19/04/2026

നിന്നോരം : ഭാഗം 03

രചന – ആതിര

ടൗണിലെ കോളേജാണ് യദു തുടർ പഠനത്തിന് തിരഞ്ഞെടുത്തത്.. ബികോം ഫസ്റ്റ് ഇയർ സ്റ്റുഡന്റാണ് അവനിപ്പോ.. ഇത്രയും നാൾ കണ്ട സ്കൂളിൽ നിന്നും വ്യത്യാസമായി അവനെ വരവേറ്റത് വേനലിനെ പോലും തോല്പിച്ച് പൂത്തുനിൽക്കുന്ന ഗുൽമോഹർ മരങ്ങളും അതിനു ചോട്ടിലെ സൗഹൃദങ്ങളും കലാലയ പ്രണയങ്ങളുമൊക്കെയായിരുന്നു… ജാതിയും മതവും നോക്കാതെ ആണെന്നോ പെണ്ണെന്നോ വേർതിരിവില്ലാതെ സൗഹൃദമെന്ന കണ്ണിയിൽ ചേർക്കാൻ ഒരുപാട് നല്ല കൂട്ടുകാരെയും അവന് കിട്ടി..

പക്ഷേ അവനൊത്തിരിയും നഷ്ടബോധം തോന്നിയത് അവളോടൊത്തുള്ള സൈക്കിൾ യാത്ര മാത്രമായിരുന്നു.. അവൾ ഇല്ലാത്ത നിമിഷങ്ങൾ ഒക്കെ തന്നെ അവൾ എത്രമാത്രം അവന് പ്രിയപ്പെട്ടതാണെന്ന് മനസ്സ് പറഞ്ഞിരുന്നു.. ഭാഗി ഇപ്പോൾ അനുവിനൊപ്പമാണ് സ്കൂളിലേക്ക് വരുന്നതും പോകുന്നതും..പത്താം ക്ലാസ്സെത്തിയതോടെ പിന്നെ സ്‌പെഷ്യൽ ക്ലാസ്സും മുറ പോലെയുള്ള ക്ലാസ് ടെസ്റ്റ്കളും വന്ന് തുടങ്ങി..എന്നാൽ ഇപ്പോൾ അതിനേക്കാൾ ഒക്കെ ആവേശത്തോടെ വീട്ടിലേയ്ക്കോടിയെത്തുന്നത് തന്റെ ഹൃദയത്തിൽ സ്ഥാനം പിടിച്ചവന്റെ സാമിപ്യം അത്രമേൽ പ്രിയപ്പെട്ടതായതുകൊണ്ട്.. വൈകിട്ടത്തെ പഠനം തുടരാൻ..ആ കുറച്ച് നിമിഷങ്ങൾക്ക് വേണ്ടി കാത്തതിരിക്കുന്നതാകട്ടെ മണിക്കൂറുകളും..തുറന്ന് പറഞ്ഞിട്ടില്ല ഇതുവരെയും..എങ്കിലും ആർക്കും വിട്ടുകൊടുക്കില്ലെന്ന് ഹൃദയം എന്നേ അവളോട് മൊഴിഞ്ഞിരുന്നു…

പത്താം ക്ലാസ്സിലെ പരീക്ഷാ ഫലമറിയാൻ ഭാഗിയുടെ രജിസ്റ്റർ നമ്പറും കൊണ്ട് കമ്പ്യൂട്ടർ സെന്ററിൽ പോയതാണ് യദു… അവൻ തിരിച്ചു വരുന്നവരെ അവന്റെ മുറിയിൽ നഖവും കടിച്ചു കൊണ്ട് അങ്ങോട്ടും ഇങ്ങോട്ടും നടക്കുകയാണ് ഭാഗി..എത്രയെന്ന് പറഞ്ഞാലും ഫലം അറിയുന്ന വരെ ടെൻഷനാണ്.. “ഭാഗീ…..” യദുവിന്റെ ശബ്ദമാണ് അവളെ ചിന്തകളിൽ നിന്നുണർത്തിയത്.. “അറിഞ്ഞോ യദുവേട്ടാ..??എനിക്ക് നല്ല മാർക്കുണ്ടോ..” ചോദ്യത്തിൽ മുന്നിട്ട് നിന്ന ഭയമറിഞ്ഞെന്നോണം അവൾക്കായി ആ മുഖത്തൊരു പുഞ്ചിരി വിരിഞ്ഞു.. “ഭാഗ്യശ്രീ.എം.വിനയന് ഡിസ്റ്റിക്ഷൻ ഉണ്ട്..അതേ ഭാഗി എൺമ്പത്തഞ്ച് ശതമാനം മാർക്കുണ്ട് നിനക്ക്.. അതുപോലെ നിന്റെ അനുവും ജയിച്ചു..അവൾക്കും നല്ല മാർക്കുണ്ട്..”

