19/04/2026

നിന്നോരം : ഭാഗം 04

രചന – ആതിര

“എന്താ രാധികേ…??അവനെ നീയെന്താ തല്ലിയോ.. ഭാഗിയെന്തിനാ കരയുന്നേ..??”(മുരളി) അപ്പോഴേക്കും മാലിനി വന്ന് രാധികയുടെ കയ്യ് വിടുവിച്ച് യദുവിനെ മാറ്റിനിർത്തി.. “തല്ലുവല്ല ഇവനെ കൊല്ലുവാ വേണ്ടത്..ന്റെ വയറ്റിൽ തന്നെ ഇങ്ങനൊരു അസുരവിത്ത് വന്ന് പിറന്നല്ലോ… മാലനീ..  വിനയൻ ചേട്ടാ.. നിങ്ങൾ രണ്ടാളും പൊറുക്കണം..അവൻ ചെയ്ത തെറ്റിന് ഞാൻ മാപ്പ് ചോദിക്കുവാ..” ……….. “എന്താ രാധികേ അതിനുമാത്രം ഇവിടുണ്ടായത്.. ഭാഗി നീയേലും പറ…”(വിനയൻ) “രാധികേ മനുഷ്യനെ വെറുതെ വട്ടാക്കാതെ കാര്യം എന്താണെന്ന് വെച്ചാൽ തുറന്ന് പറ..” രാധിക യദുവിനെ നോക്കി..

അവൻ കുറ്റകുബോധത്താൽ തല താഴ്ത്തി നിൽക്കുകയാണ്.. ഭാഗി എപ്പോഴും കരച്ചിൽ തന്നെ.. യദുവിനെ മനസ്സിൽ കഴിഞ്ഞുപോയ നിമിഷങ്ങൾ തെളിഞ്ഞു വന്നു.. തന്റെ നെഞ്ചോരം ചേർന്നു നിന്ന് പെണ്ണിനോട് തോന്നിയ അതിയായ സ്‌നേഹത്തിന് പുറത്താണ് ആ ചൊടികളിലൊന്ന് മുത്താൻ കൊതി തോന്നിയത്.. അവളുടെ താടിത്തുമ്പിൽ പിടിച്ചുയർത്തി തന്നിലേക്ക് അടിപ്പിച്ചതും അവളുടെ പിടപ്പ് കണ്ടില്ലെന്ന് നടിച്ചതും പുറത്ത് മുറുകികൊണ്ടിരിക്കുന്ന സംസാരത്തിനാൽ തന്നെ അപ്പോൾ ആ നേരം ആരും വരില്ലെന്നുള്ള വിശ്വാസത്തിനാലാണ്..എന്റെ അല്ലേയെന്നുള്ള ഉറപ്പായിരുന്നു അന്നേരം.. എന്നാൽ അമ്മ കണ്ടതൊക്കെയും അവളെ ബലമായി ഞാൻ എന്നിലേക്ക് അടുപ്പിക്കുന്നതും അവൾ കയ്യിൽ കിടന്ന് കുതറുന്നതും ആയിരുന്നു..

തെറ്റിദ്ധരിക്കപ്പെട്ടിരിക്കുന്നു.. അതുകൊണ്ടല്ലേ കാറ്റ് പോലെ പാഞ്ഞ് വന്നന്നെ അടിച്ചത്.. രാധികേ..!!!!(മുരളി) “ഞാൻ അകത്തേയ്ക്ക് ചെല്ലുമ്പോൾ ഭാഗിയെ ഇവൻ ബലമായി..” ബാക്കി പറയാനാകാതെ സാരിതുമ്പ് വായിൽ തിരുകിയവർ പൊട്ടികരഞ്ഞു.. മാലിനിയിലും വിനയനിലും അന്നേരം ഓടിയെത്തിയത് യദുവിനെ മുഖമായിരുന്നു..അവനങ്ങനൊക്കെ ചെയ്യുമെന്ന് അവർക്ക് ചിന്തിക്കാൻ കൂടി കഴിയുമായിരുന്നില്ല.. എങ്കിലും രാധിക എന്തിന് കള്ളം പറയണമെന്ന ചിന്ത പെൺമക്കളുള്ള ഏതൊരു അച്ഛനമ്മമാരെ പോല അവരുടെ നെഞ്ചും നീറ്റി.. പാഞ്ഞടുത്ത മുരളി കരണം പുകച്ചൊരടിയായിരുന്നു അവന് കൊടുത്തത്..ദേഷ്യം മാറാതെ തലങ്ങും വിലങ്ങും തല്ലുമ്പോൾ കണ്ണുനിറച്ച് ഒന്നും പറയാനാകാതെ തകർന്ന് നിൽക്കുന്ന വിനയനും മാലിനിയുമായിരുന്നു മനസ്സ് നിറയെ.. ഒന്ന് തടയുക പോലും ചെയ്യാതെ എല്ലാം ഏറ്റുവാങ്ങുന്ന യദുവിനെ കണ്ടവൾക്ക് സഹിക്കാൻ കഴിഞ്ഞില്ല..

