രചന – നിള നന്ദ
തിരികെ റൂമിൽ എത്തിയിട്ടും നയനയുടെ മനസ്സ് നിറയെ റൂമിൽ കണ്ട കാഴ്ച്ച ആയിരുന്നു. ഓർക്കരുതെന്ന് എത്ര കരുതിയിട്ടും ആ കാഴ്ച്ച മനസ്സിൽ നിറഞ്ഞ് നിന്നു. സ്വയം ചിന്തിച്ച് ഉത്തരം കിട്ടാത്ത കുറേ ചോദ്യങ്ങളും സംശയങ്ങളും ഉള്ളിലിട്ട് എപ്പോഴോ അവളുറങ്ങി. സാധാരണ തനിയെ എഴുനേൽക്കുന്നതിൽ നിന്ന് വിപരീതമായി രാവിലെ ദേവകി വന്ന് വിളിച്ചപ്പോൾ ആണ് നയന ഉണർന്നത്. ആ റൂമിനെ കുറിച്ച് ദേവകിയോട് ചോദിച്ചാലോ എന്നോർത്തെങ്കിലും എന്തോ ഒന്ന് നയനയെ പിന്നോട്ട് വലിച്ചു. തന്നോട് പറയാൻ കഴിയുന്നതായിരുന്നെങ്കിൽ അമ്മ പറയുമായിരുന്നു. ഇത്രയും വലിയൊരു കാര്യം മൂടി വയ്ക്കണമെങ്കിൽ ഞാൻ അറിയരുതെന്ന് അമ്മ ആഗ്രഹിക്കുന്നത് കൊണ്ടായിരിക്കും. എങ്കിലത് ചോദിക്കുന്നതിൽ എന്തർത്ഥം. ചിലപ്പോൾ ആ ചോദ്യം അമ്മയെ വേദനിപ്പിക്കും… മറുപടി മൗനമോ കണ്ണുനീരോ ആണെങ്കിൽ തന്നെയും…. ചിന്തകൾ കാടുകയറിയപ്പോൾ സംശയങ്ങളൊക്കെ ഉള്ളിൽ തന്നെ വയ്ക്കാൻ അവൾ തീരുമാനിച്ചു.
രാവിലെ ഭക്ഷണം കഴിക്കാൻ ഇരിക്കുന്ന നേരം നയനയുടെ നിശബ്ദത ദേവകിയും അരവിന്ദും ശ്രെദ്ധിച്ചിരുന്നു. ഇന്നലത്തെ കാര്യം ഓർത്തിട്ടായിരിക്കും എന്ന് കരുതി അവരൊന്നും ചോദിച്ചില്ല. ദേവകി വിളമ്പി കൊടുത്ത ഇഡലി കഴിക്കുന്നതിനിടയിലും നയനയുടെ കണ്ണുകൾ ആ മുറിയുടെ ഭാഗത്തേക്ക് നീണ്ടുകൊണ്ടിരുന്നു. എന്തോ ഒന്ന് തന്നെ അങ്ങോട്ട് അടുപ്പിക്കുന്നതായി നയനക്ക് അനുഭവപെട്ടു. ” എന്താ മോളെ ആകെ ഒരു മൂകത.. ഇന്നലത്തെ കാര്യം ഓർത്തിട്ടാണോ…? ” പാടത്തേക്ക് നടക്കുന്നതിനിടയിൽ അരവിന്ദ് നയനക്ക് അഭിമുഖമായി നിന്നു. നയനയുടെ വാടിയ മുഖവും നിശബ്തതയും അവന് അത്രമേൽ വേദനയായിരുന്നു. അതിന്റെ കാരണം എന്താണെന്ന് അവനുപോലും അറിയില്ല. അവളുടെ കണ്ണ് നിറയുമ്പോൾ എന്തിനെന്നറിയാതെ നെഞ്ച് നീറുന്നു.
