19/04/2026

വേനൽമഴ : ഭാഗം 12

രചന – ഭദ്രശ്രീ

വൾ ധന്യ, ധന്യ നാരായണൻ…. അതാണ് മുഴുവൻ പേര്… അവളെ ആദ്യമായി ഞാൻ കാണുന്നത് കോളേജ് ഫ്രഷേർസ് ഡേയിലാണ്. എല്ലാരും ചുരിദാറും ജീൻസും ടോപ്പും ഇട്ടുവന്നപ്പോൾ അവൾ മാത്രം ദാവണിയുടെ ചുവപ്പിൽ മുങ്ങിയത് എന്റെ കണ്ണിലും മനസിലും ആഴത്തിൽ പതിഞ്ഞു പോയി. ചന്ദനക്കുറിയും ഇടുപ്പോളമുള്ള മുടിയിലെ പാതിവിരിഞ്ഞ മുല്ലമാലയും അതിനോട് ചേർന്ന് ഒരു തുളസികതിരും അവളെ മറ്റുള്ളവരിൽ നിന്നും ഏറെ വ്യത്യസ്തമാക്കിയിരുന്നു. ഒരുപാട് നക്ഷത്രങ്ങൾക്കിടയിൽ വിളങ്ങി നിൽക്കുന്ന പൂർണചന്ദ്രനെ പോലെ ആദ്യകാഴ്ചയിൽ തന്നെ ഞാനെന്റെ മനസിലേക്ക് ആവാഹിച്ചിരുന്നു ആ പൂമുഖം.

ഞങ്ങൾ സീനിയേഴ്സിന്റെ ഇടയിലേക്ക് വഴിതെറ്റിപ്പോയ ആട്ടിൻകുട്ടിയെ പോലെ പേടിച്ചരണ്ട് നടന്നു വന്നപ്പോൾ, പാട്ട്പാടാൻ പറഞ്ഞപ്പോൾ എനിക്കറിയില്ല എന്നുപറഞ്ഞു കരഞ്ഞു മുഖം ചുവപ്പിച്ചപ്പോൾ, അവിടെ നിന്നും രക്ഷപെടുത്തി ക്ലാസ്സിൽ പറഞ്ഞുവിട്ടപ്പോൾ നന്ദിസൂചകമായി എന്നെ നോക്കി ആർദ്രമായ് ചിരിച്ചപ്പോൾ, അവളെന്റെ ആരൊക്കെയോ ആയി മാറുകയായിരുന്നു. പിന്നാലെ നടക്കാനോ ശല്യം ചെയ്യാനോ ഇഷ്ടമാണ് എന്ന് പറയിപ്പിക്കാനോ ഉള്ള ക്ഷമയൊന്നും എനിക്ക് പണ്ടേ ഉണ്ടായിരുന്നില്ല, അതുകൊണ്ട് തന്നെ ഇന്നേവരെ ഒരു പെൺകുട്ടിയുമായും ഇഷ്ടത്തിൽ ആയിട്ടുമില്ല. പക്ഷെ അവളോട്…മറ്റാരോടും തോന്നാത്ത ഒരിഷ്ടവും അടുപ്പവും തോന്നി, കണ്ട അന്ന് മുതൽ തന്നെ, ഉള്ളിന്റെ ഉള്ളിലിരുന്ന് ആരോ മന്ത്രിക്കും പോലെ….. ഇതാണെന്റെ പെണ്ണ്……

ആരോടും മിണ്ടാത്ത പ്രകൃതമായിരുന്ന അവളോട് എനിക്ക് മിണ്ടാൻ സീനിയർ എന്ന ആയുധം പ്രയോഗിക്കേണ്ടി വന്നു. ഓരോ തവണ അവളെ കാണുമ്പോഴും അവളുടെ മിഴിമുന എന്റെ ഹൃദയത്തിൽ കുത്തികീറുമ്പോഴും ഉള്ളിലെ പെരുമ്പറ മുഴക്കം അവൾ പോലും കേൾക്കാതിരിക്കാൻ ഞാൻ പാടുപെട്ടിരുന്നു ഒടുവിൽ… അവളോട് സംസാരിക്കാൻ തന്നെ ഞാൻ തീരുമാനിച്ചു…. അന്നവൾ പതിവിലും സുന്ദരിയായിരുന്നു. വെള്ളയിൽ ചുവന്ന കുഞ്ഞ്പൂക്കളുള്ള സാരി ഞൊറിഞ്ഞുടുത്ത് വന്ന അവളെ ഇമചിമ്മാൻ പോലും മറന്ന് ഞാൻ നോക്കി നിന്നുപോയി. ഇന്നെങ്കിലും എന്റെ ഇഷ്ടം തുറന്നു പറഞ്ഞെ പറ്റൂ എന്ന രീതിയിൽ ആണ് ഞാൻ അവളെ സമീപിച്ചതും.

