാറിൽ നിന്ന് ഇറങ്ങി അവരുടെ അടുത്തേക്ക് ചെന്നു..

” ആരാ മനസിലായില്ല..? ”

സുമ അവരെ നോക്കി ചോദിച്ചു..

” അത്.. ലന.. ലയന ഇവിടെ അല്ലേ താമസിക്കുന്നത്..? ”

ആ സ്ത്രീ സുമയെ നോക്കി ചോദിച്ചു..

” അതെ.. നിങ്ങൾ ആരാ.. ആ കുട്ടീടെ റിലേറ്റീവ്സ് ആണോ..? ”

മീരയാണ് അത് ചോദിച്ചത്..

” ഞങ്ങൾ ലനയുടെ ഭർത്താവിന്റെ അച്ഛനും അമ്മയും ആണ്.. എന്റെ പേര് രവി.. ഇതെന്റെ ഭാര്യ ലതിക.. ”

അയാൾ മൂന്നാളെയും നോക്കി വിനയത്തോടെ പറഞ്ഞു.. കേട്ടത് വിശ്വസിക്കാൻ കഴിയാതെ സുമയും മീരയും രോഹിണിയും മുഖത്തോട് മുഖം നോക്കി..

” അതിന് ആ കുട്ടീടെ കല്യാണം കഴിഞ്ഞിട്ടില്ലല്ലോ..? ”

മീര വിശ്വാസം വരാതെ അവരെ നോക്കി..

” അങ്ങനെ ആണോ ലന പറഞ്ഞിരിക്കുന്നേ.. ചിലപ്പോൾ ആയിരിക്കും എല്ലാ ബന്ധവും ഉപേക്ഷിച്ചാണല്ലോ അവൾ അവിടെന്ന് ഇറങ്ങി പോന്നത്.. ”

സാരിത്തുമ്പ് കൊണ്ട് കണ്ണ് തുടച്ചു ലതിക..

” എന്റെ മോനും ലനയും സ്നേഹിച്ച് കല്യാണം കഴിച്ചതാണ്.. ആദ്യം ആ ബന്ധത്തിൽ ഞങ്ങൾക്ക് തീരെ താല്പര്യം ഉണ്ടായിരുന്നില്ല.. പിന്നെ മോന്റെ നിർബന്ധത്തിന് ആണ് സമ്മതിച്ചത്.. എന്റെ മോന്റെ ഭാര്യ ആയി ആ വീട്ടിൽ വന്നതിൽ പിന്നെ സ്വന്തം മോളായെ ഞാൻ അവളെ കണ്ടിട്ടുള്ളത്.. ആദ്യമൊന്നും കുഴപ്പം ഇല്ലായിരുന്നു.. പിന്നെ രണ്ടാളും തമ്മിൽ എന്തൊക്കെയോ പ്രശ്നങ്ങൾ തുടങ്ങി.. ആദ്യം ഒന്നും ഞങ്ങൾ അത്ര കാര്യമാക്കിയില്ല.. പിന്നെ കൂടുതൽ പ്രശ്നം ആയി.. ഞങ്ങളെ അവൾക്ക് ഇഷ്ട്ടം അല്ലായിരുന്നു.. അവനുമായി വീട് മാറി പോവാൻ ആയിരുന്നു പ്രശ്നങ്ങൾ ഒക്കെ ഉണ്ടാക്കിയത്.. അതിനവൻ സമ്മതിച്ചില്ല.. ആ ദേഷ്യത്തിൽ ആരോടും പറയാതെ അവളുടെ വയറ്റിൽ ജനിച്ച കുഞ്ഞിനെ അവൾ ഇല്ലാത്തക്കി.. ആ ദേഷ്യത്തിൽ അവൻ അവളെ ഒന്ന് തല്ലി പോയി.. അന്ന് ഇറങ്ങി പോയതാ അവൾ.. ഒരുപാട് അന്നെഷിച്ചു.. അവളെ കാണാതായത് മുതൽ എന്റെ മോൻ വല്ലാത്തൊരു അവസ്ഥയിൽ ആണ്.. അത്രയ്ക്ക് ഇഷ്ട്ടം ആയിരുന്നു അവളെ.. ഇവിടെ എവിടെയോ വെച്ച് ഞങ്ങടെ ബന്ധത്തിൽ ഉള്ള ആരോ ലനയെ കണ്ടിട്ടാണ് അവളിവിടെ ഉണ്ടെന്ന് ഞങ്ങൾ അറിഞ്ഞത്.. ”