തല്ലുന്നത് ആ ശരീരത്തെയാണെങ്കിലും വേദനിക്കുന്നത് എന്റെ ഹൃദയമല്ലേ… ഇനിയും കണ്ട് നിൽക്കാൻ അവൾക്ക് കഴിഞ്ഞില്ല.. അതിനാലാണ് ഓടിച്ചെന്നവനെ ഇറുകെ കെട്ടിപ്പിടിച്ചാ നെഞ്ചിൽ ഒളിച്ചത്..  ആർക്കും ഒന്നും മനസ്സിലാവുന്നുണ്ടായിരുന്നില്ല.. യദുവിന്റെ മുൻപിലേക്ക് കയറിനിന്നവൾ മുരളിയ്ക്ക് നേരെ കൈകൾ കൂപ്പി.. “ഒന്നും ചെയ്യരുതെ കൃഷ്‌ണച്ഛാ..എനിക്ക് യദുവേട്ടനെ ഇഷ്ടാണ്..യദുവേട്ടനെന്നേം..രാധമ്മ ക്ഷമിക്കണം..അപ്പോ അവിടെ അറിയാതൊരു തെറ്റ് പറ്റിപോയി ഞങ്ങൾക്ക്..ഇനീം തല്ലല്ലേ യദുവേട്ടനെ…” കുറച്ച് നിമിഷത്തേക്ക് ആർക്കും എന്താ പറയേണ്ടതെന്ന് മനിസ്സിലായില്ല.. “ഈ പറഞ്ഞതൊക്കെ ശരിയാണോ..??” യദുവിനോട് മുരളി ചോദിച്ചു. “അതേ..ഞങ്ങൾക്ക് പരസ്പരം ഇഷ്ടാണ്..”….. “ആട്ടെ എന്ന് തുടങ്ങിയിത്..?” ………”മൂന്ന് വർഷം കഴിഞ്ഞു..”…….. “അപ്പൊ കെട്ടോ വിനയാ..പിള്ളേര് രണ്ടും കൂടി നമ്മളെ പൊട്ടം കളിപ്പിയ്ക്കാരുന്നു.. ഒന്നും അറിയാതെ നമ്മൾ മണ്ടൻമ്മാരായി..

