രചന – ജ്വാലാമുഖി
മകരമാസത്തിലെ പഞ്ചമി ആ ഒരു ദിവസത്തിന് വേണ്ടിയുള്ള കാത്തിരിപ്പോടെ ആ രാവ് പുലരുവോളം ഞാൻ അവളുടെ മടിയിൽ കിടന്നു…
” നേരം പുലർന്നു… ഉണ്ണി… പോകു… ”
മുഖമുയർത്തി ഞാൻ അവളെ നോക്കി പക്ഷെ… അവിടെ അവൾ ഇല്ലായിരുന്നു.. ഞാൻ നിലത്താണിപ്പോ കിടക്കുന്നത്…
ഒഴുകി വന്ന കണ്ണുനീർ തുടച്ചു കൊണ്ടു ഞാൻ എഴുന്നേറ്റു നടന്നു…
തിരിച്ചു വീട്ടിൽ വന്നു ആരും കാണാതെ എന്റെ പ്രതിമയെ എടുത്തു ബാഗിൽ വച്ചു…
ഒന്ന് കിടന്നു…
“ഹരികുട്ടാ… എഴുന്നേൽക്കു.. ആൾകാർ ഒക്കെ വന്നു തുടങ്ങി .. ”
“ഞാൻ വരാം അമ്മ… അമ്മ പൊക്കൊളു… ”
“ദേ.. മോനെ.. എല്ലാ ദിവസത്തെയും പോലെ അല്ല.. ഇന്ന് നിന്റെ വിവാഹം ആണ്.. അത് മറക്കണ്ട… ”
“വരാം അമ്മ.. ഇത്തിരി സമാധാനം താ എനിക്ക്… ”
അതു പറഞ്ഞു ഒരു തോർത്തെടുത്തു താഴേക്കു നടക്കുമ്പോൾ എന്റെ മാറ്റം ഉൾകൊള്ളാൻ ആകാതെ അമ്മ മിഴിച്ചു നില്പുണ്ടായിരുന്നു…
****
നാദസ്വരത്തിന്റെ ശബ്ദം കാതുകളിലേക്ക് ഇരച്ചു കയറി…
മണ്ഡപത്തിൽ വധുവിന്റെ വീട്ടുകാർ സ്വീകരിച്ചു കയറ്റുമ്പോൾ എന്റെ മനസ്സ് കാവിലെ പാലച്ചുവട്ടിൽ തന്നെ ആയിരുന്നു… ആ കരിനീല മിഴികളിൽ ഇപ്പൊ കണ്ണുനീർ ഇറ്റുവീഴാൻ നില്പുണ്ടാകും…. ഓർക്കുമ്പോൾ നെഞ്ചു പൊട്ടുന്ന പോലെ തോന്നി എനിക്ക്…
ഗോൾഡൻ കളർ സാരിയിൽ… മുടിനിറയെ പൂ ചൂടി .. നാണം കൊണ്ടു കൂമ്പിയ മുഖവുമായി ചേതന മണ്ഡപത്തിലേക്ക് കയറി വന്നു…
സദസ്സിനെ വണങ്ങി എന്റെ അരികിൽ ഇരിപ്പുറച്ചു…
പൂജിച്ച താലി ആ കഴുത്തിലേക്ക് നീട്ടുമ്പോൾ നല്ലവണ്ണം പ്രാർത്ഥിക്കണം എന്ന് മയൂരി പറഞ്ഞിരുന്നു… ഒപ്പം ഇനി അവളെ ഓർക്കരുത് എന്നും…
താലി കെട്ടു കഴിഞ്ഞു.. ആളും ആരവവും ഒഴിഞ്ഞു ഞങ്ങൾ എന്റെ നാട്ടിലേക്കു മടങ്ങി…
ആദ്യരാത്രിയിൽ ഒരുപാട് മോഹങ്ങളുമായി അവൾ കടന്നു വരുമ്പോൾ അവളെ വിഷമിപ്പിക്കരുത് എന്നും എന്റെ മയൂരി പറഞ്ഞിരുന്നു…
