24/04/2026

മയിൽപ്പീലി : ഭാഗം 25

രചന – നെച്ചു നസ്രിൻ

തീർത്ഥക്ക് എന്തൊക്കെയോ ഒരു അസ്വസ്ഥത. രാഹുൽ ഹോസ്പിറ്റൽ വിട്ട് പോയിട്ട് കുറച്ച് ദിവസമായി. അവന്റെ കാര്യങ്ങളൊന്നും പിന്നീട് അറിയാൻ കഴിഞ്ഞില്ല. എന്തോ അവന്റെ കാര്യത്തിൽ വല്ലാത്ത ഉത്കണ്ട. നൂറു രോഗികളെ ദിനവും കാണുന്നതാണ്. അവർക്ക് വേണ്ടിയുള്ള പരിചരണങ്ങൾ കൃത്യമായി തന്നെ ചെയ്യാറുമുണ്ട്. ചുരുക്കം ചിലരെ കുറിച് മാത്രമേ പിന്നീട് ആലോചിക്കാറുള്ളൂ. ചിലപ്പോ ഏതേലും കുഞ്ഞി കുട്ടികളെയായിരിക്കും , അല്ലെങ്കിൽ ചില അമ്മമാരെയായിരിക്കും . പക്ഷേ അപ്പോളൊന്നുമില്ലാത്ത ഒരു വിമ്മിഷ്ടം തീർത്ഥക്ക് അനുഭവപ്പെട്ടു. കുറെ നേരത്തെ ആലോചനക്കൊടുവിൽ അന്ന് രാഹുൽ നാട്ടിലേക്ക് വിളിക്കാൻ തന്ന നമ്പറിലേക്ക് അവൾ വിളിച്ചു. ബെൽ റിങ് ചെയ്യുന്നതനുസരിച്ചു അവളുടെ ഹൃദയം മിടിച്ചു.

രാഹുലിന്റെ അച്ഛനായിരുന്നു കാൾ എടുത്തത്. ശേഷം ആ ഫോൺ രാഹുലിന് കൈ മാറി. “ഹലോ”. “ആഹ് എന്നെ മനസ്സിലായോ. ഞാൻ അന്ന് ഹോസ്പിറ്റലിൽ വെച്ച്”. “ആഹ് ഡോക്ടർ. ഓഹ് സോറി കംപ്ലീറ്റ്ലി ഡോക്ടർ ആയിട്ടില്ലല്ലോ”. ” ആഹ് ഇപ്പോ എങ്ങനുണ്ട്”?. “കുഴപ്പില്ലെടോ. പെയിൻ ഒക്കെ മാറി. പിന്നെ നെക്സ്റ്റ് വീക്ക്‌ ഈ കെട്ടും ഭാണ്ടവുമൊക്കെ മാറ്റമെന്നാണ് ഇവിടെ ഡോക്ടർ പറഞ്ഞത്”. “ആഹ് എന്നാലും ബോഡിക്ക് റസ്റ്റ്‌ വേണം. ഫുഡും മരുന്നുമൊക്കെ കറക്റ്റായി കഴിക്കണം”. “മ്മ്മ്. ഈ നമ്പർ എങ്ങനെ”. “താനല്ലേ അന്ന് വീട്ടിൽ വിളിക്കാനായി തന്നത്”. “മ്മ്മ്”. പിന്നെന്ത് സംസാരിക്കണമെന്ന് അവർക്കറിയില്ലായിരുന്നു. കുറച്ച് നേരം മിണ്ടാതെ നിന്നു. “ഇത് അച്ഛന്റെ ഫോണാണ്. തന്റെ നമ്പറാണോ ഇത്”?. “ആഹ് അതെ”. “മം ഓക്കേ ഞാൻ എന്റെ ഫോണിൽ സേവ് ചെയ്തേക്കാം”. ഫോൺ കട്ട്‌ ചെയ്യുമ്പോൾ തീർത്ഥയുടെ മനസ്സിനൊരു ആശ്വാസം തോന്നി. രാഹുൽ കട്ടിലിലേക്ക് കിടന്നു. ഫോണിലേക്ക് തീർത്ഥയുടെ നമ്പർ സേവ് ചെയ്തു.

