രചന – രജിഷ അജയ്ഘോഷ്
“ചന്ദ്രിയമ്മേ…ഈ വാഴക്കുലകൾ ശർക്കരവരട്ടിക്കും വറുത്തുപ്പേരിക്കും ഉള്ളതാട്ടോ.. ഇനി ഇതീന്ന് എടുത്ത് കറിവെക്കണ്ട.. കറിക്കുള്ളത് കുമാരേട്ടൻ കൊണ്ടുവരുന്നുണ്ട്.. ” അടുക്കളപ്പുറത്തെ പന്തലിനോരത്ത് നേന്ത്രക്കുലകൾ ഇറക്കി വെച്ചു കൊണ്ട് അടുക്കളയിലേക്ക് നോക്കി കേശു വിളിച്ചു പറഞ്ഞു…
“ശരി കുഞ്ഞേ… ഞാൻ നോക്കിക്കോളാം…”
അടുക്കള വാതിൽക്കലൂടെ ചന്ദ്രിക തല പുറത്തേക്കിട്ട് കൊണ്ട് പറഞ്ഞു…
” ഊണിന് പന്തല് പണിക്കാരും ഉണ്ടാവും ട്ടോ..” ധൃതിപ്പെട്ട് നടക്കുന്നതിനിടയിൽ കേശു വീണ്ടും പറയുന്നുണ്ടായിരുന്നു…
“അതൊക്കെ ഞാൻ നോക്കിക്കോളാം.. ഇത്തിരി കഞ്ഞികുടിച്ചിട്ട് പോയേ കുഞ്ഞേ…” പിന്നിൽ നിന്നും ചന്ദ്രികയുടെ ശബ്ദം കേട്ടു..
“ലേശം ചേന കൂടി പറിക്കാനുണ്ട്… എന്നിട്ടാവാം…” എന്നു പറഞ്ഞവൻ പോകുമ്പോൾ
“നേരം വെളുത്ത് ഉച്ചയാവാറായി.. ഈ നേരം വരെ ഒരു വക കഴിച്ചിട്ടില്ല ഈ കുട്ടി… വെശപ്പൂല്ല ദാഹോം ല്ല.. പണിതന്നെ പണി.. ” അവൻ പോകുന്ന വഴിയേ നോക്കി ഒന്നു നിശ്വസിച്ചിട്ടവർ അടുക്കളയിലേക്ക് നടന്നു…
തിളച്ച് മറിയുന്ന ചോറൊന്ന് തവിയിൽ കോരി വിരലിനാൽ ഉടച്ച് നോക്കി… ഒന്നൂടി വേവാനുണ്ട്..
ഉപ്പേരിക്ക് പയർ നുറുക്കാനെടുത്തു…
“ചന്ദ്രികേച്ചീ…പാലിരിപ്പുണ്ടോ…?” അടുക്കള വാതിൽക്കൽ സൗഭാഗ്യയുടെ ശബ്ദം കേട്ടു…
” ഉണ്ടല്ലോ മോളെ… അതാ ആ ചരുവത്തിൽ ഉണ്ട്.. ആർക്കാ പാല്…?” ടൈലിട്ട സ്ലാവിലേക്ക് ചൂണ്ടിയവർ …
” അമ്മേടെ നാട്ടീന്ന് രണ്ട് മൂന്ന് പേര് വന്നിട്ടുണ്ട്… ചായ വേണം..അമ്മാവൻ്റെ മക്കളെന്നാ പറഞ്ഞത്.. ഞാനാദ്യായിട്ടാ കാണണത്…” ചായക്ക് പാത്രം എടുക്കുന്നതിനിടയിൽ സൗഭാഗ്യ പറഞ്ഞു..
