രചന :ജ്വാലാമുഖി
“യൂ…. !!!”
“കിടന്നു കൂവണ്ട.. ഇത് ഓഫിസ് ആണ്.. പ്രൊമോഷൻ വിത്ത് ട്രാൻസ്ഫർ ആണ്.. ഇത് കൊണ്ടു എവിടെ പോയി പരാതി പറഞ്ഞിട്ടും കാര്യം ഇല്ല.. പറ്റില്ലെങ്കിൽ നിർത്തി പോകാം… ”
“അങ്ങനെ അങ്ങ് പോകാൻ ഞാൻ തീരുമാനിച്ചിട്ടില്ല.. ”
“എങ്കിൽ നാളെ തന്നെ കാസർഗോഡ് പോയി ജോയിൻ ചെയ്‌തോളൂ.. ”
അതു പറഞ്ഞു ഞാൻ എണീറ്റു നേരെ പാൻട്രിയിലേക്ക് നടന്നു..
തൊട്ടു പിന്നാലെ രോഹിയും എത്തിയിരുന്നു…
“താൻ എന്താ ഇവിടെ വന്നിരിക്കണേ… ”
“ഏയ് ചുമ്മാ.. ”
“നമുക്കൊന്നു കറങ്ങാൻ പോയാലോ… ”
“ഓഫിസ് ടൈമിലോ.. ”
“അതിനെന്താ… ”
“ദേ… രോഹി കളിക്കല്ലേ… ”
“പേടിപ്പിക്കുന്നോടി ഉണ്ടക്കണ്ണി… ”
അതു പറഞ്ഞു രോഹി എന്റെ ചെവിയിൽ പിടിച്ചു വലിച്ചു… പെട്ടന്ന് ആരോ വാതിൽ തുറന്നു അങ്ങോട്ട് വന്നു..
മിത്ര… !!!
“നിയോ… ”
“എന്താ രോഹിക്ക് ഇപ്പൊ എന്നെ കാണുമ്പോൾ വല്ലാത്ത കലി.. ഇവളെ കണ്ടിട്ടാണോ… ”
“അതേടി… ”
“എങ്കിൽ പലതും ഇവൾ അറിയാനുണ്ട്… ”
“എനിക്കിനി ഒന്നും അറിയാൻ ഇല്ല മിത്ര.. ഞാൻ എല്ലാം അറിഞ്ഞു കഴിഞ്ഞു… ”
“ഓഹോ രണ്ടും കല്പിച്ചുള്ള നിന്റെ ഈ വരവ് അതിനു ഇനി അധികം ആയുസ്സുല്ലെടി… നീ കണ്ടോ… നിന്നെ കൊന്നിട്ടായാലും രോഹിയെ മിത്ര സ്വന്തമാക്കിയിരിക്കും… ”
അതു പറഞ്ഞു നാവ് അകത്തു ഇട്ടതും.. ഠപ്പേ എന്നൊരു ശബ്‌ദം മാത്രേ ഞാൻ കേട്ടുള്ളൂ..
മിത്ര രണ്ടു കയ്യും ഇടതു കവിളിൽ പൊത്തിപിടിച്ചു നിൽക്കുന്നത് കൂടെ കണ്ടപ്പോൾ എന്റെ ഉള്ളൊന്ന് നടുങ്ങി…
“ഇനി നിന്റെ നാവ് പൊങ്ങരുത്… രോഹിടെ ജീവിതത്തിൽ ഒരിക്കലും മിത്ര എന്നൊരു നപുംസകത്തിനു സ്ഥാനം ഇല്ല… അത്രക്ക് വെറുപ്പാണ് എനിക്ക് നിന്നെ… അത്രയേറെ നീ എന്നെ കണ്ണീർ കുടിപ്പിച്ചിട്ടുണ്ട്… ഇനി നീ എന്റെ പെണ്ണിന് നേരെ ഒന്ന് വിരൽ ചൂണ്ടിയാൽ പിന്നെ നിന്നെ കൊന്നിട്ടേ രോഹിടെ കലി അടങ്ങു ഓർത്തോ നീ… ”
“മിത്ര… എന്തിനാ നീ ഇങ്ങനെ നാണം കെടുന്നെ… ഒന്നുമില്ലെങ്കിൽ രോഹി ഒരു വിവാഹിതൻ അല്ലെ.. അതെങ്കിലും തനിക്കു ഓർത്തൂടെ… വിവരവും വിദ്യാഭ്യാസവും ഉള്ള പെണ്ണല്ലേ നീ… ”
“അഗ്നി… നീ ഒറ്റ ഒരുത്തിയാണ് എല്ലാത്തിനും കാരണം… എല്ലാം നീ കാരണം ഉണ്ടായ പ്രശ്നങ്ങൾ ആയിരുന്നു… ”
“ഞാനോ.. ഞാൻ എന്തു ചെയ്തു… നീ സ്നേഹിച്ച പുരുഷൻ ആണ് രോഹി എന്ന് എനിക്ക് വിവാഹത്തിന് ശേഷം ആണ് മനസിലായത് പോലും.. ” അപ്പോളേക്കും രോഹി അവൾക്കു മുന്നിലേക്ക് കയറി നിന്നു…
“നിങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും തീരുമാനിച്ചാൽ മതിയോ എന്റെ മനസ്സിൽ ആരു കയറണം എന്ന്… ഞാൻ മനസ്സിൽ വരിച്ച പെണ്ണാണ് എന്റെ അഗ്നി… അവളെ തന്നെ ഞാൻ വിവാഹവും കഴിച്ചു… ”
അതു പറഞ്ഞു രോഹി എന്നെ ചേർത്തു പിടിച്ചു…
“രോഹി അഗ്നിയെ സ്‌നേഹിക്കുമ്പോൾ എന്റെ മനസ്സിൽ രോഹി ആയിരുന്നു… അഗ്നിയെ കാണാൻ രോഹി അമ്പലത്തിലും കോളേജിലും ഒക്കെ പോകുമ്പോൾ നിങ്ങളെ നോക്കി കരയുന്ന രണ്ടു മനസ്സുകൾ ഉണ്ടായിരുന്നു.. ”
ഞാൻ അതിശയത്തോടെ മിത്രയെ നോക്കി..
“രണ്ടു പേരോ..??? ”
“അതെ ഞാനും ദേവനും.. ”
“ദേവേട്ടനോ…?? ”
എനിക്ക് തല ചുറ്റുന്നത് പോലെ തോന്നി..
“അന്ന് നിങ്ങളുടെ വിവാഹം ഏറെക്കുറെ ഉറപ്പിച്ചു എന്നറിഞ്ഞപ്പോൾ നിന്റെ ദേവേട്ടൻ എന്നെ കാണാൻ വന്നിരുന്നു… ഇത് മുടക്കാൻ ഒരു വഴി ആലോചിച്ചു ഇരിക്കുന്ന എനിക്ക് ദേവൻ ഉപദേശിച്ചു തന്ന വഴി ആണ് മലേഷ്യയിൽ വച്ചുള്ള ട്രാപ്.. പക്ഷെ.. അതിനു ശേഷവും രോഹിയുടെ മനസ്സിൽ അഗ്നി തന്നെ ആയിരുന്നു… എത്രയൊക്കെ ഞാൻ ശ്രമിച്ചിട്ടും രോഹി അഗ്നിയെ ഒഴിവാക്കാൻ തയ്യാറായില്ല… ”
“എങ്ങനെ തോന്നി നിനക്ക് ഇങ്ങനെ ഒക്കെ… ”
എന്റെ വാക്കുകൾ തൊണ്ടക്കുഴിയിൽ തന്നെ തടഞ്ഞു നിന്നു..
“അഗ്നി എല്ലാം ഉപേക്ഷിച്ചു എപ്പോ ചെന്നാലും രണ്ടു കയ്യും നീട്ടി സ്വീകരിക്കാൻ തയ്യാറായി ആണ് ദേവൻ നിൽക്കുന്നത്… ”
“ദേവേട്ടന് എങ്ങനെ മിത്രയെ അറിയാം.. ”
“രോഹിടെ പ്രൊപോസൽ അഗ്നിടെ വീട്ടിൽ എത്തിയ പിറ്റേന്ന് രോഹിയെ കുറിച്ച് അന്നെഷിക്കാൻ ദേവൻ ഇവിടെ വന്നിരുന്നു…അയാൾ വന്നു പെട്ടത് എന്റെ മുൻപിലും പക്ഷെ അന്നാണ് ദേവനെ ഞാൻ ശ്രദ്ധിക്കുന്നത് പലപ്പോളും രോഹിയെ കാണാൻ ഞാൻ അയാളുടെ പിറകെ നടക്കുമ്പോൾ അവിടെ ഒക്കെ ഈ ദേവനെയും ഞാൻ കണ്ടിട്ടുണ്ട്.. പക്ഷെ രോഹി കാണാൻ നടക്കുന്ന കുട്ടി തന്നാണ് ദേവനും കാണാൻ നടക്കുന്നത് എന്ന് അന്നാണ് ഞാൻ അറിഞ്ഞത്… ”
“എന്റെ കൃഷ്ണ…. എന്തിനാ നീ എന്നെ ഇങ്ങനെ പരീക്ഷിക്കണേ… “”
“ഒരു ജീവിതം തകർത്തിട്ട് വേണമായിരുന്നോ… നിനക്ക്… ”
വാക്കുകൾ പുറത്തു വരാതെ എന്റെ തൊണ്ട വരളാൻ തുടങ്ങി…
“എന്റെ മുത്തശ്ശനെ എങ്കിലും ഒന്ന് കാണാൻ… ”
“അന്ന് അഗ്നിടെ വീട്ടിൽ നിന്നു വന്ന കാൾ എടുത്തത് ഞാൻ തന്നെയാ… അപ്പൊ തന്നെ ഞാൻ ഇക്കാര്യം ദേവനെ വിളിച്ചു പറഞ്ഞു… അതു രോഹിയെ അറിയിക്കേണ്ട.. അവർ വരേണ്ട എന്ന് പറഞ്ഞത് ദേവൻ ആണ്… ”
ഭൂമി തന്നെ പിളർന്നു പോകുന്ന പോലെ തോന്നിയെനിക്ക്…
കണ്ണു നിറഞ്ഞിട്ടാണെങ്കിൽ ഒന്നും കാണാനും വയ്യ…
കയ്യും കാലും തളർന്നു ചുവരിൽ തളർന്നു ഇരുന്നു പോയി ഞാൻ..
