രചന – കാവേരി
#ഒളിച്ചോട്ടം
**********
കൃഷ്ണൻകണിയാരുടെ അടുത്തുനിന്നും വന്നതുമുതൽ ശേഖരൻനായർ ആകെ അസ്വസ്ഥനായിരുന്നു …എപ്പോഴും ഒരേ ചിന്ത തന്നെ. ഊണിലും ഉറക്കത്തിലും ചിന്ത ..രാത്രിയിൽ ഉറക്കം വെടിഞ്ഞ് തലയ്ക്കു കയ്യും കൊടുത്ത് ഒരേ ഇരിപ്പാകും ചിലനേരങ്ങളിൽ ..
“””നിങ്ങൾക്കെന്തുപറ്റി മനുഷ്യാ..?നാലഞ്ച് ദിവസം ആയല്ലോ ഇങ്ങനെ. കണിയാനെ കാണാൻ പോയി വന്ന അന്നുമുതൽ ശ്രദ്ധിക്കണതാ. വല്ലതുമുണ്ടെങ്കിൽ പറഞ്ഞു തുലയ്ക്ക് ..”””
ചാടിക്കടിക്കാൻ വന്ന ഭാര്യ സുമതിയെ ഒന്ന് ഇരുത്തി നോക്കിയിട്ട് ശേഖരൻ നായർ പറഞ്ഞു …,
“””നിനക്കൊക്കെ എന്ത് അറിയണം? ബാക്കിയുള്ളവൻ നല്ല പ്രായം മുഴുവൻ അതിർത്തിയിൽ കിടന്ന് ഊണും ഉറക്കവുമില്ലാതെ കഷ്ടപ്പെട്ട് ഉണ്ടാക്കിയതാ ഇതൊക്കെ …ഇത്രയും കാലം നിനക്കും നമ്മുടെ മക്കള്ക്കും എന്തേലും കുറവ് ഞാൻ ഉണ്ടാക്കിയിട്ടുണ്ടോ ??രണ്ട് പെൺ പിള്ളാരല്ലേ എന്നുകരുതി അതുങ്ങളെ വീട്ടിൽ തളച്ചിട്ടോ..?ഇല്ലല്ലോ ..എന്നിട്ടും. എനിക്ക് ഇങ്ങനെ …””””
“”””അതിനിപ്പം എന്തുണ്ടായി ??അവർ പഠിക്കയല്ലേ…നല്ല മര്യാദയോടെ തന്നെയാ ഞാൻ അവരെ വളർത്തിക്കൊണ്ടുവരണത്..”””
സുമതിക്ക് ദേഷ്യം വന്നു ….
“””മര്യാദ….എന്നെക്കൊണ്ടൊന്നും പറയിപ്പിക്കണ്ട.പിള്ളേരുടെ ജാതകം ഒന്ന് കണിയാനെ കൊണ്ട് നോക്കിപ്പിക്കാൻ തോന്നിയ സമയം എന്തായാലും നന്നായി ….ഇല്ലേൽ ന്റെ ഭഗവതി …..”””
“””നോക്കിയിട്ട് കണിയാൻ എന്തു പറഞ്ഞു ??”””
സുമതിക്ക് ആകാംക്ഷ കൂടി ..
“”എന്തു പറയാൻ മൂത്തവൾ സൂര്യക്ക് കല്യാണം നടക്കാൻ ബുദ്ധിമുട്ടാ..ഒരു ഒളിച്ചോട്ടം കാണുന്നുണ്ട് എന്ന് കണിയാൻ തീർത്തുപറഞ്ഞു …””
“”ഒളിച്ചോട്ടമോ …??””