നിന്നനിൽപ്പിൽ അവൾ തുള്ളിച്ചാടി..സന്തോഷം കൊണ്ട് ഓടിച്ചെന്നവനെ മുറുകെ കെട്ടിപ്പിടിച്ചു..ഒരു നിമിഷത്തേയ്ക്ക് യദുവിന് ഒരുതരം മരവിലായിരുന്നു. അന്നേരം കൊണ്ടവന്റെ കൈകൾ അവളെ തിരിച്ചു പുൽകിയത് ഉള്ളിൽ ഒളിപ്പിച്ചു വെച്ച പ്രണയം ഭയമെന്ന തടയിണ തകർത്ത് പുറത്ത് ചാടിയതിനാലായിരുന്നു.. താൻ ചെയ്തതെന്തെന്ന ബോധ്യം വന്നതും അവൾ ഞെട്ടപ്പിടഞ്ഞ് അവനിൽ നിന്നും വിട്ടുമാറി..എന്തോ ജാള്യത തോന്നി ഇരുവർക്കും. പരസ്പ്പരം നോട്ടം തെറ്റിച്ചു.. “ഞാ..ഞാൻ വീട്ടിൽ പോയി അച്ഛനോടും അമ്മയോടും പറയട്ടെ..”

അവനെ നോക്കാതവൾ വാക്കുകൾ തപ്പിയെടുത്ത് പറഞ്ഞുകൊണ്ട് മുറിവിട്ടിറങ്ങി.. അപ്പോഴും ഇരുവരുടെയും അധരക്കോണിൽ വിരിഞ്ഞ പുഞ്ചിരിയ്ക്ക് പത്തരമാറ്റായിരുന്നു… ആ സംഭവത്തിനു ശേഷം രണ്ടുപേരിലും ഉരുത്തിരിഞ്ഞ വികാരത്തിന് പ്രണയമെന്ന പേരായിരുന്നു..തുറന്ന് പറയാതെ മൗനങ്ങൾ വാചാലമായ പ്രണയം… അവളും പ്ലസ് വണ്ണിന് തിരഞ്ഞെടുത്തത് കൊമേഴ്സ് തന്നെയാണ്..തനിയെ പഠിക്കാൻ പറ്റുമായിരുന്നിട്ടും ഒന്നും മനസ്സിലാകുന്നില്ലെന്ന കള്ളം പറഞ്ഞതും അവനെ കാണാൻ വേണ്ടി തന്നെ.. പഠിപ്പിച്ച് കൊണ്ടിരിക്കുന്നതിനിടയിലാണ് ഭാഗിയുടെ ബുക്കിൽ നിന്നാ കടലാസ് താഴെ വീണത്..യദു അത് നിവർത്തി നോക്കിയതും മുഖം ചുവന്നു..

ഭാഗിയെ ഇഷ്ടമെന്നും പറഞ്ഞ് ആരോ ഒരാൾ അവൾക്കായി എഴുതിയിരിക്കുന്ന പ്രമലേഖനം..നിമി നേരം കൊണ്ട് ബുദ്ധി മനസ്സിനെ മദിച്ചു.. ഭാഗിയും കൂടി അറിഞ്ഞുള്ളതാണോ ഇതെന്ന ചിന്ത അവനെ തളർത്തി.. “ഭാഗീ……” ഇതൊന്നുമറിയാതെ ഉത്തരം ചെയ്തുകൊണ്ടിരുന്ന ഭാഗി അവന്റെ ശബ്ദം കേട്ട് ഞെട്ടിനോക്കി.. ദേഷ്യത്തോടെ തന്നെ നോക്കുന്ന മിഴികളിലെ അർത്ഥം മാത്രം ഗ്രഹിക്കാനായില്ലാവൾക്ക്.. “ഇതെന്താ ഭാഗി..ഇതിനാണോ നീ സ്കൂളിലേയ്ക്കെന്നും പറഞ്ഞ് പോകുന്നത്..??ആരാ കിരൺ..??എന്താ നീയും അവനുമായി..?” കയ്യിലെ പേപ്പർ ഉയർത്തിപ്പിടിച്ചവൻ ചോദിച്ചു..വാക്കിലും നോക്കിലും ദേഷ്യം മാത്രം..

