19/04/2026

മയിൽപ്പീലി : ഭാഗം 33

രചന – നെച്ചു നസ്രിൻ

വൈകിട്ട് വീട്ടിലേക്ക് ആദ്യം വന്നത് സൂരജായിരുന്നു. കുറച്ച് കഴിഞ്ഞു പീലിയും വന്നു. അമ്മയും അച്ഛനും ഇല്ലാത്തതിനാൽ അവൾക്കവിടെ മറ്റൊന്നും ചെയ്യാനില്ലായിരുന്നു താനും.ശാരദ രാത്രിയിലേക്കുള്ള ഭക്ഷണവും ഉണ്ടാക്കി വെച്ച് വീട്ടിലേക്ക് തിരികെ പോയി. അവൾ സൂരജിനായി ഒരു കപ്പിൽ ചൂട് ചായ പകർന്നു മുകളിലേക്ക് പോയി. അവൻ വേഷം മാറി വന്നതും പീലിയെ ഒന്ന് നോക്കി ചിരിച്ച് പയ്യെ ചായ കപ്പ് ചുണ്ടോട് ചേർത്തു. പീലി പതിയെ ബുക്ക്‌ വെച്ചിരിക്കുന്ന ഷെൽഫിൽ നിന്നൊരു ബുക്ക്‌ കയ്യിലെടുത്തു മറിച്ചു നോക്കി. “തനിക് വായിക്കാനൊക്കെ ഇഷ്ടമാണോ”?. “ആഹ്”. “ആഹ് അതിൽ കുറച്ച് നല്ല ബുക്സ് ഉണ്ട്. ഇടയ്ക്കതൊക്കെ എടുത്ത് വായിക്കണം.പ്രത്യേകിച്ചൊരു ലിറ്ററെച്ചർ സ്റ്റുഡന്റ് ആകുമ്പോ കുറച്ചധികം വായിക്കുന്നത് നല്ലതാണ്”. “ഞാൻ , എന്നെ വഴക് പറഞ്ഞാലോന്ന് ഓർത്താ”.

“താനിപ്പോ കയ്യിൽ പിടിച്ചിരിക്കുന്നത് ഏതാണെന്നു അറിയുമോ”?. “The Tempest” “ആഹ് വില്യം ഷേക്സ്പിയറിന്റെ ഏറ്റവും പ്രസിദ്ധമായ ഒരു നാടകമാണ് ഇത്. ഇതിന്റെ ഇതിവൃത്തം അറിയുമോ”? ” ഇല്ല”. ” ഇംഗ്ലീഷ് സാഹിത്യത്തിൽ ഷേക്സ്പിയറിന്റെ അവസാന കാലങ്ങളിൽ എഴുതപെട്ടു എന്ന് വിശ്വസിക്കുന്ന ഒരു ബുക്ക്‌ ആണിത്.മിലാൻ എന്ന രാജ്യത്തിലെ രാജാവായിരുന്നു “പ്രോസ്‌പെറോ”. മാന്ത്രിക വിദ്യകൾ അഭ്യസിക്കാനായി സമയം കണ്ടെത്തിയ അദ്ദേഹത്തെ അനിയൻ “അന്റോണിയോ” നേപിൾസ് എന്ന രാജ്യത്തെ രാജാവായ “അലോൺസോ” യോടൊപ്പം ചേർന്നു ചതിച്ചു. രാജ്യം സ്വന്തമാക്കുകയും പ്രോസ്‌പെറോയെ തന്റെ 3 വയസുള്ള മകൾ “മിറാൻഡാ “യെയും നാട് കടത്തുകയും ചെയ്യുന്നു”. ” പ്രോസ്‌പെറോ ഒറ്റപെട്ട ഒരു ഐലന്റിൽ എത്തിപെടുന്നു.

