19/04/2026

സുമംഗലി : ഭവഃ : ഭാഗം 01

രചന – അളകനന്ദ

മൂന്നു മാസങ്ങൾക്ക് മുൻപ് ഒരു ദിവസം ബാങ്കിൽ നിന്ന് അല്പം നേരത്തെ ഇറങ്ങി വീട്ടിലേക്ക് കേറും വഴി പടിയിൽ കിടന്ന ചെരുപ്പുകൾ കണ്ടു.മുറ്റത്ത്‌ ഒരു ബലേനോ കാറും. ആരപ്പാ അഥിതികൾ എന്ന് കരുതി കയറി ചെന്നപ്പോ എന്റെ അച്ഛന്റെയും അമ്മയുടെയും പ്രായം വരുന്ന ഒരു തലമുടിയൊക്കെ അല്പം നര വീണ ഒരഛനും,, കുങ്കുമം കൊണ്ട് വല്യ ചുവ ന്ന വട്ട പൊട്ട് വച്ച് ഒരമ്മയും. ഹൃദ്യമായി തന്നെ ഒന്ന് ചിരിച്ചു. അവര് തിരിച്ചും.എന്റെ അച്ഛൻ സെറ്റിയിൽ ചാരി ഇരിക്കുന്നു. അമ്മ പുറകിലായും. “വാ…. നിന്നെ കാണാൻ വന്നതാ… ” എന്റെ നോട്ടവും കേറാതെയുള്ള നിൽപ്പും കണ്ടു അച്ഛൻ തന്നെയാണ് വിളിച്ചത്. “പേടിക്കണ്ട… ഒരു കല്യാണ ആലോചന.
ഞങ്ങളുടെ മകനു വേണ്ടി ഞാൻ സത്യ. ഇതു എന്റെ വൈഫ് ചിത്രാബംരി,.അവൻ വന്നു ഒരു പെൺകുട്ടിയെ ഇഷ്ടമാണെന്ന് പറഞ്ഞപ്പോൾ തന്നെ ഒട്ടും താമസിക്കാൻ നിക്കണ്ടന്നു കരുതി അന്വേഷിച്ചു പിടിച്ചു ഇങ്ങ് പോന്നതാ. അവനിപ്പോ ഇവിടെ ഇല്ലാട്ടോ.. സ്റ്റോക്ക്ന്റെ കുറച്ചു കാര്യങ്ങൾക്കായി മംഗലാപുരം വരെ പോയിരിക്കുവാ. ആള് അറിഞ്ഞിട്ടില്ല ഞങ്ങൾ ഇങ്ങോട്ട് വരണ കാരണം. ”

ദൈവമേ ഞാൻ അറിയാതെ എന്നെ ഇഷ്ടപ്പെട്ട ആളോ..? ഇതുവരെ അങ്ങനെയൊന്നും പറഞ്ഞു ആരും ഇങ്ങോട്ട് വന്നിട്ടില്ല. ആരെയും അങ്ങോട്ട്‌ പോയി ഇഷ്ടപ്പെട്ടിട്ടുമില്ല.
പക്ഷേ, ആരാണാവോ ആ ആളെന്നു ആലോചിച്ചിട്ട്‌ ഒരെത്തും പിടിം ഇല്ല. “എല്ലാം ഞങ്ങൾ സംസാരിച്ചു. ഫോട്ടോ ഏൽപ്പിച്ചിട്ടുണ്ട്. ഇനി അഭിപ്രായം അറിയിച്ച മതി. താല്പര്യം ഒണ്ടെങ്കിൽ നിങ്ങൾക് നേരിൽ കണ്ടു സംസാരിക്കാമല്ലോ.. എന്നാൽ ഞങ്ങളിറങ്ങിയെക്കുവാ. ” ആ അച്ഛന്റെ പറച്ചിൽ ആണ് എന്നെ ചിന്തകൾക്ക് വിരാമം ഇടീപ്പിച്ചത്. ചെറിയ പുഞ്ചിരി തൂകി യാത്രയാക്കും നേരം അമ്മ വന്നു മുഖത്തൊന്നു തലോടി ഇറങ്ങുവാണെന്ന് പറഞ്ഞു നടന്നു. “നല്ല കൂട്ടരാണന്നു തോന്നുന്നു അല്ലെ ഏട്ടാ… “അമ്മയാണ്.  “മ്മം “അച്ഛനും ശരി വക്കും പോലെ തോന്നി. വൈകിട്ട് ഊണു മേശക്കരുകിൽ കഴിച്ചോണ്ടിരുന്നപ്പോളാണ് പിന്നീട് ആ വിഷയം ചർച്ചയ്ക്ക്എ ടുത്തിട്ടത്. എന്റെ അഭിപ്രായം ഇതുവരെ ചോദിച്ചില്ല. “ടി ചേച്ചി…. ചെക്കൻ ആള് ചുള്ളനാ…. “മിത്തു ആണ്.മിനുറ്റ്കൾക്ക് വ്യത്യാസത്തിൽ എന്റെ അനിയത്തി ആയവൾ. ഇരട്ടകൾ ആണേലും രൂപത്തിലും ഭാവത്തിലും സ്വഭാവത്തിൽ പോലും ഞങ്ങൾ തമ്മിൽ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യത്യാസം. മനസ് കൊണ്ട് വളരെ അടുത്തും.

