17/04/2026

ശിവനയനം : ഭാഗം 24

രചന – നിള നന്ദ

സ്കൂളി ലേക്ക് പോവാൻ ഇറങ്ങിയ നേരത്താണ് ശിവന്റെ ഫോണിലേക്ക് അരവിന്ദന്റെ ഫോൺ വന്നത്.. ഫോണിലൂടെ അരവിന്ദ് പറഞ്ഞ കാര്യം കേട്ട് ശിവൻ ഒന്നും മിണ്ടാതെ അകത്തേക്ക് കയറി..

” എന്താ ശിവാ.. സ്കൂളിൽ പോവുന്നില്ലേ ഇന്ന്. ? ”

അകത്തേക്ക് കയറിയ ശിവനെ നോക്കി കൃഷ്ണന്മാഷ് ചോദിച്ചു..

” ഇല്ല അച്ഛാ.. ഞാൻ ഇന്ന് ലീവ് ആണ്.. എനിക്ക് അത്യാവശ്യം ആയി ഒരിടം വരെ പോവാൻ ഉണ്ട്.. ”

ശിവൻ അച്ഛനെ നോക്കി പറഞ്ഞു..

” എന്താ മോനെ എന്തെങ്കിലും പ്രശ്നം ഉണ്ടോ..? ”

മാലതി അവർക്കിടയിലേക്ക് വന്നു..

” ഒരു പ്രശ്നവും ഇല്ല അമ്മേ.. ഞാൻ ഒരു അത്യാവശ്യതിന് പോവുന്നത് ആണ്. വരാൻ കുറച്ച് താമസിക്കും.. ”

ശിവൻ അത്രയും പറഞ്ഞ് പെട്ടന്ന് പുറത്ത് ഇറങ്ങി..

” കൃഷ്ണേട്ടാ… അവന്റെ പോക്ക് കണ്ടിട്ട് എനിക്ക് എന്തോ പേടി ആവുന്നു.. എന്തോ പ്രശ്നം ഉണ്ടാകാൻ ഉള്ള പോക്ക് ആണെന്ന്. ”

ശിവൻ പോവുന്നത് നോക്കി മാലതി മാഷിനോട് പറഞ്ഞു..

” ഇങ്ങനെ പേടിക്കാതെ എന്റെ മാലതി.. ശരിയായ കാര്യത്തിന്റെ ഒപ്പമേ എന്റെ മോൻ നിൽക്കൂ.. അങ്ങനെയുള്ളപ്പോൾ എന്തിന് പേടിക്കണം.. ”

മാഷ് മാലതിയെ ആശ്വസിപ്പിച്ചു… ഒന്നും പറയാതെ എല്ലാം കേട്ട് നിന്നെങ്കിലും മാലതിയുടെ ഉള്ളിൽ എന്തിനോ ഒരു പേടി കടന്ന് കൂടി… അരുതാത്ത എന്തോ നടക്കാൻ പോവുന്നത് പോലെ ഒരു തോന്നൽ..

********************

” എന്താടാ നിന്റെ മുഖത്തിന്‌ ഒരു തെളിച്ചം ഇല്ലാത്തത്… കുറേ നാളുകൾക്ക് ശേഷം നീ നിന്റെ ദേവിന്റെ കൂടെ പോവുന്നത് അല്ലേ.. അപ്പൊ സന്തോഷിക്കുക അല്ലേ വേണ്ടത്.. ”

റൂമിൽ ഇരിക്കുന്ന നയനയുടെ അടുത്തേക്ക് മീനു വന്നു…

സന്തോഷം… അവൻ എന്നെ കൊല്ലാകൊല ചെയ്യാൻ ആണ് കൊണ്ട് പോവുന്നത്… അതറിഞ്ഞിട്ട് ഞാൻ എങ്ങനെ സന്തോഷിക്കാൻ ആണ്… മീനുവിനെ നോക്കി നയന മനസ്സിൽ ഓർത്തു..

