രചന – നെച്ചു നസ്രിൻ
പീലിയും രേഷ്മയും കോളേജ് കവാടം കടന്ന് റോഡിലേക്ക് നടന്നുവരികയാണ്.ആനന്ദ് അവർക്ക് തൊട്ടു പിറകെ ബൈക്കിൽ വരുന്നുണ്ട്. പീലിക്ക് പോകാനുള്ള ബസ്സിൽ അവളെ കയറ്റിവിട്ടശേഷം രേഷ്മ ആനന്ദിന്റെ ബൈക്കിന്റെ പിറകിലേക്കിരുന്നു. അവൻ സൈഡ് മിററിലൂടെ അവളെ നോക്കിയെങ്കിലും മുഖം വീർപ്പിച്ച് ഇരിക്കുന്ന രേഷ്മയെയാണ് കണ്ടത്.ബൈക്ക് രേഷ്മയുടെ വീടിൻറെ മുന്നിൽ വന്നു നിന്നതും അവൾ ഇറങ്ങി അവനെ ഒന്ന് നോക്കി. അവൾക്കായി ഒരു പുഞ്ചിരി സമ്മാനിച്ച് ആനന്ദ് വണ്ടി ഓടിച്ചു പോയി.രേഷ്മയുടെ മുഖത്ത് നിരാശ നിറഞ്ഞു.
ഇന്ന് തന്റെ ബർത്ത് ഡേ ആയിരുന്നു. ഇന്നലെ രാത്രി മുതൽ അവൾ ആനന്ദിന്റെ ഒരു വിഷ് പ്രതീക്ഷിച്ചിരുന്നു.എന്നാൽ അവൻ അവളോട് അതിനെപ്പറ്റി ഒന്നും തന്നെ പറഞ്ഞില്ല.അവൾക്ക് അവനോട് പരിഭവം തോന്നി. ഇത്രയും പ്രധാനപ്പെട്ട തൻറെ ഒരു കാര്യം അവൻ അവഗണിച്ചതിൽ അവൾക്ക് അതിയായ വേദന തോന്നി. കോളേജിൽ വെച്ച് പീലിക്കും ആനന്ദിനും ബർത്ത് ഡേക്കുള്ള ട്രീറ്റ് കൊടുത്തപ്പോൾ പോലും അവൻ എല്ലാം വലിച്ചുവാരി തിന്നെങ്കിലും അവളെയൊന്നു വിഷ് ചെയ്തില്ല.രേഷ്മ ഒളിഞ്ഞും തെളിഞ്ഞും പിണക്കം കാണിച്ചെങ്കിൽ കൂടിയും അവൻ അതു മൈൻഡ് പോലും ചെയ്തില്ല.അവൾ റൂമിലേക്ക് കയറി ദേഷ്യത്തോടെ ബാഗ് കട്ടിലിലേക്ക് വലിച്ചെറിഞ്ഞു. അവൾക്ക് ദേഷ്യവും സങ്കടവും ഒരുമിച്ച് തോന്നി. ഒട്ടും താല്പര്യമില്ലാതെ അവൾ വേഷം മാറി ഫ്രഷായി റൂമിന് വെളിയിലേക്ക് വന്നതും രേഷ്മ ഞെട്ടിപ്പോയി.
ഹാളിൽ പലയിടത്തും തന്റെ പല ഫോട്ടോസ് ഒട്ടിച്ചു വച്ചിരിക്കുന്നു. താഴെ നിറയെ പലനിറത്തിലെ ബലൂണുകൾ.കുഞ്ഞു കുഞ്ഞു എൽ ഇ ഡി ബൾബുകൾ വല്ലാത്ത ഭംഗിയോടെ നിറഞ്ഞിരുന്നു.അവളുടെ കണ്ണുകൾ അത്ഭുതം കൊണ്ട് വിടർന്നു.എന്നാൽ മുന്നിൽ നിൽക്കുന്നവരിലേക്ക് അവളുടെ കണ്ണുകൾ ചെന്നപ്പോളാണ് അവൾക്ക് ശരിക്കും അത്ഭുതം തോന്നിയത്.പീലിയും ആനന്തും നിറപുഞ്ചിരിയോടെ അവളെ നോക്കി നിൽക്കുന്നു. അതോടൊപ്പം ആനന്ദിന്റെ അച്ഛനും അമ്മയും കൂടിയുണ്ടായിരുന്നു. ആനന്ദ് അവൾക്കരികിലേക്ക് നടന്നു വന്നു.അവൾക്ക് നേരെ ഒരു കവർ നീട്ടി.അവൾ സംശയത്തോടെ അവനെ നോക്കിയതും അവൻ മുറിക്കുള്ളിലേക്ക് കണ്ണുകൊണ്ട് കാണിച്ചു.മുറിയിൽ കയറിയതും രേഷ്മ ആനന്ദ് തന്ന കവർ തുറന്നു നോക്കി. വൈൻ കളറിൽ ഒരു ചുരിദാർ ആയിരുന്നു അത്. അവൾ പതിയെ അതിൽ വിരലോടിച്ചു.കണ്ണാടിക്ക് മുന്നിൽ നിൽക്കുമ്പോൾ അവൾക്ക് സ്വയം വല്ലാത്ത മതിപ്പ് തോന്നി.മുടി ഒരു സൈഡിലേക്ക് വിടർത്തിയിട്ട് അവൾ പുറത്തേക്കിറങ്ങി.