വിതുമ്പി കരഞ്ഞുകൊണ്ട് ലതിക കയ്യിലിരുന്ന ബാഗിൽ നിന്ന് ഒരു ഫോട്ടോ എടുത്ത് അവർക്ക് കൊടുത്തു.. അവളുടെ വിവാഹ ഫോട്ടോ ആയിരുന്നു അത്.. മീരയുടെയും സുമയുടെയും മുഖം അത് കണ്ട് ഇരുണ്ടു.. രോഹിണിക്ക് പക്ഷേ സങ്കടം ആയിരുന്നു.. ലന ചേച്ചിക്ക് ഇങ്ങനെ ഒക്കെ.. അവൾക്ക് വിശ്വസിക്കാൻ പ്രയാസം തോന്നി..

” ഞങ്ങൾക്ക് ഒന്ന് ലനയെ കാണണം.. കാല് പിടിച്ചിട്ടായാലും കൂടെ കൊണ്ട് പോവണം.. ഞങ്ങടെ മോന്റെ സങ്കടം ഇനിയും കാണാൻ പറ്റാത്തത് കൊണ്ടാണ്.. ”

രവി അവർക്ക് നേരെ കണ്ണീരോടെ കൈ കൂപ്പി..

” അകത്തേക്ക് വരൂ.. രോഹി.. നീ പോയി അവളെ വിളിച്ചിട്ട് വാ.. ”

മീര തന്റെ സങ്കടവും ദേഷ്യവും ഒതുക്കി വെച്ച് പറഞ്ഞു.. രോഹിണി മെല്ലെ തലയാട്ടി അകത്തേക്ക് കയറി പോയി..

*******************

ഇടതുകൈ മുഖത്തിന്‌ കുറുകെ വെച്ച് കിടക്കുകയായിരുന്നു ലന.. ഫോൺ റിംഗ് ചെയ്യുന്ന ശബ്‌ദം കേട്ടതും അവൾ എഴുനേറ്റ് ഫോൺ എടുത്ത് നോക്കി.. പരിചയമില്ലാത്ത നമ്പർ കണ്ടതും അവളുടെ നെറ്റി ചുളിഞ്ഞു.. ഇതാരായിരിക്കും.. എടുക്കണോ.. സംശയിച്ച് നിന്നപ്പോഴേക്കും കാൾ കട്ട്‌ ആയിരുന്നു.. അടുത്ത നിമിഷം തന്നെ ഫോൺ പിന്നെയും റിംഗ് ചെയ്തു.. രണ്ടുംകൽപ്പിച്ച് കാൾ എടുത്ത് അവൾ ചെവിയോട് ചേർത്തു..

” ഹലോ.. ആരാ.. ”

” എന്താ ഭാര്യേ.. സുഖമല്ലേ..? ”

ആ ചോദ്യം കേട്ടതും അവൾ അറിയാതെ ഇരുന്നിടത്ത് നിന്ന് എഴുനേറ്റുപോയി.. ശരീരം ഒന്നാകെ വിറയ്ക്കാൻ തുടങ്ങി..

” അല്ല.. സുഖം തന്നെ ആണെന്ന് ഞാൻ അറിഞ്ഞു.. കണ്ടവന്റെ ഒക്കെ കൂടി അഴിഞ്ഞാടി നടക്കുവല്ലേ നീ..”