” എനിക്ക് അറിയാം നിന്റെ വിഷമം എന്താണെന്ന്.. ഒന്നും ഓർമ്മ ഇല്ലാത്തത് അല്ലേ.. ഇനിയും അതോർത്ത് നീ വിഷമിക്കണ്ട.. എന്റെ മനസ്സ് പറയുന്നു ഈ യാത്രയോടെ എല്ലാം ശരി ആവുമെന്ന്.. ഒരിക്കൽ നിങ്ങൾ ഒരുമിച്ച് നടന്ന വഴികളിലൂടെ ഒരിക്കൽ കൂടി പോവുമ്പോൾ എല്ലാം നിനക്ക് ഓർമ്മ കിട്ടും.. ”

മീനു നയനയുടെ കവിളിൽ തലോടി.. അവൾക്ക് വേണ്ടി നയന ഒന്ന് ചിരിച്ചെന്ന് വരുത്തി… അവൾക്ക് വേണ്ടി മാത്രം…

” ഇനി എന്റെ മോള് ഈ സങ്കടം എല്ലാം കളഞ്ഞ് സന്തോഷം ആയി റെഡി ആയിക്കോ. ദേവേട്ടൻ അവിടെ നിന്നെയും കാത്തിരിക്കാ… ”

ഒരു കള്ള ചിരിയാലെ മീനു നയനയോട് പറഞ്ഞ് റൂമിന് പുറത്തേക്ക് ഇറങ്ങി.. ആ സമയം നയനയുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നു.. കണ്ണുകളിൽ അവനോടുള്ള പക നിറഞ്ഞു… അവൾ എഴുനേറ്റ് ബെഡിനടിൽ സൂക്ഷിച്ച് വച്ചിരുന്ന കത്തി എടുത്ത് അതിലേക്ക് കുറച്ച് നേരം സൂക്ഷിച്ച് നോക്കി.. എന്തോ തീരുമാനിച്ച് ഉറപ്പിച്ചത് പോലെ അവൾ അത് ഹാൻഡ് ബാഗിൽ വെച്ചു…

” തിരികെ വരുമ്പോൾ ഓർഫനേജിൽ കയറി മദറിനെയും എല്ലാവരെയും കണ്ടോളോ.. ”

ദേവിന്റെ ഒപ്പം കാറിൽ കയറാൻ നേരം മീനു നയനയോട് പറഞ്ഞു..

” ഓഹ് അതിനെന്താ ഞാൻ കൊണ്ട് പോയ്കോളാം.. ”

ദേവ് മീനുവിനോട് മറുപടി പറഞ്ഞു..

നയന എല്ലാവരെയും നോക്കി പോകുവാണെന്നു പറഞ്ഞു.. അരവിന്ദനെ നോക്കിയപ്പോൾ അവൻ ഒരു നനഞ്ഞ ചിരി നൽകി… കാറിൽ കയറുമ്പോൾ എന്ത്‌ കൊണ്ടോ നയനയുടെ ഉള്ള് പിടഞ്ഞു… ദേവിന്റെ ഒപ്പം ഫ്രണ്ട് സീറ്റിൽ ഇരിക്കുമ്പോൾ മിററിൽ കൂടി അവൾ കണ്ടു… അവരുടെ അടുത്തേക്ക് വരുന്ന ശിവനെ… അവൻ അടുത്ത് എത്തുമ്പോഴേക്കും ദേവ് വണ്ടി മുന്നോട്ട് എടുത്തിരുന്നു…

************************

” എന്താടോ ഇത്.. എന്തെങ്കിലും ഒക്കെ സംസാരിച്ചൂടെ.. മുൻപ് താൻ ഇതിനേക്കാൾ നന്നായി സംസാരിക്കുമായിരുന്നല്ലോ..”

