23/04/2026

പ്രണയിനി : ഭാഗം 11

രചന – ഗംഗ ശലഭം

 

” എന്നേ എന്ത് ചെയ്താലും ദേവൻ സാർ ഇപ്പൊ പറഞ്ഞത് ഒരിക്കലും നടക്കില്ല. ”

അസഹ്യമായ വേദന തോന്നി എങ്കിലും കൃഷ്ണ ധൈര്യത്തോടെ പറഞ്ഞു.

അതിന് മറുപടിയായി ശ്രീനാഥ് അവളെ ആഞ്ഞു പുറത്തേക്ക് തള്ളി. മുറ്റത്തേയ്ക്ക് കമിഴ്ന്നു വീണു കൃഷ്ണ. മുഖവും കയ്യുമൊക്കെ മുറ്റത്തെ ചരലിൽ ഉരഞ്ഞു നീറി. ഉണ്ണി മോൾ ഓടി വന്നവളെ ചുറ്റിപിടിച്ച് അലറി കരഞ്ഞു. എഴുന്നേൽക്കാൻ ശ്രമിച്ചപ്പോൾ പിന്നെയും വീണു പോയ കൃഷ്ണയെ കുഞ്ഞ് കൈകൾ കൊണ്ട് വലിച്ച് എഴുന്നേൽപ്പിക്കാൻ നോക്കി ആ മൂന്ന് വയസ്സുകാരി. കൃഷ്ണ എങ്ങനെയൊക്കെയോ എഴുന്നേറ്റ് കുഞ്ഞിനെ വാരി എടുത്തു നെഞ്ചോട് അടക്കിപ്പിടിച്ചു.

ശ്രീനാഥ് അപ്പോഴേക്കും കൃഷ്ണയുടെ അടുത്തേക്ക് ഇറങ്ങി വന്നിരുന്നു.

” കെട്ടിലമ്മ ആയിട്ട് വാഴിക്കാനൊന്നും അല്ല. ബേബി സിറ്റർ ആണെന്ന് കരുതിയാ മതി. എന്റെ കൊച്ചിനെ നോക്കാൻ ഒരാള്…….

നിന്നെ ഞാൻ തൊടാൻ പോലും വരില്ല. നിന്നോട് എനിക്ക് അങ്ങനെ ഉള്ള വികാരങ്ങൾ ഒന്നും തന്നെ ഇല്ല. എനിക്ക് കൊച്ചിനെ നോക്കാൻ ഒരാള് വേണം. പിന്നെ സായിയുടെ ഭാര്യയെ ഞങ്ങൾ ഉപേക്ഷിച്ചു കളഞ്ഞു എന്ന് നാട്ടുകാര് പറയരുതല്ലോ? സമ്മതം ആണെങ്കിൽ ഇപ്പൊ ഞങ്ങടെ ഒപ്പം വരാം നിനക്ക്. കഴിക്കാനും ഉടുക്കാനും ഉള്ളത് കിട്ടും. നിനക്കും നിന്റെ കൊച്ചിനും. അതിനെ വേണേൽ പഠിപ്പിക്കേം ചെയ്യാം.

ഇനി അച്ഛൻ പറഞ്ഞത് കേൾക്കാൻ ഭാവം ഇല്ലെങ്കിൽ……
ഇതിനേം കൊണ്ട് ഇപ്പൊ ഇറങ്ങിക്കോണം. ഇവിടെ ആരും ഞങ്ങളെ തടയാൻ വരില്ല. അറിയാല്ലോ?”

ശ്രീനാഥ് അവളുടെ കണ്ണുകളിൽ നോക്കി മുരണ്ടു.

“സമ്മതമല്ല….!”

ഒന്ന് ആലോചിക്കുക പോലും ചെയ്യാതെ കൃഷ്ണയുടെ മറുപടി വന്നു.

