19/04/2026

ലയനം : ഭാഗം 26

രചന – നിള നന്ദ

 

തിരികെ വീട്ടിലേക്ക് നടക്കുമ്പോൾ രണ്ടാളും മൗനമായിരുന്നു.. മാനവ് ഇടയ്ക്ക് മുഖം തിരിച്ച് ലനയെ നോക്കും.. കൈ രണ്ടും മാറിൽ പിണച്ചു കെട്ടി നടക്കുകയായിരുന്നു അവൾ.. അവന്റെ ചുണ്ടിൽ മായാതൊരു പുഞ്ചിരി ഉണ്ടായിരുന്നു..മനസ്സ്‌ നിലാവ് പോലെ തെളിച്ചമുള്ളതായിരുന്നു..

വീടിന് മുന്നിൽ എത്തിയതും ലന മാനവിനെ നോക്കി..

” നേരം വെളുക്കാറായി പോയി കുറച്ച് നേരം കിടന്നോളൂ.. ”

മാനവ് അവളോടായി പറഞ്ഞു..

” ഒരിക്കലും മറക്കാനാവാത്ത മനോഹരമായ ഒരു രാത്രി സമ്മാനിച്ചതിന് ഒരുപാട് നന്ദി..”

ലന അവനെ നോക്കി ഒന്ന് കണ്ണ് ചിമ്മി അകത്തേക്ക് പോയി.. മനസ്സ്‌ നിറഞ്ഞ ചിരിയോടെ മാനവ് അവളെ നോക്കി നിന്നു…

**************************

ദിവസങ്ങൾ ഒന്നായി പോവുന്നത് അനുസരിച്ച് എല്ലാവരും കല്യാണത്തിന്റെ തിരക്കിൽ ആയി..
അന്ന് പുറത്ത് വെച്ച് രതീഷിനെ കണ്ടതിൽ ലനയ്ക്ക് നല്ല ടെൻഷൻ ഉണ്ടായിരുന്നെങ്കിലും പിന്നെ അവനെ കുറിച്ച് ഒരു വിവരം ഇല്ലാത്തത് കൊണ്ട് അവൾ ഒരുവിധം ഓക്കേ ആയിരുന്നു.. മനസ്സിൽ അവശേഷിച്ച കുറച്ച് ഭയം സാരംഗും സനയും ഇല്ലാതാക്കി..

കല്യാണത്തിന് ഡ്രസ്സ്‌ എടുക്കാൻ രാവിലെ തന്നെ ഷോപ്പിൽ ഇറങ്ങിയതാണ് എല്ലാവരും..
ഒരുദിവസം പോയിക്കിട്ടും എന്നുള്ളത് കൊണ്ട് അച്ചന്മാർ എല്ലാവരും ഓരോ തിരക്കും പറഞ്ഞോഴിഞ്ഞു.. മുത്തശ്ശിയും വീട്ടിൽ തന്നെ ആയിരുന്നു..

ശ്രേയക്ക് ഉള്ള ഡ്രസ്സ്‌ ആയിരുന്നു ആദ്യം എടുക്കാൻ പോയത്.. ശ്രെയക്കും മുക്തയ്ക്കും ഒപ്പം അമ്മമാരെല്ലാം ഡ്രസ്സ്‌ നോക്കാൻ ഇരുന്നു.. അതിൽ വല്ല്യ റോൾ ഇല്ലാതെ സനയും ലനയും രോഹിണിയും മാറി നിന്നു.. മാനവും സാരംഗും നിഖിലും രോഹനും ജൻസ് ഡ്രെസ്സിന്റെ ഏരിയയിൽ ആയിരുന്നു..

” മക്കൾ ഇവിടെ ഇങ്ങനെ നിൽക്കാതെ നിങ്ങൾക്കുള്ള ഡ്രസ്സ്‌ നോക്കിക്കോ.. സമയം കളയണ്ടല്ലോ.. ”

മാനവിന്റെ അമ്മ മീര രോഹിണിയെയും സനയെയും ലനയെയും നോക്കി പറഞ്ഞു..

” എന്നാ ശരി വല്യമ്മേ.. ഞങ്ങൾ ഇവിടെ എവിടെയെങ്കിലും ഒക്കെ കാണും.. കഴിയുമ്പോൾ വിളിച്ചാൽ മതി.. ”

രോഹിണി മീരയോട് പറഞ്ഞുകൊണ്ട് രണ്ടാളുടെയും കൈ പിടിച്ച് വേഗം നടന്നു..