ചേതന എന്ന എന്റെ ചാരു.. അവളുടെ കണ്ണുകൾ നിറഞ്ഞാൽ മയൂരിയുടെ ശിരസ്സിൽ ആണിതറക്കുന്ന വേദന ആയിരിക്കും എന്നവൾ പറഞ്ഞപ്പോൾ എനിക്ക് മറുപടി ഇല്ലായിരുന്നു…
എല്ലാം ഞാൻ ഉൾക്കൊണ്ടു.. കാരണം ഞങ്ങൾക്ക് വേണ്ടി ഒരു ദിവസം ഉണ്ട്… മകരമാസത്തിലെ പഞ്ചമി അതിനു വേണ്ടി ഞാൻ കാത്തിരുന്നു…
*****
വിവാഹം കഴിഞ്ഞു ഒരാഴ്ച കഴിഞ്ഞതും ഞാൻ മലേഷ്യക്ക് തിരിച്ചു പോന്നു…
നാളെ ഞാനും ചാരുവും അമ്മായിടെ വീട്ടിലേക്കു വരികയാണ്.. വെറും മൂന്ന് ദിവസത്തെ ലീവ്…
ഇത്ര പെട്ടന്ന് എന്തിനു വരുന്നു എന്ന ഉത്തരമില്ലാത്ത ചോദ്യം ചാരു വീണ്ടും വീണ്ടും ചോദിച്ചു…
വെറുതെ വെറുതെ എന്ന് ഞാൻ മറുപടി പറഞ്ഞു…
****
എയർപോർട്ടിൽ നിന്നും നേരെ പോയത് അമ്മായിടെ വീട്ടിലേക്കു ആയിരുന്നു..
നേരം ഇരുട്ടുന്നതുവരെ എല്ലാവരുമായും സംസാരിച്ചു ഇരുന്നു…
പാറുവും ചാരുവും നല്ല കൂട്ട് ആയതുകൊണ്ട് അവളെ പാറുവിന്റെ അടുത്താക്കി ഞാൻ ഇല്ലത്തെ പറമ്പിലേക്ക് നടന്നു..
ഇരുളു വീഴും മുന്നേ ഞാൻ പാലച്ചുവട്ടിൽ എത്തിയിരുന്നു…
ചുറ്റും പാല പൂത്ത മണം പരന്നു…
നിലാവിൽ കുളിച്ചു നിൽക്കുന്ന കാവും… വെള്ളി നൂൽ പോലുള്ള നിലാവെളിച്ചം ചുറ്റും ഇലകളിൽ പതിഞ്ഞു തിളങ്ങി നിന്നു..
എനിക്ക് മുന്നിലേക്ക് ഒരു മണവാട്ടിയെ പോലെ അവൾ വന്നു…
“മയൂരി… ”
ഓടിച്ചെന്ന് അവളെ കെട്ടിപ്പിടിച്ചു കരയുമ്പോൾ അവൾ എന്റെ നെറുകയിൽ തലോടി ആശ്വസിപ്പിക്കുന്നുണ്ടായിരുന്നു…
എന്റെ കയ്യും പിടിച്ചു പുറത്തേക്കു ഇറങ്ങാൻ അവളും ഒരുപാട് കൊതിച്ചിരുന്നു…
ബന്ധനങ്ങൾ ഇല്ലാത്ത ഒരേ ഒരു ദിവസം.. അതിനായി ഞങ്ങൾ കാത്തിരുന്നു..
എന്റെ കൂടെ വീട്ടിലേക്കു നടക്കുമ്പോൾ… ഒരു നവവധുവിന്റെ മുഖം ആയിരുന്നു അവൾക്കു…
വീട്ടിലേക്കു കയറി എല്ലാവരും കൂടി സംസാരിച്ചു ഇരിക്കുമ്പോളും അവൾ എന്റെ മടിയിൽ കിടപ്പുണ്ടായിരുന്നു.. എന്റെ മയൂരി… പക്ഷെ ഞാൻ അല്ലാതെ ആരും അവളെ കണ്ടില്ല…
ഊണുകഴിക്കുമ്പോളും എനിക്ക് വിശപ്പു തോന്നുന്നില്ലായിരുന്നു…
എങ്ങനെയോ കഴിച്ചു എന്നു വരുത്തി ഞാൻ മുറിയിലേക്ക് നടന്നു..