” സ്റ്റോപ്പ്‌ ഇറ്റ്.. ഞാൻ എന്ത് ചെയ്യുന്നു എന്നത് നിങ്ങളെ ബാധിക്കുന്ന കാര്യമല്ലേ.. നിങ്ങൾക്ക് ഇനിയും മതിയായില്ലേ.. ”

” നീ ചെയ്യുന്നത് എന്നെ ബാധിക്കുന്ന കാര്യം തന്നെയാണ്.. കാരണം ഞാൻ നിന്റെ ഭർത്താവ് അല്ലേ.. ”

” ഹും.. ഭർത്താവ്.. ഭാര്യയുടെ റൂമിലേക്ക് മറ്റൊരുത്തനെ കയറ്റി വിടുന്ന നിങ്ങളാണോ ഭർത്താവ്.. ”

ആ ഓർമയിൽ അവളൊന്ന് വിറച്ചു..
മറു പുറത്ത് നിന്ന് രതീഷ് അത് കേട്ട് ഉറക്കെ ചിരിക്കുന്നത് അവൾ കേട്ടു..

” അവന് നിന്നോട് വല്ലാത്ത മോഹം ആയിരുന്നു.. നിനക്കൊന്ന് സഹകരിക്കാമായിരുന്നില്ലേ.. അവന്റെ തലയ്ക്കടിച്ച് അവിടെന്ന് പോവേണ്ട കാര്യം ഉണ്ടായിരുന്നോ.. ആഹ് നിന്നെ കിട്ടിയില്ലെങ്കിലും നിന്റെ അനിയത്തിയെ മതിയെന്നാ അവനിപ്പോ പറയുന്നേ.. അതോണ്ട് അവളെ ഞാൻ ഇങ്ങ് പൊക്കി.. ”

രതീഷ് പറഞ്ഞ വാക്കുകൾ കേട്ടപ്പോൾ ലന ഉള്ളിൽ ഭയം നിറഞ്ഞു..

” എന്താ വിശ്വാസം വരുന്നില്ലേ.. അവളുടെ ഫോണിൽ നിന്നാ എനിക്ക് നിന്റെ നമ്പർ കിട്ടിയത്.. ഇനിയും വിശ്വാസം വരുന്നില്ലെങ്കിൽ വിശ്വസിപ്പിക്കാം.. ”

അല്പം നേരം മറുപുറത്ത് ഒരു നിശബ്ദത ലന അറിഞ്ഞു.. അവളുടെ നെഞ്ചിടിപ്പ് ഏറി..

” വല്യേച്ചീ.. ”

ഗീതുവിന്റെ അലറികൊണ്ടുള്ള വിളി കേട്ടപ്പോൾ ലനയുടെ ഉള്ള് പിടഞ്ഞു..

” നോ.. അവളെ ഒന്നും ചെയ്യരുത്.. പ്ലീസ്.. ”

രതീഷ് അത് കേട്ട് പുച്ഛത്തോടെ ചിരിച്ചു..

” ഞാൻ ആയിട്ട് ഒന്നും ചെയ്യില്ല.. നീ എന്നെകൊണ്ട് ചെയ്യിക്കാതിരുന്നാൽ മതി.. ”

” ഞാൻ.. ഞാൻ എന്ത് വേണമെങ്കിലും ചെയ്യാം.. അവളെ ഉപദ്രവിക്കരുത്.. ”

യാചനയോടെ അവൾ പറഞ്ഞു..

” ആഹാ.. ഇത്ര പെട്ടന്ന് നീ തോൽവി സമ്മതിച്ചോ.. കൊള്ളാം.. ഞാൻ ഒന്നുരണ്ട് പേരെ അങ്ങോട്ട് വിട്ടിട്ടുണ്ട്.. നല്ല കുട്ടിയായി അവരോടൊപ്പം ഇങ്ങോട്ട് പോരെ.. മറിച്ചെന്തെങ്കിലും സംഭവിച്ചാൽ നിന്റെ അനിയത്തി.. ”

താകീത് പോലെ പറഞ്ഞിട്ട് രതീഷ് കാൾ കട്ട്‌ ചെയ്തു..
എന്ത് ചെയ്യുമെന്നറിയാതെ മരവിപ്പോടെ അവൾ അവിടെ നിന്നു..