ഡ്രൈവിങ്ങിന് ഇടയിൽ ദേവ് നയനയോട് ചോദിച്ചു…

” അത്.. അത് എനിക്ക് എന്താ പറയേണ്ടത് എന്ന് അറിയില്ല അതാ… ”

ഉള്ളിലെ അമർഷം ഒതുക്കി ഒരുവിധം അവൾ മറുപടി പറഞ്ഞു..

” തനിക്ക് ഞാൻ ഇപ്പോഴും അന്യൻ ആണല്ലോ.. അതല്ലേ ഈ മൗനം…”

നയന അത് കേട്ടിട്ടും ഒന്നും മിണ്ടാതെ ഇരുന്നു.

” താൻ മുൻപും ഇങ്ങനെ തന്നെ ആയിരുന്നു. അധികം ഒന്നും സംസാരിക്കില്ല.. ഞാൻ എത്ര ഇഷ്ട്ടം പറഞ്ഞ് വന്നിരിക്കുന്നു.. അപ്പോഴൊക്കെ അധികവും മൗനം ആയിരുന്നു മറുപടി. അതല്ലെങ്കിൽ ഒന്നോ രണ്ടോ വാക്കിൽ എതിർക്കും.. ദേഷ്യപ്പെട്ടാണെങ്കിലും എന്നോട് നീ ഒന്ന് സംസാരിച്ചിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചിട്ടുണ്ട്.. ”

ദേവിന്റെ വാക്കുകൾ കേട്ട് നയനയുടെ ഉള്ള് ദേഷ്യം കൊണ്ട് വിറക്കുകയായിരുന്നു.. പ്രതികരിക്കാൻ ഉള്ള സമയം ഇതല്ലാത്തതിനാൽ എല്ലാം അവൾ ഉള്ളിൽ ഒതുക്കി..

” തനിക്ക് ജോലി കിട്ടി എന്നറിഞ്ഞു വീണ്ടും തന്റെ മുന്നിൽ വരുമ്പോൾ എനിക്ക് ഒരു പ്രതീക്ഷയും ഇല്ലായിരുന്നു താൻ എന്റെ ഇഷ്ട്ടം അംഗീകരിക്കും എന്ന്. പക്ഷേ താൻ എന്നെ ഞെട്ടിച്ചു കളഞ്ഞു… ഞാൻ എത്ര മാത്രം സന്തോഷിച്ചു എന്നറിയോ… പക്ഷേ ഒരു ആക്‌സിഡന്റിൽ എല്ലാം തീർന്നു… ഒരുപാട് അനേഷിച്ചു… ഒടുക്കം ഇവിടെ ഉണ്ടെന്ന് അറിഞ്ഞപ്പോൾ ഒരുപാട് സന്തോഷം തോന്നി.. ഇനി ഒരിക്കലും ഞാൻ തന്നെ നഷ്ട്ടപെടുത്തില്ല.. ”

ദേവ് പരമാവധി വിനയം കലർത്തി പറഞ്ഞു..

” എനിക്ക്… എനിക്ക് ഒന്നും ഓർമ്മ ഇല്ല… ഇതൊന്നും എനിക്ക് കേൾക്കണ്ട പ്ലീസ്.. ”

നയന അത്രയും പറഞ്ഞ് മുഖം തിരിച്ച് സീറ്റിൽ ചാരി കണ്ണുകളടച്ചു…

ദേവ് ഓർമ്മപെടുത്തിയ ദിവസങ്ങൾ അവൾ വീണ്ടും ഓർത്തു… ജീവിതത്തിലെ ഏറ്റവും ശപിക്കപ്പെട്ട ദിവസങ്ങൾ…

കുറച്ച് ദൂരം പിന്നിട്ടതിന് ശേഷം വണ്ടി നിർത്തുന്നതായി തോന്നിയതും നയന കണ്ണ് തുറന്ന് നോക്കി..

