19/04/2026

ഏഴിലം പാല : ഭാഗം 04

രചന – ജ്വാലാമുഖി

കിടക്കുന്ന മുടിയും കരഞ്ഞു കലങ്ങിയ പോലുള്ള കരിനീല മിഴികളുമായി അവൾ എന്റെ മുന്നിലേക്ക് നടന്നു വന്നു…

എന്തു പറയണം എന്ന് എനിക്ക് അറിയില്ലായിരുന്നു..

“മയൂരി…. ”

“പറ ഉണ്ണി .. ”

“ഞാൻ ഈ ജീവൻ വേണ്ടെന്നു വച്ചാൽ എനിക്ക് നിന്റെ കൂടെ ജീവിക്കാൻ കഴിയുമോ…? ”

“ഇല്ല ഉണ്ണി ..ബ്രാഹ്മണ കുലത്തിൽ പിറന്ന പുരുഷന്മാർ ആണ് ദുർമരണം സംഭവിച്ചാൽ യക്ഷൻമാർ ആകുന്നത്… ഉണ്ണിക്ക് അതിനു കഴിയില്ല.. ”

“വീട്ടിൽ കല്യാണം ആലോചിച്ചു തുടങ്ങി.. അമ്മയും അച്ഛനും ഒക്കെ വന്നിട്ടുണ്ട്… പെണ്ണ് കാണാൻ… ഞാൻ എന്താ ചെയ്യാ… ”

“ഉണ്ണി… നിന്റെ ജീവിതം നശിപ്പിക്കാൻ എനിക്ക് കഴിയില്ല… ”

“അപ്പൊ.. നി ഇത്ര വർഷങ്ങൾ കാത്തിരുന്നത് എനിക്ക് വേണ്ടി അല്ലെ… അപ്പൊ ആ ഞാൻ… ”

“ഉണ്ണി… നിന്റെ പുനർജ്ജന്മം ഞാൻ കൊതിച്ചു പക്ഷെ നീ ഒരു മനുഷ്യനായി പുനർജനിച്ചു… ദേഹമില്ലാത്ത വെറുമൊരു ആത്മാവ് ആയ എനിക്ക് നിന്നെ എങ്ങനെ സ്വീകരിക്കാൻ കഴിയും… നിന്റെ ജീവൻ എടുക്കാൻ എനിക്ക് കഴിയും.. പക്ഷെ ഞാൻ അത് ചെയ്യില്ല… ജീവൻ എടുത്താലും നി എനിക്ക് സ്വന്തമാകില്ല… ”

നിറഞ്ഞു വന്ന കണ്ണുനീരിൽ കാഴ്ച മങ്ങി ഞാൻ നിന്നു..

അവൾ എന്നെ ചേർത്തു പിടിച്ചു എന്റെ മൂർദ്ധാവിൽ അധരങ്ങൾ ചേർത്തു….

“എനിക്ക് ഇങ്ങനെ ഈ നെഞ്ചോരം ചേർന്നു ജീവിച്ചാൽ മതി മയൂരി… ”

ഒരലർച്ചയോടെ അവളുടെ തേങ്ങൽ ഇല്ലത്തിന്റെ നാല് അതിരുകളെ ബേദിച്ചു കൊണ്ടു പുറത്തേക്കു ചാടി…

അതു കണ്ടു നില്കാൻ ശക്തി ഇല്ലാതെ ഞാൻ തിരിഞ്ഞു നടന്നു…

വീട്ടിൽ വന്നതും അമ്മയും അച്ഛനും പെണ്ണ് കാണാൻ പോകാൻ റെഡി ആയി നില്പുണ്ടായിരുന്നു…

“നീ എവിടെ ആയിരുന്നു ഈ നേരം വരെ… ”

“ഞാൻ കവല വരെ ഒന്ന് പോയതാ.. ”

“ഉം… വേഗം ഡ്രസ്സ്‌ മാറി വാ.. അച്ഛൻ ദേ ഇറങ്ങാൻ നിൽകുവാ.. ”

വേഷം മാറി ഉമ്മറത്തേക്ക് നടക്കുമ്പോൾ ഈ വിവാഹം നടക്കരുതേ എന്ന് മാത്രം ആയിരുന്നു മനസ്സിൽ..