അവളുടെ ചിരി തൂകുന്ന ഒരു ഫോട്ടോയായിരുന്നു വാട്സപ്പ് പ്രൊഫൈൽ. അതിലവൻ കുറച്ച് നേരം നോക്കിയിരുന്നു. അന്ന് വഴക്ക് കൂടിയതൊക്കെ അവന്റെ മനസ്സിലേക്ക് കടന്നു വന്നു. പീലി രാവിലെ കുളിച്ച് സുഭദ്രയുടെ മുറിയിലേക്ക് വന്നതാണ്. അവളിത് വരെ തനിയെ സാരീ എടുത്തിട്ടില്ല. അത് കൊണ്ട് തന്നെ എങ്ങനാണ് ഉടുക്കുന്നതെന്ന ഒരു ധാരണയും അവൾക്കില്ല. രാത്രി തന്നെ അമ്മയോട് പറഞ്ഞിരുന്നു സാരി ഉടുപ്പിച്ചു കൊടുക്കണമെന്ന്. റോയൽ ബ്ലൂ കളറിലെ ജോർജറ്റ് മെറ്റീരിയൽ സാരിയും അതിനു കോൺട്രാസ്റ്റ് കളർ ആയ സിൽവർ കളർ ബ്ലൗസ്സുമായിരുന്നു പീലി ഉടുക്കാനായി കരുതി വെച്ചത്. ഭദ്ര അവൾക്കത് ഭംഗിയായി ഉടുത്തു കൊടുത്തു. പീലിയെ കാണാൻ മനോഹരമായിരുന്നു. അവൾ മുറിയിലേക്ക് ചെന്നു. കണ്ണാടിക്ക് മുന്നിൽ നിന്നു കുറച്ച് നേരം അവളവളെ തന്നെ നോക്കി. കുറച്ച് നാളുകൾ കൊണ്ട് എന്തൊക്കെ മാറ്റങ്ങളാണ് തന്റെ ജീവിതത്തിൽ സംഭവിച്ചത്.

ഒട്ടും പ്രതീക്ഷിക്കാതെയൊരു കല്യാണത്തിലൂടെ ഭർത്താവ് , സ്നേഹിക്കാൻ മാത്രമറിയുന്നൊരു അമ്മയും അച്ഛനും , ഒരു സുഹൃത്തിനെ പോലൊരു സഹോദരി , ഇപ്പോൾ അമ്മയുടെ വീട്ടുകാർ , ഒരേട്ടൻ. ആരോരുമില്ലാതിരുന്ന തനിക്ക് ചുറ്റുമിപ്പോൾ എല്ലാവരുമുണ്ട്. മുടി വിടർത്തിയിട്ടു. കണ്ണിലേക്കു കണ്മഷി നീട്ടിയെഴുതി. തീർത്ഥ എപ്പോളും തന്നെ കളിയാക്കാറുണ്ട്.കണ്മഷി പോലും ഇടാത്തത് സൗന്ദര്യം കൂടി പോയതിന്റെ അഹങ്കാരം കൊണ്ടാണെന്നൊക്കെ. പെട്ടെന്നാണ് അവൾ കഴുത്തിൽ തൊട്ട് നോക്കിയത്. കോളേജിൽ പോകുന്നതിനാൽ താലി മാല ഊരിവെച്ചിരിക്കുകയാണ്. അവൾ പതിയെ ഡ്രോയർ തുറന്ന് അതിൽ നിന്ന് താലി മാല പുറത്തേക്കെടുത്തു. താലി മാത്രം ഊരി ശേഷം മറ്റൊരു മാല എടുത്തു. ഒരുപാട് വലുപ്പമില്ലാത്ത ഒരെണ്ണം. തീർത്ഥ തനിക്ക് സമ്മാനം തന്നതാണിത്. ആ മാലയിലേക്ക് താലി ഇട്ടു. എന്നിട്ടവളത് കഴുത്തിലണിഞ്ഞു.