രക്തബന്ധത്തേക്കാൾ ഹൃദയബന്ധം വലുതായത് കൊണ്ടായിരിക്കാം. ” അതൊക്കെ ഞാൻ ഇന്നലെ തന്നെ വിട്ടു അച്ചുവേട്ടാ… ഈശ്വരൻ മനുഷ്യന് തന്ന ഏറ്റവും വലിയ അനുഗ്രഹം മറവി ആണന്നല്ലേ പറയുന്നത്… ഓർക്കാൻ പാടില്ലാത്ത എന്തെങ്കിലും എന്റെ ഭൂതകാലത്തിൽ ഉള്ളത് കൊണ്ടായിരിക്കും എനിക്ക് ഓർമ്മിക്കാൻ കഴിയാത്തത്….” ” പിന്നെന്താ ഈ മൗനം..? ” പിന്നെന്താ ഈ മൗനം..? ആ ചോദ്യം വീണ്ടും നയനയുടെ കാതിൽ മുഴങ്ങി. അറിയില്ല അതിനുത്തരം. ഓർമ്മിക്കാൻ ഒരു ഭൂതകാലം ഇല്ലാത്തതോ… അതോ ആ ഭൂതകാലത്തിന്റെ തുടർച്ചയായി ഉണ്ടാവാൻ പോകുന്ന ഭാവിയെ കുറിച്ചോർത്തോ… അറിയില്ല. പിന്നെയും അവർക്കിടയിൽ മൗനം നിറഞ്ഞ് നിന്നു. ” ഞാനൊരു കാര്യം ചോദിച്ചോട്ടെ അച്ചുവേട്ടാ…? ” ” അതിനെന്തിനാ ഒരു മുഖവുര.. ചോദിച്ചോളൂ..? ” ” നമ്മുടെ വീട്ടിൽ വടക്കുഭാഗത്തുള്ള ആ മുറിയിൽ…. അവിടെ ഉള്ളത് ആരാ…? ” മുഖമുയർത്തി നയന അരവിന്ദനെ നോക്കി.
ഇതുവരെ കാണാത്ത ഒരു വേദന ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്ന് അരവിന്ദന്റെ മുഖത്ത് പടരുന്നതവളറിഞ്ഞു. ” അത്… അതെന്റെ അച്ഛനാ… ” ” അച്ഛനോ..? ” അരവിന്ദന്റെ വാക്കുകളിലെ ഇടർച്ചയോളം ആഴമുണ്ടായിരുന്നു നയനയുടെ ആച്ഛര്യത്തോടെയുള്ള ചോദ്യത്തിന്. ” അതെ. എന്റെ അച്ഛൻ..” നയനയിൽ നിന്ന് മുഖം തിരിച്ച് അരവിന്ദ് മുന്നോട്ട് നടന്നു. പുറകെ അവളും. ” അച്ഛനും അമ്മയ്ക്കും ഞങ്ങൾ മൂന്ന് മക്കൾ ആയിരുന്നു. ഞാനും മഹിയും മഹാലക്ഷ്മിയും. ഞങ്ങളുടെ ലച്ചു മോള്. ഞങ്ങളുടെ പൊന്നോമന ആയിരുന്നു അവള്. കുഞ്ഞിലേ ആന എന്ന് വെച്ചാൽ ലച്ചുമോൾക്ക് വല്ല്യ ഇഷ്ട്ടം ആയിരുന്നു. അവൾക്ക് അഞ്ച് വയസുള്ള സമയത്ത് ഉത്സവത്തിന് പോയി ആനയെ കാണണം എന്ന് പറഞ്ഞ് ഭയങ്കര വാശി ആയിരുന്നു. മഹിക്ക് അന്ന് പനിയായി കിടപ്പിലായത് കാരണം ഞങ്ങൾക്ക് പോവാൻ കഴിഞ്ഞില്ല.