ഭാഗി മോളെ നീയും കൂട്ടുനിന്നല്ലേ..”………. “കൃഷ്ണച്ഛൻ പൊറുക്കണം.. യദുവേട്ടനൊരു ജോലീം ശരിയായി ന്റെ പഠിത്തവും കഴിഞ്ഞ് പറയാനിരുന്നതാ..” അവൾ മാലിനിയുടെയും വിനയന്റെയും അടുത്തേക്ക് ചെന്ന് ഇരുവരുടെയും കൈകൾ അവളുടെ കൈക്കുള്ളിലാക്കി.. “അമ്മേ…അച്ഛാ..” തേങ്ങിപ്പോയിരുന്നു അവൾ. “പോട്ടേ മോളെ..നീ ഞങ്ങടെ കുഞ്ഞല്ലേടാ..” വിനയൻ അവളെ ചേർത്ത് നിർത്തി നെറുകയിൽ തലോടി.. “അപ്പൊ എങ്ങനാ വിനയാ കാര്യങ്ങൾ..കുട്ടികൾ തമ്മിൽ ഇഷ്ടത്തിലായ സ്ഥിതിയ്ക്ക് നമ്മുടെ ആ പഴയ ആഗ്രഹം അങ്ങ് നടത്തിയാലോ..ഭാഗിമോളെ യദൂന് തന്നെക്കാവോ???”……… “ഞങ്ങൾക്ക് ഒരേതിർപ്പും ഇല്ല.. ഇവൻ ഞങ്ങടെ കൂടെ മോനല്ലേ.. ആണായിട്ടും പെണ്ണായിട്ടും ഞങ്ങക്കൾക്ക് ഒന്നേയുള്ളൂ.. ഭാഗി ഞങ്ങളുടെ കൺവെട്ടത്ത് തന്നെ കാണില്ലേ..ഞങ്ങൾക്ക് സമ്മതം…

രണ്ടാളും ഒന്ന് ചേർന്ന് നിന്നേ..ആരും അറിയാതെ ഇത്രേയൊക്കെ ഒപ്പിച്ചതല്ലേ…(മാലിനി) യദുവും ഭാഗിയും ചേർന്ന് നിന്നു.. “ചേർച്ചയുണ്ട് അല്ലെ മാലിനി അപ്പോഴേ ഇനിമുതൽ ഈ ഉമ്മറത്ത് മതി ട്യൂഷൻ.. മുറിയ്ക്കുള്ളിൽ വെച്ച് വേണ്ട കേട്ടല്ലോ..” ………. “ശ്രീ യുടെ കല്യാണം ഒക്കെ കഴിഞ്ഞ് സമയമാകുമ്പോൾ രണ്ടിനേം പിടിച്ച് ഞങ്ങൾ കെട്ടിച്ചോളാം.. അതുവരെ അടങ്ങിയൊതുങ്ങി നടന്നോളണം.. രണ്ടിനോടും കൂടാ..” ശരിയെന്ന് രീതിയിൽ യദുവും ഭാഗിയും തലയാട്ടി കാണിച്ചു.. “എന്താ ഉമ്മറത്ത് കാര്യമായൊരു ചർച്ച.. എല്ലാവരും ഉണ്ടല്ലോ..” വീട്ടിലേയ്ക്ക് വന്ന ശ്രീരാഗ് ചോദിച്ചു.. “കള്ളത്തരം കാണിച്ച രണ്ടുപേരെ കയ്യോടെ പിടിച്ചതാ..”(രാധിക) “കള്ളത്തരവോ..ആര്..?? അമ്മ പറയുന്നതൊന്നും മനസ്സിലാകുന്നില്ല..” കാര്യങ്ങൾ എല്ലാം മാലിനി അവനോട് പറഞ്ഞു..

“രണ്ടുപേരും ഈങ്ങോട്ട് ഒന്നുവന്നേ”……… “ഇവരോട് പറഞ്ഞില്ലെങ്കിലും എന്നോട് നിങ്ങൾക്ക് പറയാമായിരുന്നു.. ഭാഗി എങ്കിലും നീ എന്നോട് ഇത് മറച്ച് വയ്ക്കുമെന്ന് ഓർത്തില്ല..ശ്രീയേട്ടാന്ന് വിളിക്കുന്നന്നേയുള്ളൂ.. നിനക്ക് ഞാൻ അത്രേ ഉണ്ടായിരുന്നുള്ളൂ..”……… “ശ്രീയേട്ടാ സോറി.ഞാൻ.എന്നോട് ക്ഷമിക്കണേ..” ശ്രീരാഗ് അവളുടെ കണ്ണീർ തുടച്ചുകൊടുത്തു.. “എന്റെ പൊന്ന് ഭാഗി ഞാൻ ചുമ്മ പറഞ്ഞതാ..ഇതെവിടുന്നാടി എത്രേം കണ്ണീര് .. എന്ത് പറഞ്ഞാലും കണ്ണ് നിറയ്ക്കുവാ.. പോട്ടെ മോളെ ശ്രീയേട്ടൻ ചുമ്മാ പരഞ്ഞതല്ലേ. എനിക്ക് സന്തോഷമായി..എന്നും നീ ഞങ്ങൾക്കൊപ്പം കാണൂല്ലോ.പിന്നെ പ്രേമവാ കുന്തവാന്ന് പറഞ്ഞ് പഠിത്തം എങ്ങാനും ഉഴപ്പാൻനിന്നാലാ..”…………. “രാധമ്മേ എല്ലാം എടുത്ത് വെച്ചോ..” മാലിനിയ്ക്കൊപ്പം അങ്ങോട്ട് വന്ന ഭാഗി ചോദിച്ചു..

