22/04/2026

മാംഗല്യം : ഭാഗം 03

രചന – അയിഷ അക്ബർ

രുട്ടാ വലിയ തറവാടിനു ചുറ്റും പരന്നു തുടങ്ങിയിരുന്നു….. വിവി ഉമ്മറത്തെ തിണ്ണയിലിരുന്നു….. മഴ തോർന്നു നിൽക്കുന്ന അന്തരീക്ഷം അവന്റെ മനസ്സിനെ തണുപ്പിക്കുന്നുണ്ടായിരുന്നു…… കുറുഞ്ഞി പൂച്ച വാല് പൊക്കി വന്നവനോട് ചേർന്ന് നിന്നു….. അവൻ സ്നേഹത്തോടെ അതിന്റെ നെറുകെയിൽ തലോടി…… ഭക്ഷണം കഴിക്കാനായി എല്ലാവരും മേശ മേൽ നിരന്നപ്പോൾ അവൾക്കായി കണ്ണുകളൊന്നു പരതി…. മീര മോളെവിടെ…. അച്ഛനത് ചോദിക്കുമ്പോൾ പ്രതീക്ഷയോടെ താനും ചെവിയോർത്തു….. ആ കൊച്ചിന് വേണ്ടെന്ന് പറഞ്ഞ് മാധവേട്ടാ…. അവളുടെ ഓരോ പ്രവർത്തിയും തന്നിലിണ്ടാക്കുന്നതൊരു തരം ആശങ്കയാണെന്ന് അവനറിയാമായിരുന്നു…. അന്നത്തെ ആ സംസാരവും ഇന്നത്തെ അവളുടെ കോപവുമെല്ലാം കൂട്ടി വായിക്കുമ്പോൾ എന്തൊക്കെ സംഭവിക്കാൻ പോകുന്നുവെന്നത് അവനെയല്പം ഭയപ്പെടുത്തിയിരുന്നു….. മുറിയിലേക്ക് കിടക്കാനായി ചെല്ലുമ്പോൾ തലയിണ മടിയിൽ വെച്ചവളിരിക്കുന്നുണ്ടായിരുന്നു…..

തന്നെ കണ്ടതും കയ്യിലുള്ള മൊബൈൽ ചെവിയോടവൾ ചേർത്തു… എന്ത് പറയാനാടോ….. വിധി….. ഒരു കാടിന് നടുവിലൊരു വീട്…. ഒട്ടും സംസ്കാരമില്ലാത്ത കുറെയാളുകൾ…. അവൾ ഫോണിലൂടെ പറയുകയാണെന്ന നിലക്ക് പുച്ഛത്തോടെയത് പറയുമ്പോൾ താൻ കേൾക്കാൻ വിധത്തിലാണതെന്ന് വിവിക്ക് മനസ്സിലാവുന്നുണ്ടായിരുന്നു…… മേശ മേൽ അടച്ചു വെച്ച ജഗ്ഗിൽ നിന്നും അവൻ വെള്ളമെടുത്തു കുടിച്ചു….. ഹാ…. ശിവ ശങ്കരന്റെ മോളെയല്ലേ കിട്ടിയിരിക്കുന്നത്….. ഇതിലും വലിയ ലോട്ടറി അവർക്ക് കിട്ടാനുണ്ടോ… അവനെ തന്നെ തറപ്പിച്ചു നോക്കി അവളത് പറയുമ്പോൾ അവന് ദേഷ്യം വരുന്നുണ്ടായിരുന്നെങ്കിലും തന്നെ സ്വയം നിയന്ത്രിച്ചവൻ നിന്നു….. പിന്നേ….. ഈ ചേറിലും ചളിയും കിടന്ന് കാലം കഴിക്കാനൊന്നും ഈ മീരയെ കിട്ടില്ല…. കൂടിപ്പോയാൽ ആറു മാസം….. അത് വരെയേ ഇവരൊക്കെ തന്നെ കാണു….. അവളത് പറയുമ്പോഴും അവനത് കേട്ട് നിൽക്കുമ്പോഴും അത് തന്നോടായി അവൾ പറയുകയാണെന്ന് അവനറിയാമായിരുന്നു…. ഫോണിന്റെ അറ്റത് അവളുടെ സംസാരം കേൾക്കാൻ ആരുമില്ലെന്നും അവനറിയാമായിരുന്നു….