ലച്ചുമോള് കരഞ്ഞ് ബഹളം വെച്ചപ്പോൾ അച്ഛൻ അവളെയും കൊണ്ടുപോയി. അവിടെ വെച്ച് ആന ഇടഞ്ഞു. അച്ഛന്റെ കയ്യിൽ നിന്ന് ലച്ചുമോളെ നഷ്ട്ടമായി. തിക്കിലും തിരക്കിലും പെട്ട് അച്ഛന് കുറേ പരുക്ക് പറ്റി. ഒരുപാട് അനേഷിച്ചെങ്കിലും ലച്ചുമോളെ കണ്ടെത്താൻ കഴിഞ്ഞില്ല… ” അരവിന്ദ് ഒന്ന് നിർത്തി. കണ്ണുനീർ കാഴ്ചയെ മറച്ചു. കാലം മായ്ക്കാത്ത മുറിവുകൾ ഇല്ലെന്ന് എത്രയൊക്കെ പറഞ്ഞാലും ചില മുറിവുകൾ ഉണങ്ങാതെ അങ്ങനെ തന്നെ ഉണ്ടാവും. ഓർമ്മകൾ ആ മുറിവിനെ വീണ്ടും വീണ്ടും കുത്തി നോവിച്ചുകൊണ്ടിരിക്കും… “അച്ഛന്റെ അശ്രദ്ധ കൊണ്ടാണ് ലച്ചുമോളെ നഷ്ട്ടപെട്ടതെന്ന ചിന്ത അച്ഛനെ ആകെ തളർത്തി. ആരോടും മിണ്ടാതെ ആരെയും കാണാൻ സമ്മതിക്കാതെ റൂമിൽ തന്നെ ഇരുപ്പായി. അമ്മയോ ഞാനോ മഹിയോ അല്ലാതെ മറ്റാരും ആ റൂമിൽ പോകാറില്ല. ആരെയെങ്കിലും കണ്ടാൽ അച്ഛൻ വല്ലാതെ വൈലന്റ് ആവും. അതാ മോളോട് ഇതേപ്പറ്റി പറയാതിരുന്നത്… ” അരവിന്ദ് കണ്ണുകൾ നയനയുടെ മുഖത്തേക്ക് തിരിച്ചു. നയനയുടെ കണ്ണുകളും നിറഞ്ഞൊഴുകുകയായിരുന്നു.
അരവിന്ദനെ എന്ത് പറഞ്ഞ് ആശ്വസിപ്പിക്കും എന്നറിയാതെ നയന അവന്റെ മുഖത്തേക്ക് നിറമിഴികളുയർത്തി നോക്കി. ” എന്നെങ്കിലും ഞങ്ങളുടെ കുടുംബം പൂർണമാക്കാൻ ലച്ചു മോള് തിരികെ വരും. അതൊരു പ്രതീക്ഷ മാത്രമല്ല. വിശ്വാസം കൂടിയാണ്. ” നയനയെ നോക്കിയൊന്ന് പുഞ്ചിരിച്ച് അരവിന്ദ് പാടത്തേക്കിറങ്ങി. നയനയുടെ മനസ്സിൽ ഇത് വരെ കാണാത്ത ലച്ചു ആയിരുന്നു. ഒരേ സമയം ഭാഗ്യവതിയും നിർഭാഗ്യവതിയും ആണവൾ… കാത്തിരിക്കാനും സ്നേഹിക്കാനും ഒരുപാട് പേരുണ്ടായിട്ടും അതറിയാണോ അനുഭവിക്കാനോ കഴിയാതെ……. അവളിപ്പോ എവിടെ ആയിരിക്കും…. ഏതവസ്ഥയിലും ആയിരിക്കും…. എവിടെ ആയിരുന്നാലും ഇതുപോലെ സ്നേഹിക്കുന്ന ആരും കൂടെ ഉണ്ടാവില്ലെന്നത് തീർച്ച. താനോ… ഇതുപോലെ സ്നേഹിക്കാനും കാത്തിരിക്കാനും തനിക്ക് അച്ഛനോ അമ്മയോ സഹോദരങ്ങളോ ഉണ്ടാവുമോ… ഉണ്ടെങ്കിൽ ഇത്രയും ദിവസമായിട്ടും ആരും അനേഷിച്ച് വരാത്തതിന്റെ കാരണം എന്തായിരിക്കും.. ഇനി അങ്ങനെ ആരും തനിക്കില്ല…. ഒരു തരി വെട്ടം പോലും ഇല്ലാത്ത ഇരുട്ടുമുറിയിൽ തപ്പിത്തടയുന്ന അവസ്ഥയായിരുന്നു നയനക്ക്.എത്രയൊക്കെ ആവർത്തിച്ച് ചോദിച്ചിട്ടും ഉത്തരം കണ്ടെത്താൻ കഴിയാത്ത അവസ്ഥ.
