22/04/2026

ശിവനയനം : ഭാഗം 21

രചന – നിള നന്ദ

അരവിന്ദന്റെ ഒപ്പം ഫ്രന്റ്‌ സീറ്റിൽ ആണ് നയന ഇരുന്നത്. അധികവും അവൾ സൈലന്റ് ആയിരുന്നു. പിന്നിൽ ഇരുന്ന് മീനു ദേവകിയോട് ഭയങ്കര സംസാരം ആണ്. അരവിന്ദും അവരുടെ ഒപ്പം കൂടുന്നുണ്ട്… പുറത്തേക്ക് മിഴികൾ പായിച്ച് ചുണ്ടിൽ ചെറു പുഞ്ചിരിയുമായി നയന അതൊക്കെ കേട്ടുകൊണ്ടിരുന്നു…

മീനുവിന്റെ ഏറ്റവും വലിയ ആഗ്രഹം ആയിരുന്നു അച്ഛനെയും അമ്മയെയും കണ്ടെത്തണം എന്നത്.. ഒരിക്കലും നടക്കില്ലെന്ന് ഉറപ്പ് ഉള്ളത് കൊണ്ട് അങ്ങനെ ഒരു ആഗ്രഹം തന്റെ മനസ്സിൽ ഒരിക്കൽ പോലും ഉണ്ടായിട്ടില്ല… അത് പോലെ തന്നെ ഇല്ലാതിരുന്ന ആഗ്രഹം ആയിരുന്നു വിവാഹവും… ഇഷ്ട്ടം പറഞ്ഞ് പലരും പുറകെ വന്നിട്ടും കണ്ടില്ലെന്ന് നടിച്ചത് അത് കൊണ്ടാണ്. എന്നിട്ടും മനസ്സ് പതറിയത് അവന്റെ മുന്നിൽ ആയിരുന്നു… ദേവ്… അവഗണിച്ചതാണ് പലവട്ടം… എല്ലാം തുറന്ന് പറഞ്ഞിട്ടും തന്നെ മാത്രം ആണ് ഇഷ്ട്ടം എന്ന് പറഞ്ഞവൻ പുറകെ തന്നെ ഉണ്ടായിരുന്നു. ഒരു ജോലി മാത്രേ മനസ്സിൽ ഉള്ളൂ പ്രണയിക്കാൻ ഒന്നും താല്പര്യം ഇല്ലെന്ന് പറഞ്ഞതിൽ പിന്നെ അവനെ കണ്ടിട്ടില്ല… ശല്യം ഒഴിഞ്ഞല്ലോ എന്നോർത്ത് ആശ്വസിക്കേണ്ടതിന് പകരം ഒരുതരം അസ്വസ്ഥത ആയിരുന്നു മനസ്സിൽ… ആരും അറിയാതെ മൂടി വെച്ച സ്നേഹവും കരുതലും കൊതിക്കുന്ന ഒരു മനസ്സ് അവന് വേണ്ടി തുടുക്കുന്നത് ഞാൻ അറിഞ്ഞു… അതായിരിക്കാം അവനെ പിന്നെ കണ്ട മാത്രയിൽ ആ സ്നേഹം ഞാൻ പോലും അറിയാതെ പുറത്തേക്ക് വന്നത്…. എന്നേക്കാൾ ഞാൻ അവനെ സ്നേഹിച്ചു വിശ്വസിച്ചു. എന്നിട്ടും പണത്തിനും സുഖത്തിനും വേണ്ടി അവൻ….

” മോളെന്താ മിണ്ടാതെ ഇരിക്കുന്നത്…? എന്തെങ്കിലും കുഴപ്പം ഉണ്ടോ..? ”

അരവിന്ദന്റെ ചോദ്യം ആണ് നയനയെ ചിന്തകളിൽ നിന്ന് ഉണർത്തിയത്..

” കുഴപ്പം ഒന്നും ഇല്ല. ചെറിയൊരു തലവേദന.. ”

കണ്ണിൽ പൊടിഞ്ഞ നീർത്തുള്ളികൾ ആരും കാണാതെ തുടച്ച് അരവിന്ദനെ നോക്കി നയന പുഞ്ചിരിക്കാൻ ശ്രെമിച്ചു..

” എന്നാ മോള് കണ്ണടച്ച് കിടന്നോ .. ”

പുറകിൽ നിന്നും ദേവകി പറഞ്ഞതും നയന ഒന്നും മിണ്ടാതെ സീറ്റിൽ ചാരി കണ്ണുകളടച്ച് കിടന്നു.