തങ്ങളുടെ ബന്ധം ആറ് മാസത്തിൽ കൂടുതൽ പോകില്ലെന്ന് അവൾക്ക് തന്നെ അറിയിക്കാനുള്ള ഒരു വഴിയായിരിക്കാം ഇത്… ബന്ധങ്ങളുടെ താലി ചരട്…. അത്ര മേൽ സ്നേഹാർദ്രമായ ബന്ധതെ എങ്ങനെയാണിത്ര ലാഘവത്തോടെ പറിച്ചു കളയാൻ കഴിയുന്നതെന്നവനോർത്തു…… വീണ്ടും ഒന്നും കേൾക്കാൻ ശക്തിയില്ലാത്തത് കൊണ്ട് തന്നെ അവൻ ആ മുറി വിട്ടിറങ്ങി….. കോണിപ്പടികളിറങ്ങി താഴെക്കെത്തിയപ്പോഴേക്കും എല്ലാവരും കിടന്നിരുന്നു….. അവൻ അവന്റെ കണക്ക് പുസ്തകം തുറന്നു…. മനസ്സവിടെയെങ്ങുമായിരുന്നില്ല….. അവൾ പറഞ്ഞ കാര്യങ്ങളിൽ തന്നെ കുരുങ്ങി ക്കിടന്നു…. ആ താലി അവളുടെ കഴുത്തിൽ കേട്ടുന്നതിനു മുൻപ് ഈ വിവാഹം മുടങ്ങിപ്പോക്കാതിരുന്നതിൽ അവന് വല്ലാത്ത ദേഷ്യം തോന്നി….. ഇന്നവൾ തന്റെ ഭാര്യയാണ്…… ഓർക്കും തോറും അവന് ശ്വാസം വിലങ്ങുന്നത് പോലെ …. കണ്ണാ….. പിറകിൽ നിന്നുമുള്ള ആ വിളിയിൽ അവൻ ഞെട്ടി തിരിഞ്ഞു…. അമ്മയായിരുന്നു…..

ഈ നേരത്ത് നീയെന്താ ഇവിടെയിരിക്കുന്നത്…. അവനെന്ത്‌ പറയണമെന്നറിയില്ലായിരുന്നു…… മോനേ…..അച്ഛനെയും അമ്മയെയും ഇന്നേ വരെ നീ പൊന്നു പോലെ നോക്കിയിട്ടേയുള്ളു…. ഞങ്ങളുടെ ഇഷ്ടങ്ങൾക്കനുസരിച്ചു നിൽക്കാൻ നിനക്കെന്നും പക്ക്വതയുണ്ടായിരുന്നു…. എല്ലാ കാര്യങ്ങളും ഏറ്റെടുക്കാനും നടത്തി കൊണ്ട് പോകാനും ഒപ്പം കുടുംബത്തെ ചേർത്ത് നിർത്താനും നിനക്കറിയാം.. എന്നാലിപ്പോൾ നീ കടന്നിരിക്കുന്നത് ഒരു പുതിയ ബന്ധത്തിലേക്കാണ്….. നാടും വീടും വീട്ടുകാരെയുമെല്ലാം വിട്ട് നിന്റെ കൈ പിടിച്ചവൾ വന്നിരിക്കുന്നത് നീയവളെ സ്നേഹിക്കുമെന്നും സംരക്ഷിക്കുമെന്ന വിശ്വാസത്തിലാണ്….. ഒരിടത് വേരൂന്നിയ ഒരു ചെടിയെ പറിച് മറ്റൊരിടത്തു നട്ടു പിടിപ്പിക്കുമ്പോൾ സ്വാഭാവികമായും അവക്ക് ആ മണ്ണിനോട്‌ പൊരുത്തപ്പെടാൻ കുറച്ച് സമയമെടുക്കും…. അതിനു വേണ്ട വെള്ളവും വളവുമെല്ലാം നൽകി സംരക്ഷിക്കേണ്ടത് ഓരോ ആണിന്റെയും കടമയാണ്….