“ആ പായ്ക്കറ്റ് ഒക്കെ നീ ഇങ്ങോട്ട് എടുത്തേ…” യദുവിന് ക്യാമ്പ്സ് പ്ലേസ്മെന്റ് വഴി ബാഗ്ലൂരിൽ ജോലികിട്ടി.. അങ്ങോട്ടേക്ക് പോകുന്നതിന് വേണ്ടി അച്ചാറും മറ്റും ഉണ്ടാക്കിയത് പാക്ക് ചെയ്യുകയാണ് രാധിക… “രാധമ്മേ ഇതൂടെ വെച്ചോ..കണ്ണി മാങ്ങാ അച്ചാറാണ്.. യദുവേട്ടന് ഇഷ്ടല്ലേ..” “എന്തിനാ മാലിനി ഇതൊക്കെ..”……….. “അത് സാരമില്ല..” “ഏതൊക്കെ അവിടെ കിട്ടാത്ത സാധനമാണോന്ന് ചോദിച്ച് ഇപ്പൊ പോയതെയുള്ളൂ റൂമിലേക്ക്..” അത് കേട്ടതും ഭാഗി അവന്റെ റൂമിലേയ്ക്ക് ചെന്നു..ഡ്രസ് ചെയ്തു കണ്ണാടിയ്ക്ക് മുന്നിൽ നിന്ന് തലമുടി ചീകുവായിരുന്നു യദു.. “യദുവേട്ടാ.. ഇനി എന്നാ ഒന്ന് കാണാൻ പറ്റുക…” സംസാരത്തിലെ വേദന അവന് പെട്ടന്ന് തിരിച്ചറിയാൻ പറ്റി.. അവൻ അവൾക്ക് നേരെ തിരിഞ്ഞു.. “ന്റെ ഭാഗി നീ ഇങ്ങനെ തുടങ്ങല്ലേ..

ജോലി വേണ്ടന്ന് വെയ്ക്കാൻ പറ്റുവോ.. ഒരു മൂന്ന് മാസം അത് കഴിയുമ്പോൾ ലീവ് കിട്ടും..” …………..”എനിക്ക് സരിക്കും സങ്കടം വരുന്നുണ്ട്…അനൂ പറഞ്ഞല്ലോ ബാംഗ്ലൂർ നല്ല കൊങ്കിണി പെണ്കുട്ടികള് ഉണ്ടെന്ന്.. അവരെയൊക്കെ കാണുമ്പോൾ എന്നേ മറക്കുവോ..”………… “അപ്പൊ അതാണ് കാര്യം..ആ നോക്കട്ടെ..വല്ല സുന്ദരിപെണ്ണിനേയും കണ്ടാൽ ചിലപ്പം മനസ്സ് മാറിയെന്നിരിക്കും..” യദു ഒളിക്കണ്ണാലെ ഭാഗിയെ നോക്കി..മുഖമൊക്കെ ചുവന്ന് വന്നിട്ടുണ്ട്.. “അങ്ങനെ വല്ലോം ഉണ്ടായാൽ കൊല്ലും ഞാൻ.. അല്ലേ വേണ്ടാ മോഹിപ്പിച്ചിട്ട് പറ്റിച്ചാൽ പിന്നെയീ ഭാഗി ജീവനോടെ കാണില്ല..” “ഞാൻ ചുമ്മ പരഞ്ഞല്ലേ പെണ്ണേ.. നീ അല്ലെ എന്റെ രാജകുമാരി..ആരും വന്നാലും നിനക്ക് പകരമാകുവോ.. എനിക്ക് ജീവിതകാലം മുഴുവൻ നീ ഒരാൾ മതി..”…….. “എപ്പഴാ ട്രെയിൻ..?”……… “നാല് മണിക്ക്.. ഇവിടുന്ന് മൂന്ന് ആകുമ്പോൾ ഇറങ്ങണം..”…….. “എന്നെ ദിവസവും വിളിക്കണേ.. ഒരഞ്ച് മിനിറ്റ് മതി.. എനിക്കാ സ്വരം ഒന്ന് കേട്ടാൽ മതി.. പിന്നെ ആഹാരം ഒക്കെ ശ്രദ്ധിക്കണേ. നാട്ടിൽ നിന്ന് പോകുന്ന കൊണ്ട് അനാവശ്യ ശീലം ഒന്നും തുടങ്ങരുത്.. മാസത്തിൽ ഒരിയ്ക്കൽ എങ്കിലും അടുത്തുള്ള അമ്പലത്തിൽ പോകാൻ നോക്കണം…