” ഹോ എത്ര നേരം ആയി അവിടെ പോസ്റ്റ്‌ ആയി നിൽക്കുന്നു.. ജൻഡ്‌സ് ഫ്ലോറിൽ ആയിരുന്നേൽ വായനോക്കിയെങ്കിലും സമയം കളയാമായിരുന്നു..”

കുറച്ചു നീങ്ങിയതും രോഹിണി രണ്ടാളെയും നോക്കി പറഞ്ഞു..

” എന്നാ വാ അങ്ങോട്ട് പോവാം.. നിന്റെ മാനുവേട്ടനോട് തന്നെ ചോദിക്കാം വായനോക്കാൻ ആരെങ്കിലും ഉണ്ടോന്ന്.. ”

ലന ബാഗിൽ നിന്ന് ഫോൺ എടുത്തുകൊണ്ട് പറഞ്ഞു..

” എന്റെ പൊന്ന് ചേച്ചി ചതിക്കല്ലേ.. എനിക്ക് കുറച്ച് നാളും കൂടി സമാധാനമായിട്ട് ജീവിക്കാൻ ഉള്ളതാണ്.”

രോഹിണി ലനയെ നോക്കി തൊഴുതുകൊണ്ട് പറഞ്ഞു..

” നമുക്ക് എന്തായാലും ഡ്രസ്സ്‌ നോക്കാൻ പോവാൻ.. മീരയാന്റി പറഞ്ഞത് പോലെ സമയം കളയണ്ടല്ലോ.. ”

സന പറഞ്ഞതും ശരിയെന്നു പറഞ്ഞ് രണ്ടാളും അവളുടെ ഒപ്പം നടന്നു..
ആദ്യം രോഹിണിക്ക് ആയിരുന്നു ഡ്രസ്സ്‌ എടുത്തത്.. ഒരു പിങ്ക് ഗൗൺ.. സനയ്ക്ക് ഒരു സ്‌ർട്ടും ടോപ്പും എടുത്തു..

” ചേച്ചിക്ക് എന്താ വാങ്ങുന്നേ..? ”

രോഹിണി ലനയെ നോക്കി പുരികം പൊക്കി..

” എനിക്ക് ഒന്നും വേണ്ടടാ.. എന്റേൽ പുതിയ ഒന്ന് രണ്ടെണ്ണം ഉണ്ട്.. സാരംഗ് വാങ്ങിത്തന്നത്.. ഞാൻ അതിൽ ഏതെങ്കിലും ഇട്ടോളാം.. ”

” അയ്യോടാ.. അതൊന്നും പറഞ്ഞാൽ പറ്റില്ല.. ഏതെങ്കിലും ഒന്ന് എടുത്തേ പറ്റൂ.. വേഗം നോക്ക്.. ”

സന ലനയെ നോക്കി പറഞ്ഞ് ഓരോന്ന് സെലക്ട്‌ ചെയ്യാൻ തുടങ്ങി.. സനയും രോഹിണിയും ഓരോന്ന് എടുത്ത് നോക്കുന്നത് നോക്കി ലന പുഞ്ചിരിയോടെ മാറി നിന്നു.. അപ്പോഴാണ് ലന സൈഡിൽ കിടക്കുന്ന
ഒരു ഗ്രീൻ സാരി കണ്ടത്.. അവൾ അത് കയ്യിൽ എടുത്ത് നോക്കി..

” കൊള്ളാലോ.. ചേച്ചിക്ക് ഈ സാരി നല്ല ഭംഗി ഉണ്ട്.. ”

രോഹിണി ലനയുടെ കയ്യിൽ നിന്ന് ആ സാരി വാങ്ങി അവളുടെ തോളിലൂടെ ഇട്ടുകൊണ്ട് പറഞ്ഞു..

” ശരിയാ ഇത് കൊള്ളാം.. ഇത് തന്നെ മതി.. ”

സന അവളെ നോക്കിയൊന്ന് ചിരിച്ചു.. പിന്നെ സാരി സെയിൽസ് ഗേളിന്റെ കയ്യിൽ കൊടുത്തു..