രേഷ്മ ഒട്ടും പ്രതീക്ഷിക്കാത്ത സമ്മാനങ്ങൾ ആയിരുന്നു അവൾക്കായി ആനന്ത് കരുതി വെച്ചിരുന്നത്.ഹാളിന് നടുവിൽ അവളുടെ ഫോട്ടോ പ്രിൻറ് ചെയ്ത കേക്കിന് ചുറ്റും മെഴുകുതിരി നിറഞ്ഞു കത്തി.അവൾ നടന്നു വന്നപ്പോഴാണ് പിറകിൽ നിന്നാരോ അവളുടെ കണ്ണ് പൊത്തിയത്.ആരാണെന്ന് കണ്ണ് തുറക്കാതെ തന്നെ അവൾക്ക് മനസ്സിലായി.അവൾ രാഹുലിനെ വട്ടം കെട്ടിപ്പിടിച്ചു.എല്ലാവരിലും സന്തോഷം നിറഞ്ഞു.ആനന്ദിന്റെ പ്ലാനിങ് ആണ് ഇതെല്ലാം എന്നവൾക്ക് മനസ്സിലായി. അവൾ പ്രണയപൂർവ്വം അവനെ നോക്കി. കേക്ക് മുറിച്ച് ആദ്യ കഷ്ണം രാഹുലിന് നീട്ടിയെങ്കിലും അവനത് ആനന്ദിന് കൊടുപ്പിച്ചു. ആ സന്തോഷം മധുര പൂർണ്ണമായി തീർന്നു. “എന്നാലും ഇത്ര സർപ്രൈസ് ഞാൻ പ്രതീക്ഷിച്ചിരുന്നില്ല “. “അതിൻറെ ഉത്തരവാദിത്വം മുഴുവൻ ആനന്ദിനാണ്.നിന്നോട് പറയരുതെന്ന് പ്രത്യേകം എല്ലാവരെയും ചട്ടം കെട്ടിയത് ഇവൻ തന്നെയാണ്”.
” നിന്നെ ഞങ്ങൾ ബസ് കയറ്റിവിട്ടതല്ലേ പിന്നെ നീ എങ്ങനെ ഇവിടെ എത്തി”?. “നിങ്ങൾ പോയ പിറക് ഞാൻ ഇങ്ങോട്ട് പോന്നു “. “അല്ല സൂരജേട്ടൻ വരില്ലേ”?. ” ഇല്ല രേഷു ഇന്ന് എവിടെയോ പോകാനുണ്ടെന്ന് പറഞ്ഞിരുന്നു അതുകൊണ്ട് ഇങ്ങോട്ട് വരില്ല “. രേഷ്മയുടെ കണ്ണുകൾ ആനന്ദിന്റെ കണ്ണുകളിലുടക്കി. പൊടുന്നനെയാണ് അവൻ അവൾക്കു മുമ്പിൽ മുട്ടുകുത്തിയിരുന്നത്. അവൾ എന്താണ് നടക്കുന്നതെന്ന് മനസ്സിലാക്കാതെ അവനെ തന്നെ നോക്കി. ആനന്ദ് പോക്കറ്റിൽ നിന്ന് ഒരു ബോക്സ് കയ്യിലെടുത്തു തുറന്നു . ഹാർട്ട് ഷേപ്പിൽ നിറയെ ഡയമണ്ട് പതിപ്പിച്ച ഒരു കുഞ്ഞു മോതിരം എടുത്തു ആയിരുന്നു അത്. അവൾ പകച്ചു ചുറ്റിനും നോക്കി. ആനന്ദിന്റെയും തന്റെയും അച്ഛനും അമ്മമാരും രാഹുലും അവളെ ചിരിയോടെ നോക്കി നിന്നു.അവൾ പതിയെ അവളുടെ കൈ അവനു നേരെ നീട്ടി.ആ മോതിരം അവൻ അവളുടെ മോതിരവിരലിലേക്ക് ഇട്ടു കൊടുത്തു.ശേഷം അവർ പരസ്പരം ഇറുക്കെ പുണർന്നു.എല്ലാവരും അത്യധികം സന്തോഷത്തോടെ കയ്യടിച്ചു. കുറച്ചുനേരം കൂടി പീലി അവർക്കൊപ്പം ചിലവഴിച്ചു.