അവിടെ വെച്ച് മാന്ത്രിക ശക്തികൾ ഉപയോഗിച്ച് ഏരിയൽ എന്ന സ്പിരിറ്റിനെ അയാൾ തടവറയിൽ നിന്നു രക്ഷിച്ചു കൂടെ കൂട്ടുന്നു.കാലിബൻ എന്നൊരു അടിമയെയും അയാൾ തന്റെ കീഴിലാക്കുന്നു.12 വർഷങ്ങൾക്കിപ്പുറം കടലിൽ കൂടി യാത്ര പോകുന്ന സഹോദരൻ അന്റോണിയോയെയും കൂട്ടരെയും ഏരിയലിന്റെ സഹായത്താൽ ശക്തമായ കൊടുംകാറ്റ് നിർമിക്കുകയും അവർ സഞ്ചരിച്ച കപ്പലിനെ നശിപ്പിക്കുകയും ചെയ്യും.മായാജാലത്തിലൂടെ അവരെ പേടിപ്പിക്കുകയും ചെയ്ത് പോയ തെറ്റിനെ കുറിച്ച് അവരോട് തിരിച്ച് ചോദിക്കുകയും ചെയ്യുന്നു”. ” ചെയ്ത തെറ്റിനെ ഓർത്തു അന്റോണിയോ യും അലോൺസോയും പരിതപിക്കും. അവസാനം രാജ ഭരണം തിരികെ വാങ്ങി എല്ലാവരുമായി സന്തോഷത്തോടെ മടങ്ങും. പ്രോസ്‌പെറോ തന്റെ മാന്ത്രിക ശക്തികളെ എല്ലാം ഉപേക്ഷിച്ചാണ് മടങ്ങുന്നത്. അതിൽ ഷേക്സ്പിയർ സ്വയം ലോകത്തോടും തന്റെ സാഹിത്യ ജീവിതത്തോടും യാത്ര പറയുന്നതിനെയാണ് സൂചിപ്പിക്കുന്നത്”. പീലി മിഴിചിമ്മാതെ സൂരജിനെ കേട്ടിരുന്നു. “പറഞ്ഞു ബോർ ആക്കിയോ.

ഇനിയിപ്പോ വായിക്കാൻ തോന്നില്ലല്ലേ”. “ഒട്ടും ബോർ ആയില്ല. എനിക്ക് വായിക്കണമെന്ന് തന്നെയാ”. അവർക്കിടയിൽ മൗനം ക്ഷണിക്കപ്പെടാതെ കടന്നു വന്നു. “പീലി ഞാൻ അന്നൊരു അമ്പലത്തിൽ പോകുന്ന കാര്യം പറഞ്ഞിരുന്നില്ലേ. നമ്മൾ ഇത് വരെ പോയില്ലല്ലോ”. “ആഹ് അത് അന്ന് മറ്റെന്തോ കാര്യം കൊണ്ട് കഴിയാതിരുന്നതാ”. “നമുക്ക് എങ്കിൽ നാളെ പോയാലോ”?. “ആഹ് പോകാം”. സൂരജിൽ സന്തോഷം അണപ്പൊട്ടി ഒഴുകി. ആ രാത്രി അവർ രണ്ടാളും ഒന്നിച്ചിരുന്നു ഭക്ഷണം കഴിച്ചു. സൂരജ് ഇടയ്ക്കിടെ പീലിയെ നോക്കുന്നത് പീലിയും അറിയുന്നുണ്ടായിരുന്നു. അവളുടെ ഉള്ളം സന്തോഷം കൊണ്ട് തുടിച്ചു. അന്നത്തെ രാത്രിയും മനോഹരമായി കടന്നു പോയി. കോളേജിലേക്ക് ഒന്നിച്ച് പോകണമെന്ന് സൂരജിന് ആഗ്രഹമുണ്ടായിരുന്നെങ്കിലും പീലി ഒരിക്കലും അതിന് സമ്മതിക്കില്ലെന്ന് അറിയുന്നത് കൊണ്ട് അവൻ അവളെ നിർബന്ധിച്ചില്ല. സൂരജിന് കോളേജിലേക്ക് പോകാൻ മനസ് വന്നില്ല.