പറഞ്ഞ് തരാൻ ഉത്തരം അറിയുന്ന ആരും അരികിലില്ലാത്ത അവസ്ഥ…. ഹൃദയത്തിന് ഭയങ്കര ഭാരം അനുഭവപ്പെടുന്നതായി തോന്നി അവൾക്ക്. മതിയാവോളം ഉറക്കെ പൊട്ടിക്കരയാൻ കഴിഞ്ഞെങ്കിലെന്ന് അവളാഗ്രഹിച്ചു. ” എനിക്ക് തല വേദനിക്കുന്നു ഏട്ടാ.. ഞാൻ വീട്ടിലേക്ക് പോവാ… ” ഒരു മറുപടിക്ക് കാത്ത് നിൽക്കാതെ നയന മുന്നോട്ട് നടന്നു. മനസ്സാകെ കലങ്ങി മറിഞ്ഞിരിക്കുകയായിരുന്നു. എത്രയൊക്കെ തടയാൻ ശ്രെമിച്ചിട്ടും കണ്ണുകൾ നിറഞ്ഞൊഴുകി കൊണ്ടിരുന്നു. വീട്ടിലെത്തി ദേവകി കാണുന്നതിന് മുൻപ് ദേവകി റൂമിൽ കയറി. തലയിണയിൽ മുഖമമർത്തി മനസ്സൊന്ന് ശാന്തമാകുന്നത് വരെ കരഞ്ഞു. വേദന കുറച്ചൊന്ന് കുറഞ്ഞപ്പോൾ നയന എഴുന്നേറ്റ് മുഖം കഴുകി റൂമിൽ നിന്ന് പുറത്തിറങ്ങി. നേരേ പോയത് അരവിന്ദന്റെ അച്ഛൻ കിടക്കുന്ന റൂമിനടുത്തേക്ക് ആണ്.ഷെൽഫിൽ നിന്ന് താക്കോൽ കയ്യിലെടുത്ത് കുറച്ച് നേരം തുറക്കണോ വേണ്ടയോ എന്നാലോചിച്ച് നിന്നു. ‘ അമ്മയെയോ എന്നെയോ മാഹിയെയോ അല്ലാതെ മറ്റാരെയെങ്കിലും കണ്ടാൽ അച്ഛൻ വല്ലാതെ വൈലന്റ് ആകും. ‘ അരവിന്ദന്റെ വാക്കുകൾ വീണ്ടും നയന ഓർത്തു. അച്ചുവേട്ടൻ പറഞ്ഞത് പോലെ നയന വൈലന്റ് ആകുമായിരിക്കും. എങ്കിലും സാരമില്ല.
