രചന – നിള നന്ദ
” താൻ എന്താടോ പറഞ്ഞത്… ഇവളെ കെട്ടണം എന്നോ…? ഇവളെ തെറ്റായ രീതിയിൽ ഒന്ന് നോക്കുകയെങ്കിലും താൻ ചെയ്‌താൽ കൊന്ന് കളയും ഞാൻ… ഇവൾക്ക് ചോദിക്കാനും പറയാനും രണ്ട് ഏട്ടന്മാരും ജീവനോളം ഇവളെ സ്നേഹിക്കുന്ന ഒരാളും ഉണ്ട്… ”
ശിവൻ സെൽവരാജിന്റെ കോളറിൽ പിടിച്ച് കത്തുന്ന കണ്ണുകളോടെ ഉറക്കെ പറഞ്ഞു..
അത്ര നേരം ദേവിനോടുള്ള പക നിറഞ്ഞ് നിന്ന നയനയുടെ കണ്ണിൽ പെട്ടന്ന് സ്നേഹം നിറഞ്ഞു… അലിവോടെ അവൾ ശിവനെ നോക്കി.
ആ കണ്ണുകളിൽ ഇത് വരെ ഇല്ലാത്ത ഭാവം നിറയുന്നത് അവൾ കണ്ടു… ദേഷ്യമോ പകയോ കരുതലോ സ്നേഹമോ… വേർതിരിച്ചെടുക്കാൻ അവൾക്ക് കഴിയുന്നുണ്ടായിരുന്നില്ല…
” കൊള്ളാം… വളരെ മനോഹരമായിരിക്കുന്നു.. ”
കയ്യ് അടിച്ച് കൊണ്ടുള്ള ദേവിന്റെ പരിഹാസം കലർന്ന വാക്കുകൾ കേട്ടപ്പോൾ ആണ് നയന ശിവന്റെ മുഖത്ത് നിന്ന് കണ്ണെടുത്തത്..
” എല്ലാവരും കരുതി കൂട്ടി എന്നെ പെടുത്താൻ നോക്കിയത് ആണ്… പക്ഷേ നിങ്ങൾക്ക് തെറ്റി. എന്തെങ്കിലും കാര്യം ചെയ്യണമെന്ന് തീരുമാനിച്ചിട്ടുണ്ടെങ്കിൽ ഈ ദേവ് അത് എന്ത് വില കൊടുത്തും നടത്തിയിരിക്കും.. ”
ദേവ് എല്ലാവരെയും നോക്കി പുച്ഛത്തോടെ പറഞ്ഞ് നിർത്തിയതും അവിടെക്ക് കുറേ ആളുകൾ കയറി വന്നു… അവരെ കണ്ടതും നയന ഒന്ന് പേടിച്ചെങ്കിലും അരവിന്ദന്റേയും മഹിയുടെയും ശിവന്റെയും മുഖത്ത് ഉണ്ടായിരുന്ന ആത്മവിശ്വാസം അവളിലേക്കും പടർന്നു…
” എന്നടാ ഉനക്ക് ഇവ മേല കാതലാ…? അത് മട്ടും എനക്ക് പുടികാത്.. ഏനാ ഇവ നാൻ കാതലിക്കറ പൊണ്ണ്.. എന്നുടെ പൊണ്ടാട്ടി ആകവേണ്ടിയവൾ… ഇങ്കിരുന്നത് പോയിട്.. ”
ഷർട്ടിന്റെ കോളറിൽ നിന്ന് ശിവന്റെ കൈ എടുത്ത് മാറ്റി ഒരു താക്കിത് പോലെ സെൽവരാജ് പറഞ്ഞു..
” അത് താൻ മാത്രം തീരുമാനിച്ചാൽ മതിയോ.. ഇവളെ കൊണ്ട് പോവാൻ വന്നിട്ടുണ്ടെങ്കിൽ ഞങ്ങൾ കൊണ്ട് പോവും.. ”
പറഞ്ഞതിനൊപ്പം ദേഷ്യം കൊണ്ട് ശിവൻ അയാളെ ആഞ്ഞൊരു തള്ള് കൊടുത്തു.. അടുത്ത് നിന്നിരുന്ന നയനയുടെ കൈ പിടിച്ച് ശിവൻ അവനോട് ചേർത്ത് നിർത്തി..
