രചന – ജ്വാലാമുഖി
യാത്രയായി താഴേക്കു ഇറങ്ങുമ്പോൾ എനിക്ക് നല്ല ക്ഷീണം ഉണ്ടായിരുന്നു…
“രോഹി.. കാർഷെഡിൽ ഉണ്ട്… ഇപ്പൊ വരും… മോള് ഇവിടെ നിന്നോളൂ.. ”
“ഉം… ”
“തിരിച്ചു പോരുംവഴി മുത്തശ്ശനെ കൂടെ കണ്ടോളു… ”
“ഏട്ടൻ സമ്മതിക്കോ… ”
“അവൻ സമ്മതിച്ചോളും മോള് പറഞ്ഞാൽ മതി.. ”
അതിനു എന്നോട് നേരെ നോക്കി ഒന്ന് മിണ്ടാൻ പോലും ഏട്ടന് ഇഷ്ടം അല്ല എന്ന് പറയണം എന്നെനിക്കു തോന്നി…
അപ്പോളേക്കും രോഹി കാർ പോർച്ചിലേക്ക് കൊണ്ടു വന്നു…
“പതുക്കെ പോണം ട്ടൊ രോഹി… പിന്നെ അവൾക്കു വയ്യാണ്ടിരിക്ക… ഇടയ്ക്കു വല്ല വെള്ളോം വാങ്ങി കൊടുത്തോളു… ”
അത് പറഞ്ഞു അമ്മ കാറിന്റെ ഫ്രണ്ട് ഡോർ തുറന്നു എന്നോട് കയറാൻ പറഞ്ഞു…
“ഓക്കേ അമ്മ.. ”
രോഹി കാർ സ്റ്റാർട്ട് ചെയ്തതും നല്ല ശബ്‌ദത്തിൽ പാട്ടും വച്ചു… പിന്നെ ഞങ്ങൾക്കിടയിൽ വല്ലാത്തൊരു ഗ്യാപ് പോലെ എനിക്ക് തോന്നി…
പുറത്തെ കാഴ്ചകൾ നോക്കി ഞാൻ ഇരുന്നു…
കാർ നേരെ ബാലമ്മാമ്മേടെ വീടിന്റെ മുന്നിൽ ചെന്നു നിന്നു… അപ്പോളേക്കും എന്റെ പുറം.. പൊളിയുന്ന വേദന ആയിരുന്നു എനിക്ക്…
“ആഹാ… സുന്ദരി കുട്ടി കേറി വരൂ… ”
അമ്മായി ഓടി വന്നെന്നെ വട്ടം പിടിച്ചു..
“നോക്കു.. ദേ കുട്ട്യോളു വന്നു.. ”
പിന്നെ അങ്ങോട്ട് അവരുടെ വിശേഷങ്ങൾ കേട്ട് എന്റെ ചെവി മരവിച്ചു…
അത്താഴം അവിടന്നു കഴിച്ചു..യാത്ര പറഞ്ഞു തിരിച്ചു ഇറങ്ങുമ്പോൾ സമയം കുറച്ചായി…
“ഏട്ടാ… ”
“ഉം… ”
“എനിക്ക് മുത്തശ്ശനെ ഒന്ന് കാണണം എന്നുണ്ട്… ”
“ഉം.. അമ്മ പറഞ്ഞു.. ”
മുത്തശ്ശനെ കാണാലോ എന്നോർത്ത് എനിക്ക് വല്ലാതെ സന്തോഷം തോന്നി..
“പിന്നെ അഗ്നി… ഈ ഏട്ടാ വിളി എനിക്ക് ഇഷ്ടം അല്ല.. കാൾ മി രോഹി.. ഓർ രോഹിത്… ”
ഞാൻ ഒന്ന് തലയാട്ടി…
മൂത്തോരെ പേര് ചൊല്ലി വിളിക്കരുത് എന്ന് മുത്തശ്ശൻ എപ്പോളും പറയാറുണ്ട്.. പക്ഷെ ..