****

ഓട്ടോ നേരെ ഒരു ഓടിട്ട ഒറ്റ നില വീടിനു മുന്നിൽ ചെന്നു നിന്നു..

പെണ്ണിന്റെ അമ്മാവൻ ആണെന്ന് തോന്നുന്നു ഞങ്ങളെ സ്വീകരിച്ചു അകത്തേക്ക് കൊണ്ടു പോയി…

രണ്ടു ഫാമിലിയും തമ്മിൽ ഒരുപാട് നേരം സംസാരിച്ചു.. ഒടുവിൽ പെണ്ണിന്റെ അച്ഛൻ കുട്ടിയെ വിളിച്ചു…

നാണത്തോടെ എനിക്ക് മുന്നിലേക്ക് നടന്നു വരുന്ന പെൺകുട്ടി…ഒരുപാട് പ്രതീക്ഷകളോടെ അവൾ എനിക്ക് നീട്ടുന്ന ആ ചായ… വിഷം പോലെ തോന്നി എനിക്ക്…

ഞാൻ മുഖത്തേക്ക് ഒന്ന് നോക്കി ചിരിച്ചു… കാണാൻ തരക്കേടില്ലാത്ത കുട്ടി…

“പേര് ചോദിക്കു ഹരി… ”

അമ്മ എന്റെ കാതിൽ പറഞ്ഞു…

“എന്താ പേര്.. ”

“ചേതന…. ”

എന്റെ സംസാരം അതിൽ ഒതുങ്ങി..

അമ്മയ്ക്കും അച്ഛനും അവളെ ഇഷ്ടം ആയി എന്നെനിക്കു മനസിലായി…

“ആണായും പെണ്ണായും എനിക്ക് ഇവൾ ഒന്നേ ഉള്ളു… പട്ടണത്തിലെ കോളേജിൽ ഒക്കെ വിട്ടു പഠിപ്പിക്കാൻ എനിക്ക് പേടി ആയിരുന്നു… അതുകൊണ്ട് പത്താം തരം കഴിഞ്ഞു പിന്നെ വിട്ടില്ല… ”

“പഠിപ്പും മുതലും ഒന്നും ഞങ്ങൾ നോക്കുന്നില്ല… കല്യാണം കഴിഞ്ഞാൽ കുട്ടിയെ അവൻ കൊണ്ടു പോകും… പിന്നെ അവർ ആയി അവരുടെ പാടായി… അവനെ പൊന്നു പോലെ നോക്കുന്ന ഒരു പെണ്ണ് അതെ വേണ്ടൂ ഞങ്ങൾക്ക്… ”

സംസാരത്തിൽ ഏകദേശം രണ്ടു കൂട്ടരും ഇതു ഉറപ്പിച്ച മട്ടായിരുന്നു…

കൂടുതൽ പറയാൻ നിൽക്കാതെ ഞങ്ങൾ ഇറങ്ങി…

തിളച്ചു മറിയുന്ന എന്റെ നെഞ്ചിലേക്ക് ആരോ വീണ്ടും വീണ്ടും കനൽ കോരിയിട്ട പോലെ എനിക്ക് തോന്നി..