വീണ്ടും അന്നയെ കാണേണ്ടി വരുമെന്നായിരുന്നു അവന്റെ ആശങ്ക. എന്നാൽ അന്നേ ദിവസം അന്ന അവന് മുൻപിൽ വന്നില്ല. അവളന്ന് കോളേജിലേക്കെ വന്നിട്ടില്ല. ലഞ്ച് ബ്രേക്കിന്റെ ടൈമിലാണ് സൂരജിനെ തിരക്കി ആരോ വന്നത്. അവൻ പുറത്തേക്ക് ചെന്ന് നോക്കുമ്പോൾ എക്സിക്യൂട്ടീവ് ഡ്രസ്സ്‌ ധരിച്ചൊരു ചെറുപ്പക്കാരൻ. ഉറച്ച ശരീരഭാഷ. അവനൊന്നു മുരടനക്കി. അയാൾ സൂരജിനെ തിരിഞ്ഞ് നോക്കി ഒന്ന് ചിരിച്ചു. “സൂരജ് അല്ലെ”?. “അതെ നിങ്ങൾ ആരാണ്”?. “ഹലോ സൂരജ് എന്റെ പേര് ഐദൻ.കുന്നുമ്മേൽ വർഗീസ്‌ എന്റെ പപ്പയാണ്. അന്ന എന്റെ സിസ്റ്റർ ആണ്”. അത് കേട്ടതും സൂരജിന്റെ മുഖത്തെ പുഞ്ചിരി മാഞ്ഞു. “താൻ നോക്കണ്ട. അന്ന പറഞ്ഞിട്ടല്ല ഈ വരവ്. അവളറിഞ്ഞാൽ ഒരു ഭൂകമ്പം നടക്കും. എനിക്ക് തന്നെയൊന്ന് വന്ന് കാണണമെന്ന് തോന്നി അതാ”. “മം”. സൂരജ് താല്പര്യമില്ലാതെ ഒന്ന് മൂളി. “എനിക്കും പപ്പയ്ക്കും അവൾ മാത്രമേയുള്ളൂ. ഞങ്ങടെ മമ്മ മരിച്ചു പോയതാ. ഞങ്ങൾ അന്നയെ കുറച്ച് ലാളിച്ചാണ് വളർത്തിയത്. ചെറിയ കുറുമ്പും വാശിയുമൊക്കെ അവൾക്കുണ്ട്. മോൾ തന്റെ കാര്യം വന്ന് പറഞ്ഞപ്പോളെ ഞാൻ മനസിലാക്കി താൻ അവൾക്ക് എത്ര പ്രിയപ്പെട്ടതാണ് എന്ന്.

പക്ഷേ കഴിഞ്ഞ ദിവസം അവളാകെ സങ്കടത്തിലായിരുന്നു. കാര്യം തിരക്കിയപ്പോൾ തനിഷ്ടമല്ലെന്നോ മറ്റൊ പറഞ്ഞെന്ന് പറഞ്ഞു. എനിക്ക് മനസിലാകും. പെട്ടെന്നു ഒരു പെൺകുട്ടി വന്ന് ഇഷ്ട്ടം പറയുമ്പോൾ അത് അക്‌സെപ്റ് ചെയ്യാൻ ബുദ്ധിമുട്ടുണ്ടാകും”. “അവൾക്കതൊന്നും അറിയില്ല. അവളങ്ങനെയാ എന്തേലും വേണമെന്ന് വാശി പിടിച്ചാൽ അതൊക്കെ സ്വന്തമാക്കിയാണ് ശീലം. തനിക്കതൊന്നും ഒരു ബുദ്ധിമുട്ടായി തോന്നരുത്”. സൂരജിന് എല്ലാം പറയാൻ തോന്നി. “അവളുടെ കണ്ണ് നിറയുകയോ മുഖമൊന്നു വാടുകയോ ചെയ്താൽ ഞങ്ങൾക്കതു സഹിക്കാൻ ആകില്ല.ടൈം എടുത്തു താനൊരു പോസിറ്റീവ് ആൻസർ പറഞ്ഞാൽ മതി “. ” ഹേയ് മിസ്റ്റർ നിങ്ങളെന്തൊക്കെയാണ് പറയുന്നത്. അന്ന എന്നോട് ഇഷ്ടമാണെന്ന് പറഞ്ഞ ആദ്യ ദിവസം തന്നെ ആ കുട്ടിയോട് വ്യക്തമായി ഞാൻ പറഞ്ഞതാണ് എനിക്കങ്ങനൊരു ഇഷ്ട്ടം ആ കുട്ടിയോടില്ലെന്ന്. വീണ്ടും വീണ്ടും വന്ന് എന്നെ ബുദ്ധിമുട്ടിച്ചപ്പോളാണ് കുറച്ച് പരുക്കമായി തന്നെ ഞാൻ മറുപടി കൊടുത്തത്.