“രേശു ഞാൻ എന്നാൽ ഇറങ്ങട്ടെ”?. “അതെന്താ സൂരജേട്ടൻ വന്നിട്ട് പോയാൽ മതി”. ” സൂരജേട്ടൻ വരാൻ വൈകും. ഇതിപ്പോ 6:00 മണി അല്ലേ ആയിട്ടുള്ളൂ.ഞാൻ പൊയ്ക്കോളാം. ” “അത് പറ്റില്ല നിന്നെ ഒറ്റയ്ക്ക് വിടുന്നത് ശരിയാവില്ല.ഒരു കാര്യം ചെയ്യാം ആനന്ദ് വീട്ടിൽ കൊണ്ടാക്കി തരും”. ” ഞാൻ എന്താ കൊച്ചു കുട്ടിയാണോ”?. “കൊച്ചായാലും വലുതായാലും ഒറ്റയ്ക്ക് പോകാൻ പറ്റില്ല”. ” എങ്കിൽ ശരി.പക്ഷേ,വീട് വരെ കൊണ്ടാക്കണ്ട ബസ് സ്റ്റോപ്പിൽ ആക്കിയാൽ മതി.അവിടുന്ന് പോകുന്നതിന് പ്രശ്നമില്ലല്ലോ.നീയൊന്നും പറയണ്ട ബസ് സ്റ്റോപ്പ്.അത് ഉറപ്പിച്ചു”. അങ്ങനെ അവൾ ആനന്ദിനൊപ്പം പോകാനിറങ്ങി . ബൈക്കിൽ കയറും മുൻപ് രേഷ്മയുടെ കാതിൽ രഹസ്യം പോലെ പറഞ്ഞു. ” അതെ നിന്റെ ചെക്കനെ സ്വർഗ്ഗത്തിലെ കട്ടുറുമ്പിനെ പോലെ കൊണ്ടുപോകുവാണ്. പെട്ടെന്നിങ് പറഞ്ഞു വിട്ടേക്കാം”. ” ചേട്ടന്റെ അടുത്ത് പോകാൻ ധൃതിയായി പോകുവല്ലേ. അപ്പൊ അങ്ങനെ പറയാമല്ലോ”. രേഷ്മയുടെ കയ്യിലൊന്ന് നുള്ളി പീലി ആനന്ദിനൊപ്പം പോയി. ആനന്ദ് പീലിയുടെ നിർബന്ധത്തിനു വഴങ്ങി അവളെ ബസ് കയറ്റി വിട്ട ശേഷം രേഷ്മക്കരികിൽ വന്നു. അവന്റെ അച്ഛനും അമ്മയും രേഷ്മയെ സ്നേഹത്തോടെ ചേർത്ത് നിർത്തിയ ശേഷം യാത്ര പറഞ്ഞു പോയി.