എന്തൊക്കെയോ ആലോചിച്ചു വീടിന്റെ മുന്നിൽ എത്തിയത് ഞാൻ അറിഞ്ഞില്ല…
“അഗ്നി ഇറങ്ങുന്നില്ലേ… ”
“ആ… ഉണ്ട്… ”
ഒരു ഞെട്ടലോടെ ഞാൻ ചാടി ഇറങ്ങി…
രോഹിയെ പോലും നോക്കാതെ ഞാൻ അകത്തേക്ക് ഓടി ചെന്നു…
“മുത്തശ്ശാ…. ”
“ആഹാ.. വന്നോ കുട്ടി… ”
“ഉം… എനിക്ക് മുത്തശ്ശനെ കാണാതെ വല്ല്യ സങ്കടം ആയിരുന്നു… ”
“മോനെന്തേ… ”
“ഏട്ടൻ പുറത്തുണ്ട്… ”
മുത്തശ്ശൻ എന്നെ ചേർത്തു പിടിച്ചു ഉമ്മറത്തേക്ക് വന്നു..
“മോന് കുടിക്കാൻ എന്തെങ്കിലും എടുക്കു മോളെ… ”
“വേണ്ട മുത്തശ്ശാ ഞങ്ങൾ ഇപ്പൊ കഴിച്ചിട്ടു വന്നേ ഉള്ളു… ”
കുറച്ചു നേരം മുത്തശ്ശന്റെ ചാരു കസേരക്ക് താഴെ മുത്തശ്ശന്റെ കാലിൽ തല ചായ്ച്ചു ഞാൻ കിടന്നു… അപ്പോളും മുത്തശ്ശൻ ഏട്ടനോട് എന്തൊക്കെയോ സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു…
“എന്റെ കുട്ടീടെ വല്ല്യ മോഹം ആയിരുന്നു ഒരു നീലക്കൽ മൂക്കുത്തി… മോൻ അതൊന്നു സാധിപ്പിച്ചു കൊടുക്കണം.. ”
“ആകാം മുത്തശ്ശ നേരം ഇരുട്ടി … ഞങ്ങൾ ഇറങ്ങട്ടെ……… അഗ്നി… പോകാം… ”
ഞാൻ എഴുന്നേറ്റു മുത്തശ്ശനോട് യാത്ര പറഞ്ഞു കാറിൽ കയറി…
ഇന്ന് ഇവിടെ നിൽകാം എന്ന് പറയണം എന്ന് മനസ്സ് കൊതിച്ചു… പക്ഷെ പറയാൻ ഉള്ള ധൈര്യം എനിക്കുണ്ടായില്ല…
******
ദിവസങ്ങൾ ഓരോന്ന് കൊഴിഞ്ഞു… വിവാഹം കഴിഞ്ഞിട്ട് ഇപ്പൊ ഒരാഴ്ച കഴിഞ്ഞു… ഇതുവരെ ഏട്ടൻ സ്നേഹത്തോടെ ഒന്ന് നോക്കുക പോലും ചെയ്തിട്ടില്ല…
എന്തിനാ എന്നോട് ഇത്ര ദേഷ്യം എന്ന് ചോദിക്കാൻ പല വട്ടം മനസ്സ് വെമ്പി.. പക്ഷെ ചോദിച്ചില്ല…
ഇന്ന് കൃഷ്‌ണന്റെ അമ്പലത്തിൽ ഉത്സവം ആണ്..
വീട്ടിൽ ഉള്ളപ്പോൾ ഞാനും മുത്തശ്ശനും പൂരത്തിനും അതു കഴിഞ്ഞു രാത്രിയിലെ ഗാനമേള കാണാനും ഒക്കെ പോകുമായിരുന്നു.. പോരും വഴി മുത്തശ്ശൻ വാങ്ങി തരുന്ന കുമ്പിൾ കുത്തിയ കപ്പലണ്ടിപൊതിക്ക് പറഞ്ഞറിയിക്കാൻ പറ്റാത്ത രുചി ആയിരുന്നു..