” വാ അവർ എല്ലാവരും നമ്മളെ അന്വേഷിക്കുന്നുണ്ടാവും.. ”

രോഹിണി അതും പറഞ്ഞുകൊണ്ട് നടന്നു.. പുറകെ സനയും ലനയും..

ഉച്ചയോടെ ആണ് എല്ലാവരും ഷോപ്പിങ് കഴിഞ്ഞു ഇറങ്ങിയത്.. സാരംഗ് നിർബന്ധിച്ച് ലനയെ അവന്റെ ഒപ്പം കാറിൽ കയറ്റി.. ലനയുടെ ഒപ്പം രോഹനും രോഹിണിയും അതിൽ കയറി.. സന നിഖിലിന്റെ ഒപ്പം കയറാൻ തുടങ്ങിയപ്പോൾ ആണ് ഫോൺ ഷോപ്പിനുള്ളിൽ മറന്ന് വെച്ചത് ഓർത്തത്.. നിഖിലിനോട് പറഞ്ഞുകൊണ്ട് അവൾ ഉള്ളിലേക്ക് പോയി.. ഫോൺ എടുത്ത് തിരികെ വരുമ്പോഴാണ് എതിരെ വരുന്ന ഒരാൾ അവളുടെ ദേഹത്ത് തട്ടിയത്..

” തനിക്ക് എന്താടോ കണ്ണ് കണ്ടൂടെ..? ”

സന തിരിഞ്ഞ് അയാളെ നോക്കി ദേഷ്യത്തിൽ ചോദിച്ചു..

” ഞാൻ കണ്ടില്ല.. ”

അയാൾ അലസമായി അവളോട് പറഞ്ഞു..

” കണ്ടില്ല പോലും.. ഇവിടെ ഇത്രയും സ്ഥലം ഉണ്ടായിട്ടും മാറി നടക്കാതെ താൻ മനഃപൂർവം അല്ലെടോ എന്റെ ദേഹത്ത് തട്ടിയത്.. മാപ്പ് പറഞ്ഞിട്ട് പോയാൽ മതി..”

സന അയാളെ രൂക്ഷമായി നോക്കി..

” അതേടി മനഃപൂർവം തന്നെയാ.. അതിന്റെ പേരിൽ എന്നെകൊണ്ട് മാപ്പ് പറയിപ്പിക്കാൻ നീ ചെയ്യ്..”

പുച്ഛത്തോടെ അയാൾ അവളെ നോക്കി..

” എടോ തന്നെ ഞാൻ.. ”

” എന്താ സന.. എന്താ പ്രശ്നം.. ”

അവളെ കാണാതെ തിരക്കി വന്നതായിരുന്നു നിഖിൽ..

” ഇയാള് മനഃപൂർവം വന്ന് ദേഹത്ത് മുട്ടിയിട്ട് കണ്ടില്ല പോലും.. മാപ്പ് പറയാൻ പറ്റില്ലെന്ന്.. എങ്കിൽ അതൊന്ന് കാണണമല്ലോ.. ”

” രതീഷേ.. എന്താടാ ഇവിടെ.. ”

” വിപി.. ഈ പെണ്ണ് വെറുതെ ഒരു പ്രശ്നം ഉണ്ടാക്കാണ്.. ”

അവരുടെ അടുത്തേക്ക് വന്ന വിപിനോട് രതീഷ് പറഞ്ഞു..

” വെറുതെ ആണോ അല്ലെയൊന്ന് പോലീസ് വരുമ്പോൾ അറിയാം.. ”

സന അത് പറഞ്ഞുകൊണ്ട് ഫോൺ എടുത്തു..
വിപിൻ അത് കണ്ട് ചുറ്റും ഒന്ന് കണ്ണോടിച്ചു.. അടുത്ത് നിൽക്കുന്നവരൊക്കെ ശ്രെദ്ധിക്കുന്നുണ്ട്..

” പെങ്ങളെ.. ഇവൻ എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ഞാൻ മാപ്പ് ചോദിക്കുന്നു.. പോലീസിനെ വിളിച്ച് ഇവിടെ ഒരു സീൻ ഉണ്ടാക്കരുത്..”

വിപിൻ അല്പം താഴ്മയോടെ പറഞ്ഞു..

” പ്രശ്നം ഉണ്ടാക്കിയത് താൻ അല്ലല്ലോ ഇയാളല്ലേ.. അപ്പോൾ മാപ്പ് പറയേണ്ടത്തും ഇയാളല്ലേ.. ”

നിഖിൽ ആണ് പറഞ്ഞത്..