ഈ കാര്യത്തിൽ തനിക്ക് എന്തൊക്കെയോ ചെയ്യാൻ കഴിയുമെന്ന് നയനയുടെ മനസ്സ് പറഞ്ഞു. ഡോർ തുറന്ന് അകത്ത് കയറി നയന ചുറ്റും കണ്ണോടിച്ചു. അച്ഛൻ ബെഡിൽ കിടക്കുകയായിരുന്നു. അരികിൽ കുറേ പാവകൾ ഉണ്ട്. ചുവരിൽ തൂക്കിയിട്ടിരിക്കുന്ന ഫോട്ടോകളിൽ നിറഞ്ഞ് നിൽക്കുന്നത് ലച്ചു ആയിരിക്കുമെന്ന് നയന ഊഹിച്ചു. ബെഡിന്റെ ഓരത്ത് ചെന്നിരുന്ന് നയന അച്ഛന്റെ മുഖത്തേക്ക് നോക്കി. അറിയാതെ കണ്ണുകൾ ഈറനണിഞ്ഞു. പതിയെ അവൾ ഇടതുകൈ കൊണ്ട് അച്ഛന്റെ നെറ്റിയിൽ തലോടി. ആരുടെയോ സ്പർശം അറിഞ്ഞ അയാൾ പെട്ടെന്ന് കണ്ണുതുറന്ന് ചാടിയെഴുന്നേറ്റു. ” ആരാ…… ആരാ നീ……? ” ആദ്യമൊന്നു ഞെട്ടിയെങ്കിലും നയന അച്ഛനെ നോക്കി പുഞ്ചിരിച്ചു. ” നീയെന്തിനാ ഇങ്ങോട്ട് വന്നത്…? ഇറങ്ങി പോ ഇവിടുന്ന്… ” അയാൾ നയനക്ക് നേരേ കയ്യിൽ കിട്ടിയ പാവകൾ എടുത്തെറിഞ്ഞു. ” ഞാൻ…. ഞാൻ ലച്ചു പറഞ്ഞിട്ട് വന്നതാ…” ലച്ചുവിന്റെ പേര് കേട്ടതും അയാൾ നിശബ്തനായി നയനയെ നോക്കി.
” നീ…. നീയെന്റെ ലച്ചു പറഞ്ഞിട്ട് വന്നതാണോ…? നിനക്കെങ്ങനെ എന്റെ ലച്ചുവിനെ അറിയാം…? ” അവിശ്വനീയതയും നിഷ്കളങ്കതയും നിറഞ്ഞ ആ ചോദ്യം കേട്ടപ്പോൾ നയനയുടെ ഉള്ളൊന്ന് നീറി. ” ലച്ചു എന്റെ അടുത്ത കൂട്ടുകാരി ആണ്. അവള് പറഞ്ഞിട്ടാണ് ഞാൻ അച്ഛനെ കാണാൻ വന്നത്… ” വാക്കുകൾ ഇടറാതിരിക്കാൻ അവൾ നന്നേ പാടുപെട്ടു. ” എന്നിട്ട്…. എന്നിട്ടെന്റെ മോള് എവിടെ..? ” അയാൾ പ്രതീക്ഷയോടെ ഡോറിനടുത്തേക്ക് നോക്കി. ” ലച്ചു വന്നിട്ടില്ല. ” ” അതെന്താ എന്റെ മോള് വരാത്തത്…? നീ പോയി അവളെ കൂട്ടികൊണ്ട് വാ.. ” ” ഞാൻ ലച്ചുവിനെ ഉറപ്പായും അച്ഛന്റെ അടുത്തേക്ക് കൂട്ടികൊണ്ട് വരും. പക്ഷേ ഇപ്പൊ പറ്റില്ല. ” ” പിന്നെ…? ” ” ലച്ചു വരുമ്പോൾ അച്ഛനെ ഈ അവസ്ഥയിൽ കണ്ടാൽ അവൾക്ക് വിഷമം ആവില്ലേ. അതാ ഞാൻ അവളെ കൂട്ടികൊണ്ട് വരാത്തത്… ” ” ആണോ… അപ്പൊ… അപ്പൊ ഞാനെന്താ ചെയ്യേണ്ടത്…? ” ” അച്ഛൻ ആദ്യം ഈ മുറിയിൽ നിന്ന് പുറത്തിറങ്ങണം. എന്നിട്ട് ഞാൻ പറയുന്നത് പോലെയൊക്കെ കേൾക്കണം പറ്റോ…? ” അയാൾ കുറച്ച് നേരം എന്തോ ആലോചിച്ചിട്ട് നയനയെ നോക്കി സമ്മതത്തിൽ തലയാട്ടി.