“ഹരി.. ഇവിടെ ഭയങ്കര ചെമ്പകപ്പൂവിന്റെ മണം പോലെ തോന്നുന്നല്ലോ… നിനക്കുണ്ടോ… ”
“ഇല്ലാലോ അമ്മായി… അമ്മായിക്ക് തോന്നിയതാകും… ”
അതു പറയുമ്പോൾ എന്റെ ഉള്ളിൽ ഒരു ചിരി പൊട്ടി…
എന്റെ ഒപ്പം കട്ടിലിൽ ഇരിക്കുമ്പോൾ അവളുടെ കണ്ണുകളിൽ അനുരാഗത്തിന്റെ തിളക്കം ഞാൻ കണ്ടു…
കിടക്കാൻ ആയി വാതിൽ തുറന്നു വന്ന ചാരു… എന്റെ അടുത്തേക്ക് നടന്നു അടുക്കലും പെട്ടന്ന് തലചുറ്റി താഴെ വീണു..
ഒപ്പം ഒരു പുക പോലെ മയൂരി അവളിൽ പ്രവേശിച്ചതും ഞാൻ അറിഞ്ഞു…
കണ്ണു തുറന്നു എഴുന്നേറ്റു വന്ന ചാരുവിന് കരിനീല മിഴികൾ ആയിരുന്നു…
അവൾ ഇട്ട നൈറ്റി അല്ലായിരുന്നു ഇപ്പൊ എന്റെ മുന്നിൽ നിൽക്കുന്ന ചരുവിനു…
പട്ടുസാരിയും മുടി നിറയെ പൂവും… ഇപ്പൊ എന്റെ മുന്നിൽ നിൽക്കുന്നത് എന്റെ മയൂരി തന്നെ ആണ് എന്നത് എനിക്ക് ഉറപ്പാണ്…
പ്രണയം തുടിക്കുന്ന മിഴികളോടെ അവൾ എന്റെ അടുത്തേക്ക് നടന്നടുത്തു…
പരസ്പരം അധരങ്ങൾ കൊണ്ടു ഞങ്ങൾ മത്സരിക്കുമ്പോളും ആ കണ്ണുകളിൽ അതെ തിളക്കം തന്നെ ആയിരുന്നു….
പ്രണയം ലയിച്ചു ചേർന്നു അവളിൽ അലിഞ്ഞു ചേർന്നു തളർന്നു എന്റെ മാറിൽ കിടക്കുന്ന മയൂരിയുടെ കണ്ണുകളിൽ അപ്പോൾ കണ്ണുനീർ തുള്ളികൾ പൊടിഞ്ഞു വരുന്നത് ഞാൻ അറിഞ്ഞു…
“ഉണ്ണി… ”
“ഉം.. ”
“ഈ രാവ് പുലർന്നാൽ ഇനി നിനക്ക് എന്നെ കാണാൻ കഴിയില്ല… ”
“മയൂരി… !!!”
“അതെ ഉണ്ണി… യക്ഷികൾ മറ്റൊരു രൂപം സ്വീകരിച്ചു മനുഷ്യ ജന്മമുള്ള ഒരു പുരുഷനുമായി ഒന്നുചേർന്നാൽ പിന്നെ ആ പുരുഷനു മുന്നിൽ വരാൻ കഴിയില്ല…..ഒരു പക്ഷെ കാറ്റായും ഗന്ധമായും നിന്നെ അറിയിക്കാൻ എനിക്ക് കഴിയുമായിരിക്കും… അതും എനിക്ക് ഉറപ്പില്ല… ”
“ഇതെല്ലാം അറിയാമായിരുന്നു എങ്കിൽ ഇങ്ങനെ ഒരു സമാഗമം വേണ്ടിയിരുന്നില്ല മയൂരി.. ”
“ഉണ്ണി… ആഗ്രഹങ്ങളും മോഹങ്ങളും ഒതുക്കി ഞാൻ ഇനിയും അങ്ങനെ കഴിഞ്ഞാൽ എന്നിലെ യക്ഷി ഏത് രൂപം സ്വീകരിക്കും എന്നെനിക്കു അറിയില്ല.. അതുപക്ഷേ ഒരുപാട് നാശങ്ങൾ ഉണ്ടാക്കാം.. ”
“എന്നാലും… വർഷത്തിൽ ഒരിക്കൽ എങ്കിലും ഒന്ന് കാണാൻ കഴിയാതെ… ”
“ഉണ്ണി… ഇപ്പൊ എന്റെ ഉള്ളിൽ നിന്റെ ജീവൻ കൊരുക്കുന്നുണ്ട്… നമ്മുടെ കുഞ്ഞിനെ പ്രസവിക്കാനും മുലയൂട്ടാനും എനിക്ക് കഴിയില്ലല്ലോ എന്ന വല്ലാത്ത വിഷമം ആണിപ്പോ എനിക്ക് … വെറുമൊരു ആത്മാവിന്റെ ദുഃഖം… !!!”