ഇതാണ് മാണിക്യമംഗലം തറവാട്… തറവാട്ടിൽ നാളെയൊരു വിശേഷം നടക്കുന്നുണ്ട്… ഇവിടുത്തെ മുത്തശ്ശി പത്മാവതിയമ്മയുടെ എൺപതാം പിറന്നാൾ ആഘോഷം…
മുത്തശ്ശിക്ക് നാല് മക്കളാണ്… ഒരു പെണ്ണും മൂന്ന് ആണും…
അതിൽ മകൾ സാവിത്രിയുടെ മകനാണ് ആദികേശ് എന്ന കേശു …മുത്തശ്ശിയുടെ കേശൂട്ടൻ.കേശുവിൻ്റെ അമ്മ പ്രസവത്തോടെ മരിച്ചതാണ്…
അമ്മ മരിച്ചതോടെ അച്ഛനും എങ്ങോ പോയി…
പിന്നീടൊരിക്കലും അയാൾ മകനെത്തേടി വന്നിട്ടേയില്ല…
കേശുവിന് അച്ഛനും അമ്മയും എല്ലാം മുത്തശ്ശിയാണ്… മുത്തശ്ശിയെ പിരിഞ്ഞിരിക്കാൻ കഴിയാത്തത് കൊണ്ടാണ് വക്കീൽ പഠനം പാതിവഴിയിൽ നിർത്തിയ കക്ഷി കൃഷിയിലേക്ക് തിരിഞ്ഞത്…
പത്മാവതിയമ്മയുടെ ഇളയമകൻ ഡോക്ടർ സതീഷും ഭാര്യ സൗഭാഗ്യയും രണ്ടു മക്കളും ബാംഗ്ലൂരാണ് താമസം… അവര് നേരത്തെ എത്തിയിട്ടുണ്ട്.
ബാക്കിയുള്ളവർ എത്തുന്നതേയുള്ളൂ…
“ചന്ദ്രിയമ്മേ… കഞ്ഞി.. ” അടുക്കളയിലേക്ക് കയറിയ കേശു പറഞ്ഞു…
” സമയം 12.30 കഴിഞ്ഞു… ഇനി ഇപ്പോ കഞ്ഞി കുടിച്ചിട്ട് എപ്പഴാ ചോറുണ്ണുന്നത്… അതോണ്ട് ചോറ് തരാം… കുഞ്ഞ് കൈകഴുകി ഇരുന്നോ..” കയ്യിലെ വെള്ളം ഉടുത്തിരിക്കുന്ന മുണ്ടിൻ്റെ തലപ്പിൽ ഒപ്പിക്കൊണ്ട് ചന്ദ്രിക പറഞ്ഞു…
“ആയിക്കോട്ടെ … ” ഒരു സ്റ്റൂളും വലിച്ചിട്ട് കേശു ഇരുന്ന് കഴിഞ്ഞിരുന്നു….
” ഇവിടെയോ… അകത്തെ മേശമേലിരിക്ക് കുഞ്ഞേ.. ആളോള് കാണും… “ചന്ദ്രിക പരിഭ്രമത്തോടെ പറഞ്ഞു…
“അതിനെന്താ ചന്ദ്രിയമ്മേ…ദേ.. എനിക്ക് വേറെ ഒരു പാട് ജോലിയുള്ളതാട്ടോ… വേഗം താ.. അവിടായാലും ഇവിടായാലും വയറ് നിറഞ്ഞാപോരെ.. മനുഷ്യൻ്റെ കുടല് കരിഞ്ഞു മണം വന്ന് തുടങ്ങി…”അൽപ്പം കുറുമ്പോടെ പറഞ്ഞവൻ…
” പറഞ്ഞാ കേൾക്കില്ലാലോ.. രാവിലെ കഴിച്ചിട്ട് പോവാൻ എത്ര തവണ പറഞ്ഞതാ.. എന്നിട്ടിപ്പോ കുടല് കരിഞ്ഞ മണം വന്നത്രേ.. സമയത്തും കാലത്തും തിന്നില്ലേൽ അവനോൻ്റെ ശരീരത്തിനാ കേട്.. ” പ്ലേറ്റിൽ വിളമ്പിയ ചോറ് കേശുവിൻ്റെ മുന്നിൽ വെച്ചു കൊണ്ടവർ അൽപ്പം ദേഷ്യത്തോടെ പറഞ്ഞു…
” അതേയ്… ഈ ഉപദേശമല്ലാതെ മറ്റെന്തിങ്കിലും ചോറിന് കൂട്ടാനുണ്ടോ….?” അവൻ കളിയായി ചോദിച്ചതും ചന്ദ്രിയമ്മ അവനെ നോക്കി കണ്ണുരുട്ടി..
സാമ്പാറും തോരനും പപ്പടവും ചുറ്റും നിരന്നപ്പോഴും
” അച്ചാറും കൂടി… ” എന്നു പറയുന്നവനെ നോക്കി വാത്സല്യത്തോടെ ചിരിച്ചവർ..
