രചന – മിത്ര വിന്ദ
പോട്ടെ ഗൗരി സാരമില്ല… ആദ്യ അച്ഛന് സങ്കടം തോന്നിക്കാണും…. അമ്മയ്ക്കും ഒരുപാട് ദേഷ്യം ഉണ്ടായിരുന്നു നിന്നോട്.. പക്ഷേ ഇപ്പോൾ അവർ രണ്ടാളും അതീവ സന്തോഷത്തിലാണ്.. ഏറ്റവും നല്ല ഒരു കുടുംബത്തിലേക്ക് അല്ലേ നീ ചെന്ന് കയറാൻ പോകുന്നത്. പിന്നെ ഹരി ആണെങ്കിലും നിന്നെ, ചതിക്കുകയോ വഞ്ചിക്കുകയും ഒന്നും ചെയ്തില്ലല്ലോ. സ്നേഹിച്ച പെണ്ണിനെ അയാൾ ഉപേക്ഷിക്കാതെ കുടുംബത്തിൽ പറഞ്ഞില്ലേ എല്ലാം..അതുകൊണ്ട് നീ സങ്കടപ്പെടുകയൊന്നും വേണ്ട…ഭഗവാനോട്… പ്രാർത്ഥിക്കുക എല്ലാം നല്ലതായി നടക്കുവാൻ ” ഗൗരിയുടെ കണ്ണുനീർ ഒപ്പി കൊണ്ട് ലക്ഷ്മി പറഞ്ഞു.. ” മോളെ ഗൗരി… നീയ് ആ സെറ്റും മുണ്ടും എടുത്തു ഉടുക്ക്..അവര് വരുമ്പോൾ നീ നല്ല മിടുക്കി കുട്ടിയായി നില്ക്കു… “അവളുടെ കവിളിൽ ഒരു മുത്തം കൊടുത്തു കൊണ്ട് ലക്ഷ്മി അനുജത്തിയെ സമാധാനിപ്പിച്ചു..
ഹരി…. എടാ മോനെ… നീ ഇതുവരെ റെഡി ആയില്ലേ…… അമ്മ താഴെ നിന്നും വിളിക്കുന്നത് ഹരി കേട്ടു… അവൻ ബാൽക്കണിയിൽ വെറുതെ നിൽക്കുകയാണ്… ഗൗരിയുടെ വീട്ടിൽ പോകുവാനായി, കാലത്തെ അവൻ കുളിയൊക്കെ കഴിഞ്ഞ് നിന്നപ്പോൾ ആണ് അവൾ അയച്ച മെസ്സേജ് ഹരി കാണുന്നത്… താൻ ഇന്ന് അവളുടെ വീട്ടിൽ ചെന്നിട്ടുണ്ടെങ്കിൽ അവൾ ഈ ബന്ധത്തിൽ നിന്നും പിന്മാറും എന്നാണ് അവൾ പറഞ്ഞത്.. അവന് ആകെ കൺഫ്യൂഷനായി… ഇനി ചെന്നിട്ടുണ്ടെങ്കിൽ ഗൗരി ഈ വിവാഹത്തിൽ നിന്ന് പിന്മാറുമോ..,. അവൾക്ക് ഇഷ്ടമല്ലെങ്കിൽ പോകാതിരിക്കുന്നതാണ് നല്ലതെന്ന് അവന് തോന്നി. വീട്ടിൽ എല്ലാവരും റെഡിയായി നിൽക്കുകയാണ്… മുത്തശ്ശിയും തന്റെ ഹരിക്കുട്ടന്റെ പെണ്ണിനെ കാണണമെന്നും പറഞ്ഞു പോകുവാനായി ഒരുങ്ങി നിൽക്കുകയാണ്.. അമ്മാളു ആണെങ്കിൽ ഇന്നലെ വൈകിട്ട് തന്നെ ഹോസ്റ്റലിൽ നിന്നും തിരികെയെത്തി. അവൾക്കിനി മൂന്ന് മാസത്തിൽ താഴെയുള്ളൂ ക്ലാസ്സ്…
നീലിമയും കുഞ്ഞും കണ്ണനും എല്ലാവരും വളരെ സന്തോഷത്തിലാണ്… ഹരി…… അച്ഛൻ വിളിച്ചപ്പോൾ അവൻ ഫോണുമായി താഴേക്ക് ഇറങ്ങിച്ചെന്നു.. അല്ല… നീ ഇതുവരെ ഒരുങ്ങിയില്ലേ ഹരി… ഇപ്പോൾ തന്നെ സമയം 10 മണിയായിരിക്കുന്നു… ഞാനവരോട് 10:00 മണിയാകുമ്പോൾ വരും എന്നു പറഞ്ഞതാണ്. അതെങ്ങനെ ഇവിടുത്തെ സ്ത്രീജനങ്ങൾ ഒക്കെ ഒന്ന് ഒരുങ്ങി വരണ്ടേ…. ഗോപിനാഥൻ തന്റെ വാച്ചിലേക്ക് നോക്കി എന്നിട്ട് ഹരിയേയും നോക്കി . അത് അച്ഛാ ഞാൻ വരുന്നില്ല നിങ്ങളെല്ലാവരും കൂടെ പൊയ്ക്കോളൂ…. എനിക്ക് അത്യാവശ്യം ആയിട്ട് ഒന്ന് രണ്ട് ക്ലൈന്റ്സിനെ കാണാൻ ഉണ്ട്… അവൻ ഫോണിൽ നോക്കിക്കൊണ്ട് പറഞ്ഞു.. ഹാ ഇതു നീ എന്തു വർത്തമാനമാണ് ഹരി പറയുന്നത്.. നീ വരാതെ എങ്ങനെയാണ്… ക്ലൈന്റ്സിനോടൊക്കെ നിനക്ക് പിന്നീട് സംസാരിച്ചാൽ പോരെ നീ വേഗം റെഡിയാകൂ… അയാൾ ധൃതി കാട്ടി.. “അച്ഛാ ഞാൻ അവളെ കണ്ടിട്ടുള്ളതല്ലേ…