“അഗ്നി… ”
രോഹി എന്നെ താങ്ങി എണീപ്പിച്ചു… ആ മാറിലേക്ക് ചാഞ്ഞു പോയി ഞാൻ..
“എന്നാലും ദേവേട്ടൻ.. !!!ന്റെ മനസ്സിൽ ഒരു ദൈവത്തിന്റെ സ്ഥാനം ആയിരുന്നു ഇതുവരെ ഞാൻ കല്പിച്ചത്.. എന്നിട്ടും എങ്ങനെ കഴിഞ്ഞു… ഇങ്ങനെ ഒക്കെ ആകാൻ… മുത്തശ്ശൻ പോയപ്പോളും എല്ലാം….. ഒരു ആങ്ങളയെ പോലെ കൂടെ നിന്നിട്ട്… എന്തിനായിരുന്നു… ന്നേ… ആരെയും ഇപ്പൊ ക്കു വിശ്വാസം ഇല്ല രോഹി…ആരും ഇല്ലാത്ത ഈ പൊട്ടിപെണ്ണിനെ എല്ലാരും കൂടി പറ്റിക്കാ… ”
“ആരുമില്ലേ തനിക്ക്… അപ്പോ ഞാൻ തന്റെ ആരാടോ… ഞാനില്ലേ നിനക്ക്… എന്തൊക്കെ ഉണ്ടായാലും മരണം വരെ കൂടെ ഉണ്ടാകും ഞാൻ… എനിക്ക് വേണം നിന്നെ… എന്റെ മാത്രം ആയിട്ട്… ”
എന്റെ താടിയിൽ പിടിച്ചു പൊക്കി എന്റെ കണ്ണുനീർ തുടക്കുന്ന രോഹിയുടെ കണ്ണുകളിലേക്ക് നോക്കിയപ്പോൾ എന്തോ വല്ലാത്തൊരാശ്വാസം…
അപ്പോളാണ് മിത്ര എവിടെ പോയി എന്ന ഓർമ്മ എനിക്ക് വന്നത്…
ചുറ്റും കണ്ണോടിച്ചു എങ്കിലും അവളെ അവിടെങ്ങും കണ്ടില്ല…
കുറച്ചു കഴിഞ്ഞതും മിത്ര വന്നു.. ഒരു കവർ എന്റെ മുന്നിലേക്ക് നീട്ടി..
“ഞാൻ റിസൈൻ ചെയ്യുവാണ്… മെയിൽ ഇട്ടിട്ടുണ്ട്… ”
“മിത്ര….താൻ…”
“എല്ലാത്തിനും സോറി മാഡം…..
രോഹി….ഈ ജന്മം നി അഗ്നിക്ക് കൊടുത്തു….അടുത്ത ജന്മം എങ്കിലും എനിക്ക് വേണ്ടി മാറ്റി വക്കണം… മറക്കാൻ വയ്യാത്തോണ്ടാ… ”
മറുപടി കേൾക്കാൻ നിൽക്കാതെ കരഞ്ഞു കൊണ്ടു ഇറങ്ങിപ്പോയ മിത്രയെ നോക്കി നിന്നു പോയി ഞങ്ങൾ…
******
“ഓഹ് ഏട്ട…ഞാൻ പല വട്ടം പറഞ്ഞിട്ടുണ്ട് എന്റെ മൂക്കിൽ പിടിച്ചു വലിക്കരുത് എന്ന്… ”
“നിന്റെ ഈ നീല ക്കൽ മൂക്കുത്തിയിൽ ഇടക്കൊന്നു അമർത്തി പിടിച്ചു വേദനിപ്പിച്ചില്ലെങ്കിൽ നീ ഈ മൂക്കുത്തിയെ എന്നേക്കാൾ ഏറെ സ്നേഹിക്കും അതു വേണ്ട മോളേ… ”
“ഹോ… ഇങ്ങനെ കുരുട്ട് ബുദ്ധി ഉള്ളൊരു സാധനം… ”
“അതേടി… അന്നേ ആ മിത്രേടെ കൂടെ പോയാൽ മതിയാരുന്നു.. ”
“അതെ… ദേവേട്ടൻ ഇപ്പോളും കെട്ടിയിട്ടില്ല അതു മറക്കണ്ട… ”
“ഓഹോ.. അവള്ടെ മനസ്സിലിരിപ്പ് കണ്ടോ.. ഡി… ”
അത് പറഞ്ഞു രോഹി എന്റെ മൂക്കിൽ പിടിക്കാൻ ആഞ്ഞതും ഞാൻ ഇറങ്ങി ഓടി…
“ഓഹ്… ഈ പിള്ളേരെ കൊണ്ടു തോറ്റു… ദേ എന്നെ ആ പഴയ റൗഡി ടീച്ചർ ആക്കരുത് നിങ്ങൾ… ”
അമ്മ പിറുപിറുത്തുകൊണ്ട് അടുക്കളയിലേക്ക് നടന്നതും… രോഹി എന്നെ പൊക്കി എടുത്തു നേരെ കുളത്തിലേക്ക് നടന്നു…
ബ്ലും… !!
ഇത് എനിക്കിപ്പോ ശീലം ആയി… ഇടയ്ക്കു തല്ലു കൂടി ഒടുവിൽ ഞങ്ങൾ വന്നു വീഴുന്ന സ്ഥലം ഈ കുളമാണല്ലോ…
“വേഗം കുളിച്ചു കേറൂ… ഇന്ന് നമുക്ക് നിന്റെ കൃഷ്ണന്റെ അമ്പലം വരെ ഒന്ന് പോയിട്ട് വരാം… ”
കുളിച്ചു സുന്ദരി ആയി രോഹിയെ കൂട്ടി അമ്പലത്തിലേക്ക് നടക്കുമ്പോൾ എന്റെ മനസ്സ് ഒരു വലിയ പേമാരി തീർന്നപോൽ ശാന്തം ആയിരുന്നു…
കണ്ണനെ തൊഴുതു ഇറങ്ങുമ്പോൾ.. എനിക്ക് നേരെ ദേവേട്ടൻ വരുന്നുണ്ടായിരുന്നു… കുറ്റവാളിയെ പോലെ ആ തല എന്റെ മുന്നിൽ താഴ്ന്നിരുന്നു… തടഞ്ഞു നിർത്തി ഞാൻ വല്ലതും പറയും എന്നൊരു പേടി ആ മുഖത്തുണ്ട്.. പക്ഷെ ഒരക്ഷരം മിണ്ടാതെ ഞാൻ നടന്നു… നമ്മെ അവളവറ്റ് സ്നേഹിക്കുന്നവർക്ക് മുന്നിൽ മൗനത്തേക്കാൾ വലിയ പ്രതികാരം ഇല്ലാലോ… !!!!
നേരെ വീട്ടിൽ പോയി മുത്തശ്ശന്റെ കുഴിമാടത്തിന് മുന്നിൽ തൊഴുകൈ കൂപ്പി ഞങ്ങൾ നിന്നു…
നിലവിൽ കുളിച്ച ആകാശവും നാണം തുളുമ്പി വിരിഞ്ഞു തുടങ്ങിയ മന്ദാരപ്പൂക്കൾക്കുമിടയിലൂടെ ഒരു ഇളം കാറ്റു ഞങ്ങളെ തഴുകി കടന്നു പോയി… അപ്പോളും നിലാവിൽ എന്റെ നീലക്കൽ മൂക്കുത്തി തിളങ്ങുന്നുണ്ടായിരുന്നു…
രോഹിയേട്ടന്റെ കൈ പിടിച്ചു ഞാൻ ആ പടിയിറങ്ങി… സമാധാനമായി ഒന്ന് ജീവിച്ചു തുടങ്ങാൻ….
*********
(അവസാനിച്ചു… )
ഈ സപ്പോർട്ടും സ്നേഹവും തുടർന്നും ഉണ്ടാകും എന്ന പ്രതീക്ഷയോടെ…
നിങ്ങളുടെ സ്വന്തം
ജ്വാല… 😍😍😍)

by