” എന്റെ പെണ്ണ് ആണ് ഇവൾ… ഈ ശിവൻ ആദ്യമായും അവസാനമായും സ്നേഹിച്ചവൾ.. എന്നും കൂടെ ചേർത്ത് നിർത്താൻ ആഗ്രഹിച്ചവൾ… നിന്റെ ഒന്നും നിഴൽ വെട്ടം പോലും ഇവളുടെ അടുത്ത് വരാൻ ഞാൻ സമ്മതിക്കില്ല… ”
ശിവന്റെ ഉറക്കെയുള്ള സംസാരം കേട്ട് നയന ഒന്ന് ഭയന്നു.. അവന്റെ അങ്ങനെ ഒരു ഭാവം അവൾ ആദ്യമായി കാണുകയായിരുന്നു… അവന്റെ വാക്കുകളിൽ നിന്ന് അവൻ എത്രമാത്രം തന്നെ സ്‌നേഹിക്കുന്നുണ്ടെന്ന് അവൾക്ക് മനസിലായി.. എന്തൊക്കെയോ പറയാൻ മനസ്സ് തുടിക്കുമ്പോഴും ഒന്നും പറയാൻ ആവാതെ വാക്കുകൾ എവിടെയോ തടഞ്ഞു…
ശിവൻ നയനയെ ചേർത്ത് പിടിച്ചിരിക്കുന്നത് കണ്ട് സെൽവരാജ് എഴുനേറ്റ് ശിവന്റെ നെഞ്ച് നോക്കി ചവിട്ടി… അപ്രതീക്ഷിതമായി ആയതിനാൽ ശിവൻ പിന്നോട്ട് വീണു… ശിവൻ പെട്ടന്ന് തന്നെ എഴുനേറ്റ് അയാൾക്ക് നേരേ തിരിഞ്ഞതും അവിടെ കൂടി നിന്ന അയാളുടെ ആളുകൾ മുന്നോട്ട് വന്നു… അരവിന്ദും മഹിയും പിന്നെ നോക്കി നിന്നില്ല… അരവിന്ദ് നയനയെ ഒരു സൈഡിലേക്ക് മാറ്റി നിർത്തി…
പിന്നെ അവിടെ നടന്നത് നല്ല അടി ആയിരുന്നു. വഴക്കും ബഹളവും ഒന്നും ഇഷ്ട്ടമല്ലാതിരുന്നിട്ടും അവർക്ക് കിട്ടുന്ന ഓരോ അടിയും നയന കണ്ട് ആസ്വദിച്ചു.. അത്രമേൽ ഉണ്ടായിരുന്നു അവളുടെ ഉള്ളിലെ വേദന…
ശിവന്റെ ഉള്ളിൽ സെൽവരാജ് നയനയെ വൃത്തികെട്ട രീതിയിൽ നോക്കിയതും പറഞ്ഞതും ഒക്കെ ആയിരുന്നു.. ദേഷ്യം കൊണ്ട് അവൻ അയാളെ ഷർട്ടിന്റെ കോളറിൽ പിടിച്ച് ചേർത്ത് നിർത്തി മുട്ടുകാൽ വെച്ച് വയറിൽ ഇടിച്ചു… വേദന കൊണ്ട് അയാൾ വയറിൽ കൈ വെച്ച് കുനിഞ്ഞിരുന്നു.. ഇത് കണ്ട് അയാളുടെ കൂടെ ഉള്ള ഒരാൾ ശിവന്റെ അടുത്തേക്ക് വന്നതും ഇടത് കാൽ ഉയർത്തി ശിവൻ അവന്റെ കഴുത്തിൽ അടിച്ചു… ആ സമയം പിന്നിൽ നിന്ന് ഒരാൾ ശിവനെ ചവിട്ടിയതും ശിവൻ താഴെ വീണു.. അത് കണ്ട മഹി പെരുമാറി കൊണ്ടിരുന്ന ആളെ മുഖം നോക്കി ഒന്ന് കൊടുത്ത് അയാളെ തള്ളിയിട്ട് ശിവനെ ചവിട്ടിയവനിട്ട് ഒന്ന് കൊടുത്ത് അവനെ പിടിച്ച് എഴുന്നേൽപ്പിച്ചു… പിന്നെ രണ്ട് പേരും അവരെയെല്ലാം പെരുമാറി..