” അവന്റെ മുഖത്ത് നോക്കാതെ ഓരോന്നും പറയുന്നുണ്ടാവൾ..  ഇടയ്ക്കിടയ്ക്ക് മൂക്ക് വലിക്കുന്നുണ്ട്.. കരയാതെ പിടിച്ചു നിൽക്കുവാണ്.. “ഭാഗീ..” ഇരുകൈകളും നീട്ടിയവൻ അവളെ വിളിച്ചു.. കേൾക്കാൻ കാത്തിരുന്ന പോലെ ആ കൈകൾക്കുള്ളിൽ ഒതുങ്ങി നെഞ്ചിൽ പറ്റിച്ചേർന്ന് നിന്നവൾ..നെഞ്ച് നനയുന്നു.. കരയുകയാണെന്ന് മനസ്സിലായി.. “എനിക്കും നിന്നെ വിട്ട് പോകാൻ മനസ്സുണ്ടായിട്ടല്ല.. പക്ഷേ പോകാതെ പറ്റുവോ..ലീവ് കിട്ടിയാൽ ഓടി വരില്ലേ ഞാൻ.. ഇവിടെ അമ്മേം അച്ഛനേം നിന്നെ ഏല്പിച്ചിട്ട് പോകുവാ..നീ ഇങ്ങനെ കണ്ണ് നിറച്ച് എന്നെ യാത്രയാക്കല്ലേ.. ചിരിച്ചു നിൽക്കുന്ന നിന്നെ കണ്ടോട്ട് വേണം എനിക്ക് പോകാൻ.. ഇനി മൂന്ന് മാസം കാത്തിരിക്കണ്ടേ ഒന്ന് നേരിട്ട് കാണാൻ.. അതോണ്ട് ന്റെ ഭാഗിയ്ക്ക് അതുവരെ ഓർത്തിരിയ്ക്കാൻ ഞാനൊരു സമ്മാനം തരട്ടെ..” നെറ്റിയും കൺപോളകളും കവിളുകളും കടന്നവന്റെ ചുണ്ടുകൾ തേടിയതാ പെണ്ണിൻ ചൊടിയിണകളായിരുന്നു..