” എന്നാ വാ… ” നയന നീട്ടിയ കയ്യിലേക്ക് അയാൾ സന്തോഷത്തോടെ കൈ ചേർത്തു. വർഷങ്ങൾക്ക് ശേഷം പുറം ലോകം കണ്ടതിന്റെ ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു അയാൾക്ക്. ഓരോ അടി മുന്നോട്ട് വയ്ക്കുംതോറും അയാൾ നയനയുടെ കയ്യിൽ പിടിച്ചു മുറുക്കി. മുറ്റത്ത് ചെടികൾക്ക് വെള്ളം ഒഴിച്ചു കൊണ്ടിരിക്കുകയായിരുന്നു ദേവകി. നയന അച്ഛനെയും കൊണ്ട് ദേവകിക്ക് പുറകിലായി ചെന്ന് നിന്നു. ” അമ്മയെ വിളിക്ക് അച്ഛാ… ” നയന പതിയെ അച്ഛന്റെ കാതിൽ പറഞ്ഞു. ” ദേവി…. ” ദേവകിയുടെ അരികിലേക്ക് ഒന്നൂടെ ചേർന്ന് നിന്ന് അയാൾ വിളിച്ചു. നാളുകൾക്ക് ശേഷം ആ വിളി കേട്ടപ്പോൾ വിശ്വസിക്കാൻ കഴിയാതെ ദേവകി തിരിഞ്ഞു നോക്കി. ” രാമേട്ടാ.. ” കണ്ടത് സ്വപ്നമല്ലെന്ന് തിരിച്ചറിഞ്ഞപ്പോൾ നിറമിഴികളോടെ ദേവകി രാമനാഥന്റെ കവിളിൽ കൈകൾ ചേർത്തു. കണ്ണുകൾ തമ്മിൽ സംസാരിച്ച നിമിഷങ്ങൾ ആയിരുന്നു പിന്നീട്… അവരുടെ പരിഭവങ്ങൾക്കിടയിൽ ഒരു തടസം ആവാതെ നയന പതിയെ പിൻവലിഞ്ഞു.
” ഡോക്ടർ ഞാൻ ഇത്രയും നേരം മാന്യമായാണ് നിങ്ങളോട് സംസാരിച്ചത്… ആ കുട്ടിയെ കൊണ്ട് പോയവരെ കുറിച്ചുള്ള ഡീറ്റെയിൽസ് എനിക്ക് കിട്ടിയേ മതിയാവൂ… ” ദേവ് ദേഷ്യത്തോടെ നയനയെ ചികിൽസിച്ച ഡോക്ടറെ നോക്കി. ” സീ മിസ്റ്റർ ദേവ്. ഞാൻ നിങ്ങളോട് പറഞ്ഞു പോലീസിന്റെ സാനിധ്യത്തിൽ ആണ് ആ കുട്ടിയെ അവർ കൂട്ടികൊണ്ട് പോയത്. നിങ്ങൾക്ക് എന്തെങ്കിലും അറിയണം എങ്കിൽ പോലീസ് സ്റ്റേഷനിൽ പോവാം. ” ഡോക്ടർ മാന്യമായി അവർക്ക് മറുപടി നൽകി. ” എടോ തന്നെ ഞാൻ… “. ദേഷ്യത്തോടെ ഡോക്ടറെ തല്ലാൻ പോയാ ദേവിനെ നീരജ് തടഞ്ഞു. ” ദേവ് വേണ്ട. ആവശ്യത്തിന് പ്രശ്നങ്ങൾ നമുക്ക് ഇപ്പൊ തന്നെ ഉണ്ട്. അതിന്റെ കൂടെ ഇതും വേണ്ട. വാ നമുക്ക് പോവാം. ” നീരജ് അവന്റെ കൈ പിടിച്ച് വലിച്ചു. ” നീരജ് അവളെവിടെ ആണെന്ന്… ” ” ഇത്രയൊക്കെ അനേഷിച്ച് കണ്ടെത്താൻ കഴിഞ്ഞിട്ടുണ്ടെങ്കിൽ അവളിപ്പോ എവിടെ ആണെന്ന് കണ്ടെത്താനും നമുക്ക് പറ്റും.