“””ആ… അതെ.. ഒളിച്ചോട്ടം തന്നെ. അവൾക്ക് ആരോടേലും അടുപ്പമുണ്ടോടി…? എങ്കിൽ കൊല്ലും ഞാൻ ആ അസത്തിനെ.. കൃഷ്ണൻ കണിയാൻ പറഞ്ഞാൽ അച്ചട്ടാ..അവളുടെ പഠിപ്പു ഞാൻ നിർത്തണുണ്ട്…പെൺകുട്ട്യോള് അധികമൊന്നും പഠിക്കേണ്ട… ബ്രോക്കർ ചന്ദ്രനോട് നല്ല ആലോചനകൾ ഉണ്ടേൽ കൊണ്ടുവരാൻ പറഞ്ഞിട്ടുണ്ട് ഞാൻ …””
“””നിങ്ങൾക്ക് ഭ്രാന്തായാ മനുഷ്യനേ… അവൾക്ക് 19 തികഞ്ഞിട്ടില്ല… ഡിഗ്രി പൂർത്തിയാക്കിയിട്ട് ബി .എഡിന് ചേരണമെന്നാ അവൾക്ക് മോഹം ..ഒരു ടീച്ചർ ആകണമെന്ന് വലിയ ആഗ്രഹത്തോടെ പഠിക്കുന്ന കൊച്ചാ.. വല്ല വട്ടൻ കണിയാന്മാരുടെയും വാക്കുകേട്ട് എന്റെ കൊച്ചിന്റെ ജീവിതം തുലയ്ക്കാൻ ഞാൻ സമ്മതിക്കില്ല.. നോക്കിക്കോ …”””
“””നിൻറെ സമ്മതം അല്ലേലും ആർക്കും വേണ്ട …ഞാൻ തീരുമാനിച്ച് ഉറപ്പിച്ചിട്ടുണ്ട് …നാട്ടാരുടെ മുന്നിൽ മാനംകെട്ട് ഒരു ജീവിതം എനിക്ക് ചിന്തിക്കാനേ വയ്യ…””
ശേഖരൻ നായർ തറപ്പിച്ചുപറഞ്ഞു …
അയാൾ എല്ലാം തീരുമാനിച്ചുറപ്പിച്ചിരുന്നു…പിറ്റേന്നുതന്നെ ബ്രോക്കർ ചന്ദ്രൻ വന്നു.. ഒന്നു രണ്ടു നല്ല ആലോചനകൾ ഉണ്ടായിരുന്നു.. അതിൽ നിന്നും ഒരു ബാങ്ക് ക്ലാർക്കിന്റെ ഫോട്ടോയും ബയോഡാറ്റയും ,ജാതക കുറിപ്പും ശേഖരൻനായർക്ക് കൊടുത്തു ..
“””പയ്യൻ എസ് ബി ഐ ബാങ്കിൽ ക്ലാർക്കാ.. അത്യാവശ്യം സാമ്പത്തിക മുണ്ട്.. ഒരു പെങ്ങളുള്ളതിനെ കെട്ടിച്ചുവിട്ടു… നല്ല സ്വഭാവം ,യാതൊരു ദുശീലവും ഇല്ല.. ഇത് ആലോചിച്ചാലോ?? ജാതകപൊരുത്തം ഉണ്ടേൽ നമുക്ക് നോക്കാലോ.. അവർക്കാണേൽ ഒരു ഡിമാൻഡും ഇല്ല “”
ബ്രോക്കർ ചന്ദ്രൻ ആവേശഭരിതനായി പറഞ്ഞു …
“”ഇനി ഡിമാൻഡ് ഉണ്ടേലും സാരമില്ല.. എനിക്ക് ഉള്ളതൊക്കെ എൻറെ രണ്ട് മക്കൾക്കുമാ.. ഞാൻ കണിയാനെ ഒന്ന് കാണട്ടെ ..””
പിന്നെ എല്ലാം വളരെ പെട്ടെന്നായിരുന്നു.. ആരുടെ എതിർപ്പും ശേഖരൻനായർക്ക് മുന്നിൽ തടസ്സമായില്ല..ശത്രുരാജ്യത്തിന് നേരെ എത്ര തവണ നിറയൊഴിച്ച കൈകളാ.. പിന്നെയാണോ വീട്ടുകാർ?? കണിയാനെക്കണ്ട് ജാതകം നോക്കിപ്പിച്ചു…പത്തിൽ എട്ടര പൊരുത്തം… പക്ഷേ ,കണിയാൻ വീണ്ടും തറപ്പിച്ചുപറഞ്ഞു ..,
“”ശേഖരൻ നായരെ… ഒളിച്ചോട്ടം കാരണം കല്യാണം മുടങ്ങാനുള്ള സാധ്യത ഇപ്പോഴുമുണ്ട് ..””
ഒരു വെള്ളിടി വെട്ടിയ പോലെ ശേഖരൻ നായർ പിടഞ്ഞു ..
“”പരിഹാരം ..വല്ലതും ..?””
“”ഉം.. കുടുംബക്ഷേത്രത്തിൽ ഒരു പന്തിരുനാഴി കഴിപ്പിക്കുക.. പിന്നെ.. ഏതിനും കുട്ടിയെ തനിയെ ഒരിടവും വിടണ്ട ..നമുക്ക് നോക്കാം ..””