എത്ര കറികളുണ്ടെങ്കിലും ചെക്കന് അച്ചാറ് വേണം… കുഞ്ഞിലെ മുതൽ അവനായി എന്നും അച്ചാറ് ഭരണി നിറച്ച് വെക്കും അവൻ്റെ ചന്ദ്രിയമ്മ…
മാണിക്യ മംഗലത്തെ അടുക്കളയിലെ കാര്യങ്ങൾ നോക്കാനായി 30 വർഷങ്ങൾക്ക് മുൻപ് വന്നതാണ് ചന്ദ്രിക… അവർക്ക് സ്വന്തമെന്ന് പറയാൻ ആരുമില്ല..
അമ്മയില്ലാത്ത കുഞ്ഞിക്കേശുവിനെ മകനെപ്പോലെ നോക്കുമായിരുന്നവർ… അത് കൊണ്ട് തന്നെ അവനവർ ചന്ദ്രിയമ്മയായിരുന്നു….
❄❄
ഉച്ചകഴിഞ്ഞതോടെ വിരുന്നുകാരുടെ ബഹളം തുടങ്ങിയിരുന്നു.. സാധനങ്ങൾ വാങ്ങാനും
കലവറയിലേക്ക് പച്ചക്കറികൾ എത്തിക്കുന്നതിൻ്റെയും തിരക്കിലാണ് കേശു.
സതീഷ് കൂടെ ഉണ്ടായിരുന്നുവെങ്കിലും ഇടക്ക് അത്യാവശ്യം പറഞ്ഞ് പുറത്തേക്ക് പോയി…
“പരശുവേട്ടാ.. കറികളൊക്കെ ഉഷാറാവണം ട്ടോ..
എന്താ വേണ്ടേന്ന് വെച്ചാ പറഞ്ഞാ മതി.. സദ്യ ഗംഭീരമാവണം… “കലവറയിൽ ദേഹണ്ഡത്തിന് എത്തിയ പരശുരാമനോട് കേശു പറഞ്ഞു…
” ആയിക്കോട്ടെ കുഞ്ഞേ…. ”
പരശുവേട്ടനും സഹായികളും സദ്യക്കുള്ള ഒരുക്കങ്ങൾ തുടങ്ങിയിരുന്നു….
“ടാ..കേശു… ” നീട്ടിയുള്ള വിളി കേട്ടപ്പോഴേ ആളെ മനസ്സിലായി… ദേഷ്യത്തോടെ തിരിഞ്ഞു നോക്കുമ്പോൾ സോറീ ടാ.. എന്ന് മുഖം ചുളിച്ചു കൊണ്ടവൻ ചുണ്ടനക്കുന്നുണ്ട്..
“എവിടെപ്പോയിക്കിടക്കുവാരുന്നൂടാ.. രാവിലെ വരാന്ന് ഇന്നലേംകൂടെ പറഞ്ഞവനാ…”
കേശുവിൻ്റെ ദേഷ്യം കണ്ടതും സാംസൺ അവൻ്റെ കയ്യിൽ പിടിച്ചു..
“സോറീ ടാ… രേഷ്മേടെ കുഞ്ഞിന് പനിയാണെന്ന് പറഞ്ഞ് രാവിലെ വിളിച്ചിരുന്നു.. വേഗം ഹോസ്പിറ്റലിൽ പോയിട്ട് വരാംന്ന് വിചാരിച്ചതാ.. അവിടെ തിരക്കായിരുന്നു.. വീട്ടിൽ വന്നതും ഓടി വന്നതാടാ ഞാൻ..” അവൻ ക്ഷമാപണം പോലെ പറഞ്ഞു…
കേശുവിൻ്റെ സുഹൃത്താണ് സാംസൺ എന്ന സാം… സാമിൻ്റെ പെങ്ങളാണ് രേഷ്മ..
“എന്നിട്ട് കുഞ്ഞിന് എങ്ങനെയുണ്ട്.. ”
“കുറഞ്ഞെടാ.. ഇൻഞ്ചെക്ഷൻ ചെയ്തു… ”
“ന്നാ.. നീയീ കലവറേലെ കാര്യങ്ങളൊക്കെ നോക്ക്.. ഞാനിപ്പോ വരാം.. ” എന്നു പറഞ്ഞ് നടന്നു കേശു…
അകത്തേക്ക് കയറുമ്പോഴാണ് വല്യമ്മാവനും കുടുംബവും മുത്തശ്ശിക്ക് ചുറ്റുമിരുന്ന് സംസാരിക്കുന്നത് കണ്ടത്…
“വല്യമ്മാമ എപ്പൊ എത്തി… ” കേശു ദേവരാജന് അരികിലെത്തി ചോദിച്ചു..