“നീ പറഞ്ഞു വരുന്നത്.. ”
“അതെ ഉണ്ണി… ഇപ്പൊ ഒരു കുഞ്ഞു ജീവൻ ഈ ഉള്ളിൽ കൊരുക്കുന്നു… ”
സന്തോഷം കൊണ്ടു എന്തു പറയണം എന്നില്ലായിരുന്നു… അവളെ ചേർത്തു പിടിച്ചു ഉമ്മകൾ കൊണ്ടു മൂടുമ്പോൾ ആ മിഴികൾ കണ്ണീരിൽ കുതിർന്നു തുടങ്ങിയിരുന്നു….
“ഉണ്ണി… ”
“ഉം… ”
“നേരം പുലരാറായി…. എനിക്ക് പോകാൻ തോന്നുന്നില്ല… ”
മറുപടി ഇല്ലാതെ അവളെ ഇറുകെ പുണർന്നു ഞാൻ കിടന്നു…
“സമയം…അടുത്തിരിക്കുന്നു ഉണ്ണി … നിന്നോട് എനിക്ക് യാത്ര പറയാൻ വയ്യാ ഉണ്ണി… ”
പിന്നെ ഞാൻ കണ്ടത് എന്റെ മുന്നിൽ ബോധമറ്റു കിടക്കുന്ന എന്റെ ചാരുവിനെ ആയിരുന്നു .
ശബ്ദം പോലും പുറത്തു വരാതെ ഞാൻ കണ്ണുകൾ ഇറുകെ പൂട്ടി ഉറങ്ങി…
“ഹരിയേട്ടാ എഴുന്നേൽക്കുന്നില്ലേ .. ”
“ഉം… ”
“എനിക്കെന്തോ മേലൊക്കെ വല്ലാത്ത വേദന പോലെ… ”
“യാത്ര ചെയ്ത ക്ഷീണം ആകും ചാരു… ”
“അല്ല ഏട്ടാ… ”
അവൾക്കു കൊടുക്കാൻ വേറൊരു മറുപടി എനിക്ക് ഇല്ലായിരുന്നു…
********
“മാളൂ…. ഏത് നേരവും അച്ഛന്റെ പിന്നാലെ ഇങ്ങനെ നടന്നാൽ എങ്ങനാ വാവേ . അച്ഛന് ജോലി ഉള്ളതല്ലേ… ”
ഞാൻ ലാപ് മടക്കി അവളെ എടുത്തു എന്റെ മടിയിൽ ഇരുത്തി…
“ച്ചു പപ്പാ മാമം തന്നാൽ മതി.. ഇല്ലേൽ മോള് കയിക്കുല്ല… ”
“ഹരിയേട്ടൻ ആണിവളെ ചീത്ത കുട്ടി ആക്കുന്നെ… ”
മൂന്ന് വയസ്സുള്ള ഞങ്ങളുടെ കുഞ്ഞു കാന്താരി ആണിന്നെന്റെ സ്വർഗം…
“ഡ്രസ്സ് എല്ലാം പാക്ക് ചെയ്‌തോ ചാരു . . ”
“ഉവ്വെട്ട… ”
“നേരെ അമ്മായിടെ വീട്ടിലേക്കു എന്നിട്ടു നമുക്ക് നിന്റെ വീട്ടിലേക്കും എന്റെ വീട്ടിലേക്കും… ”
“ഉം… ”
“നിന്റെ വീട്ടിലേക്കു എന്തേലും ഇനി വാങ്ങാൻ ഉണ്ടോ… ”
“ഇല്ല ഏട്ടാ… ഇപ്പൊ തന്നെ കുറെ വാങ്ങി കൂട്ടി… ആ കൊച്ചു വീട്ടിൽ ഇപ്പൊ സ്ഥലം ഇല്ലാണ്ടായെക്കാണു…. ”
നാട്ടിലേക്കു പോകുന്നതിൽ ഉള്ള സന്തോഷത്തിൽ ആണ് എല്ലാവരും… ഞാനടക്കം…
******
മാളുവിനെ കയ്യിലെടുത്തു ഇല്ലത്തെ പറമ്പിലേക്ക് നടക്കുമ്പോൾ ഇന്നെങ്കിലും ആ സാനിധ്യം അറിയാൻ ഞാൻ ഒരുപാട് കൊതിച്ചു…
ഒരു മാറ്റവും ഇല്ലാത്ത കാവും… കാടു പിടിച്ച പറമ്പും… ഏഴിലം പാല ഇത്തവണയും പൂത്തു പരിമണം തുളുമ്പി നിൽക്കുന്നു….