അന്നും ശേഖരൻ നായർ വീട്ടിൽ ഒരു യുദ്ധം ഉണ്ടാക്കി ..ഒരു പക്ഷത്ത് ഭാര്യയും രണ്ടുമക്കളും. മറുപക്ഷത്ത് അയാൾ മാത്രം ..എന്നിട്ടും വിജയം അയാൾക്ക് തന്നെയായിരുന്നു …
കോളേജിൽ പോകണമെന്ന മകളുടെ ഒരൊറ്റ ആവശ്യം മാത്രം അയാൾ അംഗീകരിച്ചു ..പക്ഷേ ,പഴയതുപോലെ ബസ്സിൽ വേണ്ട എന്ന് തറപ്പിച്ചു പറഞ്ഞു ..അതിന് അയാൾ ഒരുപായവും കണ്ടിരുന്നു ..
കോളേജിൽ കൊണ്ട് വിടാനും വിളിച്ചുകൊണ്ടു വരാനും ഒക്കെ ഒരു ഓട്ടോ ഏർപ്പാടാക്കി.. ചുരുക്കിപറഞ്ഞാൽ ശേഖരൻ നായരുടെ മനസാക്ഷി സൂക്ഷിപ്പുകാരന്റെയും,വിശ്വസ്തന്റെയും ജോലി കൂടിയായി ഓട്ടോഡ്രൈവർ രമേശന്..അധികജോലി അധിക കൂലി ഇരുകൂട്ടരും ഹാപ്പി …
അങ്ങനെ ഒരു ഞായറാഴ്ച ചെക്കനും കൂട്ടരും പെണ്ണുകാണൽ ചടങ്ങിനെത്തി.. പരസ്പരം കണ്ടു ബോധ്യപ്പെട്ട്, കല്യാണത്തിന് ദിവസവും കുറിക്കാൻ ഏർപ്പാടും ചെയ്തു അവർ പോയി ..
“”ശേഖരൻ നായരെ ….നാല് മാസം കഴിഞ്ഞ് കുട്ടിക്ക് 19 വയസ്സ് തികയണതിന്റെ പിറ്റേ ആഴ്ച, അതായത് ..വരുന്ന ചിങ്ങം പത്തിന് വ്യാഴാഴ്ച രാവിലെ 10 : 30 നും 11 നും ഇടയ്ക്ക് നല്ലൊരു മുഹൂർത്തം ഉണ്ട്.. അത് അങ്ങോട്ട് കുറിക്കട്ടെ ..?””
കൃഷ്ണൻ കണിയാൻ നീട്ടി ചോദിച്ചു ..
“”4 മാസമോ??അതല്ലാതെ എത്രയും പെട്ടെന്ന് വേറൊരു മുഹൂർത്തം ഉണ്ടോ ?””
“”ഹേയ്.. ഇപ്പൊ കുട്ടിക്ക് ദശാസന്ധീടെ സമയമാ.. അത് കഴിയണമെങ്കിൽ നാലുമാസം ആകും ..ഒന്നാമത് കല്യാണത്തിന് തടസ്സം കാണണുണ്ടേ…””
“”അയ്യോ ..വേണ്ട കണിയാരെ. എന്നാപ്പിന്നെ ചിങ്ങം പത്ത് ,വ്യാഴാഴ്ച അതുമതി .. ന്റെ ഭഗവതി കാത്തോളണേ …””
ശേഖരൻനായർ നെഞ്ചത്ത് കൈവച്ച് പറഞ്ഞു ..
നാലുമാസം എങ്ങനെ നീട്ടി വിടുമെന്ന് ശേഖരൻനായർ ചിന്തിച്ചു കൊണ്ടിരുന്നു.. വീട്ടിൽ എന്നും ഭാര്യയുമായി വഴക്കായി.. എല്ലാത്തിനും ഒരു സംശയം ..ഇടയ്ക്കിടയ്ക്ക് കണിയാരെ കാണാൻ പോകുമായിരുന്നു.. വാങ്ങുന്ന കാശിന്റെ ആത്മാർത്ഥത ഒട്ടും ചോരാതെ കണിയാൻ ഒളിച്ചോട്ടത്തെ ഓർമ്മപ്പെടുത്തിക്കൊണ്ടേയിരുന്നു..