സിന്ദൂരചെപ്പിൽ നിന്ന് ഒരു നുള്ള് കുങ്കുമം അവൾ ആരും കാണാത്ത വിധം മുടിക്കുള്ളിലേക്ക് മറച്ചിട്ടു.ഒരു കുഞ്ഞു പൊട്ടും , ചന്ദനവും തൊട്ട് പീലി തിരിഞ്ഞ് നോക്കിയതും സൂരജിനെയാണ് കണ്ടത്. അവൻ കുളി കഴിഞ്ഞിറങ്ങി വന്നപ്പോൾ കണ്ടത് താലിയിൽ പിടിച്ച് അതിലേക്ക് നോക്കി നിൽക്കുന്ന പീലിയെ ആണ്. നെറ്റിയിലവൾ സിന്ദൂരം തൊടുന്നത് കണ്ടപ്പോൾ സൂരജ് പൂർണനായ പോലെ തോന്നി. അവൻ അവളെ തന്നെ നോക്കി നിൽകുകയായിരുന്നു. അവളുടെ വടിവൊത്ത ശരീരത്തിൽ സാരി പറ്റിപ്പിടിച്ചു കിടന്നിരുന്നു. അവൾക്ക് വല്ലാത്ത ഭംഗിയുണ്ടെന്ന് അവന് തോന്നി. പീലിയുടെ കണ്ണുകൾ ഇടക്ക് അറിയാതെ അവന്റെ നെഞ്ചിലെ രോമങ്ങൾക്കിടയിൽ നനവോടെ കിടന്ന ആ ലോക്കറ്റിലേക്ക് പാളി വീണു . പെട്ടെന്നെന്തോ ഓർത്തവൾ റൂം വിട്ടിറങ്ങി. സൂരജ് അവനിൽ വന്ന് പോയ മാറ്റത്തെ അതിശയത്തോടെ നോക്കി കാണുകയായിരുന്നു. അവളോടുള്ള പ്രണയം അവനിൽ തളിർത്തു പൂവിട്ടു ഒരു വസന്തം തന്നെ വിരിയിച്ചിരുന്നു. പീലി ക്രമം തെറ്റിയ ഹൃദയമിടിപ്പിനെ വരുതിയിലാക്കി കഴിക്കാനായിരുന്നു. അമ്മയെ നിർബന്ധിപ്പിച്ചു ഒപ്പമിരുത്തി അവൾ വിളമ്പി കൊടുത്തു.

അപ്പോളാണ് സൂരജ് റെഡി ആയി താഴേക്ക് വന്നത്. കോഫി ബ്രൗൺ കളറിലെ ഷർട്ടും അതെ കരയുള്ള മുണ്ടുമായിരുന്നു അവന്റെ വേഷം. ഷർട്ടിന്റെ സ്ലീവ് മടക്കി വെച്ചാണ് വരവ്. ആയിരം സൂര്യൻ ഒന്നിച്ചുദിച്ച പൊലിമയുണ്ടായിരുന്നു അവന്റെ മുഖത്ത്. സൂരജിനും ഭക്ഷണം വിളമ്പി കൊടുത്തത് പീലിയായിരുന്നു. കഴിക്കുന്നതിനിടയിൽ സൂരജിന്റെ നോട്ടം ഇടയ്ക്കിടെ പീലിയിലേക്ക് പാളി വീണ് കൊണ്ടിരുന്നു. എന്നാൽ പീലി കുറച്ച് മുൻപ് നടന്ന സംഭവത്തിന്റെ ഓർമയിൽ അവനിരിക്കുന്ന ഭാഗത്തേക്കേ നോക്കിയില്ല. സൂരജിന്റെ നോട്ടവും മുഖത്തെ ഭാവ വ്യത്യാസവും ഭദ്ര കാണുന്നുണ്ടായിരുന്നു.അവരിൽ ആശ്വാസത്തിന്റെ പുഞ്ചിരി നിറഞ്ഞു. “മോളെ സാരി ഉടുത്തു കൊണ്ട് ബസിൽ അങ്ങ് വരെ പോകാൻ പാടായിരിക്കും. സൂരജ് അങ്ങോട്ടല്ലേ പോകുന്നത്. നിങ്ങളൊന്നിച്ചു പോകൂ”. സൂരജിന്റെ മുഖത്ത് നൂറു വാൾട് ബൾബ് കത്തി. “വേണ്ടമ്മേ. ബസിൽ പൊക്കോളാം. ഈ സമയത്ത് തിരക്കുണ്ടാവില്ല”. ” അത് കുഴപ്പില്ല എന്റൊപ്പം പോന്നോളൂ”. ഭദ്രയും പ്രഭാകരനും സൂരജിനെ തന്നെ നോക്കി പോയി.