നിങ്ങളെന്നാൽ അന്ന പറഞ്ഞ അതെ വാക്കുകളാണ് വീണ്ടും ആവർത്തിക്കുന്നത്. കേൾക്കൂ സഹോദര എനിക്ക് നിങ്ങടെ സിസ്റ്ററിനോട് അങ്ങനൊരു ഇഷ്ടവും ഇല്ല. നിങ്ങളെങ്കിലും ഒന്ന് പറഞ്ഞു മനസ്സിലാക്കൂ.ഞാൻ മാരീഡ് ആണ്. എനിക്കൊരു ഭാര്യ ഉണ്ട്”. ” എന്ത്”!. “യസ്. എന്റെ ഭാര്യയെ അല്ലാതെ എനിക്ക് മറ്റാരെയും ആ സ്ഥാനത്തു കാണാൻ കഴിയില്ല”. “സൂരജ്. താൻ ശെരിക്കൊന്ന് ആലോചിക്ക്. അന്ന അവൾക് തന്നെ ഒരുപാട് ഇഷ്ടമാണ്. തനിക് എന്ത് വേണമെങ്കിലും തരാം. കുന്നുമ്മേൽ എല്ലാ സ്വത്തുകളും നിന്റെ പേരിൽ ആക്കി തരാം”. “സ്റ്റോപ്പ്‌ ഇറ്റ്. പെങ്ങൾക്ക് മാത്രേ ഭ്രാന്തുള്ളുന്ന ഞാൻ കരുതിയത്. തനിക്കൊക്കെ എന്താ. പണം കൊടുത്തും പിടിച്ച് വാങ്ങേണ്ടതുമല്ല സ്നേഹം. അതൊരാളോട് മാത്രമേ തോന്നൂ. അത് ഞാനാ കുട്ടിയോട് പറഞ്ഞതുമാണ്. ഇനിയും ഈ കാര്യം പറഞ്ഞു എന്റെ മുൻപിൽ ആരും വരരുത്”. സൂരജിന് സമനില തെറ്റും പോലെ തോന്നി.

അവൻ കുപ്പിയിലെ വെള്ളം വായിലേക്ക് കമഴ്ത്തി. അവന് ഐദനെ കുറിച്ചോർത്തപ്പോൾ ആശ്ചര്യം തോന്നി ഇങ്ങനെയും മനുഷ്യർ ഉണ്ടാകുമോ. മറ്റുള്ളവരുടെ ഫീലിങ്‌സിനു ഒരു വിലയും കൽപിക്കാത്ത കുറെ പേർ. ഐദൻ തിരികെ ഓഫീസിലേക്കുള്ള യാത്രയിൽ പലതും ചിന്തിക്കുകയായിരുന്നു. അവൻ പറഞ്ഞതൊന്നും ഒരിക്കലും അന്ന സ്വീകരിക്കാൻ പോകുന്നില്ല. അവളുടെ കണ്ണിൽ അന്ന് കണ്ടത് പ്രണയമാണ്. അവളുടെ പകയും വാശിയും ദേഷ്യവും പോലെ തന്നെ പ്രണയവും തീവ്രമാണ്. എന്ത് വില കൊടുത്തും അവളുടെ ആഗ്രഹം നടത്തി കൊടുത്തേ ഒക്കൂ എന്നവൻ മനസിൽ കുറിച്ചിട്ടു. വൈകിട്ട് പീലിയ്‌ക്കൊപ്പം അമ്പലത്തിലേക്കുള്ള യാത്രയിലാണ് സൂരജ്. പീലി കാറിന്റെ വിന്ഡോ ഗ്ലാസ്‌ താഴ്ത്തിയിട്ട് പുറം കാഴ്ചകൾ ആസ്വദിക്കുകയാണ്. സൂരജിന്റെ മനസ് വ്യാകുലപ്പെട്ടു കൊണ്ടേയിരുന്നു. ഇടയ്ക്കവന്റെ കണ്ണുകൾ പീലിയിൽ തറഞ്ഞതും ആ മനസ്സിനൊരു തണുപ്പ് വീഴുന്നതവൻ ഒരാശ്വാസത്തോടെ തിരിച്ചറിഞ്ഞു. കാർ ഒതുക്കിയിട്ട് പതിയെ ആ കുന്നിൻ മുകളിലേക്കു നടന്നു. പീലി ആശ്ചര്യത്തോടെ ചുറ്റും നോക്കി.