“എനിക്കൊന്നും അറിയില്ല യദുവേട്ടാ..ഇതെങ്ങനെ ന്റെ ബുക്കിൽ വന്നെന്നും അറിയില്ലകിരൺ എന്റെ ക്ലാസ്സിലുള്ളതാ. എന്നെ ഇഷ്ടാണെന്നു ഒരിക്കൽ പറഞ്ഞു..എനിക്ക് അങ്ങാനൊന്നും ഇല്ല..എനിക്കിഷ്ടം…….” തലതാഴ്‌ത്തി പറയുന്നതിനൊപ്പം കരഞ്ഞ് പോയിരുന്നു അവൾ. അവന്റെ ആ ഭാവം അത്രമാത്രം അവൾക്ക് വേദനയുണ്ടാക്കി.. “നിനക്കിഷ്ടം..ബാക്കി പറ..” എന്തുകൊണ്ടോ തോന്നിയൊരു കുറുമ്പിൽ അവനവളുടെ താടിത്തുമ്പിൽ പിടിച്ചുയർത്തി. അന്നേരം ആ കണ്ണിൽ നിറഞ്ഞ കുറുമ്പിൽ തളർന്നു പോയിരുന്നു ഭാഗി..ഇന്നോളം കാണാത്ത പുതു ഭാവം…അവളുടെ നേത്രഗോളങ്ങൾ അവന് പിടികൊടുക്കാതെ ഓടിക്കളിച്ചു..അവനൊരുത്തരം നൽകുവാൻ കഴിയാതെ വന്നു.വാക്കുകൾ സമരത്തിലാണെന്ന് തോന്നുന്നു.. തൊണ്ട വരളുന്നു..

“പറ ഈ യദുവിനെ മാത്രം മനസ്സിൽ ഒളിപ്പിച്ച് നടക്കാരുന്നൂന്ന്..ഭാഗിയ്ക്ക് അവളുടെ യദുവേട്ടനോട് തോന്നിയിരുന്നത് പ്രണയമാണെന്ന്..” അവന്റെ വെളിപ്പെടുത്തൽ അക്ഷരാർത്ഥത്തിൽ അവളെ ഞെട്ടിച്ചു..തന്റെ മനസ്സിലുള്ള കാര്യമാണ് യദുവേട്ടൻ ഇപ്പൊ പറഞ്ഞിരിക്കുന്നത്.. എങ്ങനെയായിരിക്കും അറിഞ്ഞിരിക്കുക..മനസ്സിൽ ചിന്തകൾ വലനെയ്യാൻ തുടങ്ങിയിരിക്കുന്നു.. “ആലോചിച്ച് തലപുണ്ണാക്കണ്ട..
നിന്റെ കൂട്ടുകാരി അനുവില്ലേ അവൾ അമലിനോട് പറഞ്ഞതാണ്…” …..”വഞ്ചകി..ഒരിക്കൽ അബദ്ധത്തിൽ എല്ലാം അവളോട് തുറന്ന് പറയേണ്ടി വന്നു..'(ഭാഗി ആത്മ)