” ചേച്ചി.. ”

രോഹിണിയുടെ വിളി കേട്ടതും ഞെട്ടലോടെ ലന തിരിഞ്ഞു നോക്കി.. ഇത് വരെ കാണാത്ത ഒരു മുഖഭാവം ആയിരുന്നു രോഹിണിക്ക്.. അതിന്റെ അർത്ഥം കണ്ടെത്താൻ ലനയ്ക്ക് കഴിഞ്ഞില്ല..

” ചേച്ചി മാരീഡ് ആണോ..? ”

രോഹിണി പെട്ടന്ന് ചോദിച്ചതും എന്ത് മറുപടി പറയും എന്നറിയാതെ ലന കണ്ണെടുക്കാതെ അവളെ തന്നെ നോക്കി..

” ചേച്ചിയുടെ ഹസ്ബൻന്റിന്റെ അച്ഛനും അമ്മയും വന്നിട്ടുണ്ട്.. താഴെ അന്നെഷിക്കുന്നുണ്ട്.. ”

അത്രയും പറഞ്ഞ് ലനയുടെ മറുപടിക്ക് കാക്കാതെ രോഹിണി റൂമിന് പുറത്തേക്ക് പോയി..
അയാളുടെ അച്ഛനും അമ്മയോ.. അതിനവർ ജീവനോടെ ഇല്ലല്ലോ.. ലനയുടെ നെറ്റി ചുളിഞ്ഞു..
അയാളുടെ വാക്കുകൾ ഓർത്തപ്പോൾ അവൾക്ക് വന്നത് ആരായിരിക്കും എന്നൊരു ഊഹം കിട്ടി..

താഴേക്ക് ഇറങ്ങി പോവാൻ അവൾക്ക് വല്ലാത്ത ബുദ്ധിമുട്ട് തോന്നി.. വന്നവർ എന്ത് കഥയാ ഇവിടെ ഉള്ളവരോട് പറഞ്ഞിട്ടുള്ളത് എന്നറിയില്ല.. എന്തായാലും എല്ലാം തനിക്ക് എതിരായിരിക്കും.. ഒരു കുറ്റവാളിയെ പോലെയേ ഇനി ഇവിടെ ഉള്ളവർ തന്നെ കാണൂ.. ശരീരം ആകെ തളർന്ന് പോവുന്നത് പോലെ തോന്നി അവൾക്ക്.. എങ്ങനെ ഒക്കെയോ താഴേക്ക് ചെന്നു..

എല്ലാവരും ഹാളിൽ ഇരിപ്പുണ്ട്.. നോട്ടം മുഴുവൻ തന്റെ നേർക്കാണ്..

” ഇവർ പറയുന്നു നീ ഇവരുടെ മരുമകൾ ആണെന്ന്.. സത്യമാണോ അത്..? ”

മീര ലനയുടെ അടുത്ത് ചെന്ന് ചോദിച്ചു..

ലന മുഖം ഉയർത്തി വന്നവരെ നോക്കി.. ഇത് വരെ കണ്ടിട്ട് പോലും ഇല്ല.. ഇവരെ അറിയില്ലെന്ന് പറയണമെന്ന് തോന്നി.. തന്റെ ആരും അല്ലെന്ന് പറയണമെന്ന് തോന്നി.. പക്ഷേ അങ്ങനെ പറഞ്ഞാൽ തന്റെ അനിയത്തി.. അയാൾ അവളെ ഉപദ്രവിക്കും.. അത്രയ്ക്ക് ദുഷ്ട്ടാനാണ് അയാൾ..

” ചോദിച്ചത് കേട്ടില്ലേ.. ഇവർ പറഞ്ഞത് സത്യം ആണോന്ന്..? ”

മീര പിന്നെയും ചോദിച്ചു..