എന്താണ് ഇത്ര പെട്ടെന്നൊരു മാറ്റം. അവനും അവളെ കൂടെ കൊണ്ട് പോകാൻ താല്പര്യമുണ്ടെന്നറിഞ്ഞ ഭദ്ര പീലിയോട്.. “ആഹ് എങ്കിൽ മോൾടെ ഇഷ്ട്ടം പോലെ. സൂക്ഷിച്ചു പോയിട്ടു വാ മോളെ” പീലി നടന്നകലുന്നത് സൂരജ് നിരാശയോടെ നോക്കി നിന്നു . ഭദ്രയുടെ ചുണ്ടിൽ ചിരിയൂറി. അവൻ അമ്മയെ തുറിച്ചു നോക്കി കാറെടുത്തു പോയി. “ആഹ് താനെന്ത് പണിയാടോ കാണിച്ചത്. അവന്റെ മുഖം ശ്രദ്ധിച്ചില്ലേ . അവന് മോളെ കൂടെ കൊണ്ട് പോകണമായിരുന്നു”. “അതറിയുന്നത് കൊണ്ടല്ലേ ഒറ്റയ്ക്ക് പൊക്കോളാൻ ഞാൻ പറഞ്ഞത്”. ” അതെന്താന്നല്ലേ ഞാൻ ചോദിച്ചത്”. “എന്റെ ഏട്ടാ ഒരു ഉത്തരവാദിത്തവുമില്ലാതെ നടന്ന നമ്മുടെ മോന് ഇപ്പോ ബുദ്ധിയുദിച്ചു. അവനിപ്പോൾ മോളോട് ചെറിയ ഇഷ്ടമൊക്കെ ഉണ്ടെന്നാണ് എനിക്ക് തോന്നുന്നത് . ഇങ്ങനെ ചെറിയ ഡോസ് ഒക്കെ നല്ലതാ. അപ്പോ അവളോടുള്ള ഇഷ്ടത്തിന്റെ ആഴം അവന് സ്വയം മനസിലാകും”. “ഹോ തന്റെ ബുദ്ധി കൊള്ളാമല്ലോ”. “അവന് ദൈവമായി നല്ല ബുദ്ധി തോന്നിച്ചു ഇനി എന്റെ മോൾക്കെപ്പോളാണോ അവനോട് ഇഷ്ട്ടം വരുന്നത്”. “അതും താൻ വിചാരിച്ചാൽ നടക്കും”.

രണ്ട് പേരുടെയും മനസ്സിൽ പല കണക്കു കൂട്ടലുകളും നടന്നു. കോളേജിൽ എങ്ങും ആഘോഷമായിരുന്നു. ചില ബാച്ചിലെ പെൺകുട്ടികൾ ഒരേ നിരത്തിലെ ദാവണിയും സാരിയും ഒക്കെ അണിഞ്ഞാണ് വന്നത്.ആൺകുട്ടികൾ ചിലർ മുണ്ടൊക്കെ മടക്കി കുത്തി മാസ്സ് കാണിച്ച് നടക്കുന്നുണ്ട്. മൈക്കിലൂടെ ഓരോ പ്രോഗ്രാമിനുള്ള നിർദ്ദേശങ്ങൾ കേൾക്കുന്നു. രേഷ്മ പീച്ച് കളർ ഷിഫോൺ സാരിയായിരുന്നു ഉടുത്തിരുന്നത്. വലിയ കമ്മലുകളും കൈ നിറയെ കുപ്പി വളകളും കണ്ണിൽ നിറയെ കണ്മഷിയും ഇട്ടു ഒരുങ്ങിയാണ് രേഷ്മ വന്നത്. കോളേജിലെ മിക്കവരും അവളെ അത്ഭുതം കൂറുന്ന മിഴികളോടെയാണ് നോക്കിയത്. ആദ്യമായാണ് അവളിങ്ങനൊരു വേഷത്തിൽ വരുന്നത്. മിക്കപ്പോളും ഒരു ജീൻസും ടീഷർട്ടും അല്ലെങ്കിലൊരു കുർത്തിയും പാന്റും. പീലിയും അവളെ ആദ്യം കാണുന്ന പോലെ നോക്കി നിന്നു. “എന്റെ രേഷു എനിക്കാളെ മനസിലായില്ലാട്ടോ. എന്ത് ഭംഗിയാടീ നിനക്കിപ്പോ”!!. “അതെന്താടീ അല്ലെങ്കിലെന്നെ കൊള്ളൂല്ലേ”?.. ” ഓഹ് അതല്ലെടീ പൊട്ടി.