ദീര്ഘനേരത്തെ പരിഭവത്തിനൊടുവിൽ ഇരു ചുണ്ടുകളും പിന്മാറുമ്പോൾ ഭാഗിയിൽ വിരിഞ്ഞത് നാണപ്പൂക്കളായിരുന്നു.. ആ ചുംബനത്തിന്റെ ലഹരിയിലായിരുന്നു അവൻ.. വീണ്ടും അവന്റെ നെഞ്ചോരം ചേർന്നതും ആ കണ്ണുകളെ നേരിടാൻ കഴിയാത്തത് കൊണ്ടുതന്നെ.. “ഭാഗി ആ താഴേക്ക് പോകാം.. ആരെങ്കിലും കണ്ടാൽ തീർന്നു..” തേച്ചുവെച്ച ഷർട്ട് അണിഞ്ഞ് ബട്ടൻസ് ഇടുമ്പോൾ അവന്റെ കൈകളെ തഞ്ഞുകൊണ്ടട് ഇട്ടുകൊടുത്തവൾ. അവന്റെ കൈപ്പിടിച്ച് ഉമ്മറത്തേയ്ക്ക് ഇറങ്ങിയതും അവിടെ നിൽക്കുന്നവരെ കണ്ട് ബലമായി കൈ വിടുവിക്കാൻ നോക്കിയതും മുറുകിയതല്ലാതെ മറ്റൊന്നും സംഭവിച്ചില്ല.. കൈകോർത്ത് നടന്ന് വരുന്നവരെ കണ്ട് ചിരി വിരിഞ്ഞെങ്കിലും ആരും അസ്വാഭാവികമായി ഒന്നും ഭാവിച്ചില്ല.. “യദു.. എല്ലാം എടുത്ത് വെച്ചില്ലേ നീ..” വിനയനാണ്.. “എങ്കിൽ നമുക്ക് ഇറങ്ങിയാലോ…??” (മുരളി) മുരളിയും വിനയനും ചേർന്ന് അവന്റെ ലഗേജൊക്കെ കാറിന്റെ ഡിക്കിയിൽ വെച്ചു.

“അമ്മേ..പോയിട്ട് വരട്ടെ. ” രാധിക കരഞ്ഞുകൊണ്ടവനെ കെട്ടിപ്പിടിച്ചു.. “ന്റെ കുഞ്ഞ് നന്നായി വരും..ചെന്നിട്ട് വിളിക്കണേ മോനെ.. നന്നായി ആഹാരം കഴിക്കണം..” “മാണിനിയമ്മേ..” …………”പോയിട്ട് വാ മോനെ..ശ്രദ്ധിക്കണം കെട്ടോ..” …….”ഭാഗി..” തൂണിൻ മറവിലാണ് പെണ്ണ്.. കണ്ണ് നിറച്ച് നിൽപ്പൊണ്ട്.. എങ്കിലും തനിയ്ക്ക് നേരെ ചിരിക്കുന്നുണ്ട്.. “പോട്ടെ…” ചെറിയൊരു നോവ് ഉള്ളിലും തോന്നുന്നുണ്ട്..എല്ലാരുടെയും മുഖങ്ങൾ മനസ്സിൽ നിറച്ചുകൊണ്ട് കാറിൽ കയറി.. വിനയനും മുരളിയും അവനൊപ്പം റയിൽവേ സ്റ്റേഷൻ വരെ പോകുന്നുണ്ട്… തിരിഞ്ഞു നോക്കില്ലന്ന് ഉറപ്പിച്ചത് തന്നെയായിരുന്നു.. പക്ഷേ കണ്ണുനിറച്ച് നിൽക്കുന്ന ഭാഗിയെ ഓർമ്മവന്നതും തിരിഞ്ഞു നോക്കാതിരിക്കാൻ കഴിഞ്ഞില്ല..കാറിന് വെളിയിൽ തലയിട്ട് നോട്ടം പോയതും അവളിലേക്ക് തന്നെ..കണ്ണുകൾ കൊണ്ട് യാത്രപറഞ്ഞ് ഞാൻ കണ്ണടച്ച് കാറിൽ നേരെയിരുന്നു.. മൂന്ന് മാസങ്ങൾക്കിപ്പുറം ഒരു തിരിച്ചുവരവിന് നിമിഷങ്ങൾ എന്നിക്കൊണ്ട്.. കാർ അകന്ന് പോയിട്ടും മാലിനിയ്ക്കും രാധികയും അകത്തേയ്ക്ക് പോയിട്ടും ഭാഗി ആ നിൽപ്പ് തന്നെ നിന്നു.. പ്രണയത്തെക്കാൾ അപ്പോൾ നിറഞ്ഞ് നിന്നത് വിരഹമായിരുന്നു..