വീടിൻറെ മുറ്റത്ത് ആനന്തും രേഷ്മയും മാത്രമായി. “നമുക്കൊരു റൈഡിന് പോയാലോ”?. ആനന്ദിന്റെ ചോദ്യത്തിന് പൂർണ്ണ സമ്മതം നൽകി രേഷ്മ റെഡിയാകാനായി മുറിക്കുള്ളിലേക്ക് നടന്നു.രാഹുലിനോടും അച്ഛനോടും അനുവാദം വാങ്ങി രേഷ്മയെ ബൈക്കിന് പിറകിലിരുത്തി ആനന്ദ് ബൈക്ക് സ്റ്റാർട്ട് ആക്കി മുൻപോട്ടു പോയി. ഒരു മഞ്ഞ ടീഷർട്ടും ജീൻസുമായിരുന്നു അവളുടെ വേഷം. അവന്റെ തോളോട് ചായഞ്ഞു ഇരിക്കുമ്പോൾ രേഷ്മയുടെ മുടിയിഴകൾ കാറ്റിൽ പാറി കളിക്കുന്നുണ്ടായിരുന്നു. അവൾ അവനോട് കൂടുതൽ പറ്റി ചേർന്നിരുന്നു. മൂവന്തി ചായം പൂശിയ ആകാശസീമയിലേക്ക് കണ്ണും നട്ട് രേഷ്മ ആനന്ദിന്റെ തോളിൽ തലചായ്ച്ചിരുന്നു. “ഒരു താങ്ക്സ് പറഞ്ഞ് നീ എനിക്ക് തന്ന എല്ലാ സമ്മാനങ്ങളെയും ഞാൻ ചെറുതായി കാണാൻ ആഗ്രഹിക്കുന്നില്ല. എന്റെ ലൈഫിലെ ഏറ്റവും മനോഹരമായ ഒരു ബർത്ത് ഡേ ആണിത്”. “രേഷു നിന്റെ ലൈഫിൽ ഇതിലും മനോഹരമായ ഒരുപാട് പിറന്നാളൊരുക്കാനാണ് എൻറെ ആഗ്രഹം. ഓരോ ദിവസവും നിൻറെ കണ്ണിലെ സന്തോഷം എന്നെ പൂർണനാക്കും”. “ശരിക്കും പറഞ്ഞാൽ ഇന്ന് വൈകിട്ട് വീട് എത്തും വരെയും നിന്നെ കൊല്ലാൻ ഉള്ള ദേഷ്യം ഉണ്ടായിരുന്നു എനിക്ക്.
എന്റെ ബർത്ത് ഡേ അവഗണിച്ച് നീ നടന്നപ്പോൾ നിന്നെ വല്ല കായലിലും കെട്ടിത്താഴ്ത്താനാണ് എനിക്ക് തോന്നിയത്”. “എന്നിട്ട് ഇപ്പോഴോ എന്നെ കെട്ടിപ്പിടിച്ച് ഉമ്മ വയ്ക്കാൻ തോന്നുന്നില്ലേ നിനക്ക്”. “അയ്യടാ സർപ്രൈസ് ഒക്കെ അടാർ ആയിരുന്നു.അതിനു നിന്നെ ഞാൻ സമ്മതിച്ചു തന്നിരിക്കുന്നു. എന്ന് വെച്ച് നിന്നെ ഞാൻ ഉമ്മിക്കും എന്ന് നീ കരുതണ്ട”. ” ഓ പിന്നെ ഇത്രയും ഒക്കെ എനിക്ക് ചെയ്യാമെങ്കിൽ ഒരു ഉമ്മ തരാൻ ആണോ നിനക്ക് ജാഡ”. ” ജാഡ തന്നെയാടാ.ഇത്ര നേരമായിട്ടും നീ എന്നോട് വിഷ് പറഞ്ഞോ ഇല്ലല്ലോ”?. ദൈവമേ ഇതാണ് പറയുന്നത് പെണ്ണ് എപ്പോളും പെണ്ണ് തന്നെയാണെന്ന്. ” “ഓഹ്”. അവനവളുടെ കരം കവർന്നു അവളുടെ കണ്ണിലേക്ക് നോക്കി. രേഷ്മക്ക് അവന്റെ കണ്ണിന്റെ തീക്ഷ്ണത താങ്ങാൻ ആകാതെ മിഴികൾ താഴ്ത്തി. “രേഷു നിന്റെ സ്നേഹത്തെ ഒരിക്കൽ ഞാൻ മനസ്സിലാക്കാതെ പോയതാണ് എന്നാൽ ഇപ്പോൾ നീയും നിൻറെ പ്രണയവുമാണ് എന്നെ ജീവിക്കാൻ പ്രേരിപ്പിക്കുന്നത്. നമ്മൾ ഒരുമിച്ച് ഒരു നൂറു പിറന്നാളുകൾ നിനക്ക് വന്നു ചേരണം.അപ്പോഴും നിന്നെ ഞാൻ ഗാഢമായി പ്രണയിച്ചു കൊണ്ടിരിക്കും.ഹാപ്പി ബർത്ത് ഡേ ഡിയർ”.