നീ വാ ദേവ്.. ” നീരജിന്റെ വാക്കുകൾ കേട്ടതും ദേവ് ഡോക്ടറെ ഒന്ന് കൂർപ്പിച്ച് നോക്കി പുറത്തിറങ്ങി. ” ഇന്നലെ രാത്രി നമ്മൾ എത്ര തിരഞ്ഞിട്ടാ ആക്‌സിഡന്റ് പറ്റിയത് അവൾക്ക് തന്നെ ആണെന്നും അവള് കിടന്ന ഹോസ്പിറ്റലും കണ്ട് പിടിച്ചത്… എന്നിട്ടും അവളെ ആരാ കൊണ്ട് പോയതെന്ന് അറിയാൻ കഴിഞ്ഞില്ലല്ലോ… ” കാറിൽ ഇരിക്കുമ്പോൾ ദേവ് നീരജിനെ നോക്കി പുലമ്പി. ” നീ വിഷമിക്കണ്ടടാ അളിയാ… അവളെവിടെ ആണെന്ന് ഇന്ന് തന്നെ നമ്മൾ കണ്ടെത്തും. അതിനുള്ളതൊക്കെ ഞാൻ ചെയ്തിട്ടുണ്ട്. അവൾക്ക് കഴിഞ്ഞതൊന്നും ഓർമ്മ ഇല്ലെങ്കിൽ അവളെവിടെ ആണെങ്കിലും നിനക്ക് ഈസി ആയി പൊക്കികൂടെ… അതിനുള്ള തുറുപ്പ് ചീട്ടൊക്കെ നിന്റെ കയ്യിൽ ഇല്ലേ…? ” കാർ ഓടിക്കുന്നതിനിടയിൽ നീരജ് ദേവിനെ നോക്കി. ” ഇല്ലാതെ പിന്നെ.. അവളെവിടെ ആയിരുന്നാലും എന്റെ കയ്യിൽ നിന്ന് ഒരിക്കലും രക്ഷപെടാൻ പോകുന്നില്ല. ” ദേവ് ഫോൺ എടുത്ത് പ്രണയിക്കുന്നക്കാലത്തെ നയനയും ഒന്നിച്ചുള്ള ഫോട്ടോയിലേക്ക് പരിഹാസത്തോടെ നോക്കി.
നീരജ് കാർ ആളൊഴിഞ്ഞ ഒരു മൈതാനത്തേക്ക് കയറ്റി. ദേവിനെ നോക്കി അവൻ ഇറങ്ങെന്ന് കാണിച്ചു. അവരെ കാത്ത് അവിടെ സഞ്ജയ് നിൽക്കുന്നുണ്ടായിരുന്നു. ” എന്താതെടാ പോയ കാര്യം… ” നീരജ് സഞ്ജയേ നോക്കി. ” ഞാൻ ഒരു കാര്യം ഏറ്റെടുത്താൽ അത് പൂർത്തീകരിക്കാതെ വരുമോടാ… ” സഞ്ജയ് ദേവിനെയും നീരജിനെയും നോക്കി വിജയ ചിരി ചിരിച്ചു. ” ആ എസ് ഐ ആളൊരു അത്യാഗ്രഹി ആയതോണ്ട് കുറച്ച് പണം നീട്ടിയപ്പോൾ കാര്യം നടന്നു. അവളെ കൊണ്ട് പോയവരുടെ നാടും വീടും അഡ്ഡ്രസ്സും എല്ലാം ഉണ്ട്. ” സഞ്ജയ് ദേവിന് നേരേ ഒരു പേപ്പർ നീട്ടി. അത് വാങ്ങി നോക്കുമ്പോൾ ഇരയെ അടുത്ത് കിട്ടിയ വേട്ടക്കാരന്റെ സന്തോഷം ആയിരുന്നു ദേവിന്റെ മുഖത്ത്. ( തുടരും )

by