മകൾക്ക് യാതൊരുവിധ ചുറ്റിക്കളിയും ഇല്ലെന്ന് ഓട്ടോഡ്രൈവർ സാക്ഷ്യപത്രം നൽകി ..എന്നാലും ശേഖരൻ നായരുടെ മനസ്സിലെ തീ കെട്ടു പോയിരുന്നില്ല …
മാസങ്ങൾ കഴിഞ്ഞു ..കല്യാണക്കുറി അടിച്ചു .. വിളിയും തുടങ്ങി ..തിരക്കിൽ നിന്നും തിരക്കിലോട്ട് തന്നെ.. പെണ്ണിന് സ്വർണ്ണവും വസ്ത്രങ്ങളും ഒക്കെ വാങ്ങി .വീട്ടുകാർക്കും ..എന്തിനേറെ പറയുന്നു ??നാട്ടുകാർക്ക് വരെ വാങ്ങി ..
മകൾ സന്തോഷവതിയാണോ എന്ന് അയാൾ എപ്പോഴും ശ്രദ്ധിച്ചു കൊണ്ടേയിരുന്നു… അവളുടെ മുഖത്തെ സന്തോഷം കാണുമ്പോൾ അയാളുടെ മനസ്സിലെ ഭാരം കുറയാനും തുടങ്ങി..
അങ്ങനെ കല്യാണതലേന്ന് എത്തി.. ശേഖരൻനായർ ആകെ അസ്വസ്ഥനായി ..വിരുന്നുസൽക്കാരം ഒക്കെ കഴിഞ്ഞ് ആൾക്കാരെല്ലാം പോയിരുന്നു ..വീട്ടിൽ പിന്നെ കുറച്ച് അടുത്ത ബന്ധുക്കൾ മാത്രം …ഓട്ടോക്കാരൻ ആത്മമിത്രത്തിനോട് പറഞ്ഞു അന്ന് രാത്രി വീടും പരിസരവും നിരീക്ഷിക്കാൻ അയാൾ നാലഞ്ച് പേർക്ക് കൊട്ടേഷൻ കൊടുത്തിരുന്നു.. പെൺകുട്ടികളാണ്.. പൂച്ചയെ പോലെ ഇരിക്കും ..അത്രപെട്ടെന്നൊന്നും വിശ്വസിക്കാൻ പറ്റില്ല …മാത്രവുമല്ല പത്തുനൂറ് പവൻ സ്വർണ്ണം വരെ ലോക്കറീന്ന് എടുത്തു വെച്ചിട്ടുണ്ട് ..ഒരു സുരക്ഷ ഉള്ളത് നല്ലതാണല്ലോ ..
ആ ധൈര്യത്തിൽ അയാൾ മകളുടെ വിവാഹവും സ്വപ്നം കണ്ട് ഉറങ്ങാൻ കിടന്നു ..ഏറെനാളത്തെ ഉറക്കക്ഷീണം കാരണം നേരം പുലർന്നത് അയാൾ അറിഞ്ഞതേയില്ല ..ആളുകളുടെ ഉച്ചത്തിലുള്ള സംസാരം കേട്ടാണ് അയാൾ ഞെട്ടിയുണർന്നത് ..
ഉണർന്നപാടെ കല്യാണത്തിന്റെ കാര്യം ഓർമ്മവന്നു ..ആറ് മണി കഴിഞ്ഞിരിക്കുന്നു ..7 മണിക്ക് മുന്നേ മണ്ഡപത്തിൽ എത്തണം… അയാൾ വെപ്രാളപ്പെട്ട് മകളുടെ മുറിയിലേക്ക് ഓടി ..അവിടെ ചെന്നഅയാൾക്ക് സ്വന്തം കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല ..മകൾ കുളിച്ചൊരുങ്ങി സാരിയൊക്കെ ഉടുത്ത് നിൽക്കുന്നു… ഇളയവളും അവരുടെ കൂട്ടുകാരും ഒക്കെയുണ്ട് ..
അയാളിലെ അച്ഛൻ ആത്മാഭിമാനത്തിന്റെ നെറുകയിലെത്തി ..അന്നാദ്യമായി അയാൾക്ക് കൃഷ്ണൻ കണിയാനോട് അമർഷം തോന്നി …ആ ..എന്നാലും ശ്രദ്ധിച്ചത് നല്ലതായല്ലോ എന്ന ചിന്തയിൽ അയാൾ ഭാര്യയെ വിളിച്ചു..
“”സുമതീ… എടീ സുമതീ…. ഇങ്ങ് വാ..””