“നിനക്കിതെങ്ങനെ തോന്നി ഭാഗി..ശ്ശേ മോശം..ഇതറിഞ്ഞാൽ നിന്റെ രാധമ്മ നിന്നോട് ക്ഷമിക്കുവോ..അമ്മ സ്വന്തം മോളെ പോലെ കണ്ടിട്ട് ആ നീ തന്നെ..” പാതി നിർത്തിയവൻ അവളെ ഒളികണ്ണാലെ നോക്കി.. കണ്ണൊക്കെ നിറഞ്ഞ് ചുണ്ട് വിതുമ്പി നിൽക്കുന്നു. ഇപ്പൊ പെണ്ണ് പൊട്ടും.. “പോട്ടെ എനിക്ക് നിന്നെ ഇഷ്ടാമാകുമോ എന്ന് ചിന്തിച്ചോ.. നിന്നെക്കാളും ഭംഗിയുള്ള ഒരുപാട് പെണ്കുട്ടികള് കോളേജിൽ ഉണ്ട്..അപ്പഴാ ഞാൻ നിന്നെ പ്രേമിക്കുന്നേ..നല്ല കഥ” പറഞ്ഞ് തീർന്നതും ഓരോട്ടോട്ടമായിരുന്നില്ലേ പെണ്ണ്..ആ കയ്യില് പിടിച്ചു നിർത്താൻ ഞാൻ പെട്ടപാട്..

“അങ്ങനങ്ങ് പോയാലോ..ഞാൻ പറഞ്ഞ് തീരട്ടെ മുഴുവൻ കേട്ടിട്ട് പോയാ മതി നീ…”…..”ന്റെ പൊട്ടബുദ്ധിയ്ക്ക് തോന്നി പോയതാ..ആരോടും പറയല്ലേ..ഇനി ഞാൻ അങ്ങാനൊന്നും..ഞാൻ മറന്നോളാം..” “എനിക്ക് മറക്കണ്ടെങ്കിലോ.. ഭാഗിയെ യദുവിനും ഇഷ്ടമാണെങ്കിലോ..” നെഞ്ചിലേക്ക് ഭാരം വീണപ്പോഴാണ് അത് ഭാഗിയാണെന്ന് മനസ്സിലായത്. ഏങ്ങലടിച്ച് കരയുകയാണ്..പതിയെ പുറത്ത് തട്ടികൊടുത്തു.. “ഭാഗീ..ഇന്നോ ഇന്നലെയോ അല്ല വർഷം രണ്ടായി നിന്നെ ഈ ചങ്കിൽ കൊണ്ടുനടക്കാൻ തുടങ്ങിയിട്ട്.. പക്ഷേ നീ ശ്രീയേട്ടനെ പോലെയാണ് എന്നെയും കാണുന്നതെങ്കിലോയെന്ന പേടികാരണമാണ് തുറന്ന് പറയാതിരുന്നത്.. ഇനീം തുറന്ന് പറയാതിരുന്നാൽ നിന്നെ നഷ്ടപ്പെട്ടാലോ എന്ന ചിന്തയുടെ പുറത്താണ് അമലിനെ കൊണ്ട് അനുവിനോട് നിന്നെപ്പറ്റി ചോദിപ്പിച്ചത്..എനിക്ക് ഒത്തിരി ഇഷ്ടാ ഭാഗി..നീ ഇല്ലാതെ പറ്റില്ലെനിക്ക്..”

“എനിക്കും..വീട്ടിൽ അറിയുമ്പോൾ..രാധമ്മയ്ക്ക് ഇഷ്ടാവോ..”….”ന്റെ അമ്മയ്ക്കെന്നെക്കാളും ഇഷ്ടല്ലേ നിന്നെ..സമയാകുമ്പോൾ ഞാൻ എല്ലാരോടും പറഞ്ഞോളാം.. അന്നേരം ഞാൻ വരുന്നുണ്ട് വിനയച്ഛനോട് പെണ്ണുചോദിക്കാൻ..” പ്രണയത്തിന്റെയും സന്തോഷത്തിന്റെയും വേലിയേറ്റത്തിൽ അവളുടെ നെറ്റിയിൽ ചുണ്ട് പതിപ്പിച്ചപ്പോൾ,, ആ ആദ്യ ചുംബനത്തിൽ പെണ്ണൊന്നു വിറച്ചുപോയി.. തന്നെ തള്ളിമാറ്റി റൂമിൽ നിന്ന് ഇറങ്ങി ഒടുമ്പോൾ ആ മുഖത്ത് വിരിഞ്ഞത്ത് നാണമായിരുന്നു… ലോകം വെട്ടിപ്പിടിച്ച പോരാളിയെപോലെ ആയിരുന്നു അവനന്നേരം…