ശ്രീനാഥിന്റെ മുഖം ദേഷ്യം കൊണ്ട് ചുവന്നു. കൃഷ്ണയുടെ കയ്യിൽ പിടിച്ച് അയാൾ റോഡിലേക്ക് വലിച്ചിറക്കി.
ബഹളം കേട്ട് അയൽക്കാരൊക്കെയും റോഡിലേക്ക് ഇറങ്ങി നിന്നിരുന്നു. ആരും അയാളെ എതിർക്കാൻ കൂട്ടാക്കിയില്ല. എന്തും ചെയ്യാൻ മടിയില്ലാത്തവനാണ് ശ്രീനാഥിന്റെ അച്ഛൻ ദേവനെന്ന് എല്ലാവർക്കും അറിയാമായിരുന്നു.

അരവിന്ദന്റെ കുടുംബവും നാട്ടിൽ ഉണ്ടായിരുന്നില്ല. അരവിന്ദന്റെ അച്ഛന്റെ കുടുംബവീട്ടിലേക്ക് പോയതായിരുന്നു അവർ. അരവിന്ദനാകട്ടെ ജോലി സംബന്ധമായി തിരുവനന്തപുരത്തും.

*************

വഴിയരികിൽ ഒരു സ്ത്രീ കൊച്ച് കുഞ്ഞിനേയും നെഞ്ചോട് ചേർത്ത് പിടിച്ചു നിന്ന് കരയുന്നതും, ഒരാൾ അവളെ ശകാരിക്കുന്നതും കണ്ടാണ് സൂരജ് കാർ നിർത്തിയത്.

സൂരജും രാജലക്ഷ്മിയും ആ നാട്ടിലേക്ക് വരുന്നത് ആദ്യമായാണ്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായി ബേക്കറികളും ടെക്സ്റ്റയിൽ ഷോപ്പുകളും സൂരജിനുണ്ട്. കൃഷ്ണയുടെ നാടായ ‘ ആറള’ത്തും ഒരു ടെക്സ്റ്റയിൽസ് തുടങ്ങാനുള്ള ആലോചന സൂരജിനുണ്ട്.
നാട്ടിൽ സ്ഥിരതാമസമാക്കാനുള്ള തീരുമാനത്തെ തുടർന്ന് കൃഷ്ണയുടെ വീട്ടിൽ നിന്നും കുറച്ചു മാറി ഒരു ഇരുനില്ല വീട് ഇതിനോടകം സൂരജ് വാങ്ങിയിരുന്നു. അവിടേക്ക് താമസത്തിനായി വന്നതാണ് സൂരജും രാജലക്ഷ്മിയും.

നിർത്തിയിട്ട കാറിനുള്ളിൽ ഇരുന്ന് സൂരജ് ആദ്യം നോക്കിയത് കൃഷ്ണയുടെ മുഖത്തേക്കാണ്. അവന്റെ കണ്ണ് ആദ്യം ഒന്ന് അമ്പരപ്പിൽ വിടർന്നു. കൃഷ്ണയെ ശകാരിക്കുന്ന ശ്രീനാഥിലേക്ക് നോട്ടം എത്തിയപ്പോൾ കണ്ണുകൾ ചുരുങ്ങുകയും മുഖം മുറുകുകയും ചെയ്തു.

സൂരജ് കാറിൽ നിന്നിറങ്ങി. ഒപ്പം രാജലക്ഷ്മിയും.

“എന്താ ഇവിടെ പ്രശ്നം?”

അപ്പോഴും കൃഷ്ണയുടെ കയ്യിൽ ബലമായി പിടിച്ചിരുന്ന ശ്രീനാഥിനടുത്തേക്ക് ചെന്ന് കൊണ്ട് സൂരജ് ചോദിച്ചു.

“അത് ചോദിക്കാൻ നീ ആരാ?”

അന്നാട്ടുകാരൻ അല്ലാത്ത ഒരുവൻ തന്നെ ചോദ്യം ചെയ്യുന്നതിലെ അനിഷ്ടം മുഖത്ത് പ്രകടമാക്കിക്കൊണ്ട് തന്നെ ശ്രീനാഥ് സൂരജിനെ നോക്കി.

“ഞാൻ ആരും ആയിക്കോട്ടെ. പബ്ലിക് ആയിട്ട് ഈ കുട്ടിയെ ഉപദ്രവിക്കാൻ തനിക്ക് എന്താണ് അധികാരം?”

