19/04/2026

ശിവഭദ്ര : ഭാഗം 02

രചന – ജ്വാലാമുഖി

“ഭദ്ര ഇന്ന് നേരത്തെ ആണല്ലോ… ” തോളൊപ്പം ചേർന്ന് നിന്ന് അവനത് പറയുമ്പോൾ ആ ശ്വാസം അമ്പലത്തിലെ കൽവിളക്കിൽ തട്ടിത്തൂവി പറന്നകന്നു… ഞാൻ നേരത്തെ ഒന്നും അല്ല എന്ന് പറയണം എന്നുണ്ട് പക്ഷെ നാവ് പൊന്തുന്നില്ല.. പ്രണയം അത് ചിലപ്പോൾ ഒരു ചങ്ങല പോലെ നമ്മുടെ കാലുകളെ കെട്ടിയിടും… വിളക്കുകൾ എല്ലാം തിരിയിട്ടു കത്തിക്കുമ്പോൾ ഒപ്പം ആ ഗന്ധർവനും ഉണ്ടായിരുന്നു… ഒരിക്കൽ പോലും കണ്ണുകൾ അങ്ങോട്ട്‌ പാളി നോക്കാതിരിക്കാൻ ഞാൻ നന്നേ പാടു പെട്ടു… “ഭദ്രക്കുട്ടി…. ” പെട്ടന്ന് തിരുമേനി വിളിക്കുന്നത് കേട്ടതും ഞാൻ മുഖം ഉയർത്തി തിടപ്പള്ളിയിലേക്ക് നോക്കി… “ഇന്നലെ നേരം വൈകിയാണ് എത്തിയത് അല്ലെ… അമ്മ രാവിലെ എന്നെ കണ്ടിരുന്നു… ” “നേരം വൈകിയൊന്നുമില്ല തിരുമേനി… ഇച്ചിരി ഇരുട്ടിയാർന്നു… ” “ശോഭ നന്നേ ക്ഷീണിച്ചു അല്ലെ മോളെ… ” ഇപ്പോളും എന്ത് സ്നേഹം ആണ് അമ്മയോട്… പാവം… “അമ്മക്ക് ക്ഷീണം ഒന്നൂല്ല്യ… പിന്നെ പ്രായം ആയില്ലേ…. ഇത്ര ഇഷ്ടം ആരുന്നേൽ എവിടേലും പോയി ജീവിക്കരുന്നില്ലേ രണ്ടാൾക്കും.. ” “ഈ കുട്ടിടെ കാര്യം… മിണ്ടാണ്ടിരിക്ക… ” തിരുമേനി അത് പറഞ്ഞു കൊണ്ടു നേരെ നോക്കിയത് നമ്മുടെ ഗന്ധർവന്റെ മുഖത്തേക്കാണ്.. ഞാൻ ഇങ്ങനെ പറഞ്ഞതിൽ അല്ല ആയാൾ കേട്ടതിൽ ആണ് തിരുമേനിക്ക് ഉത്കണ്ട.. ഞാൻ തിടപ്പള്ളിയിലെ ചുവരിലെ റിക്കാർഡ് ന്റെ സ്വിച്ച് ഓണാക്കി…

“അഞ്ജനശിലയിൽ ആദിപരാശക്തി……. !!!! പാട്ടു കേട്ടു തുടങ്ങിയാലേ നട തുറന്നു എന്ന് ആൾക്കാർ അറിയുള്ളു… തിരുമേനിക്ക് ആകെ ഉള്ള വരുമാനം ഈ അമ്പലം ആണല്ലോ.. വിളക്കിലെ തിരികൾ എല്ലാം കത്തിച്ചു കൊണ്ടു അയാൾ എന്റെ അരികിലേക്കു നടന്നടുത്തു.. “ഭദ്ര ഇതുവരെ എന്നോടൊന്നും മിണ്ടിയില്ല.. ” “എങ്ങനെ മിണ്ടാനാ… ഇന്നലെ എന്റെ വാ പൊത്തിപിടിച്ചേക്കരുന്നല്ലോ… ” “ഇപ്പൊ കണ്ടിട്ടും മിണ്ടിയില്ലല്ലോ… ” “അതിനു… ഇതിന് മുൻപ് ഞാൻ ഇയാളെ കണ്ടിട്ടില്ലല്ലോ… ” “അപ്പൊ ഇന്നലെ കണ്ടില്ലേ.. ” “അതിനെ ഒക്കെ ഒരു കാണൽ എന്ന് പറയാൻ പറ്റോ.. ” “ഓഹ്.. വാദിക്കാൻ ഞാനില്ല.. പിന്നെ ഇന്നലെ രാത്രി താൻ എന്നെ ഓർത്തില്ലേ… ” “ആദ്യമായി കാണുന്ന ആൾ.. അതും കാണലോ വഴിയിൽ തടഞ്ഞു നിർത്തിട്ടും.. ആ ആളെ കുറിച്ച് ഞാൻ എന്ത് ആലോചിക്കാനാ മാഷേ… ” “ഞാൻ തന്നെ ആദ്യായിട്ടല്ല ഭദ്രേ കാണുന്നെ… പലവട്ടം ഈ അമ്പലത്തിൽ ഇയാളെ കാണാൻ വേണ്ടി മാത്രം ഞാൻ വന്നു നിന്നിട്ടുണ്ട്… ” ഉള്ളിൽ തോന്നിയ അത്ഭുതം മുഖത്തു കാട്ടാതെ ഞാൻ തെച്ചിപൂമൊട്ടുകൾ വേർതിരിച്ചു എടുക്കുന്ന പോലെ തിരക്കിൽ അഭിനയിച്ചു…