എന്തുപെട്ടന്നാണ് ദിവസങ്ങൾ ഓടി മറയുന്നത്..ഭാഗി നല്ലമാർക്കോടെ പ്ലസ്ടു പാസ്സായി..
യദു ഡിഗ്രീ പാസ്സായി ഇപ്പോൾ എം.ബി.എ ഫസ്റ്റ് ഇയർ കഴിഞ്ഞു..കാലം അവനിലും അവളിലും മാറ്റങ്ങൾ വരുത്തി.. വളരെ സന്തോഷത്തിലാണ് ഭാഗി അന്ന് അങ്ങോട്ട് ഓടി ചെന്നത് പുറകെ വിനയനും മാലിനിയുമുണ്ട്.. മാസങ്ങൾക്ക് ശേഷം ശ്രീരാഗ് വന്നിരിക്കുന്നു..ഏറ്റവും കൂടുതൽ സന്തോഷം ഭാഗിയ്ക്ക് തന്നെയായിരുന്നു.. “ശ്രീയേട്ടാ…..” ഉറക്കെ വിളിച്ചുകൊണ്ടവൾ അവനടുത്തേക്ക് ഓടി ചെന്നു.. മുറിയിൽ യദുവുമുണ്ടായിരുന്നു.. ഓടിച്ചെന്നാ കൈക്കുള്ളിൽ ഒതുങ്ങി നിൽക്കുമ്പോൾ യദുവിനെ ഗർവ്വോടെ നോക്കിയവൾ.. “ഭാഗിമോളെ.. നീയാകെ ക്ഷീണിച്ചു പോയല്ലോ..ഒന്നും കഴിക്കുന്നില്ലേ നീ..”

“ആര്.. ഇവളോ.. ഇവൾടെ കാര്യാണോ ഏട്ടൻ പറയുന്നേ.. അവിടെ വെയ്ക്കുന്ന ചോറ് തികയില്ലെന്നാണ് മാലിനിയമ്മ പറയണത്..” അതിന് യദുവിനൊരു അസ്സൽ നുള്ളാണ് ഭാഗി സമ്മാനിച്ചത്… “വന്നപ്പഴേ തുടങ്ങിയോ..സാറും ശിഷ്യയും..” “ശ്രീയേട്ടൻ ഇത്തിരി തടിച്ചു..ഇതാ ഭംഗി..ഈ താടിയൊക്കെ എപ്പൊ വളർത്തി..നല്ല ചെത്തായിട്ടുണ്ട്..വല്ല പെൺപിള്ളേരും കണ്ടാൽ നോക്കി നിന്നുപോകും..ഇനി ആരെങ്കിലും മനസ്സിൽ കേറിയോ..??” “ഈ പെണ്ണിന്റെ ഓരോ വർത്താനങ്ങളേ..വന്നേ നിനക്ക് കൊണ്ട്‌വന്നതൊക്കെ കയ്യോടെ തന്നേക്കാം..” അവൾക്കായി വാങ്ങിയ ഡ്രസ്സും മറ്റും കുറെ ചോക്ലേറ്റും കയ്യിൽ എൽപ്പിച്ചവൻ..സന്തോഷത്തോടെ അതൊക്കെ വെയ്ക്കാൻ വീട്ടിലോട്ട് പോകാൻ പോയവളെയും പിടിച്ചുകൊണ്ട് ഉമ്മറത്തേയ്ക്ക് നടന്നവൻ..