അരവിന്ദ് ദേവിനെ പിടിച്ച് നിർത്തി തലങ്ങും വിലങ്ങും കുറേ തല്ലി.. അവന്റെ ഉള്ളിൽ എല്ലാം പറഞ്ഞ് കരഞ്ഞപ്പോൾ നയനയുടെ കരഞ്ഞു കലങ്ങിയ മുഖം ആയിരുന്നു.. അവളുടെ കണ്ണീർ വീണ് പിടഞ്ഞ തന്റെ നെഞ്ചിലേ വേദന ആയിരുന്നു. പിടിച്ച് മാറ്റാൻ ശ്രെമിച്ച നീരജിനും കണക്കിന് കിട്ടി..
ശിവന്റെയും മഹിയുടെയും അടികൊണ്ട് തളർന്ന സെൽവരാജും അയാളുടെ ആളുകളും പുറത്തേക്ക് ഓടി… അവരെ വിടാതെ പിന്തുടർന്ന് ശിവനും മഹിയും അവരുടെ പുറകെ ഓടി…
” എനിക്ക് നീ എന്റെ മഹിയെ പോലെ തന്നെ ആയിരുന്നു… ഒരു വേർതിരിവും ഞാൻ കാണിച്ചിട്ടില്ല… എങ്ങനെ തോന്നി നിനക്ക് ഒരു പാവം പെണ്ണിനോട് ഇങ്ങനെ ചെയ്യാൻ.. ”
അടി കൊണ്ട് തളർന്ന ദേവിന്റെ മുടിയിൽ പിടിച്ച് മുഖം ഉയർത്തി അരവിന്ദ് അവനോട് ചോദിച്ചു.. രക്തം നിറഞ്ഞ മുഖത്തോടെ ദേവ് അരവിന്ദനെ നോക്കി…
” മോളെ ഇവിടെ വാ… ”
അരവിന്ദ് നയനയെ നോക്കി വിളിച്ചതും അവൾ ഉടനെ അങ്ങോട്ട് ചെന്നു…
” ഇവൻ കാരണം മോള് ഒരുപാട് വേദനിച്ചത് അല്ലേ… കൊടുക്കാൻ ഉള്ളതൊക്കെ മോള് കൊടുത്തോ.. ”
അരവിന്ദ് പറഞ്ഞത് കേട്ട് നയന കുറച്ച് നേരം അവന്റെ മുഖത്തേക്ക് ഉറ്റു നോക്കി.. അവളുടെ മനസ്സിൽ ദേവിനെ ആദ്യമായി കണ്ടതും ഇഷ്ട്ടം പറഞ്ഞ് അവൻ പുറകെ വന്നതും ഒടുവിൽ താൻ അത് അംഗീകരിച്ചതും കൈ കോർത്ത് നടന്നതും സ്വപ്‌നങ്ങൾ പങ്ക് വെച്ചതും ഒടുവിൽ ഇതേ സ്ഥലത്ത് വെച്ച് അവൻ പറഞ്ഞ വാക്കുകളും ചെയ്ത പ്രവർത്തിയും നിറഞ്ഞു.. അതോർത്തതും വേദനയും സങ്കടവും ദേഷ്യം കൊണ്ട് അവൾ കണ്ണുകൾ മുറുക്കെ അടച്ചു… ഒരു നിമിഷം കഴിഞ്ഞ് കണ്ണ് തുറക്കുമ്പോൾ അവളുടെ കണ്ണിൽ അവനോടുള്ള ദേഷ്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ… പിന്നെ ഒരു നിമിഷം ആലോചിക്കാതെ അവൾ കാലിലെ ചെരുപ്പ് ഊരി അവന്റെ രണ്ട് കരണതും മാറി മാറി അടിച്ചു..