കുന്നിന്റെ മുകളിലെ ആ കുഞ്ഞു അമ്പലം അവളിൽ കൗതുകം നിറച്ചു. ചുറ്റും പച്ചപ്പ് മാത്രം. നല്ല കാറ്റ് വീശുന്നുണ്ട്. അവൾ സൂരജിനെ നോക്കി. അവർ രണ്ടാളും നടയുടെ മുന്നിൽ ചെന്ന് നിന്നു. ദേവിയാണ് പ്രതിഷ്ട. “ഇവിടെ പണ്ട് തൊട്ടേ വരുമായിരുന്നോ”?. “ഞാനും അഭിയും മിക്ക ദിവസങ്ങളും ഇവിടെ വന്നിരിക്കാറുണ്ട്. വൈകുന്നേരം ഇവിടെ വല്ലാത്തൊരു ശാന്തതയാണ്”. അഭി നടന്നു വരുന്നത് കണ്ടതും പീലി അവനെ നോക്കി നിറഞ്ഞു പുഞ്ചിരിച്ചു. പീലി കാഴ്ച കാണാനായി അങ്ങോട്ട് മാറിയതും സൂരജ് അഭിയുടെ കൈ പിടിച്ച് കുറച്ച് നീങ്ങി നിന്നു. “അഭി എനിക്ക് നിന്നോടൊരു കര്യം പറയാനുണ്ട്”. “ആഹ് നീ പറയ്‌ ഫോണിൽ കൂടി നിന്റെ സംസാരം കേട്ടപ്പോൾ തന്നെ ഞാൻ ഊഹിച്ചു സീരിയസ് ആണെന്ന്. നീ ക്ലിയർ ആയി പറയ്‌”. അത് വരെ നടന്നത് എല്ലാം വള്ളി പുള്ളി തെറ്റാതെ സൂരജ് പറഞ്ഞു. “കേട്ടിടത്തോളം അവർ വലിയ ആളുകളാണ്. പക്ഷേ അത് പോലെ വിവരം കെട്ടവരും. പിടിച്ചതിലും വലുത് പൊത്തിലിരിക്കുന്നത് എന്ന് പറഞ്ഞത് പോലെയാ ആ ആങ്ങള പൊട്ടന്റെ കാര്യം”. “അതെ എനിക്കാകെ വല്ലാതെയാകുന്നു. ഇങ്ങനൊക്കെ പറഞ്ഞിട്ടും അവരാരും മനസിലാക്കുന്നില്ല”. “കാശുള്ള വീട്ടിലെയാണെന്നല്ലേ പറഞ്ഞെ നീ ഒരു കാര്യം ചെയ്യൂ അവളെയങ് കെട്ട്”. “എന്തോന്ന്”? “അതെ ടാ.അവൾക്ക് നിന്നെ ഇഷ്ടമായ സ്ഥിതിക്ക് അതല്ലേ നല്ലത്”. “പീലി”?. “അതൊരു മ്യൂച്വൽ ഡിവോഴ്സ് കൊണ്ട് തീരും”. സൂരജ് അഭിയുടെ കഴുത്തിനു കുത്തി പിടിച്ചു.