“എന്തിനാ മോനെ ഇവൾക്ക് ഇതൊക്കെ.. വെറുതെ കാശ് കളയണോ..” “മാലിനിയമ്മേ..ന്റെ പെങ്ങൾക്ക് ഞാൻ കൊടുക്കുന്നതിൽ പൈസ ഒന്നും നോക്കാറില്ല..ഞങ്ങൾ അങ്ങളയും പെങ്ങളും അങ്ങനെയാ. നിങ്ങൾ ആരും അതിൽ ഇടപെടേണ്ട.അല്ലേ ഭാഗി..” “അതേ..ഈ അമ്മയ്ക്ക് കുശുമ്പാ..” “ഓഹ് ഒരാങ്ങളേം പറ്റിയൊരു പെങ്ങളും..ഞങ്ങൾ ആരും ഒന്നിനുവില്ലേ..അല്ലേ മാലിനി..”(രാധിക) അന്ന് എല്ലാരും അവിടെത്തന്നെയാണ്.. വിശേഷ ദിവസങ്ങളിലോ മറ്റോ ഇങ്ങനെ ഏതേലും ഒരു വീട്ടിൽ കൂടുക പതിവാണ്..ഉറങ്ങാൻ വേണ്ടി മാത്രമാകും വീട്ടിലേയ്ക്ക് പോകുക..അതുവരെ ഒന്നിച്ച് ഉണ്ടാക്കി ഒരുമിച്ച് കഴിച്ച് പഴയ കാര്യങ്ങൾ ഒക്കെ പറഞ്ഞ് ഉമ്മറത്തങ്ങനെ കൂടും…

ഉച്ചകഴിഞ്ഞ് ശ്രീരാഗ് പുറത്തെവിടെയോ പോയി..ആ സമയത്താണ് ഭാഗി ബുക്കും പുസ്തകവും ഒക്കെയായി വന്നത്..ഉമ്മറത്ത് മാലിനിയ്ക്കും രാധികയ്ക്കും ഒപ്പം മുരളിയും വിനയനുമുണ്ട്.. മുറിയിലേയ്ക്ക് ചെന്നപ്പോൾ ജനലിലൂടെ പുറത്തേക്ക് നോക്കി നിൽക്കുവാണ് യദു..സിഗരറ്റിന്റെ രൂക്ഷഗന്ധം വന്നപ്പോഴേ മനസ്സിലായി സിഗരറ്റ് വലിയ്ക്കുകയാണെന്ന്.. അവൾ പതുങ്ങി ചെന്ന് ചുണ്ടിൽനിന്നാ സിഗരറ്റ് വലിച്ചെടുത്തു.. “ആഹാ..എപ്പോ തുടങ്ങി ഈ ശീലം..ഞാൻ രാധമ്മയോട് പറയുന്നുണ്ട്..”

“അറിയാതെ പറ്റിപ്പോയതാടി.. ഇതവസാനം..ഇനിയില്ല സത്യം..”….”ഒന്നും പറയണ്ട..ഞാൻ രാധമ്മയോട് പറയാൻ പോകുവാ..ഇനി എന്തൊക്കെ ദുശ്ശീലങ്ങൾ ഉണ്ടോ എന്റെ കൃഷ്ണാ..”….”നീ പറയുവോ…?”….”ഞാൻ പറയും..”….”ഞാൻ വിട്ടാലല്ലേ നീ പോയി പറയൂ..” പറയുന്നതിനൊപ്പം അവളെ ദേഹേത്തേക്ക് വലിച്ചുചേർത്തിരുന്നവൻ.. ആ നീക്കം ഭാഗി പ്രതീക്ഷിരുന്നില്ല.. പക്ഷെ എന്തുകൊണ്ടോ അവന്റെ നെഞ്ചോരം ചേർന്നു നിന്നവൾ “യദൂ………..” രാധികയുടെ ശബ്ദമാണ് അവളിൽ നിന്നവനെ അടർത്തി മാറ്റിയത്.. “എന്താടാ ഇവിടെ…??ഭാഗി നിന്നിൽ നിന്ന് ഇത്‌ പ്രതീക്ഷിച്ചില്ല..” അതും പറഞ്ഞവർ അവനെയും വലിച്ചുകൊണ്ട് ഉമ്മറത്തേയ്ക്ക് ചെന്നു..പുറകെ കരഞ്ഞ്കൊണ്ട് ഭാഗിയും.. ഉമ്മറത്തിരിയ്ക്കുന്ന മാലിനിയും വിനയനും മുരളിയും യദുവിനെ ഷർട്ടിൽ പിടിച്ച് വലിച്ചു കൊണ്ടുവരുന്ന രാധികയെയും കരഞ്ഞുകൊണ്ട് പിറകെ വരുന്ന ഭാഗിയെയും കണ്ട് കാര്യം മനസ്സിലാവാതെ എഴുനേറ്റു.