നീ ഇങ്ങനെ വൃത്തിക്കും മെനയ്ക്കുമൊക്കെ വരുന്നത് ആദ്യമല്ലേ. അപ്പോ എനിക്ക് നീയാണെന്ന് വിശ്വസിക്കാൻ ഒക്കുന്നില്ല”. “ഓഹോ ഞാഞ്ഞൂളും തലപൊക്കി തുടങ്ങിയോ?. എടീ എന്നും ഒരുങ്ങി കെട്ടി വന്നിരുന്നേൽ നീ ഉൾപ്പെടുന്ന ഇവിടുത്തെ തെണ്ടികൾ എന്നെ ഇങ്ങനെ വായും പൊളിച്ചു നോക്കി നിക്കുമോ?. ഇല്ല. അതാണ്”. “നീ വാ നമുക്ക് ഓഡിറ്റോറിയത്തിൽ പോകാം”. “അതിനു മുൻപ് നമുക്ക് മൂന്നാല് സെൽഫിയെടുക്കാം”. അവർ വരാന്തയിലൂടെ നടക്കുമ്പോളാണ് ജീവനത് വഴി വന്നത്. അവൻ പീലിയെ കണ്ടതും നിറഞ്ഞ പുഞ്ചിരിയോടെ അടുത്തേക്ക് വന്നു. “ഏട്ടന്റെ കുട്ടി ഇന്ന് സുന്ദരിയായിട്ടുണ്ടല്ലോ”. പീലി പുഞ്ചിരിച്ചതല്ലാതെ ഒന്നും പറഞ്ഞില്ല. “ഈ തിരക്കൊക്കെ കഴിഞ്ഞ് ഞാൻ വീട്ടിലോട്ട് ഇറങ്ങുന്നുണ്ട്. എന്നിട്ട് വേണം നമുക്കൊന്നിച്ചു നിന്റെ അമ്മയുടെ തറവാട്ടിലേക്കൊക്കെ പോകാൻ. എല്ലാവരോടും ഞാൻ സൂചിപ്പിച്ചിട്ടുണ്ട്. അമ്മയ്ക്ക് നിന്നെ ഉടനെ കാണണമെന്നാണ് .

ചെറിയമ്മയുടെ കാര്യമൊക്കെ നേരിട്ട് കണ്ടു പറഞ്ഞാലേ ശെരിയാക്കി. അപ്പോ റെഡി ആയി നിന്നോണം”. “മ്മ്മ്” ജീവൻ പോയതും പീലിയുടെ മുഖം മ്ലാനമായി. അവൾക്ക് സൂരജിന്റെ കാര്യം അവനോട് പറയണമെന്ന് തോന്നി. “സൂരജേട്ടന്റെ കാര്യം പുള്ളിയറിഞ്ഞാൽ ഞെട്ടി പണ്ടാരമടങ്ങും. അല്ല പറഞ്ഞത് പോലെ എവിടെ നിന്റെ മാരൻ”?. “ആവോ അറിയില്ല”. “ആഹ് ദോണ്ട വന്നല്ലോ മുറ്റത്തെ മൈ ബോസ്സ്. സോറി എന്റെയല്ല അല്ല നിന്റെ ബോസ്സ്”. സൂരജ് തെളിച്ചമില്ലാത്ത മുഖവുമായി കാറിൽ നിന്നിറങ്ങി. “ഹോ എന്ന ലുക്കാടി പുള്ളിക്ക്. കണ്ടിട്ട് രോമാഞ്ചം കേറുവാ. പിന്നെ നിന്നെയോർത്താ ഞാൻ ഒരു വായിനോട്ടത്തിനു മുതിരാത്തത്. എന്നാലും ഇങ്ങനൊരു മുതലിനെ അടുത്ത് കണ്ടിട്ടും നിനക്കൊന്നും ഒരു വികാരവും തോന്നുന്നില്ലല്ലോ എന്നാണ് എന്റെ സംശയം. അതെങ്ങനാ നീ പെണ്ണാണോന്ന് തന്നെ എനിക്ക് സംശയമാ”. “അയ്യടീ”. അവളോടി രേഷ്മയെ പിടിക്കാനാഞ്ഞു. കൂട്ടുകാരികൾക്കൊപ്പം എന്തോ പറഞ്ഞു കൊണ്ടിരുന്നപ്പോളാണ് കൂട്ടത്തിലൊരുത്തി ഓടി വന്നു അന്നയെ തട്ടി വിളിച്ചത്.