“ഇന്നലെ ആണ് തന്റെ കല്യാണം പണ്ടേ ഉറപ്പിച്ചിട്ടിരിക്കുന്നതാണ് എന്ന് ഞാൻ അറിയുന്നത്… ” ഞാൻ ഒരു ഞെട്ടലോടെ ആ മുഖത്തേക്ക് നോക്കി… “ആര് പറഞ്ഞു ഈ നുണ… ” “നുണ ഒന്നും അല്ല കാർത്തിടെ മുറപ്പെണ്ണല്ലേ താൻ… ” “കാച്ചു നെ യോ…കാച്ചുനെ അറിയോ…? ” “ഞാൻ അവന്റെ കൂടെ പലവട്ടം അവിടെ വന്നിട്ടുണ്ട്… ” “ഇന്നലെ ആണ് അവൻ തന്റെ കാര്യം എന്നോട് പറഞ്ഞത്… അപ്പൊ എന്തോ സഹിക്കാൻ കഴിഞ്ഞില്ല… അതാ ഞാൻ… സോറി… !!” മുഖമുയർത്തി ആ കണ്ണുകളിലേക്ക് നോക്കുമ്പോൾ…. എന്നെ ആരോ ആഴക്കടലിലേക്ക് കൊത്തി വലിച്ചു കൊണ്ടു പോകുന്ന പോലെ തോന്നി… ഭാരമില്ലാതെ കടലിന്റെ ആഴങ്ങളിൽ നീന്തി നടക്കുന്നതുപോലെ.. “എനിക്ക് വേണ്ടി ഒന്നു കാത്തിരുന്നൂടെ… ” “പേരുപോലും അറിയാത്ത ഒരാൾക്കു വേണ്ടി ഞാൻ എന്ത് പറഞ്ഞു കാത്തിരിക്കാനാ.. ” അതും പറഞ്ഞു നന്നാക്കി എടുത്ത പൂക്കൾ ഇലയിലേക്ക് വച്ചു ഞാൻ ദേവിയുടെ തൃപ്പടിയിലേക്ക് വച്ചു..

“ഇന്ന് ആരും വരണില്ലല്ലോ കുട്ട്യേ…? ” “ഇടദിവസം അല്ലേലും ആൾകാർ കുറവല്ലേ തിരുമേനി… ” “നേദ്യം ഒരു നേരം ആക്കേണ്ടി വരും ഇങ്ങനെ പോയാൽ… വരുമാനം ഇല്ലാണ്ട് എങ്ങന്യാ… പറമ്പിൽ ആണേൽ മണ്ഡരി അല്ലാത്ത ഒരു തെങ്ങില്ല… ” “എല്ലാരും കാനോത്തെ അമ്പലത്തിൽ ആണ് പോണേ അവിടുത്തെ ശാന്തി ഭയങ്കര കേമൻ ആണത്രേ…. നാളികേരം ഉടച്ചു അതിൽ തുളസിയിലിട്ടു ജ്യോത്സ്യം പറയുമത്രെ… ” “ആഹാ… എന്താ ല്ലേ ദേവിക്കുട്ടി… ” തിരുമേനി സ്നേഹം വരുമ്പോൾ എന്നെ ദേവി എന്നാ വിളിക്കാ… “എന്തേലും ആവട്ടെ തിരുമേനി…നമ്മുടെ കാവിലമ്മേ വിശ്വാസം ഉള്ളവർ ഇങ്ങോട്ട് തന്നെ വരും… ” അതും പറഞ്ഞു ഞാൻ ഉരുളികൾ എടുത്തു തിടപ്പള്ളിയിലേക്ക് വച്ചു… തിരുമേനി പൂജക്കായി ശ്രീകോവിലിൽ കയറി നടയടച്ചു… ” ആഹാ… ഇപ്പൊ ഞാനും എന്റെ ദേവിയും മാത്രം ഉള്ളുലോ… ” കലിപൂണ്ടു ആ കണ്ണുകളിലേക്ക് നോക്കിയതും എന്റെ ദേഷ്യം എല്ലാം ആവിയായി മറഞ്ഞു…