പക്ഷെ കരിമഷിയെഴുതിയ അവളുടെ കണ്ണുകൾ എന്നെ കൊത്തിവലിക്കുമ്പോൾ പറയാൻ വന്നതൊക്കെയും മറന്നിരുന്നു. പക്ഷെ എന്നെ ഞെട്ടിച്ചു കൊണ്ട് അവൾ എന്നോട് വന്നു സംസാരിച്ചു. വിശേഷങ്ങൾ ആരാഞ്ഞു. പുറമെ നിന്ന് നോക്കുമ്പോൾ അവൾ മിണ്ടാപൂച്ചയായിരുന്നെങ്കിലും സംസാരിക്കാൻ തുടങ്ങിയാൽ അവളൊരു വായാടി കിലുക്കാംപെട്ടിയാവും. സംസാരിക്കുമ്പോൾ വിടർന്നുവരുന്ന അവളുടെ ഉണ്ടക്കണ്ണുകൾ കാണാൻ തന്നെ പ്രത്യേക ചേലാണ്. അവൾ പറയുന്നതൊക്കെ ഇഷ്ടത്തോടെ ഞാൻ കേൾക്കുന്നത് കൊണ്ടാവും അവളെന്നോട് പെട്ടെന്നടുത്തു. ആ അടുപ്പം ഇഷ്ടം ആകാനും അധികം കാലതാമസം ഉണ്ടായിരുന്നില്ല. ഞങ്ങളുടെ ഇഷ്ടം കോളേജിൽ ആരും അറിയരുത് എന്ന നിർബന്ധം എനിക്ക് ഉണ്ടായിരുന്നു, അവളും ആരോടും പറഞ്ഞതുമില്ല. അമ്മയില്ല അവൾക്ക്, അച്ഛനും ഏട്ടനും മാത്രം. അച്ഛൻ അടുത്തുള്ള അമ്പലത്തിലെ ശാന്തിയാണ്, ഏട്ടൻ ഗൾഫിലും.

പറയാൻ തക്ക കൂട്ടുകാരോ ബന്ധുക്കളോ ഒന്നുമില്ല അവൾക്ക്, എന്റെ കൂടെ അവൾ ഒരുപാട് ഹാപ്പി ആയിരുന്നു, ഞാനും. പോകപോകെ എനിക്ക് മനസിലായി അർജുൻ അവളെ നോട്ടമിട്ടു എന്ന്. ഒന്നും എതിർത്തു പറയാൻ പറ്റാത്ത അവസ്ഥ, നിഴൽ പോലെ ഒപ്പം നിൽക്കുന്ന ചങ്ങാതിയാണോ ഇന്നലെ കണ്ട പെണ്ണാണോ വലുത് എന്ന് ഞാൻ എന്നോട് തന്നെ ചോദിച്ചു പല രാത്രികളും പകലാക്കി മാറ്റിയിട്ടുണ്ട്. ധന്യയും ഞാനും ഇഷ്ടത്തിലാണെന്ന് കൂടെ നിന്ന ആരോടും ഞാൻ പറഞ്ഞിട്ടുമില്ല. അവളെയോ അവനെയോ എനിക്ക് വിട്ടുകൊടുക്കാൻ ആകുമായിരുന്നില്ല. ഒടുവിൽ ഒന്നും ആരും അറിയാതെ തന്നെ തുടരട്ടെ എന്ന് ഞാൻ തീരുമാനിച്ചു.