********************

നീണ്ട നേരത്തെ യാത്രയ്‌ക്കൊടുവിൽ വീട്ടു മുറ്റത്ത് വണ്ടി ചെന്ന് നിന്നതും ദേവകി തന്റെ മടിയിൽ കിടന്നുറങ്ങുന്ന മീനുവിനെയും അരവിന്ദ് സീറ്റിൽ ചാരി ഇരുന്ന് ഉറങ്ങുന്ന നയനയെയും വിളിച്ചുണർത്തി.

കാറിൽ നിന്നിറങ്ങി ചുറ്റും കണ്ണോടിക്കുമ്പോൾ മീനുവിന്റെ ഉള്ളിൽ വല്ലാത്ത വേദന നിറഞ്ഞു. അഞ്ച്‌ വയസ്സ് വരെ വളർന്ന വീട്. ഓർമ്മകളിൽ ഒന്നും ഇല്ലാത്ത കുട്ടികാലവും അച്ഛന്റെയും അമ്മയുടെയും ഏട്ടന്മാരുടെയും സ്നേഹവും കരുതലും നഷ്ട്ടപെട്ട ബാല്യവും ഒക്കെ അവളുടെ മനസിനെ വേദനിപ്പിച്ച്ക്കൊണ്ടിരുന്നു.

മീനുവിന്റെ അതെ മാനസികാവസ്ഥ തന്നെയായിരുന്നു നയനക്കും. രണ്ട് മാസത്തിലേറെയായി താമസിച്ചിരുന്ന വീട്.. ഓർമ്മകളിൽ എവിടെയും അതിലെ ഒരു നിമിഷം പോലും ഇല്ല. ഒരാളുടെയും മുഖം പോലും ഇല്ല.. എല്ലാം ആദ്യമായിട്ട് ആണ് കാണുന്നത്… എവിടെ ഉള്ള ആരും ഒന്നും തന്റെ അല്ല… അതറിയാമായിരുന്നിട്ടും എന്തിന് ഇവിടേക്ക് വന്നു. എന്ത്‌ ധൈര്യത്തിൽ വന്നു… ഒന്നും അറിയില്ല. ആരും കാണാതെ മതിവരുവോളും ഒന്ന് പൊട്ടിക്കരയാൻ കഴിഞ്ഞെക്കിലെന്ന് അവൾ ആഗ്രഹിച്ചു.

” മോള് എന്താ ആദ്യമായിട്ട് ഇങ്ങോട്ട് വരുന്നത് പോലെ നോക്കി നിൽക്കുന്നത് കയറി വാ.. ”

രാമനാഥൻ വന്ന് തട്ടി വിളിച്ചപ്പോൾ നയന ഒന്ന് ഞെട്ടി.

” രണ്ട് ദിവസം ആയി ഏട്ടൻ ശ്രെദ്ധിക്കുന്നു.. ഏത് നേരം ഒരു ആലോചനയും മൗനവും.. എന്തേലും പ്രശ്നം ഉണ്ടോ മോളെ..? ”

അരവിന്ദ് നയനയുടെ നേരേ തിരിഞ്ഞ് ചോദിച്ചു.

” പ്രശ്നോ.. എന്ത്‌ പ്രശ്നം.. ഒന്നൂലാ.. ”

അരവിന്ദനെ നോക്കാതെ അവൾ മറുപടി പറഞ്ഞു.

” മുറ്റത്ത് നിന്ന് ഇങ്ങോട്ട് കയറി വാ ഏട്ടാ. എന്നിട്ട് സംസാരിക്കാം… ”

മഹി വിളിച്ച് പറഞ്ഞതും എല്ലാവരും അകത്തേക്ക് കയറി…

ആദ്യമായി വരുന്നത് കൊണ്ട് മീനു ദേവകിയുടെ അരികിൽ നിന്ന് ചുറ്റും കണ്ണ് പായിച്ചു. പുറകിൽ നിന്ന നയനയും അത് പോലെത്തന്നെ ചുറ്റും വീക്ഷിക്കുകയായിരുന്നു.

” കുറേ ദൂരം യാത്ര ചെയ്ത് വന്നതല്ലേ മക്കള് പോയി ഫ്രഷ് ആയി ഒന്ന് വിശ്രമിച്ചോ.. മോളെ നയനെ ലച്ചുമോൾക്ക് റൂം കാണിച്ച്‌ കൊടുക്ക്.. ”

ദേവകിയുടെ വാക്കുകൾ കേട്ട് നയന ഒന്ന് ഞെട്ടി. ഈ വീട് തന്നെ ആദ്യമായിട്ടാണ് കാണുന്നത്.. അപ്പോൾ പിന്നെ റൂം… എന്ത്‌ ചെയ്യും എന്നറിയാതെ അവൾ അവിടെ തറഞ്ഞു നിന്നു..