“അഗ്നിമോൾടെ അമ്പലത്തിൽ ഇന്ന് ഉത്സവം ആണല്ലേ.. ”
“ഉം.. ഇന്നും നാളെയും ഉണ്ട്… അഞ്ചു ആനക്ക് മേളം ആണമ്മേ… എന്ത് രസം ആണെന്നോ… ”
പെട്ടന്നുള്ള എന്റെ ആവേശം കണ്ടു രോഹി ലാപ്പിൽ നിന്നും കണ്ണെടുത്തു എന്നെ നോക്കി… ഞാൻ വേഗം തല താഴ്ത്തി…
“രോഹി.. നീ മോളെ കൂട്ടി ഒന്ന് പോയിട്ടു വരൂ… ”
അമ്മയുടെ ആ വാക്കുകൾ എനിക്ക് സ്വർഗ്ഗത്തിനു തുല്യം ആയിരുന്നു…
വേഗം യാത്രയായി… ഒരു നല്ല കസവു മുണ്ടൊക്കെ ഉടുത്തു… മുടി അഴച്ചു മെടഞ്ഞിട്ടു നെറ്റിയിൽ വലിയൊരു സിന്ദൂരപൊട്ടും കുത്തി… ഇറങ്ങി വരുന്ന എന്റെ മുഖത്തേക്ക് … രോഹി ആദ്യമായി നോക്കി നിൽക്കുന്നത് ഞാൻ കണ്ടു…
വീട്ടിലേക്കുള്ള വളവ് കഴിഞ്ഞതും റോഡ് മുഴുവൻ മാല ബൾബുകൾ കൊണ്ടു അലങ്കരിച്ചിട്ടുണ്ടായിരുന്നു…
ഞാൻ ചുറ്റും കാണുന്ന തിരക്കിൽ ആയിരുന്നു…
വീട്ടിൽ എത്തിയപ്പോളേക്കും എനിക്ക് അടക്കാൻ പറ്റാത്ത സന്തോഷം ആയിരുന്നു…
“നമുക്കൊന്ന് തൊഴുതു ഭഗവതീടെ നടക്കൽ ഒരു പറ നിറച്ചിട്ട് വരാം മോനെ… ”
മനസില്ലാമനസോടെ ആണ് രോഹി മുത്തശ്ശന് മുന്നിൽ തലയാട്ടിയത് എന്ന് എനിക്ക് മനസിലായി…
രണ്ടു പേരും കൂടി പറ നിറക്കുമ്പോൾ ആദ്യമായി ഞാൻ എന്റെ ഭർത്താവിനോട് ചേർന്നു നിൽക്കുവായിരുന്നു.. സത്യത്തിൽ അപ്പോൾ എന്റെ കണ്ണു നിറഞ്ഞു പോയി…
ആരും കാണാതെ ആ കണ്ണുനീർ സാരിത്തുമ്പിൽ ഒപ്പിയെടുത്തു തലയുയർത്തി നോക്കുമ്പോൾ എന്റെ നോട്ടം ചെന്നു നിന്നത് ദേവേട്ടന്റെ മുഖത്തേക്കായിരുന്നു… ഒരു പുഞ്ചിരിയിൽ ഒതുക്കി തിരിഞ്ഞു നടക്കുമ്പോൾ എന്റെ നെഞ്ചു പൊട്ടുന്നുണ്ടായിരുന്നു
തിരിച്ചു വീട്ടിൽ വന്നതും എന്നെ വീട്ടിൽ ആക്കി രോഹി തിരിച്ചു പോയി…
****
രാവിലെ നേരത്തെ എഴുന്നേറ്റു കുളിച്ചു ഞാൻ അമ്പലത്തിലേക്ക് നടന്നു…
താമരമാലകളിൽ മുങ്ങി നിൽക്കുന്ന കണ്ണനെ നോക്കി നിൽക്കുമ്പോൾ എനിക്ക് സങ്കടം വന്നു..
“വലിയ മോഹങ്ങൾ ഒന്നും ഇല്ലാത്ത ഈ പൊട്ടിപ്പെണ്ണിന് നീ മണിമാളികയാ തന്നത്… പക്ഷെ… ആദ്യമായി മനസ്സിൽ പാകിയ മുഖം ആയിരുന്നു രോഹിയേട്ടൻ… എന്നിട്ടും ആ നിധി എനിക്ക് അന്യമാണല്ലോ കണ്ണാ… എന്തിനാ ഇങ്ങനെ എന്നെ കാട്ടി കൊതിപ്പിക്കണേ നീ… അദ്ദേഹത്തിന്റെ മനസ്സിൽ എന്താണ് എന്ന് ഇന്നും എനിക്ക് അറിയില്ല കണ്ണാ… എന്ത് തന്നെ ആയാലും… ഈ താലി എന്നും ഇങ്ങനെ തന്നെ ഉണ്ടാകണേ കണ്ണാ… എന്റെ ഏട്ടനു ഒരു ആപത്തും വരാതെ കാത്തോണേ കണ്ണാ… ”
കണ്ണനെ തൊഴുതു പ്രദക്ഷിണം വച്ചു മടങ്ങുമ്പോൾ എന്നെ കാത്തു ദേവെട്ടൻ നില്പുണ്ടായിരുന്നു…
“അഗ്നിക്കുട്ടി… ”
“ഉം… ”
“രോഹി വന്നില്ലേ… ”
“ഏട്ടൻ ഉച്ച തിരിഞ്ഞു എന്നെ കൊണ്ടു പോകാൻ വരും.. ഓഫീസിൽ എന്തോ അത്യാവശ്യം ആയിട്ട് പോയതാ… ”
എന്ന് പറഞ്ഞു ഞാൻ തിരിഞ്ഞു നടന്നു..