“ഇവൾ എന്റെ ഭാര്യയാണ്…..”

ഇത്തവണ സൂരജ് ഒന്ന് ഞെട്ടി. അവൻ കൃഷ്ണയുടെ മുഖത്തേക്ക് നോക്കി. ‘എന്നെ ഇയാളിൽ നിന്നൊന്ന് രക്ഷിക്കൂ’ എന്ന് കൃഷ്ണ തന്നോട് യാചിക്കുന്നത് പോലെ തോന്നി സൂരജിന്.

“ആണോ കുട്ടി?”

മുഖത്ത് ഗൗരവം എങ്കിലും സൂരജിന്റെ ചോദ്യം സൗമ്യമായിരുന്നു. കൃഷ്ണ അല്ല എന്ന് തലയാട്ടി.
അതോടെ സൂരജിന്റെ ചുണ്ടിൽ ഒരു ചിരി വിരിഞ്ഞു.

അപ്പോഴേക്കും നടന്ന സംഭവങ്ങളുടെ ഏകദേശ രൂപം രാജലക്ഷ്മി നാട്ടുകാരിൽ ഒരാളോട് ചോദിച്ചു മനസിലാക്കിയിരുന്നു. അവരത് സൂരജിനോട് പറഞ്ഞു

” ഓഹ്… അപ്പൊ നിയമപരമായിട്ടുള്ള ഇടപാടല്ല. ഞാൻ ഇപ്പൊ പോലീസിനെ വിളിച്ചാൽ നിങ്ങൾ കുടുങ്ങും.”

സൂരജ് ശ്രീനാഥിനു മുന്നിൽ കൈ കെട്ടി നിന്നും.

“അല്ലെന്ന് ആര് പറഞ്ഞു?”

ആദ്യം ഒന്ന് പതറി എങ്കിലും ശ്രീനാഥ് മനസാനിധ്യം വീണ്ടെടുത്തു.

” ഞങ്ങളുടെ പ്രൈവറ്റ് ബാങ്കിൽ നിന്നാണ് ഇവര് ആധാരം ഈട് വച്ച് ലക്ഷങ്ങൾ ലോൺ എടുത്തത്. അതിന്റെ രേഖകൾ ഉണ്ട് എന്റെ കയ്യിൽ. കുറേ ആയി പൈസേം ഇല്ല ഇൻട്രസ്റ്റും അടച്ചിട്ടില്ല. അപ്പൊ പിന്നെ വീട് ജപ്തി ചെയ്യാൻ ബാങ്കിന് അധികാരം ഇല്ലേ?”

ശ്രീനാഥ് ഇല്ലാക്കഥകൾ മെനഞ്ഞുണ്ടാക്കുന്നത് കണ്ട് കൃഷ്ണ അമ്പരപ്പോടെ അയാളെ നോക്കി. സൂരജ് പുഞ്ചിരിച്ചു.

” അതിന് കുറേ നിയമ നടപടികൾ ഇല്ലേ മിസ്റ്റർ? അല്ലാതെ ഒരു ദിവസം രാത്രി വന്ന് വീട്ടിൽ നിന്നും ഇറക്കി വിടുന്നത് ഏതു ബാങ്കിന്റെ രീതിയാണ്?”

സൂരജിന്റെ ആ ചോദ്യത്തിൽ ശ്രീനാഥിന്റെ വായടഞ്ഞു.

” ഇയാള് വീട്ടിലേക്ക് പൊക്കോ… ആരും തന്നെ തടയില്ല. ഇനി തടഞ്ഞാൽ….. ഇത് പോലീസ് ഇല്ലാത്ത നാടൊന്നും അല്ലല്ലോ?”