” എന്താ ഇവിടെ നിർത്തിയത്..? ”

പുറത്തേക്ക് നോക്കി അവൾ ചോദിച്ചു..

” സമയം കുറേ ആയില്ലേ എന്തെങ്കിലും കഴിച്ചിട്ട് പോവാം.. ”

അത് പറഞ്ഞ് ദേവ് പുറത്തേക്ക് ഇറങ്ങി..
താല്പര്യം ഇല്ലാതിരുന്നിട്ടും അവന് ഒരു സംശയം തോന്നാതിരിക്കാൻ അവളും ഇറങ്ങി.

അവന് ഓപ്പോസിറ്റ് ആയിട്ടുള്ള സീറ്റിൽ ആണ് നയന ഇരുന്നത്…

” ഇവിടെ റേഞ്ച് കിട്ടുന്നില്ല. ഞാൻ ഒരു ഫോൺ ചെയ്തിട്ട് വരാം.. ”

ഫുഡിന് ഓർഡർ കൊടുത്ത് അവൻ അവളോട് പറഞ്ഞു. മറുപടി ആയി അവളൊന്ന്‌ മൂളി…

പുറത്ത് ഇറങ്ങി അവൻ നീരജിന്റെ നമ്പറിലേക്ക് ഡയൽ ചെയ്തു.. രണ്ട് റിംഗ് കഴിഞ്ഞപ്പോഴേക്കും നീരജ് ഫോൺ എടുത്തു.

” അളിയാ എന്തായി കാര്യങ്ങൾ. എല്ലാം ഓക്കേ അല്ലേ..? ”

ഫോൺ എടുത്തതും നീരജിന്റെ ചോദ്യം.

” ഇവിടെ എല്ലാം സെറ്റ് ആണ് അളിയാ.. അവിടത്തെ കാര്യങ്ങൾ എന്തായി.. ”

ദേവ് തിരിച്ച് ചോദിച്ചു.

” ഇവിടെ എല്ലാം ഓക്കേ ആണ്. സെൽവരാജ് അവളെ കാണാൻ കൊതിച്ച് നിൽക്കാണ്.. അവൾ എവിടെ… ”

” ആ മാൻപേട എന്റെ കൂടെ ഉണ്ട്.. പാവം ഉണ്ടാവാൻ പോവുന്ന ട്വിസ്റ്റിനെ പറ്റി ഒന്നും അവൾക്ക് അറിയില്ലല്ലോ.. ”

ദേവ് തിരിഞ്ഞു വിൻഡോയിലൂടെ നയനയെ നോക്കി പുച്ഛിച്ചു..

നീരജിനോട് സംസാരിച്ച് ദേവ് തിരികെ വന്ന് നയനയ്ക്ക് ഓപ്പോസിറ്റ് ചെന്നിരുന്നു.

” താൻ എന്താ ഒന്നും കഴിക്കാത്തത്.. കഴിക്കാടോ.. ”

ഫുഡ് നോക്കി എന്തോ ആലോചിച്ചിരിക്കുന്ന നയനയെ നോക്കി ദേവ് ചോദിച്ചു..
അവൾ ഒന്നും പറയാതെ പേരിന് എന്തൊക്കെയോ കഴിച്ചെന്നു വരുത്തി..

പിന്നീടുള്ള യാത്രയിൽ രണ്ട് പേരും ഒന്നും പറഞ്ഞില്ല… സമയം പോവുന്നതിന് അനുസരിച്ച് അവളുടെ ഹൃദയമിടിപ്പും കൂടി വന്നു..