” ദേവേട്ടന്റെ മുഖത്തു നോക്കി കള്ളം പറയാൻ മാത്രം അഗ്നി കുട്ടി ആയിട്ടില്ലാട്ടോ… ”
എന്റെ കാലുകൾ കൂച്ചു വിലങ്ങിട്ട പോലെ നിന്നു…
പക്ഷെ ഞാൻ തിരിഞ്ഞു നോക്കിയില്ല…
“സാരല്ല്യ എല്ലാം ശരിയാകും… കുട്ടിക്ക് വേണ്ടി എന്നും ഞാൻ ഈ നടക്കൽ വന്നു പ്രാർത്ഥിക്കനുണ്ട്… എവിടെ ആയാലും സന്തോഷം ആയി ഇരുന്നാൽ മതി… അത്രേ ദേവേട്ടന് വേണ്ടു… ”
മറുപടി ഒരു പുഞ്ചിരിയിൽ ഒതുക്കി ഞാൻ വീട്ടിലേക്കു നടന്നു..
മുത്തശ്ശന്റെ ഒപ്പം ഇരുന്നു ഊണും കഴിച്ചു… ഉമ്മറത്തിണ്ണയിൽ സംസാരിച്ചു ഇരിക്കുമ്പോൾ ആണ് രോഹിയേട്ടന്റെ കാർ വന്നത്.. പക്ഷെ ഓടിക്കുന്നത് അമ്മ ആയിരുന്നു…
ഏട്ടൻ വന്നിട്ടില്ല… !!!
എനിക്ക് വല്ലാത്ത സങ്കടം തോന്നി…
“രോഹിക്ക് അത്യാവശ്യം ആയിട്ട് എവിടെയോ പോകണം എന്ന് പറഞ്ഞു.. അതാ അമ്മ തന്നെ വന്നേ… ”
അമ്മക്കൊപ്പം പോകുമ്പോൾ സങ്കടം ഇരമ്പി നിൽകുവായിരുന്നു ഞാൻ…
“നമുക്ക് പോകും വഴി അൽപ്പം ഷോപ്പിങ് ഉണ്ട്ട്ടോ മോളു.. ”
“ഉം… ”
മാളിൽ കയറിയതും വേറെ ഏതോ ലോകത്തു ചെന്നപോലെ ആയിരുന്നു എനിക്ക് തോന്നിയത്…
അമ്മ എന്തൊക്കെയോ കുറെ വാങ്ങി കൂട്ടുന്നുണ്ട്…
അപ്പോളാണ് എന്റെ ഒപോസിറ്റ് സൈഡിൽ സംസാരിച്ചു നിൽക്കുന്ന രണ്ടുപേരിലേക്ക് എന്റെ കണ്ണുകൾ പോയത്… രോഹിയേട്ടൻ… കൂടെ ഏതോ ഒരു പെണ്ണും…
എന്റെ കാലുകൾ തളരുന്ന പോലെ എനിക്ക് തോന്നി..
ആ കണ്ണുകൾ എന്നെ കണ്ടതും വല്ലാത്തൊരു വെപ്രാളത്തോടെ അവിടുന്ന് അവർ നടന്നു പോയി… ഒന്നും മനസിലാകാതെ ഞാൻ മിഴിച്ചു നിന്നു…
ഒരു യന്ത്രം കണക്കെ ഞാൻ അമ്മക്കൊപ്പം നടന്നു…
വീട്ടിൽ എത്തിയിട്ടും എന്റെ ചങ്കിടിപ്പ് മാറിയിരുന്നില്ല..