“ഇപ്പൊ വന്നതേ ഉള്ളൂടാ… ഫാക്ടറീല് കുറച്ച് പ്രോബ്ലംസ്.. ഞാനില്ലാതെ പറ്റില്ല.. അതാ വൈകീത്.. പിന്നെ നീയിവിടെ ഉള്ളതോണ്ട് ഒരു സമാധാനം… ” ഇട്ടിരിക്കുന്ന സിൽക്കിൻ്റെ ജുബ്ബ ഒന്നുകൂടി വലിച്ചിട്ട് അയാൾ പറഞ്ഞപ്പോൾ അവനൊന്ന് ചിരിച്ചു..
“നീയാകെ ക്ഷീണിച്ചു പോയല്ലോ ൻ്റെ കേശൂ… ഒന്നും കഴിക്കണില്ലേ നീയ്യ്…” അവൻ്റെ മുഖത്ത് കൈവിരൽ ചേർത്തുകൊണ്ട് ദേവരാജൻ്റെ ഭാര്യ ഭാനുമതി ചോദിച്ചു..
“വല്യമ്മായിക്ക് തോന്നുന്നതാ… അല്ലാ ബാക്കിയുള്ളോരൊക്കെ എവിടെ..?” എന്നവൻ ചോദിക്കുമ്പോഴേക്കും….
“കേച്ചുമാമാ…..” എന്നൊരു കുഞ്ഞു ശബ്ദം കേട്ടതും” പപ്പൂസേ….” എന്ന് വിളിച്ച് കൈ നീട്ടിയിരുന്നു കേശു…
അവൻ നീട്ടിയ കൈകളിലേക്ക് ഒരു കുഞ്ഞിക്കുറുമ്പൻ ചാടി വീണു…. ദേവരാജൻ്റെ മൂത്ത മകൾ ശ്രേയയുടെ മകൻ പത്മനാഭ് എന്ന പപ്പൂസ്… കേശു പപ്പൂസിനെ എടുത്ത് വട്ടം കറക്കി…. പപ്പൂസ് അവൻ്റെ മീശയിൽ പിടിച്ചു വലിച്ചു… കവിളിൽ തുരുതുരെ ഉമ്മകൾ നൽകി…
“അവൻ്റെ കേശുമാമനെ കണ്ടാൽ പിന്നെ വേറെ ആരെയും വേണ്ട ചെക്കന്…” അൽപ്പം കുശുമ്പോടെ പറയുന്ന ശ്രേയയെ നോക്കി “ഞങ്ങൾ അങ്ങനെയാ ല്ലേടാ.. പപ്പൂസേ… ” എന്നു പറഞ്ഞ് കുഞ്ഞിനെ ഇക്കിളിയിട്ടവൻ… കുലുങ്ങിച്ചിരിച്ചു പപ്പൂസ്…
“അളിയനെവിടെ കണ്ടില്ലല്ലോ…. ” ചുറ്റും നോക്കിക്കൊണ്ട് കേശു ചോദിച്ചു..
“ദീപുവേട്ടന് ഹോസ്പിറ്റലിൽ തിരക്കായോണ്ട് നാളെയേ വരു… ” ശ്രേയ മറുപടി പറഞ്ഞു… കേശുവൊന്ന് ചിരിച്ചു..