ഒരു ഇരുനില വീടിന് മുമ്പിൽ ചെന്നാണ് കാർ നിന്നത്.. പുറത്തിറങ്ങി ദേവ് നയനയുടെ സൈഡിലെ ഡോർ തുറന്ന് കൊടുത്ത് ഇറങ്ങാൻ പറഞ്ഞു. പുറത്തിറങ്ങി നോക്കിയ നയന ആ വീട് കണ്ട് ഞെട്ടി.. മാസങ്ങൾക്കു മുൻപ് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ട്ടം സംഭവിച്ചത് ഇവിടെ വെച്ചാണെന്ന് അവൾ ഓർത്തു.. അവളുടെ നിൽപ്പ് കണ്ട് ദേവ് നയനയെ ഒന്ന് പുച്ഛിച്ചു..

” എന്തിനാ… എന്തിനാ ഇങ്ങോട്ട് വന്നത്..? ”

വിറയലോടെ അവൾ ചോദിച്ചു..

” നമ്മുടെ ഒരുപാട് ഓർമ്മകൾ ഉള്ള ഇടം ആണ് ഇത്. നിനക്ക് ഒന്നും ഓർമ്മ ഇല്ലെങ്കിലും ഇവിടെ ഒന്ന് കയറാതെ പോവുന്നത് എങ്ങനെയാ… ”

ദേവ് നയനയുടെ കയ്യിൽ പിടിച്ച് ഡോർ തുറന്ന് അകത്ത് കയറി.

” ഈ സ്ഥലം ഓർമ്മ വരുന്നുണ്ടോ നയന മോൾക്ക്…? ”

അവളെ പൂട്ടിയിട്ട് കീഴ്പ്പെടുത്തിയ റൂമിൽ ചെന്ന് അവൻ അവളുടെ കാതോരം ചോദിച്ചു..

” എങ്ങനെ മറക്കാൻ ആണ് ദേവ്…. ഇവിടെ വെച്ച് അല്ലേ എനിക്ക് എന്നെ നഷ്ട്ടമായത്.. നീ… നീ എല്ലാം തട്ടി എടുത്തത്..? ”

മുഖം തിരിച്ച് അവൾ അവനെ രൂക്ഷമായി നോക്കി… അവളുടെ മറുപടി കേട്ട് അവൻ ഒന്ന് ഞെട്ടി അവളെ നോക്കി… പതിയെ അതൊരു പൊട്ടി ചിരിയിലേക്ക് എത്തി…

” നീ ഈ നാടകം എപ്പോൾ അവസാനിപ്പിക്കും എന്ന് നോക്കി ഇരിക്കുകയായിരുന്നു ഞാൻ.. നീ എന്താടി ചൂലേ കരുതിയത് എല്ലാവരെയും പറ്റിക്കുന്നത് പോലെ എന്നെയും പറ്റിക്കാം എന്നോ… നിനക്ക് തെറ്റി ഇത് ദേവ് ആണ്… ”

അവളുടെ മുടിയിൽ ഇടത്തേ കൈ കൊണ്ട് അമർത്തി അവൻ ചീറി…

” നിന്നെ കെട്ടിച്ച് തരാൻ പറഞ്ഞ് വന്ന അന്ന് നിന്റെ കണ്ണിൽ നിന്ന് ഞാൻ തിരിച്ചറിഞ്ഞതാ നിനക്ക് എല്ലാം ഓർമ്മ വന്നെന്ന്.. അതാ എന്റെ പ്ലാനിങ്ങിൽ കുറച്ച് മാറ്റം വരുത്തി നിന്നെ പെട്ടന്ന് അവിടന്ന് ഇറക്കിയത്… ഒരിക്കൽ കൂടി അന്നത്തെ പോലെ നിന്നെ ഒന്ന് ശരിക്ക് കാണണം എന്നുണ്ടായിരുന്നു.. വേണ്ട… നിന്നെ കാണേണ്ട ആൾ ഇപ്പോ ഇങ്ങ് എത്തും..”