യാത്ര കഴിഞ്ഞു വന്നത് കൊണ്ടാകും ക്ഷീണം കാരണം അമ്മ നേരത്തെ ഭക്ഷണം കഴിച്ചു കിടന്നു…
ഹാളിലെ സെറ്റിയിൽ തല ചായ്ച്ചു കിടന്ന ഞാൻ എപ്പോളോ ഒന്ന് മയങ്ങിപ്പോയി.. .. പെട്ടന്ന് രോഹിയുടെ കാർ വരുന്ന ശബ്‌ദം കേട്ടതും ഞാൻ ഓടി പോയി വാതിൽ തുറന്നു…
എന്റെ മുഖത്തേക്ക് നോക്കാൻ ഉള്ള ശക്തി ഏട്ടന് ഇല്ലായിരുന്നു… അതുകൊണ്ട് തല താഴ്ത്തി എനിക്ക് മുഖം തരാതെ ഏട്ടൻ നേരെ മുകളിലേക്ക് കയറി പോയി…
“ഭക്ഷണം എടുക്കട്ടെ… ”
“വേണ്ട.. ഞാൻ കഴിച്ചു… ”
അതു പറഞ്ഞു ഏട്ടൻ നേരെ ബാത്‌റൂമിൽ കയറി…
ഏട്ടൻ കുളി കഴിഞ്ഞു വരുമ്പോളേക്കും ഞാൻ ഉറക്കം നടിച്ചു കിടന്നു… ആ മുഖം കുറ്റബോധം കൊണ്ടു എന്റെ മുന്നിൽ കുനിഞ്ഞിരിക്കുന്നത് കാണാൻ ഉള്ള ശക്തി എനിക്കില്ലായിരുന്നു…
****
രാവിലെ കുളിച്ചു അടുക്കളയിൽ കയറുമ്പോൾ അമ്മ എഴുന്നേറ്റു വരുന്നുണ്ടായിരുന്നുള്ളു…
“ഇന്നലെ അവൻ എപ്പോളാ വന്നേ.. ”
“ഇച്ചിരി വൈകി… ”
“വല്ലതും കഴിച്ചോ അവൻ… ”
“കഴിച്ചിട്ടാ വന്നത് എന്ന് പറഞ്ഞു.. ”
“അപ്പൊ മോളൊന്നും കഴിച്ചില്ലേ… ”
“എന്നോട് കഴിച്ചോളാൻ പറഞ്ഞു… കഴിച്ചു ഒന്നിച്ച ഞങ്ങൾ മുകളിലേക്ക് പോയത്… ”
അമ്മക്ക് മുഖം കൊടുക്കാതെ ഞാൻ എങ്ങനെയോ പറഞ്ഞൊപ്പിച്ചു…
പെട്ടന്ന് അമ്മേടെ ഫോൺ ബെല്ലടിച്ചു..
“ഹലോ…
അതെ ഗൗരി ടീച്ചർ ആണ്.. പറയു…
എപ്പോ…….
ഞങ്ങൾ ധാ വരുന്നു…. ” അമ്മയുടെ വാക്കുകൾ അവ്യക്തമായി എന്റെ കാതിൽ പതിഞ്ഞു…
എന്റെ നെഞ്ചിടിപ്പ് വല്ലാതെ കൂടി..
അമ്മ ഒന്നും പറയാതെ മുകളിലേക്ക് ഓടി… തിരിച്ചു വരുമ്പോൾ ഏട്ടനും കൂടെ ഉണ്ടായിരുന്നു…
“അഗ്നി നമുക്ക് ഹോസ്പിറ്റൽ വരെ ഒന്ന് പോകാം… ”
“എന്താ… എന്താ അമ്മേ.. ”
കാറിൽ ഇരിക്കുമ്പോളും ആരും ഒന്നും മിണ്ടുന്നില്ല…
കാർ നേരെ പോകുന്നത് എന്റെ വീട്ടിലേക്കു ആണല്ലോ കണ്ണാ…
ന്റെ മുത്തശ്ശൻ…
“അമ്മേ… എന്താ… എന്താ പറ്റിയെ… എന്റെ മുത്തശ്ശന് എന്താ പറ്റിയെ… ”
തുടരും…

by