” ഏട്ടൻ ബാഗ് റൂമിൽ കൊണ്ട് വെച്ച് തരാം. മക്കള് വാ..”

അരവിന്ദ് ബാഗുമായി അവർക്ക് മുന്നിലേക്ക് വന്നപ്പോൾ നയന ആശ്വാസത്തോടെ നെടുവീർപ്പിട്ടു. തൽക്കാലത്തേക്ക് രക്ഷപ്പെട്ടു… എന്നാലും ഇനി അങ്ങോട്ട് ഇത് പോലെ ഉണ്ടാവുന്ന കാര്യങ്ങൾ ഒക്കെ എങ്ങനെ തരണം ചെയ്യും എന്ന ചിന്ത റൂമിലേക്ക് നടക്കുമ്പോൾ നയനയെ അലട്ടി കൊണ്ടിരുന്നു…

” ഞാൻ ഒന്ന് ഫ്രഷ് ആയിട്ട് വരാം.. നയന അത് വരെ റസ്റ്റ്‌ എടുത്തോ..”

മീനു നയനയെ നോക്കി പറഞ്ഞ് ബാത്റൂമിലേക്ക് കയറി. കണ്ണുകളടച്ച് ഒന്ന് നെടുവീർപ്പിട്ട ശേഷം നയന കണ്ണ് തുറന്ന് ചുറ്റും നോക്കി. ഇത്രയും ദിവസം താമസിച്ച മുറി. വിശ്വസിക്കാൻ അവൾക്ക് നന്നേ പ്രയാസം ഉണ്ടായിരുന്നു. അവിടെ ഉള്ള ഒന്നിലും അവൾക്ക് അവളെയോ അവളുടെ ഇഷ്ട്ടങ്ങളെയോ കാണാൻ കഴിഞ്ഞില്ല. ഡ്രസ്സ്‌ അതിന്റെ നിറം അങ്ങനെ തുടങ്ങി എല്ലാം വ്യത്യസ്തം ആണ്.

ചിന്തകളൊക്കെ നിർത്തി ഫ്രഷ് ആയി കഴിഞ്ഞ് മാറാനുള്ള ഡ്രസ്സ്‌ എടുക്കാൻ അവൾ അലമാര തുറന്നു. പറ്റിയ ഒരെണ്ണം തിരയുന്ന കൂട്ടത്തിൽ ആണ് ഒരു ചുവന്ന സാരി അവളുടെ കണ്ണിൽ ഉടക്കിയത്.. ഇതുവരെ കണ്ട അനിഷ്ട്ടമായവയുടെ ഇടയിൽ ഇഷ്ട്ടപെട്ട ഒരെണ്ണം. അത് കയ്യിൽ എടുത്ത് അവൾ മെല്ലെ തലോടിയതിന് ശേഷം ചുമലിൽ ഇട്ട് കണ്ണാടിയുടെ മുന്നിൽ നിന്നു. രണ്ട് ദിവസമായി ഇല്ലാതിരുന്ന അവളുടെ ചിരി ആ നിമിഷം തെളിഞ്ഞു…

സാരി മടക്കി തിരികെ വയ്ക്കാൻ നേരത്താണ് സാരിക്കടിയിൽ ഇരുന്നിരുന്ന ഒരു ഡയറി അവളുടെ കണ്ണിൽ ഉടക്കിയത്. സാരി അവിടെ വെച്ച് അവൾ ഡയറി എടുത്ത് തുറന്നു..

മൂന്നക്ഷരത്തിൽ ഉള്ള പേര് ഒഴിച്ച് ഞാൻ ആരെന്നോ എന്തോന്നോ എനിക്കിന്ന് അറിയില്ല. ഇന്നലകൾ നഷ്ട്ടപ്പെട്ട് ഇന്നിനെ വേദനയോടെ നോക്കാൻ വിധിക്കപെട്ടവൾ ആണ് ഞാൻ ഇന്ന്… എന്നെങ്കിലും എനിക്ക് പഴയ ഓർമ്മകൾ തിരികെ കിട്ടിയാൽ പിന്നീട് ഉണ്ടായതെല്ലാം സ്വയം ഓർമ്മിക്കാൻ വേണ്ടി ആണ് എല്ലാം ഇതിൽ കുറിക്കുന്നത്…

ഡയറിയിലെ ആദ്യത്തെ പേജ് വായിച്ചതും നയനയുടെ ഉള്ളിൽ ആശ്വാസവും അത്ഭുതവും ഒരുപോലെ നിറഞ്ഞു.. വഴി മുട്ടിയെന്ന് തോന്നിയിടത്താണ് ദൈവം പുതിയ വഴി കാണിച്ച് കൊടുത്തത്… ആകാംഷയോടെ അവൾ അടുത്ത പേജ് മറിക്കാൻ തുടങ്ങിയതും മീനു ബാത്റൂമിന്റെ ഡോർ തുറക്കുന്ന ശബ്‌ദം കേട്ട് അവൾ ഡയറി എടുത്ത് സാരിക്കടിയിൽ തന്നെ വെച്ചു.