കൃഷ്ണയോടാണെങ്കിലും ശ്രീനാഥിന്റെ മുഖത്തു നോക്കിയാണ് സൂരജ് അത് പറഞ്ഞത്. ശ്രീനാഥ് പല്ല് കടിച്ച് അമർഷം ഒതുക്കി. ദേവൻ കൂർത്ത കണ്ണുകളോടെ ഒക്കെയും നോക്കി നിന്നതേയുള്ളൂ…. തയാറാക്കിയ ഏതോ പദ്ധതി പൊളിഞ്ഞതിന്റെ നിരാശ അയാളുടെ കണ്ണുകളിൽ തെളിഞ്ഞു കണ്ടു.

കൃഷ്ണ നന്ദിയോടെ സൂരജിനെ നോക്കി ഉണ്ണിമോളെയും എടുത്തു വീട്ടിലേക്ക് നടക്കാൻ ഒരുങ്ങിയതും രാജലക്ഷ്മി അവളുടെ കൈത്തണ്ടയിൽ പിടിച്ച് നിർത്തി.

” സൂരജേ…. ഈ രാത്രി ഈ കൊച്ചിനെ ഇവിടെ ആക്കി പോയാൽ എങ്ങനാ?രാത്രി ഇവന്മാര് വല്ലോം തിരിച്ചു വന്നാൽ ഈ കൊച്ച് ഒറ്റയ്ക്ക് എന്തോ ചെയ്യും? ഇന്ന് തല്ക്കാലം ഇവള് നമ്മടെ കൂടെ പോന്നോട്ടെ….”

സൂരജ് മറുത്തു പറഞ്ഞില്ല. ശ്രീനാഥിനെ ഒന്ന് നോക്കി അവൻ തിരികെ കാറിലേക്ക് പോയി.

കൃഷ്ണ ആദ്യം ഒന്ന് മടിച്ചു. അറിയാത്ത ആൾക്കാരുടെ കൂടെ എങ്ങനെ പോകും എന്നാണ്? പക്ഷെ രാജലക്ഷ്മി പറഞ്ഞതിലും കാര്യം ഉണ്ടെന്ന് അവൾക്ക് തോന്നി. അരവിന്ദനും വീട്ടുകാരും കൂടി ഇല്ലാത്ത അവസരത്തിൽ ഈ രാത്രി ഇവിടെ തങ്ങുന്നത് നല്ലതല്ല. രാജലക്ഷ്മിയുടെ പിറകെ കാറിലേക്ക് നടക്കുമ്പോഴും
ശ്രീനാഥ് എന്തിനാണ് ഇങ്ങനെയൊക്കെ ചെയ്യുന്നതെന്ന് അവൾക്ക് മനസിലായില്ല.

തന്നോട് അയാൾക്ക് പ്രണയമില്ല എന്നുറപ്പാണ്. തന്റെ ശരീരവും അല്ല അയാൾക്ക് വേണ്ടത്. അതായിരുന്നു എങ്കിൽ അതിനുള്ള അവസരങ്ങൾ ഒരുപാട് ഉണ്ടായിരുന്നു. പിന്നെ എന്തിനാകും അയാൾ ഒരു കൂടെപ്പിറപ്പിനെ പോലെ കൂടെ നിന്നിട്ട് ഇപ്പോൾ ഇങ്ങനെ ഒക്കെ ചെയ്യുന്നത്? ആലോചനയോടെ കൃഷ്ണ കാറിലേക്ക് കയറി.

***********

പരിചയം ഇല്ലാത്തവരുടെ വീട്ടിൽ ഒരു ദിനം…!
രാജലക്ഷ്മിയുടെ വീട്ടിൽ എത്തിയിട്ടും കൃഷ്‌ണയെ ആ ചിന്ത അലട്ടിക്കൊണ്ടിരുന്നു. അത് മനസിലാക്കിയത് കൊണ്ടാകും രാജലക്ഷ്മി മൊബൈലുമായി കൃഹ്നയുടെ അടുത്തേക്ക് വന്നു.

“മോൾക്ക് വേണ്ടപ്പെട്ട ആരെങ്കിലും ഉണ്ടെങ്കിൽ വിളിച്ചു പറഞ്ഞോളൂ….”