അവൾ ഊരു ചുറ്റലും കഴിഞ്ഞു ഒരാഴ്ചയ്ക്കു ശേഷം വന്നു കേറിയതാ വൈകിട്ട് അവർ പോയ ശേഷം. ചിത്രാബംരി ടെക്സ്റ്റൈൽസിലെ സ്ഥിരം കസ്റ്റമർ ആണിവൾ. അപ്പൊ പിന്നെ അതിന്റെ എംഡി യെ അറിയില്ലെങ്കിലെ അത്ഭുതം ഒള്ളൂ. ഒരു ഫോട്ടോ തന്നിട്ട് പോയത് കൊണ്ട് ആളെ ഞാനും കണ്ടിരുന്നു . പക്ഷേ, അത് മിത്തു ഇതുവരെ കണ്ടില്ല. ശരിയാണ് അവൾ പറഞ്ഞത് കാണാൻ നല്ല ചന്തം ഒക്കെ ഉണ്ട്. എന്നെ എങ്ങനെയാണ് ആൾക്ക് ഇഷ്ടമായത് എന്നായിരുന്നു എന്റെ ചിന്ത. സാമ്പത്തികമായി അവരുടെ ഒപ്പം നിക്കാൻ പറ്റില്ലങ്കിലും അത്യാവശ്യത്തിനു ഒക്കെ ഉണ്ട്. അച്ഛൻ ഇലക്ട്രിസിറ്റി ബോർഡിലെ എഞ്ചിനീർ ആയിരുന്നു. പക്ഷേ, സൗന്ദര്യം കൊണ്ടൊന്നും ആൾടെ ഏഴയലത്ത് ഞാൻ എത്തില്ല.

ഇഷ്ടക്കേടു പറയാൻ പ്രത്യേകം കാരണങ്ങൾ ഒന്നും ഇല്ലാതിരുന്ന കൊണ്ട് ന്നോട് അഭിപ്രായം ചോദിച്ചപ്പോൾ ഞാൻ സമ്മതം മൂളി. എന്റെ ഒപ്പം മിത്തുവിന്റെ കൂടി വേണമെന്ന് പറഞ്ഞപ്പോൾ ഇപ്പോ ഒരു കല്യാണം ഒന്നും അവൾക്ക് വേണ്ടന്ന് ഉടനടി മറുപടിയും വന്നു. അച്ഛനും അമ്മയ്ക്കും അതിനോട് താത്പര്യം ഉണ്ടായിരുന്നു. പക്ഷേ, അവളുടെ തീരുമാനം ഉറച്ചതായിരുന്നു. അത് ദൃഡമായി പറയാനും അവൾക്കറിയാം. ഇഷ്ടങ്ങളും ഇഷ്ടക്കേടുകളുമെല്ലാം അത് എന്ത് തന്നെ ആയാലും മറച്ചു വക്കാതെ അവൾ പറയും. ഞാനോ… മറ്റുള്ളവരുടെ ഇഷ്ടവും ഇഷ്ടക്കേടും നോക്കി എന്റെ ഇഷ്ടാനിഷ്ടങ്ങൾ ഒളിപ്പിക്കും. പ്രണയം എന്ന് ചൂണ്ടി കാട്ടാൻ ഒരു രൂപം ഒന്നും ഇല്ലായിരുന്നു. പക്ഷേ, ഉള്ളിൽ നിറയെ പ്രണയം സൂക്ഷിച്ചിരുന്നു… താലി കെട്ടുന്ന വനായ് മാത്രം . തന്റെ പ്രണയം അത് നല്ല പാതിക്ക് മാത്രം എന്ന് ….. അത് ഒരുവിധം അറിവായ കാലത്ത് എടുത്ത തീരുമാനങ്ങളിൽ ഒന്നായിരുന്നു എന്ന് വേണേൽ പറയാം. ഒരിക്കലും ഒരാളെ താനായ് കണ്ടു പിടിക്കില്ലന്നും അച്ഛനും അമ്മയും കണ്ടു പിടിക്കുന്ന ആളെ മാത്രേ പ്രണയിക്കൂ എന്നും….