ഏറെനേരം വിളിച്ചിട്ടും ഭാര്യ വന്നില്ല. അയാൾക്ക് കലി വന്നു ..
“”ഈ നായിൻറെ മോളെ കാണാനില്ലല്ലോ …നല്ലോരു ദിവസമായിട്ട് ഇവളെവിടെ പോയി തുലഞ്ഞു ??””
അയാൾ ചാടി തിമിർത്തു..
“”അമ്മ അമ്പലത്തിൽ പോയതാ അച്ഛാ… പക്ഷേ വരാനുള്ള സമയം കഴിഞ്ഞല്ലോ..””
ഇളയവൾ ഗായത്രി പരവശപ്പെട്ടു..
“” എങ്ങനെയാ പോയത് ?””
“”ഓട്ടോയില് ”
“”ആ ..എന്നാലിപ്പോൾ എത്തും..””
അയാൾ സമാധാനിച്ചു ..പക്ഷേ സമയം ചെല്ലുന്തോറും അയാൾക്ക് ആധിയായി.. അയാൾ ഓട്ടോഡ്രൈവർ രമേശന്റെ മൊബൈലിൽ ഡയൽ ചെയ്തു .. മൊബൈൽ സ്വിച്ച് ഓഫ് ആയിരുന്നു..
സമയം ഏഴായി ..ഏഴരയായി.. വീട്ടിൽ അതൊരു സംസാരവിഷയമായി.. ശേഖരൻ നായർ ഓടിച്ചെന്ന് അലമാര തുറന്നു നോക്കി ..ഒരു തരി പൊന്നു പോലും ഇല്ല..പകരം ഒരു കത്ത് മാത്രം.. അയാളത് തുറന്നു വായിച്ചു …
“”പ്രിയപ്പെട്ട ചേട്ടന്..,
ഞാൻ ചെയ്യുന്നത് തെറ്റാണ് ..ഒരിക്കലും പൊറുക്കാൻ പാടില്ലാത്തതാണ് എന്നും എനിക്കറിയാം …പക്ഷേ സാഹചര്യമാണ് എന്നെ ഇങ്ങനെ ആക്കിയത് ..നിങ്ങളും മക്കളും മാത്രമെന്ന ലോകത്തായിരുന്നു ഞാൻ ജീവിച്ചത്.. പക്ഷേ കുറേ മാസങ്ങളായി ഞാൻ നിങ്ങൾക്ക് ഒരു ശത്രുവിനെ പോലെ ആയിരുന്നു..നിങ്ങൾ ഒരിക്കലും എൻറെ മനസ് അറിഞ്ഞിരുന്നില്ല.. പക്ഷേ, രമേശൻ എന്നെ മനസ്സിലാക്കി ..എനിക്ക് സ്നേഹം തന്നു ..ഇനിയുള്ള കാലം ഞാൻ രമേശനോടൊപ്പം ജീവിക്കാൻ പോവുകയാ..സ്വർണ്ണം ഞാനെടുത്തിട്ടുണ്ട് ..പൊറുക്കണം.. മക്കളോട് മാപ്പുചോദിക്കുന്നു ..
എന്ന്,
സുമതി..
ബോധം വന്നപ്പോൾ ശേഖരൻ നായർ ഹോസ്പിറ്റലിൽആയിരുന്നു.. ഇനിയൊരു യുദ്ധത്തിനോ ചെറുത്തുനിൽപ്പിനോ അയാൾക്ക് ആത്മബലം ഉണ്ടായിരുന്നില്ല… കല്യാണം മുടങ്ങിയ വേദനയിലും വലുതായിരുന്നു ഭാര്യ പോയ നാണക്കേട് …കണിയാന്റെ വാക്കുകേട്ട് കുടുംബത്തിൽ ആവശ്യമില്ലാത്ത തീരുമാനങ്ങളെടുക്കാനും, കണ്ണിൽ കണ്ടവൻ മാർക്ക് അമിതസ്വാതന്ത്ര്യം കൊടുക്കാനും ഇടയാക്കിയ നിമിഷത്തെ അയാൾ പഴിച്ചു ..അപ്പോൾ അയാളുടെ മനസ്സിൽ ആരോ പറയുന്നുണ്ടായിരുന്നു …,
“”വിശ്വാസമാകാം ..എന്നാൽ അന്ധവിശ്വാസം അരുത് …അമിത വിശ്വാസവും …””

by