“പ്ഫാ പന്ന പട്ടി. നീ എന്താ പറഞ്ഞെന്ന് നിനക്കറിയോ. എന്റെ പീലിയെ ഞാൻ. നിനക്കെങ്ങനെ തോന്നിയെടാ ദ്രോഹി”?. അഭി അവനെ തള്ളിമാറ്റി കഴുത്തു തടവി. “ഞാൻ എന്റെ പെണ്ണിനെ ഉപേക്ഷിച്ച് ആ യക്ഷിയെ കെട്ടണമല്ലേ. എനിക്ക് പീലി ഇല്ലാതെ ഒരു സെക്കന്റ് പോലും ജീവനോടെ ഇരിക്കാൻ ആകില്ല”. “എന്തോ എങ്ങനെ. എന്തൊക്കെയായിരുന്നു. ഭാര്യ ആയി കാണാൻ കഴിയില്ല , എന്റെ ഫീലിംഗ്സ് ആരും മനസിലാക്കുന്നില്ല , അവളെ താഴെ കിടത്തി ഉറക്കുന്നു. എന്നിട്ടിപ്പോ പീലി ഇല്ലാതെ ചാകും പോലും. നാണമില്ലല്ലോടാ”. “ആഹ് എനിക്കവളുടെ കാര്യത്തിൽ നാണം കുറച്ച് കുറവാ”. “സൂരജേ. നീ ആ കുന്നുമ്മേൽ കുരിശിന്റെ കാര്യം പീലിയോട് പറഞ്ഞോ”?. “ഇല്ലടാ. ഒരു തവണ പറയാൻ വന്നപ്പോ അവൾ സമ്മതിച്ചില്ല. എനിക്ക് പറയാനൊരു പേടി. പീലി അതെങ്ങനെ എടുക്കും എന്ന്”. “ശെരിയാണ്. നിന്റെ മദർ തെരേസ വേണേൽ അവളെ പോയി കണ്ട് നിങ്ങടെ കല്യാണം നടത്തും”. പീലി നടന്നു വരുന്നത് കണ്ടതും അവർ സംസാരം നിർത്തി. “എങ്ങനുണ്ട് പീലി ഇവിടെ അടിപൊളിയല്ലേ”?. “മ്മ്മ്”. “എങ്കിൽ നിങ്ങളൊരു കാര്യം ചെയ്യൂ കുറച്ച് നേരം കൂടി ഇവിടിരുന്നിട്ട് നേരെ വീട്ടിലോട്ട് പോരെ.

ഇത് വരെ വന്നിട്ടില്ലല്ലോ. നമുക്കിന്നു അവിടെ കൂടാം. അപ്പോ ശെരി. ഞാൻ വീട്ടിലോട്ട് ചെല്ലട്ടെ. ഒരുപാട് വൈകാൻ നിൽക്കണ്ട”. അഭി പോയതും സൂരജ് പീലിയുടെ മുഖത്തേക്ക് നോക്കി. സൂര്യന്റെ ചുവന്ന രെഷ്മികൾ അവളുടെ കവിളിൽ ചായം പൂശുന്നത് അവൻ പ്രണയത്തോടെ നോക്കി നിന്നു. രാത്രി ആഹാരം കഴിച്ച് എല്ലാവരും ഉമ്മറത്തു ഒത്തുകൂടി. അമ്മായിയും അമ്മാവനും എല്ലാത്തിനും കൂടെയുണ്ട്. പീലി സൂരജിന്റെ കുട്ടികാലത്തെ കഥകൾ അമ്മായി പറയുന്നത് കേട്ടിരിപ്പാണ്. ഇടയ്ക്കവൾ അവനെ നോക്കി ചിരിക്കും. ആ ചിരിയിൽ സൂരജ് പൂത്തുലയുന്നത് അഭി കൗതുകത്തോടെ നോക്കിയിരുന്നു. രാത്രി പീലിയും സൂരജും ബാൽക്കണിയിൽ നിൽക്കുകയായിരുന്നു. അവൾ ചെടിയിലെ വാടിയ പൂവുകളെ പറിച്ചു കളഞ്ഞു. “ഇതൊക്കെ സൂരജേട്ടൻ നട്ടു വളർത്തിയതാണല്ലേ”?. “ആഹ്”. “അതെന്താ കൂടുതലും റോസ് ആണല്ലോ”?. “അങ്ങനൊന്നുമില്ല. കാണുമ്പോൾ വാങ്ങിക്കും”. “ഓർക്കിഡ് ഇല്ലേ അതിന്റെ പല കളറുകൾ ഉണ്ട്. അതൊക്കെയുണ്ടേൽ ഇനിയും ഭംഗിയാകും”. “തനിക്കേത് കളറാണ് ഇഷ്ടം”?. “എനിക്കങ്ങനെ പ്രത്യേകിച്ച് ഇഷ്ടമൊന്നുമില്ല.