കൃഷ്ണ അത് കയ്യിൽ വാങ്ങി. അവൾക്ക് അരവിന്ദന്റെ അമ്മയുടെ മുഖമാണ് മനസ്സിൽ വന്നത്. അവൾ അവരുടെ ഫോണിലേക്ക് വിളിച്ച് വിവരം പറഞ്ഞു. അവരും രാജലക്ഷ്മിയും തമ്മിൽ സംസാരിച്ച ശേഷമാണ് ഫോൺ വച്ചത്. അരവിന്ദന്റെ അമ്മയും അച്ഛനും പിറ്റേന്ന് വരാമെന്നു വാക്ക് കൊടുത്തതോടെ കൃഷ്ണയ്ക്ക് ആശ്വാസമായി.

പിറ്റേന്ന് കൃഷ്ണ സ്വന്തം വീട്ടിലേക്ക് തന്നെ മടങ്ങി പോയെങ്കിലും ഇല്ലാത്ത രേഖകൾ ഉണ്ടാക്കി വീട് ജപ്തി ചെയ്യാൻ ശ്രീനാഥിന് പ്രയാസം ഉണ്ടായിരുന്നില്ല.

അരവിന്ദന്റെ വീട്ടിൽ തങ്ങാൻ കൃഷ്ണയെ അരവിന്ദന്റെ അമ്മ ക്ഷണിച്ചെങ്കിലും കൃഷ്ണയ്ക്ക് അതിനോട് യോജിക്കാൻ കഴിഞ്ഞില്ല.
അരവിന്ദന് തന്നോടുള്ള ഇഷ്ടം നേരത്തെ തന്നെ കൃഷ്ണ മനസിലാക്കിയിരുന്നല്ലോ? അവിടേക്ക് പോകാനുള്ള തടസ്സമായി അവൾ കണ്ടത് ആ ഇഷ്ടം തന്നെയാണ്.

തങ്ങളുടെ ഒപ്പം താമസിക്കാൻ രാജലക്ഷ്മി പറഞ്ഞപ്പോഴും അന്യരായവരുടെ ഔദാര്യം സ്വീകരിക്കാൻ കൃഷ്ണയുടെ മനസ്സ് അനുവദിച്ചില്ല.

ഒടുവിൽ രാജലക്ഷ്മിയുടെ വീട്ടിൽ മാസശമ്പളം ഉള്ള വീട്ടുജോലിക്കാരി ആയി കൃഷ്ണ……! എങ്കിലും ഒരിക്കൽ പോലും ആ രീതിയിൽ കൃഷ്ണയോട് രാജലക്ഷ്മി പെരുമാറിയിട്ടില്ല. ഗൗരവക്കാരനെങ്കിലും, അധികം സംസാരിക്കാറില്ലെങ്കിലും സൂരജും അവളോട് ഇതേ വരെ മോശമായി പെരുമാറിയിട്ടില്ല. എങ്കിലും രാത്രി അവിടെ തങ്ങുന്നതിൽ സൂരജിന് എന്തോ ഇഷ്ടക്കേട് ഉണ്ടെന്ന് കൃഷ്ണയ്ക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്.

*************

“ഇത് എന്ത് ഓർത്ത് നിക്കുവാ കൊച്ചേ?”

രാജലക്ഷ്മിയുടെ ചോദ്യമാണ് കൃഷ്ണയെ ഭൂതകാലത്തിൽ നിന്നും തിരികെ കൊണ്ട് വന്നത്.

അവൾ ചമ്മലോടെ ചിരിച്ചു കൊണ്ട് വീണ്ടും മാങ്ങ പെറുക്കാൻ തുടങ്ങി.

“നിനക്ക് എന്തോ വാങ്ങാൻ ടൗണിൽ പോണമെന്നല്ലേ പറഞ്ഞത്? പോയി റെഡിയാവ്. സൂരജ് പോവുമ്പോ നിന്നെ ടൗണിൽ ആക്കിയേക്കും.”

കൃഷ്ണ കയ്യിൽ എടുത്ത മാങ്ങ നിലത്തേക്ക് വീണു പോയി. അവൾ നിവർന്നു നിന്നു.