അലമാരയിൽ നിന്ന് പെട്ടന്ന് കയ്യിൽ കിട്ടിയ ഒരു ചുരിദാർ എടുത്ത് നയന വേഗം ബാത്റൂമിലേക്ക് കയറി. ഫ്രഷ് ആയി തിരികെ ഇറങ്ങുമ്പോൾ മീനു റൂമിൽ തന്നെ ഉണ്ടായിരുന്നു. മീനുവിനെ നോക്കി ഒന്ന് ചിരിച്ച് തലയിലെ തോർത്ത് അഴിച്ച് കണ്ണാടിക്ക് മുന്നിൽ നിന്ന് അവൾ മുടിയിലെ വെള്ളം കളയാൻ തുടങ്ങി.

ഇത്രയും അടുത്ത് ഉണ്ടായിട്ടും തമ്മിൽ ഇത് പോലെ മിണ്ടാതെ ഇരിക്കുന്നത് ആദ്യമായിട്ട് ആണെന്ന് നയന ഓർത്തു… ചേർത്ത് പിടിക്കാനും ഇത്രയും നാൾ കാണാതിരുന്നതിന്റെ സങ്കടം പറയാനും ആഗ്രഹം ഇല്ലാഞ്ഞിട്ട് അല്ല… പക്ഷേ അവൾക്ക് ഇപ്പൊ താൻ ഓർമ്മ നഷ്ട്ടപെട്ട നയനയും തനിക്ക് അവളിപ്പോ ലച്ചുവും ആണെന്ന ചിന്ത അവളെ തടഞ്ഞു നിർത്തി. മീനുവിന്റെ അവസ്ഥയും ഇത് തന്നെ ആണെന്ന് അവളുടെ മുഖഭാവത്തിൽ നിന്ന് തന്നെ നയനക്ക് മനസിലായി.

മുടി കെട്ടി തിരിഞ്ഞു നോക്കുമ്പോൾ നയന കാണുന്നത് കട്ടിലിൽ ചാരി ഇരുന്ന് ഉറങ്ങുന്ന മീനുവിനെ ആണ്.. നല്ല ക്ഷീണം ഉണ്ടെന്ന് മുഖം കണ്ടാൽ അറിയാം. മീനുവിനെ പിടിച്ച് നേരേ കിടത്തി അവൾ പോയി ഡയറി എടുത്ത് തിരികെ ബെഡിൽ വന്നിരുന്നു.

***********************

” അളിയാ… എന്താ നിന്റെ പ്ലാൻ. ഇപ്പൊ തന്നെ ഒരുപാട് വൈകി. ഇനിയും താമസിച്ചാൽ എല്ലാം കൈവിട്ട് പോവും. ”

നീരജിന്റെ വാക്കുകൾ കേട്ടതും ദേവ് ചുണ്ടിനിടയിൽ ഇരുന്ന സിഗരറ്റ് എടുത്ത് പുകയൂതി.

” ഒന്നും കൈവിട്ട് പോവാൻ പോകുന്നില്ല. ആഗ്രഹിച്ചതൊക്കെ ഞാൻ എന്ത്‌ വില കൊടുത്തും നേടിയിരിക്കും. നീ നോക്കിക്കോ ആരും പ്രതീക്ഷിക്കാത്ത ട്വിസ്റ്റ്‌ ആണ് നാളെ നടക്കാൻ പോകുന്നത്. അതോടെ അവൾ എന്നന്നേക്കും ആയി എന്റെ കൈപ്പിടിയിൽ ആവും… ”

ദേവിന്റെ മുഖത്ത് പുച്ഛം കലർന്ന ചിരി പടർന്നു.