അർജുന് ധന്യയെ പരിചയപ്പെടുത്തി കൊടുത്തത് ഞാനാണ്. അവന്റെ ഉള്ളിലുള്ള ആഗ്രഹം അവൾ അറിയാതെ ഞാൻ ഒപ്പം തന്നെ നിന്നു, അവൾ എന്നല്ല ആരും ഒന്നും അറിയരുത് എന്ന് എനിക്ക് നിർബന്ധം ഉണ്ടായിരുന്നു. അർജുനെ കാണാൻ വരാൻ എന്ന വ്യാജെനെ ഞാനും അവളും കണ്ടിരുന്നു, ഇരുഉടലുകൾ ഒന്നായ് ചേർന്നിരുന്നു… കോളേജിൽ എല്ലാവരുടെയും കണ്ണിൽ ധന്യ അർജുന്റെ ലവർ ആയപ്പോൾ തിരശീലക്ക് പിന്നിൽ ഞങ്ങളുടെ പ്രണയം പൂത്തുലഞ്ഞു. പക്ഷെ നാളുകൾ പോകപോകെ കാര്യങ്ങൾ ഒക്കെയും തകിടം മറിയാൻ തുടങ്ങി. തുടക്കത്തിൽ ഉള്ള മാജികൽ ഫീലിംഗ്സ് ഒന്നും പിന്നെ അങ്ങോട്ട് ഉണ്ടായില്ല.

എന്തിനും ഏതിനും വഴക്കും പിണക്കവും വാക്ക്തർക്കവും ആയി ആകെ മൊത്തത്തിൽ മടുപ്പ് തോന്നിതുടങ്ങി. എന്ത് പറഞ്ഞാലും തല്ലും ബഹളവും പിണക്കവും എന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തി. പൊസ്സസ്സീവ്നെസ്സിന്റെ അളവും കൂടി അധികമായപ്പോൾ സംശയരോഗം തലപൊക്കി. ഫോൺ ബിസി ആയാൽ പ്രശ്നം, ആരോടേലും മിണ്ടിയാൽ പ്രശ്നം, പെൺകുട്ടികളുടെ നമ്പരോ ചാറ്റോ ഫോണിൽ കണ്ടാൽ പ്രശ്നം, പോരാത്തതിന് ബാത്‌റൂമിൽ പോണമെങ്കിലും അവളോട് പറഞ്ഞിട്ടേ പോകാവൂ എന്നാ നിബന്ധനയും. ധന്യ എന്ന പേര് ഉറക്കം കളഞ്ഞ രാത്രികളിൽ നിന്ന് ധന്യ എന്ന പേര് കേൾക്കുമ്പോൾ തന്നെ മടുപ്പ് തോന്നാൻ തുടങ്ങി.

ഒഴിവാക്കാൻ പലവട്ടം നോക്കിയെങ്കിലും അവൾ കൂടുതൽ കൂടുതൽ അടുത്തതല്ലാതെ അകന്നുപോയില്ല. ആ അവസ്ഥയിൽ നിക്കുമ്പോ ആണ് കല്യാണം കഴിക്കണം എന്ന ആവശ്യവുമായ് അവൾ പിന്നാലെ കൂടിയത്. കാരണം അവൾ ഗർഭിണി ആയിരുന്നു…. ഓരോ വട്ടവും ഓരോ കാരണങ്ങൾ പറഞ്ഞ് ഒഴിഞ്ഞു മാറാൻ നോക്കിയെങ്കിലും എത്ര നാൾ എന്നത് മുന്നിൽ വലിയൊരു ചോദ്യചിഹ്നം ആയി നിലകൊണ്ടു. ഉണക്കമീൻ പോലെയാണ് പെണ്ണിന്റെ ഗർഭം, എത്ര ഒളിപ്പിച്ചു വയ്ക്കാൻ ശ്രമിച്ചാലും ശ്രമം വിഫലമാവും. അബോർഷൻ ചെയ്യാൻ ഒരുപാട് വട്ടം പറഞ്ഞു നോക്കിയെങ്കിലും അവൾ അതിന് തയ്യാറായില്ല, അവൾക്ക് ആ കുഞ്ഞിനെ പ്രസവിച്ചു വളർത്തണം, ആ കുഞ്ഞിന് എന്റെ അഡ്രെസ്സ് വേണം…