“വാവേ… ”
“ഉം… ”
“ഈ മരത്തിന്റെ ചുവട്ടിൽ നിന്നു ആ മരത്തെ കെട്ടിപ്പിടിച്ചു അമ്മേ… അമ്മേടെ വാവ വന്നു എന്നു പറഞ്ഞെ… ”
അവൾ കുഞ്ഞു നുണക്കുഴി കാട്ടി ചിരിച്ചു കൊണ്ടു എന്റെ കയ്യിൽ നിന്നും ഇറങ്ങി ഏഴിലംപാലയെ വട്ടം പിടിച്ചു…
“അമ്മേ.. അമ്മെതെ വാവ വന്നു… അമ്മേ അമ്മേതെ വാവ വന്നു…. ”
പെട്ടന്ന് എവിടെ നിന്നോ ഒരു കാറ്റു ഞങ്ങൾക്ക് മേലെ ഒഴുകി നടന്നു….
പാലപ്പൂക്കൾ അവിടെ എല്ലാം ചിതറി വീണു …
സങ്കടം കൊണ്ടെന്റെ ഒച്ചമുറിഞ്ഞു നിൽകുമ്പോൾ അവൾ ആരോടോ കൊഞ്ചി വർത്താനം പറയുന്നുണ്ടായിരുന്നു…
നടന്നു പോകുന്ന എന്റെ മകളെ നോക്കി ഞാൻ നിന്നു…
എനിക്ക് മുന്നിൽ വരാൻ മയൂരിക്കിപ്പോ കഴിയില്ലല്ലോ എന്ന ദുഃഖം എന്നെ തളർത്തി…
തിരിച്ചു വന്ന മാളുവിന്റെ കൈകളിൽ നിറയെ ചെമ്പകപ്പൂക്കൾ ഉണ്ടായിരുന്നു…
“പപ്പാ… ആ അമ്മ പറയാ…അമ്മച് ഭയങ്കര സന്തോശം ആയിന്നു…. മോൾക്ക് കുറെ ഉമ്മ തന്നല്ലോ… ”
സ്വന്തം മകളെ അടുത്ത് കണ്ടപ്പോൾ ഉള്ള അവളുടെ സന്തോഷം ഒന്ന് നേരിൽ കാണാൻ ഉള്ള ഭാഗ്യം എനിക്ക് ഇല്ലാതെ പോയി എങ്കിലും ഇന്നവൾ ഒരുപാട് സന്തോഷവതി ആയിക്കാണും എന്നെനിക്കു അറിയാം… അതുമതി… നിന്റെ ഉണ്ണിക്ക്…
“ഞങ്ങൾ ഇറങ്ങുന്നു മയൂരി.. ഇനി കഴിയുമ്പോൾ എല്ലാം ഞാൻ നമ്മുടെ മകളെയും കൂട്ടി വരാം… കണ്ടില്ലെങ്കിലും ആ സാനിധ്യം… അതുമാത്രം അറിഞ്ഞാൽ മതിയെനിക്ക്… വേറൊന്നും വേണ്ട…. ”
അത് പറഞ്ഞു ഞാൻ എന്റെ ഒലിച്ചു വന്ന കണ്ണുനീർ തുടച്ചു മാറ്റി.. തേങ്ങൽ ഒതുക്കി… …
അപ്പോളും ഞങ്ങൾക്ക് മേലെ പാലപ്പൂക്കൾ പൊഴിഞ്ഞു കൊണ്ടിരിക്കുന്നുണ്ടായിരുന്നു…..
*****
(അവസാനിച്ചു…. )
( ഇഷ്ട്ടം ആകുമോ എന്നറിയില്ല… എങ്കിലും ഉള്ളിൽ തോന്നിയൊരു തീം നിങ്ങൾക്ക് മുന്നിൽ കഴിയുന്ന പോലെ അവതരിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ട്…

by