” രതീഷേ.. ”

വിപിൻ അവനെ താക്കീതോടെ വിളിച്ചു..

” സോറി.. ”

വിപിനെ ഒന്ന് നോക്കിയ ശേഷം അവൻ സനയോട് പറഞ്ഞു.. സന അവനെ നോക്കി പുച്ഛിച്ചു ചിരിച്ചു.. അത് കണ്ടതും രതീഷ് ദേഷ്യത്തിൽ പല്ല് ഞെരിച്ചു..

” നീ എന്തിനാ വിപി.. ആ പെണ്ണ് വെറുതെ ഒരു പ്രശ്നം ഉണ്ടാക്കിയതാണ്.. ”

നിഖിലും സനയും പോയതും രതീഷ് വിപിനെ ദേഷ്യത്തിൽ നോക്കി..

” നമ്മൾ ഇവിടെ വന്നത് എന്തിനാണെന്ന് നീ മറന്നിട്ടില്ലല്ലോ.. എങ്ങനെയെങ്കിലും അവളെ കണ്ട് പിടിക്കണം.. അതിനിടയിൽ ഇത്തരം പ്രശ്നങ്ങളിൽ ചെന്ന് പെട്ടാൽ പിന്നെ അത് മതി.. നീ ഇങ്ങോട്ട് വന്നേ.. ”

വിപിൻ രതീഷിനെ പിടിച്ച് മുന്നോട്ട് നടന്നു.. വിപിന്റെ ഒപ്പം നടക്കുമ്പോൾ രതീഷിന്റെ ഉള്ളിൽ സനയുടെ പരിഹാസം നിറഞ്ഞ മുഖം ആയിരുന്നു..

***************************

” ഛെ.. വെറുതെ സാരംഗ് ചേട്ടന്റെ ഒപ്പം ചാടി കയറി വേഗം പോന്നു.. ഞാനും കൂടെ ഉണ്ടാവണ്ടത് ആയിരുന്നു.. ”

സന ഷോപ്പിൽ നടന്ന കാര്യം പറയുന്നത് കേട്ട് രോഹിണി താടിക്ക് കൈ കൊടുത്ത് പറഞ്ഞു..

” നീ എന്തിനാ സന വെറുതെ കണ്ടവരോടൊക്കെ വഴക്കിടാൻ പോയത്.. അവരൊക്കെ എങ്ങനെ ഉള്ളവരാണെന്ന് നമുക്ക് അറിയില്ലല്ലോ.. ”

ലന ചെറിയ പേടിയോടെ പറഞ്ഞു..

” അതിന് വഴക്കിട്ടൊന്നും ഇല്ലല്ലോ.. കാര്യം പറഞ്ഞല്ലേ ഉള്ളൂ.. ശരിക്കും അയാൾക്കിട്ട് ഒന്ന് പൊട്ടിക്കേണ്ടത് ആയിരുന്നു.. ”

സന അല്പം ദേഷ്യത്തോടെ പറഞ്ഞു..

” അത് ചേച്ചി പറഞ്ഞത് ശരിയാ.. ഇങ്ങനെ ഉള്ളവർക്കിട്ട് ഒന്ന് കൊടുക്കണം.. നമ്മൾ മിണ്ടാതെ പോവുമ്പോൾ ആണ് ഇവരെ പോലുള്ളവർക്ക് പിന്നെയും ഇങ്ങനെയൊക്കെ ചെയ്യാൻ തോന്നുന്നത്..”

രോഹിണി സനയെ പിന്താങ്ങി..

ലന പിന്നെ കൂടുതൽ ഒന്നും പറയാതെ മുഖം തിരിച്ചു..
എന്തോ ഒരു ഭയം അവളെ ആകെ പിടികൂടിയിരുന്നു..

പിന്നെ അങ്ങോട്ടുള്ള ഓരോ ദിവസവും എല്ലാവരും കല്യാണത്തിന്റെ തിരക്കിൽ ആയിരുന്നു..
എല്ലാവരും ഓരോരോ ജോലികൾ ഏറ്റെടുത്ത് ഭംഗിയായി ചെയ്തു..