പക്ഷെ അവളെ സഹിക്കാൻ എനിക്ക് തീരെ താല്പര്യവുമുണ്ടായിരുന്നില്ല. പക്ഷെ അന്ന്…. ആ രാത്രി……. ക്രിസ്റ്റി ഓർമകളിൽ പരതി……. ❣️❣️❣️❣️ “നീയെന്തിനാ വരാൻ പറഞ്ഞത്…. അതും ഇങ്ങോട്ട്…..” ഫ്ലാഷ് ലൈറ്റ് തെളിയിച്ചു കൊണ്ട് ക്രിസ്റ്റി ചോദിച്ചു, കോളേജ് ബിൽഡിങ്ങിന്റെ മുകളിൽ അവനെയും കാത്തുനിൽക്കുകയായിരുന്നു. “ഞാൻ എന്തിനാ വിളിച്ചത് എന്ന് ഇച്ചായന് അറിയില്ല അല്ലേ….” ക്രിസ്റ്റി താല്പര്യം ഇല്ലാത്ത പോലെ മുഖം തിരിച്ചു, ലൈറ്റ് ഓഫ് ആക്കി ടാങ്കിന്റെ ഭിത്തിയിൽ ചാടികയറിയിരുന്നു. അവന്റെ ഭാഗത്തുനിന്നും മറുപടിയായി ഒന്നുമുണ്ടായില്ല, അതുകൊണ്ടാവണം ധന്യ തുടർന്നു. “വീട്ടിൽ അറിഞ്ഞാൽ എന്റെ അച്ഛൻ….. ചങ്കുപൊട്ടി മരിക്കും ആ പാവം. ഇച്ചായനെ വിശ്വസിച്ചു പോയതാണോ ഞാൻ ചെയ്ത തെറ്റ്, അതോ നിങ്ങളെ മറ്റാരേക്കാളും സ്നേഹിച്ചതോ….

എന്റെ ഭാഗത്തും തെറ്റുകൾ ഉണ്ടായിരുന്നു, ഞാൻ നിങ്ങളെ ഒരുപാട് നിയന്ത്രിച്ചു, പാടില്ലായിരുന്നു. അതിലുമുപരി ഞാൻ നിങ്ങളെ അനുസരിച്ചില്ലെ…. നിങ്ങൾ പറഞ്ഞതെല്ലാം…. നമ്മുടെ ഈ ബന്ധം നമ്മളല്ലാതെ മറ്റൊരാൾക്കും അറിയില്ല, അതും നിങ്ങളുടെ ആവശ്യമായിരുന്നു. ആ എന്നെ നിങ്ങൾ ഓരോ കാരണം പറഞ്ഞു കൈയൊഴിയുകയാണോ…..” അവളുടെ കണ്ണുകൾ നിറഞ്ഞത് ഇരുട്ടിലും അവൻ തിരിച്ചറിഞ്ഞു. “നിങ്ങൾ നമ്മുടെ ബന്ധത്തെ മറച്ചുപിടിച്ചത് പോലെ ഒലിച്ചു വയ്ക്കാൻ കഴിയോ നമ്മുടെ കുഞ്ഞിനെ…. ഇപ്പൊ മൂന്ന് മാസം കഴിഞ്ഞു, ഇത്രയും നാൾ ഞാൻ മറച്ചുപിടിച്ചു എല്ലാം… വീട്ടിലും ഹോസ്റ്റലിലും ഒന്നും അറിയാതെ ഞാൻ സൂക്ഷിച്ചു..

പക്ഷെ ഇനി.. വയറു വീർത്തുവരുമ്പോൾ എത്ര നാൾ ഞാൻ പിടിച്ചുനിൽക്കും…. എനിക്ക് കഴിയുമെന്ന് തോന്നുന്നുണ്ടോ ഇച്ചായന്….” “നമുക്ക് അബോർഷൻ ചെയ്യാം… ഈ സാഹചര്യത്തിൽ ഒരു കല്യാണത്തിനെക്കുറിച്ചോ കുഞ്ഞിനെക്കുറിച്ചോ ചിന്തിക്കാനുള്ള മനസികാവസ്ഥയിലല്ല ഞാൻ… ഞാനെന്റെ അപ്പച്ചനോടെന്ത് പറയും…. നിന്റെ പ്രായത്തിലെനിക്കുമുണ്ടൊരു പെങ്ങൾ… അതെന്താ നീ ഓർക്കാത്തത്…..” “അപ്പൊ എനിക്കോ…. എന്റെ അച്ഛനോട് ഞാനെന്ത് പറയും…. താത്കാലികമായി അച്ഛനില്ലാത്തൊരു കുഞ്ഞിനെ ഞാൻ പ്രസവിക്കാൻ പോകുവാണെന്നോ…. എന്റെ അവസ്ഥ എന്താ ഇച്ചായൻ മനസ്സിലാക്കാത്തത്….. പട്ടിയോ പൂച്ചയോ ആണോ അങ്ങനെ കൊന്നുകളയാൻ…