“എന്നെ കുറിച്ച് ഒന്നും അറിയണ്ടേ തനിക്കു…? ” ഞാൻ ഒന്നും മിണ്ടിയില്ല…ഒരുപാട് അറിയാൻ ഉണ്ട് എന്ന് പറയണം എന്നുണ്ട്… പക്ഷെ ധൈര്യം ഇല്ല.. “എന്റെ പേര് നമശിവ്‌… എല്ലാരും ശിവ എന്ന് വിളിക്കും… ഇവിടെ ആൽത്തറ മുക്കിലെ മുല്ലക്കൽ തറവാട്ടിലെ ബാലചന്ദ്രന്റെയും ലതയുടെയും ഒരേഒരു ആൺതരി…” മറുപടി ഒന്നും പറയാതെ ആ മുഖത്തേക്ക് തന്നെ നോക്കി നിന്നതേ ഉള്ളു ഞാൻ.. “എന്താ താൻ ഒന്നും മിണ്ടാത്തെ… ” “അകത്തു പൂജ നടക്കുവാ താൻ ഒന്നു മിണ്ടിണ്ടിരിക്കോ.. ” “ഓഹ്… അഹങ്കാരി… ” എന്ന് പറഞ്ഞു കൊണ്ടു എന്റെ കൈത്തണ്ടയിൽ ഒരു നുള്ളു തന്നുകൊണ്ട് അവൻ പുറത്തേക്ക് കടന്നുപോയി.. വേദന കൊണ്ടു കണ്ണിനു മുന്നിൽ കുറെ മിന്നാമിന്നികൾ പറക്കുന്നത് പോലെ തോന്നി എനിക്ക്… ഇത്ര പെട്ടന്ന് ഒരാളോട് പ്രണയം തോന്നോ..ആദ്യായി കാണുന്ന ഒരാളോട്… അത്ഭുതം തോന്നിപ്പോവാ ന്റെ കൃഷ്ണ.. ഗൗരി ഒന്നു വന്നെങ്കിൽ അവളോട് എല്ലാം പറയാരുന്നു…

ഈ ചൊങ്കൻ ചെക്കനെ കണ്ടാൽ അവൾക്കു എന്തായാലും നല്ല കുശുമ്പ് വരും… ഓർത്തപ്പോൾ മനസ്സിൽ ആയിരം മത്താപ്പൂ ഒന്നിച്ചു പൊട്ടി.. നേദ്യം കഴിഞ്ഞു നട അടച്ചു തിരുമേനി ഇല്ലത്തേക്ക് പോയതിനൊപ്പം ഞാനും ഇറങ്ങി… ശിവ അപ്പോ പോയിട്ട് പിന്നെ കണ്ടില്ല… എന്തോ വല്ലാത്ത ഒരു വിഷമം… ഒന്നു കാണാൻ ഉള്ളു കൊതിക്കുന്ന പോലെ… ഇത്രയും മനസ് അടുത്ത് പോകാൻ അയാൾ എന്ത് മായാജാലം ആണ് കാട്ടിയെ എന്റെ കൃഷ്ണ… ഓരോന്ന് ആലോചിച്ചു കൽപ്പടവുകൾ ഇറങ്ങി പാടത്തേക്കു നടക്കുമ്പോൾ ഇരുട്ടു മൂടി തുടങ്ങിയിരുന്നു… അപ്പോളാണ് എതിരെ കാച്ചു വരുന്നത് ഞാൻ കണ്ടത്… “ഈ ഇരുട്ടണ വരെ അമ്പലത്തിൽ നിൽക്കണത് എനിക്ക് ഇഷ്ടം അല്ല എന്ന് നിനക്ക് അറിഞ്ഞുടെ… ” “പിന്നെ നിന്റെ ഇഷ്ടത്തിന് അല്ല ഞാൻ നടക്കണേ… ” “ദേ… വാശി അല്പം കൂടുന്നു നിനക്ക്.. ” “കാച്ചു കാച്ചുന്റെ കാര്യം നോക്കിയാൽ എന്റെ കാര്യം നോക്കാൻ വരണ്ട… ” “ഡി.. ” എന്ന് വിളിച്ചു കൊണ്ടു അവൻ എന്റെ കയ്യിൽ കയറി പിടിച്ചു…