രേഷുവിന്റെ വീട്ടിൽ മഞ്ഞയും വെള്ളയും ചേർന്ന ഓർക്കിഡ് ഞാൻ കണ്ടിട്ടുണ്ട്. നല്ലതാ അത്”. ” അല്ല താൻ കുറെ നേരമായി നിക്കുവല്ലേ. റൂമിന്ന് ചെയർ കൊണ്ട് വരാം ഇരിക്കാൻ. ഈ ബീൻ ബാഗ് ഒന്നല്ലേ ഒള്ളു”. “അത് കുഴപ്പില്ല. ഞാൻ നിന്നോളാം”. കിടക്കാനായി സോഫയ്‌ക്കരികിലേക്ക് നടന്നതും സൂരജ് അവളെ തടഞ്ഞു. “താൻ ബെഡിൽ കിടന്നാൽ മതി”. അവൾ പകച്ചു അവനെ നോക്കി. ” എന്താടോ ഇങ്ങനെ നോക്കുന്നെ. താൻ ബെഡിൽ കിടന്നോ ഞാൻ സോഫയിൽ കിടന്നോളാമെന്ന് പറഞ്ഞതാണ്”. “അത് വേണ്ട ഞാൻ അവിടെ തന്നെ കിടന്നോളാം”. ” പറ്റില്ല. എന്നും താനല്ലേ സോഫയിൽ കിടക്കുന്നത്. ഇനി മുതൽ ഞാൻ കിടന്നോളാം”. “വേണ്ട സൂരജേട്ടൻ ബെഡിൽ തന്നെ കിടന്നോ”. “പറയുന്നത് അനുസരിക്കാൻ അറിയില്ലല്ലേ”. അവൾ മുഖം താഴ്ത്തി നിന്നു. “പിന്നെ ഒരു കട്ടിലിൽ ഒപ്പം കിടന്നെന്ന് വെച്ച് ഞാൻ തന്നെ പിടിച്ച് വിഴുങ്ങനൊന്നും പോകുന്നില്ല കേട്ടോ. പറയുന്ന കേട്ട് ഇത്ര പേടിക്കാൻ”. പീലിയുടെ മുഖത്ത് ചമ്മൽ നിറഞ്ഞു.

അവൾക് കട്ടിലിൽ കിടന്നിട്ട് എന്തോ പോലെ തോന്നി. സൂരജിന് സോഫയിൽ കിടക്കാൻ സൗകര്യമുണ്ടോ , ഉറങ്ങാനാകുമോ , എന്നൊക്കെ അവളോർത്തു. അടുത്ത ദിവസം കോളേജ് കഴിഞ്ഞ് തിരികെ വീട്ടിലെത്തി കുളിച്ച് വേഷം മാറി അടുക്കളയിലേക്ക് ചെന്നു. ഫ്ലാസ്കിലെ ചായ കപ്പിലേക്ക് ഒഴിച്ചപ്പോൾ അവൾക്കുണ്ടായ ഉൾപ്രേരണയിൽ അവൾ വേഗത്തിൽ ബൂന്ധി തയ്യാറാക്കി ലഡ്ഡു ഉണ്ടാക്കി. ചായയ്ക്കൊപ്പം ഒരു പാത്രത്തിൽ അതുമായി സൂരജിനരികിലേക്ക് ചെന്നു. ബാൽക്കണിയിലേക്ക് കാലെടുത്തു വെച്ചപ്പോൾ കണ്ട കാഴ്ച പീലിയിൽ സന്തോഷം നിറച്ചു. പല നിറത്തിലുള്ള ഓർക്കിഡ് ചെടികൾ കൊണ്ട് സമൃദമായിരുന്നു അവിടെ. അത് മാത്രമല്ല അവളെ ഞെട്ടിച്ചത് , ബീൻ ബാഗിന്റെ സ്ഥാനം ഇപ്പോളൊരു ആട്ടുകട്ടിൽ കയ്യടക്കിയിരിക്കുന്നു. “ഇപ്പോ എങ്ങനുണ്ട് പീലി. ഓർക്കിഡ് ഒക്കെ നല്ലതല്ലേ. പിന്നെ ഈ സ്വിങ് അതെന്തിനാണെന്ന് ചോദിച്ചാൽ ഞാൻ ഇരിക്കുമ്പോൾ , തന്നെ നിർത്തി സംസാരിപ്പിക്കുന്നത് മോശമല്ലേ. അത് കൊണ്ടാണ്. ഇതിപ്പോ രണ്ടാൾക്കും ഇരിക്കാമല്ലോ”. “അയ്യോ എന്നാലും ഇതിന്റെ ആവശ്യം ഉണ്ടായിരുന്നോ”?. “ഞാനും പല തവണ ഓർത്തതാണ്.