“എട്ടു മണിയോട് അടുത്തപ്പോളാണ് സൂരജ് വീട്ടിലേക്ക് വന്നത്.എറണാകുളത്ത് ഒപ്പം ജോലി ചെയ്തിരുന്ന അവൻറെ കൂട്ടുകാരോടൊപ്പം സമയം ചിലവഴിച്ചതിനുശേഷമായിരുന്നു വരവ്.അവൻ വന്നപാട് പീലിയെ മുറിയിൽ നോക്കി. അവളെ അവിടെയെങ്ങും കാണാത്തതിനാൽ അവൻ താഴേക്ക് വന്നു. ” പീലി എവിടെ? അവളെ മുറിയിൽ കാണുന്നില്ലല്ലോ? “. ” ഏഹ് നിന്റെ കൂടെ വരുമെന്നല്ലേ മോള് പറഞ്ഞത്.നീ എന്താ അവളെ വിളിക്കാൻ പോയില്ലേ? “. “ഞാൻ അവളെ വിളിച്ചു പറഞ്ഞിരുന്നു രേഷ്മയുടെ വീട്ടിൽ ചെല്ലാൻ കഴിയില്ലെന്ന്.വരാൻ വൈകുമെന്ന് പറഞ്ഞല്ലോ”. ” ഈശ്വരാ നീ ഇത് എന്തൊക്കെയാണ് പറയുന്നത്?.ഞങ്ങൾ ഓർത്തത് നിങ്ങൾ ഒരുമിച്ച് വരുമെന്നാണ്.ഈ കുട്ടി ഇതെവിടെ പോയി? “. “അമ്മ ടെൻഷൻ ആകാതെ. ഞാൻ ആനന്ദിനെ വിളിച്ചു നോക്കാം. ചിലപ്പോൾ അവരവളെ ഒറ്റയ്ക്ക് വരാൻ സമ്മതിച്ചിട്ടുണ്ടാവില്ല”. ആനന്ദിന്റെ നമ്പറിലേക്ക് കോൾ പോകുമ്പോൾ സൂരജിന്റെ ഹൃദയം വല്ലാതെ മിടിച്ചു കൊണ്ടിരുന്നു. ” ആനന്ദ് “.
“എന്താ സൂരജേട്ടാ ബർത്ത്ഡേക്ക് വിളിച്ചിട്ട് വരാൻ പറ്റാത്തതിന്റെ കാരണം പറയാൻ വിളിച്ചതാണോ?. എന്നോട് പീലി പറഞ്ഞിരുന്നു ഏട്ടൻ ആരെയോ കാണാൻ പോയിരിക്കുന്നു എന്ന്”. ” ആനന്ദേ പീലി എവിടെ? അവൾ ഇതുവരെ വീട്ടിൽ വന്നിട്ടില്ല. രേഷ്മയുടെ വീട്ടിലാണോ അവൾ?.അങ്ങനെയാണെങ്കിൽ ഞാൻ ചെന്ന് വിളിച്ചു കൊണ്ടു വരാം”. “പീലി ഇതുവരെ വീട്ടിലെത്തിയില്ലന്നോ?. ആറുമണിയായപ്പോൾ ഞാനല്ലേ അവളെ വീട്ടിലേക്കുള്ള ബസ്സിൽ കയറ്റിവിട്ടത്”. ” ബസ്സിൽ കയറ്റിവിട്ടെന്നോ?. എന്നിട്ട് അവൾ എവിടെപ്പോയി?. വരാനുള്ള നേരം കഴിഞ്ഞല്ലോ”?. “ഞങ്ങൾ എല്ലാവരും ഒരുപാട് നിർബന്ധിച്ച് പിന്നെ പോകാം എന്ന്. വീട്ടിൽ കൊണ്ടാക്കാം എന്ന് പറഞ്ഞിട്ടും സമ്മതിച്ചില്ല. അവൾ ബസ്സിൽ പോകുന്നത് കണ്ടിട്ടാണ് ഞാൻ തിരിച്ചു പോയത്”. “ശരി ആനന്ദ് ഞാനൊന്ന് അന്വേഷിക്കട്ടെ.എന്തെങ്കിലും വിവരം കിട്ടിയാൽ അറിയിക്കണേ”. ഫോൺ കട്ട് ചെയ്ത് സൂരജ് നെറ്റിയിൽ കൈ അമർത്തി.