അതിലുപരി ഇന്നേ വരെ അങ്ങനെയൊരിഷ്ടം ആരോടും തോന്നിയിട്ടില്ല. അതുകൊണ്ട് തന്നെ യാതൊന്നും ആലോചിക്കാതെ അമ്മയുടെയും അച്ഛന്റെയും മിത്തുവിന്റെയുമൊക്കെ ഇഷ്ടം മുൻനിർത്തി തന്നെ സമ്മതം അറിയിച്ചു.
പിന്നീട് ആ ഫോട്ടോ ആയിരുന്നു എന്റെ പ്രണയത്തിന്റെ അടയാളം. നേരിൽ ഞങ്ങൾ തമ്മിലുള്ള കൂടി കാഴ്ച നിശ്ചയിക്കുമ്പോളൊക്കെ ആൾക്ക് എന്തെങ്കിലും പ്രോഗ്രാം കാണൂന്നു പറയും. ബിസിനസ്‌ ഒക്കെ അല്ലെ. തിരക്കുകൾ ഒണ്ടാവും എന്ന് ഞാനും കരുതി. ചമ്മൽ ഉളള കൂട്ടത്തിൽ ആയ കൊണ്ട് തന്നെ നമ്പർ കിട്ടിയിട്ടും ഒരു വട്ടം പോലും അങ്ങോട്ട് വിളിച്ചില്ല. ഇങ്ങോട്ട് വിളിക്കുമെന്നു കരുതി. അതുമുണ്ടായില്ല. എന്റെ നമ്പർ ആൾക്ക് അറിയില്ലായിരിക്കുമെന്നു അവിടെയും ചിന്തിച്ചു. ദിവസങ്ങൾ കടന്നു… എന്നുള്ളിൽ പ്രണയം പൂത്തു തുടങ്ങി. ഒരു ചിത്രത്തിനപ്പുറം തന്റെ കയ്യിൽ ഒന്നും തന്നെ ഇല്ലെങ്കിൽ കൂടി മനസ്സിൽ സൂക്ഷിച്ച പ്രണയനക്ഷത്രത്രങ്ങൾക്ക് മിന്നാൻ ,, തന്റെ സ്വന്തം ആകാൻ പോകുന്ന,, താലിക്കുടമയുടെ പേര് ചാർത്തി.  ആരവ് സത്യ.