” എന്താ നിന്റെ പ്ലാൻ…? ”

” കാണാൻ പോകുന്ന പൂരം പറഞ്ഞറിയിക്കണോ അളിയാ..? ”

” ഓഹ് വേണ്ടായേ.. അവളെയും കൊതിച്ച് ആ സെൽവരാജ് അവിടെ കാത്തിരിക്കാണെന്ന് ഓർത്താൽ മതി.. ”

” അയാള് കാത്തിരിക്കട്ടെടാ. അന്നത്തെ പോലെ ഒരിക്കൽ കൂടെ അവളെ വിസ്തരിച്ച് ഒന്ന് കണ്ടിട്ടേ ഞാൻ അവളെ കൈ മാറൂ.. ”

ദേവ് ഗ്ലാസ്സിലേക്ക് മദ്യം പകന്ന് കൊണ്ട് പറഞ്ഞു.

” അളിയാ അന്നേ ഞാൻ അവളെ കൊതിച്ചത് ആണ്. എത്തുമ്പോഴേക്കും അവൾ രക്ഷപെട്ടു. ഇത്തവണ എന്റെ കാര്യം നീ മറന്നേക്കരുത്.. ”

” നിന്നെ ഞാൻ അങ്ങനെ മറക്കോടാ… നീ കാത്തിരുന്നോ വൈകാതെ തന്നെ എല്ലാം അവസാനിപ്പിക്കാനുള്ള സമയം ആയി.”

മനസ്സിൽ പലതും കണക്ക് കൂട്ടി അവൻ മദ്യ ഗ്ലാസ്‌ നീരജിന്‌ നേരേ നീട്ടി.

**********************

കഴിഞ്ഞ് പോയാ ദിവസങ്ങളിലെ ഓരോന്നും ഡയറിയിൽ നിന്ന് വായിക്കുമ്പോൾ സന്തോഷം കൊണ്ടോ സങ്കടം കൊണ്ടോ നയനയുടെ കണ്ണ് നിറഞ്ഞു.. ഇത് പോലുള്ള നിമിഷങ്ങൾ ഒരിക്കലും മനസ്സിൽ ഉണ്ടായിരുന്നില്ല. എന്നിട്ടും ഈശ്വരൻ അതനുഭവിക്കാനുള്ള ഭാഗ്യം തന്നു.. പക്ഷേ അതോർത്തെടുക്കാൻ കഴിയുന്നില്ല. എങ്കിലും സ്വന്തം വാക്കുകളിൽ നിന്ന് എല്ലാം അറിയാൻ കഴിഞ്ഞതിൽ അവൾക്ക് നല്ല സന്തോഷം ഉണ്ടായിരുന്നു.. ഇത് വരെ ആ വീടിനോടും അവിടെ ഉള്ളവരോടും തോന്നിയ അകൽച്ച അലിഞ്ഞില്ലാതായത് അവളറിഞ്ഞു..

ഡയറി ബെഡിന്റെ ഒരു സൈഡിൽ വെച്ച് അവൾ എഴുനേറ്റ് അലമാര തുറന്ന് വീണ്ടും ആ ചുവന്ന സാരി കയ്യിൽ എടുത്തു… അതിന്റെ മുകളിലൂടെ തഴുകുമ്പോൾ ഡയറിയിൽ നിറഞ്ഞ് നിന്ന ഓർത്തെടുക്കാൻ ഒരു മുഖം ഇല്ലാത്ത ശിവൻ അവളുടെ മനസിലേക്ക് കടന്ന് വന്നു.. അന്നത് വാങ്ങിയത് അവന് ഇഷ്ട്ടപെട്ട നിറം ആയതിനാലാണെങ്കിലും ഇതാണ് തന്റെയും ഇഷ്ട്ടപെട്ട നിറം എന്നവളോർത്തു…

സാരി എടുത്ത് വെച്ച് ബെഡിൽ വന്നിരുന്ന് വീണ്ടും അവൾ ഡയറി കയ്യിൽ എടുത്ത് അടുത്ത പേജ് വായിക്കുവാൻ തുടങ്ങി.

‘ മനസ്സിൽ എന്തോ ഒരു അസ്വസ്ഥത തോന്നിയത് കൊണ്ട് ഇന്ന് രാവിലെ അമ്പലത്തിൽ പോവാൻ തീരുമാനിച്ചത്. തനിച്ച് പോവണ്ടെന്ന് പറഞ്ഞ് അമ്മ മഹിയേട്ടനെ കൂടെ എന്റെ ഒപ്പം വിട്ടു. ഞാൻ ക്ഷേത്രത്തിന്റെ ഉള്ളിൽ പ്രാർത്ഥിക്കുമ്പോൾ മഹിയേട്ടൻ പുറത്ത് ആയിരുന്നു. മനസ്സിന് കുറച്ച് ആശ്വാസം കിട്ടുന്നത് വരെ പ്രാർത്ഥിച്ച് തിരികെ വരുമ്പോൾ മഹിയേട്ടൻ ആരോടോ സംസാരിച്ച് നിൽക്കുകയായിരുന്നു…. ‘

” മോളെ… ”

ദേവകി റൂമിനടുത്തേക്ക് വരുന്നത് അറിഞ്ഞതും നയന പെട്ടന്ന് ഡയറി മടക്കി ബെഡിനടിയിൽ വെച്ചു.