ദേവ് അവളെ ആകെ ഒന്ന് നോക്കി.. പിന്നെ എന്തോ പറയാൻ വന്നതും അവന്റെ ഫോൺ റിംഗ് ചെയ്തു. അവളെ ഒന്ന് നോക്കി അവൻ ഫോൺ എടുത്ത് കുറച്ച് മാറി നിന്നു.. ആ സമയം നയന ബാഗിൽ നിന്ന് കത്തി എടുത്ത് കയ്യിൽ മുറുക്കെ പിടിച്ചു…

” അവരിപ്പോ ഇങ്ങെത്തും.. നിന്നെ കാണാൻ അയാള് കുറേ ആയി കാത്തിരിക്കുന്നു… എന്തായാലും അയാളുടെ കാത്തിരിപ്പ് വെറുതെ ആയില്ല… അവിടെ നിന്ന് നീ ഒന്ന് നന്നായിട്ടുണ്ട്.. ”

നയനയുടെ അടുത്തേക്ക് വന്ന് അവൻ പറഞ്ഞു..

” അവര് വരുമ്പോൾ കാണാൻ പോവുന്നത് നിന്റെ ശവം ആണ്… ”

നയന പിന്നിൽ ഒളിപ്പിച്ചിരുന്ന കത്തി അവന് നേരേ വീശി… അത് പ്രതീക്ഷിച്ചിരുന്നത് പോലെ പെട്ടന്ന് അവൻ അവളുടെ കയ്യിൽ കയറി പിടിച്ചു..

” എന്താ നയന മോളെ ഇത്… നിനക്ക് ഇനിയും എന്നെ മനസിലായില്ലേ… എല്ലാം ഓർമ്മ വന്ന് എന്റെ കൂടെ വന്ന നയന ഇത് പോലെ എന്തെങ്കിലും ചെയ്യും എന്ന് എനിക്ക് അറിയാമായിരുന്നു… പക്ഷേ ഈ ദേവിനെ തോൽപ്പിക്കാൻ ഇതൊന്നും പോരാ…. മോള് എന്റെ കയ്യിന്ന് വാങ്ങാതെ അവിടെ ഒതുങ്ങി ഇരിക്ക്… ”

ദേവ് അവളുടെ കയ്യ് മുറുക്കെ പിടിച്ച് കത്തി വാങ്ങി വലിച്ചെറിഞ്ഞു…. കാളിങ് ബെല്ലിന്റെ ശബ്‌ദം കേട്ട് ദേവ് അവളുടെ കയ്യിലെ പിടി വിട്ട് റൂമിന് പുറത്തിറങ്ങി പോയി വാതിൽ തുറന്നു…

” എങ്കടാ എൻ രാസാത്തി… എത്താനാ നാളാ നാൻ അവളെ പകർത്തിക്ക് തുടിച്ചിട്ടിറുക്കത്.. ”

അകത്തേക്ക് കയറിയതും ചുറ്റും കണ്ണോടിച്ച് സെൽവരാജ് ചോദിച്ചു… കൂടെ അയാളുടെ രണ്ട് വാലും നീരജും ഉണ്ടായിരുന്നു…

” റൂമിൽ ഉണ്ട് അണ്ണൻ വാ… ”

ദേവ് അയാളെയും കൂട്ടി റൂമിലേക്ക് നടന്നു..

എന്ത്‌ ചെയ്യും എന്നറിയാതെ റൂമിൽ ടെൻഷൻ അടിച്ച് നിൽക്കുകയായിരുന്നു നയന… റൂമിന്റെ ഡോർ തുറന്ന് അവർ അകത്ത് കയറിയതും ഞെട്ടലോടെ മുഖം ഉയർത്തി നോക്കി…

” ഉന്നൈ പകർത്തിക്ക് നാൻ എത്തന നാള കാത്തിട്ടിർക്ക് തെരിയുമാ… നീ നാ എനക്ക് അവളോ കാതൽ…, ”

സെൽവരാജ് അവളുടെ അടുത്ത് വന്ന് പറഞ്ഞതും അറപ്പോടെ അവൾ മുഖം തിരിച്ചു..