****

“ഹരിയേട്ടാ… എങ്ങനുണ്ട് ചേച്ചി… ഇഷ്ടായോ… ”

“കുഴപ്പമില്ല.. ”

“അതെന്താ ഒരു ഇഷ്ടക്കുറവ്… ”

“ഏയ് ഒന്നും ഇല്ലാടി… ”

“അമ്മായി ഇത് ഉറപ്പിച്ച മട്ടാണ് .. ”

ഞാൻ ഒന്നും പറഞ്ഞില്ല…

പകൽ രാവിന് വഴി മാറി തുടങ്ങി… ആളിക്കത്തുന്ന മനസ്സുമായി ഉറങ്ങാതെ ഞാൻ കിടന്നു…

തലയറ്റ ആ കൊച്ചു പ്രതിമയെ നെഞ്ചോട് ചേർത്തു ഞാൻ എപ്പോളോ മയങ്ങി…

*****

രാവിലെ കുളിച്ചു കവലയിലേക്ക് എന്നും പറഞ്ഞു ഇറങ്ങുമ്പോൾ ഇല്ലത്തെ പറമ്പായിരുന്നു എന്റെ ലക്ഷ്യം..

എനിക്ക് മുന്നേ പാലച്ചുവട്ടിൽ അവൾ നിലയുറപ്പിച്ചിരുന്നു…

ഓടിച്ചെന്നു അവളെ കെട്ടിപ്പിടിച്ചു കരയാൻ തോന്നി എനിക്ക്…

ആ കൈകൾ എന്റെ മുടിയിഴകളിൽ പരതികൊണ്ടിരുന്നു …

“ഉണ്ണി…. ”

“ഉം… ”

“എന്തിനാ ഇങ്ങനെ കരയണേ… പരസ്പരം ഒന്നായാലേ ഈ പ്രണയം നിലനിൽക്കുള്ളു എന്ന് ഉണ്ണിക്ക് തോന്നുണ്ടോ… ”

ഒരു തേങ്ങൽ മാത്രം ആയിരുന്നു എന്റെ മറുപടി…

“നീയും ഞാനും ഉള്ളിടത്തോളം കാലം നമ്മുടെ പ്രണയവും ഉണ്ടാകും… ”

“മറ്റൊരു പെണ്ണിനെ സ്വീകരിക്കാൻ എനിക്ക് കഴിയില്ല… ”

“നിന്റെ തലമുറകൾ ഇനിയും ഇവിടെ ഉണ്ടാകണം… .. നമ്മുടെ നഷ്ടപ്രണയം എല്ലാ തലമുറകൾക്കും ഓർത്ത് വക്കാനുള്ള ഒരു കൊച്ചു മാണിക്യമായിരിക്കണം…. ”

“എനിക്ക് അതിനുള്ള ശക്തി ഇല്ല മയൂരി.. ഞാൻ ഒരു പച്ചയായ മനുഷ്യൻ ആണ്.. ”

“ഉണ്ണി…. ”

ആ മടിയിൽ തലവച്ചു കിടക്കുമ്പോൾ ഒരായിരം ചോദ്യങ്ങൾ എന്റെ മനസിൽ മിന്നിമറഞ്ഞു…

“മയൂരി… ”

“എന്താ ഉണ്ണി.. ”

“എനിക്കിപ്പോ നിന്നെ തൊടാൻ കഴിയുന്നുണ്ട്… നിന്റെ മടിയിൽ ഇങ്ങനെ കിടക്കാൻ കഴിയുന്നുണ്ട്… അപ്പോൾ അതുപോലെ നമുക്ക് ഒരുമിച്ചു ജീവിക്കാനും കഴിയില്ലേ… ”

“ഇല്ല ഉണ്ണി.. എല്ലാം ഒരു മിഥ്യയാണ്.. ”

“വേണ്ട… എനിക്ക് കേൾക്കണ്ട… എന്റെ കൂടെ ഉണ്ട് നീ.. അത് മാത്രം വിശ്വസിക്കാൻ ആണ് എനിക്ക് ഇഷ്ടം… ”

“ഉണ്ണി… നിനക്ക് ഞാവല്പഴങ്ങൾ ഇഷ്ടം അല്ലെ… വാ… ”