” അമ്മ മക്കളെ ചായ കുടിക്കാൻ വിളിച്ചതാണ്. ലച്ചുമോള് ഉറങ്ങല്ലേ മോള് വാ.. ”

ദേവകി മീനുവിനെ ഒന്ന് നോക്കി നയനയോട് പറഞ്ഞു.

” ഞാൻ ലച്ചു എഴുന്നേറ്റിട്ട് ഒരുമിച്ച് വരാം അമ്മേ..”

നയന പറഞ്ഞ് കഴിഞ്ഞതും മീനു എഴുന്നേറ്റു.

” ഇനിയിപ്പോ പ്രശ്നം തീർന്നല്ലോ.. രണ്ടാളും വാ.. ”

ദേവകി രണ്ടാളെയും നോക്കി പറഞ്ഞ് റൂമിന് പുറത്തേക്ക് ഇറങ്ങി. പുറകേ അവരും.

” ഏട്ടാ ചായ കുടിച്ച്‌ കഴിയുമ്പോൾ എന്നെ പുറത്തൊക്കെ കൊണ്ട് പോവണേ. എനിക്ക് എല്ലായിടവും കാണാൻ കൊതി ആവുന്നു. ”

ചായ കുടിക്കുന്നതിനിടയിൽ മീനു അരവിന്ദനോടും മഹിയോടും ആയി പറഞ്ഞു.
എതിർത്തൊന്നും പറയാതെ മഹിയും അരവിന്ദും അപ്പോൾ തന്നെ ഓക്കേ പറഞ്ഞു. നയനയും അത് ആഗ്രഹിച്ചിരുന്നു… വായിച്ചറിഞ്ഞ കുളവും വയലും ക്ഷേത്രവും ഒക്കെ കണ്ണ് നിറച്ച് കാണാൻ….

ചായ കുടിച്ച് കഴിഞ്ഞതും ദേവകിയോടും രാമനാഥനോടും യാത്ര പറഞ്ഞ് അവർ പുറത്തേക്ക് ഇറങ്ങി. മഹിയും മീനുവും അരവിന്ദും മുമ്പിൽ ഓരോന്ന് പറഞ്ഞ് കളിച്ച് ചിരിച്ച് നടക്കുമ്പോൾ നയന പുറകിൽ നിശബ്തമായി നടന്നു…

” ഇതാ നമ്മുടെ പാടം.. അച്ചുവേട്ടന്റെ ജീവന്റെ തുടിപ്പ് ഇവിടെ ആണ്… ”

മഹിയുടെ വാക്കുകൾ കേട്ട് നയനയും മീനുവും ഒരുപോലെ കണ്ണുകൾ വിടർത്തി നോക്കി..

” എനിക്ക് അതിന്റെ ഇടയിലൂടെ ഒക്കെ നടക്കണം ഏട്ടാ.. ”

മീനു കുട്ടികളെ പോലെ പറഞ്ഞു.

” അതിനെന്താ വാ.. ”

അരവിന്ദ് മീനുവിന്റെ കൈ പിടിച്ച് നയനയെ നോക്കി.

” ഞാൻ വരുന്നില്ല ഏട്ടാ… തല വേദനിക്കുന്നു. ഞാൻ ഇവിടെ ഇരുന്നോളാം… ”

നയന നെറ്റിയിൽ കൈ വെച്ച് അരവിന്ദനെ നോക്കി.

” മോള് തനിച്ച് ഇവിടെ… ”

” എല്ലാവരും കൂടി എന്താ ഇവിടെ നാട് ചുറ്റാൻ ഇറങ്ങിയത് ആണോ…? ”

അരവിന്ദ് പറഞ്ഞ് മുഴുവനാക്കുന്നതിന് മുൻപ് ആ ചോദ്യം കേട്ടിടത്തേക്ക് എല്ലാരും നോക്കി.