ഇന്നലെയും കൂടി ഞങ്ങൾ കണ്ടു സംസാരിച്ചതാണ്. ഇപ്പോൾ തൽക്കാലം നിങ്ങളെല്ലാവരും കൂടെ പോയിട്ട് വരൂ….. ” ” ഹരിയേട്ടനു എന്താണ് പെട്ടെന്ന് പറ്റിയതു.. ഇന്നലെ രാത്രിയിൽ കൂടി എന്നോട് ചോദിച്ചതാണ് ഏത് കളർ ഡ്രസ്സ് ഇടണമെന്ന്… ” അമ്മാളുവിന്റെ നെറ്റി ചുളിഞ്ഞു.. ” അതൊക്കെ ശരിയാണ് മോളെ ഞാൻ ഇന്നു വരാം എന്ന് ഗൗരിക്ക് വാക്ക് കൊടുത്തതാണ് പക്ഷേ എനിക്ക് കാണേണ്ടവരെ കാണാതെ പറ്റില്ല,, എന്റെ ഒരു ഡ്രീം പ്രോജക്ട് ആണ് ഇനി നടക്കാൻ പോകുന്നത്. അതിനെനിക്ക് അവരെ കണ്ടേ പറ്റൂ.. അച്ഛാ നിങ്ങൾ എല്ലാവരും കൂടെ ചെല്ല്…. വെറുതെ സമയം കളയണ്ട ” അവൻ അത്രയും പറഞ്ഞുകൊണ്ട് എല്ലാവരെയും നോക്കി… ” എങ്കിൽ ശരി അച്ഛാ, നമ്മൾക്ക് എല്ലാവർക്കും കൂടി പോയിട്ട് വരാം, ഇവര് തമ്മിൽ എപ്പോഴും കാണുന്നതല്ലേ” കണ്ണൻ പറഞ്ഞപ്പോൾ എല്ലാവരും ഇറങ്ങി… ഹരി മുത്തശ്ശിയുടെ കവിളിൽ കെട്ടിപ്പിടിച്ച് ഒരു മുത്തം കൊടുത്തു… ” ഹരി ഞാൻ ഗൗരിയോട് എന്തെങ്കിലും പ്രത്യേകം പറയണോ”?
മുത്തശ്ശി അടക്കിപ്പിടിച്ച് അവനോട് ചോദിച്ചു ” എത്രയും പെട്ടെന്ന് മേലേടത്തേക്ക് വരുവാൻ അവളോട് റെഡിയായിരുന്നോളാൻ മുത്തശ്ശി പറയണം” ഓക്കേ…. മുത്തശ്ശി തള്ളവിരൽ ഉയർത്തി കാണിച്ചു… എന്താണ് അമ്മയും കൊച്ചുമകനും കൂടി അവിടെനിന്ന് നാടകം കളിക്കുന്നത്… വരൂ അമ്മ വന്നു വണ്ടിയിൽ കയറൂ…. ഗോപിനാഥൻ കാറിന്റെ മുൻ സീറ്റിലെ ഡോർ തുറന്നു പിടിച്ചുകൊണ്ട് ജാനകിയമ്മയെ വിളിച്ചു.. അങ്ങനെ ഇരു കാറുകളിലും ആയി മേലേടത്തെ വീട്ടിൽ നിന്നും ഗൗരിയുടെ വീട്ടിലേക്ക് അവർ യാത്രയായി… ഹരി തന്റെ മുറിയിലേക്ക് കയറിപ്പോയി. കട്ടിലിൽ ചെന്നവൻ മലർന്നു കിടന്നു.. ഗൗരി അയച്ച മെസ്സേജ് ഒന്നുകൂടി അവൻ വായിച്ചു നോക്കി…ഗൗരി…. എനിക്ക് നിന്നെ നഷ്ടപ്പെടുത്താൻ പറ്റില്ല ഈ ജന്മം… അതുകൊണ്ട് നീ പറയുന്നത് ഞാൻ അനുസരിക്കുന്നു. ഞാൻ നിന്റെ വീട്ടിലേക്ക് വരുന്നില്ല. ഇനി ഞാൻ വന്നു കഴിഞ്ഞാൽ നീ ഈ ബന്ധത്തിൽ നിന്ന് പിന്മാറിയാലോ…
അപ്പോൾ ശരി എന്റെ ഗൗരിക്കുട്ടി മിടുക്കി ആയിട്ട് നിൽക്കണം… ഞാൻ രാത്രിയിൽ വിളിക്കും നീ ഫോൺ എടുക്കണം. ഓക്കേ…. എന്ന സ്വന്തം നിന്റെ ഹരിയേട്ടൻ.. ലൗവിന്റെ രണ്ട് സ്മൈലി കൂടി അയച്ചിട്ട് അവൻ ഫോൺ അവന്റെ നെഞ്ചത്തേക്ക് വെച്ചു.. കോവിലിൽ പുലർവേളയിൽ ജയദേവാഗീതാലാപനം . കേവലാനന്ദാമൃതതിരയഴിയിൽ നീരാടി നാം.. പുതിലഞ്ഞി ചോട്ടിൽ മലർമുതുകോർക്കാൻ പോകാം ആന കേറാ മേട്ടിൽ ഇനി ആയിരതിരി കൊളുത്തം ഇനിയുമീ നടകളിൽ ഇളവേൽക്കാൻ മോഹം ശ്രീരാഗമോ തേടുന്നു നീ….. ഹരിയുടെ മധുരമായ ശബ്ദം ആ മുറിയിലാകെ ഒഴുകി…. അവൻ അസ്സലായി പാടുകയാണ്… എല്ലാം മറന്ന്… മനസ്സിൽ ആകെ ഒരു മുഖം മാത്രം ഒള്ളൂ…. ഒരേ ഒരു വികാരവും….. തന്റെ ഗൗരി… അവളാണ് അവന്റെ ശ്വാസം… കണ്ട നാൾ മുതൽ സ്വന്തം ആക്കണം എന്ന് മോഹിച്ച ഒരേ ഒരു പെൺകുട്ടി.. ഇന്നുവരെ അച്ഛനോട് ഒന്നും അവൻ ആവശ്യപ്പെട്ടിട്ടില്ല.. ആദ്യം ആയി അവൻ ആവശ്യപ്പെട്ടത് നടത്തി തരില്ല എന്ന് അയാളും പറഞ്ഞില്ല… കാരണം അയാളും അവനും തമ്മിൽ ഒരു ആത്മബന്ധം ഉണ്ട്…..അത് കുടുംബത്തിൽ എല്ലാവർക്കും അറിയുകയും ചെയാം..