നമ്മുടെ കുഞ്ഞാ… 6 മാസം കൂടി കഴിഞ്ഞാൽ ഈ കൈകളിൽ കിടന്ന് കളിക്കേണ്ട കുഞ്ഞിനെയാണോ കൊല്ലണം എന്ന് ഇച്ചായൻ പറഞ്ഞത്……?” അവൾ കരയുന്നുണ്ടായിരുന്നു. “ഓവർ സെന്റിമെൻസിന് ഞാനില്ല ധന്യേ… പ്രാക്ടിക്കൽ ആയി ചിന്തിക്ക്, ഈ പ്രായത്തിൽ തന്നെ കല്യാണം കുട്ടി എന്നൊക്കെ പോയാൽ പിന്നെപ്പോഴാ ലൈഫ് എൻജോയ് ചെയ്യുന്നേ…. സൊ എനിക്ക് നീ പറഞ്ഞതിനോട് തീരെ താല്പര്യം ഇല്ല, നമുക്കിത് വേണ്ട അതാണ് നല്ലത്…. എനിക്ക് പരിചയമുള്ളൊരു ഗൈനക്കോളജിസ്റ്റ് ഉണ്ട്, നാളെത്തന്നെ പോവാം…. ഞാൻ രാവിലെ വണ്ടി ആയിട്ട് വരാം… നീ റെഡിയായി ഹോസ്റ്റലിന്റെ പുറത്തു നിന്നാ മതി…..” “പറ്റില്ലാന്നല്ലേ പറഞ്ഞെ….. മര്യാദക്ക് എന്നെ കല്യാണം കഴിച്ചോ…..

ഇല്ലെങ്കിൽ ഞാനെന്താ ചെയ്യാന്ന് എനിക്ക് തന്നെ നിശ്ചയം ഇല്ല പറഞ്ഞേക്കാം….” ഒന്നും രണ്ടും പറഞ്ഞ് അവർ തന്നിൽ നല്ല വഴക്കായി. ഒടുവിൽ ദേഷ്യം സഹിക്കാതെ ക്രിസ്റ്റി പറഞ്ഞു. “ഈ നശൂലം വയറ്റിൽ ഉള്ളോണ്ടല്ലേ നിനക്കീ നെഗളിപ്പ്… അത് ഞാനങ്ങു തീർത്തു താരാടീ…..” അതും പറഞ്ഞവൻ അവളുടെ വയറ്റിൽ ആഞ്ഞുചവിട്ടി. ചവിട്ടേറ്റ് ധന്യ വയറിൽ കൈകൊണ്ടമർത്തി പിടിച്ച് നിലത്തു കുത്തിയിരുന്നു. വേദന കൊണ്ടവൾ അലറി നിലവിളിക്കാൻ തുടങ്ങി. ശബ്ദം പുറത്തു കേൾക്കാതിരിക്കാൻ ക്രിസ്റ്റി അവളുടെ വായ പൊത്തിപ്പിടിച്ചു. അവന്റെ കൈവിടുവിക്കാൻ അവൾ ആവതു ശ്രമിച്ചു, രക്ഷയില്ലാതെ വന്നപ്പോൾ ധന്യ അവന്റെ കൈവിരലിൽ കടിച്ചു. പെട്ടെന്നുള്ളതായത് കൊണ്ട് അവൻ അവളെ പിടിച്ചു തള്ളി കൈകുടഞ്ഞു. നിർഭാഗ്യവശാലോ അബദ്ധമോ…

തള്ളിന്റെ ശക്തിയിൽ അവൾ കാൽവഴുതി കെട്ടിടത്തിന്റെ മുകളിൽ നിന്ന് താഴേക്ക് വീണു. നിലവിളി കേട്ട് ക്രിസ്റ്റി നോക്കുമ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു. തന്റെ കൈയാൽ ഒരു കൊല നടന്നിരിക്കുന്നു എന്ന ചിന്തയിൽ ഭ്രാന്ത്‌ പിടിച്ചവനെ പോലെ ക്രിസ്റ്റി അലറി 💞💞💞💞”ഒന്നും മനപ്പൂർവ്വമല്ല, അറിയാതെ പറ്റിപ്പോയതാണ്…. അറിഞ്ഞുകൊണ്ട് എനിക്കവളെ……..” മുഴുമിപ്പിക്കാനാവാതെ ക്രിസ്റ്റി നിലത്തേക്കിരുന്നു കൈക്കുമ്പിളിൽ മുഖം പൂഴ്ത്തി പൊട്ടിക്കരഞ്ഞു. ക്രിസ്റ്റിയുടെ വെളിപ്പെടുത്തലുകൾ ഓരോന്നും ഉൾക്കിടിലത്തോടെ അർജുനും രാഹുലും വിഷ്ണുവും ശരത്തും കേട്ടുനിന്നു, അവർക്കൊന്നും വിശ്വസിക്കാനാകുമായിരുന്നില്ല.