” നിന്നെ ഞാൻ തൊടാത്തത് നീ അത്രയ്ക്ക് നികൃഷ്ട ജീവി ആയത് കൊണ്ടാണ്… ഇനി ഒരിക്കലും നിന്നെ എന്റെ കണ്മുന്നിൽ കണ്ട് പോവരുത്… ”
അത്രയും പറഞ്ഞ് അവൾ മുഖം തിരിച്ചു…
” മനസ്സിൽ ഒരു അനിയന്റെ സ്ഥാനം തന്നിരുന്നത് കൊണ്ടും ഒന്നും അറിയാത്ത പാവം നിന്റെ അച്ഛനെയും അമ്മയെയും ഓർത്തിട്ട് ആണ് നിന്നെ കൊല്ലാതെ വിടുന്നത്.. ഇനി ഇത് പോലെ എന്തെങ്കിലും നീ ചെയ്‌താൽ ഇങ്ങനെ ആയിരിക്കില്ല… ”
ദേവിനോട് അത്രയും പറഞ്ഞ് അവനെ തള്ളി മാറ്റി അരവിന്ദ് നയനയുടെയും കൈ പിടിച്ച് പുറത്തേക്ക് നടന്നു…
താഴെ വീണ ദത്തൻ ദേഷ്യം കൊണ്ട് കണ്ണുകൾ മുറുക്കെ അടച്ച് തുറന്നു… കണ്ണ് തുറന്നപ്പോൾ അവൻ കണ്ടത് നേരത്തെ നയനയുടെ കയ്യിൽ നിന്നും വാങ്ങി വലിച്ചെറിഞ്ഞ കത്തി ആയിരുന്നു.. കൈ എത്തിച്ച് അവൻ കത്തി എടുത്തു.. മനസ്സിൽ എന്തൊക്കെയോ തീരുമാനിച്ച് അവൻ കത്തിയിൽ മുറുകെ പിടിച്ചു.. ദേഷ്യവും പകയും പുച്ഛവും ഒക്കെ ആയിരുന്നു അപ്പോഴും അവന്റെ മനസ്സിൽ..
അരവിന്ദ് നയനയെയും കൊണ്ട് പുറത്തേക്ക് ഇറങ്ങിയപ്പോൾ കണ്ടത് ശിവനും മഹിയും ബാക്കിയുള്ളവർക്കിട്ട് പൊട്ടിക്കുന്നത് ആണ്.. നയനയെ അവിടെ നിർത്തി അരവിന്ദ് അവർക്കൊപ്പം കൂടി… എല്ലാവരും അടിയിൽ ശ്രെദ്ധിച്ചിരുന്ന നേരത്ത് ദേവ് പിന്നിലൂടെ വന്ന് നയനയുടെ വായ പൊത്തി.. ആവുന്നത്ര ശ്രെമിച്ചിട്ടും അവൾക്ക് അവന്റെ കൈ വിടുവിക്കാൻ കഴിഞ്ഞില്ല… ബലമായി അവൻ അവളെയും കൊണ്ട് ഒരു സൈഡിലൂടെ ആരും കാണാതെ നടന്നു…
” ശിവേട്ടാ അങ്ങോട്ട് നോക്ക്.. നയന… ”
തല്ലിനിടയിൽ മഹി വിളിച്ച് പറഞ്ഞത് കേട്ട് ശിവൻ മുഖം തിരിച്ച് നോക്കി..