11 മണിയോടുകൂടി ഹരിയുടെ വീട്ടിൽ നിന്നുമുള്ള ആളുകൾ എല്ലാവരും ഗൗരിയുടെ വീട്ടിൽ എത്തിച്ചേർന്നു.. ഗൗരിയുടെ അച്ഛനും അമ്മയും ദീപനും ലക്ഷ്മിയും എല്ലാവരും കൂടിയാണ് അവരെ സ്വീകരിച്ചത്. ലക്ഷ്മി ചെന്ന് ഗൗരിയെ വിളിച്ചുകൊണ്ടുവന്നു.. മാമ്പഴ മഞ്ഞയും പച്ചയും ഇടകലർന്ന ഒരു സെറ്റും മുണ്ടും ആയിരുന്നു ഗൗരിയുടെ വേഷം. നീണ്ടിടതൂർന്ന മുടി കുളിപ്പിന്നൽ പിന്നി ഇട്ടിരിക്കുന്നു.. നെറ്റിയിൽ ഒരു കറുത്ത കുഞ്ഞു പൊട്ടും കളഭ കൂട്ടും, കണ്ണുകൾ ചെറുതായി ഒന്ന് കറുപ്പിച്ചിട്ടുണ്ട്.. കഴുത്തിൽ വീതി കുറഞ്ഞ ഒരു മാലയും, കാതിൽ രണ്ടു ചെറിയ ജിമിക്കി കമ്മലും… കൈത്തണ്ടകൾ രണ്ടും ഒഴിഞ്ഞു കിടന്നു.. വെളുത്തു മെലിഞ്ഞ ഒരു സുന്ദരിക്കുട്ടി… ജാനകിയമ്മ കണ്ണെടുക്കാതെ അവളെ നോക്കിനിൽക്കുകയാണ്.. അവൾ എല്ലാവരെയും നോക്കി ഒന്നു മന്ദഹസിച്ചു…
അവളെ കണ്ട നീലിമയ്ക്ക് അവളോട് അല്പം അസൂയ തോന്നിയിരുന്നു… ” മോളെ ഇതാണ് നമ്മുടെ മുത്തശ്ശി..”ദേവി അവളെ പരിചയപ്പെടുത്തി.. ഗൗരി മുത്തശ്ശിയുടെ കാൽപാദത്തിൽ തൊട്ടു വണങ്ങി.. ” നന്നായി വരും മോളെ ” മുത്തശ്ശി അവളുടെ നെറുകയിൽ തൊട്ട് അനുഗ്രഹിച്ചു. എന്നിട്ട് അവളെ ചേർത്തു പിടിച്ചു.. ” ദേവി പരിചയപ്പെടുത്തേണ്ട കാര്യമൊന്നുമില്ലല്ലോ എന്നെ ഹരിക്കുട്ടൻ പറഞ്ഞിട്ടില്ലേ മുത്തശ്ശിയെ കുറിച്ച് ” ” ഉവ്വ്… “അവൾ പതിയെ പറഞ്ഞു. ” ഇത് നീലിമ.. ഹരിയുടെ ചേട്ടന്റെ ഭാര്യ. പിന്നെ ഇത് ഞങ്ങളുടെ ഒരേയൊരു മകൾ അമ്മാളു എന്നാണ് എല്ലാവരും വിളിക്കുന്നത്” ശ്രീദേവി പറഞ്ഞപ്പോൾ ഗൗരി അവരെ രണ്ടുപേരെയും നോക്കി പുഞ്ചിരിച്ചു.. നീലിമയുടെ കയ്യിലിരുന്ന നച്ചു വാവ കൈകാൽ ഇളക്കി ചിരിച്ചു.. “വാവ എന്താണ് പറയുന്നത്… ചെറിയച്ഛൻ എന്തെങ്കിലും പറയാൻ ഏൽപ്പിച്ചിരുന്നോ കുഞ്ഞിനെ ” അമ്മാളു അത് ചോദിക്കുകയും എല്ലാവരും ചിരിച്ചു.. ഉമ്മറത്ത് ഇരിക്കുകയായിരുന്നു ഗോപിനാഥനും കണ്ണനും… ദീപനും കൈമളും… അവർ ഓരോരോ നാട്ടുവർത്തമാനങ്ങൾ പറഞ്ഞു കൊണ്ടിരിക്കുകയാണ്…
” ഇനിയാരും പെൺകുട്ടിയെ കണ്ടില്ലെന്ന് പറയരുത് കേട്ടോ. ഇതാണ് നമ്മുടെ കാര്യം വിവാഹം കഴിക്കാൻ പോകുന്ന ആള്..” ശ്രീദേവി ആണെങ്കിൽ ഗൗരിയെയും കൂട്ടിക്കൊണ്ട് ഉമ്മറത്തേക്ക് വന്നു.. “അച്ഛനെയും കണ്ണനെയും മോൾക്ക് കഴിഞ്ഞദിവസം വന്നപ്പോൾ മനസ്സിലായി കാണുമല്ലോ അല്ലേ…” “ഉവ്വ്..” അവൾ അവരെ നോക്കി പറഞ്ഞു.. ലക്ഷ്മിയും സീതയും കൂടി എല്ലാവർക്കും കൊടുക്കുവാനുള്ള. ചായയും പലഹാരങ്ങളും മേശമേൽ നിരത്തി… അമ്മാളവും നീലിമയും ഗൗരിയുമായി പെട്ടെന്ന് കൂട്ടായി.. “ഏടത്തി വരൂ ഏടത്തിയുടെ മുറി ഏതാണ്. ഇവരൊക്കെ ഇവിടെ സംസാരിച്ചിരിക്കട്ടെ ” അതും പറഞ്ഞുകൊണ്ട് അമ്മാളു ഗൗരിയുടെ കരം ഗ്രഹിച്ചു.. ” എന്റെ മുറി മുകളിലാണ്… അമ്മാളു വരൂ… ” അങ്ങനെ ഗൗരി അമ്മാളുവിനെയും കൂട്ടി തന്റെ മുറിയിലേക്ക് പോയി.. ” ആഹാ കൊള്ളാമല്ലോ… ഇതാണോ ഏടത്തിയുടെ മുറി….” തുറന്നിട്ട് ജനാലയുടെ അരികത്തായി നിന്നുകൊണ്ട് അമ്മാളു ചോദിച്ചു.. “എനിക്കിവിടം ഒരുപാട് ഇഷ്ടമായി… നല്ല ഒരു അറ്റ്മോസ്ഫിയർ ആണ് ഇവിടെ…” ” ഏടത്തി തന്നെയാണോ ഈ സെറ്റ് മുണ്ട് ഉടുക്കുന്നത്….
എന്ത് ഭംഗിയായിട്ടാണ് ഉടുക്കുന്നത്” ” ഞാൻ ഇടയ്ക്കൊക്കെ സെറ്റ് ഉടുത്ത്, അമ്പലത്തിൽ പോകാറുണ്ട്. ” “മ്മ്…. എനിക്ക് ഒരുപാട് ഇഷ്ടമായി കേട്ടോ…. എത്രയും പെട്ടെന്ന് ഞങ്ങളുടെ വീട്ടിലേക്ക് പോരെ” അമ്മാളു വേദനിപ്പിക്കാതെ അവളുടെ കവിളിൽ നുള്ളി.. ഗൗരി അതിനു മറുപടിയായി ഒന്ന് പുഞ്ചിരിച്ചതേയുള്ളൂ… ” ഏടത്തി ഒരു മിനിറ്റ്…. ” അമ്മാളു തന്റെ ഫോൺ എടുത്തു… എന്നിട്ട് ഹരിയെ വിളിച്ചു.. “ഹെലോ… ഒന്ന് പെട്ടെന്ന് വാട്സാപ്പിൽ വരുമോ..ഒരു കൂട്ടം കാണിച്ചുതരാം ” അതും പറഞ്ഞുകൊണ്ട് അവൾ കട്ടാക്കി.. ഗൗരിക്ക് ഒന്നും മനസ്സിലായില്ല. അമ്മാളു ഹരിയെ വീഡിയോ കോൾ ചെയ്തു.. എന്നിട്ട് ഗൗരിയെ കാണിച്ചുകൊടുത്തു.. “ദേ നോക്കിക്കേ ഈ സുന്ദരിക്കുട്ടിയെ… എന്തായാലും എന്റെ ഹരിയേട്ടന്റെ സെലക്ഷൻ സൂപ്പർ ആയിട്ടുണ്ട്.. എനിക്ക് ഏടത്തിയ ഒരുപാട് ഇഷ്ടമായി..” ഗൗരിയ ചേർത്തുപിടിച്ചുകൊണ്ട് അമ്മാളു പറഞ്ഞു.. ഹരി ഗൗരിയെ നോക്കി ഒന്ന് കണ്ണുറുക്കി കാണിച്ചു…
അമ്മു അടുത്തു നിൽക്കുന്നതിനാൽ ഗൗരി തിരിച്ച് ഹരിയേയും ഒന്നു നോക്കി പുഞ്ചിരിച്ചു… ആ വേഷത്തിൽ അവൾ അതീവ സുന്ദരി ആയിരിക്കുന്നു…. “ഹായ് ഗൗരി… അമ്മാളുവുമായിട്ട് നീ കമ്പനിയായോ” ” പിന്നെ കമ്പനി ആകാതെ എന്റെ ഏട്ടത്തിയമ്മ അല്ലെ…. ” അമ്മാളു അവളെ നോക്കി. “എടി പെണ്ണെ…. നിന്റെ പ്രായമേ ഉള്ളൂ അവൾക്ക്,,, പിന്നെ നീ എന്തിനാണ് ഏട്ടത്തിയമ്മ എന്ന് വിളിക്കുന്നത്…” ” അത് ശരിയാണ്….പക്ഷേ സ്ഥാനം കൊണ്ട് എന്നും എന്റെ ഏട്ടത്തിയമ്മയാണ്…അല്ലെ ഗൗരികുട്ടി… ” അമ്മാളു ചോദിച്ചപ്പോൾ ഗൗരി അതെ എന്ന് തല കുലുക്കി… “ഗൗരി… നീ മുത്തശ്ശിയെ കണ്ടില്ലേ” ” കണ്ടു”.. ” എന്നിട്ട് സംസാരിച്ചില്ലേ ” “മ്മ്…” ” നീ ഇവളുമായി കത്തി വെച്ചു കൊണ്ടിരിക്കാതെ അവരുടെയൊക്കെ അടുത്തേക്ക് ചെല്ല്…. ” അവൻ അല്പം ഗൗരവത്തിൽ പറഞ്ഞു.. “ദേ ഏട്ടാ എന്റെ ഏടത്തിയുമായി ഞാൻ സംസാരിക്കുന്നതിൽ ഏട്ടനു എന്താണ് ഇത്ര കുശുമ്പ് ” “നീ പോ പെണ്ണെ ഒന്ന്… ഞാൻ വെയ്ക്കുവാ… അല്പം തിരക്ക് ഉണ്ട്…” ഗൗരിയെ നോക്കി ഒന്നുകൂടി കണ്ണിറുക്കി കാണിച്ചിട്ട് ഹരി ഫോൺ കട്ട് ചെയ്തു..