“കേശൂ… നീയെവിടെയായിരുന്നു… ഞാനിവിടെയൊക്കെ നോക്കി… ” ശബ്ദം കേട്ടിടത്തേക്ക് നോക്കുമ്പോൾ മാധവമ്മാമ്മയാണ്.. കേശുവിൻ്റെ രണ്ടാമത്തെ അമ്മാവൻ…
” ഞാൻ പുറത്തായിരുന്നു… മാമ്മ എപ്പഴെത്തി.. ”
“ഞങ്ങൾ ഒരുമിച്ചാണ് വന്നത്… അമ്മയെ കണ്ടിട്ട് ഇപ്പൊ അങ്ങട്ട് മാറീതേ ഉള്ളൂ.. ”
മാധവൻ്റെ ഭാര്യ നിർമ്മലയും കൂടെ ഉണ്ടായിരുന്നു…
കുറച്ച് നേരം അവരോട് വിശേഷങ്ങൾ പറഞ്ഞ് തിരിഞ്ഞപ്പോഴേക്കും ഒരു കൈ അവനെ പിടിച്ചു നിർത്തിയിരുന്നു…
” എല്ലാവരെയും തിരക്കി.. എന്നെ മാത്രം അന്വേഷിച്ചില്ല.. ദുഷ്ടൻ..” ദേവരാജൻ്റെ മകൾ ശാലിനി പരിഭവത്തോടെ പറഞ്ഞു…
” ശാലു… നീയെവിടെയായിരുന്നു… കണ്ടില്ലല്ലോ…” അനന്തു അവളോടു ചോദിച്ചു..
“ഞാനവിടെത്തന്നെ ഉണ്ടായിരുന്നല്ലോ.. ” ശാലു പരിഭവത്താൽ ചുണ്ടു കൂർപ്പിച്ചു…
“ശെടാ.. ഞാൻ കണ്ടില്ലപെണ്ണേ… പോട്ടെ.. ഇനി ശ്രദ്ധിച്ചോളാം… ട്ടോ..” അവളുടെ കവിളിൽ തട്ടി പറഞ്ഞവൻ തിരികെ നടക്കുമ്പോൾ ശാലുവിൻ്റെ ചുണ്ടിൽ ചിരി വിരിഞ്ഞു .. കണ്ണുകൾ തിളങ്ങി..
രാത്രിയേറെ വൈകിയിട്ടും കേശു കലവറക്കുള്ളിൽ തന്നെയായിരുന്നു…
” പരശുവേട്ടാ…പായസത്തിനൊക്കെ മധുരം മുന്നോട്ട് തന്നെയിരുന്നോട്ടെ.. എന്നാലെ ഉഷാറാവു… ഞാനൊന്ന് കുളിച്ചിട്ട് വരാം.. ” വെളുപ്പിന് 5 മണിയായപ്പോൾ പരശുവിനോട് പറഞ്ഞവൻ അകത്തേക്ക് നടന്നു…
കുളിച്ച് റെഡിയായി അലമാരക്കുള്ളിൽ നിന്നും അമ്മമ്മക്കുവേണ്ടി വാങ്ങിയ സെറ്റും മുണ്ടും എടുത്ത് പുറത്തേക്ക് നടന്നു…
പത്മാവതിയമ്മയുടെ റൂമിന് പുറത്തെത്തിയപ്പോഴേ
അകത്ത് വെളിച്ചം കണ്ടു… വാതിൽ തുറന്ന് അകത്ത് കയറി അമ്മമ്മയെ കെട്ടിപ്പിടിച്ചു..
“ഹാപ്പി ബെർത്ത് ഡേ…അമ്മമ്മേ.. ഇനിയും ഒരു അമ്പത് വർഷം കൂടി ഇങ്ങനെ ജീവിക്കട്ടെ.. ” കവിളിൽ ഉമ്മ വെച്ചു കൊണ്ട് കേശു പറഞ്ഞതും
” അമ്പത് വർഷോ..അതിത്തിരി കൂടിപ്പോയില്ലേ കേശൂട്ടാ.. നിൻ്റെ കല്യാണം കൂടിയിട്ട് മരിച്ചാ മതിയെനിക്ക്.. അത്രേയുള്ളൂ ആഗ്രഹം… ” പത്മാവതിയമ്മ അവൻ്റെ മുഖത്തൂടെ തഴുകി…
കേശുവിന് ഓർമ്മ വച്ച നാൾ മുതൽ ഓരോ പിറന്നാളിനും ആദ്യം വിഷ് ചെയ്യുന്നത് അവനാണ്..
തന്നെ ചുറ്റിപ്പറ്റി നടക്കുന്ന കുഞ്ഞി കേശൂട്ടൻ്റെ മുഖം ഓർമ്മയിൽ തെളിഞ്ഞതും പത്മാവതിയമ്മ പുഞ്ചിരിച്ചു..