” ഡാ.. ”
ശിവൻ അലറി കൊണ്ട് ദേവിന്റെ അടുത്തേക്ക് ചെല്ലാൻ തുടങ്ങിയതും ദേവ് കത്തി നയനയുടെ കഴുത്തിൽ വെച്ചു…
” അടുത്തേക്ക് വരരുത്… വന്നാൽ കൊന്ന് കളയും ഞാൻ ഇവളെ… പണത്തിന് വേണ്ടിയാ ഞാൻ ഇതൊക്കെ ചെയ്ത്… അയാൾക്ക് ഇവളെ വിൽക്കാൻ നോക്കിയതും ഒക്കെ.. ഇനി അത് നടക്കില്ല.. പക്ഷേ എനിക്ക് ജയിക്കണം. അതിന് ഇവൾ വേണം…, ”
ദേവ് അത് പറഞ്ഞ് കത്തി ഒന്നൂടെ അവളുടെ കഴുത്തിലേക്ക് അടുപ്പിച്ചു… പേടി കൊണ്ട് അവളാകെ വിയർത്തു…
” ദത്താ വേണ്ടാ അവളെ ഒന്നും ചെയ്യരുത്.. അവളെ വെറുതെ വിടുന്നതാ നിനക്ക് നല്ലത്..”
അരവിന്ദ് ദേവിന്റെ അടുത്തേക്ക് നടന്ന് ദേഷ്യത്തിൽ പറഞ്ഞു… അരവിന്ദന്റെ വാക്കുകൾ കേട്ടതും ദേവ് നയനയുടെ കഴുത്തിൽ നിന്ന് കത്തി എടുത്ത് അവളുടെ ഇടത് കൈത്തണ്ടയിൽ വെച്ച് ആഞ്ഞു വലിച്ചു..
” നോ.. ”
ആ കാഴ്ച്ച കണ്ട് സഹിക്കാൻ കഴിയാതെ ശിവൻ ഉറക്കെ ശബ്‌ദിച്ചു… വേദന സഹിച്ച് പിടിച്ച് അവൾ അരവിന്ദനെയും ശിവനെയും മഹിയെയും നോക്കി. മുറിഞ്ഞത് അവളുടെ കയ്യിലെ ഞരമ്പ് മാത്രം ആയിരുന്നില്ല ശിവന്റെ ഹൃദയം കൂടി ആയിരുന്നു.. രക്തം നിലക്കാതെ ഒഴുകി കൊണ്ടിരുന്നത് അവന്റെ ഹൃദയത്തിൽ നിന്ന് കൂടിയായിരുന്നു…
” നയന… ”
വേദനയോടെ അവളെ വിളിച്ച് അടുത്തേക്ക് ചെല്ലാൻ നിന്ന ശിവനെ അരവിന്ദ് തടഞ്ഞു.. ഇനിയും ദേവ് അവളെ ഉപദ്രവിക്കുമോ എന്ന ചിന്ത ആയിരുന്നു അവന്…
” അച്ചു… എന്റെ നയന… ”
കയ്യിൽ നിന്ന് രക്തം വാർന്ന് തളർന്ന നയനയെ നോക്കി ശിവൻ അരവിന്ദനോട് തളർച്ചയോടെ പറഞ്ഞു…
” ഇനി ആരെങ്കിലും മുന്നോട്ട് ഒരടി വെച്ചാൽ കയ്യിലെ ഞരമ്പ് മുറിഞ്ഞത് പോലെ കഴുത്തിലേത് ആവും മുറിയുന്നത്… ”
” എടാ നിന്നെ ഞാൻ.. ”
അച്ചുവിന്റെ കൈ വിടുവിച്ച് ശിവൻ മുന്നോട്ട് ഒരടി വെച്ചതും ദേവ് നയനയുടെ വലത്തെ കൈ തണ്ടയിലും കത്തി കൊണ്ട് വരഞ്ഞു..
” നയനാ.. ”
വേദന കൊണ്ട് കണ്ണുകൾ മുറുകെ അടച്ചു നിൽക്കുന്ന നയനയെ നോക്കി ശിവൻ പതിയെ വിളിച്ചു..
വല്ലാതെ പിടഞ്ഞു പോയിരുന്നു അവന്റെ ഉള്ളം..