” ഹരിയേട്ടന് കിട്ടുന്ന പുണ്യമാണ് ഗൗരിയേടത്തി… എത്രയും പെട്ടെന്ന് നേരത്തെ എന്റെ വീട്ടിൽ വന്നാൽ മതി എന്നാണ് ഞാൻ ഇപ്പോൾ പ്രാർത്ഥിക്കുന്നത്….we all with uuuu ഏട്ടത്തി…. ” അപ്പോഴേക്കും ലക്ഷ്മി അവരുടെ മുറിയിലേക്ക് കയറി വന്നു.. ” ഗൗരി നിന്നെ അമ്മ വിളിക്കുന്നു..നീ താഴേക്കു വരൂ ” മൂവരും കൂടി താഴേക്ക് ഇറങ്ങിച്ചെന്നു.. ” ഇത്ര പെട്ടെന്ന് നിങ്ങൾ രണ്ടാളും ഇണ പിരിയാത്ത സുഹൃത്തുക്കൾ ആയോ…. എന്നാൽ ഗൗരിമോളെ ഇപ്പോൾ തന്നെ നമ്മൾക്ക് വീട്ടിലേക്ക് കൊണ്ടുപോകാം” മുത്തശ്ശി ഗൗരിയുടെ കയ്യിൽ പിടിച്ചുകൊണ്ട് അമ്മാളുനോട് ചോദിച്ചു.. ” ഹരിയേട്ടനു ഇത്രയും നേരം കുശുമ്പായിരുന്നു ഇപ്പോൾ മുത്തശ്ശിയും തുടങ്ങിയോ… ” “ങേ… അപ്പോൾ നീ ഹരിയെ വിളിക്കാൻ പോയതായിരുന്നോ അമ്മാളു…” ” അത് അമ്മേ ഞാൻ വെറുതെ ഏട്ടനെ ഒന്ന് വീഡിയോ കോൾ ചെയ്തതാണ്. ഏട്ടൻ പക്ഷേ പെട്ടെന്ന് വച്ചു എന്തൊക്കെയോ തിരക്കുകൾ ആണെന്ന് പറഞ്ഞു.. ” “മ്മ്… മോളെ ഗൗരി കാര്യങ്ങളൊക്കെ അച്ഛനുo കണ്ണനും മോളുടെ അച്ഛനും ചേട്ടനുമായി സംസാരിച്ചിട്ടുണ്ട്….
ഏറ്റവും അടുത്ത മുഹൂർത്തം നോക്കി നേരം കുറിക്കുവാനാണ് നമ്മളുടെ തീരുമാനം.. അടുത്തയാഴ്ച ഇവിടെനിന്നും വേണ്ടപ്പെട്ട ആളുകൾ എല്ലാവരും അവിടേക്ക് വരണം.. എന്നിട്ട് എത്രയും പെട്ടെന്ന് വിവാഹം നടത്തണം… മോൾക്ക് വിരോധം ഒന്നും ഇല്ലല്ലോ അല്ലേ ” ” ഏടത്തിക്ക് എന്ത് വിരോധം.. നാളെ വേണേലും ഞങ്ങൾ റെഡിയാണ് അല്ലേ എടുത്തി” അമ്മാളു ഗൗരിയുടെ കവിളിൽ വീണ്ടും നുള്ളി.. നീലിമയ്ക്ക് അത് കണ്ട് ചെറിയ അസൂയ തോന്നാതിരുന്നില്ല… അവൾ പതിയെ കുഞ്ഞിനെയും ആയിട്ട് വെളിയിലേക്ക് ഇറങ്ങി.. അതു മനസ്സിലാക്കിയ ഗൗരി പെട്ടെന്ന് തന്നെ കുഞ്ഞിനെ ചെന്ന് മേടിച്ചു.. ” നീലിമ ചേച്ചി ചായ കുടിച്ചോ” “മ്മ്.. കുടിച്ചു…” ” ഗൗരിയുടെ റിസൾട്ട് എന്നാണ് വരുന്നത്” ” ഒരു മാസത്തിനുള്ളിൽ വരും ” ” എന്താണ് ഗൗരിയുടെ ഫ്യൂച്ചർ പ്ലാൻ” ” ബാങ്ക് കോച്ചിങ്ങിന് പോകണം എന്നാണ് എന്റെ ആഗ്രഹം” “നല്ല കാര്യം… വെറുതെ വീട്ടിലിരുന്ന് മുഷിയാതെ എന്തെങ്കിലും കോഴ്സ് ചെയ്യുന്നതാണ് നല്ലത്. ഗൗരിക്ക് അധികം പ്രായവും ആയില്ലല്ലോ” ” ഹരിയും ആയിട്ട് എത്ര നാളത്തെ പരിചയമുണ്ട്, ചെറുപ്പം മുതലേ തുടങ്ങിയതാണോ നിങ്ങൾ തമ്മിലുള്ള ബന്ധം ” ഓർക്കാപ്പുറത്താണ് നീലിമ അവളോട് അത് ചോദിച്ചത്.. ” അത് പിന്നെ ചേച്ചി….