അടിതൊട്ടു മുടി വരെ അരിച്ചു കേറി വന്നു എനിക്ക്… മുഖം പൊട്ടുന്ന ഒരു അടി കൊടുത്തു തിരിച്ചു നടക്കുമ്പോൾ ഉള്ളിൽ ശിവയെ കാണാത്ത ദേഷ്യവും കാച്ചുവിന്റെ പെരുമാറ്റവും എല്ലാം കൂടി എനിക്ക് ആകെ പ്രാന്ത് പിടിച്ചിരുന്നു… “കാച്ചു നെ തല്ലിട്ട് മോള് സുഖമായി ജീവിക്കില്ല നോക്കിക്കോ.. എന്റെ പെണ്ണാ നീ… ഈ കൈകൾ കൊണ്ടു നീ എത്ര തല്ലിയാലും എനിക്ക് നോവില്ല… അതും ഒരു സുഖം ആഡി… പക്ഷെ എല്ലാം കൂടി നിന്നെ ഞാൻ സ്നേഹിച്ചു കൊല്ലും.. ” “ച്ചി…. നാണം കെട്ട ജന്മം… മാറി നില്ക്കു അങ്ങോട്ട്‌… ” അതും പറഞ്ഞു അവനെ തള്ളിമാറ്റി നടക്കുമ്പോൾ കണ്ടു കൈതക്കാട്ടിൽ ദേഷ്യം കൊണ്ടു ചുവന്ന രണ്ടു കണ്ണുകൾ… ഞാൻ അവിടെ നിന്നുപോയി.. “പോയില്ലേ… ” കാച്ചു നടന്നു തുടങ്ങി എന്ന് കണ്ടപ്പോൾ ഞാൻ മെല്ലെ നിന്ന് കൊണ്ടു ചോദിച്ചു.. “ഇല്ല… ” എന്തോ ആ മുഖം കണ്ടപ്പോൾ എനിക്ക് വല്ലാതെ സങ്കടം വന്നു… “കച്ചൂന് പ്രാന്താ… ചത്താലും അവനു കഴുത്തു നീട്ടി കൊടുക്കില്ല ഈ ഭദ്ര… ” ആ കണ്ണുകൾ നിറയുന്നത് ഇരുട്ടിലും ഞാൻ കണ്ടു… കണ്ണുനീർ തുള്ളികൾ രണ്ടു നക്ഷത്രങ്ങൾ പോലെ ആ കൺകോണിൽ നിന്ന് തിളങ്ങി..

“ഞാൻ പോണു… ഇരുട്ടു പരന്നു… ” അത് പറഞ്ഞു ധൃതിയിൽ നടക്കുമ്പോൾ മനസ്സിൽ വല്ലാത്ത ഒരു ആശ്വാസം ആയിരുന്നു… അത് വീണ്ടും ശിവയെ കണ്ടതുകൊണ്ടുള്ള സന്തോഷം ആയിരിക്കാം.. കുറച്ചു നേരം അവൻ മാറി നിന്നപ്പോളേക്കും തനിക്കു ഇത്രക്ക് പ്രാന്ത് പിടിക്കാൻ മാത്രം എന്താ കാരണം എന്ന് ഒരു പിടിയും കിട്ടുന്നില്ല.. ഈ പ്രണയിക്കുന്നവർക്ക് എപ്പോളും കണ്ടുകൊണ്ട് ഇരിക്കാൻ പറ്റുമോ… ഒന്നു മാറി നിന്നാൽ ഇങ്ങനെ ചങ്ക് പൊട്ടുമോ… കാച്ചു ഒന്ന് കയ്യിൽ തോട്ടപ്പോളെക്കും താൻ അവനെ തല്ലി… പക്ഷെ ശിവ ഇന്നലെ തന്നെ ചേർത്ത് പിടിച്ചപ്പോൾ എന്താ തല്ലാൻ തോന്നഞ്ഞേ…? ശിവ അടുത്തേക്ക് വരുമ്പോളേ നാണം കൊണ്ടു തന്റെ മുഖം കൂമ്പി പോകുന്നു… ഇതൊക്കെ പുതിയ ഓരോ വികാരങ്ങൾ ആണല്ലോ കണ്ണാ.. ഇതാണോ പ്രണയം…??? ഓരോന്ന് ആലോചിച്ചു നടന്നു വീടെത്തിയത് അറിഞ്ഞില്ല. അമ്മ ഉമ്മറത്തിരുന്നു നാമം ജപിക്കുന്നുണ്ട്… എന്നെ കണ്ടതും നേരം വൈകിയതിന്റെ പ്രതീകം എന്നോണം ഇരുട്ടിലേക്ക് നോക്കിയിട്ട് തിരിച്ചു എന്റെ മുഖത്തേക്ക് ഒന്നു നോക്കി കണ്ണുരുട്ടി…