” ഇനി ഒരടി മുന്നോട്ട് വെച്ചാൽ.. ”
ദേവ് കത്തി നയനയുടെ കഴുത്തിലേക്ക് വീണ്ടും വെച്ചു… ശിവനും അരവിന്ദും ഒന്നും ചെയ്യാൻ കഴിയാതെ വേദനയോടെ നയനയെ നോക്കി നിന്നു…
ഇതെല്ലാം കണ്ട് നിന്ന മഹി ദേവ് കാണാതെ സൈഡിലൂടെ പോയി പിന്നിൽ ചെന്ന് അവന്റെ കയ്യിൽ ബലമായി പിടിച്ച് കത്തി വാങ്ങി…
” എന്റെ പെങ്ങളെ നീ.. ”
അത് പറഞ്ഞ് മഹി ദേവിനെ ഒരു ചവിട്ട് ആയിരുന്നു… അപ്പോഴേക്കും അരവിന്ദും ശിവനും അങ്ങോട്ട് വന്നു… അവരെ കണ്ടതും ദേവ് എഴുനേറ്റ് ഓടി. അരവിന്ദും മഹിയും അവന്റെ പുറകെ തന്നെ ഉണ്ടായിരുന്നു… പുറകിലേക്ക് തിരിഞ്ഞ് നോക്കി ഓടുന്നതിനിടയിൽ ദേവിനെ പാഞ്ഞു വന്ന ഒരു ലോറി ഇടിച്ച് താഴെ ഇട്ടു…
തളർന്ന് താഴെ വീണ നയനയെ ശിവൻ എടുത്ത് മടിയിൽ കിടത്തി… ഉടുത്തിരുന്ന മുണ്ടിന്റെ ഒരറ്റം കീറി അവൻ അവളുടെ രണ്ട് കയ്യിലും കെട്ടി.. ഒരിക്കലും നിറഞ്ഞു കാണരുത് എന്ന് ആഗ്രഹിച്ച അവളുടെ കണ്ണിലെ കണ്ണുനീർ അവനെ നോവിച്ചു.. അവളുടെ മുഖത്ത് തെളിയുന്ന വേദന അവന്റെ ഉള്ള് പിടച്ചു..
” തനിക്ക് ഒന്നും വരില്ലടോ… പേടിക്കാതെ ഞാൻ ഇല്ലേ… ”
വേദനിക്കിടയിലും അവൻ അവളെ സമാധാനിപ്പിച്ചു…
” ശിവേട്ടാ… ഞാൻ… എനിക്ക്….ഒരു കാര്യം..”
പറഞ്ഞ് മുഴുവൻ ആക്കുന്നതിന് മുൻപ് നയനയുടെ കണ്ണുകൾ അടഞ്ഞു… വേദനയോടെ അവൻ അവളെ നെഞ്ചോട് ചേർത്തു…
*******************
പതിയെ കണ്ണ് തുറന്ന് നയന ചുറ്റും കണ്ണോടിച്ചു.. താൻ ഹോസ്പിറ്റലിൽ ആണെന്ന് തിരിച്ചറിഞ്ഞതും അവൾ കഴിഞ്ഞ കാര്യങ്ങൾ വീണ്ടും ഓർത്തു… രണ്ട് കൈ തണ്ടയിലും കെട്ടി വെച്ചിരിക്കുന്ന മുറിവിലേക്ക് അവളുടെ നോട്ടം ചെന്നു… വല്ലാത്തൊരു വേദന.. കണ്ണ് രണ്ടും ഒന്ന് ഇറുക്കെ അടച്ച് തുറന്നു..
” മോള് ഉണർന്നോ…? ”
മദറിന്റെ ചോദ്യം കേട്ടതും നയന മുഖം ഉയർത്തി നോക്കി..
” രണ്ട് ദിവസം ആയി മോള് ഉണരുന്നതും നോക്കി എല്ലാവരും കാത്തിരിക്കുന്നു… ഞാൻ പോയി എല്ലാവരെയും വിളികാം…, ”
മദർ പുറത്തിറങ്ങി അൽപ്പം കഴിഞ്ഞതും എല്ലാവരും റൂമിലേക്ക് വന്നു…
” ഇപ്പൊ എങ്ങനെ ഉണ്ട് മോളെ..? ”
അരവിന്ദ് നയനയുടെ നെറുകയിൽ തലോടി ചോദിച്ചു..