“ദാ… ഇതുടുത്ത് റെഡിയായിട്ട് വിളിക്ക്.. നമുക്ക് അമ്പലത്തിലൊക്കെ പോയിട്ട് വരാം…” കയ്യിലിരുന്ന സെറ്റും മുണ്ടും നീട്ടിക്കൊണ്ട് കേശു പറഞ്ഞു…
“ആയിക്കോട്ടെ…” അവരത് വാങ്ങി ചേർത്ത് പിടിച്ചു…
അമ്പലത്തിലേക്ക് ഇറങ്ങാൻ തുടങ്ങുമ്പോഴാണ് പിന്നിൽ നിന്നും ശബ്ദം കേട്ടത്..
” കേശുവേട്ടാ..ഞാനും കൂടി വരട്ടെ… ” ശാലുവാണ്…
“പോരെ… ” സമ്മതം കിട്ടിയതും ഓടിവന്ന് കാറിൽ കയറിയവൾ…
അമ്പലത്തിനടുത്ത് കാർ ഒതുക്കി നിർത്തി പത്മാവതിയമ്മയെ ചേർത്ത് പിടിച്ച് നടക്കുന്നവൻ തന്നെയൊന്ന് നോക്കാത്തതിൽ പരിഭവം തോന്നി ശാലിനിക്ക്… –
ഉടുത്ത് നടക്കാനറിയാതെ സാരിയും ചുറ്റി കൂടെ ഇറങ്ങിയതേ കേശുവേട്ടന് ഇഷ്ടാവുംന്ന് കരുതീട്ടാ.. അതും ആൾക്കേറ്റവും ഇഷ്ടപ്പെട്ട കരിമ്പച്ചക്കളർ… സാരിയുടെ ഞൊറിവ് ഒരു കൈ കൊണ്ട് പൊക്കിപ്പിടിച്ച് നടക്കുമ്പോൾ പരിഭവത്തോടെ കേശുവിനെ നോക്കി..
അമ്പലത്തിലെ ശിവഭഗവാൻ്റെ പ്രതിഷ്ഠക്ക് മുന്നിൽ കൈകൂപ്പി നിൽക്കുമ്പോൾ ഇനിയും ഒത്തിരിക്കാലം അമ്മമ്മ തനിക്കൊപ്പം ഉണ്ടാവണേ.. എന്ന് മനമുരുകി പ്രാർത്ഥിച്ചവൻ… അമ്മയും അച്ഛനുമെല്ലാം അമ്മമ്മയാണ്… ഒരു സങ്കടവും അറിയിക്കാതെയാണ് തന്നെ വളർത്തിയത്…
” പറ്റുന്നപണിക്ക് പോയാപ്പോരെ ൻ്റെ ശാലു… ”
അമ്പലത്തിൽ നിന്നിറങ്ങുമ്പോൾ സാരിയും പൊക്കിപ്പിടിച്ച് കഷ്ടപ്പെട്ട് നടക്കുന്നവളെ നോക്കി കേശു ചോദിച്ചതും പെണ്ണ് കണ്ണു കൂർപ്പിച്ചു നോക്കി…
” അവള് വല്യ കുട്ടിയായില്ലേ കേശൂട്ടാ.. സാരിയൊക്കെ ഉടുത്തു പഠിക്കണ്ടെ…” അമ്മമ്മ അവളെ നോക്കി പറഞ്ഞതും..
“അങ്ങനെ പറഞ്ഞ് കൊടുക്ക് അച്ഛമ്മേ… ചെലോർക്കൊന്നും നമ്മളെ കണ്ണിൽ പിടിക്കണില്ലാല്ലോ.. ” കേശുവിനെ ഒളികണ്ണിട്ടു നോക്കി കുസൃതിയോടെ പറഞ്ഞു ശാലു…
“എന്നാപ്പിന്നെ ഇവളെയങ്ങ് കെട്ടിച്ചു വിടാൻ വല്യമ്മാമ്മയോട് പറയാം ലേ.. അമ്മമ്മേ…” ശാലുവിനെ ഇടംകണ്ണിട്ട് നോക്കിക്കൊണ്ടവൻ പത്മാവതിയമ്മയോട് പറഞ്ഞു…
ശാലു ഇടുപ്പിൽ കൈ കുത്തി നിന്ന് ദേഷ്യത്തോടെ കേശുവിനെ നോക്കി…
” ഇങ്ങനെ നിന്നാലേ അമ്പലത്തിൽ വരുന്നോര് ഭദ്രകാളിയാണെന്ന് കരുതും… ” അവളുടെ നിൽപ്പ് നോക്കി വീണ്ടുമവൻ പറഞ്ഞതും
“നോക്ക് അച്ഛമ്മേ…” പെണ്ണ് തുള്ളിക്കൊണ്ട് പറഞ്ഞു …
” ൻ്റെ കേശൂട്ടാ നീയതിനെ ദേഷ്യം പിടിപ്പിക്കാതെ വരണുണ്ടോ…?രണ്ടിനെയും കെട്ടിക്കാൻ പ്രായമായി എന്നിട്ടാ തല്ലു കൂടണത്… വന്നേ രണ്ടാളും…”
അൽപ്പം ഗൗരവം നടിച്ച് പത്മാവതിയമ്മ പറഞ്ഞതും രണ്ടും മിണ്ടാതെ നടന്നു..