ക്ഷേത്രത്തിൽ ആയിരുന്നു താലിക്കെട്ട്.. അത്0 കഴിഞ്ഞ് അടുത്തുള്ള ഔഡിറ്റോറിയത്തിൽ സദ്യയും.. വധുവരന്മാർ സ്റ്റേജിൽ ഇരിക്കുന്ന നേരത്തായിരുന്നു എല്ലാവരുടെയും വകയായുള്ള ഡാൻസ്.. പ്രാക്ടീസ് ചെയ്തതിലും ഭംഗിയായി എല്ലാവരും ഡാൻസ് കളിച്ചു.. പലപ്പോഴും മാനവിന്റെയും ലനയുടെയും കണ്ണുകൾ ഉടക്കുമ്പോൾ ചിരിയോടെ രണ്ടാളും മുഖം തിരിക്കും.. തിരക്കിനിടയിൽ രണ്ട് കണ്ണുകൾ അവളെ പിന്തുടരുന്നത് അവൾ അറിഞ്ഞിരുന്നില്ല..

**********************

കയ്യിലിരുന്ന ഫോണിലെ വിഡിയോ പ്ലേ ആയി കഴിഞ്ഞതും രതീഷ് കലി അടക്കാനാവാതെ ഫോൺ നിലത്തേക്ക് വലിച്ചെറിഞ്ഞു..

” ഈ പെൺകുട്ടിയെ ഞാൻ മുൻപും കണ്ടിട്ടുണ്ടായിരുന്നു.. കോഫി ഷോപ്പിൽ വെച്ച്.. എവിടെയോ കണ്ടത് പോലെ തോന്നിയെങ്കിലും നിന്റെ ഭാര്യ ആണെന്ന് എനിക്ക് മനസിലായില്ല.. ഇവിടെ വന്ന് നീ ഫോട്ടോ കാണിച്ച് തന്നപ്പോഴും എനിക്ക് പെട്ടന്ന് ഓർമ്മ കിട്ടിയില്ല.. ഇന്ന് കണ്ടപ്പോഴാ.. അവിടെ ആ കല്യാണത്തിന് എനിക്ക് ഒരു ഓട്ടം ഉണ്ടായിരുന്നു.. ”

രതീഷിന്റെ സുഹൃത്ത് രമേശൻ പറഞ്ഞു..

” എന്റെ കണ്ണ് വെട്ടിച്ച് കണ്ടവന്മാരുടെ കൂടെ അഴിഞ്ഞാടി നടക്ക അവൾ.. വാടാ ഇപ്പൊ തന്നെ വിളിച്ചോണ്ട് വരണം അവളെ.. ”

രതീഷ് പല്ല് ഞെരിച്ചു കൊണ്ട് വിപിനെ നോക്കി..

” നിനക്കെന്തെടാ വട്ടുണ്ടോ.. അങ്ങനെ ഓടി ചെല്ലുന്നത് ബുദ്ധി അല്ല.. ”

വിപിൻ അവനെ തടഞ്ഞുകൊണ്ട് പറഞ്ഞു..

” പിന്നെ ഞാൻ എന്ത് വേണമെന്ന നീ പറയുന്നേ..? ”

രതീഷിന്റെ കലി അടങ്ങുന്നുണ്ടായില്ല..

” തത്കാലം സമാധാനമായിരിക്ക്.. ആ വീട്ടിലെ അവസ്ഥയും ചുറ്റുപാടും ഒക്കെ ആദ്യം അറിയണം.. ബലം പ്രയോഗിച്ച് അവളെ കൂട്ടികൊണ്ട് വരാൻ തുനിഞ്ഞാൽ കാര്യങ്ങൾ വഷളാവും.. ബുദ്ധി ആണ് ഇവിടെ പ്രയോഗിക്കേണ്ടത്.. ”

രതീഷ് വിപിനെ നെറ്റിച്ചുളിച്ച് നോക്കി..

” വിപിൻ പറഞ്ഞത് തന്നെയാ എനിക്കും പറയാനുള്ളത്.. വേവുവോളം കാത്തില്ലേ.. ഇനി ആറുവോളം കാത്തൂടെ.. ”

രമേശനും രതീഷിനെ സമാധാനിപ്പിക്കാൻ നോക്കി..
രതീഷ് താടി ഉഴിഞ്ഞുകൊണ്ട് എന്തോ ചിന്തിച്ച് നിന്നു..

( കാത്തിരിക്കുമല്ലോ.. )