സ്നേഹത്തോടെ അതിലേറെ വാത്സല്യത്തോടെ അവന്റെ മുടിയിഴകളിൽ തലോടി ജാനകിയത് പറയുമ്പോൾ അവന് ശെരിക്കും സങ്കടം തോന്നി….. ബന്ധങ്ങൾക്ക് ഇത്ര മേൽ സ്ഥാനം നൽകുന്ന ഇവരുടെയിടയിലേക്ക് ബന്ധങ്ങളുടെ വിലയറിയാത്ത അവളെ ചേർത്ത് വെച്ചത് എന്തൊരു വിധിയാണ്…. അവൻ മനോഹരമായൊന്നു പുഞ്ചിരിച്ചു…. അത്രമേൽ ഹൃദയം നോവുമ്പോഴും…. ചെല്ല്…..പോയി കിടക്ക്‌…. മുമ്പിൽ തുറന്ന് വെച്ച കണക്ക് പുസ്തകം മടക്കി വെച്ചു കൊണ്ട് ജാനകി പറഞ്ഞതും അവൻ പതിയേ മുറിയിലേക്ക് നടന്നു…… 🔹

മുറിയിലേക്ക് കയറി ചെല്ലുമ്പോൾ കണ്ണുകലടച്ചവൾ കിടന്നിരുന്നു…. അവന് മനസ്സിൽ വല്ലാത്തൊരു പ്രയാസം തോന്നി…. തനിക്കേറ്റവും സമാധാനം കിട്ടുന്നിടമായിരുന്നു തന്റെയീ മുറി…. എന്നാൽ ഇന്നതിനുള്ളിൽ തനിക്കൊരു ഞെരുക്കം അനുഭവപ്പെടുന്നതായി അവന് തോന്നി….. അവൻ പതിയേ കട്ടിലിലേക്ക് കിടന്നു…. അവൻ കിടന്നതും കട്ടിലിന്റെ ഓരത്തേക്ക് ഒന്ന് കൂടിയവൾ നീങ്ങി കിടന്നത് അവളുറങ്ങിയിട്ടില്ലെന്നതവന് മനസ്സിലാക്കി കൊടുത്തു…… തലയുടെ ഭാരത്തോടൊപ്പം അവൻ കൈകളെ കൂടി തലക്ക് മേൽ വെച്ച് കണ്ണുകളടച്ചു കിടന്നു…… 🔹

രാവിലെ മീരയെഴുന്നേൽക്കുമ്പോൾ സൂര്യ പ്രകാശം അവിടമാകെ പരന്നിരുന്നു… ഇലകൾക്കിടയിലൂടെ നുഴഞ്ഞു കയറി വരുന്ന സൂര്യ രശ്മികൾക്ക് സ്വർണതിളക്കമായി അവൾക്ക് തോന്നി….. അവൾ ജനലൊരം ചെന്ന് നിന്നു….. കോഴി കുഞ്ഞുങ്ങളുമായി ചിക്കി ചികഞ്ഞു നടക്കാൻ തുടങ്ങിയിരുന്നു….. തൊഴുത്തിൽ നിന്നും പശു കരയുന്നത് അവൾക്ക് കേൾക്കാൻ കഴിയുന്നുണ്ടായിരുന്നു…. തെങ്ങിന് തടമെടുക്കുന്നവരുടെ അടുത്തായി മാധവൻ നിൽക്കുന്നുണ്ടായിരുന്നു….. അവൾ വായും മുഖവും കഴുകി താഴേക്ക് നടന്നു….. അടുക്കള ഭാഗത്തേക്കെത്തിയതും സാമ്പാറിന്റെ മണം അവളുടെ മൂക്കിലേക് വരുന്നുണ്ടായിരുന്നു…. അടുക്കളയിലേക്കത്തിയപ്പോഴേ അടുപ്പിന്റെ തിണ്ണയിൽ ചാരിയിരുന്നു ചൂട് അപ്പം പാത്രത്തിലേക്കിട്ട് കഴിച്ചു കൊണ്ടിരുന്ന ദേവുവിനെയാണ് കാണുന്നത്…. ദേവു അവളെ കണ്ടതും ചെറുതായൊന്നു ചിരിച്ചെന്നു വരുത്തി…..