നിഴൽ പോലെ കൂടെ നടന്നവനിങ്ങനെയൊരു ഭൂതകാലം അവരൊരിക്കലും സ്വപ്നേപി നിരീച്ചിരുന്നില്ല. “പിന്നെന്തുണ്ടായി….” നിരഞ്ജന്റെ സ്വരം കനത്തു. “പിന്നേ എന്തു ചെയ്യണമെന്നെനിക്ക് ഒരു ഊഹവും ഉണ്ടായിരുന്നില്ല, എനിക്ക് രക്ഷപ്പെടണം എന്നൊരു ചിന്ത മാത്രമേ എന്റെ മനസിലുണ്ടായിരുന്നുള്ളൂ… അവളുടെ ഫോൺ എറിഞ്ഞുപൊട്ടിച്ചു നശിപ്പിച്ചു, അവളുടെ റൂംമേറ്റ്‌ ഒരാൾക്ക് ക്യാഷ് കൊടുത്ത് അർജുന്റെ ഫോട്ടോസ് അവളുടെ ബാഗിൽ വയ്പ്പിച്ചു, ഒരു കാരണവശാലും കേസ് എന്റെ നേർക്ക് തിരിയാതിരിക്കാനും അർജുനെ ഇതിലേക്ക് വലിച്ചിഴക്കാനും ഞാൻ ആവതു പരിശ്രമിച്ചു. പലപ്പോഴും ഞാനും അവളും അർജുനും ഒപ്പമുണ്ടാകും.

ആ ഒരു സാഹചര്യത്തിൽ എനിക്ക് കാര്യങ്ങൾ കുറേക്കൂടി എളുപ്പമായി. അവനും അവളും അടുപ്പത്തിലായിരുന്നു എന്ന് സ്ഥാപിക്കാൻ എനിക്കധികമൊന്നും കഷ്ടപ്പെടേണ്ടി വന്നില്ല. പിന്നെന്റെ മുന്നിലുള്ള പ്രധാന വെല്ലുവിളി അവളുടെ വയറ്റിലെ കുഞ്ഞായിരുന്നു, അതിനും ഞാൻ വഴികൾ കണ്ടെത്തി. മദ്യലഹരിയിൽ അവർ തമ്മിൽ ഒന്നായെന്നും അവളുടെ വയറ്റിലെ കുഞ്ഞ് അവന്റെയാണെന്നും അവൻ അവളെ തള്ളിപ്പറഞ്ഞത് കൊണ്ടാണ് ധന്യ ആത്മഹത്യ ചെയ്തതെന്നും ഞാൻ അർജുനെയും മറ്റുള്ളവരെയും പറഞ്ഞു വിശ്വസിപ്പിച്ചു, അവന്റെ സ്വഭാവം അങ്ങനെയായത് കൊണ്ട് എന്നെ എല്ലാവരും വിശ്വസിക്കുകയും ചെയ്തു….. അവനെ കൊണ്ട് തന്നെ ഞാൻ കേസ് വഴിതിരിപ്പിച്ചു, പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്‌ മാറ്റി, അവന്റെ അച്ഛനെ കൊണ്ട് തന്നെ ക്യാഷ് കൊടുത്ത് കേസ് ഒതുക്കിത്തീർത്തു.