” നീ എന്തിനാടി ഇങ്ങനെ മുഖം തിരിക്കുന്നത്.. നീ ഇനി ജീവിക്കാൻ പോവുന്നത് ഇയാളുടെ കൂടെ ആണ്… ”

നയനയുടെ അറപ്പ് കണ്ട് ദേവ് ചീറി…

” എന്നടാ എൻ പൊണ്ണുക്കിട്ട് കോപപെടർത്.. ഇവ എൻ ഉയിർ ടാ… ഇനിമേ ശബ്‌ദം പോടാത്.. ”

സെൽവരാജ് ദേവിനെ നോക്കി ദേഷ്യപ്പെട്ടു… പല്ല് ഞെരിച്ച് ദേഷ്യം തീർത്ത് അവൻ ഒന്നും മിണ്ടാതെ നിന്നു…

” വാ ചെല്ലം പോലാം… നാളെ നമുക്ക് തിരുമണം താ… അങ്കെ എല്ലാരും വെയിറ്റിങ് താ ”

സെൽവരാജ് അവളുടെ കവിളിൽ തലോടിയതും അവൾ കൈ തട്ടി മാറ്റി..

” കല്യാണം താൻ മാത്രം തീരുമാനിച്ചാൽ മതിയോ…? ”

ആ ചോദ്യം കേട്ടതും എല്ലാവരും ഡോറിനടുത്തേക്ക് നോക്കി… അവിടെ നിൽക്കുന്ന അരവിന്ദനെയും ശിവനെയും മഹിയെയും കണ്ടതും എല്ലാവരും ഒന്ന് ഞെട്ടി. നയന അവരെ നോക്കി ഒന്ന് ചിരിച്ച് ദേവിന്റെ അടുത്തേക്ക് ചെന്നു..

” എന്താ ദേവ് ഇങ്ങനെ ഒരു ട്വിസ്റ്റ്‌ നീ പ്രതീക്ഷിച്ചില്ലേ…? ”

അവന്റെ മുഖത്തേക്ക് നോക്കി പുച്ഛത്തോടെ അവൾ ചോദിച്ചു..

” നീ അന്ന് കല്യാണം ഉറപ്പിച്ച് പോയ അന്ന് രാത്രി നയന എല്ലാം ഞങ്ങളോട് തുറന്ന് പറഞ്ഞതാണ്.. നിന്നെ അന്നേ കൊല്ലാതെ എല്ലാം ക്ഷമിച്ചത് ഇവരെ പുറത്ത് കൊണ്ട് വരാൻ വേണ്ടിയാ… അതിന് വേണ്ടി തന്നെയാ നിന്റെ കൂടെ ഇവളെ അയച്ചതും.. ”

അരവിന്ദ് ദേവിനെ നോക്കി അലറി..

” താൻ എന്താടോ പറഞ്ഞത്… ഇവളെ കെട്ടണം എന്നോ…? ഇവളെ തെറ്റായ രീതിയിൽ ഒന്ന് നോക്കുകയെങ്കിലും താൻ ചെയ്‌താൽ കൊന്ന് കളയും ഞാൻ… ഇവൾക്ക് ചോദിക്കാനും പറയാനും രണ്ട് ഏട്ടന്മാരും ജീവനോളം ഇവളെ സ്നേഹിക്കുന്ന ഒരാളും ഉണ്ട്… ”

ശിവൻ സെൽവരാജിന്റെ കോളറിൽ പിടിച്ച് കത്തുന്ന കണ്ണുകളോടെ ഉറക്കെ പറഞ്ഞു..

അത്ര നേരം ദേവിനോടുള്ള പക നിറഞ്ഞ് നിന്ന നയനയുടെ കണ്ണിൽ പെട്ടന്ന് സ്നേഹം നിറഞ്ഞു… അലിവോടെ അവൾ ശിവനെ നോക്കി.

( തുടരും )