അന്ന് സത്യനഛനും ചിത്രമ്മയും വന്നിട്ട് പോയ ദിവസത്തിനു രണ്ടു മാസങ്ങൾക്ക് ശേഷം മോതിരം മാറൽ ചടങ്ങ് നിശ്ചയിച്ചു . അവര് രണ്ടു പേരും മാറി മാറി വിളിക്കും. വിശേഷങ്ങൾ തിരക്കും. നിശ്ചയത്തിന്റെ അന്നാണ് ഞാൻ ആദ്യമായി ആരവേട്ടനെ നേരിൽ കാണുന്നത്. ഗോതമ്പിന്റെ കളറും പൂച്ച കണ്ണും ചെമ്പൻ മുടിയും…. ഫോട്ടോയിൽ കണ്ടതിലും ഭംഗി. മെറൂൺ കളറിലെ ഷർട്ടും അതേ കര മുണ്ടും ധരിച്ചു വന്നപ്പോ ഒരു ഗന്ധർവൻ ആണെന്ന് തോന്നിപോകും.ഒറ്റ വട്ടമേ നോക്കിയുള്ളൂ ആ മുഖത്ത്. ഒരു ഭാവവും കണ്ടില്ല.ദേഷ്യമോ, ഇഷ്ടമോ, ഇഷ്ടക്കേടോ, സങ്കടമോ ഒന്നും…
പിന്നെ ഞാൻ നോക്കിയതുമില്ല. എന്റെ തല താണ് തന്നെ ആയിരുന്നു. അത് നാണം കൊണ്ടായിരുന്നില്ല. അപകർഷതാ ബോധം കൊണ്ടായിരിന്നു. ഇരുനിറമാണ് എനിക്ക്…. പറയത്തക്ക സൗന്ദര്യം ഇല്ല. പോരാത്തതിന് മുഖത്തെ ആ വല്യ മറുകും. വലതു കവിളിൽ ചാരകളറിൽ കിടക്കുന്ന അല്പം വലിയ ആ മറുക് എന്തോ പാടാണന്നാണ് പലരും വിചാരിക്കൂ. സത്യത്തിൽ അത് ജന്മനാകിട്ടിയ മറുക് ആണ്.
പിന്നെ ആകെ എടുത്തു പറയാൻ ഒള്ളത് നീളൻ മുടിയാണ്. അതൊന്ന് ഷാംപൂ ഇടാൻ കൂടി അമ്മ സമ്മതിക്കില്ല.താളി മാത്രേ ഇടാൻ ഒക്കൂ. എണ്ണ തേച്ചു അലക്കി പിഴിഞ്ഞ പോലെ വക്കും. അതുകൊണ്ട് തല നിറച്ചും കാച്ചെണ്ണയുടെ മണമാണ്. എന്റെ വിരൽ തുമ്പിൽ പോലും സ്പർശിക്കാത്ത വിധമാണ് മോതിരം അണിയിച്ചത്.

ഒരു മാസത്തിനു ശേഷം കല്യാണം നടത്താൻ തീരുമാനം ആയി.അപ്പോഴും ആള് ഒരു വട്ടം പോലും വിളിച്ചില്ല. മിത്തു ഞാൻ ഫോണിൽ നോക്കിയ അപ്പൊ കളിയാക്കും പ്രിയതമന്റെ കാൾ കാത്തു ഇരിക്ക്യാന്ന് പറഞ്ഞു. എനിക്കല്ലേ അറിയുമായിരുന്നുള്ളൂ.എന്നിട്ടും അവൾ പറയുമ്പോൾ ഒരു ചിരിയിൽ ഒതുക്കും.
പിന്നീട് ഞങ്ങൾ തമ്മിൽ കാണുന്നത് കല്യാണ ദിവസം ആണ്.മേക്കപ്പ് ഇട്ട് കണ്ണാടിക്ക് മുന്നിൽ നിന്നപ്പോ കവിളിലെ ചാരകളർ മറുകാണ് ആദ്യം തിരഞ്ഞത്. അവ തത്കാലികമായി വിടവാങ്ങിയിരുന്നു. മുഖം ഒന്ന് കഴുകിയാൽ അവ തെളിഞ്ഞു വരും. മണ്ഡപത്തിൽ കയറിയിരിക്കും വഴി ആരവേട്ടനെ നോക്കി. അന്ന് കണ്ടതിൽ നിന്നും വല്യ വ്യത്യാസമൊന്നും തോന്നിയില്ല. താലി വന്നെന്റെ നെഞ്ചോട് ചേരുമ്പോൾ ദീർഘ സുമംഗലി ആയിരിക്കണേയെന്ന് മനമുരുകി തന്നെ പ്രാർത്ഥിച്ചു. വൈകിട്ട് പാൽ ഗ്ലാസ്‌ കയ്യിൽ തന്നു ആരവേട്ടന്റെ കസിൻ സിസ്റ്റർ എന്നെ ആ റൂമിൽ ആക്കുമ്പോളും അറിഞ്ഞില്ല എന്റെ ജീവിതത്തിന്റെ ദിശയിലെ പാളിച്ചകളെക്കുറിച്ചു. അകത്തു കയറിയപ്പോ ബാൽക്കണിയിൽ നിന്നും വരുന്ന ആളെ കണ്ടപ്പോ വീണ്ടും മുഖം കുനിച്ചു നിന്നു.പക്ഷേ ആ മുഖത്ത് നിറഞ്ഞുനിന്നിരുന്ന ടെൻഷൻ ഞാൻ കണ്ടിരുന്നു. അതിന്റെ പ്രതിഫലനം എന്നോണം കൈകൾ കൂട്ടി തിരുമ്മുന്നുണ്ടായിരുന്നു. മൗനം അസഹനീയമായപ്പോ ഞാൻ തന്നെയാണ് സംസാരത്തിനു തുടക്കം കുറിച്ചത്.