തീർത്ഥ എപ്പോളും പറയും ബീൻ ബാഗ് മാറ്റി ഒരു ഊഞ്ഞാലിടാൻ.അല്ല ഇന്നെന്താ ചായയ്ക്കൊപ്പം സ്പെഷ്യൽ”?. “അത് ഞാൻ വെറുതെ ഉണ്ടാക്കിയതാണ് . അമ്മ അങ്ങനെ ഒന്നും ചെയ്യാൻ സമ്മതിക്കില്ല”. ” ഇത് കൊള്ളാല്ലോ. നല്ല സ്വാദുണ്ട്. ചുമ്മാതല്ല അമ്മ തന്റെ ഫാൻ ആയത്”. പീലി ചിരിച്ചതല്ലാതെ മറുപടി ഒന്നും പറഞ്ഞില്ല. സൂരജ് ഹാളിലിരിക്കുകയായിരുന്നു. പുറത്തൊരു വണ്ടിയുടെ ശബ്ദം കേട്ട് പീലി നോക്കാനായി വന്നു. ഭദ്രയും പ്രഭാകരനും തിരികെ വരുമെന്ന് അറിയിച്ചിരുന്നതിനാൽ പീലി അവരെ പ്രതീക്ഷിച്ചിരിക്കുകയാണ്. വേഗത്തിൽ നടന്നു വന്നതും കാൽ വഴുതി അവൾ നിലത്തേക്ക് വീഴാനാഞ്ഞു. സൂരജിന്റെ കൈകളിൽ അവൾ സുരക്ഷിതയായിരുന്നു.കണ്ണ് തുറന്ന് നോക്കിയതും പരിഭ്രമത്താൽ തന്നെ നോക്കി നിൽക്കുന്ന സൂരജിനെയാണ് പീലി കണ്ടത്. അവൻ അവളെ ചേർത്തു പിടിച്ചിരുന്നു. അവന്റെ നെഞ്ചോട് പറ്റി ചേർന്നാണ് അവൾ നിന്നിരുന്നത്.

“അവര് ഇങ്ങോട്ടല്ലേ വരുന്നത്. ദൃതി കാണിച്ചു എവിടേലും വീണാൽ ഞാൻ തള്ളിയിട്ടന്നെ അമ്മയും അച്ഛനും പറയൂ. അതിനും ഞാൻ വഴക് കേൾക്കേണ്ടി വരും”. “ഞാൻ തനിയെ വീണതാണെന്ന് ഞാൻ പറയും”. ” എന്നാലും സൂക്ഷിച് നടക്കാൻ മേല”. അവന്റെ കൈക്കുള്ളിലാണ് താനെന്നു തിരിച്ചറിഞ്ഞ പീലിയിലൊരു പിടച്ചിലുണ്ടായി. അത് മനസിലാക്കിയ സൂരജ് പതിയെ അവളിലെ പിടുത്തം അയച്ചു. വീടിനുള്ളിലേക്ക് വന്ന ഭദ്രയും പ്രഭാകരനും ചേർന്നു നിന്ന് എന്തോ സംസാരിക്കുന്ന മകനെയും മരുമകളെയും കണ്ട് പെട്ടെന്ന് തന്നെ മാറി നിന്നു. “ഞാൻ പറഞ്ഞ ബുദ്ധി എങ്ങനുണ്ട്. അവരിപ്പോ നല്ല സ്നേഹത്തിലാ”. ” അതല്ലേലും എനിക്കറിയാല്ലോ നിന്റെ ബുദ്ധി. അത് കൊണ്ടല്ലേ നിന്നെ ഞാൻ കെട്ടിയത്.നമുക്ക് രണ്ട് ദിവസം കൂടി കഴിഞ്ഞിട്ട് വന്നാൽ മതിയായിരുന്നു”. “അയ്യടാ അങ്ങോട്ട് മാറി നിക്ക്. മോന്റെ റൊമാൻസ് വർക്ക്‌ ആക്കാനാ പോയത്. അല്ലാതെ നിങ്ങടെയല്ല”. തുടരും