അവൾ എന്നത്തെയും പോലെ ഒരു സ്ലീവ് ലെസ്സ് റെഡ് ഗൗൺ ആയിരുന്നു. “അന്ന സൂരജ് സർ വന്നിട്ടുണ്ട് ആടാർ ലുക്ക്‌ ആണ് കണ്ടിട്ട് കണ്ണെടുക്കാൻ തോന്നുന്നില്ല”. അന്നയുടെ ഭാവം മാറി. അന്ന ആ പറഞ്ഞവളെ ഭിത്തിയോട് ചേർത്തു നിർത്തി. കയ്യിലമർത്തി പിടിച്ചു. “സൂരജിനെ ഞാനല്ലാതെ മറ്റൊരാൾ നോക്കുന്നത് പോലും എനിക്ക് സഹിക്കാനാകില്ല. അവൻ എനിക്കുള്ളതാണ്. അവനെ ഞാനാണ് മോഹിക്കുന്നതും പ്രണയിക്കുന്നതും. അവനെ ആസ്വദിക്കേണ്ടതും ഞാൻ ആണ്. ഇനി മേലിൽ നിന്റെ നാവിൽ നിന്ന് സൂരജിനെ കുറിച്ച് ഇത് പോലെ സംസാരം ഉണ്ടായാൽ ആ നാക് ഞാൻ പിഴുതെടുക്കും”. വന്യമായ ഭാവത്തോടെ രക്തവർണ്ണമായ കണ്ണുകളോടെ തനിക്ക് മുൻപിൽ നിൽക്കുന്ന അന്നയെ മറ്റു കുട്ടികൾ ഭയത്തോടെ നോക്കി. അവൾ ഓടി വന്ന് സൂരജിനെ കാണാൻ പാകത്തിന് നിന്നു. അവളവനെ സൂക്ഷമം നോക്കി. കണ്ണിമ ചിമ്മാതെ അവനിൽ മാത്രം ദൃഷ്ടിയൂന്നി അവൾ അവന് മുൻപിൽ ചെന്നു നിന്നു. മുന്നിൽ നിൽക്കുന്ന അന്നയെ സൂരജ് താല്പര്യമില്ലാത്തത് പോലെ നോക്കി.

“കഴിഞ്ഞ ദിവസം പറഞ്ഞ കാര്യമാണ് പറയാൻ വന്നതെങ്കിൽ കുട്ടിക്ക് പോകാം”. “കഴിഞ്ഞ ദിവസം പറഞ്ഞത് വീണ്ടു വീണ്ടും പറയേണ്ട ആവശ്യമുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. നിങ്ങളോടുള്ള പ്രണയം എന്റെ മരണത്തോടെയല്ലാതെ എന്നെയും നിങ്ങളെയും വിട്ട് പോകില്ല. ഇന്നിപ്പോ വന്നത് നിങ്ങളെ കാണാൻ നല്ല ഭംഗിയുണ്ട്. ഇവിടിപ്പോ എല്ലാ കുട്ടികളും നോക്കുന്നത് നിങ്ങളെയാണ്. എനിക്കത് ഇഷ്ടമല്ല. എനിക്കുള്ളതാണ് നിങ്ങൾ. അത് മറ്റാരും മോഹിക്കുന്നത് എനിക്ക് ചിന്തിക്കാൻ കൂടി കഴിയുന്ന കാര്യമല്ല”. “തന്റെ പ്രശ്നം മറ്റൊന്നുമല്ല. നല്ലയൊരു സൈക്യാർടിസ്റ്റിനെ കാണേണ്ടത് അത്യാവശ്യമാണ്. വീട്ടുകാരോട് ഒന്ന് പോയി പറയണം. അതല്ലാതെ തന്നോടിപ്പോ എനിക്കൊന്നും പറയാൻ ആകില്ല “. “മം ശെരിയാണ്. നിങ്ങളോടുള്ള എന്റെ പ്രണയമാണ് എന്റെ ഭ്രാന്തും. അതിനു ഡോക്ടറെ കണ്ടിട്ട് കാര്യമില്ല. നിങ്ങളെന്റെ കൂടെ ഉണ്ടായാൽ മാത്രം മതി. എന്റെ എല്ലാ പ്രശ്നങ്ങളും മാറും”. ” വെറുതെ ഇത്രയും കുട്ടികളുടെ മുൻപിൽ വെച്ചൊരു സീൻ ഉണ്ടാക്കാതെ കുട്ടി പോകൂ”. ” ബട്ട്‌ സ്റ്റിൽ ഐ ലവ് യു സൂരജ്”. സൂരജ് ചെവികൾ കൊട്ടിയടച്ചു.