ദോശ ചുട്ട് കൊണ്ടിരുന്ന ജാനകി പിറകിലേക്ക് തിരിഞ്ഞതും മീരയെ കണ്ട് പുഞ്ചിരിച്ചു…. മോളേഴുന്നേറ്റോ….. ഇതാ കാപ്പി കുടിച്ചോളൂ….. കാപ്പിയിലേക്ക് ചൂണ്ടി കൊണ്ട് ജാനകിയത് പറഞ്ഞ് കൊണ്ട് വീണ്ടും ദോശയിലേക്ക് തിരിഞ്ഞു…. അവളൊരു ഗ്ലാസ്സെടുത് അതിലേക്ക് കാപ്പിയൊഴിച്ചു അടുക്കള പുറത്തേക്കിറങ്ങി….. അപ്പോഴാണ് വിവിയങ്ങോട്ട് വരുന്നത്….. വിവിയെ കണ്ടതും അവളുടെ മുഖമാകെ ചുളിഞ്ഞു…. ദേഹത്താകേ ചെളിയും ചേറും പറ്റിപ്പിടിച്ചിരുന്നു….. പാടത്തു നിന്നുള്ള വരവാകുമെന്നവളൂഹിച്ചു… അവനെ കണ്ട് മുഖം ചുളിച്ചു കൊണ്ടവൾ അകത്തേക്ക് കയറി മുറിയിലേക്ക് പോയി….. അല്ലമ്മേ….. പെൺകുട്ടികൾ രാവിലെ കുളിച് അടുക്കളയിൽ കയറുന്നതാണ് ഐശ്വര്യമെന്ന് പറയുന്ന അമ്മയുടെ മരുമോൾക്കെന്താ ആ ഐശ്വര്യം വേണ്ടേ…. ദേവു ചിറി കോട്ടിയത് പറഞ്ഞതും ജാനാക്കിയവളെ നോക്കി….

അവൾ പുറത്തൊക്കെ വളർന്ന കുട്ടിയല്ലേ….. നാട്ടിൻ പുറത്തെ ശീലങ്ങളൊക്കെ അവൾക്കറിയുമോ….. ജാനകി പതിയേ അത് പറഞ്ഞതും ദേവു വിന്റെ മുഖത്തൊരു തരം പുച്ഛം നിറഞ്ഞു…. അല്ലെടീ നീയെന്താ നാത്തൂൻ പോരിനാണോ … നല്ല അടി കിട്ടും…. കയ്യിലുള്ള ചട്ടുകം ദേവുവിന് നേരെ നീട്ടിയത് ജാനകിയത് പറഞ്ഞതും ഞാനൊന്നിനുമില്ലേ എന്ന് പറഞ്ഞ് ദേവു അവിടെ നിന്നും പോയിരുന്നു…… തലയിലെണ്ണ തേച് തോർത്തും സോപ്പുമായി ദേവു ഇറങ്ങാൻ നേരമാണ് മീരയങ്ങോട്ടേക്ക് വരുന്നത്…. അവൾ കുളക്കടവിലേക്ക് കുളിക്കാൻ പോകുകയാണ്….. മോൾക്ക് വേണമെങ്കിൽ പൊയ്ക്കോളൂ….. കുളക്കടവൊക്കെ കാണാമല്ലോ…. ജാനകി സ്നേഹത്തോടെ അത് പറയുമ്പോൾ മീരക്ക് നീരസം തോന്നി….. എനിക്ക് കുളക്കടവൊന്നും കാണേണ്ട…. അല്ലെങ്കി തന്നെ അതെന്താണിത്ര കാണാനുള്ളത്….. അവൾ പുച്ഛത്തോടെ യൊന്നു ചിരിച്ചു…. ജാനകിയുടെ മുഖം വല്ലാണ്ടാകുന്നത് കണ്ടതും ദേവുവിന് ദേഷ്യം വരുന്നുണ്ടായിരുന്നു…..

കുളിക്കുന്നതല്ലല്ലോ പ്രശ്നം….. കുളിച് മാറ്റിയുടുക്കാൻ നല്ലൊരു ഡ്രസ്സ്‌ പോലുമില്ലല്ലോ…. അവൾ കനപ്പിച്ചു കൊണ്ടത് പറയുമ്പോൾ ജാനകിയും ദേവുവും പരസപരം നോക്കി… ഒരുപാട് വസ്ത്രങ്ങളുണ്ടല്ലോ അലമാറയിൽ…. മോള് കണ്ടില്ലായിരുന്നോ….. അതൊക്കെ നിങ്ങളുടക്കുന്ന പോലത്തെ വേഷങ്ങളല്ലേ…. എനിക്കീ സാരിയൊന്നും ഉടുക്കാൻ പോലുമറിഞ്ഞു കൂടാ ….. പുച്ഛത്തോടെയത് പറഞ്ഞ് കൊണ്ട് അവിടെ നിന്നും പോകുന്നവളെ നോക്കി ജാനകി നിന്നു….. ഞാനൊന്നും പറയുന്നില്ല…. ദേഷ്യത്തോടെ അതും പറഞ്ഞ് ദേവു കുളക്കടവിലേക്കും നടന്നു… ജാനകിയുടെ മനസ്സിലും എന്തൊക്കെയോ തോന്നലുകൾ സ്ഥാനം പിടിച്ചിരുന്നു……. (തുടരും )