തിരികെ വീട്ടിലെത്തുമ്പോൾ ക്ഷണിച്ചവരെല്ലാം എത്തിയിരുന്നു….
” അമ്മയെത്തിയല്ലോ.. ഇനി കേക്ക് മുറിക്കാം.. വൈകിക്കണ്ട..” മാധവനാണ്..
വലിയൊരു കേക്ക് മേശമേൽ സ്ഥാനം പിടിച്ചു..
” പണ്ടൊക്കെ പിറന്നാളെന്ന് വെച്ചാൽ സദ്യയും പായസവുമാണ് ഉണ്ടാവുക.. ഇന്നത്തെ കാലത്തത് കേക്കും ബിരിയാണിയുമൊക്കെയായി മാറിയിരിക്കുന്നു… കാലം പോയ പോക്കെ.. ” പത്മാവതിയമ്മയൊന്ന് നെടുവീർപ്പിട്ടു…
“പണ്ടത്തെ കഥയൊക്കെ വൈകിട്ടിരിക്കുമ്പോ പറയാം… ഇപ്പൊ വന്ന് ഈ കേക്കൊന്ന് മുറിക്കെൻ്റെ പത്മാവതിയമ്മേ.. ” കേശു അവരെ പിടിച്ച് കേക്കിന് മുന്നിൽ നിർത്തി..
ആരെയോ പ്രതീക്ഷിച്ചെന്ന പോലെ പത്മാവതിയമ്മ ഇടക്ക് പുറത്തേക്ക് നോക്കുന്നുണ്ട്..
” അച്ഛമ്മ ആരെയാ നോക്കുന്നെ.. എല്ലാവരും ഇവിടെത്തന്നെയുണ്ടല്ലോ… “ശാലുവാണ്…
“ഇന്നൊരാള് വരാമെന്ന് പറഞ്ഞിരുന്നു… പക്ഷേ ഇത്ര നേരമായിട്ടും കണ്ടില്ല.. ” പത്മാവതിയമ്മയുടെ സ്വരത്തിൽ നിരാശ കലർന്നു…
“ആരാ അങ്ങനെയൊരാള്…”ശാലു ചോദിക്കുമ്പോഴേക്കും മുറ്റത്ത് ബുള്ളറ്റിൻ്റെ
ശബ്ദം കേട്ടു…
ബുള്ളറ്റിൽ നിന്നുമിറങ്ങിയ ആൾ ഹെൽമെറ്റ് ഊരിമാറ്റി തൻ്റെ വലിയ ബാഗും തോളിലിട്ട് അകത്തേക്ക് നടന്നു..
അകത്തേക്ക് വരുന്നയാളെ കണ്ടതും പത്മാവതിയമ്മയുടെ ചുണ്ടിൽ ചിരി വിരിഞ്ഞു…
“മാണിക്യമംഗലത്തെ പത്മാവതിയമ്മക്ക് ഒരായിരം പിറന്നാൾ ആശംസകൾ..” പറഞ്ഞു കൊണ്ടവൾ
അവരെ കെട്ടിപ്പിടിച്ചു കവിളിൽ ഉമ്മ വെച്ചു….
” സൈരന്ദ്രി…” ചുറ്റും നിന്നവരിൽ ആരോ പറയുന്നത് കേട്ട് അവൾ മുഖമുയർത്തി..
തുടരും..
(അതേയ് ഞാൻ വീണ്ടും വന്നൂട്ടോ.. പ്രണയവും പ്രതികാരവും ഉള്ള ഒരു കുടുംബകഥയാണ് ട്ടോ.. എല്ലാവരും കൂടെയുണ്ടാവണേ..☺)

by