അവന് അവളുടെ ഓരോ പ്രവർത്തികളും വാക്കുകളും നോട്ടവും അരോചകമായി തോന്നി. ഒരു അധ്യാപകനാണ് എന്ന് പോലും ഓർക്കാതെ ഇങ്ങനൊക്കെ സംസാരിക്കുന്നു. നിങ്ങളെന്നും പേരെടുത്തും അഭിസംബോധന ചെയ്യുന്നു. അവളോട് അവന് അടങ്ങാത്ത ദേഷ്യവും വെറുപ്പും തോന്നി. അതെ സമയം അവൾ പറഞ്ഞ വാക്കുകളിൽ കുരുങ്ങി കിടന്നു അവൻ . സാധാരണ രീതിയിൽ ഇഷ്ട്ടം പറയുകയല്ല അവൾ. അവളിലെ ഇഷ്ടത്തെ അടിച്ചേൽപ്പിക്കുകയാണ്. വളരെ അപകടകരമായ ഒരു അവസ്ഥയിലാണ് അവളിപ്പോൾ. അവളുടെ കണ്ണുകളിൽ ഇടക്ക് മിന്നിമായുന്ന ഭാവം അത് സൂചിപ്പിക്കുന്നുണ്ട്. അവൻ തല കുടഞ്ഞ് മറ്റു കാര്യങ്ങളിലേക്ക് ശ്രദ്ധ തിരിച്ചു. ഓഡിറ്റോറിയത്തിൽ ഓരോ പ്രോഗ്രാം നടന്നു കൊണ്ടിരിക്കുകയാണ്. അതിനിടയിലാണ് ആനന്ദ് രേഷ്മയെ കണ്ടത്. അവൻ വന്നത് മുതൽ ഒളിച്ചും പാത്തും അവളെ അന്വേഷിക്കുകയായിരുന്നു. അവളെ കണ്ട ആനന്ദ് അത് രേഷ്മ തന്നെയാണോ എന്ന് ഉറപ്പ് വരുത്തി.

ഒപ്പമിരിക്കുന്ന പീലിയെ കണ്ടപ്പോൾ അവന് ഉറപ്പായി. സാരി യിൽ അവളൊരു സുന്ദരി തന്നെയായിരുന്നു. സംസാരിക്കുമ്പോൾ അവളുടെ കാതിലെ കമ്മലുകൾ നൃത്തം വെയ്ക്കുന്നു. അവൻ ഇടക്കിടക്ക് അവളെ നോക്കിക്കൊണ്ടിരുന്നു. രേഷ്മ അതൊന്നുമറിഞ്ഞില്ല. പീലിക്ക് തൊണ്ടയുണങ്ങും പോലെ തോന്നിയതും അവൾ രേഷ്മയോട് പറഞ്ഞിട്ട് വെള്ളം കുടിക്കാനായി ഓഡിറ്ററിയത്തിന് വെളിയിലേക്കിറങ്ങി. ബാഗ് ക്ലാസ്സിലായതിനാൽ അവൾ ക്ലാസ്സിലേക്ക് വന്നു. ചില ക്ലാസ്സുകളിൽ കുട്ടികൾ പ്രോഗ്രാമിനുള്ള ഡ്രസിങ് ചെയ്യുന്നുണ്ടായിരുന്നു. മിക്ക ക്ലാസുകളും ഒഴിഞ്ഞ് തന്നെയാണ് കിടന്നിരുന്നത്. പീലി ഒരു ക്ലാസിനു മുന്നിലെത്തിയപ്പോളാണ് ആരുടെയോ രണ്ട് കൈകൾ അവളെ വലിച്ചു അകത്തേക്കിട്ടത്. ഇരുട്ടായതിനാൽ ഒന്നും വ്യക്തമായില്ല. പീലിയുടെ ഹൃദമിടിപ്പ് വേഗതയിലായി. പെട്ടെന്ന് അയാൾ വെളിച്ചത്തിലേക്ക് വന്നു. അവളുടെ അടുത്തേക്ക് നീങ്ങി നിന്നു. “സൂരജേട്ടൻ”. പീലിയുടെ ചുണ്ടുകൾ വിറച്ചുരുവിട്ടു .

അവൻ അവൾക്കരികിലേക്ക് നീങ്ങി നിന്നു. “നാട്ടുക്കാരെ കാണിക്കാനാണോ ഈ സാരി ഉടുത്തിറങ്ങിയത്”?. പീലി വേഗം സ്വയം ഒന്ന് പരിശോദിച്ചു. അവൾ എന്തെന്ന രീതിയിൽ സൂരജിനെ നോക്കി. അവൻ കുറച്ചൂടി അടുത്തേക്ക് നിന്നു. പീലിക്കെന്ത് ചെയ്യണമെന്നറിയില്ല. അവൾക്കനങ്ങാൻ സാധിച്ചില്ല. അവന്റെ കൈ അവളുടെ വയറിന്റെ ഭാഗത്തു അമർന്നപ്പോളാണ് അവൾക്ക് ബോധം വന്നത്. അവൻ മാറി കിടന്ന സാരി നേരയാക്കി കുറച്ചു പിറകിലേക്ക് മാറി നിന്നു. “ഇതിങ്ങനെ തുറന്നിട്ടോണ്ടാണോ നടക്കുന്നത്.വന്നപ്പോൾ തൊട്ട് ഇങ്ങനാണല്ലോ”. “അത് ചിലപ്പോ ബസിൽ കേറിയപ്പോ നീങ്ങി മാറിയതാകും. ഞാനത് ശ്രദ്ധിച്ചില്ല”. “അതറിയുന്ന കൊണ്ടാണല്ലോ കൂടെ വരാൻ പറഞ്ഞത്.അത് ശെരിക്കും പിൻ ചെയ്ത് വെക്ക്.ഉടുക്കാനറിയില്ലെങ്കിൽ പിന്നെ ഇതിനൊന്നും ഇറങ്ങി പുറപ്പെടരുത്”. സൂരജ് അവൾക്കരികിലൂടെ നടന്നു പുറത്തേക്ക് പൊയി ‌. അവന്റെ ചുണ്ടിൽ ഒരു കുസൃതി ചിരി തത്തി കളിക്കുന്നുണ്ടായിരുന്നു. പീലിയെ ചുറ്റി പറ്റിയാണ് സൂരജ് നിന്നിരുന്നത്. അപ്പോളാണ് സാരി തെന്നി മാറി അനാവൃതമായ അവളുടെ വയർ അവൻ കാണാൻ ഇടയായത്.