പക്ഷെ ഇങ്ങനെ ഒരു റീഓപ്പൺ ഞാൻ പ്രതീക്ഷിച്ചില്ല…..” “ശരിയാണ്…. ഏതൊരു കുറ്റവാളിയും അവൻ ചെയ്ത കൃത്യത്തിന്റെ ഏതെങ്കിലും ഒരു തെളിവ് ബാക്കിവയ്ക്കും…. നീയും ആ തെറ്റ് ആവർത്തിച്ചു. ഫോൺ നശിപ്പിച്ച നീ മെമ്മറി കാർഡ് നശിപ്പിക്കാൻ മറന്നു, എങ്കിലും ഒരു സംശയത്തിന്റെ നിഴലിൽ മാത്രമേ നീയുണ്ടായിരുന്നുള്ളൂ, അന്ന് നീ ഇവന്റെ ഫോണിൽ നിന്ന് വിളിച്ചപ്പോഴേ എനിക്ക് മനസിലായി. അത് നിന്റെ വായിൽ നിന്ന് തന്നെ എനിക്ക് കേൾക്കണമായിരുന്നു…..” നിരഞ്ജൻ അർജുനും മറ്റുള്ളവർക്കും നേരെ തിരിഞ്ഞു കൊണ്ട് പറഞ്ഞു. “കണ്ടു പഠിച്ചോ കൂടെക്കൊണ്ടു നടക്കുന്നതിന്റെയൊക്കെ ഗുണം…. സൗഹൃദങ്ങൾ ആവാം പക്ഷെ ആളും തരവും കണ്ടുവേണമെന്ന് മാത്രം…. പിന്നെ വിഷ്ണു… നിന്നെ ഞാൻ തല്ലിയത് എന്തിനാന്നറിയോ…. ഫോൺ, വാലറ്റ്, എടിഎം, ഇതൊക്കെ സ്വന്തം ആവശ്യങ്ങൾക്കാ…

അല്ലാതെ ദാനം ചെയ്യാനല്ല…. ചെയ്‌താൽ ദേ ഇങ്ങനുള്ള കുരുക്കിൽ കുടുങ്ങും… പിന്നെ ജന്മത്തും ഊരിപോരാൻ പറ്റാത്ത കുരുക്ക്…..” നിരഞ്ജൻ അർജുന്റെ നേരെ തിരിഞ്ഞു. “ഇത്തവണ നീ രക്ഷപെട്ടു, പക്ഷെ കാശ് കൊടുത്തു കേസ് അട്ടിമറിക്കാൻ നോക്കിയതിന് തന്തക്കും മോനും പണി വീട്ടിൽ എത്തിച്ചു തരണുണ്ട്… പിന്നെ ഇക്കാര്യത്തിൽ നീ നിരപരാധി ആണെങ്കിലും നിന്റെ സ്വഭാവം അത്ര ലെവലല്ല. അനാമിക ഇപ്പൊ എന്റെ ഭാര്യയാണ്, അവളെ അനാവശ്യം പറയുകയോ കാട്ടുകയോ ചെയ്‌താൽ… ഇതൊന്നും ആവില്ല പിന്നെ….. കേട്ടോടാ…. ഇപ്പൊ പൊക്കോ….. വിളിക്കുമ്പോ വന്നേക്കണം പറഞ്ഞല്ലോ…..” ക്രിസ്റ്റിയെ സെല്ലിലടച്ച് അർജുനെയും കൂട്ടുകാരെയും പറഞ്ഞു വിട്ടു നിരഞ്ജൻ. അർജുൻ പുറത്തേക്കിറങ്ങിയപ്പോഴാണ് അനുവിന്റെ വരവ്.

അർജുനെ കണ്ടതും അവൾ ഒഴിഞ്ഞു മാറി നടന്നു, എങ്കിലും അർജുൻ അവളെ പുറകീന്ന് വിളിച്ചു. അവൾ നിന്നു, എങ്കിലും തിരിഞ്ഞു നോക്കിയില്ല, തൊട്ടുപിന്നിൽ അവൻ നിൽപ്പുണ്ടെന്ന് അറിഞ്ഞിട്ടും അവൾക്ക് അർജുന്റെ മുഖത്തേക്ക് നോക്കാനുള്ള ധൈര്യം ഉണ്ടായില്ല. “അനൂ…. ക്ഷമ ചോദിക്കാനുള്ള അർഹത ഉണ്ടോ എനിക്ക് എന്നൊന്നും അറിയില്ല, എങ്കിലും ചോദിക്കുവാ…. എന്നോട് ക്ഷമിക്കണം നീ… ഇനിയൊരിക്കലും നിന്റെ മുന്നിൽ ഒരു മാർഗതടസ്സമായ് ഞാൻ ഉണ്ടാവില്ല, ഒന്നല്ലെങ്കിൽ മറ്റൊരു വിധത്തിൽ നീയാണ് ഇപ്പൊ എന്നെ രക്ഷിച്ചത്, നന്ദിയുണ്ട്…. ന്നോട് ക്ഷമിക്കണം നീ…..”