“എന്നെ ഇഷ്ടമായില്ലേ? ” എന്തോ അങ്ങനെയാണ് വായിൽ വന്നത്. മൂകമായ അന്തരീക്ഷവും…. ആളുടെ നിൽപ്പും ഭാവവും.. പിന്നെ ഇന്നെവരെയുള്ള കാര്യങ്ങളും എല്ലാം കൂടി തലക്കകത്തു നിന്ന് ചിക്കി ചികഞ്ഞപ്പോ നാക്കിൻ തുമ്പിൽ വന്നത് അങ്ങനയാണ്. ചോദിച്ചപ്പോൾ ഞാൻ മുഖം ഉയർത്തിയിരുന്നു. ആരവേട്ടന്റെ മുഖത്തെ ഞെട്ടൽ കണ്ടപ്പോൾ വേണ്ടിയിരുന്നില്ലന്ന് തോന്നി. അതിന്റെ ഉത്തരം’ അതേ ‘എന്നാണെങ്കിൽ എനിക്ക് താങ്ങാൻ പറ്റില്ല. ആദ്യമായി ആ സ്വരം കാതിൽ പതിച്ചു. പക്ഷേ, അത് എന്റെ കാതുകളിൽ ഈയം ഉരുക്കി ഒഴിക്കുന്നത് പോലായി. “ഞാൻ… എനിക്ക്….. എനിക്കിഷ്ടം തോന്നി വന്നു കല്യാണം ആലോചിച്ചത് മൃദുലയെ അല്ല മിഥുലയെ ആയിരുന്നു.” കൂരമ്പ് പോലെ അത് വന്നു തറച്ചത് എന്റെ ഹൃദയത്തിൽ ആയിരുന്നു. അത് എയ്തവൻ ഇന്നെന്റെ കഴുത്തിൽ താലിചാർത്തിയവനും. ആദ്യരാത്രിയിൽ ഒരുങ്ങി ചമഞ്ഞു ഒരു പാൽ ഗ്ലാസുമായി കയറി ചെല്ലുന്നത് ഒരു റൂമിലേക്കല്ലാ.. ഒരുവന്റെ ജീവിതത്തിലേക്കാണ്…ഒരുപാട് പ്രതീക്ഷികളോടെ…
ആഗ്രഹങ്ങളോടെ…..സ്വപ്‌നങ്ങളോടെ…ആ വാക്കുകൾ എന്നെ വലിഞ്ഞു മുറുകുന്ന പോലെ… വാക്കുകൾ ആയിരുന്നോ?അതോ എല്ലാത്തിന്റെയും തുടക്കം എന്ന് കരുതിയിടത്ത് അവസാനമോ…?

മുള്ളുകൾ കൊണ്ടൊരു കൊട്ടാരത്തിൽ അകപ്പെട്ടപോലെ.. ചുറ്റിനുമുള്ള കൂർത്ത മുള്ളുകൾ എന്റെ ദേഹം ഒട്ടാകെ തറഞ്ഞു കയറും പോലെ. ഞാൻ ഒന്നനങ്ങിയയാൽ അവ മേലാകെ ഉരസും.”പക്ഷേ.. ” “എനിക്കൊന്ന് കിടക്കണം… നല്ല തലവേദന പോലെ ” എന്തോ പറയാൻ വീണ്ടും ആഞ്ഞപ്പോൾ വലതു കൈ ചൂണ്ടുവിരലും തള്ളവിരലും നെറ്റിമേൽ ഊന്നി പറഞ്ഞു.കയ്യിൽ കരുതിയ പാൽ ഗ്ലാസ് മേശയിൽ വച്ച് ഭിത്തിയിൽ നോക്കി കട്ടിലിനോരം ചേർന്നു കിടന്നു. പിടിച്ചു വച്ചിരുന്ന കണ്ണീർ ചെന്നിയിലൂടെ ഒഴുകി തലയിണ കവറിലൂടെ കടന്നു പഞ്ഞിക്കെട്ടിലേക്ക് ഊളിയിട്ടു. മുറിയിൽ വെളിച്ചം കെടുന്നതും മറ്റേ ഓരം ചേർന്നു ആള് വന്നു കിടക്കുന്നതും ഒക്കെ ഞാൻ അറിഞ്ഞു.