” ആരിത് ശിവേട്ടനോ… വന്നിട്ട് ഇത് വരെ കണ്ടില്ലല്ലോ എന്ന് ഞാൻ ഓർത്തതെ ഉള്ളൂ. ഞങ്ങൾ വെറുതെ നടക്കാൻ ഇറങ്ങിയതാ.. തിരക്കില്ലെങ്കിൽ ശിവേട്ടനും പോര്.. ”

മീനു ശിവനെ നോക്കി ചിരിച്ചോണ്ട് പറഞ്ഞു. ശിവൻ എന്ന പേര് മാത്രമേ നയന കേട്ടുള്ളൂ.. വിടർന്ന കണ്ണുകളോടെ അവൾ അവനെ നോക്കി… ഡയറിയിൽ വായിച്ചത് പോലെ ഇരുനിറത്തിൽ നല്ല വട്ട മുഖം… കണ്ണുകൾക്ക് വല്ലാത്ത ഒരു ആകർഷണം ഉള്ളത് പോലെ..

” നയനയ്ക്ക് തലവേദന എടുക്കുന്നത് കൊണ്ട് അവൾ വരുന്നില്ലെന്ന്.. നീ അവളുടെ കൂടെ നിക്ക് ശിവാ ഞങ്ങൾ ഒന്ന് നടന്നിട്ട് വരാം.. ”

അരവിന്ദ് ശിവനെ നോക്കി കണ്ണിറുക്കി. തനിച്ച് ഇരിക്കാൻ ഒരവസരം ഉണ്ടാക്കി തന്നതാണ് അവനെന്നു ശിവന് മനസ്സിലായി.

പിന്നെ ഒന്നും പറയാൻ നിക്കാതെ അവർ മൂന്നും നടന്നു. നയന മുഖം ഉയർത്തി ശിവനെ ഒന്ന് നോക്കി. ശിവന്റെ നോട്ടം തന്റെ നേർക്ക് വരുന്നതറിഞ്ഞതും അവൾ മുഖം തിരിച്ച് കുളത്തിനടുത്തേക്ക് നടന്നു…

ശിവൻ അടുത്ത് വന്നിരുന്നത് അറിഞ്ഞിട്ടും അറിയാത്ത പോലെ അവൾ കുളത്തിലേക്ക് നോക്കിയിരുന്നു… എന്തിനെന്നറിയാത്ത ഒരു മൗനം അവർക്കിടയിൽ നിറഞ്ഞു നിന്നു.. മൗനത്തേക്കാൾ ശക്തിയിൽ അവന്റെ ഹൃദയം എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. മറ്റാർക്കും കേൾക്കാൻ കഴിയാതെ….

” എന്താടോ പ്രശ്നം…? ”

മൗനം അവസാനിപ്പിച്ച് അവൻ തന്നെ ചോദിച്ചു.

” എന്ത്‌ പ്രശ്നം..? ”

വെള്ളത്തിൽ നിന്ന് കണ്ണെടുക്കാതെ അവൾ തിരിച്ച് ചോദിച്ചു.

” സാധാരണ എന്തെങ്കിലും വിഷമം വരുമ്പോൾ ആണലോ തനിക്ക് ഈ നിശബ്ദത…”

ശിവൻ പറഞ്ഞതിന് അവൾ തിരിച്ചൊന്നും പറഞ്ഞില്ല… മുഖം ഉയർത്തി അവനെ ഒന്ന് നോക്കിയത് പോലും ഇല്ല….

” ലച്ചുവിനെ കാത്ത് ഇവരെല്ലാം ഇത്രയും നാളെ ഇരുന്നത് പോലെ എന്നെ കാത്ത് ആരെങ്കിലും ഉണ്ടാവോ… ? ”

അവൾ പോലും അറിയാതെ ആണ് ആ ചോദ്യം പുറത്ത് വന്നത്… അവളുടെ മുഖത്തേക്ക് നോക്കുമ്പോൾ ശിവന്റെ ഉള്ളിൽ ഒരു വിങ്ങൽ ഉണ്ടായി..

” താൻ വന്നേ നമുക്കൊന്ന് നടക്കാം.. ”

ശിവൻ എഴുനേറ്റ് അവൾക്ക് നേരേ കൈ നീട്ടി… ഒരു നിമിഷം ഒന്നാലോചിച്ചതിനു ശേഷം അവൾ അവന്റെ കയ്യിലേക്ക് കൈ ചേർത്ത് എഴുന്നേറ്റു…

ശിവൻ അവളെയും കൊണ്ട് നേരേ പോയത് അവന്റെ വീട്ടിലേക്ക് ആണ്….

” തനിക്ക് വേണ്ടി എവിടെയെങ്കിലും ആരെങ്കിലും കാത്തിരിക്കുന്നുണ്ടോ എന്നെനിക്ക് അറിയില്ല.. പക്ഷേ ഇവിടെ ഉണ്ട്. കയറി വാ… ”

സംശയത്തോടെ നിന്ന നയനയെയും കൂട്ടി ശിവൻ അകത്തേക്ക് കയറി.