” ഓക്കേ ആണ് ഏട്ടാ..”
പുഞ്ചിരിച്ചോണ്ട് നയന മറുപടി പറഞ്ഞു..
” എന്തിനാടി എല്ലാം ഒറ്റയ്ക്ക് സഹിച്ചത്.. എന്നോടെങ്കിലും എല്ലാം പറയായിരുന്നില്ലേ.. ”
മീനു അവളുടെ അടുത്ത് ഇരുന്ന് പരിഭവം പറഞ്ഞു…
” എന്താ ലച്ചു ഇത്.. എല്ലാം കഴിഞ്ഞില്ലേ.. ഇനി
എന്തിനാ അതൊക്കെ പറയുന്നത്… ”
ദേവകി മീനുവിനെ ശാസനയോടെ നോക്കി…
ദേവകിയോടും രാമനാഥനോടും സംസാരിക്കുമ്പോഴും നയനയുടെ കണ്ണുകൾ ആരെയോ പ്രതീക്ഷിച്ച് ഡോറിന്റെ അടുത്തേക്ക് പോയി കൊണ്ടിരുന്നു…
” ആരെയാണ് മോളെ നീ ഈ നോക്കുന്നത്..? ”
ശിവനെ ആണ് നോക്കുന്നത് എന്നറിഞ്ഞിട്ടും മഹി മനസിലാവാത്ത പോലെ നയനയോട് ചോദിച്ചു..
” ഞാനോ… ഞാൻ ആരെ നോക്കാൻ.. മാഹിയെട്ടന് വെറുതെ തോന്നിയത് ആവും. ”
അവനെ നോക്കാതെ നയന മറുപടി കൊടുത്തു.
” ആണോ… ഞാൻ ഓർത്തു നീ ശിവേട്ടനെ നോക്കാണെന്ന്.. ”
മഹി അപ്പൊ തന്നെ പറഞ്ഞു..
” ഞാൻ എന്തിനാ ശിവേട്ടനെ നോക്കുന്നത്… അല്ല പറഞ്ഞ പോലെ ആള് എവിടെ… ഞാൻ ഇപ്പോഴാ ഓർക്കുന്നേ… ”
ഒന്നും അറിയാത്ത പോലുള്ള നയനയുടെ ചോദ്യം കേട്ട് എല്ലാവരും അടക്കി ചിരിക്കുവായിരുന്നു…
” നീ ശിവേട്ടനെ ഓർത്തതെ ഇല്ലല്ലോ പിന്നെ എന്തിനാ അറിയുന്നേ..? ”
മീനു ആണ്…
” ആ അതന്നെ..”
മഹി മീനുവിനെ പിന്താങ്ങി..
” പറയാൻ പറ്റുമെങ്കിൽ പറയ്… ഇല്ലെങ്കിൽ വേണ്ട.. ”
നയന മുഖം വീർപ്പിച്ച് ഒരു വശത്തേക്ക് മുഖം തിരിച്ചിരുന്നു..
” അവൻ രണ്ട് ദിവസം ഇവിടെ ഉണ്ടായിരുന്നു മോളെ… ഇന്ന് അത്യാവശ്യം ആയി നാട്ടിൽ പോവേണ്ടത് കൊണ്ട് രാവിലെ പോയതാ.. ”
നയനയുടെ അടുത്തേക്ക് വന്ന് അരവിന്ദ് പറഞ്ഞു. ഒന്ന് ചിരിച്ചതല്ലാതെ അവൾ ഒന്നും പറഞ്ഞില്ല… പക്ഷേ മനസ്സ് അവനെ കാണാൻ തുടിക്കുകയായിരുന്നു..