എവിടെ പോയിട്ടുണ്ടാകും?. പറയാതെ അങ്ങനെ ഒന്നും ചെയ്യാത്ത ഒരാളാണ് പീലി. അവൻ അവളുടെ നമ്പർ ഡയൽ ചെയ്തു. കാൾ പോകുന്നുണ്ട് പക്ഷേ കോൾ എടുക്കുന്നുണ്ടായിരുന്നില്ല. ഫോൺ കട്ട് ചെയ്ത ശേഷം ഇനി അവൾ വീട്ടിലേക്കോ മറ്റോ പോയിട്ടുണ്ടാകുമോ എന്നോർത്ത് അവൻ വിശ്വനെ വിളിച്ചു.മകളുടെ കുശലാന്വേഷണം നടത്തുന്ന അച്ഛനോട് മറുപടി പറയാൻ ആകാതെ അവൻ സംസാരം അവസാനിപ്പിച്ചു. സൂരജിന്റെ കാർ നിരത്തിലൂടെ ചീറിപ്പാഞ്ഞു. അവൻ പീലിയ്ക്കായി നാലുപാടും കണ്ണുകൾ കൊണ്ട് പരതി. ആനന്തും സൂരജ് പറഞ്ഞ പ്രകാരം ജീവനും നഗരത്തിന്റെ പല ഭാഗങ്ങളിൽ പീലിക്കുവേണ്ടിയുള്ള തിരച്ചിൽ നടത്തി.വാച്ചി ലേക്ക് നോക്കിയ സൂരജിന്റെ നട്ടെല്ലിലൂടെ ഒരു തരിപ്പ് ശരീരമാകെ വ്യാപിച്ചു.
11 മണി. വീട്ടിൽ അമ്മയും അച്ഛനും ടെൻഷൻ അടിച്ച് അവനെ തുടരെത്തുടരെ വിളിച്ചുകൊണ്ടിരുന്നു. അവർക്കുള്ള മറുപടി അവൻറെ പക്കൽ ഇല്ലായിരുന്നതിനാൽ അവൻ കോൾ എടുത്തില്ല.പീലിയുടെ ഫോണിൽ ആനന്ദിന്റെയും ജീവന്റെയും സൂരജിന്റെയും നൂറുകണക്കിന് മിസ്ഡ് കോളുകൾ നിറഞ്ഞു.സ്റ്റിയറിങ്ങിൽ തലചായ്ച്ച് സൂരജ് ഇരുന്നു.കണ്ണുകൾ നീറി പുകഞ്ഞ് അവ നിറഞ്ഞൊഴുകി കൊണ്ടിരുന്നു.ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒന്ന് അവന് നഷ്ടമാകും എന്നൊരു തോന്നൽ അവനെ തളർത്തി.പീലിയുടെ വിടർന്ന കണ്ണുകളും ചുണ്ടിലെ പുഞ്ചിരിയും അവൻറെ മനസ്സിലേക്ക് കടന്നുവന്നു. ഭ്രാന്തനെ പോലെ മുടിയിൽ പിടിച്ചു വലിച്ചു. പീലി എവിടെപ്പോയി എന്ന് സമസ്യക്ക് ഉത്തരം കണ്ടെത്താൻ അവനായില്ല.അവൻറെ മനസ്സ് ചുട്ടുപൊള്ളി. അവൾ പോകാനിടമുളളിടത്തെല്ലാം അന്വേഷിച്ചു കഴിഞ്ഞു.മനസ്സിലൂടെ പലതും കടന്നുപോയി.പെട്ടെന്നാണ് അന്നയുടെ ഭയാനകമായ മുഖം മനസ്സിലേക്ക് ഓടിയെത്തിയത് അവനിൽ ഒരു ഉൾക്കിടിലം സൃഷ്ടിച്ചു. അന്നയുടെ തീ പാറുന്ന കണ്ണുകൾ പീലിയെ പച്ചയോടെ തിന്നാൻ ഒരുങ്ങിയ കാഴ്ച സൂരജ് വീണ്ടും ഓർത്തു.അവൻറെ കാർ കുതിച്ചു ചീറിപ്പാഞ്ഞു.
തുടരും

by