“ഗൗരിയുടെ വാക്കുകൾ മുറിഞ്ഞു.. ചോദിച്ചു കഴിഞ്ഞാണ് വേണ്ടിയിരുന്നില്ല എന്ന് നീലിമ ഓർത്തത്.. ” ഗൗരി വിഷമിക്കുകയൊന്നും വേണ്ട…. ഏറ്റവും നല്ല പയ്യനെ തന്നെയാണ് ഗൗരി കണ്ടെത്തിയത്… ഹരി പാവമാണ് ” ഗൗരിക്കൊന്നും തോന്നാതിരിക്കുവാൻ വേണ്ടിയാണ് നീലിമ+അത് പറഞ്ഞത്.. ഗൗരിയുടെ ചുണ്ടിൽ ഒരു വിഷാദ നിറഞ്ഞ പുഞ്ചിരി വിരിഞ്ഞു…. അല്പസമയത്തിനു ശേഷം എല്ലാവരും യാത്രപറഞ്ഞ് മുറ്റത്തേക്ക് ഇറങ്ങി.. നീലിമയുമായി സംസാരിച്ചതിനുശേഷം ഗൗരിയുടെ മുഖത്ത് എന്തോ ഒരു വിഷമം വന്നത് അമ്മാളു കണ്ടുപിടിച്ചു. ” നീലിമഏട്ടത്തി എന്തെങ്കിലും പറഞ്ഞോ… നിങ്ങൾ തമ്മിൽ സംസാരിച്ചു കഴിഞ്ഞപ്പോൾ ഗൗരിയേടത്തിയുടെ മുഖം എന്താ വല്ലാണ്ട് ആയത്… ” ” ഹേയ് ഒന്നുമില്ല അമ്മാളു… മോൾക്ക് തോന്നിയതാവും ” “മ്മ്.. ഓക്കേ ഓക്കേ… മിടുക്കി കുട്ടിയായിട്ട് ഹാപ്പി ആയിട്ടിരിക്കണം കേട്ടോ… ഞാൻ പോകുന്നതിനു മുൻപ് നമുക്ക് ഒന്നൂടെ മീറ്റ് ചെയ്യാം…
ഹരിയേട്ടനെയും ഒപ്പം കൂട്ടാം എന്തേ ” ” അതൊന്നും വേണ്ട അമ്മാളു… ” “പിന്നെ പിന്നെ… ഇനി ഞാൻ പറയുന്നത് നിങ്ങൾ രണ്ടാളും അങ്ങ് അനുസരിച്ചാൽ മതി… മര്യാദയ്ക്ക് വന്നോണം ഞാൻ വിളിക്കും…” ഗൗരിയുടെ കവിളിൽ ഒന്നുകൂടി ഉമ്മ കൊടുത്തതിനു ശേഷം അമ്മാളു കണ്ണന്റെയും നീലിമയുടെയും അരികിലേക്ക് നടന്നു പോയി. ശ്രീദേവിയും ജാനകിയമ്മയും മടങ്ങാൻ നേരം ഗൗരിയെ ചേർത്തുപിടിച്ച് മുത്തം കൊടുത്തിട്ടാണ്പോയത്.. നീലിമക്ക് ഇതൊക്കെ കണ്ടു കുറച്ചു ദേഷ്യം തോന്നിയിരുന്നു.. എന്നാലും അവൾഉള്ളിലുള്ള ഭാവം മുഖത്ത് അറിയിച്ചില്ല… കൈമളും ഗോപിനാഥനും പരസ്പരം കൈ കൊടുത്ത് അങ്ങനെ മടങ്ങി. കൈമളും സീതയും അതീവ സന്തോഷത്തിലാണ്.. അവർക്ക് എല്ലാവർക്കും ഹരിയുടെ വീട്ടുകാരെ ഒരുപോലെ ഇഷ്ടമായി… ലക്ഷ്മിയും ദീപനും കൂടി വിവാഹ കാര്യങ്ങളെക്കുറിച്ച് ചർച്ച ചെയ്യുവാൻ തുടങ്ങിക്കഴിഞ്ഞു…. ഗൗരി മാത്രം ലക്ഷ്മിയുടെ കുഞ്ഞിനെയും ഒക്കത്ത് വെച്ചുകൊണ്ട് മുറിക്കകത്ത് കൂടി നടന്നു..