രാവിലെ വീട്ടിൽ നിന്നും പോന്നതാ.. വിശപ്പിന്റെ വിളികൾ ഞാൻ കേട്ടുതുടങ്ങി…

മനയ്ക്കലെ പറമ്പിലെ വരിക്കച്ചക്ക പൊളിച്ചെടുത്തതും നല്ല പഴുത്ത നാട്ടുമാങ്ങയും കഴിച്ചു വിശപ്പു മാറ്റി…

ഞാവല്പഴങ്ങൾ കുലകുത്തി നില്കുന്നത് കണ്ടു അങ്ങോട്ട്‌ നടന്നതും… ഒരു കുല പഴങ്ങൾ എനിക്കായി അവൾ പൊഴിച്ചിട്ടിരുന്നു…

മനയ്ക്കലെ പറമ്പിന്റെ പിറകിൽ ഒരു കൊച്ചു തോടുണ്ട്… അതിൽ നിന്നും കൈകുമ്പിളിൽ വെള്ളമെടുത്തു കുടിച്ചു…

അങ്ങനെ ആ പകൽ മുഴുവൻ ഞാൻ മയൂരിയോടൊപ്പം മേഞ്ഞു നടന്നു…

ആ പകൽ അല്ല ഒരുപാട് പകലുകൾ…

******

നാളെയാണ് എന്റെ വിവാഹം….

എല്ലാം പെട്ടന്നായിരുന്നു…. എന്റെ ലീവ് തീരുന്നതിനു മുൻപ് വേണമല്ലോ…

പക്ഷെ എന്നും ഞാൻ എന്റെ മയൂരിയെ കാണാൻ പോകും… അവളും സന്തോഷത്തിൽ തന്നെ ആണ്…

“ഉണ്ണി….. ഈ മുറ്റം നിറയെ നിന്റെ ഉണ്ണികൾ വെണം… അവർ ഈ ഞാവൽ ചുവട്ടിൽ ഓടി കളിക്കുന്നത് എനിക്ക് കാണണം… ”

മിണ്ടരുത് എന്ന് പറഞ്ഞു ആ വാ പൊത്തുംപോളും ആ കണ്ണുകൾ നിറഞ്ഞില്ല… നിസ്വാർത്ഥമായ അവളുടെ സ്നേഹത്തിനു മുന്നിൽ ഞാൻ എന്ന മനുഷ്യൻ വെറും പൂജ്യം ആയി മാറുകയായിരുന്നു…

വീട്ടിൽ കല്യാണത്തിരക്കുകൾ നടക്കുമ്പോളും ഞാൻ ഇല്ലത്തെ പറമ്പിൽ ആയിരുന്നു…

പെണ്ണിന്റെ വീട്‌ ഇവിടെ ആയത് കൊണ്ടു വിവാഹം അമ്മായിടെ വീട്ടിൽ വച്ചാണ് നടത്തുന്നത്….

തലേന്നാളത്തെ സദ്യ വട്ടങ്ങൾ ഒരുക്കുന്ന തിരക്കിൽ ആണ് എല്ലാവരും…

കാവിലേക്ക് നടക്കുമ്പോൾ എന്റെ കാലുകൾക്കു ശക്തി കുറഞ്ഞു വന്നു..

എന്നെ കാത്തു ഒരു മണവാട്ടിയെ പോലെ എന്റെ മയൂരി ഇരിപ്പുണ്ടായിരുന്നു… ആ കരിനീല മിഴികളിൽ കണ്മഷി എഴുതിയിട്ടുണ്ട്… ഇന്ന് ഞങ്ങളുടെ ഇവിടുത്തെ അവസാന രാത്രി ആണ്…

“ഉണ്ണി…. മകരമഞ്ഞിലെ പഞ്ചമി നാളിൽ നിനക്ക് വേണ്ടി ഞാൻ ഇവിടെ കാത്തിരിക്കും… ”

“ഞാൻ വരും…. നിന്നെ കാണാൻ… ഒഴിവു കിട്ടുമ്പോൾ എല്ലാം ഞാൻ വരും… ”

“ഞാൻ കാത്തിരിക്കും…. ”

തുടരും…