” സത്യമാണ്.. ”

പെട്ടന്ന് തന്നെ അവൾ പറഞ്ഞു..
ആ മറുപടി കേട്ടതും മീരക്ക് ഉള്ളിൽ ഒരു വേദന തോന്നി.. ഒരുവേള അവൾ അല്ലെന്ന് പറഞ്ഞിരുന്നെങ്കിൽ എന്നവർ ആശിച്ചിരുന്നു..

” എവിടെയൊക്കെ തിരക്കി മോളെ.. എന്തിന്റെ പേരിൽ ആയാലും ആരോടും പറയാതെ വീട്ടിൽ നിന്ന് ഇറങ്ങി പോവണോ.. മോളെ കാണാതായതിൽ പിന്നെ എന്റെ മോൻ എന്ത് മാത്രം വിഷമിച്ചെന്ന് അറിയോ.. എല്ലാം മറന്ന് മോൾ ഞങളുടെ ഒപ്പം വരണം.. ”

ലതിക അടുത്ത് വന്ന് ലനയുടെ കവിൾ പിടിച്ചു.. അവരുടെ കണ്ണിൽ തെളിഞ്ഞ കുടിലത അവൾ മാത്രമേ കണ്ടുള്ളൂ.. അവരുടെ കൈ തട്ടി മാറ്റാനും പിടിച്ച് തള്ളാനുമൊക്കെ തോന്നി അവൾക്ക്.. ആ ആഗ്രഹം അവൾ പാട് പെട്ട് ഉള്ളിൽ ഒതുക്കി..

” ഞാൻ.. ഞാൻ വരാം.. ”

ആരെയും ശ്രെദ്ധിക്കാതെ അത്രയും പറഞ്ഞ് അവൾ വേഗം റൂമിലേക്ക് പോയി.. നിറഞ്ഞു തൂവുന്ന കണ്ണുകൾ തുടച്ചു കൊണ്ട് എന്തൊക്കെയോ വാരി ബാഗിൽ ആക്കി.. ഫോൺ സൈലന്റ് ആക്കി ഡ്രെസ്സിനു ഇടയ്ക്ക് വെച്ച് ബാഗ് അടച്ചു..

തിരികെ ഇറങ്ങുമ്പോൾ എല്ലാവരെയും ഒന്ന് നോക്കി.. എല്ലാരുടെ മുഖത്തും ദേഷ്യം ആണ്.. മുക്തയുടെ അടുത്തേക്ക് ചെന്നപ്പോൾ അവൾ മുഖം തിരിച്ചു..
പിന്നെ ഒന്നും പറയാൻ തോന്നിയില്ല.. രോഹനും രോഹിണിയും കണ്ണ് നിറച്ച് നിൽക്കുന്നുണ്ട്..

” ചേച്ചിയെ വെറുക്കരുത്.. ”

അത്രമാത്രം പറഞ്ഞുകൊണ്ട് അവൾ കാറിൽ കയറി.. കാർ മുന്നോട്ട് പോവുമ്പോൾ ഒരിക്കൽ കൂടി ആ വീട്ടിലേക്ക് നോക്കി.. ജീവിതത്തിൽ ഏറ്റവും സന്തോഷം അനുഭവിച്ചത് ഇവിടെ വെച്ചാണ്.. ആ ഓർമയിൽ അവളുടെ കണ്ണുകൾ പിന്നെയും നിറഞ്ഞു.. കണ്ണ് തുടച്ച് നേരെ നോക്കിയത് ഡ്രൈവിംഗ് സീറ്റിൽ ഇരുന്ന് ക്രൂരമായി ചിരിക്കുന്ന വിപിനെ ആണ്.. ഉമിനീർ ഇറക്കി അവർ അവനെ നോക്കി.. ബാഗിലെ പിടി ഒന്നുകൂടെ മുറുകി.. ബാഗിൽ ഇരുന്ന അവളുടെ ഫോണിലേക്ക് സനയുടെ കാൾ വരുന്നുണ്ടായിരുന്നു..

( കാത്തിരിക്കുമല്ലോ.. )