ഞാൻ വേഗം അകത്തു നടന്നു… കതക് ചാരി കണ്ണാടിക്ക് മുന്നിൽ നിന്ന് ദാവണി നേരെ ആക്കി…. ചാഞ്ഞും ചരിഞ്ഞും നോക്കി… കൊള്ളാം.. ശിവക്ക് മാച്ച് തന്നാ എന്ന് സ്വയം പറഞ്ഞു കൊണ്ടു മുടി വാരികെട്ടി ഉമ്മറത്തു അമ്മയോടൊപ്പം ഇരുന്നു നാമം ചൊല്ലി എന്ന് വരുത്തി… **** രാത്രി നേരം ഏറെ ആയിട്ടും ഉറക്കം വരുന്നില്ല… കണ്ണടച്ചാൽ ആ കണ്ണുകൾ എന്നെ കൊത്തിവലിക്കുന്നതു പോലെ… ഇങ്ങനെ പോയാൽ എന്റെ കൃഷ്ണ… ക്ക് ആ ചെക്കനെ കാണാതെ ഇരിക്കാൻ പറ്റാത്ത അവസ്ഥ ആകുംട്ടോ… കാത്തോണേ… നിയെ ഉള്ളു തുണ… ***** രാവിലെ കുളിച്ചു തുളസി നനയ്ക്കുമ്പോൾ ഗൗരി വരമ്പത്തുകൂടെ വരുന്നത് കണ്ടു… ഞാൻ മൊന്ത അവിടെ വച്ചു അവളുടെ കയ്യും പിടിച്ചു വലിച്ചു പാടത്തേക്ക് ഓടി.. “എന്താടി… നിനക്കിതെന്താ പറ്റിയെ.. വട്ടായോ.. ” “ആടി.. മുഴുവട്ടായി… ” ഉണ്ടായതെല്ലാം അവളോട്‌ പറയുമ്പോൾ അതും വായും പൊളിച്ചു ഇരിപ്പായി… “ടി… വീടും കൂടും ഒന്നും അറിയാത്ത ഒരാളോട്… ” “വീടൊക്കെ അറിയാം… മുല്ലക്കലെ ബാലചന്ദ്രന്റെയും ലതയുടെയും മകൻ.. ”

“ഏത് ആ സുന്ദരൻ ചെക്കനോ… ” “അത് തന്നെ… നീ അറിയോ ആളെ.. ” “എന്നും അമ്പലത്തിൽ വരാറുണ്ട്… ഞാൻ നല്ലോണം വായിൽ നോക്കാറുമുണ്ട്… ” “ഇനി നോക്കിയാൽ നിന്നെ കൊല്ലും ഞാൻ.. ” “പോടീ.. എടി അവരൊക്കെ വല്ല്യ ടീം ആണ് … ആ ചെക്കൻ അമേരിക്കയിൽ ഒക്കെ ആണ് പഠിച്ചത്… ഒരു പെങ്ങൾ ഉണ്ട്… നമ്മുടെ പ്രായം ആണ്.. ഒരു മൂശേട്ട… ” “നിനക്കിതൊക്കെ എങ്ങനെ അറിയാം… ” “ഞാൻ ഒന്നു നോക്കിതാ… പിന്നെ അവൻ ഒക്കെ വല്ല്യ ടീം അല്ലെ എന്ന് വച്ചു വിട്ടതാ… നമുക്കൊന്നും അവരെ മുട്ടാൻ പറ്റില്ലാടി… അവർക്കൊക്കെ നമ്മൾ വെറും നേരമ്പോക്ക് ആയിരിക്കും ഡി. ” ആ വാക്കുകൾ എന്റെ ഉള്ളിൽ എവിടെയോ കൊണ്ടു….. അതുവരെ ഉള്ളിൽ മൊട്ടിട്ട സന്തോഷം ഒറ്റ നിമിഷം കൊണ്ടു അണഞ്ഞു പോയി… തുടരും……