ആളുകളുടെ ഇടയിൽ വെച്ച് അവനത് അവളോട് പറയാൻ ആകുമായിരുന്നില്ല. എങ്ങോട്ടോ പോകുന്നത് കണ്ടാണ് താനും താഴേക്ക് വന്നത്.പീലി അപ്പോളും സംഭവിച്ച കാര്യങ്ങളിലെ ഞെട്ടൽ മാറാതെ നിൽക്കുകയായിരുന്നു. സൂരജിന്റെ കൈ പതിഞ്ഞിടത് അവൾ പതിയെ തൊട്ടു.വന്നപ്പോൾ തൊട്ട് ഇങ്ങനെ ആയിരുന്നുവെന്നല്ലേ സൂരജേട്ടൻ പറഞ്ഞത് അപ്പോൾ തന്നെ സൂരജേട്ടൻ ശ്രദ്ധിക്കുന്നുണ്ടോ.പിൻ വെച്ച് സാരി നേരെയാക്കി ക്ലാസ്സിലേക്ക് പോയി. തിരികെ രേഷ്മയ്‌ക്കൊപ്പം ഓഡിറ്റോറിയത്തിൽ വന്നിരിക്കുമ്പോൾ പീലി ആരും കാണാതെ സൂരജിനെ ആൾക്കൂട്ടത്തിനിടയിൽ തിരക്കി. പലയിടത്തും അലഞ്ഞു നടന്ന മിഴികൾ ഒടുവിൽ സൂരജിന്റെ മിഴികളുമായി കൂട്ടിമുട്ടി. പീലിയെ നോക്കികൊണ്ട് നിൽക്കുകയായിരുന്നു അവൻ. അവൾ നോക്കിയതും കണ്ടത് കണ്ണുകൾ കൂർപ്പിച്ചു വെച്ച് അവളെ തന്നെ നോക്കി നിൽക്കുന്ന സൂരജിനെയാണ്. അവൾ വേഗം നോട്ടം മാറ്റി. അത് കണ്ടു സൂരജ് ചിരിച്ചു പോയി.

“ശേ മനുഷ്യൻ നാണം കേട്ടു”. “എന്താടീ ഇരുന്ന് പിറുപിറുക്കുന്നെ”?. “എടീ എന്റെ സാരി മാറികിടന്നത് നിനക്കൊന്ന് പറയാൻ മേലാരുന്നോ”. “സാരി മാറിയെന്നോ. എവിടെ. ഞാൻ കണ്ടില്ലല്ലോ”. “ആഹ് എങ്കിൽ മാറി. വയറിന്റെ ഭാഗം” “നിന്നോടത് ആരാ പറഞ്ഞത്”?. “അത് , അത് , പിന്നെ” “നിനക്ക് വിക്കുണ്ടോ”?. “ഹോ സൂരജേട്ടനാ പറഞ്ഞത്”. രേഷ്മയുടെ കണ്ണ് രണ്ടും പുറത്തേക്ക് ചാടി. ” എന്നിട്ട്”?. “എന്നിട്ടെന്താ സാരീ നേരെയാക്കാൻ പറഞ്ഞു”. രേഷ്മ വിശ്വാസം വരാതെ പീലിയെ നോക്കി. പീലി നേരെ നോക്കി അവളുടെ മുഖവും പിടിച്ച് നേരെ വെച്ചു. രേഷ്മ അപ്പോളും തലയാട്ടുന്നുണ്ടായിരുന്നു. “സംതിങ് ഫിഷി..”