മറുപടിക്ക് കാത്തുനിൽക്കാതെ അർജുൻ തിരിഞ്ഞു നടന്നു, അനു ഉള്ളിലേക്കും…. ഒന്നും അവൾക്ക് മനസിലായില്ല, തിരികെ നിരഞ്ജനോടൊപ്പം വീട്ടിലേക്ക് പോകുമ്പോഴും അവളുടെ മനസ്സിൽ അർജുന്റെ ക്ഷമാപണം ആയിരുന്നു വീട്ടിലെത്തി അനു നേരെ അടുക്കളയിലേക്ക് പോയി, അമ്മ ഉണ്ടായിരുന്നില്ല, നിരുപമയും നീരവും സ്കൂൾ വിട്ട് വന്നിട്ടേയുള്ളൂ… അനുവിന് നിരഞ്ജനോട് സോറി പറയണമെന്നുണ്ടായിരുന്നു, പക്ഷെ എങ്ങനെ തുടങ്ങണം എവിടെ തുടങ്ങണം എന്ന് അവൾക്ക് ഒരു പിടിയും കിട്ടിയില്ല. അനു ഷെൽഫ് തുറന്നു കോഫി പൌഡറും ബീറ്ററും പുറത്തെടുത്തു, അപ്പോഴേക്കും നിരുപമയും അങ്ങോട്ട് വന്നിരുന്നു. “എന്താ ഏട്ടത്തി പരിപാടി…”

“ഡാൽഗോണ കോഫി ഉണ്ടാക്കിയാലോ എന്നൊരു ചിന്ത…..” “ശരിക്കും….. ഏട്ടത്തിയമ്മ വേറെ ലെവലാണ്….” അനുവിനെ ഒന്ന് കെട്ടിപിടിച്ച് നീരു നിരഞ്ജന്റെ മുറിയിലേക്ക് ഓടി, അവൻ കുളിക്കാനായ് ടവൽ ഒക്കെ എടുത്തു നിൽക്കുവായിരുന്നു, “ഏട്ടാ…. ഏട്ടത്തിയമ്മ ഡാൽഗോണ കോഫി ഉണ്ടാക്കാൻ പോവാത്രെ….” “എന്തോന്ന് ഡിങ്കോൾഫി കോഫിയോ….” “ഓ എന്റെ ഏട്ടാ ഡാൽഗോണ…. ഏട്ടൻ കുളിച്ചു വായോ, ഞങ്ങൾ താഴെ ഉണ്ടാവും….” നിരഞ്ജൻ ചിരിച്ചു കൊണ്ട് ബാത്‌റൂമിലേക്ക് നീങ്ങി. കോഫി കൊടുത്തു സോറി പറയാം…. നീരവിനും നിരുപമക്കും കോഫി കൊടുത്ത് നിരഞ്ജന് വേണ്ടി വെയിറ്റ് ചെയ്യുമ്പോൾ അനു വെറുതെ ചിന്തിച്ചു, അവളുടെ ചിന്തകൾക്ക് മീതെ കാളിങ്ബെൽ കുരുവിയെ പോലെ ചിലച്ചു.

അമ്മയാവും…… അനു കതക് തുറന്നു, ഒരു പെൺകുട്ടി ….. മോഡേൺ ആണ്. നന്നേ ഇറക്കം കുറഞ്ഞ ഒരു പാവാടയും സ്ലീവ്ലെസ്സ് ടോപ്പുമാണ് വേഷം, ലിപ്സ്റ്റിക്കും മേക്കപ്പും വേണ്ടുവോളം…. ഒരു കൂളിംഗ് ഗ്ലാസ്‌ തലയിൽ വച്ചിട്ടുണ്ട്, സ്മൂത്ത്‌ ചെയ്ത് കളർ ചെയ്ത തലമുടി കാറ്റിൽ പാറുന്നു. കൈയിൽ ഒരു വലിയ ലഗേജ് ബാഗ് പിടിച്ചു നിൽക്കുന്ന ആ പെൺകുട്ടി അവഞ്ജയോടെ അനുവിനെ ഒന്ന് നോക്കി ചോദിച്ചു. “അച്ചുവേട്ടൻ എവിടെ…..?” “നിങ്ങളാരാ……” “എക്സ്ക്യൂസ്മീ…..” അവളുടെ മറുചോദ്യത്തിന് മറുപടി പറയാൻ പോലും നിക്കാതെ അനുവിനെ തള്ളിമാറ്റി അനുവാദം പോലും ചോദിക്കാതെ ആ സ്ത്രീ ഉള്ളിലേക്ക് കയറി…. ❄️തുടരും ❄️