” എല്ലാവരെയും വിളിച്ച് അറിയിക്കേണ്ട? ” സീത ഭർത്താവിനെയും മരുമകനെയും നോക്കി.. “മ്മ്മ്…. അമ്മ പറഞ്ഞത് ശരിയാണ്… കാര്യങ്ങൾ ഇത്രത്തോളം ആയ സ്ഥിതിക്ക് എല്ലാവരോടും നമുക്ക് വിളിച്ചു പറയണം “ദീപൻ അതു ശരി വെച്ച്. ലക്ഷ്മി ആണെങ്കിൽ അമ്മാവന്മാരുടെയും അപ്പച്ചിയുടെയും ചെറിയച്ഛൻ മാരുടെയും ഒക്കെ നമ്പർ എടുത്തു നോക്കുകയാണ്… അച്ഛാ… ഓരോരുത്തരെയായി വിളിച്ചു തുടങ്ങാം…. ആദ്യം മൂത്ത അമ്മാവനെ വിളിക്കാം… ലക്ഷ്മി നമ്പർ ഡയൽ ചെയ്തു കൊണ്ട് അച്ഛന് ഫോൺ കൈമാറി… കൈമൾ കാര്യങ്ങളെല്ലാം ഓരോരുത്തരോടായി വിശദീകരിച്ചു…. അപ്പച്ചിയെ മാത്രം വിളിച്ചപ്പോൾ അച്ഛൻ വല്ലാതെ സങ്കടപ്പെട്ടു.. അത് എല്ലാവർക്കും മനസ്സിലാവുകയും ചെയ്തു.. അപ്പച്ചി എന്തെങ്കിലും അച്ഛന് വേദനിക്കുന്ന തരത്തിൽ സംസാരിച്ചുവെന്ന് ഗൗരിക്ക് തോന്നി.. അത്യാവശ്യം വേണ്ടപ്പെട്ട ആളുകളെ അടുത്തയാഴ്ച മേലെടടുത്ത് തറവാട്ടിലേക്ക് കൊണ്ടുപോകുവാൻ ആയിരുന്നു ദീപന്റെയും കൈമളിന്റെയും പ്ലാന്……
2 മണി ആയപ്പോഴാണ് മേലേടത്തുനിന്നും പോയവർ എല്ലാവരും തിരിച്ചെത്തിയത്.. ഹരി അപ്പോൾ അവിടെ ഇല്ലായിരുന്നു. അവൻ മനപൂർവ്വംവീട്ടിൽ നിന്നും മാറി നിന്നതാണ്. താൻ ഗൗരിയുടെ വീട്ടിൽ ചെല്ലാത്തതിൽ ആർക്കും സംശയമൊന്നും തോന്നാതിരിക്കുവാനാണ് അവൻ അങ്ങനെ ചെയ്തത്… അവൻ വെറുതെ ടൗണിൽ വരെ വണ്ടി ഓടിച്ചു പോയി.. ഇടയ്ക്ക് ഫോൺ എടുത്തു നോക്കി.. ഗൗരി തന്റെ മെസ്സേജ് കണ്ടിട്ടില്ല എന്ന് അവനു മനസ്സിലായി. വെറുതെ ഡ്രൈവിംഗ് സീറ്റിൽ ചാരി കിടന്നു അവൻ… മെല്ലെ അവൻ മയങ്ങിപ്പോയി.. ഫോൺ നിർത്താതെ വൈബ്രേറ്റ് ചെയ്യുന്നത് കേട്ടുകൊണ്ടാണ് അവൻ മെല്ലെ കണ്ണുകൾ തുറന്നത്… നോക്കിയപ്പോൾ അമ്മ കോളിംഗ്.. ” ഹലോ അമ്മേ ” ” മോനേ നീ എവിടെയാണ്… ” ” അമ്മേ ഞാൻ ഒന്ന് രണ്ട് പാർട്ടികളെ കാണാനായി വന്നതാണ്… ഞാനിപ്പോൾ ക്ലബ്ബിന്റെ വാതിൽക്കൽ ഉണ്ട് ” ” നീ എപ്പോൾ എത്തും തിരികെ ” ” അമ്മേ…ഒരു അരമണിക്കൂർ ” “മ്മ്… ശരി ശരി… നീ ഭക്ഷണം ഒന്നും കഴിക്കാതെയാണ് പോയതെന്ന് അമ്മിണിയമ്മ പറഞ്ഞു, നിനക്ക് വിശക്കുന്നില്ലേ മോനെ, സമയം മൂന്നു കഴിഞ്ഞു ”
” ഞാനിപ്പോൾ തന്നെ വരാം അമ്മേ” അതും പറഞ്ഞു കൊണ്ട് അവൻ ഫോൺ കട്ട് ചെയ്തു.. എന്നിട്ട് വീട്ടിലേക്ക് തിരികെ വണ്ടിയോടിച്ചു പോയി.. അവൻ എത്തിയപ്പോൾ എല്ലാവരും അവരവരുടെ മുറിയിലാണ്.. അമ്മിണിയമ്മ വന്നു വാതിൽ തുറന്നു കൊടുത്തത്.. എല്ലാവരും ഊണ് കഴിച്ചു എന്ന് അവർ പറഞ്ഞു.. അവൻ ഇഷ്ടപ്പെട്ട കൂർക്ക മെഴുക്കുപുരട്ടിയും ഉള്ളിത്തീയലും അമ്മിണിയമ്മ പ്രത്യേകം ഉണ്ടാക്കി വെച്ചിരുന്നു.. നല്ല വിശപ്പുണ്ടായിരുന്നു ഹരിക്ക്. അവൻ വയറു നിറയെ ഭക്ഷണം കഴിച്ചു.. അപ്പോഴേക്കും അമ്മാളു ഊണ് മുറിയിലേക്ക് വന്നു… ” എന്റെ ഏട്ടാ….ഏട്ടനെ സമ്മതിച്ചിരിക്കുന്നു… എന്തൊരു നാടൻ സൗന്ദര്യമാണ്: ഏടത്തിക്ക്… ഒരു ക്രീമും വേണ്ട ലിപ്സ്റ്റിക്കും വേണ്ട ബ്ലഷും വേണ്ട…. എല്ലാ നാച്ചുറൽ ആയിട്ട് ഈശ്വരൻ വാരിക്കോരി കൊടുത്തിട്ടുണ്ട്…. സുന്ദരിക്കുട്ടിയാണ്…. നമ്മൾക്ക് കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കാൻ തോന്നും അത്ര സോഫ്റ്റ് കവിള്… ” അവൾ അതു പറയുകയും അമ്മിണി അമ്മയ്ക്ക് നാണം വന്നു. ഹരി ഒന്നും മിണ്ടാതെ ഊറി ചിരിച്ചു… ” ഏട്ടാ നിങ്ങളുടെ ലൗ സ്റ്റോറി ഒന്നു പറയാമോ പ്ലീസ്…..