“അത് വേണ്ട ലക്ഷ്മിയമ്മേ… ഞാൻ ബസ്സിന് പൊയ്ക്കോളാം.”

“അതെന്താ എന്റെ ചെക്കൻ നിന്നെ പിടിച്ചു വിഴുങ്ങോ? എന്തായാലും അവൻ ടൗണിലേക്ക് തന്നെയാ പോകുന്നെ… നിന്നേം കൂടി കൂട്ടീന്ന് വച്ച് പെട്രോൾ ഒന്നും കൂടുതൽ ആവില്ല.”

പഴയ ഹെഡ്മിസ്ട്രെസ് ആണ്. അവരോട് പറഞ്ഞു ജയിക്കാൻ ആവില്ല എന്ന് കൃഷ്ണയ്ക്ക് അറിയാം. ഇനി അവരോട് എന്ത് പറഞ്ഞ് എതിർക്കും എന്നറിയാതെ നിൽക്കുമ്പോൾ, ഞാൻ പറഞ്ഞത് സത്യമല്ലേ എന്ന ഭാവത്തിൽ കുമാരൻ ചിരി ഒതുക്കി നിൽക്കുന്നത് നോക്കാതെ തന്നെ കൃഷ്ണയ്ക്ക് അറിയാൻ സാധിക്കുന്നുണ്ടായിരുന്നു. അതവളെ വല്ലാതെ അസ്വസ്ഥയാക്കി.

**********

“അവനെന്താ നിന്റെ ഡ്രൈവറോ? ഇങ്ങോട്ട് മുന്നിലേക്ക് ഇരിക്ക് കൃഷ്ണേ…”

പിൻ സീറ്റിൽ കയറാനൊരുങ്ങിയ കൃഷ്ണയെ മുന്നിലേക്ക് കയറ്റി ഇരുത്തി രാജലക്ഷ്മി…… കൃഷ്ണ വിളറിയ മുഖത്തോടെ സൂരജിനെ നോക്കി. അവനത് ശ്രദ്ധിക്കാത്തത് പോലെ സ്റ്റിയറിങ്ങിൽ പിടിച്ചു മുന്നിലേക്ക് തന്നെ നോക്കി ഇരിക്കുകയാണ്.

കാർ മുന്നോട്ട് നീങ്ങുമ്പോൾ അസുഖകരമായൊരു നിശബ്ദത കാറിനുള്ളിൽ നിറയുന്നത് പോലെ കൃഷ്ണയ്ക്ക് അനുഭവപ്പെട്ടു. അതവളെ വല്ലാതെ ശ്വാസം മുട്ടിച്ചു.

“എനിക്ക് തന്നോട് ഒരു പ്രധാന കാര്യം പറയാനുണ്ട്……”

കാർ കുറച്ചു മുന്നോട്ട് ഓടിയതും സൂരജ് പറഞ്ഞു. അവന്റെ സ്വരം തീർത്തും സൗമ്യമായിരുന്നു.

കുമാരേട്ടൻ പറഞ്ഞത് സത്യമാവുകയാണോ? ലക്ഷ്മിയമ്മയ്ക്ക് അങ്ങനെ ഒരിഷ്ടം ഉണ്ടായിരുന്നോ? തന്നെ ഇഷ്‌ടമുണ്ടായിട്ടാവില്ല…. ഉണ്ണിമോൾക്ക് വേണ്ടി സൂരജ് ആ ഇഷ്ടം സമ്മതിച്ചു കൊടുത്തുവോ? കൃഷ്ണയ്ക്ക് വല്ലാത്ത പരിഭ്രമം തോന്നി.

കൃഷ്ണ നേരിയ ഭയത്തോടെയാണ് സൂരജിന്റെ വാക്കുകൾക്ക് കാതോർത്തത്.

*********

പാസ്ററ് തീർന്നു. ഇനി പ്രെസന്റ്.

വായിക്കുന്നവർക്കും ലൈക്ക് ചെയ്യുന്നവർക്കും. അഭിപ്രായം പറയുന്നവർക്കും. അങ്ങനെ ഓരോരുത്തർക്കും ഒരുപാട് നന്ദി 🥰