” മോളെ… ”

നയനയെ കണ്ടതും മാലതി ഓടി വന്ന് അവളെ ചേർത്ത് പിടിച്ചു. അവരുടെ മുഖത്ത് നിന്ന് അത് ശിവന്റെ അമ്മ ആണെന്ന് അവൾക്ക് മനസിലായി.

” എത്ര ദിവസം ആയി മോളെ കണ്ടിട്ട്… ഈ അമ്മയെയും അച്ഛനെയും ഒക്കെ മോള് മറന്നോ… ”

അവളുടെ നെറുകയിൽ തലോടി കൊണ്ട് മാലതി പറഞ്ഞു..

” മോൾക്ക് വയ്യാഞ്ഞിട്ട് അല്ലേ മാലതി വരാതിരുന്നേ… അതിന് നീയിങ്ങനെ പരിഭവം പറഞ്ഞാലോ… ”

കൃഷ്ണന്മാഷ് അവർക്കിടയിലേക്ക് വന്നു.

” അതൊക്കെ എനിക്ക് അറിയാം. എന്നാലും മോളെ കാണാൻ കഴിയാതിരുന്ന വിഷമം കൊണ്ട് പറഞ്ഞതാണ്.. മോള് വാ അമ്മ ഇലയട ഉണ്ടാക്കിയത് ഉണ്ട്.. ”

മാലതി അവളെയും കൂട്ടി കിച്ചണിലേക്ക് പോയി. അച്ഛനും അമ്മയും അവളുടെ അടുത്തിരുന്ന് സംസാരിക്കുന്നതും കഴിപ്പിക്കുന്നതും ശിവൻ സന്തോഷത്തോടെ മാറി നിന്ന് നോക്കി…

വിശക്കാതിരുന്നിട്ട് കൂടി മാലതി കൊടുത്തതൊക്കെ അവൾ കഴിച്ചു. വയറിനൊപ്പം മനസ്സ് നിറയുന്നത് ആദ്യമായി അവൾ അനുഭവിച്ചറിഞ്ഞു…

കഴിച്ച് കഴിഞ്ഞതും മാലതി നയനയെയെ കൂട്ടി റൂമിലേക്ക് പോയി… മാലതി പറയുന്നതൊക്കെ സ്നേഹത്തോടെ അവൾ കേട്ടിരുന്നു.. സ്വന്തം അമ്മയെ കാണാനും ആ നെഞ്ചിലെ ചൂടേൽക്കാനും ഇത് അവരെ തോന്നാതിരുന്ന ആഗ്രഹം അവളുടെ ഉള്ളിൽ മുളപ്പൊട്ടി…

” മോളെന്താ ഇങ്ങനെ നോക്കുന്നത്…? ”

നയനയുടെ നോട്ടം കണ്ട് മാലതി ചോദിച്ചു.

” ഞാൻ…. ഞാൻ അമ്മയുടെ മടിയിൽ കിടന്നോട്ടെ… ”

നിറകണ്ണുകളോടെ അവൾ മാലതിയെ നോക്കി…

” അതിനെന്താ അനുവാദം ചോദിക്കുന്നെ നീ എന്റെ മോള് അല്ലേ… ”

പറയുന്നതിനൊപ്പം മാലതി അവളെ മടിയിൽ ചേർത്ത് കിടത്തി… മാലതിയുടെ തഴുകലേറ്റ് അവൾ പതിയെ മയങ്ങി… ആ നേരം ശിവൻ വന്ന് അപ്പുറത്തെ സൈഡിൽ കിടന്നു.

” എന്നാ ശിവാ നീ ഈ മോളെ എന്നന്നേക്കുമായി ഇങ്ങോട്ട് കൊണ്ട് വരുന്നത്…? ”

രണ്ട് പേരുടെയും മുടിയിഴകളിൽ തലോടുന്നതിനിടയിൽ മാലതി ശിവനോട് ചോദിച്ചു.

” അതിന് ഇനി അധികം കാല താമസം ഒന്നുമില്ല അമ്മേ… പെട്ടന്ന് തന്നെ അത് നടക്കും എന്ന് എന്റെ മനസ്സ് പറയുന്നു.. ”

മാലതിയോട് അത് പറഞ്ഞ് ശിവൻ മുഖം ഉയർത്തി നയനയുടെ നിഷ്കളങ്കമായ മുഖത്തേക്ക് ഒന്ന് നോക്കി….

( തുടരും )