” മോൾക്ക് വേറൊരു ഹാപ്പി ന്യൂസ് ഉണ്ട്..,”
അരവിന്ദ് അവൾക്ക് നേരേ ഒരു പത്രം നീട്ടി കൊണ്ട് പറഞ്ഞു…
അവൾ അത് വാങ്ങി വാർത്തയിലൂടെ കണ്ണോടിച്ചു…
പെൺവാണിഭ സംഘം പിടിയിൽ…
സെൽവരാജിനേയും കൂട്ടാളികളെയും അറസ്റ്റ് ചെയ്തതും റിമാൻഡ് ചെയ്തതും എല്ലാം അവൾ വായിച്ചു… നീരജിന്റെ പേര് ഉൾപ്പെടെ ഉണ്ടായിട്ടും ദേവിന്റെ പേര് ഇല്ലെന്ന് കണ്ടതും അവൾ നെറ്റി ചുളിച്ച് അരവിന്ദനെ നോക്കി..
” മോളുടെ മനസ്സിൽ എന്താണെന്ന് ഏട്ടന് അറിയാം. അതിനുള്ള ഉത്തരം ഇവിടെ തന്നെ ഉണ്ട് വാ… ”
അരവിന്ദ് നയനയെയും കൂട്ടി പുറത്തിറങ്ങി. അവർ നേരേ പോയത് ഐ സി യൂ വിന്റെ മുൻപിലേക്ക് ആയിരുന്നു.. അവിടെ രാധികയെയും രവിയേയും കണ്ടതും സംശയത്തോടെ അവൾ അരവിന്ദനെ നോക്കി..
” ഞങ്ങളുടെ അടുത്ത് നിന്ന് ദത്തൻ ഓടിയപ്പോൾ എതിരെ വന്ന ഒരു ലോറി ഇടിച്ചു. സീരിയസ് ആയി അവൻ ഇവിടെ ആയിരുന്നു.”
അരവിന്ദ് അവളെയും കൂട്ടി രാധികയുടെ അടുത്തേക്ക് നടന്നു.. നയനയെ കണ്ടതും രാധിക കരഞ്ഞു കൊണ്ട് അവളുടെ അടുത്തേക്ക് ചെന്നു…
” എല്ലാം ഞാൻ അറിയാൻ വൈകി പോയി.. മോളോട് അവൻ ചെയ്തതിന് അമ്മ മാപ്പ് ചോദിക്കുന്നു… എല്ലാം അറിഞ്ഞപ്പോൾ അവനെ ഉപേക്ഷിച്ചത് ആണ്… പക്ഷേ ഇങ്ങനെ ഒരു അവസ്ഥയിൽ.. എന്തൊക്കെ പറഞ്ഞാലും നൊന്ത് പെറ്റതല്ലേ… ”
രാധിക നയനയുടെ രണ്ട് കയ്യും കൂട്ടി പിടിച്ച് തേങ്ങി… ഒന്നും മിണ്ടാതെ അവൾ അങ്ങനെ തന്നെ നിന്നു…
” മോളോട് ചെയ്തതിനൊക്കെ അവന് ദൈവം തന്നെ ശിക്ഷ കൊടുത്തു… ഇനി അവൻ ഒരിക്കലും ബെഡിൽ നിന്ന് എഴുനേൽക്കില്ല എന്നാ ഡോക്ടർ പറഞ്ഞത്… പറ്റുമെങ്കിൽ മോള് അവനോട് ക്ഷമിക്കണം… ”
നയനയുടെ മുഖത്ത് നോക്കാതെ രവി പറഞ്ഞു…
” മോൾക്ക് അവനെ കാണണോ…? ”
അരവിന്ദ് അവളെ നോക്കി ചോദിച്ചു. മറുപടിയായി വേണ്ടെന്ന് അവൾ തലയാട്ടി..
” എനിക്ക് ഇനി അവനെ കാണണ്ട ഏട്ടാ.. ഒരു അവസ്ഥയിലും.. നമുക്ക് പോവാം.. ”
രാധികയോടും രവിയോടും ഒന്നും മിണ്ടാതെ നയന അരവിന്ദന്റെ ഒപ്പം തിരിച്ച് നടന്നു. ദേവിനോട് ക്ഷമിക്കാൻ കഴിഞ്ഞില്ലെങ്കിലും എന്നന്നേക്കും ആയി അതൊരു അടഞ്ഞ അദ്ധ്യായം ആയി കഴിഞ്ഞിരുന്നു…
( തുടരും )

by