“അമ്മാളു അവന്റെ ഇരു കൈകളിലും പിടിച്ചു കുലുക്കി.. “ഞാൻ പറഞ്ഞാൽ മതിയോ നിന്നോട്…” പിറകിൽ നിന്നും ശ്രീദേവിയുടെ ശബ്ദം സ്സ്…… അമ്മാളു മിഴികൾ പൂട്ടി ഇരുന്നു… ” നിനക്ക് ഈയിടെയായി ഇത്തിരി കൂടുന്നുണ്ട് കേട്ടോ… മര്യാദയ്ക്ക് അടങ്ങി ഇരുന്നോണം.. എക്സാമാണ് വരാൻ പോകുന്നത്.. പോയി നാല് അക്ഷരം പഠിക്കാൻ നോക്ക് പെണ്ണേ” “ഓഹ് തുടങ്ങി അമ്മ…. അമ്മയ്ക്ക് വേറെ ഒന്നും പറയാനില്ലേ.. എപ്പോൾ ഫോൺ വിളിച്ചാലും പഠിത്തം പഠിത്തം പഠിത്തം… വീട്ടിൽ വന്നാൽ അതിന്റെ അപ്പുറം.. എന്റിശ്വരാ ഒരു മാസം കഴിഞ്ഞാൽ ഞാൻ ഇവിടെ തന്നെ എങ്ങനെ പിടിച്ചു നിൽക്കും….”അമ്മാളു ആരോട് എന്നല്ലാതെ പറഞ്ഞു.. ഹരി ചിരിച്ചുകൊണ്ട് അമ്മയെ നോക്കി.. ” ഹരി നിന്നെ അച്ഛൻ വിളിക്കുന്നു റൂമിലേക്ക് വരൂ ” ഹരിയോടൊപ്പം അമ്മാളുവും ചാടി എഴുന്നേറ്റു..
” നിന്നോട് പോയിരുന്നു പഠിക്കാനാണ് പറഞ്ഞത്…നീയ് ഇതെങ്ങോട്ടാ” ശ്രീദേവി നോക്കി കണ്ണുരുട്ടിയപ്പോൾ അമ്മാളു തന്റെ മുറിയിലേക്ക് പോയി.. ” അച്ഛൻ വിളിച്ചിരുന്നോ ” ഹരി കയറി വന്നപ്പോൾ ഗോപിനാഥൻ വിശ്രമിക്കുകയായിരുന്നു.. “മ്മ്… ഹരി കാര്യങ്ങളൊക്കെ ഞങ്ങൾ പറഞ്ഞു ഉറപ്പിച്ചിട്ടാണ് മടങ്ങി വന്നത്.. നാളെയോ മറ്റന്നാളോ ആ പണിക്കരെ വിളിച്ച് മുഹൂർത്തം കുറിയ്ക്കണം…” “മ്മ്മ് ” ” എത്രയും പെട്ടെന്ന് വിവാഹം നടത്തണമെന്നാണ് എല്ലാവരുടെയും തീരുമാനം. ഗൗരി നിന്നോട് എന്തെങ്കിലും പറഞ്ഞോ” “അവളുടെ റിസൾട്ട് വരട്ടെ എന്നാണ്….” അവൻ ആലോചിച്ചു പറഞ്ഞു “റിസൾട്ട് വന്നോട്ടെ അതിനെന്താ കുഴപ്പം.. അവൾക്ക് തുടർന്ന് പഠിക്കണമെങ്കിൽ പഠിക്കുകയും ചെയ്യാം.. ഇവിടെ ആർക്കും അതിൽ ഒരു എതിർപ്പും ഇല്ല ” “ആഹ്ഹ്.. അത് ഞാൻ ഗൗരിയോട് പറഞ്ഞു അച്ഛാ ” “മ്മ്മ്….നീ ഇന്ന് ആരെ കാണുവാൻ ആയിരുന്നു പോയത് ” “അത് എനിക്ക് വേണ്ടപ്പെട്ട ഒരു പാർട്ടി വരും എന്ന് പറഞ്ഞു.. ഞാൻ ക്ലബ്ബിൽ ആയിരുന്നു ഇത്രയും നേരം…. അവരെ വെയിറ്റ് ചെയ്തു നിൽക്കുവായിരുന്നു. ” അച്ഛൻ അവനെ സൂക്ഷിച്ചു നോക്കുന്നത് കണ്ടതും അവൻ മുഖം തിരിച്ചു.. തുടരും…

by